പ്രിയം ~ ഭാഗം 12 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഉണ്ണി ബൈക്കെടുത്ത് സുമേഷിന്റെ വീട്ടിലെത്തി , ഫൈസി പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു .

വേഗം വാ , അങ്ങേര് പോവാൻ റെഡിയായിട്ട് നിൽക്കാ , നീ വന്നുകൊണ്ടിരിക്കാന്ന് പറഞ്ഞ് തടഞ്ഞു നിർത്തിയിരിക്കുന്നതാ . ഫൈസി ഉണ്ണിയെ വിളിച്ച് ധൃതിയിൽ അകത്തേക്ക് നടന്നു. സുമേഷ് വാതിൽ പൂട്ടി പുറത്തിറങ്ങിയപ്പോഴാണ് ഫൈസിയെ കണ്ടത് .

അവൻ വന്നില്ലെ , എനിക്ക് അവിടെ പോയിട്ടും പണിയുള്ളതാ ..സുമേഷ് വാച്ചിലെ സമയം നോക്കി കൊണ്ട് പറഞ്ഞു..

ആളെത്തിയിട്ടുണ്ട്..പുറകിൽ വരുന്ന ഉണ്ണിയെ ചൂണ്ടി കാണിച്ചു..

ഉണ്ണി അടുത്തെത്തിയപ്പോൾ സുമേഷ് വീടിന്റെ ചാവി കയ്യിലേൽപ്പിച്ചു..

വാടകയ്ക്ക് കൊടുക്കാൻ താൽപര്യമുണ്ടായിട്ടല്ല , പിന്നെ നിനക്കാണെന്ന് പറഞ്ഞതു കൊണ്ട് തരുന്നതാ…

അതു പിന്നെ എനിക്കറിഞ്ഞൂടേ സുമേഷേട്ടാ , ഒന്നു കൊണ്ടും പേടിക്കേണ്ട ഒരു കുഴപ്പവുമുണ്ടാവില്ല , എനിക്ക് ഒരു മുറി മാത്രേ ശരിക്കും ആവശ്യമുള്ളൂ , ഏറിപ്പോയാൽ അടുക്കള കൂടി എടുക്കും…

ശരി , ഞാൻ വിളിക്കാം , നീ വാടക എനിക്ക് അക്കൗണ്ടിലിട്ടാൽ മതി ..

ഓക്കേ ..ഉണ്ണി തലയാട്ടി..

സുമേഷ് കാറെടുത്ത് റോഡിലേക്കിറങ്ങി..ചാവി കയ്യിലിട്ട് കറക്കി കൊണ്ടിരിക്കുന്ന ഉണ്ണിയെ കണ്ട് ഫൈസി അടുത്തേക്ക് ചെന്നു.

നിനക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ , വീട്ടിലെങ്ങാനും അടങ്ങിയിരുന്നാൽ പോരെ ..

നീ പറയുന്നത് കേട്ടാൽ തോന്നും ഞാനെല്ലാം വേണം വെച്ചിട്ട് ചെയ്യുന്ന പോലെയാണല്ലൊ , ഇതൊക്കെ പ്രതീക്ഷിക്കാതെ നടക്കുന്നതല്ലെ , മുൻകൂട്ടി ദൈവം വല്ല സൂചനയും തന്നിരുന്നെങ്കിൽ ഞാൻ സ്വന്തമായിട്ട് വീട് വെക്കുമായിരുന്നില്ലെ..ഉണ്ണി ബാഗെടുക്കാൻ ബൈക്കിനരുകിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.. ഫൈസിയും കൂടെ കൂടി .

എന്നാലും നിന്റെ എടുത്ത് ചാട്ടം കുറച്ച് കൂടുതലാണെന്ന് സമ്മതിക്കരുത്..

നിന്റെ കൂടി ഉപദേശത്തിന്റെ കുറവെ ഉണ്ടായിരുന്നുള്ളൂ , സമാധാനമായി …

ഉണ്ണി ബാഗെടുത്ത് വീടിനുള്ളിലെ ഒരു മുറിയിൽ വെച്ച് പുറത്തേക്കിറങ്ങി ..

അല്ല ഇനിയെന്താ പ്ലാൻ ..? ഫൈസി ഉണ്ണിയെ നോക്കി ചോദിച്ചു..

ഓഫീസിൽ പോകണം , കുറച്ച് ജോലി ബാക്കിയുണ്ട് ..

എന്നാൽ ശരി , വൈകുന്നേരം കാണാം. ഫൈസി നടക്കാനൊരുങ്ങി..

അതേയ് ഒരു മിനിറ്റ് ..ഉണ്ണി പുറകിൽ നിന്ന് വിളിച്ചു. ഫൈസി തിരിഞ്ഞു നോക്കി..

ഞാൻ ഉച്ചയ്ക്ക് വീട്ടിലേക്ക് വരാം , റഷീദയോട് ബിരിയാണി ഉണ്ടാക്കാൻ പറ .

അങ്ങനെ നീയെന്റെ ബീവിയെ പണിയെടുപ്പിച്ച് ബിരിയാണി തിന്നണ്ട , വേണേൽ ഹോട്ടലിൽ നിന്ന് കഴിക്ക് ..

ഉണ്ണി ചിരിച്ചു..അതൊക്കെ ഞാൻ വിളിച്ച് പറഞ്ഞോളാം.

ഉം ..ഉം.. കാണാം.ഫൈസി നടന്നു..

ഉണ്ണി ബൈക്ക് സ്റ്റാർട്ട് ചെയ്യാനൊരുങ്ങിയപ്പോഴാണ് മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങിയത് , കയ്യിലെടുത്തു , പ്രിയ , അറ്റൻന്റ് ചെയ്ത് ചെവിയിൽ വെച്ചു..

ഹലോ …

ഇപ്പോൾ എവിടെയാ …?

കറക്ടായി പറഞ്ഞാൽ നടുറോഡിൽ …ഉണ്ണി മറുപടി കൊടുത്തു.

തമാശിക്കാതെ കാര്യം പറ , ഇന്നലെ വരാ പറഞ്ഞിട്ടെന്താ വരാതിരുന്നത്..?

അത് ഇന്നലത്തെ കാലാവസ്ഥ വളരെ മോശമായിരുന്നു , ഇടിയും മിന്നലുമൊക്കെയായിട്ട് പുറത്തേക്കിറങ്ങാൻ തന്നെ പറ്റിയില്ല…

പ്രിയ കലിയോടെ ….എനിക്ക് ദേഷ്യം വരുന്നുണ്ട് ,നിന്നോട് ആനയെന്ന് ചോദിച്ചാൽ ചേനയെന്ന് പറയല്ലെ …

ഉണ്ണി അവളെ തണുപ്പിച്ച് കൊണ്ട് …സോറി , എന്തിനാ നീയിപ്പോൾ വിളിച്ചതെന്ന് പറയൂ ..

ഗായത്രി ചേച്ചിയുടെ പനി മാറിയോ , ഇനിയെന്നാ വരാന്ന് അറിയാൻ വേണ്ടിയിട്ട് വിളിച്ചതാ ..

അത് നിനക്ക് നേരിട്ട് വിളിച്ച് ചോദിച്ചു കൂടെ …

ചിലപ്പോൾ കിടക്കാണെങ്കിൽ ശല്യം ചെയ്യണ്ടല്ലൊ വിചാരിച്ചിട്ടാ ചേച്ചിയെ വിളിക്കാഞ്ഞേ , നിനക്ക് പറയാൻ സൗകര്യമുണ്ടെങ്കിൽ പറ ..പ്രിയ ദേഷ്യത്തോടെ നിർത്താനൊരുങ്ങി..

ദേഷ്യപ്പെടല്ലെ , ഞാൻ കുറച്ച് കഴിഞ്ഞിട്ട് നേരിട്ട് വരാം..

എന്നാൽ വാ ..പ്രിയ ഫോൺ കട്ടാക്കി…

ഉണ്ണി ബൈക്കെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചു , പാർക്കിങ്ങിൽ വണ്ടി നിർത്തി മുകളിലേക്ക് നടന്നു , വരാന്തയിൽ ചിത്രയിരിക്കുന്നുണ്ടായിരുന്നു…

എന്താ ഉണ്ണി ഗായത്രിയുടെ പനി മാറിയില്ലെ..?ഉണ്ണിയെ കണ്ട് ചിത്ര ചോദിച്ചു.

ഗുളികയൊക്കെ കൊടുത്തിട്ടുണ്ട് , ചിലപ്പോൾ മാറിയിട്ടുണ്ടാവും…

അതെന്താ ചിലപ്പോൾ ..വാതിലിനരുകിൽ നിന്ന് പ്രിയ എത്തി നോക്കി..

അത് നീയല്ലെ എഴുതി തന്നത് , അതുകൊണ്ട് പറഞ്ഞതാ .ഉണ്ണി കളിയാക്കി.

അയ്യടാ കളിയാക്കുകയൊന്നും വേണ്ട , ഇവിടുത്തെ ഡോക്ടർക്ക് വരെ ഞാനാ പറഞ്ഞു കൊടുക്കുന്നത്..

അതു തന്നെയാ ആശുപത്രിയിൽ ഇത്രയും തിരക്ക്..ഉണ്ണി വീണ്ടും കളിയാക്കി..

മതി… മതി… വന്ന കാര്യം പറ..

ചായ കുടിക്കാൻ പോവാം …പ്രിയയെ നോക്കി കണ്ണടിച്ചു കൊണ്ട് ചോദിച്ചു.

പ്രിയ പുറത്തേക്കിറങ്ങി …ചിത്ര ചേച്ചി ഡോക്ടർ വന്നിട്ട് പോയില്ലെ , ഞാൻ ഇവന്റെ കൂടെ കാന്റീനിൽ പൊയ്ക്കോട്ടെ ..

ചിത്ര ഉണ്ണിയെ നോക്കി..പെട്ടെന്ന് ഡോക്ടറ് അന്വേഷിക്കുന്നതിനു മുന്നേ പോയിട്ട് വാ .

ഉണ്ണി താഴേക്കിറങ്ങാൻ തുടങ്ങി , പ്രിയ പിന്നാലെ നടന്നു..

നിൽക്ക് , എന്തിനാ ഇത്ര സ്പീഡ് , എനിക്ക് അർജന്റൊന്നുമില്ല..

ഉണ്ണി തിരിഞ്ഞു നിന്നു.എനിക്ക് നല്ല അർജന്റുണ്ട് , സൈറ്റിലൊക്കെ പണി നടന്നോണ്ടിരിക്കുന്ന സമയമാ ..

പ്രിയ അടുത്തെത്തി..ഓ… വലിയ ആള് … അവിടെ പോയിട്ട് പണിയെടുക്കാനൊന്നുമല്ലല്ലോ വെറുതെ വായ്നോക്കാനല്ലെ …

ഉണ്ണിയൊന്ന് ചിരിച്ചിട്ട് ഒപ്പം നടക്കാൻ തുടങ്ങി , കാന്റീനിലെത്തി…

നിനക്ക് ചായ മാത്രം മതിയൊ ..?പ്രിയയെ നോക്കി കൊണ്ട് ചോദിച്ചു..

അതൊക്കെ ഞാൻ ഓർഡർ ചെയ്തോളാ , ആദ്യം നീ ഇന്നലെ പറയാമെന്ന് പറഞ്ഞത് പറ..

ഉണ്ണി മുന്നിലിരുന്ന ഗ്ലാസിലെ വെളളം കുടിച്ചിട്ട് പ്രിയയുടെ നേരെ തിരിഞ്ഞു , ആകാംക്ഷയോടെ തന്നെ നോക്കി കൊണ്ടിരിക്കുന്ന അവളോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു , എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രിയ ആകെ തളർന്നു..

ഇതെന്താ ഗായത്രി ചേച്ചി ഞങ്ങളോടൊന്നും പറയാതിരുന്നത്…?

ഞാനാ വേണ്ടാ പറഞ്ഞത് , പരിഹരിക്കാമെന്ന് വിചാരിച്ച് തുടങ്ങിയതാ , അതിങ്ങനെ കുഴിയിലാവുമെന്ന് വിചാരിച്ചില്ല…

പ്രിയ ഒഴുകാൻ തുടങ്ങിയിരുന്ന കണ്ണുനീർ തുടച്ചു ..എന്നോടെങ്കിലും പറയായിരുന്നു..പ്രിയ പരിഭവത്തോടെ പറഞ്ഞു..

പറയാമായിരുന്നു , പക്ഷേ കൂട്ടത്തിൽ സന്തോഷത്തോടെ ചിരിക്കുന്നത് നീ മാത്രമാ , നിന്നെ കൂടി വിഷമിപ്പിക്കണ്ട തോന്നി .

ഗായത്രി ചേച്ചി ഇത്രയ്ക്ക് പാവമായിരുന്നോ , അല്ലെങ്കിലും ഇങ്ങനെയൊക്കെ സംഭവിച്ചാൽ ആരാ തകർന്ന് പോകാത്തതല്ലെ ..

ഉണ്ണി പ്രിയയെ നോക്കി ചിരിച്ചു..നല്ല സ്മാർട്ട് തന്നെയാ അതിൽ സംശയമൊന്നുമില്ല , അല്ലെങ്കിൽ ഒറ്റപ്പെടുത്തിയപ്പോഴെ ആത്മഹത്യ ചെയ്തിട്ടുണ്ടാവും..

പ്രിയ നേരെയിരുന്നു..അവിടെ എത്തിയിട്ട് നിന്നെ വിളിച്ചോ …?

ഇല്ല , ഞാൻ വൈകുന്നേരം വിളിക്കാച്ചിട്ടാ .

ടേബിളിലേക്ക് ചായ വന്നു..

നിനക്ക് വല്ലതും വേണമെങ്കിൽ വാങ്ങിക്കോ…പ്രിയ ഒന്നും മിണ്ടാത്തത് കണ്ട് ഉണ്ണി പറഞ്ഞു..

എനിക്ക് ഒന്നും വേണ്ട , വല്ലാത്തൊരു ഫീൽ …

നല്ല ആള് , നിന്നോട് തന്നെ പറയുകയും വേണം …പ്രിയയുടെ ഇരിപ്പ് കണ്ട് ഉണ്ണി കളിയാക്കി.

നിനക്കൊക്കെ എങ്ങനെയാ സമാധാനത്തോടെ ഇരിക്കാൻ കഴിയുന്നത്…?

പ്രിയയുടെ വാക്കുകൾ ഉണ്ണിയുടെ മനസ്സിൽ തട്ടി …

ദുഷ്ടൻ , ആ വാക്കെനിക്ക് നല്ലോം ചേരുന്നുണ്ടല്ലെ , എല്ലാവരുടെ കണ്ണിലും ഞാനാ കുറ്റക്കാരൻ , ഒറ്റപെടലെന്താണെന്ന് നല്ലപോലെ അറിയുന്നത് കൊണ്ടാ സഹായിക്കാൻ പോയത് , ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ നിന്ന് പുറത്ത് വീട്ടിൽ നിന്ന് പുറത്ത് , മുഴുവനായി പറഞ്ഞാൽ ആരുമല്ലാതായി…

ഉണ്ണി പറയുന്നത് കേട്ട് പ്രിയ എഴുന്നേറ്റ് അരികിലേക്കിരുന്നു..

ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല , ഗായത്രി ചേച്ചിയ്ക്ക് ഇനിയിപ്പോൾ വീട്ടിലെന്തായിരിക്കുമെന്ന് ആലോചിച്ചിട്ട് ടെൻഷനിൽ പറഞ്ഞു പോയതാ …

ഉണ്ണി അവളെ നോക്കി..ഞാനും ആലോചിക്കുന്നുണ്ട് പറ്റുമെങ്കിൽ നാളെ ഒന്ന് അവിടം വരെ പോയി നോക്കണം ..

ഉം … അച്ഛൻ കുറച്ച് ദേഷ്യക്കാരനാണെന്ന് ഗായത്രി ചേച്ചി പറയുന്നത് കേട്ടിട്ടുണ്ട് , എന്ത് കാര്യമുണ്ടെങ്കിലും അമ്മയോടാ വഴക്കുണ്ടാക്കാന്നൊക്കെ .

എന്നോടും പറഞ്ഞു അച്ഛനെ പേടിയുള്ള കാര്യം..

ഉണ്ണി ഇനിയെന്ത് ചെയ്യാനാ ആലോചിക്കുന്നത് .? പ്രിയ സംശയത്തോടെ ചോദിച്ചു..

ഞാൻ ഒന്നും മനസ്സിൽ കണ്ടിട്ടില്ല , എന്നാലും ആദ്യം ഏടത്തിയമ്മയുടെ വീട്ടിൽ പറഞ്ഞ് ശരിയാക്കണം , അതിനു ശേഷമെ അടുത്തത് തീരുമാനിക്കാൻ പറ്റൂ.

നീ നോക്കിയിട്ട് ചെയ്യ് , എന്തെങ്കിലും സഹായം വേണമെങ്കിൽ പറഞ്ഞാൽ മതി , അല്ല നീയെവിടെയാ ഇപ്പോൾ താമസിക്കുന്നത്…?

വീടിനടുത്ത് തന്നെ , കൂട്ടുകാരന്റെ വീട് കിട്ടി .

ചായ കുടിച്ച് ഇരുവരും പുറത്തേക്കിറങ്ങി .

ശരി ഉണ്ണി , ഞാൻ പറ്റുമെങ്കിൽ നാളെ വീട്ടിലേക്ക് വരാം …

ഉണ്ണി അത്ഭുതത്തോടെ …ഇതെന്താ പെട്ടെന്ന് ..?

എന്തോ , എനിക്ക് തോന്നി…പ്രിയ ചിരിച്ചിട്ട് അകത്തേക്ക് നടന്നു..

ഉണ്ണി ബൈക്കെടുത്ത് പുറത്തേക്കിറങ്ങി , സൈറ്റിലൂടെ കുറച്ച് നേരം കറങ്ങി തിരിഞ്ഞ് ഉച്ചയ്ക്ക് ഫൈസിയുടെ വീട്ടിലെത്തി , ബൈക്കിന്റെ ശബ്ദം കേട്ട് റഷീദ പുറത്തേക്കിറങ്ങി വന്നു..

പടച്ചോനെ ആരിത് മുതലാളിയോ …റഷീദ ഉണ്ണിയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

ബൈക്ക് സ്റ്റാന്റിട്ട് അകത്തേക്ക് നടന്നു. ബിരിയാണി റെഡിയായോ …?

എന്ത് ബിരിയാണി , പഴയ ചോറുള്ളത് തരും ..ഫൈസി ജനലിൽ കൂടെ നോക്കി മറുപടി പറഞ്ഞു..

അതെങ്കിൽ അത് , രാവിലെയോ ഒന്നും കഴിച്ചില്ല , ഉച്ചയ്ക്കും പട്ടിണി കിടക്കാൻ വയ്യ..

റഷീദ ടേബിളിനടിയിലെ കസേര നീക്കി വെച്ചു കൊണ്ട് ….ഇങ്ങളിരിക്ക് , ഞാൻ കഴിക്കാനെടുക്കാം..

ഉണ്ണി പ്ലേറ്റ് നിവർത്തി വെച്ചു , റഷീദ വിളമ്പി കൊടുക്കാൻ തുടങ്ങി…

രാത്രിയിലേക്കെന്താ വേണ്ടത്…? റഷീദ ചോദിച്ചു..

ഫൈസി എത്തി നോക്കി..ഇതെന്താ ഹോട്ടലോ ..

നീയൊന്ന് കഴിക്കാൻ സമ്മതിക്കോ പ്ലീസ് …ഉണ്ണി കഴിക്കുന്നതിനിടയിൽ പറഞ്ഞു..

ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങി , പോകാൻ തുടങ്ങിയപ്പോൾ ഫൈസി ഉമ്മറത്തു നിന്ന് ….

നേരത്തെ വന്നാലെ കഴിക്കാൻ തരുള്ളുട്ടോ …

പോടാ അവിടുന്ന് ..ഉണ്ണി ചിരിച്ചിട്ട് ജോലി സ്ഥലത്തേക്ക് പോയി …ആ ദിവസം അങ്ങനെ കടന്നുപോയി…

പിറ്റേ ദിവസം രാവിലെ ഓഫീസിൽ ജോലി നോക്കി കൊണ്ടിരിക്കുകയായിരുന്നു ഉണ്ണി ,സെക്യൂരിറ്റി ചേട്ടൻ അകത്തേക്ക് കയറി ഉണ്ണിയ്ക്കരികിലേക്ക് നടന്നു വന്നു, അടുത്തെത്തിയപ്പോൾ ….

ഉണ്ണിയെ കാണാൻ ഒരാൾ പുറത്ത് നിൽക്കുന്നുണ്ട്….

എന്നെ കാണാനോ , ആരാണെന്ന് വല്ലോം പറഞ്ഞോ…?

ഒരു പെൺകുട്ടിയാ , പേര് അജ്ഞലിയെന്നോ മറ്റോ ആണ് പറഞ്ഞത്…സെക്യൂരിറ്റി ഓർമ്മയിൽ നിന്നെന്ന പോലെ പറഞ്ഞു..

ഉണ്ണി കസേരയിൽ നിന്നെഴുന്നേറ്റ് ഓടി , വാതിൽ തുറന്ന് പുറത്തേക്ക് നോക്കി , അവളെ കണ്ട് ഉണ്ണി വിളിച്ചു ….

പൊന്നൂ….

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *