പ്രിയം ~ ഭാഗം 16 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

മിഥുൻ ചിരിച്ചു കൊണ്ട് നോക്കി നിൽക്കുകയായിരുന്നു , കാറിനുള്ളിൽ നിന്നൊരാൾ അവന് ഉപദേശം നൽകി..

ഇതിലൊന്നും അവൻ ചാവത്തില്ല , നീ നെഞ്ചിനിട്ടൊന്ന് കൊടുത്തിട്ട് കാറെടുക്കാൻ നോക്ക്.

അത് കേട്ട മാത്രയിൽ മിഥുൻ കത്തിയുമായി ഉണ്ണിക്കരുകിലേക് നടന്നു.

ആരാടാ അത്…പാലത്തിനു മുകളിൽ നിന്ന് ശബ്ദം കേട്ട് ഇരുവരും ഞെട്ടി, കാറിനുള്ളിൽ ഇരുന്നിരുന്നയാൾ വിളിച്ചു കൂവി..

കാറെടുക്കടാ വേഗം…

മിഥുൻ ഓടി കാറിൽ കയറി സ്റ്റാർട്ടാക്കി പാഞ്ഞു, മുകളിൽ നിന്നിരുന്നയാൾ താഴെയെത്തിയപ്പോൾ ഉണ്ണിയെ കണ്ട് അരികിലേക്ക് ഓടി വന്നു, രക്തം വാർന്നൊലിക്കുന്നത് കണ്ട് അയാൾ കയ്യിലിരുന്ന തോർത്ത്‌ ഉണ്ണിയുടെ മുറിവിൽ കെട്ടി, അവിടെ നിന്ന് എഴുന്നേറ്റ് റോഡിലേക്ക് കയറി അയാൾ വാഹനങ്ങൾക്ക് നേരെ കൈ കാണിച്ചു കൊണ്ട് സഹായത്തിന് അഭ്യർത്ഥിക്കാൻ തുടങ്ങി, കുറച്ച് നേരത്തെ പരിശ്രമത്തിനു ശേഷം ഒരു വാൻ നിർത്തി, ഇരുവരും ഉണ്ണിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വേഗത്തിൽ തിരിച്ചു….

കുറച്ച് സമയം കഴിഞ്ഞ് ഹോസ്പിറ്റലിൽ….

ചിത്ര നഴ്സിംഗ് സ്റ്റേഷനിലിൽ ഇരിക്കുകയായിരുന്ന ഗായത്രിയുടെ അരികിലേക്ക് ധൃതിയിൽ വന്നു..

ഗായത്രി ഒരു എമർജൻസിയുണ്ട് താഴേക്ക് വാ…

ഗായത്രി ചിത്രയെ നോക്കി..ഞാൻ തന്നെ വരണോ ചേച്ചി, എനിക്ക് നല്ല ക്ഷീണം തോന്നുന്നുണ്ട്, അവിടെ വന്ന് വല്ല അബദ്ധവും പറ്റിയാലോ, എന്തിനാ ഡോക്ടറുടെ കയ്യിൽ നിന്ന് ചീത്ത കേൾക്കാൻ നില്കുന്നത്, ഈ ഒരു തവണത്തേക്ക് പ്രിയയെ കൊണ്ട് പൊയ്ക്കോളൂ, പ്ലീസ്…

അതിനു നിന്നോട് ഞാൻ സഹായിക്കാൻ വരാനല്ലല്ലോ പറഞ്ഞത്…ചിത്ര ഇടറിയ ശബ്ദത്തോടെ…നിനക്ക് വേണ്ടപ്പെട്ട ഒരാൾ താഴെയുണ്ട്..

ഗായത്രി സീറ്റിൽ നിന്നെഴുന്നേറ്റു.എനിക്ക് വേണ്ടപ്പെട്ട ആളോ, ചേച്ചി എന്തൊക്കെയാ പറയുന്നത്, എനിക്ക് മനസ്സിലാവുന്നില്ല..

സംസാരിച്ച് നിൽക്കാതെ താഴേക്ക് വാ.ചിത്ര ഗായത്രിയെ വലിച്ചു കൊണ്ട് വരാന്തയിലൂടെ ഓടി, പ്രിയയും അവരുടെ കൂടെ താഴേക്കിറങ്ങി, എമർജൻസി യൂണിറ്റിന് മുന്നിൽ ചെന്ന് നിന്നു.

ഗായത്രി അകത്തേക്ക് എത്തി നോക്കി.ചിത്ര ചേച്ചി ആരാ അകത്ത്, ചേച്ചി ആരെ കണ്ടിട്ടാ പറയുന്നത്..

ഞാൻ പറഞ്ഞില്ലേ നിനക്ക് വേണ്ടപ്പെട്ട ആളാണെന്ന്, കുറച്ച് നേരം ക്ഷമിക്ക് ഡോക്ടർ ഇപ്പോൾ പുറത്ത് വരും..ചിത്ര ഗായത്രിയുടെ നോട്ടം കണ്ട് പറഞ്ഞു..

ഗായത്രി അടുത്തിരുന്ന കസേരയിലിരുന്നു.ചേച്ചി പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല …അരികിലിരിക്കുന്ന പ്രിയയെ നോക്കി..നീ ഉണ്ണിയെ വിളിച്ച് പറഞ്ഞേക്ക് നമ്മള് താഴെയാണുള്ളതെന്ന് , അവൻ വന്നിട്ട് ചിലപ്പോൾ മുകളിലൂടെ തിരഞ്ഞോണ്ട് നടക്കും…

പ്രിയ മൊബൈലെടുത്ത് ഉണ്ണിയുടെ നമ്പർ ഡയൽ ചെയ്യാനൊരുങ്ങി , ചിത്ര തടഞ്ഞു..ചിത്രയുടെ ഭാവം കണ്ട് ഗായത്രി …

അവനും വന്നിട്ട് നമ്മുടെ കൂടെ ഇരുന്നോട്ടെ ചേച്ചി …

ചിത്ര ഗായത്രിയുടെ മുഖത്തേക്ക് നോക്കി..അവൻ തന്നെയാ അകത്തുള്ളത്..

ഗായത്രിക്ക് തല ചുറ്റുന്നത് പോലെ തോന്നി , എഴുന്നേറ്റ് വാതിലിനരുകിലേക്ക് ഓടി, ഗ്ലാസിനുള്ളിലൂടെ അകത്തേക്ക് നോക്കി , മുഖം കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല , പക്ഷേ അവന്റെ കൈ കാണാൻ കഴിയുന്നുണ്ടായിരുന്നു , കയ്യിൽ കെട്ടിയിരുന്ന ബ്രേസ് ലൈറ്റ് അവളെ വല്ലാതാക്കി, തളർന്ന് വാതിലിനു മുന്നിലിരുന്നു , ചിത്ര അവളെ താങ്ങി കസേരയിലിരുത്തി ….

മോളെ നീ പേടിക്കേണ്ട , അവന് കുഴപ്പമൊന്നുമില്ലാന്നാ സ്മിത പറഞ്ഞത് , അവളകത്തുണ്ട് , ഡോക്ടർ ഇറങ്ങിയാൽ നമ്മൾക്ക് പോയി നോക്കാം…ചിത്ര അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..

ഗായത്രി നിറകണ്ണുകളോടെ …എന്താ ചേച്ചി എന്നോട് നേരത്തെ പറയാതിരുന്നത്…?

ചിത്ര തല താഴ്ത്തി .നിന്നോട് എങ്ങനെയാ പറയുന്നതെന്ന് ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല , അതാ ഞാനപ്പോൾ പറയാതിരുന്നത്…

ഗായത്രി മുഖം പൊത്തി കരയാൻ തുടങ്ങി , പ്രിയ അവളെ തോളിലേക്ക് ചായ്ച്ചു , കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്കിറങ്ങി, ഗായത്രി ഡോക്ടറുടെ അരികിലേക്ക് ചെന്നു.

ഡോക്ടർ ഇപ്പോൾ അവനെങ്ങനെയുണ്ട്..?

ഗായത്രിയുടെ ഭാവം കണ്ട് ഡോക്ടർ അവളെ ആശ്വസിപ്പിച്ചു കൊണ്ട് …

പേടിക്കാനൊന്നുമില്ല , വയറൊന്ന് കത്തി കൊണ്ടതിൽ നന്നായി മുറിഞ്ഞിട്ടുണ്ട് , അതു കാരണം നിറയെ ബ്ലഡ് പോയി..

വേറെ എന്തെങ്കിലും…? അവൾ ആശങ്കയോടെ .

ഡോക്ടർ ഗായത്രിയുടെ തോളിൽ തട്ടി..ഒരു കുഴപ്പവുമില്ല , ഇന്നൊരു ദിവസം ഇതിനുള്ളിൽ കിടക്കട്ടെ , ബാക്കിയൊക്കെ നമ്മുക്ക് നാളെ നോക്കാം …

അദ്ദേഹം നടക്കാനൊരുങ്ങി ഒന്ന് തിരിഞ്ഞു നിന്ന ശേഷം …അല്ല ഗായത്രിയുടെ ആരാ അത് ..

ഗായത്രി ഇടറിയ ശബ്ദത്തിൽ….ജീവൻ…. എന്റെ ജീവനാണ്…

ഡോക്ടറൊന്ന് പുഞ്ചിരിച്ച് നടന്നു നീങ്ങി..കുറച്ചു കഴിഞ്ഞപ്പോൾ സ്മിത പുറത്തേക്ക് വന്നു , ചിത്ര ഗായത്രിയോട് …

നീ അകത്ത് കയറി നോക്കിക്കോ…

ഗായത്രി ഡോർ തുറന്ന് അകത്തേക്ക് കയറി , ഉണ്ണി കണ്ണുകളടച്ച് കിടക്കുകയായിരുന്നു , അവളവന്റെ മുഖത്ത് തൊട്ടു , അരികിൽ തല വെച്ച് കരയാൻ തുടങ്ങി , ഒന്നു തലയുയർത്തി അവന്റെ നെറ്റിയിലൊരുമ്മ നൽകി മുറി വിട്ട് പുറത്തേക്കിറങ്ങി …

എങ്ങനെയുണ്ട് ചേച്ചി അവന് …? പ്രിയ ആകാംക്ഷയോടെ ചോദിച്ചു.

ഗായത്രി അവളെ ചേർത്ത് പിടിച്ചു..ഒരു കുഴപ്പവുമില്ല , അവൻ ഉറങ്ങാ …

ഇരുവരും കസേരയിലിരുന്നു , ചിത്ര ഗായത്രിയെ നോക്കി കൊണ്ട് …

മോളെ … ചേച്ചി പോട്ടെ …

ഉം….അവളൊന്ന് മൂളി .

സമയം പൊയ്ക്കൊണ്ടിരുന്നു, തന്റെ തോളിൽ തലവെച്ചു കിടന്നിരുന്ന പ്രിയയെ ഗായത്രി തട്ടി വിളിച്ചു…നിനക്ക് വീട്ടിൽ പോവണ്ടേ സമയം ഒരുപാടായി, അവിടെ പോയിട്ട് ചീത്ത കേൾക്കാൻ നിൽക്കണ്ട..

പ്രിയ തലയുയർത്തി..അത് പ്രശ്നമില്ല ചേച്ചി, ഞാനും ഇന്ന് കൂട്ടിരിക്കാം, അവൻ കണ്ണ് തുറന്ന് കണ്ടിട്ടേ പോകുന്നുള്ളൂ..

വീട്ടിൽ നിന്ന് ചീത്ത കേൾക്കില്ലേ..ഗായത്രി ആശങ്കയോടെ ചോദിച്ചു.

ഇല്ല..

അതെന്താ…?ഗായത്രി മനസ്സിലായില്ലെന്ന ഭാവത്തിൽ ചോദിച്ചു.

എന്നെ ചീത്ത പറയാൻ എനിക്ക് വീട്ടിലാരെങ്കിലും വേണ്ടേ…പ്രിയയൊന്നു ചിരിച്ചു.

ഗായത്രി അവളെ ഉറ്റുനോക്കികൊണ്ടിരുന്നു…പ്രിയ തുടർന്നു..

എന്താ ഇത്ര ദിവസം പറയാതിരുന്നത് എന്നല്ലേ ചേച്ചിയുടെ നോട്ടത്തിന്റെ അർത്ഥം , വേറെ ഒന്നുംകൊണ്ടല്ല എനിക്ക് ഈ സഹതാപത്തോടെ നോക്കുന്നത് കണ്ടു കണ്ടു വെറുത്തു, അച്ഛനും അമ്മയും എനിക്കൊരു പതിനഞ്ച് വയസ്സുള്ളപ്പോൾ മരിച്ചു, അച്ഛമ്മ മാത്രമേ കൂടെയുള്ളൂ, അച്ഛമ്മയുടെ പേരിലുള്ള സ്ഥലമൊക്കെ പണയപെടുത്തിയാ പഠിച്ചത്, ഈ ലോണിന്റെയൊക്കെ അടവ് തെറ്റിയാൽ ചീത്ത കേൾക്കണം, അത് കൊണ്ടാ ഞാനന്ന് കാശ് കടം ചോദിച്ചത്…

ഗായത്രി അവളുടെ കവിളിൽ തൊട്ടു…നീ ഭാഗ്യമുള്ളവളാ, അതു കൊണ്ടാ നിനക്ക് ഉണ്ണിയെ കിട്ടിയത്..

എന്തായാലും ഞാനിവിടെ ഇരിക്കല്ലേ ചേച്ചി, ഞാനൊന്ന് അച്ഛമ്മയെ വിളിച്ചു പറഞ്ഞോട്ടെ..പ്രിയ ഫോണുമായി എഴുന്നേറ്റു, ഗായത്രി വാതിലിലേക്ക് തന്നെ നോട്ടം മാറ്റി, ഫോൺ വിളിച്ച് പ്രിയ തിരിച്ചു വന്നു.

അച്ഛമ്മ എന്ത് പറഞ്ഞു…ഗായത്രി ആകാംക്ഷയോടെ ചോദിച്ചു.

അതൊരു പാവാ, ഞാനെന്ത് പറഞ്ഞാലും തലയാട്ടും, അച്ഛൻ മരിച്ചതിൽ പിന്നെ ഞാനല്ലേ കൂട്ടുള്ളൂ അത് കൊണ്ട് ആ സ്നേഹം മുഴുവനും എനിക്ക് കിട്ടുന്നുണ്ട്.പ്രിയ പഴയത് പോലെ തലവെച്ചു.

ചേച്ചി എന്നാലും ആരായിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക…അവൾ സംശയത്തോടെ ചോദിച്ചു.

ഗായത്രിയൊന്നു നെടുവീർപ്പിട്ടു.അറിയില്ല മോളെ, അവനോട് ആർക്കാ ഇപ്പോൾ ദേഷ്യമില്ലാത്തത്..

രണ്ട് പേരും ഓരോന്ന് പറഞ്ഞു നേരം വെളുപ്പിച്ചു, പുറത്തേക്കിറങ്ങിയ സ്മിതയോട്…

ഇപ്പോഴെങ്ങനെയുണ്ട് ചേച്ചി…?

നീ ടെൻഷൻ വിട് ഗായത്രി, അവനൊരു കുഴപ്പവുമില്ല, എന്റെ ഷിഫ്റ്റ്‌ കഴിയാറായി നീ വേണമെങ്കിൽ കയറി കണ്ടോളൂ..

ഗായത്രി അകത്തേക്ക് കയറി നോക്കി, ഉണ്ണി കണ്ണ് തുറന്നിട്ടില്ല, അവൾ കുറച്ച് നേരം നോക്കി നിന്ന് പുറത്തേക്ക് വന്നു.

പ്രിയേ നീ ഇവിടെ നോക്ക് ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..

എന്തിനാ ചേച്ചി…അവൾ സംശയത്തോടെ ചോദിച്ചു.

ഇപ്പോൾ വരാം..

ഗായത്രി പുറത്തേക്കിറങ്ങി, കുറച്ചു നേരം കഴിഞ്ഞപ്പോൾ ഡോർ തുറന്നു..

പ്രിയേ അവൻ എഴുന്നേറ്റിട്ടുണ്ട്, അകത്തേക്ക് വാ.

പ്രിയ പെട്ടെന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറി, ഉണ്ണി കണ്ണ് തുറന്ന് കിടക്കുകയായിരുന്നു, പ്രിയ അരികിലേക്ക് നീങ്ങി നിന്നു..

ഞാൻ മരിച്ചില്ലായിരുന്നോ….ഉണ്ണി അവളോടായി ചോദിച്ചു.

പ്രിയ അവന്റെ അരികിലേക്കായി മുഖം കൊണ്ടുപോയി, ഒന്ന് പുഞ്ചിരിച്ചു..നിന്നെ മരണത്തിന് വേണ്ടാത്രേ..

പ്രിയ അവന്റെ ഒഴുകുന്ന കണ്ണുനീർ തുടച്ചു . നിനക്ക് നല്ലോം വേദനിക്കുന്നുണ്ടോ…

ഉം… ചെറുതായിട്ട്..അവൻ മൂളികൊണ്ട് പറഞ്ഞു.

എന്താ പ്രശ്നം, എന്തിനാ ഇങ്ങനെയൊക്കെ, രാവിലെ പോലീസ് വന്നിട്ടുണ്ടായിരുന്നു, നീ എഴുന്നേറ്റിട്ട് വിളിക്കാൻ പറഞ്ഞു..

എനിക്ക് പരാതിയൊന്നുമില്ല, എന്തിനാ വെറുതെ കേസൊക്കെ…

ഇത്രയൊക്കെ ചെയ്തിട്ട് കേസ് വേണ്ടാന്നോ , ചേച്ചി പറഞ്ഞത് കേസ് വേണമെന്നാ…

ഉണ്ണി അവൾക്ക് നേരെ തല തിരിച്ചു.അങ്ങനെയാണെങ്കിൽ ഏടത്തിയമ്മയുടെ മുറച്ചെറുക്കൻ കുടുങ്ങും, അവൻ മാത്രമല്ല അച്ഛനും..

പ്രിയ ഞെട്ടി എഴുന്നേറ്റു..നീ എന്തൊക്കെയാ പറയുന്നേ, ഗായത്രി ചേച്ചിയുടെ വീട്ടുകാരാണോ ഇത് ചെയ്തത്..

ഉം..ഉണ്ണിയൊന്ന് മൂളി.

പ്രിയ വീണ്ടും അവനടുത്തിരുന്നു..ചേച്ചി പറയുന്നത് കേട്ടിട്ടുണ്ട്, അമ്മായിയുടെ മകൻ എപ്പോഴും ശല്യമാണെന്ന്, പക്ഷെ ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല.

ഉണ്ണിയൊന്ന് ചിരിച്ചു..നിനക്കും ഇത് പോലെ മുറച്ചെറുക്കന്മാരുണ്ടോ…?

പോ അവിടുന്ന് കാര്യമായിട്ട് ചോദിക്കുമ്പോഴാ തമാശ….പ്രിയ അവന്റെ കവിളിൽ തട്ടി.

എടത്തിയമ്മ എവിടെ…?ഉണ്ണി ചുറ്റിലും നോക്കി കൊണ്ട് ചോദിച്ചു.

ഇപ്പോൾ വരും, എന്തിനോ പുറത്ത് പോയതാ…

എന്തിനാ ഒറ്റക്ക് വിട്ടത്…?

ഞാനും പറഞ്ഞതാ, പക്ഷെ സമ്മതിച്ചില്ല, അടുത്തെവിടെയോ ആണ് പോയത്, ഇപ്പോൾ വരും പേടിക്കൊന്നും വേണ്ട..

ഉണ്ണി കണ്ണടച്ച് കിടന്നു.

എന്നാലും നമ്മുക്ക് എല്ലാവരെയും ഒരു പാഠം പഠിപ്പിക്കണ്ടേ…? പ്രിയ അവന്റെ മുടിയിഴകൾ തഴുകി കൊണ്ട് ചോദിച്ചു..

കണ്ണുകൾ തുറക്കാതെ തന്നെയവൻ ഉത്തരം നൽകി. പ്ലാനുണ്ട്… ഇന്നലെ മുതൽ എനിക്കൊരു പ്ലാനുണ്ട്.

ഉണ്ണിയൊന്ന് കണ്ണ് തുറന്ന് പ്രിയയെ നോക്കി ചിരിച്ചു.

എല്ലാവരെയും നമ്മൾ ശരിയാക്കുന്നുണ്ട്, വെയിറ്റ് ആൻഡ് വാച്ച്….

തുടരും….

Leave a Reply

Your email address will not be published. Required fields are marked *