മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
നീ ഇങ്ങോട്ട് വന്നേ അമ്മയോട് വഴക്കിടാൻ നിൽക്കണ്ട..ഗായത്രി ഉണ്ണിയുടെ കൈ പിടിച്ച് വലിച്ച് അടുക്കളയിലേക്ക് കൊണ്ടുവന്നു..
എന്നോട് തർക്കിക്കാൻ പോവരുതെന്ന് ഉപദേശിച്ചിട്ട് നീ ഇപ്പോൾ എന്താ ഉണ്ണി ചെയ്യുന്നേ…..
അതുപിന്നെ അമ്മ പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരാതിരിക്കോ ….
നീയത് വിട്ടുകള…. നമ്മുക്കൊരു കാര്യം ചെയ്യാ ….. കഞ്ഞിയെങ്കിൽ കഞ്ഞി നമ്മുക്ക് പാതി പാതിയെടുക്കാം….
ഗായത്രി രണ്ട് പ്ലേറ്റെടുത്ത് കഴുകി ടൈനിംഗ് ടേബിളിൽ വെച്ച് വിളമ്പി …. കഴിക്കുന്നതിനിടയിൽ തല താഴ്ത്തി ആലോചിച്ചിരിക്കുന്ന ഉണ്ണിയെ കണ്ട് ഗായത്രി ……
നീ ഇനിയും അതു തന്നെ ആലോചിച്ചു കൊണ്ടിരിക്കുകയാണോ ….?
ഉണ്ണി തലയുയർത്തി ഗായത്രിയെ നോക്കി..
ഏയ് …. അതൊന്നുമല്ല…. അമ്മക്കെന്താ ഇത്ര ദേഷ്യം തോന്നാൻ…. ഇതിനു മുമ്പൊന്നും ഞാനിങ്ങനെ കണ്ടിട്ടില്ല….
ഗായത്രിയൊന്ന് ചിരിച്ചു…ഇതിനു മുമ്പ് ഞാനിവിടെ ഇല്ലായിരുന്നല്ലോ…. ഞാൻ വന്നപ്പോൾ തൊട്ടല്ലെ പ്രശ്നമുള്ളൂ…. എന്നാ ഞാനൊരു സംശയം ചോദിക്കട്ടെ ….
ചോദിക്കൂ…..
എന്നെ ശരിക്കും ഇഷ്ടമായിരുന്നോ അമ്മയ്ക്ക് ഏട്ടന് കല്ല്യാണം കഴിച്ചു കൊടുക്കാൻ ….
കയ്യിലിരുന്ന സ്പൂൺ താഴെ വെച്ച് ഉണ്ണി കൈ കഴുകാനായി എഴുന്നേറ്റു….ഗായത്രിയും കഴിക്കുന്നത് മതിയാക്കി വാഷ് ബേസിനടുത്തേക്ക് ചെന്നു….
ഇഷ്ട കുറവൊന്നുമുണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടില്ല….. ഇനി വേണമെങ്കിൽ ഇപ്പോൾ ചോദിച്ചാൽ ഇഷ്ടമല്ലായിരുന്നു എന്ന് പറഞ്ഞെന്നുവരാം….
ഗായത്രി പ്ലേറ്റ് കഴുകി റാക്കിൽ വെച്ചു… ലൈറ്റണച്ച് മുറിയിലേക്ക് നടന്നു….
ഉണ്ണി വാതിൽ തുറന്ന് കട്ടിലിലിരുന്നു…
നാളെ ഏടത്തിയമ്മ അടുക്കളയിലേക്കൊന്നും പോകേണ്ട ….. അമ്മയുടെ ദേഷ്യം തീരട്ടെ ….
ഗായത്രി ഉണ്ണിയുടെ അരികിലേക്ക് ഇരുന്നു…അപ്പോൾ ഭക്ഷണം കഴിക്കാനോ …?
അതു ഞാൻ പുറത്തു നിന്ന് വാങ്ങി തരാം……
ഗായത്രി വീണ്ടും സംശയത്തോടെ …ആരെങ്കിലും അറിഞ്ഞാൽ മോശമാവില്ലെ….. വന്നിട്ട് ഒരു മാസം ആവുന്നതിനു മുമ്പേ തന്നെ രണ്ട് അടുക്കള എന്നൊക്കെ പറഞ്ഞാൽ ….
അതോർത്ത് സങ്കടപ്പെടണ്ട …..പറയുന്നവർക്ക് പറഞ്ഞോണ്ടിരിക്കാനേ കഴിയൂ…. പരിഹാരമുണ്ടാക്കി തരാൻ കഴിയില്ല…..ഉണ്ണി ടേബിളിനു മുകളിലെ മൊബൈലെടുത്ത് സമയം നോക്കി….
9 മണിയായി …. ഏടത്തിയമ്മ പോയി കിടന്നോ …. വെറുതെ ഓരോന്ന് ആലോചിച്ച് ടെൻഷനാവണ്ട….
ശരി…. നാളെ കാണാം…. ഗുഡ് നൈറ്റ് ..ഗായത്രി എഴുന്നേറ്റ് മുറിയിലേക്ക് നടന്നു…ഉണ്ണി മൊബൈൽ എടുത്ത് വെച്ച് കിടന്നു…. ഓരോന്ന് ആലോചിച്ച് സമയം പോയി….. രാവിലെ പതിവു പോലെ റെഡിയായി ടൈനിംഗ് ടേബിളിൽ വന്നിരുന്നു…. ടേബിളിൽ പക്ഷേ ചായയില്ല….ഉണ്ണി അടുക്കളയിലേക്ക് ചെന്നു നോക്കി…. അമ്മയെ അവിടെയൊന്നും കണ്ടില്ല….ഇനി മുറിയിലെങ്ങാനും …. മുറിയുടെ വാതിലും തുറന്ന് തന്നെയിരിക്കുന്നു… ഇത്ര നേരത്തെ എവിടെ പോയി…. ഹാളിൽ നിന്ന് പുറത്തേക്കിറങ്ങാൻ നിന്നപ്പോഴാണ് ഗായത്രി വിളിച്ചത്…..
ഉണ്ണി …. നമ്മുക്ക് പോകാം… ഇപ്പോൾ പോയാൽ എനിക്ക് ഭക്ഷണം കഴിക്കാനുള്ള സമയം കിട്ടും….
അതിനെന്താ പോകാലോ …… അല്ല …. അമ്മയെ കണ്ടായിരുന്നോ ..?
ഗായത്രി അടുക്കളയിലേക്ക് ചരിഞ്ഞ് നോക്കി….അമ്മ അകത്തില്ലെ…..
അവിടെയൊന്നും കാണാനില്ല…..
അമ്മ ഇത്ര നേരത്തെ എവിടെ പോകാനാ ഉണ്ണി ….. അടുത്ത വീട്ടിലെങ്ങാനും ഉണ്ടാവും…..
ആ…. അങ്ങനെയാണെങ്കിൽ നന്നായി…
ഗായത്രി ആശ്ചര്യത്തോടെ …അതെന്താ …?
തൊട്ടടുത്തുള്ള രണ്ട് വീടുകളും ചെറിയച്ഛന്മാരുടെയല്ലെ…..
അമ്മ രാവിലെ തന്നെ ഇവിടെ നടക്കുന്നതൊക്കെ പറയാൻ പോയിരിക്കാണോ…….ഗായത്രിക്കൊരു സംശയം..
നടക്കുന്നത് അങ്ങനെ തന്നെ പറയുകയാണെങ്കിൽ ഒരു കുഴപ്പവുമുണ്ടാവില്ല…അമ്മ എന്തെങ്കിലും പുതിയത് ഇഷ്ടത്തിന് ഉണ്ടാക്കി പറയുകയാണെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല…..അതെന്തായാലും വന്നിട്ട് നോക്കാം…. വാ നമ്മുക്ക് പോകാം……
ഉണ്ണി ബൈക്കിന്റെ ചാവി കയ്യിലെടുത്ത് പുറത്തേക്കിറങ്ങി…. ഗായത്രി നിന്നുരുകാൻ തുടങ്ങി…. ഉണ്ണി തിരിച്ച് അവളുടെ അടുത്തേക്ക് വന്നു….
രാവിലെ തന്നെ സങ്കടപ്പെട്ടു നിൽക്കരുത്…. അവര് വരട്ടെ നമ്മുക്ക് കാര്യമെന്താണെങ്കിലും പറയാലോ ….
ഗായത്രി ഷാളുകൊണ്ട് മുഖം തുടച്ച് ബൈക്കിനരുകിലേക്ക് നടന്നു…ഉണ്ണി സ്റ്റാർട്ടാക്കി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
പോകുന്ന വഴിയിൽ …..
അവര് ഇതെന്റെ വീട്ടിലൊക്കെ പറഞ്ഞ് വലിയ പ്രശ്നമാക്കോ ഉണ്ണി …..
ഉണ്ണി ബൈക്കിന്റെ വേഗത കുറച്ച് കണ്ണാടിയിലേക്ക് നോക്കി…. തന്റെ തോളിലിട്ടിരിക്കുന്ന കൈകളുടെ പിടുത്തത്തിൽ നിന്നു തന്നെ ഉണ്ണിക്ക് ഗായത്രിയുടെ ടെൻഷൻ അളക്കാൻ സാധിക്കുന്നുണ്ടായിരുന്നു…
അതുതന്നെ ആലോചിക്കേണ്ട …..ഞാൻ പറഞ്ഞില്ലെ പരിഹരിക്കാൻ സാധിക്കുന്ന പ്രശ്നമാണെന്ന് …..
എന്നാലും …..ഗായത്രിക്ക് വീണ്ടും സംശയം..
ഒരു എന്നാലുമില്ല…. ഹോസ്പിറ്റൽ എത്താറായി ഏടത്തിയമ്മ ഈ മുഖഭാവം വിട്ടില്ലെങ്കിൽ അവിടെയുള്ളവരും ചോദിക്കാൻ തുടങ്ങും…
ഗായത്രി നേരെയിരുന്നു….ഉണ്ണി ബൈക്ക് പാർക്കിങ്ങിൽ നിർത്തി സെക്കന്റ് ഫ്ലോറിലേക്ക് കയറി…. വരാന്തയിൽ പ്രിയ നിൽക്കുന്നുണ്ടായിരുന്നു….ഉണ്ണി ഗായത്രിയെ ഒന്നുകൂടി നോക്കി…
ഏടത്തിയമ്മ ഓക്കേയല്ലെ …..
ഉം….ഗായത്രി മൂളി .
പ്രിയയുടെ അടുത്തെത്തിയപ്പോൾ ഉണ്ണി അവളെയൊന്ന് തോളു കൊണ്ട് തട്ടി….
നീയെന്താ പാറാവ് നിൽക്കാണോ ….
നിനക്കങ്ങനെയൊക്കെ തോന്നും….. ഇത്ര നേരത്തെ ജോലിക്ക് പോയി ശീലം വേണം…..
അതാ ഞാനും ചോദിച്ചത് ….. പ്രിയൂസ് എന്താ ഇത്ര നേരത്തെ ….?
ഉത്തരവാദിത്തമുള്ള ജോലി ചെയ്യുന്നവർ നേരത്തെ വരും…
വൈകുന്നേരം നേരത്തെ പോവുന്നത് അതുകൊണ്ടായിരിക്കും….
പ്രിയ ഉണ്ണിയുടെ വാ പൊത്തി….ഒന്നു മിണ്ടാതിരിക്കോ … ആ തുറന്നിട്ടിരിക്കുന്ന മുറിയിൽ കിടക്കുന്നത് ഡോക്ടറുടെ അമ്മയാ….നീ പറയുന്നത് വല്ലതും കേട്ടാ എന്റെ പണി പോവും….
ഉണ്ണി പ്രിയയുടെ കൈ മാറ്റി….എത്ര ദിവസം ഉണ്ടാവും അവരിവിടെ…?
അറിയില്ല….ഒരാഴ്ച്ച കാണുമായിരിക്കും… എന്തേ …?
അല്ല എനിക്ക് കുറച്ച് സത്യങ്ങൾ കൂടി വിളിച്ച് പറയാനുണ്ട്…
നീ ഇങ്ങോട്ടു വന്നേ….പ്രിയ ഉണ്ണിയുടെ കൈ പിടിച്ച് വലിച്ചു കൊണ്ടുപോയി വരാന്തയിലെ കസേരയിലിരുത്തി….
ഇവിടെയിരുന്നോ ട്ടോ ….
പ്രിയ അകത്തേക്ക് കയറിപോയി….. ഗായത്രി യൂണിഫോമിട്ട് പുറത്തേക്ക് വന്നു..
ഏടത്തിയമ്മ കഴിക്കാൻ പോവല്ലെ …
ഇപ്പോൾ വേണ്ട ഉണ്ണി ….ഞാൻ കുറച്ച് കഴിഞ്ഞിട്ട് പൊയ്ക്കോളാം…
ശരി….പിന്നെയാവാമെന്ന് പറഞ്ഞിട്ട് കഴിക്കാതിരിക്കരുത്….
സംസാരിക്കുന്നതിനിടയിൽ വരാന്തയുടെ അറ്റത്തു നിന്ന് ചിത്ര ഗായത്രിയെ വിളിച്ചു..
ഉണ്ണി ഞാൻ പോട്ടെ…. വൈകുന്നേരം കാണാം…
ശരി….
ഉണ്ണി എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോഴാണ് പ്രിയ ഡോർ തുറന്ന് പുറത്തുവന്നത്….
4000 രൂപയുടെ വായ് നോട്ടം കഴിഞ്ഞൂച്ചാ പൊയ്ക്കൂടേ…..
ആ .. അതു പറഞ്ഞപ്പോഴാ ഓർത്തത് , എന്റെ കാർഡെവിടെ…?
തരുന്നില്ല….പ്രിയ ചിരിച്ചു കൊണ്ട് നടക്കാനൊരുങ്ങി..ഉണ്ണി പിന്നാലെ ചെന്നു…
തമാശ കളിക്കാതെ കാർഡ് താ … എനിക്ക് ഒരുപാട് ആവശ്യങ്ങളുള്ളതാ……
നീയല്ലെ പറഞ്ഞത് എനിക്കുള്ളതാണെന്ന് …. അതുകൊണ്ട് ഞാൻ എടുത്ത് വെച്ചോളാട്ടോ… നിനക്ക് വല്ലതും വേണമെങ്കിൽ മുൻകൂട്ടി പറഞ്ഞാ മതി ..ഞാൻ സൗകര്യം പോലെ എടുത്ത് തന്നോളാം..
എന്നാ അങ്ങനെയായിക്കോട്ടെ…..എനിക്ക് കുഴപ്പമില്ല…
പ്രിയ നിന്ന് ഉണ്ണിക്ക് നേരെ തിരിഞ്ഞു…സാലറി മുഴുവൻ സേവിംഗ്സാണല്ലെ… ബാലൻസ് നോക്കിയപ്പോഴാ കണ്ടത്…. എന്റെ ഭാഗ്യം …..
ആകെ അതേയുള്ളൂ…
ആണോ ….പാവം …. എന്നാലും ഞാൻ തരില്ല…..
വേണ്ട ഞാൻ സൗകര്യം പോലെ വാങ്ങിക്കോളാ…ഉണ്ണി തിരിച്ച് നടക്കാൻ തുടങ്ങി….
ഏയ് ….ഉണ്ണിവാവ പിണങ്ങി പോവാണോ …
അല്ല …നിന്നെ കെട്ടാനൊരു കയറെടുക്കാൻ പോവാ ….
ആണോ … എന്നാ എടുത്തിട്ട് വാ….. ഞാൻ ആ മുറിയിലുണ്ടാവും….
ഉണ്ണി സ്റ്റെയർ ഓടിയിറങ്ങി ബൈക്കിനരികിലേക്ക് ചെന്നു…. വേഗത്തിൽ വീട്ടിലെത്തി…. അടുക്കളയിലേക്ക് പതിയെ ചെന്ന് എത്തി നോക്കി….
രാവിലെ കണ്ടില്ല …എവിടെ പോയിരിക്കായിരുന്നു..?
അമ്മ കഷ്ണം നുറുക്കുന്നത് നിർത്തി വാതിലിൽ ചാരി നിൽക്കുന്ന ഉണ്ണിയെ നോക്കി…
എവിടെ പോയാലും നിനക്കെന്താ ….. നീ ഒരുത്തിയുടെ വാലിൽ പിടിച്ചോണ്ട് നടക്കല്ലെ….. അവളു പറയുന്നതല്ലെ വേദവാക്യം….
ചെറിയച്ഛനെന്ത് പറഞ്ഞു…?
അതൊക്കെ രതീഷിനോട് പറഞ്ഞോളും നീ അറിയണ്ട ….
ശരി.. വേണ്ടെങ്കിൽ വേണ്ട… ഇത് വലിയൊരു പ്രശ്നമാക്കാൻ തന്നെ തീരുമാനിച്ചു അല്ലെ …?
അതിന് നിനക്കെന്താ …. നീ നിന്റെ സ്ഥാനത്തിരുന്നാ മതി … എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ടറിയാം… ഞാൻ കുറേ ജീവിതം കണ്ടതാ ….
ഉണ്ണി അടുക്കളയിൽ നിന്നിറങ്ങി… ജോലി സ്ഥലത്തേക്ക് പോയി….
*********************
വൈകുന്നേരം…… ഹോസ്പിറ്റലിൽ താഴെ പാർക്കിങ്ങിൽ നിൽക്കുന്നുണ്ടായിരുന്നു ഗായത്രി ….
എന്താ ഉണ്ണി വൈകിയത്..?
എനിക്ക് കുറച്ച് സൈറ്റിൽ വർക്കുണ്ടായിരുന്നു…ഉണ്ണി വണ്ടി തിരിച്ചു കൊണ്ട് പറഞ്ഞു…
ഗായത്രി പുറകിൽ കയറി…..ഉണ്ണി വണ്ടി പുറത്തേക്കെടുത്തു…
ഉച്ചയ്ക്ക് കഴിക്കാൻ പോയപ്പോൾ അമ്മ വല്ലതും പറഞ്ഞായിരുന്നോ ..?
അതിന് ഞാൻ ഉച്ചയ്ക്ക് വീട്ടിൽ പോയില്ലല്ലോ ഏടത്തിയമ്മ….. തിരക്ക് കാരണം പുറത്ത് നിന്നാ ഭക്ഷണം കഴിച്ചേ …
ഇനിയിപ്പോൾ വീട്ടിൽ പോയാൽ എന്താണവസ്ഥയെന്ന് ചോദിക്കാനായിരുന്നു..
അതു പറഞ്ഞപ്പോഴാ ….. രാത്രിയിലേക്ക് കഴിക്കാൻ എന്താ വേണ്ടത്…..
കുറച്ചു കഴിഞ്ഞിട്ടല്ലെ പോവുന്നുള്ളൂ…. നീ വല്ലതും ലൈറ്റായിട്ട് വാങ്ങിക്ക് …. മൂന്ന് നേരവും ഹോട്ടൽ ഫുഡ് ശരിയാവുന്നില്ല…
ശരി….
ഉണ്ണി വീടിനു മുന്നിൽ വണ്ടി നിർത്തി…. ഗായത്രി ഇറങ്ങി…. അകത്തേക്ക് കയറാനൊരുങ്ങിയപ്പോഴാണ് പോർച്ചിലെ കാർ ശ്രദ്ധിച്ചത്…. ഗായത്രി പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞു…
എന്താ ഏടത്തിയമ്മ…? കാര്യമെന്താണെന്ന് മനസ്സിലാവാതെ ഗായത്രിയെ നോക്കി….
അത് നോക്ക്…ഗായത്രി പോർച്ചിലെ കാർ ചൂണ്ടി കാണിച്ചു..
ഉണ്ണി ഗേറ്റിനു മുകളിലൂടെ പോർച്ചിലേക്ക് നോക്കി…
ആ … വന്നല്ലോ വനമാല..
തുടരും….