മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
കാറിന്റെ ശബ്ദം കേട്ട് ഉണ്ണിയും അമൃതയും താഴേക്കിറങ്ങി വന്നു , കാറിൽ നിന്ന് മാധവനും സുകുമാരനും പുറത്തേക്കിറങ്ങി , അവരുടെ പുറകിലായി ചെറിയച്ഛന്മാരും അമ്മയും രതീഷും നടന്നു വരുന്നുണ്ടായിരുന്നു, ഉണ്ണി മുറ്റത്തേക്ക് നിന്നു, എന്തെങ്കിലും പറയുന്നതിന് മുന്നേ പാഞ്ഞു വന്ന രതീഷ് ഉണ്ണിയുടെ മുഖത്തടിച്ചു, സുകുമാരൻ പിടിച്ചു മാറ്റി.
കയ്യാങ്കളിയൊക്കെ പിന്നീട് നോക്കാം, ആദ്യം അവൻ പറയട്ടെ ഈ തന്തയില്ലായ്മ കാണിക്കാൻ എവിടുന്നാ ധൈര്യം കിട്ടിയതെന്ന്…മാധവൻ ദേഷ്യത്തിൽ നിൽക്കുന്ന രതീഷിനെ തണുപ്പിച്ചു കൊണ്ട് പറഞ്ഞു.
അമ്മ ഉണ്ണിയുടെ അടുത്തേക്ക് വന്നു..എന്താ നിനക്ക് പറ്റിയത്, ഏട്ടന്റെ ഭാര്യയെ വിളിച്ചു കൊണ്ട് വരുന്നതൊക്കെ മര്യാദയാണോ..
നീയൊന്ന് മാറ് ദേവകി, അവൻ പറയട്ടെ നാഴികക്ക് നാല്പത് വട്ടം ഏടത്തിയമ്മാന്ന് വിളിച്ചിട്ട് എങ്ങനെയാ കൂടെ കൊണ്ടുവരാൻ പറ്റിയതെന്ന് …മാധവൻ അമ്മയെ മുന്നിൽ നിന്ന് മാറ്റി..
ഉണ്ണി മാധവനെ നോക്കി…നിങ്ങളീ അർത്ഥത്തിലാ ഇതിനെ കാണുന്നതെങ്കിൽ ഞാനെന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ല..
അപ്പോഴും നീ ചെയ്തതിൽ തെറ്റില്ല, ഇതിനെ പിന്നെ ഞങ്ങൾ എങ്ങനെ കാണണമെന്ന് കൂടി പറഞ്ഞു താ..ചെറിയച്ഛൻ മുന്നോട്ട് വന്നു.
അവൾക്ക് അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കിയത് നിങ്ങളല്ലേ, ഇപ്പോഴും നിങ്ങൾ തന്നെ തീരുമാനിക്ക്..
സുകുമാരൻ ഉണ്ണിയുടെ അരികിലേക്ക്…തീരുമാനം വേറെ ഒന്നുമല്ല, ഈ പെണ്ണിനെ മര്യാദക്ക് അവിടെ കൊണ്ടാക്കി കൊടുത്തോണം, ഞങ്ങൾക്ക് ഇതിലൂടെ തലയുയർത്തി നടക്കാനുള്ളതാ..
ഉണ്ണി സുകുവിനെ ഒന്ന് സൂക്ഷിച്ച് നോക്കി.നിങ്ങളെന്റെ കുടുംബത്തിലാണോ, എനിക്ക് പുറത്ത് നിന്നൊരാളുടെ ഉപദേശത്തിന്റെ ആവശ്യമില്ല..
സുകുമാരൻ ദേഷ്യത്തോടെ…ഡാ.. മോനെ… നിന്റെ അച്ഛനോടും ചെറിയന്മാരോടും സംസാരിക്കുന്ന പോലെ എനിക്കിട്ട് ഉണ്ടാക്കിയാൽ നിന്നെ വെള്ള പുതപ്പിച്ച് കിടത്തും ഞാൻ…
ഉണ്ണി ചിരിച്ചു..ഭീഷണിയാണോ, അത് നിങ്ങൾ വീട്ടിൽ രണ്ടെണ്ണത്തിനെ വളർത്തുന്നുണ്ടലൊ അതുങ്ങളോട് പോയി പറഞ്ഞാൽ മതി.
മാധവൻ സുകുവിനെ തടഞ്ഞു.അവനെ വിട്, അവൻ കൊണ്ട് പോയി വിടില്ലാന്ന് പറഞ്ഞില്ലല്ലോ…
അത് പറയേണ്ട ആവശ്യമില്ല, ഉത്തരം പറ്റില്ലാന്ന് തന്നെയാണ്..ഉണ്ണി വാശിയോടെ പറഞ്ഞു.
രതീഷ് പല്ലിറുമ്മിക്കൊണ്ട്…അങ്ങനെ എന്റെ താലി കഴുത്തിലിട്ട് നിന്റെ കൂടെ കഴിയേണ്ട…
അത് നോക്കാം, നീ ഡൈവേഴ്സിനു കൊടുത്തിട്ടില്ലെ തീരുമാനമാവട്ടെ ….
നോക്കിയോണ്ടിരിക്കാൻ സൗകര്യമില്ല, ഞാൻ കെട്ടിയതാണേൽ അഴിക്കാൻ എനിക്കറിയാം..രതീഷ് ഗായത്രിയുടെ അരികിലേക്ക് പാഞ്ഞു, ഉണ്ണി തിരിയുന്നതിനു മുന്നേ കഴുത്തിൽ നിന്ന് താലി വലിച്ചു പൊട്ടിച്ചു, ശക്തമായ വലിയിൽ ഗായത്രി താഴെ വീണു, ഉണ്ണി ഓടിച്ചെന്ന് അവളെ താങ്ങി എഴുന്നേൽപ്പിച്ചു, വാശിയോടെ നിൽക്കുന്ന രതീഷിനെ നോക്കി.
അത് വെറുമൊരു മാലയല്ലെന്ന് അമ്മ നിന്നെ പഠിപ്പിച്ചിട്ടില്ലേ…
രതീഷ് മാലയെടുത്ത് വലിച്ചെറിഞ്ഞു.എന്റെ കൂടെ ജീവിക്കുമ്പോഴേ ഇത് താലിയാവൂ..
മാധവൻ രതീഷിനെ ആശ്വസിപ്പിച്ചുകൊണ്ട്…നീ ഇതൊക്കെ വിട്, ഇവൻ എന്ത് കണ്ടിട്ടാ തിളക്കുന്നതെന്ന് നമ്മുക്ക് കാണാലോ, നീ വാ…
എല്ലാവരും തിരിച്ച് നടന്നു …മാധവൻ കാറിൽ കയറി.
ചെക്കനെയൊന്ന് കിടത്തിയാൽ ശരിയാവുമല്ലേ മാധവേട്ടാ…സുകുമാരൻ കാർ സ്റ്റാർട്ട് ആക്കികൊണ്ട് പറഞ്ഞു.
നമ്മുക്ക് നോക്കാം.
എല്ലാവരും പോയപ്പോഴും അമ്മ തിരിഞ്ഞു നോക്കി നിന്നു.
എന്തിനാ മോനെ ഇതൊക്കെ…?
നല്ല നേരത്ത് അവനോടും കൂടി പറഞ്ഞ് കൊടുക്ക്, ആ കിടക്കുന്ന താലി വെറുമൊരു മാലയല്ലായിരുന്നെന്ന്, 3 ആഴ്ച്ച മുമ്പേ അമ്മയൊന്ന് ഉപദേശിച്ചിരുന്നെങ്കിൽ ഇത്രയും ദൂരം ഞങ്ങൾക്ക് വരണ്ടായിരുന്നു, അതൊക്കെ വിട്ടിട്ട് ഞാൻ ചെയ്തതാ തെറ്റെന്നു തോന്നുന്നതെങ്കിൽ പറഞ്ഞോളൂ ഞാൻ കേൾക്കാം.
അമ്മ കണ്ണ് തുടച്ചു…ഞാനൊന്നും പറയുന്നില്ല നിന്റെ ഇഷ്ടം പോലെ ചെയ്യ് ..
അമ്മ ഗേറ്റ് തുറന്ന് പുറത്തേക്ക് പോയി, അമൃത ഗായത്രിയുടെ അരികിലേക്ക് വന്നു..
അയ്യോ കഴുത്ത് മുറിഞ്ഞിട്ടുണ്ടല്ലോ..
ഉണ്ണി ഗായത്രിയുടെ ഷാൾ മാറ്റി നോക്കി..വാ അകത്ത് മരുന്നുണ്ടാവും.ഉണ്ണി അവളെ അകത്തേക്ക് കൊണ്ടുപോയി, മരുന്ന് വെച്ച് ബാൻഡേജ് ഇട്ടു.
ഇനിയെന്താ ചെയ്യാ ഉണ്ണിയേട്ടാ..?അമൃത ടെന്ഷനോടെ ചോദിച്ചു.
ഒന്നും ചെയ്യണ്ട, പഴയത് പോലെ തന്നെ ജീവിക്കും.
അവര് വെറുതെയിരിക്കോ..അമൃതക്ക് വീണ്ടും സംശയം..
വരുന്നത് വരട്ടെ , നീ തൽകാലം വീട്ടിൽ പോവാൻ നോക്ക് , എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിക്കാം.
ശരി..അമൃത ഗായത്രിക്ക് കൈ കൊടുത്ത് പുറത്തേക്കിറങ്ങി, അവൾ പോയതിനു ശേഷം ഗായത്രി ഉണ്ണിയുടെ കവിളിൽ തൊട്ട് നോക്കി.
വേദനിച്ചോ…?
ഉണ്ണിയൊന്ന് ചിരിച്ചു.ഏയ്.. ഏട്ടനല്ലേ..
ഗായത്രി അവന്റെ തോളിൽ ചാഞ്ഞു..
വാ കുറച്ച് ഡ്രസ്സ് വാങ്ങിയിട്ട് വരാം.ഉണ്ണി അവളെ എഴുന്നേൽപ്പിച്ചു..
രണ്ടുപേരും ടൗണിലെ ഒരു കടയിൽ കയറി, ഡ്രസ്സ് വാങ്ങി പുറത്തേക്കിറങ്ങി.
യൂണിഫോം എന്ത് ചെയ്യും…?
അത് കുഴപ്പമില്ല, ഹോസ്പിറ്റലിൽ തന്നെയാ വെച്ചിരിക്കുന്നത്.ഗായത്രി സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
തിരിച്ചു വീട്ടിലെത്തിയപ്പോൾ മുന്നിൽ ഫൈസി നിൽക്കുന്നു..
എവിടെ പോയതായിരുന്നു..?
ഡ്രസ്സ് എടുക്കാൻ, കയ്യും വീശിയല്ലേ അവിടെ നിന്ന് വന്നത് ..ഉണ്ണി വാതിൽ തുറന്നു, റഷീദ കയ്യിലിരുന്ന പാത്രങ്ങൾ മേശയിൽ വെച്ചു.
ഇത് രാത്രിയിലേക്ക് കഴിക്കാനാ..
കുറച്ച് നേരം സംസാരിച്ച് രണ്ട് പേരും യാത്ര പറഞ്ഞു പോയി, ഉണ്ണി ഭക്ഷണം കഴിക്കാനായി ഇരുന്നു.
ഗായത്രി ഇരിക്ക് , നാളെ നേരത്തെ പോയാലെ ജോലിക്ക് കയറുന്നതിനു മുന്നേ കഴിക്കാനൊക്കെ സമയം കിട്ടൂ..
ഗായത്രി കൂടെയിരുന്ന് കഴിച്ചു, ലൈറ്റെല്ലാം ഓഫാക്കി കിടക്കാനായി മുറിയിലേക്ക് നടന്നപ്പോഴാണ് ഉണ്ണി പുറത്തിരിക്കുന്നത് കണ്ടത്, ഗായത്രി അരികിലായി ഇരുന്നു.
എന്താ ആലോചിക്കുന്നത്…?
ഉണ്ണി അടുത്തിരിക്കുന്ന ഗായത്രിയെ നോക്കി. അതൊന്നുമില്ല, ഇത്ര ദിവസം വെറുതെ നടന്നു, ഇനി അങ്ങനെ പറ്റില്ല, നമ്മുക്ക് സ്വന്തമായിട്ട് ഒരു വീട് വേണം.
അത് ശരിയാ, ഇവിടെ നിന്ന് ഇറങ്ങാൻ പറഞ്ഞാൽ എങ്ങോട്ട് പോവുമല്ലേ..
ഗായത്രി ആശങ്കയോടെ ചോദിച്ചു.
അതൊന്നുമുണ്ടാവില്ല, എന്നാലും സ്വന്തമായിട്ട് ഒന്ന് വേണം..
ഓക്കേ, നിന്റെ ഇഷ്ടം പോലെ നമ്മൾ രണ്ട് പേരും ഇനി അതിനു വേണ്ടി പരിശ്രമിക്കുന്നു.
അങ്ങനെ വഴിക്ക് വാ, ഇനി കിട്ടുന്ന ശമ്പളം കറക്റ്റായി കൊണ്ട് വന്ന് എന്റെ കയ്യിൽ തരണം.
ഓ ആയിക്കോട്ടെ..ഗായത്രി ചിരിച്ചു.
രണ്ടു പേരും ഗുഡ് നൈറ്റ് പറഞ്ഞു കിടക്കാൻ പോയി, പിറ്റേ ദിവസം രാവിലെ റെഡിയായി പുറത്തേക്കിറങ്ങി, ഉണ്ണി ഗായത്രിയെ ഹോസ്പിറ്റലിന് മുന്നിൽ ഇറക്കി..
ഞാൻ മുകളിലേക്ക് വരുന്നില്ല, നിന്റെ മുഖത്ത് പാടെന്താ ചോദിച്ചാൽ എന്ത് പറയും..ഉണ്ണി ഗായത്രിയെ നോക്കി, അവൾ ചിരിച്ചു.
ഞാൻ ബാത്‌റൂമിൽ വഴുക്കി വീണെന്ന് പറയാം പോരെ…
എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ പ്രിയയോട് മാത്രേ കാര്യങ്ങൾ പറഞ്ഞിട്ടുള്ളു, തൽകാലം ബാക്കിയുള്ളവർ അറിയുന്നത് വരെ മാനേജ് ചെയ്തേക്ക്, പിന്നെ ഞാൻ വൈകുന്നേരം വന്നിട്ടേ പോകാവൂ, ഒറ്റക്ക് ഒരു കാരണവശാലും വീട്ടിൽ പോവരുത്.
ശരി, ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം.
എന്തെങ്കിലും ആവശ്യത്തിനു പ്രിയയോട് പറഞ്ഞാൽ മതി, കാർഡ് അവളുടെ കയ്യിലുണ്ട്.
ഉം…അവളൊന്നും മൂളി.
ഉണ്ണി ബൈക്കെടുത്ത് ഓഫീസിലെത്തി, വാതിലിനരുകിൽ ഒന്ന് നിന്ന ശേഷം പതിയെ അകത്തേക്ക് കയറി, തന്റെ സീറ്റിലിരുന്നു.
ഉണ്ണി ഒരു ഫ്ലാഷ് ന്യൂസ് കേൾക്കുന്നുണ്ടല്ലോ…അപ്പുറത്ത് നിന്ന് വിളിച്ച് ചോദിച്ചത് സീനിയർ ആയിരുന്നു.
ഉണ്ണി തല നിവർത്തിയൊന്ന് നോക്കി.ഏടത്തിയമ്മയെ കട്ടോണ്ട് വന്നതോ മറ്റോ ആണോ..സംശയ രൂപേണ ചോദിച്ചു.
അതന്നെ.. അതന്നെ ..അയാൾ ഉത്തരം നൽകി.
100% സത്യം.ഉണ്ണി മറുപടി നൽകി.
അതെങ്ങനെ ഡിവോഴ്സ് ആവാതെ..അയാൾ ഒന്ന് കുത്തി ചോദിച്ചു.
അതിനൊക്കെ സമയമാവില്ലേ, അത് വരെ വെറുതെയിരിക്കണ്ടേ വിചാരിച്ച് കൊണ്ട് വന്നതാ, സാറിന് എന്തെങ്കിലും അസൗകര്യം ..
എനിക്കെന്ത്..അയാൾ മോണിറ്ററിലേക്ക് തല തിരിച്ചു.
ഉച്ചസമയം…
ഉണ്ണി പ്രിയയുടെ ഫോണിലേക്ക് വിളിച്ചു.
ഹലോ…
എന്താണാവോ പതിവില്ലാതെ ഈ നേരത്ത്..പ്രിയ സംശയത്തോടെ ചോദിച്ചു.
ഉം.. വേറൊന്നുമല്ല… ഞാനൊരാളെ രാവിലെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടുണ്ടായിരുന്നു, ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാനാ…
ഓ… അതിനായിരുന്നോ.. ഉത്തരവാദിത്തമുള്ള ആൾകാർ ഇവിടെ വന്ന് അന്വേഷിക്കണം, അല്ലാതെ ഫോണിലൂടെ അല്ല..
നീ തമാശ കളിക്കാതെ ഫോൺ കൊടുക്ക്.
അയ്യോ നിനക്ക് ദേഷ്യം വരുന്നുണ്ടോടാ, കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യും..
ഗായത്രി അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി..മതി അവനെ ദേഷ്യം പിടിപ്പിച്ചത്..
ഞാൻ നീ ഭക്ഷണം കഴിച്ചില്ലേ ചോദിക്കാൻ വിളിച്ചതാ…
ഗായത്രി ചിരിച്ചു കൊണ്ട്…നീ അതിനൊന്നുമല്ല വിളിച്ചതെന്ന് മനസ്സിലായി, പേടിക്കേണ്ട ഇവിടെ ഒരു പ്രശ്നവുമില്ല..
എന്നാലും ഒരു സമാധാനത്തിനു വേണ്ടി വിളിച്ചെന്നെ ഉള്ളൂ..
സമാധാനമായി ഇരിക്ക്..
ശരി , ഞാൻ വൈകുന്നേരം വരാം.
ഫോൺ കട്ടാക്കി..
വൈകുന്നേരം ഉണ്ണി ഓഫീസിലെ ജോലിയൊക്കെ തീർത്ത് ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്ത് ഇറങ്ങി, കുറച്ച് ദൂരം ചെന്നപ്പോൾ ഒരു കാർ മുന്നിൽ വന്ന് നിന്നു, ഉണ്ണി ബൈക്ക് നിർത്തി, കാറിൽ നിന്നൊരാൾ ഇറങ്ങി.
എന്നെ ഓർമ്മയുണ്ടോ..ഉണ്ണിയുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..
ഉണ്ണി ഓർമയിൽ നിന്നെന്ന പോലെ…കണ്ടിട്ടുണ്ട്, ഗായത്രിയുടെ അമ്മായിയുടെ മകൻ..
അയാളൊന്ന് ചിരിച്ച് ഉണ്ണിക്ക് കൈ നീട്ടി. ഹായ് ഐയാം മിഥുൻ…
ഉണ്ണി കൈ കൊടുത്തു.
എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു, കുറച്ച് മാറി നിന്നാലോ…
ഉണ്ണി ഒന്നയാളെ നോക്കിയതിനു ശേഷം..ആയിക്കോട്ടെ..
എന്നാൽ ഞങ്ങളുടെ കാറിന്റെ പുറകെ വന്നാൽ മതി.
ശരി.ഉണ്ണി തലയാട്ടി.
കാറിനെ പിന്തുടർന്ന് ഉണ്ണിയൊരു പാലത്തിനു ചുവട്ടിലെത്തി, കാറിൽ നിന്ന് മിഥുൻ പുറത്തേക്കിറങ്ങി, ഉണ്ണി അയാളുടെ അരികിലേക്ക് ചെന്നു..
എന്താ കാര്യം…ഉണ്ണി മിഥുനോട് ചോദിച്ചു..
അവൻ കുറച്ച് നേരം ചുറ്റിലും നോക്കി.എനിക്ക് ചെറുപ്പം മുതൽ വളരെ ഇഷ്ടമായിരുന്നു ഗായത്രിയെ, പക്ഷെ അവൾക് തിരിച്ച് എന്നെ ഇഷ്ടമല്ലായിരുന്നു, എന്റേത് ഒരു ചെറിയ മോഹമല്ലാത്തതു കൊണ്ട് അവൾക്ക് വരുന്ന ആലോചനകളൊക്കെ ഞാൻ മുടക്കി കൊണ്ടിരുന്നു, അതിന്റെ ഇടയിലാ നിന്റെ ഏട്ടൻ വന്നത്, മുടക്കാൻ നോക്കി പക്ഷെ ചെക്കന്റെ അനിയന് അവളെ ഭയങ്കര വിശ്വാസമായതുകൊണ്ട് നടന്നില്ല, എല്ലാം കൈ വിട്ടു പോയി ഭ്രാന്തായി നടക്കുന്നതിനിടയിലാ വീണ്ടും അവസരം വന്നത്, അമ്മാവനോട് പറഞ്ഞ് എല്ലാം സെറ്റാക്കി കൊണ്ടുവരുന്നതിനിടയിൽ നീ വീണ്ടും ഇടയിൽ കയറി, ഇപ്പോൾ എനിക്ക് വീണ്ടും ഭ്രാന്തായി തുടങ്ങി..
ഉണ്ണി മിഥുനെ നോക്കികൊണ്ടിരുന്നു..ഒന്ന് ആലോചിച്ച് നോക്കൂ അവളൊരു പാവമല്ലേ, ഒരു മനുഷ്യന്റെ ആയുസ്സിൽ അനുഭവിക്കാവുന്നത്രെ അവൾ അനുഭവിച്ചു കഴിഞ്ഞു, എന്തിനാ വെറുതെ വീണ്ടും അവളെ ശല്യം ചെയ്യുന്നത്..
നീ ഇനി തടസ്സം നിൽക്കരുതെന്ന് പറയാനാ വന്നത് ..മിഥുൻ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.
വിട്ടേക്ക് എന്തിനാ വെറുതെ പ്രശ്നമുണ്ടാക്കുന്നെ.. . മിഥുന്റെ തോളിൽ തൊടാനായി കൈ ഉയർത്തിയപ്പോഴേക്കും ഒരു കത്തി ഉണ്ണിയുടെ വയറിൽ തറച്ചു, ഉണ്ണി വേദന കൊണ്ട് പുറകിലേക്ക് മാറി, ബൈക്കിനരുകിൽ ചാരിയിരുന്നു, തലയുയർത്തി മിഥുനെ നോക്കി, അവൻ കത്തി ഉയർത്തികാണിച്ചു.
ഇത് നിനക്കുള്ള സമ്മാനം…
വയറിൽ പൊത്തിപ്പിടിച്ച് ഒഴുകുന്ന രക്തത്തെ തടയാൻ ശ്രമിച്ചുകൊണ്ട് ..ഇപ്പോൾ നിന്റെ ദേഷ്യം മാറിയില്ലേ, എന്തിനാ ബ്രോ ഇങ്ങനെയൊക്കെ, എന്നെ കൊന്നാൽ അവള് നിനക്ക് സ്വന്തമാവുമെന്ന് വിചാരിക്കുന്നുണ്ടോ, , ഇനിയെങ്കിലും അതിനെ ജീവിക്കാൻ വിട്, പാവമാണ് പ്ലീസ്…
മുറിവിൽ നിന്ന് രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു, കണ്ണുകൾ പതിയെ അടയുന്നതിനു മുമ്പേ മിഥുനെ ഒന്ന് കൂടി നോക്കി, വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു …
സന്തോഷമായോ…
തുടരും…