പ്രിയം ~ ഭാഗം 11 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

സന്തോഷമായി , ഞാനിത് കേൾക്കണം , നിന്നെ പോലെ തിരിച്ച് കണക്ക് പറയാൻ അറിയാഞ്ഞിട്ടല്ല , എന്റെ മനസ്സ് അതിന് അനുവദിക്കുന്നില്ല …ഉണ്ണി ഇടറിയ ശബ്ദത്തോടെ പറഞ്ഞു നിർത്തി..

അമ്മ ഉണ്ണിക്കരികിലേക്ക് വന്നുകൊണ്ട് ..മോനെന്തിനാ വേറെയൊരാൾക്ക് വേണ്ടി സ്വന്തം ഏട്ടനോട് വഴക്കുണ്ടാക്കുന്നേ…

അമ്മയ്ക്ക് അത് അവനോടും ചോദിച്ചു കൂടെ , മറ്റുള്ളവർ പറയുന്നത് കേട്ട് സത്യമല്ലാന്ന് ബോധ്യമുള്ള കാര്യത്തിനു വേണ്ടി വഴക്കുണ്ടാക്കുന്നത് ശരിയാണോന്ന്….

നിങ്ങൾ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും തല്ലു കൂടിയിട്ട് കാര്യമില്ല , രതീഷിന് വേണ്ടാന്നാ പറയുന്നതെങ്കിൽ ഉണ്ണിയുടെ എതിർ അഭിപ്രായത്തിന് എന്ത് പ്രസക്തിയാണുള്ളത് . . .മാധവൻ ഉണ്ണിയെ കാര്യമാക്കേണ്ടെന്ന ഭാവത്തിൽ രതീഷിനോട് പറഞ്ഞു..

നിങ്ങളെല്ലാവരും അവന്റെ വാക്കുകേട്ട് ഇതൊഴിവാക്കിയാൽ പിന്നീട് അവന് ദു:ഖിക്കേണ്ടി വരും , ആ സമയത്ത് നിങ്ങളെല്ലാവരും ഇതു പോലെ തന്നെയുണ്ടാവുമോ ….

അതോർത്ത് ഉണ്ണി പേടിക്കേണ്ട , ഒന്നു മുടക്കിയാൽ അതിലും ഭംഗിയായി വേറൊന്ന് നടത്തി കൊടുക്കാനുമറിയാം..ഉണ്ണിയുടെ വാക്കുകളെ തള്ളി കൊണ്ട് സുകുമാരൻ അകത്തേക്ക് കടന്നു വന്നു. .. മാധവന്റെ അളിയനാണ് സുകു …

ആ .. നീ വന്നോ , കുട്ടികൾ തമ്മിൽ വെറുതെ പരസ്പരം വഴക്കുണ്ടാക്കിയിട്ടെന്താ കാര്യമെന്ന് ഞാൻ പറഞ്ഞു കൊണ്ടിരിക്കായിരുന്നു..സുകുമാരനെ സ്വാഗതം ചെയ്തു കൊണ്ട് മാധവൻ പറഞ്ഞു. ..

തീരുമാനം ഒഴിവാക്കാനാണെങ്കിൽ ഒഴിവാക്കുക തന്നെ , ഒരുമ്മിച്ചു ജീവിക്കുന്നവരല്ലെ തീരുമാനിക്കേണ്ടത് അല്ലാതെ കാഴ്ചക്കാരല്ലല്ലോ…സുകു ഉണ്ണിയെ നോക്കികൊണ്ട് സംസാരിക്കാൻ തുടങ്ങി..

രതീഷേ ഇവളെ നിനക്ക് വേണോ ..? മാധവൻ ചോദ്യമിട്ടു.

എനിക്ക് വേണ്ട..രതീഷ് ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

എന്നാൽ ഒരു കാര്യം ചെയ്യ് മാധവേട്ടാ , ഇന്നിപ്പോൾ സമയം വൈകിയില്ലെ നാളെ രാവിലെ മുതിർന്ന രണ്ടു മൂന്ന് പേർ രതീഷിനെയും കൂട്ടി ഇവളെ വീട്ടിൽ കൊണ്ടാക്കി കൊടുത്തേക്ക് , കുട്ടിയെ തനിച്ച് വിടണ്ട അത് രതീഷിന് കേടാ , ഇനിയൊരു ആലോചന വരുമ്പോൾ പെണ്ണെന്തിനാ ഇട്ടിട്ടു പോയതെന്ന് ചോദിക്കാൻ പാടില്ല , നമ്മള് ഒഴിവാക്കിയ പോലെ വരാൻ പാടുള്ളൂ…സുകുമാരൻ മാധവന് ഉപദേശം നൽകി..

ശരി അങ്ങനെയാവട്ടെ , എന്താ രതീഷേ അതു പോരെ ..മാധവൻ രതീഷിനെ നോക്കി കൊണ്ട് ചോദിച്ചു..

മതി ..രതീഷ് തിരിഞ്ഞ് മുറിയിലേക്ക് നടന്നു.

അങ്ങനെയാണെങ്കിൽ ദേവകി ഞങ്ങൾ പോയിട്ട് രാവിലെ വരാം….

അമ്മ തലയാട്ടി. .

സരസ്വതി മോളെ വിളിക്ക് ഇറങ്ങാം…മാധവൻ മുന്നിൽ നടന്നു… സരസ്വതി ഉണ്ണിയെ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന അമൃതയെ തട്ടി വിളിച്ച് കൂടെ കൂട്ടി പുറത്തേക്കിറങ്ങി , മറ്റുള്ളവരും അമ്മയോട് പറഞ്ഞ് ഇറങ്ങി…. ഹാളിൽ ഒരു ശില്പം കണക്കെ നിൽക്കുന്ന ഗായത്രിയുടെ തോളിൽ ഉണ്ണി തൊട്ടു , അവൾ തിരിഞ്ഞു നോക്കി..

മുറിയിലേക്ക് പോവാം ..

ഉം …ചെറുതായൊന്ന് മൂളി .

മുകളിലെ മുറിയിലേക്ക് നടന്നെത്തി , കട്ടിലിൽ കിടന്ന് ഗായത്രി കണ്ണുകളടച്ചു , ഉണ്ണി കുറച്ചു നേരം നോക്കി നിന്നതിനു ശേഷം അവളുടെ അരികിലിരുന്നു..

ഉച്ചയ്ക്കൊന്നും കഴിച്ചില്ലല്ലോ , ഞാൻ പോയിട്ട് വല്ലതും വാങ്ങിയിട്ട് വരാം…

ഉണ്ണി എനിക്ക് വിശക്കുന്നില്ല , നീ പോയി വല്ലതും കഴിച്ചിട്ടു വാ…ഗായത്രി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ഞാൻ എന്തെങ്കിലും വാങ്ങിയിട്ടു വരാം , നല്ല ചൂടുണ്ടല്ലോ പനി മാറിയിട്ടില്ല തോന്നുന്നു , ഗുളിക കഴിക്കണമെങ്കിൽ ഭക്ഷണം വല്ലതും കഴിക്കണ്ടെ…

ഉണ്ണി കട്ടിലിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു , ഹാളിലുണ്ടായിരുന്ന അമ്മയെ ശ്രദ്ധിക്കാതെ വീടിന് പുറത്തേക്കിറങ്ങി , ബൈക്കെടുത്ത് ഹോട്ടലിലേക്ക് പോയി , അല്പ സമയം കഴിഞ്ഞ് തിരിച്ചു വന്നു , മുറിയിലേക്ക് കയറുമ്പോൾ ഗായത്രി പുതച്ചുമൂടി കിടക്കുകയായിരുന്നു.. നെറ്റിയിൽ തൊട്ടു നോക്കി..

ഞാൻ രാവിലെ പറഞ്ഞതല്ലെ ആശുപത്രിയിൽ പോവാമെന്ന് , ഇപ്പോൾ നോക്ക് പനി കൂടി ..

ഗായത്രി കണ്ണു തുറന്നു , എഴുന്നേൽക്കാൻ ശ്രമിക്കുന്നതുകണ്ട് ഉണ്ണി പിടിച്ചു , ചുമരിൽ ചാരിയിരുന്നു..

എനിക്ക് കുഴപ്പമൊന്നുമില്ല , കുറേ നേരം നിന്നപ്പോൾ കാലൊക്കെ കുഴയാൻ തുടങ്ങി , അതുകൊണ്ട് കിടന്നതാ …

ഭക്ഷണം കഴിക്ക് ….ഉണ്ണി പൊതിയഴിച്ച് ഗായത്രിക്ക് നേരെ നീട്ടി. ഗായത്രി അതു വാങ്ങി പതുക്കെ കഴിക്കാൻ തുടങ്ങി..

ഉണ്ണിയെന്തിനാ വെറുതെ അവരോടൊക്കെ തർക്കിക്കാൻ പോയത് , ഇപ്പോൾ എല്ലാവരും നിനക്കെതിരായില്ലെ …

അത് കുഴപ്പമില്ല , അതൊക്കെ ഇവിടെ സർവ്വസാധാരണമാ ….

എന്നേക്കാളും ദേഷ്യം ശരിക്കും അവർക്ക് ഉണ്ണിയോടാ , അത് വെറുതെ കൂട്ടണ്ടായിരുന്നു..

അമ്മാവനെ ഉദ്ദേശിച്ചാണോ …ഉണ്ണിയൊന്ന് ചിരിച്ചു.

അതിലാരാ നിന്നെ പറയാതിരുന്നത്…ഗായത്രി കഴിക്കുന്നത് നിർത്തിയിട്ട് കൈ കഴുകി തിരിച്ചു വന്നു..

എല്ലാ വീട്ടിലും ഇളയകുട്ടിയെ എല്ലാവർക്കും നല്ല കാര്യമായിരിക്കും , ഇവിടെ തിരിച്ചാ , എന്റെ അമ്മ എപ്പോഴും പറയും രണ്ട് തവണ കുട്ടികളെ നഷ്ടപ്പെട്ടിട്ടാ ഏട്ടനുണ്ടായതെന്ന് , അതുകൊണ്ട് ചെറിയൊരു സ്നേഹ കൂടുതൽ കാണിക്കാറുണ്ട് സത്യം തന്നെയാണ് , അതിന്റെയൊരു വിവേചനം ചെറുപ്പം തൊട്ടെ എന്നോട് കാണിച്ചിട്ടുമുണ്ട് , പക്ഷേ എന്റെ അച്ഛന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നുട്ടോ , ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്റെ കൂടെ നിന്നേനെ …

ഗായത്രി ഉണ്ണിയെ ഇമ വെട്ടാതെ നോക്കി കൊണ്ടിരുന്നു..ഈ ജന്മത്തിൽ ദൈവമെനിക്ക് എന്തെങ്കിലും തന്നിട്ട് മുഴുവനായിട്ടും തൃപ്തി തോന്നിയിട്ടുണ്ടെങ്കിൽ അത് നിന്നെ മാത്രമാണ്…

ഏടത്തിയമ്മ വിഷമിക്കേണ്ട , ഓരോന്നിനും അതിന്റേതായ സമയമുണ്ടല്ലൊ , കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാവും…

ഗായത്രിയൊന്ന് നെടുവീർപ്പിട്ടു..ഉണ്ണിയെ അമ്മയും അച്ഛനുമെപ്പോഴാ അവസാനമായിട്ട് തല്ലിയതെന്ന് ഓർക്കുന്നുണ്ടോ ..?

ചോദ്യം കേട്ട് ഉണ്ണി തലതിരിച്ച് ഗായത്രിയെ നോക്കി …അവരെന്നെ ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ടെന്നല്ലാതെ തല്ലിയിട്ടൊന്നുമില്ല , എന്തേ ചോദിക്കാൻ .?

ഗായത്രി ചിരിച്ചു..എനിക്കെപ്പോഴാന്ന് അറിയോ , കല്ല്യാണത്തിന് രണ്ട് ദിവസം മുമ്പേ ..

എന്തിന് ..?

അച്ഛന്റെ സുഹൃത്ത് വന്നപ്പോൾ പുറത്തേക്ക് വന്നില്ലാന്ന് പറഞ്ഞിട്ട് ..

ഈയൊരു നിസ്സാര കാര്യത്തിനോ .? ഉണ്ണി അത്ഭുതത്തോടെ ചോദിച്ചു..

ഇത് നിനക്ക് നിസാരമാണെങ്കിൽ നാളത്തെ കാര്യമൊന്ന് ആലോചിച്ച് നോക്ക് …

ഉണ്ണി ഷോക്കടിച്ച പോലെയിരുന്നു…

ഗായത്രി തുടർന്നു..നാളെ നീയെന്റെ കൂടെ വരണ്ട , ഇനിയെന്നെ കാണാനും ശ്രമിക്കണ്ട , ഈ ജന്മത്തിലെ നമ്മുടെ ബന്ധം കഴിഞ്ഞു.. ഗായത്രി മുഖം പൊത്തി കരയാൻ തുടങ്ങി ..

ഏടത്തിയമ്മയും കൂടിയെ തള്ളി പറയാൻ ബാക്കിയുണ്ടായിരുന്നുള്ളൂ …

ഉണ്ണി പുറത്തേക്കിറങ്ങി സോഫയിൽ കിടന്നു… സമയം പോയികൊണ്ടിരുന്നു , രാവിലെയായി … രതീഷ് കാർ പോർച്ചിൽ നിന്നിറക്കി റോഡിലേക്കിട്ടു , മാധവനും രണ്ട് ചെറിയച്ഛന്മാരും റെഡിയായിട്ട് നിൽക്കുന്നുണ്ട് , ഗായത്രി മുറിയിൽ നിന്ന് വസ്ത്രങ്ങളെല്ലാം എടുത്ത് ബാഗിലാക്കി , പുറത്ത് ഉണ്ണി നിൽക്കുന്നുണ്ടായിരുന്നു , അവനരുകിൽ വന്ന് കെട്ടിപിടിച്ചു കൊണ്ട് നെറ്റിയിലൊരുമ്മ കൊടുത്തു..

ഞാനവിടെ പോയിട്ട് എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കാം , നീ സമാധാനമായിട്ട് ഇരിക്ക്..

താഴേക്കിറങ്ങി അമ്മയെയൊന്ന് നോക്കി ചിരിച്ച് കാറിലേക്ക് കയറി , സ്റ്റാർട്ടാക്കി കാർ മുന്നിലേക്ക് പോയി കൊണ്ടിരിക്കുമ്പോൾ ഗായത്രി കണ്ണാടിയിലൂടെ നോക്കി , ഉണ്ണി പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു , കാർ കണ്ണിൽ നിന്ന് മറയുന്നതു വരെ ഉണ്ണി അവിടെ തന്നെ നിന്നു , ശേഷം അകത്തെ മുറിയിലേക്ക് വന്ന് കട്ടിലിലിരുന്നു , കുറച്ച് നേരം തലവെച്ച് കിടന്നു , ഫോണെടുത്ത് കൂട്ടുകാരനായ ഫൈസിയെ വിളിച്ചു.

ഹലോ , നിന്നോട് ഞാൻ ഇന്നലെ വാടകയ്ക്ക് ഒരു വീട് നോക്കാൻ പറഞ്ഞിരുന്നില്ലെ , വല്ലതും കിട്ടിയോ .?

ഉണ്ണി നീ നമ്മുടെ സുമേഷേട്ടന്റെ വീട്ടിലേക്ക് വാ , അവര് ചെന്നൈയിലേക്ക് താമസം മാറ്റുകയാ , ആ വീട് ചോദിച്ചിട്ടുണ്ട് , വാടക കുറച്ച് കൂടുതലാ എന്നാലും നിനക്ക് വീടിന്റെ അടുത്ത് തന്നെ താമസിക്കാലോ ..

ശരി ഞാനിപ്പോൾ വരാം വെയ്റ്റ് ചെയ്യ് .

ഓക്കേ ഡാ, ഫൈസി ഫോൺ കട്ടാക്കി…

ഉണ്ണി ആവശ്യത്തിന് വസ്ത്രങ്ങൾ എടുത്ത് മുറിയടച്ച് പുറത്തേക്കിറങ്ങി , ബാഗ് സോഫയിൽ വെച്ച് ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി തണുത്ത വെള്ളമെടുത്ത് കുടിക്കാൻ തുടങ്ങി , ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങി വന്നു..ഉണ്ണി അമ്മയെ ശ്രദ്ധിക്കാതെ ബാഗെടുത്ത് പുറത്തേക്ക് നടന്നു , അമ്മ കാര്യം മനസ്സിലാവാതെ പിന്നാലെ കൂടി , പുറത്തെത്തിയപ്പോൾ ..

നീയെങ്ങോട്ടാ ..? അമ്മ ഉണ്ണി ബൈക്കെടുക്കാൻ തുടങ്ങുന്നത് കണ്ട് ചോദിച്ചു.

ഞാനെങ്ങോട്ട് പോയാലും അമ്മയ്ക്കെന്താ , ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞതല്ലെ …

ഓ … നീ ദേഷ്യപ്പെട്ട് പോവാണോ .? അമ്മ തമാശ രൂപത്തിൽ ചോദിച്ചു.

അതെന്താ എനിക്ക് അഭിമാനമൊന്നുമില്ലെ , അവന്റെ അച്ഛൻ തന്നെയല്ലെ എന്റെയും , എന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് ആരുടെയും കാലിന്റെ ചുവട്ടിൽ കിടന്ന് ജീവിക്കരുതെന്ന് …

നീ ഈ അഭിമാനമെന്ന് പറഞ്ഞ് എത്ര ദിവസം കഴിയുമെന്ന് കാണാലോ , വാശിയൊക്കെ തന്നോളം പോന്നവരോടെ കാണിക്കാൻ പാടൂ , അല്ലാതെ മുതിർന്നവരോടല്ല …അമ്മ പുച്ഛഭാവത്തിൽ ഉണ്ണിയോട് പറഞ്ഞു..

പ്രായത്തിൽ മുതിർന്നിട്ട് കാര്യമില്ല , അതിന്റെ ബുദ്ധി കൂടി കാണിക്കണം …ഉണ്ണിയും തിരിച്ചടിച്ചു.

ഉണ്ണി ബൈക്കെടുത്ത് പുറത്തേക്കിറങ്ങി ..തന്നെ നോക്കി കൊണ്ടിരിക്കുന്ന അമ്മയോട് ….

അമ്മ ഞാൻ തോറ്റിട്ട് ഓടാണെന്ന് വിചാരിച്ചോ , ഇത് അവസാനിച്ചിട്ടില്ല , കഥ തുടങ്ങുന്നേയുള്ളൂ , ഇപ്പോൾ ഒരാളെ പറഞ്ഞയിച്ചില്ലെ അതിനെ കൊണ്ട് അമ്മയുടെ കയ്യിൽ നിന്നു തന്നെ വിളക്ക് വാങ്ങി കൊടുത്ത് അകത്തേക്ക് കയറ്റുന്നത് ഞാൻ കാണിച്ചു തരാം …

തുടരും….

Leave a Reply

Your email address will not be published. Required fields are marked *