പ്രിയം ~ ഭാഗം 13 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

പൊന്നൂ….

വിളി കേട്ട് അഞ്ജലി തലയുയർത്തി നോക്കി, ഉണ്ണിയെ കണ്ട് അടുത്തേക്ക് വരാനായി നിന്നു.

വേണ്ട നീ അവിടെ നിന്നോ, ഞാനങ്ങോട്ടു വരാം.

ഉണ്ണി അവളുടെ അരികിലേക്ക് നടന്നെത്തി.

എന്താ നീ വല്ലാതിരിക്കുന്നെ, നിനക്കിന്ന് കോളേജില്ലേ…?

എനിക്കിപ്പോൾ ഉണ്ണിയേട്ടനെ തല്ലാനാ തോന്നുന്നേ….ദേഷ്യത്തോടെ ഉണ്ണിയെ നോക്കികൊണ്ട് പറഞ്ഞു.

നീ ചായ കുടിക്കുന്നോ, വാ അവിടെയൊരു ബേക്കറിയുണ്ട് അങ്ങോട്ട് പോകാം..ഉണ്ണി നടക്കാനൊരുങ്ങി, അഞ്ജലി വരുന്നില്ലെന്ന് കണ്ട് കയ്യിൽ പിടിച്ചു വലിച്ചു.

നിനക്ക് തല്ലുകയല്ലെ വേണ്ടൂ, അത് അവിടെ പോയിട്ടും ആവാം.

അവൾ കൂടെ നടക്കാൻ തുടങ്ങി, ബേക്കറിയിലെത്തി രണ്ട് ചായ ഓർഡർ ചെയ്ത് രണ്ട് പേരും ഇരുന്നു.

ഇനി പറ എന്താ നിനക്ക് പ്രശ്നം..? കലങ്ങിയ കണ്ണുമായി ഇരിക്കുന്ന അഞ്ജലിയെ നോക്കി ചോദിച്ചു.

ഇത്രയൊക്കെ പ്രശ്നമുണ്ടായത് പോരെ, എന്റെ ചേച്ചി നിങ്ങളോടൊക്കെ എന്ത് തെറ്റാ ചെയ്തേ, അവളുടെ ജീവിതം ഇങ്ങനെ നശിപ്പിക്കണമായിരുന്നോ..അവൾ ദേഷ്യത്തോടെ പറഞ്ഞു നിർത്തി.

ഉണ്ണി അഞ്ജലിയുടെ കയ്യിൽ പിടിച്ചു. മോള് വിചാരിക്കുന്നുണ്ടോ ഞാനങ്ങനെ ചെയ്യുമെന്ന്..

എങ്ങനെയാ ഞാൻ ഇനി ഉണ്ണിയേട്ടനെ വിശ്വസിക്കാ , എന്റെ ചേച്ചിയെ പറഞ്ഞു പറ്റിച്ചതല്ലേ…അഞ്ജലി കലിയടങ്ങാതെ പറഞ്ഞു..

ഉണ്ണിയൊന്ന് മുഖം പൊത്തി, മേശപ്പുറത്ത് ചായ ഗ്ലാസ്‌ വെച്ചപ്പോൾ കയ്യെടുത്തു, അഞ്ജലി തന്റെ മറുപടിക്ക് വേണ്ടി ഇരിക്കുന്ന പോലെ ഉണ്ണിക്ക് തോന്നി.

നീ ചായ കുടിക്ക്…ഉണ്ണി അവൾക്കരുകിലേക്ക് ഗ്ലാസ്‌ നീക്കി വെച്ചു. അവളത് ഗൗനിക്കുന്നില്ലെന്ന് കണ്ട്…

പൊന്നു നീ ദേഷ്യപ്പെടാതിരിക്ക് , ഏടത്തിയമ്മ നിന്നോടൊന്നും പറഞ്ഞിട്ടില്ലേ ഇവിടെ എന്തൊക്കെ ആയിരുന്നു പ്രശ്നങ്ങളെന്ന്..

അവൾ ഉണ്ണിയെ തറപ്പിച്ചു നോക്കി. ആദ്യം ഉണ്ണിയേട്ടന് ഇപ്പോൾ വീട്ടിലെന്താ നടക്കുന്നതെന്ന് അറിയോ..?

ഒന്നും പറയാനാവാതെ ഇല്ലെന്ന് തലയാട്ടി..

എങ്ങനെ അറിയാനാ, ഏട്ടന്റെ കാര്യം അനിയന് അറിയണ്ടല്ലോ..

പൊന്നു നീ കാര്യമെന്താണെന്ന് പറ..ഉണ്ണി വെപ്രാളത്തോടെ പറഞ്ഞു.

നിങ്ങളൊക്കെ ഭ്രാന്തിയാണെന്നും പറഞ്ഞു കൊണ്ട് വന്നാക്കിയില്ലേ അതിന്റെ കോലം ഇപ്പോളെന്ന് പോയി നോക്ക്…

ഉണ്ണി ഇരുന്ന് വിറക്കുന്നുണ്ടായിരുന്നു..നീ എന്തൊക്കെയാ മോളെ പറയുന്നേ, ഏടത്തിയമ്മക്ക് എന്താ പറ്റിയത്..

എന്റെ അച്ഛൻ അതിനെ തല്ലാൻ ഇനി ബാക്കിയൊരു സ്ഥലമില്ല, അതിനു കാരണക്കാരൻ ആരാണെന്ന് അറിയോ..

ഉണ്ണി ഉത്തരമില്ലാതെ തല താഴ്ത്തി..

കാരണം ഉണ്ണിയേട്ടൻ ഒറ്റയാളാ, വേണ്ടെങ്കിൽ വേണ്ടായെന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നതിനു പകരം എന്തൊക്കെയാ അവർ അച്ഛനോട് പറഞ്ഞത്.

ഉണ്ണി തലയുയർത്തി. അവരെന്താ അവിടെ വന്നു പറഞ്ഞത്..?

ഭ്രാന്തിയാണെന്ന് പറഞ്ഞാ തർക്കിച്ചോണ്ടിരുന്നത്, നിങ്ങളുടെ ഏട്ടന്റെ പിഴച്ച നാക്ക് എന്റെ ചേച്ചിക്ക് അവിഹിതമാക്കി, അമ്മായിയമ്മയോട് ക്രൂരത ചെയ്യുന്ന ദുഷ്ടത്തിയാക്കി, എന്തിനേറെ പറയുന്നു അവൾ ജനിച്ചത് തന്നെ അബദ്ധമാണെന്ന് പറഞ്ഞാ നിർത്തിയത്, ഇത്രയൊക്കെ പോരെ എന്റെ അച്ഛന്…

ഉണ്ണിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…ഞാനിന്നലെ കുറെ വിളിക്കാൻ നോക്കിയിരുന്നു, പക്ഷെ കിട്ടുന്നുണ്ടായിരുന്നില്ല.

ആദ്യം ആ ഫോണാ എറിഞ്ഞുടച്ചത്..അഞ്ജലിയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

ഉണ്ണി കണ്ണ് തുടച്ചു.എന്റെ അടുത്ത് ഏടത്തിയമ്മ വരണ്ട പറഞ്ഞിട്ടുണ്ടായിരുന്നു, അതാ ഞാൻ പിന്നെ ബുദ്ധിമുട്ടിക്കാതിരുന്നത്..

നിങ്ങളുടെ വീട്ടിൽ ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് ഉണ്ണിയേട്ടനെ ആയിരുന്നു, കൊണ്ട് വന്നാക്കുമ്പോൾ അച്ഛൻ എന്തെങ്കിലും പറഞ്ഞാലോ വിചാരിച്ചിട്ടായിരിക്കും അങ്ങനെ പറഞ്ഞത്, പക്ഷെ ഉണ്ണിയേട്ടന് ഇതിൽ ഒരു ഉത്തരവാദിത്തവുമില്ലേ…

ഉണ്ണി അഞ്ജലിയെ നോക്കി കൊണ്ടിരുന്നു. നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്, എന്താ ഞാനിതിൽ ചെയ്യാ, എല്ലാവരോടും പറയാനല്ലേ പറ്റൂ, പോരാത്തതിന് നീ വിചാരിക്കുന്നുണ്ടോ ഞാൻ ഇങ്ങനെ ചെയ്യുന്നതിന് കൂട്ട് നിൽക്കുമെന്ന്.

അഞ്ജലി മുഖം തുടച്ചു.ഉണ്ണിയേട്ടനെ ഇനി എന്തെങ്കിലും ചെയ്യാൻ പറ്റൂ, എന്റെ അച്ഛൻ നല്ല സ്വഭാവത്തിലെ ഇങ്ങനെയാ, ഇനി കുടിച്ചിട്ടും കൂടി വന്നാൽ അതിനെ കൊല്ലും, ഞാനും അമ്മയും എത്രയെന്നു വെച്ചാ തടുക്കാ…

ഉണ്ണി കുറച്ചു നേരം ആലോചിച്ചു ..നിനക്കിന്ന് ക്ലാസ്സില്ലേ..?

ഉണ്ടായിരുന്നു, ഞാൻ പോയില്ല, അവളെ അങ്ങനെ കണ്ടിട്ട് ഞാനെങ്ങനെ സമാധാനമായിട്ട് ക്ലാസ്സിലിരിക്കും..

പൊന്നു നീ വീട്ടിൽ പൊയ്ക്കോ ഞാൻ കുറച്ചു കഴിഞ്ഞിട്ട് വീട്ടിലേക്ക് വരാം..

അയ്യോ ഉണ്ണിയേട്ടൻ ഇപ്പോൾ വന്നിട്ട് പോയാൽ അത് പിന്നെയും പ്രശ്നമാവും.
അഞ്ജലി പേടിയോടെ പറഞ്ഞു.

ഒന്നുമുണ്ടാവില്ല, ഞാൻ വന്നു സംസാരിക്കാം, നീ ഇപ്പോൾ ചായ കുടിക്ക്.

ഉണ്ണി ചായ അവൾക്ക് നേരെ നീട്ടി, അവളത് വാങ്ങി കുടിച്ചിട്ട് എഴുന്നേറ്റു.

ഉണ്ണിയേട്ടൻ എത്ര മണിക്കാ വരാ..അഞ്ജലി പോവാൻ നേരം ചോദിച്ചു.

ഉച്ചക്ക് മുമ്പേ വരാൻ നോക്കാം, നീ ധൈര്യമായിട്ട് ചെല്ല്…ഉണ്ണി അവളെ യാത്രയാക്കി.

തിരിച്ചു വന്ന് ഓഫീസിലെ കസേരയിലിരുന്നു കൊണ്ട് ആലോചിക്കാൻ തുടങ്ങി, പുറത്തേക്കിറങ്ങി ബൈക്ക് എടുത്ത് ഫൈസിയുടെ വീട്ടിലേക്കു ചെന്നു, ഉണ്ണി നേരത്തെ വരുന്നത് കണ്ട് റഷീദ ചിരിക്കാൻ തുടങ്ങി..

ഇന്ന് മുതലാളി നേരത്തെയാണല്ലോ..

ഉണ്ണി അകത്തേക്കു കയറിയിരുന്നു..ഒരു ചെറിയ പ്രശ്നം, അത് നിന്റെ ഫൈസിയെ കൊണ്ട് തീർക്കാൻ പറ്റുമോന്ന് നോക്കാൻ വേണ്ടി വന്നതാ..

ഉം… നല്ല ആളോടാ ഇങ്ങള് പറയണേ, മൂപ്പർക്ക് വീട്ടിലുള്ളത് തീർക്കണേൽ വേറെ ആളുടെ സഹായം വേണം, എന്നിട്ടാ പുറത്തുള്ളത്..

കളിയാക്കുന്നത് കേട്ട് ഫൈസി പുറത്തേക്ക് വന്നു..

അല്ല ഉണ്ണി മേസ്തിരിയെന്താ നേരത്തെ, നിനക്ക് പണിയൊന്നുമില്ലേ..

ജോലിയൊക്കെയുണ്ട്, പക്ഷെ ഇപ്പോൾ ഒരു കാര്യമുണ്ട്, നമ്മുക്ക് ഏടത്തിയമ്മയുടെ വീട് വരെയൊന്ന് പോയാലോ..

ഫൈസി അന്തംവിട്ട് ഉണ്ണിയെ നോക്കി.എന്താ പെട്ടെന്ന്..?

അവിടെ നല്ല പ്രശ്നമാണെന്ന് പൊന്നു വന്ന് പറഞ്ഞു, എന്നാൽ പോയി സംസാരിക്കാലോ വിചാരിച്ചു..

അത് വേണോ ഉണ്ണി..ഫൈസി സംശയത്തോടെ ചോദിച്ചു.

ഉണ്ണി അവനെ സങ്കടത്തോടെ നോക്കി.നല്ല തല്ലു കിട്ടുന്നുണ്ട് പാവത്തിന്, പോയിട്ട് എന്താണെന്നെങ്കിലും നോക്കിയിട്ട് വരാലോ..

റഷീദ ഫൈസിയെ തള്ളി..കൂടെ ചെല്ല് മനുഷ്യാ, സഹായം ചോദിക്കുന്നത് കേട്ടില്ലേ..

ഞാൻ പോവില്ലാന്ന് പറഞ്ഞില്ലല്ലോ.

എന്നാൽ വേഗം ചെല്ല്..

ഉണ്ണി ഇരിക്ക് ഞാൻ ഡ്രസ്സ്‌ മാറ്റിയിട്ടു വരാം.ഫൈസി മുറിയിലേക്ക് പോയി.

തല താഴ്ത്തിയിരിക്കുന്ന ഉണ്ണിയെ കണ്ട് റഷീദ അടുത്തേക്ക് ചെന്നു. എന്തിനാ ബേജാറ് , ചില ബാപ്പമാര് അങ്ങനെയാ, തെറ്റ് ആരുടെ ഭാഗത്താ നോക്കില്ല, പെണ്ണല്ലേ തിരിച്ചു തള്ളില്ലല്ലോന്നുള്ള ധൈര്യത്തിൽ കൊല്ലാകൊല ചെയ്യും, അവരുടെയൊക്കെ ദേഷ്യം തീരുമ്പോഴേക്കും മകൾക്ക് ജീവനുണ്ടോന്ന് പോലും നോക്കില്ല , അവർക്ക് അഭിമാനമല്ലേ വലുത്..

ഉണ്ണി ഒന്നും പറയാനാവാതെ ഇരുന്നു. ഫൈസി ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി.

ഉണ്ണി നമ്മുക്ക് പോവാം.

എഴുന്നേറ്റ് പുറത്തേക്കിറങ്ങി, ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, ഫൈസി പുറകിലേക്ക് കയറി, പോവാൻ നേരം റഷീദ പുറകിൽ നിന്ന് വിളിച്ചു.

ഇക്കാ എന്തെങ്കിലും അടിപിടി ഉണ്ടായാൽ ബാപ്പയെ വിളിച്ചു പറഞ്ഞേക്കണേ..

ഫൈസി തലയാട്ടി കൊണ്ട്..പറഞ്ഞോളാം.. പറഞ്ഞോളാം..

ഉണ്ണി റോഡിലേക്കിറങ്ങി പതുക്കെ പോവാൻ തുടങ്ങി..

അച്ഛൻ ആളെങ്ങനെയാ..? ഫൈസി സംശയത്തോടെ ചോദിച്ചു.

എനിക്കത്രേ പരിചയമില്ല, അമ്മയെ കുറിച്ചാണേൽ എന്തെങ്കിലും പറയായിരുന്നു, കല്യാണത്തിനൊക്കെ ചെറിയച്ഛന്മാരല്ലേ സംസാരിച്ചിരുന്നത്.

ഉം.. എന്നിട്ടിപ്പോൾ അവരെവിടെ, ഇത് മുടക്കി ഖബറടക്കം നടത്തി പൊടിയും തട്ടി പോയില്ലേ..ഫൈസി പുച്ഛത്തോടെ പറഞ്ഞു.

അവർക്കെന്ത് നഷ്ടം, അല്ലെങ്കിലും അവരെ പറയാൻ പറ്റില്ല, എന്തെങ്കിലും കാര്യത്തിൽ സ്വന്തമായിട്ട് നമ്മൾക്ക് അഭിപ്രായം വേണ്ടേ, അത് എന്റെ ഏട്ടനില്ല.

അതും ശരിയാ, ഞാൻ രതീഷേട്ടനെ കുറിച്ച് ഇങ്ങനെയൊന്നുമല്ല വിചാരിച്ചിരുന്നത്, ഒന്നുമില്ലെങ്കിലും ഇത്രയും വിദ്യാഭ്യാസമുള്ളതല്ലേ..

അതൊന്നും നോക്കിയിട്ട് കാര്യമില്ല, എന്റെ ഭാഗത്ത്‌ പറ്റിയൊരു തെറ്റായി പോയി, അത് കാരണം ഉറക്കമില്ലാതായിട്ട് എത്ര ദിവസമായെന്ന് അറിയോ..

പോട്ടെ ഉണ്ണി, ഇതിനു വല്ല പരിഹാരവുമുണ്ടോ നോക്കാം. ഫൈസി സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഉണ്ണി കുറച്ചു കൂടി വേഗത കൂട്ടി , ഗായത്രിയുടെ വീടിനു മുന്നിൽ വണ്ടി നിർത്തി, രണ്ട് പേരും ഇറങ്ങി, ഉണ്ണി ഗേറ്റ് തുറക്കാൻ ഒരുങ്ങിയപ്പോഴാണ് അച്ഛൻ ഓടി പുറത്തേക്ക് വന്നത്.

നിനക്കെന്താടാ ഇവിടെ കാര്യം..അയാൾ അലറി കൊണ്ട് ചോദിച്ചു.

ആദ്യം അച്ഛൻ ഞാൻ പറയുന്നത് സമാധാനമായിട്ട് കേൾക്ക്, എന്നിട്ട് ദേഷ്യപ്പെട്ടോ..

നിന്റെയൊരു വാക്കും എനിക്ക് കേൾക്കേണ്ട, നീ ഒറ്റയൊരുത്തനാ ഇതിനൊക്കെ കാരണം, മര്യാദക്ക് ഇറങ്ങി പൊയ്ക്കോ..അയാൾ ദേഷ്യം കടിച്ചമർത്തികൊണ്ട് പറഞ്ഞു.

നിങ്ങളാദ്യം ഒന്നടങ്ങ് , ഞാനൊന്ന് പറഞ്ഞോട്ടെ..

അയാൾ ഉണ്ണിയുടെ കഴുത്തിൽ പിടിച്ചു പുറത്തേക്ക് തള്ളി.ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ നിന്ന്…

ഉണ്ണി ഷർട്ട്‌ നേരെയാക്കി അയാൾക്ക് നേരെ നിന്നു. അതിനാരാ നിങ്ങളുടെ കാല് പിടിക്കാൻ വന്നേ, എനിക്ക് പറയാൻ ഇത്രേയുള്ളൂ നിങ്ങളുടെ മകളെ ഞാൻ കൊണ്ട് പോവാ..

ഫൈസി നിന്ന നിൽപ്പിൽ ഞെട്ടി, ചുറ്റിലുമുള്ള വീട്ടുകാർ പുറത്തേക്ക് വന്ന് നോക്കി നില്കുന്നുണ്ടായിരുന്നു, അവനരുകിലേക്ക് ഫൈസി ചെന്നു, ഉണ്ണി കൈ കൊണ്ട് ഫൈസിയെ തടഞ്ഞു, അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.

ഗായത്രി….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *