പ്രിയം ~ ഭാഗം 10 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

എന്താ വിശേഷം എല്ലാവരും കൂടി വരാൻ..? ഉണ്ണി സംശയത്തോടെ വീണ്ടും ചോദിച്ചു.

ഉണ്ണിയേട്ടനൊന്നും അറിയാത്തപോലെ , വീട്ടിൽ ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ ജോലിയെന്നും പറഞ്ഞ് കറങ്ങി നടക്കാണോ…അമൃത ഉണ്ണിയെയൊന്ന് കളിയാക്കികൊണ്ട് ചോദിച്ചു.

എന്ത് പ്രശ്നം, എനിക്ക് മനസിലായില്ല. ഉണ്ണി അറിയാത്ത പോലെ ചോദിച്ചു.

വെറുതെ പറയണ്ട, ഗായത്രി ചേച്ചിക്ക് മാനസികമാണെന്നും അതുകൊണ്ട് രതീഷേട്ടൻ ഡിവേഴ്സ് ചെയ്യാൻ പോവാണെന്നുമാ പറഞ്ഞെ… അച്ഛൻ ഇവിടെ പട്ടാള വിചാരണ തുടങ്ങിയിട്ടുണ്ട്, ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെങ്കിൽ വാ …..

നിങ്ങളെത്ര നേരമായി വന്നിട്ട് … ഇതെപ്പോഴാ തുടങ്ങിയത്…ഉണ്ണി ടെൻഷനോടെ വണ്ടിക്കരികിലേക്ക് നടന്നുകൊണ്ട് ചോദിച്ചു…

ഞാനിപ്പോൾ വന്നേയുള്ളൂ… ഇവിടെ നോക്കിയപ്പോൾ ഉണ്ണിയേട്ടനെ കണ്ടില്ല.. അതുകൊണ്ട് വിളിച്ചു നോക്കിയതാ , പക്ഷേ അച്ഛനൊക്കെ ഉച്ചയ്ക്ക് മുമ്പേ വന്നിട്ടുണ്ട്…

ശരി ഞാനിപ്പോൾ വരാം…ഫോൺ കട്ടാക്കി ബൈക്കെടുത്ത് പുറത്തേക്കിറങ്ങി….വല്ലാതെ ടെൻഷൻ കൂടിയപ്പോൾ ഉണ്ണി വേഗതകൂട്ടി…. വീടിനു മുന്നിൽ വണ്ടി നിർത്തി… മൂന്ന് കാറ് , രണ്ട് ബൈക്ക് …. ചെറിയച്ഛന്മാരും അമ്മാവന്മാരും അകത്തുണ്ടെന്ന് മനസ്സിലായി… ബൈക്ക് പുറത്ത് തന്നെ പാർക്ക് ചെയ്ത് അകത്തേക്ക് നടന്നു…. ചാരിവെച്ചിരുന്ന വാതിൽ പതിയെ തുറന്നു. അകത്തേക്ക് കയറി വരുന്ന ഉണ്ണിയെ കണ്ട് മാധവൻ സംസാരം നിർത്തി….

വന്നല്ലോ വീടിന്റെ കാരണവര്…ചെറിയച്ഛൻ കളിയാക്കി കൊണ്ട് പറഞ്ഞു.

ഉണ്ണി എല്ലാവരെയുമൊന്ന് സൂക്ഷിച്ച് നോക്കി. എല്ലാവരും കൂടിയെന്താ വിശേഷിച്ച്…

നീ നല്ല വിശേഷമല്ലെ ഇവിടെ കൊണ്ടുവന്ന് തന്നിട്ടുളളത്… അപ്പോൾ അതിന്റെ ഭാവി കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയായിരുന്നു…

എന്താണാവോ അത്….?ഉണ്ണി മനസ്സിലാവാത്ത ഭാവത്തിൽ നിന്നു.

ഗായത്രിയ്ക്ക് കുറച്ച് മാനസ്സിക പ്രശ്നങ്ങളൊക്കെയുണ്ട് , നമ്മളോട് അതൊന്നും പറയാതെയല്ലെ കല്ല്യാണമുറപ്പിച്ചത് , വിവാഹം കഴിഞ്ഞതിനു ശേഷം രതീഷ് കുറേ അഡ്ജസ്റ്റ് ചെയ്യാൻ നോക്കി , പാവത്തിന് ഇപ്പോൾ സഹിക്കാൻ പറ്റുന്നില്ലാന്നാ പറയുന്നേ , അങ്ങനെയാണെങ്കിൽ നമ്മുക്കതങ്ങ് ഒഴിവാക്കി കൊടുക്കുകയല്ലെ നല്ലത്…മാധവൻ ഉണ്ണിയെ നോക്കി ഗൗരവത്തോടെ ചോദിച്ചു…

ഇതിപ്പോൾ അമ്മാവൻ എടുത്ത തീരുമാനമാണോ , അതോ ചർച്ചയിൽ നിന്ന് വന്നതോ …?

ഞാനായിട്ടൊരു തീരുമാനവും എടുത്തിട്ടില്ല , എല്ലാവരുടെയും അഭിപ്രായമതാ ….മാധവൻ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു..

എനിക്കതിന് വിപരീത അഭിപ്രായമാണുള്ളതെന്ന് പറഞ്ഞാൽ ..

നിന്റെ കാര്യം ഇവിടെയാരും ചോദിച്ചിട്ടില്ല ..ചെറിയച്ഛനാണ് ഉണ്ണിയോട് മറുപടി പറഞ്ഞത്..

അങ്ങനെ പറഞ്ഞാൽ ശരിയാവില്ലല്ലോ , എന്റെ വീട്ടിലെ പ്രശ്നത്തിന് എനിക്കും അഭിപ്രായം പറഞ്ഞൂടേ….

അതിന്റെയൊരു കുറവുകൂടിയെ ഉള്ളൂ , ഇങ്ങനെയൊരു പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ മൂലകാരണം നീയൊരാളാ….രണ്ടാമത്തെ ചെറിയച്ഛൻ ഉണ്ണിയോടുള്ള നീരസം മറച്ചുവെക്കാതെ പറഞ്ഞു..

അങ്ങനെ ഒരു പക്ഷം മാത്രം സംസാരിച്ച് തീരുമാനമെടുക്കാൻ ഞാനെന്തായാലും സമ്മതിക്കില്ല , ഏടത്തിയമ്മയെ വിളിക്ക് , എന്താ പറയാനുള്ളതെന്ന് കേൾക്കാലോ…

അതൊക്കെ ആ കുട്ടിയോട് അമ്മായി ചോദിക്കുന്നുണ്ട്..മാധവൻ മുകളിലെ മുറിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…

ഉണ്ണി സ്റ്റെപ്പ് ഓടി കയറി മുകളിലെ മുറിയിലേക്ക് നടന്നു.. മുറിയുടെ മുന്നിൽ ചെറിയമ്മമാർ നിൽക്കുന്നുണ്ടായിരുന്നു…എന്തായി ചോദ്യവും പറച്ചിലുമൊക്കെ എന്ന് ചോദിക്കാൻ തുനിഞ്ഞപ്പോഴാണ് മുറിയിൽ നിന്ന് അടക്കിപിടിച്ച കരച്ചിലിന്റെ ശബ്ദം കേട്ടത്…ഉണ്ണി ചെറിയമ്മമാരെ വകഞ്ഞുമാറ്റി അകത്തേക്ക് കയറി…. മുറിയുടെ ഒരു മൂലയിലേക്ക് നോക്കി രണ്ട് അമ്മായിമാരും ചോദ്യശരങ്ങൾ എയ്യുന്നുണ്ടായിരുന്നു… ഉണ്ണി അവർക്കിടയിലേക്ക് കടന്നുചെന്നു….

അമ്മായിയൊന്ന് മാറി നിൽക്ക് ..

ഉണ്ണിയെ കണ്ട് സരസ്വതി കുറച്ച് മാറി നിന്നു … മൂലയിലേക്ക് ലൈറ്റിന്റെ വെളിച്ചമടിക്കാൻ തുടങ്ങിയപ്പോൾ ഗായത്രിയുടെ രൂപം തെളിഞ്ഞു വന്നു…. മുഖം പൊത്തി തേങ്ങുകയായിരുന്ന അവൾക്കു മുന്നിൽ ഉണ്ണി മുട്ടുകുത്തിയിരുന്നു… തോളിൽ തൊട്ട് വിളിച്ചു…

ഏടത്തിയമ്മ….

അവൾ തല പൊക്കി , മുഖം പൊത്തിയിരുന്ന വിരലുകൾ ഉണ്ണി വകഞ്ഞുമാറ്റി… കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് ഉണ്ണിക്ക് സഹിക്കാനാവാതെ …..

എത്ര നേരമായി നിങ്ങളിതിനെ കരയിക്കാൻ തുടങ്ങിയിട്ട്….

അവൾ ആവശ്യമില്ലാതെ ഇരുന്ന് കരയുന്നതിന് ഞങ്ങൾക്കെന്ത് ചെയ്യാൻ കഴിയും , ഒന്നാമത് ചോദിക്കുന്നതിനൊന്നും വാ തുറന്ന് മറുപടിയും പറയില്ല ..
പുറത്ത് നിന്ന് ചെറിയമ്മയാണ് ഉത്തരം നൽകിയത്..

എല്ലാവരും മര്യാദക്കെന്റെ മുറിയിൽ നിന്ന് പുറത്ത് പോ …ഉണ്ണി ചുറ്റിലും നിന്ന എല്ലാവരുമോടായി പറഞ്ഞു…

ഇപ്പോൾ അങ്ങനെയായോ , ശരി എന്നാ നീ സംസാരിക്ക് , ഞങ്ങളൊന്നും ചോദിക്കുന്നുമില്ല പറയുന്നുമില്ല …സരസ്വതി എല്ലാവരെയും വിളിച്ച് താഴേക്കിറങ്ങി..ചെറിയമ്മ മാധവന്റെ അരികിലെത്തിയപ്പോൾ

മാധവേട്ടാ ഉണ്ണിക്കിതെന്തിന്റെ കേടാ , ഞങ്ങളോടൊക്കെ പുറത്തേക്കിറങ്ങാനാ പറയുന്നേ…

അവനെ കാര്യമാക്കണ്ട , അവൻ കൊണ്ടുവന്ന ബന്ധമല്ലെ വിചാരിച്ച് തള്ളി പറയാൻ പറ്റാത്തതു കൊണ്ട് പറയുന്നതാ..മാധവൻ ഉണ്ണിയെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.

ഉണ്ണി മുറിയിലെ ടേബിളിൽ നിന്ന് ജഗ്ഗെടുത്ത് ഗായത്രിയുടെ അരികിൽ വെച്ചു..

ഇങ്ങനെ പ്രശ്നമുണ്ടാവുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഉച്ചയ്ക്ക് വരാതിരിക്കില്ലായിരുന്നു…

ഉണ്ണി ഗായത്രിയെ സൂക്ഷിച്ച് നോക്കി…ഉച്ചയ്ക്ക് ഗുളിക കഴിച്ചോ….?

ഉം …ചെറുതായൊന്ന് മൂളി ..

ഭക്ഷണമൊന്നും കഴിച്ചില്ലല്ലോ , പെട്ടെന്ന് വന്നതു കൊണ്ട് ഒന്നും വാങ്ങാനും പറ്റിയില്ല , ഞാൻ കുറച്ച് കഴിഞ്ഞിട്ട് വേടിക്കാൻ പോവാം തൽകാലം ഈ വെള്ളം കുടിക്ക് …

ജഗ്ഗെടുത്ത് കയ്യിൽ കൊടുത്തു , അതു വാങ്ങി ഉണ്ണിയെയൊന്ന് നോക്കി.

കുടിച്ചിട്ട് മുഖമൊന്നു കഴുകിയിട്ടു വാ..

ഗായത്രി ജഗ്ഗ് താഴെ വെച്ച് ബാത്ത്റൂമിലേക്ക് നടന്നു…. മുഖം കഴുകി പുറത്തേക്കിറങ്ങി….

വാ താഴേക്ക് പോവാം … ഏടത്തിയമ്മക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞോളൂ…

അനങ്ങാതെ നിൽക്കുന്ന ഗായത്രിയെ കൈ പിടിച്ച് താഴേക്ക് നടത്തിച്ചു…താഴേക്കിറങ്ങി വരുന്ന ഇരുവരെയും കണ്ട് മാധവൻ മുഖം ചുളിച്ച് കൊണ്ട് ….

ഇവളിപ്പോൾ ഇവൻ പറഞ്ഞാലേ കേൾക്കൂ എന്നുണ്ടോ …

അമ്മയും തിരിഞ്ഞ് ഉണ്ണിയെയൊന്ന് നോക്കി… എല്ലാവരുടെയും മുന്നിലേക്ക് ഗായത്രിയെ നീക്കി നിർത്തി ….

ചോദിക്കാനുളളവർക്കൊക്കെ ചോദിക്കാം.

ഇനിയെന്ത് ചോദിക്കാനാണ് , അല്ല അറിയാൻ വയ്യാത്തതു കൊണ്ട് നിന്നോട് ചോദിക്കുന്നതാ , നിനക്കിവന്റെ ജീവിതം നശിക്കുന്നതിൽ ദണ്ണമൊന്നുമില്ലെ….?ചെറിയച്ഛന് ഉണ്ണിയുടെ പെരുമാറ്റം ഇഷ്ടമാവാതെ പറഞ്ഞു….

അതിൽ സങ്കടമുള്ളതു കൊണ്ട് തന്നെയാ ചോദിക്കുന്നത് , ഇങ്ങനെ മുറിച്ച് കളയാനായിരുന്നെങ്കിൽ കെട്ടണമായിരുന്നോന്ന് …

അതുപിന്നെ നീയായിരുന്നെങ്കിൽ ഇങ്ങനെ കുഴപ്പമുള്ളാരു പെണ്ണിന്റെ കൂടെ ജീവിക്കോ …..സരസ്വതിയും ഉണ്ണിയെ തള്ളി കൊണ്ട് ചോദ്യമിട്ടു..

എന്താണ് നിങ്ങളീ പറയുന്ന കുഴപ്പം …?

ഭ്രാന്ത്…. നല്ല മുഴുത്ത ഭ്രാന്ത്…

ഉണ്ണി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി , ഉണ്ണിയെ ഞെട്ടിച്ചു കൊണ്ട് ഉത്തരം പറഞ്ഞത് രതീഷായിരുന്നു…

ഉണ്ണി ദേഷ്യമടക്കാനാകാതെ ..എന്നാൽ എന്ത് ഭ്രാന്താണെന്നു കൂടി നീ എല്ലാവരോടും പറ ….

അത് ഞാൻ പറയേണ്ട ആവശ്യമില്ല , ഇവിടെ എല്ലാവർക്കും നല്ലപോലെ മനസ്സിലായിട്ടുണ്ട്..

ഉണ്ണി വീണ്ടും ദേഷ്യത്തോടെ ..അവർക്കല്ല എനിക്കാ നീ പറയുന്നതെന്താണെന്ന് മനസ്സിലാകാത്തത് ..

രാത്രിയിൽ അവനൊരു സമാധാനം കൊടുക്കുന്നില്ലെന്ന് നിന്നോടവൻ നേരത്തെ പറഞ്ഞതല്ലെ …സൈഡിൽ നിന്നിരുന്ന സരസ്വതി ഇടയിൽ കയറി…

അമ്മായിയോട് ചോദിച്ചില്ല , ഏട്ടൻ പറ കേൾക്കട്ടെ …ഉണ്ണി വിടാതെ വീണ്ടും ചോദിച്ചു..

ഇന്നലെ നിന്റെ കൂടെയല്ലെ കിടന്നിരുന്നത് നിനക്ക് മനസ്സിലായില്ലെ…

അതുകേട്ട് ഗായത്രി ഇരു ചെവികളും പൊത്തി തല തിരിച്ചു…ഉണ്ണി രതീഷിനരുകിലേക്ക് പാഞ്ഞു ചെന്ന് കോളറിൽ പിടിച്ചു…

ഇത് നീയെന്ത് അർത്ഥത്തിലാ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല , വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ച് ഉപയോഗിക്കണം …

ചെറിയമ്മമാർ ചേർന്ന് ഉണ്ണിയുടെ കൈവിടുവിച്ച് കൊണ്ട് ….

ഉണ്ണി ഞങ്ങളവന്റെ പക്ഷം ചേർന്ന് പറയുകയല്ല , ഇന്നേരം വരെയും അവള് നിന്റെ മുറിയിൽ തന്നെയായിരുന്നില്ലെ അത്രയല്ലെ അവനും പറഞ്ഞുള്ളൂ..

ഉണ്ണി കോളറിൽ നിന്ന് കൈവിട്ടു കൊണ്ട് …..ചെറിയമ്മയ്ക്ക് അവനെന്താ പറഞ്ഞു വരുന്നതെന്ന് പിടുത്തം കിട്ടുന്നുണ്ടോ …

അവൻ പറയുന്നതിലെയുള്ളൂ നീ കാണിക്കുന്നതിൽ ഒന്നുമില്ലെ…സരസ്വതിയും ഉണ്ണിക്കരുകിലേക്ക് നീങ്ങി കൊണ്ട് ചോദിച്ചു…

അവൻ പറയുന്നത് നിങ്ങൾക്ക് തെറ്റായി തോന്നുന്നില്ല , ഞാൻ ചെയ്യുന്നതാണ് തെറ്റ് , കൊള്ളാം നിങ്ങളുടെ മനസ്സ് , ഒരു പെണ്ണിനെ ഒറ്റക്ക് നിർത്തി മുൻവിധിയോടെ ചോദ്യങ്ങൾ ചോദിച്ച് ഭ്രാന്താണെന്ന് വരുത്തി തീർക്കുന്ന നിങ്ങളിൽ നിന്നൊക്കെ ഇത്രയും പ്രതീക്ഷിക്കാൻ പറ്റൂ….

ഉണ്ണിക്ക് ഞങ്ങൾ പറയുന്നത് മനസ്സിലാവുന്നില്ലെങ്കിൽ വേണ്ട , ഞങ്ങൾക്ക് ഞങ്ങടെ കുട്ടിയുടെ ജീവിതമാ വലുത് , അതുകൊണ്ട് ഇതിൽ അഭിപ്രായം ആവശ്യമില്ല….മാധവൻ തീർത്തു പറഞ്ഞു.

അതു തന്നെയാ എനിക്കും പറയാനുള്ളത് , നിങ്ങളുടെ ആരുടെയും അഭിപ്രായവും തീരുമാനവും ഇവിടെ വേണ്ട ..ഉണ്ണിയും വിട്ടു കൊടുക്കാതെ സംസാരിക്കാൻ തുടങ്ങി.

അത് നീയല്ല പറയാൻ , എന്റെ കാര്യത്തിൽ അവരുടെ തീരുമാനമാ വലുത് …രതീഷ് ഉണ്ണിയെ നോക്കി കൊണ്ട് പറഞ്ഞു.

ഏട്ടന്റെ മാത്രം ജീവിതമായിരുന്നെങ്കിൽ ഞാൻ തടസ്സം നിൽക്കില്ലായിരുന്നു ,ഇതങ്ങനെയല്ല അതുകൊണ്ട് ഞാൻ സമ്മതിക്കില്ല …

ആർക്ക് വേണം നിന്റെ സമ്മതം , ഇപ്പോൾ വേണമെങ്കിൽ ഞാനവളെ വീടിന് പുറത്താക്കും… അവളെ മാത്രമല്ല നിന്നെയും …..

അത് അങ്ങനെയങ്ങ് പറഞ്ഞാൽ മതിയോ ….

രതീഷ് ദേഷ്യം അടക്കാനാവാതെ ….ഞാനാ തീരുമാനിക്കുന്നത് ഇതെന്റെ വീടാ …

മോനെ നീയെന്തൊക്കെയാ പറയുന്നത് , അവനും കൂടി കഷ്ടപ്പെട്ടുണ്ടാക്കിയതല്ലെ .അമ്മ രതീഷിന്റെ അരികിലേക്ക് വന്നു..

അമ്മയെ തള്ളി കൊണ്ട് വീണ്ടും അലറി ..ഇതെന്റെ പേരിലുള്ള വീടാ , എന്റെ സൗകര്യത്തിന് നിൽക്കാൻ പറ്റുന്നവര് നിന്നാൽ മതി , അല്ലെങ്കിൽ ഇപ്പോൾ ഇറങ്ങാം..

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *