പ്രിയം ~ ഭാഗം 14 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഗായത്രി….

ഉണ്ണിയുടെ വിളികേട്ട് മുന്നിലെ ജനലിന്റെ വാതിൽ പൊന്നു തുറന്നു, ഉണ്ണിക്ക് അവളുടെ പുറകിൽ ഗായത്രിയുടെ മുഖം കാണാൻ സാധിക്കുന്നുണ്ടായിരുന്നു..

ഇറങ്ങി വാ പ്ലീസ് ….

ഗായത്രി മുറിവിട്ട് വീടിനു പുറത്തേക്ക് വന്നു , പതുക്കെ നടന്ന് ഉണ്ണിയ്ക്കരുകിലെത്തി , അവളെ കണ്ട് അച്ഛൻ ദേഷ്യത്തോടെ …

മര്യാദയ്ക്ക് കയറിപ്പോടീ …

ഉണ്ണി ഗായത്രിയുടെ നേരെ നിന്നു..

ഗായത്രി എന്നെ നോക്ക്….

അവൾ താഴ്ത്തിയിരുന്ന മുഖമുയർത്തി ഉണ്ണിയെ നോക്കി…

ഇങ്ങനെയാണോ നിനക്ക് ജീവിക്കേണ്ടത് , മറ്റുള്ളവരുടെ അടിയും കുത്തുവാക്കും കേട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകണോ …

ഗായത്രി ഒന്നും പറയാതെ ഉണ്ണിയെ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു..

നിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ഒരു സംരക്ഷണമാണ് നിനക്ക് ആവശ്യമെങ്കിൽ ഞാൻ നിഴലുപോലെ കൂടെയുണ്ടാവും…

ഉണ്ണി അവൾക്കു നേരെ കൈ നീട്ടി…എന്നെ വിശ്വാസമുണ്ടെങ്കിൽ എന്റെ കൂടെ വാ…

ചുറ്റിലുമുള്ളവർ അവളെന്താണ് ചെയ്യാൻ പോകുന്നതെന്ന് ആകാംക്ഷയോടെ നോക്കി കാണുന്നുണ്ടായിരുന്നു….

ഗായത്രി പുറകിലേക്ക് തിരിഞ്ഞ് പൊന്നുവിനെ നോക്കി , അവളൊന്ന് ചിരിച്ചു , തന്റെ വലതുകൈ ഉണ്ണിയുടെ കരങ്ങളിലേൽപ്പിച്ച് ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി…

എടീ …അച്ഛൻ പുറത്തേക്കിറങ്ങാൻ നിന്നപ്പോഴേക്കും ഫൈസി തടഞ്ഞു..

നിങ്ങളുടെ സ്ഥലം കഴിഞ്ഞു , ഇത് പൊതുറോഡാണ് ….

ഇപ്പോൾ പോയാൽ ഞാൻ നീ മരിച്ചെന്ന് കരുതി ബന്ധം അവസാനിപ്പിക്കും അതു കൂടി ഓർമ്മയിൽ വെച്ചോ…അച്ഛൻ കലിയടങ്ങാതെ പറഞ്ഞു..

ഗായത്രി ഉണ്ണിയുടെ കൈവിട്ട് അച്ഛനരുകിലേക്ക് വന്നു…

അച്ഛാ എനിക്ക് ജീവിക്കണം അന്തസ്സോടെ അഭിമാനത്തോടെ…

ഉണ്ണി ബൈക്ക് സ്റ്റാർട്ടാക്കി , പോകാൻ നേരം ഫൈസി….

ഉണ്ണി നീ നേരെയെന്റെ വീട്ടിലേക്ക് പൊയ്ക്കോ , ഞാൻ ഒരു ഓട്ടോ പിടിച്ചിട്ട് വന്നോളാം…

ഉണ്ണി തലയാട്ടി , ബൈക്കെടുത്ത് ഫൈസിയുടെ വീട്ടിലേക്ക് തിരിച്ചു , റഷീദ പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു..

ഫൈസി വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു , വാ അകത്തേക്ക് കയറിയിരിക്ക്….

സോഫയിലിരുന്ന ഗായത്രിയുടെ അരികിലേക്ക് റഷീദ ചെന്നു…

ഒരുപാട് ഉപദ്രവിച്ചോ …?

ചോദ്യം കേട്ട് ഗായത്രിയൊന്ന് നോക്കിയതേയുള്ളൂ…

ഉണ്ണി ഗായത്രിയുടെ അടുത്തിരുന്നു..ഒരു കാര്യത്തിൽ ഭാഗ്യമുണ്ട് , പഴയ ശബ്ദം തിരിച്ചു കിട്ടി….

ഗായത്രിയൊന്ന് ചിരിച്ചു..ഹാവൂ ചിരിയും കിട്ടി..

ഇരിക്ക് ഞാൻ ചായയെടുക്കാം…റഷീദ അടുക്കളയിലേക്ക് നടന്നു..

ഉണ്ണി ഇതൊക്കെ എന്തു വിചാരിച്ചാ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല , ഇനി എന്തൊക്കെ പ്രശ്നങ്ങളുണ്ടാവും എന്നറിയോ…ഗായത്രി ആശങ്കയോടെ പറഞ്ഞു നിർത്തി.

അതുവിട് , ഇതിന്റെ നല്ല വശം മാത്രം നോക്കിയാൽ മതി , രക്ഷപ്പെട്ടില്ലെ എന്ന് ചിന്തിച്ചാൽ ചിലപ്പോൾ ഗായത്രിയ്ക്ക് പ്രശ്നങ്ങളെ കുറിച്ചോർത്ത് ടെൻഷനടിക്കേണ്ടി വരില്ല….

ഗായത്രി കണ്ണെടുക്കാതെ ഉണ്ണിയെ നോക്കി…

ഗായത്രിയ്ക്ക് മനസ്സിലായില്ല , നേരത്തെ അച്ഛനോട് പറഞ്ഞില്ലെ അതുപോലെ കുറച്ചെണ്ണം കൂടി എടുത്ത് വെച്ചോന്ന് , കുറേ പേര് വരാനുള്ളതാ….

സംസാരിക്കുന്നതിനിടയിൽ റഷീദ ചായയും കൊണ്ട് വന്നു , ഗായത്രിയ്ക്ക് നീട്ടി , അവളത് വാങ്ങി കുടിക്കാൻ തുടങ്ങി.

പോലീസ് സ്റ്റേഷനിൽ പോകേണ്ടി വരും , തട്ടികൊണ്ട് പോയെന്ന് പറഞ്ഞ് കേസ് കൊടുക്കാൻ സാധ്യതയുണ്ട് , പക്ഷേ ഗായത്രി പേടിക്കണ്ട ന്റെ ബാപ്പയ്ക്ക് ഒരുവിധപ്പെട്ട പോലീസ്കാരെയൊക്കെ നല്ലവണ്ണം അറിയാം ….റഷീദ ചിരിച്ചുകൊണ്ട് പറഞ്ഞു..

ഗായത്രി ഉണ്ണിയ്ക്ക് നേരെ തലതിരിച്ചു.

നല്ല പിടിപാടുള്ള ആളാ , മൂപ്പര് നമ്മുടെ സപ്പോർട്ടാ …ഉണ്ണി ആ നോട്ടത്തിനുള്ള മറുപടി കൊടുത്തു..

കുറച്ചു നേരത്തിന് ശേഷം ഫൈസി വന്നു..

ഉണ്ണിയുടെ ശരിക്കുമുളള പ്ലാനെന്താ , അങ്ങോട്ട് പോകുമ്പോഴൊന്നും പറഞ്ഞില്ല , ദേ വിളിച്ചിറക്കി കൊണ്ടുവന്നിരിക്കുന്നു. ഫൈസി ടെൻഷനോടെ പറഞ്ഞു..

എന്ത് പ്ലാൻ , വരുന്നത് അതിന്റെ വഴിക്ക് വരട്ടെ , എന്തെങ്കിലും ചെയ്ത് കഴിഞ്ഞിട്ട് അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല .

ഫൈസിക്ക് തരിച്ച് വരാൻ തുടങ്ങി…തത്ത്വങ്ങളൊക്കെ കയ്യിൽ വെച്ചാൽ മതി, നിന്റെ വാക് സാമർത്ഥ്യം എനിക്ക് നന്നായിട്ടറിയാം , ഇതും കൊണ്ട് ഉണ്ടാവുന്ന വലിയ പ്രശ്നം എന്താണെന്ന് വല്ല ബോധവുമുണ്ടോ …?

ഉണ്ണി എഴുന്നേറ്റ് ഫൈസിയുടെ അരികിലേക്ക് നീങ്ങി നിന്നു.. നീ ഉദ്ദേശിച്ച് വരുന്നത് മനസ്സിലായി, അവിഹിതം , നാട്ടുകാരും വീട്ടുകാരും പറയാൻ പോകുന്നത് അതാണെന്നല്ലെ ,എനിക്കതിൽ യാതൊരു ഭയവുമില്ല…

ഫൈസി ഉണ്ണിയുടെ തോളിൽ കൈ വെച്ചു. നീ ചെയ്തത് തെറ്റാണെന്നല്ല പറഞ്ഞത് , അവളുടെ കാര്യം കൂടി ഓർത്ത് നോക്ക് , എടുത്ത് ചാട്ടത്തിൽ പെട്ടത് നീയല്ല മറിച്ച് ഗായത്രിയാണ് ..

റഷീദ ഇടയിൽ കയറി.. ഫൈസി ഒന്ന് മിണ്ടാതിരിക്ക് , നിങ്ങളീ പറയുന്നതിന്റെ എന്തെങ്കിലും ഭാവമാറ്റം അവന്റെ മുഖത്തുണ്ടോന്ന് നോക്ക് , അവന് ഇനിയെന്തൊക്കെ വരാൻ പോകുന്നതെന്നും എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്നും നല്ലപോലെ അറിയാം..

ഉണ്ണി ചിരിച്ചു.. അത്രയ്ക്ക് വേണോ , മോട്ടിവേഷനാണെന്ന് പറഞ്ഞ് എന്നെ കൊല്ലാൻ കൊടുക്കാണോ …

റഷീദയും വിട്ടു കൊടുത്തില്ല..ഇങ്ങളെ നമ്മക്ക് നന്നായിട്ടറിയാം , വാഴതണ്ടു കൂടെ പത്താന നടന്നുപോയെന്ന് വേണമെങ്കിൽ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവുണ്ട്…

ഉണ്ണി കൈകൂപ്പി …മതി , ഞങ്ങളിറങ്ങട്ടെ…

ഗായത്രിയെയും കൂട്ടി ബൈക്കിനരുകിലെത്തി , ഫൈസി പുറകേ ചെന്നു.

നീ പോയിട്ട് പ്രശ്നം വല്ലതും തുടങ്ങുന്നതിനു മുമ്പേ വിളിക്ക് , അല്ലെങ്കിൽ വേണ്ട ഞങ്ങൾ കുറച്ച് കഴിഞ്ഞിട്ട് അങ്ങോട്ട് വരാം..

ഫൈസിയുടെ വെപ്രാളം കണ്ട് ഉണ്ണി പറഞ്ഞു..നീ പതുക്കെ വന്നാൽ മതി, ഇന്ന് ഞാൻ എങ്ങോട്ടും പോവുന്നില്ല.

ബൈക്കെടുത്ത് വീട്ടിലേക്ക് വന്നു, ഗായത്രി ഇറങ്ങി വീട് നോക്കി..

നിനക്ക് ഒറ്റക്ക് താമസിക്കാനാണോ ഇത്രയും വലിയ വീട്..?

വീടിന്റെ അടുത്ത് കിട്ടിയതല്ലേ ഒന്നും നോക്കിയില്ല അങ്ങട് എടുത്തു. ഉണ്ണി ബൈക്ക് നിർത്തി വാതിൽ തുറന്നു, ഇരുവരും അകത്തേക്കു കയറി.

അതാ അവിടെയാണ് അടുക്കള, മുകളിലെ രണ്ട് റൂം അവർ പൂട്ടിയിട്ടുണ്ട്, അതുകൊണ്ട് ആ റൂം എടുത്തോ..ഉണ്ണി മുറിയിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

പെട്ടെന്ന് ഉണ്ണി ആലോചനയിൽ നിന്നെന്ന പോലെ…അല്ല ഞാനിപ്പോഴാ ഓർത്തത് ഡ്രസ്സ്‌ ഒന്നും എടുത്തില്ലല്ലോ എന്ത് ചെയ്യും…?

അത് കുഴപ്പമില്ല ഉണ്ണി പൊന്നുനോട്‌ കൊണ്ട് വരാൻ പറയാം.

വെറുതെ അവളെ ബുദ്ധിമുട്ടിക്കണ്ട, അവൾക്ക് ചീത്ത കേട്ടാലോ, നമ്മുക്ക് തൽകാലം കുറച്ചു പുതിയത് വാങ്ങിക്കാം.

ശരി അങ്ങനെയാവട്ടെ.ഗായത്രി അടുക്കളയിലേക്ക് നടന്നു.

രണ്ട് പേരും ഓരോന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തൊരു വണ്ടിയുടെ ശബ്ദം കേട്ടത്, ഉണ്ണി പുറത്തേക്കിറങ്ങി നോക്കി…

ആഹാ …. നീയായിരുന്നോ… ഞാൻ വിചാരിച്ചു യുദ്ധഭൂമിയിലാരാ പുതിയൊരു ഭടനെന്ന്…

അമൃത ചിരിച്ചു കൊണ്ട് അകത്തേക്ക്…ഞാൻ ചാൾസ് ശോഭരാജിന്റെ കയ്യിൽ മാത്രമേ ഇത്രയ്ക്ക് ധൈര്യം കണ്ടിട്ടുള്ളു, എങ്ങനെ കിട്ടി മോനെ ഇത്രയ്ക്ക് ധൈര്യം.

ഉണ്ണി വാതിലിൽ ചാരി നിന്നു..അല്ല എന്താ വരവിന്റെ ഉദ്ദേശം..?

അമൃത ഉണ്ണിക്കരുകിലെത്തി തോളിൽ കയ്യിട്ട് പിടിച്ചു…എനിക്കെന്റെ മുത്തിനെ അവസാനമായിട്ടൊന്ന് കാണണ്ടേ, അതുകൊണ്ട് വന്നതാ…

നീ എന്താ പറഞ്ഞു വരുന്നത് മനസ്സിലാവുന്നില്ല…ഉണ്ണി സംശയത്തോടെ ചോദിച്ചു..

എന്നാ മനസിലാക്കിക്കോ യുദ്ധത്തിനുള്ള പടപ്പുറപ്പാട് തുടങ്ങിയിട്ടുണ്ട്, അതിനുള്ള സന്ദേശം തരാനാ വന്നത്..

ഉണ്ണി അവളുടെ കൈ വിടുവിച്ചു..എന്നാൽ സന്ദേശം അറിയിച്ചു കഴിഞ്ഞൂച്ചാ ഇറങ്ങി പോ..

ഓ പിന്നെ, ഇത് വരെ വന്ന സ്ഥിതിക്ക് ചായ കുടിച്ചിട്ട് അടി ലൈവ് ആയി കണ്ടിട്ടേ പോവുന്നുള്ളൂ…അമൃത അടുക്കളയിലേക് നടന്നു, ഗായത്രിയെ കണ്ട്…

ഇവിടെ ഉണ്ടായിരുന്നോ ഞാൻ പറഞ്ഞത് കേട്ട് പേടിക്കൊന്നും വേണ്ടാട്ടോ, ഇതൊക്കെ ഇവന് മാനേജ് ചെയ്യാവുന്നതേയുള്ളൂ, പിന്നെ അടി വേണമെങ്കിലും അവൻ ഒറ്റക്ക് കൊണ്ടോളും…

ഗായത്രിയൊന്ന് ചിരിച്ചു…അതിനാർക്കാ പേടി…

അമൃത അത്ഭുതത്തോടെ ഉണ്ണിയെ നോക്കി..നീ വരുന്ന വഴിക്ക് വല്ല മോട്ടിവേഷൻ ക്ലാസ്സിനും കൊണ്ട് പോയോ..?

ഒന്ന് പോയെടി അവിടുന്ന്, പോസിറ്റീവ് സൈഡിൽ നിന്നാൽ പോസിറ്റീവ് എനർജി കിട്ടും, ആ കേണലിന്റെ മോളല്ലേ നീ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല..ഉണ്ണി കളിയാക്കി കൊണ്ട് പറഞ്ഞു.

അമൃത ചായവെക്കാൻ പത്രമെടുത്ത് അടുപ്പിൽ വെച്ചു, ഗായത്രി സഹായിക്കാൻ കൂടി.

അല്ല അമ്മു എന്താ ശത്രുപക്ഷത്തിന്റെ പ്ലാൻ…? ഉണ്ണി അടുക്കളയിലേക്ക് എത്തി നോക്കി കൊണ്ട് പറഞ്ഞു, അമൃത ഗായത്രിയോട് ചായ നോക്കാൻ പറഞ്ഞ് ഉണ്ണിക്കരുകിലേക്ക് വന്നു..

ഉണ്ണിയേട്ടാ വാ ഒരു കാര്യം പറയാനുണ്ട്..

ഉണ്ണി എഴുന്നേറ്റ് അവളെയും കൂട്ടി മുകളിക്ക് നടന്നു, ബാൽക്കണിയിൽ നിന്നു.

ഉണ്ണിയേട്ടൻ എന്ത് പണിയാ ചെയ്തത്, ഞാൻ തെറ്റ് പറയില്ല പക്ഷെ കുടുംബക്കാർ വെറുതെ ഇരിക്കോ, ഇത് അറിഞ്ഞപ്പോൾ തൊട്ട് ഉണ്ണിയേട്ടനെ എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞ് ദേഷ്യത്തിൽ നടക്കാ എല്ലാവരും, അതുകൊണ്ടാ ഞാൻ കുറച്ചു മുന്നേ ഇങ്ങോട്ട് വന്നത്..

ഉണ്ണിയുടെ മൗനം കണ്ട് അമൃത വീണ്ടും…ഉണ്ണിയേട്ടന്റെ ഈ ഭാവം കാണുമ്പോഴാ എനിക്ക് പേടിയാവുന്നെ, സുമിത്ര ചേച്ചി ഒളിച്ചോടിയപ്പോഴുള്ള സംഭവങ്ങളൊക്കെ ഓർമയുണ്ടല്ലോ…

ഉണ്ണി അവളെ നല്ല പോലെ നോക്കി..നീ എന്നെ പേടിപ്പിക്കാൻ വേണ്ടി വന്നതാണോ, ഞാൻ അങ്ങനെ ഒന്നിനെ കുറിച്ചും ആലോചിക്കാറില്ല, പിന്നെ സുമിത്രയുടെ കാര്യം, വട്ടം കൂടി നിന്ന് ഒരു പെണ്ണിനെ തല്ലിയാൽ അത് ചാവുക തന്നെയുള്ളു, അത് പോലെ എന്തായാലും ഞാൻ നിന്ന് കൊടുക്കില്ല, അകത്തിരിക്കുന്നവളെ തൊടുകയുമില്ല..

അമൃത ഉണ്ണിയുടെ നെഞ്ചിൽ തൊട്ടു…ഒന്നും പറ്റരുതെന്നാ പ്രാർത്ഥന, അവരൊന്നും മനുഷ്യമാരായി എപ്പോഴും കൂട്ടാൻ പറ്റില്ല, ചിലപ്പോൾ നാലാളുള്ളിടത് നാണക്കേടായാൽ എന്താ ചെയ്യാന്ന് പറയാൻ പറ്റില്ല..

ഉണ്ണി അവളെ ആശ്വസിപ്പിച്ചുകൊണ്ട്…നീ പേടിക്കേണ്ട, അങ്ങനെയൊന്നും ഞാൻ ചാവില്ല..

സംസാരത്തിനിടയിലാണ് പുറത്ത് കാറിന്റെ ശബ്ദം കേട്ടത്..

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *