പ്രിയം ~ ഭാഗം 17 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

നീയെന്താ ചെയ്യാൻ പോകുന്നത് ..പ്രിയ ആകാംക്ഷയോടെ ചോദിച്ചു.

അത് നാളെ പറയാട്ടോ, ഇന്ന് നീ റെസ്റ്റെടുക്ക് …

ഓ…സസ്പെൻസ് …. തല്ലുണ്ടാക്കാൻ പോവുന്നതാണോ സസ്പെൻസ് സത്യം പറ….

അതുമുണ്ട്, പക്ഷെ ഇത്തവണ നമ്മള് കൊള്ളുന്നില്ല അങ്ങോട്ട് കൊടുക്കുന്നേയുള്ളൂ.

അങ്ങനെയാണെങ്കിൽ ഈ ബെഡ് ഇവിടെ ബുക്ക്‌ ചെയ്ത് വെക്കണമല്ലേ..

ആവശ്യം വരും, ഇനി നീ കുറച്ച് നേരം മിണ്ടാതെയിരിക്ക്, അല്ലെങ്കിൽ പോയി ഏടത്തിയമ്മ വരുന്നുണ്ടോ നോക്ക്..

പ്രിയ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് ഗായത്രി വാതിൽ തുറന്ന് അകത്തേക്ക് വന്നത്, അവളെ കണ്ട് ഉണ്ണി കൈ നീട്ടി, ഗായത്രി അരികിലേക്ക് ഓടി വന്നു..

എവിടെ പോയതാ രാവിലെ തന്നെ…ഉണ്ണി ഗായത്രിയുടെ കവിളിൽ തഴുകി.

ഇവിടെ അടുത്തൊരു അമ്പലമുണ്ട്, മനസിന് വല്ലാതെയൊരു ഞെരുക്കം അവിടെ പ്രാർത്ഥിക്കാൻ പോയതാ, നിന്റെ പേരിലൊരു വഴിപാട് കഴിപ്പിച്ചിട്ടുണ്ട് ഞാൻ ..

നല്ലോം പേടിച്ചു തോന്നണു…ഗായത്രിയുടെ മുഖം കണ്ടിട്ട് ഉണ്ണി ചോദിച്ചു.

എന്തിനാ എനിക്ക് വേണ്ടി നീ വെറുതെ …

ഉണ്ണി ഗായത്രിയുടെ കണ്ണു തുടച്ചു. എടത്തിയമ്മക്ക് ജീവിക്കണ്ടേ അതിന് വേണ്ടി കുറച്ച് തല്ലു കൊള്ളുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ, പേടിക്കൊന്നും വേണ്ട ഒന്നും സംഭവിക്കില്ല..

അവൾ ഉണ്ണിയുടെ കഴുത്തിനരികിൽ തലചായ്ച്ചു.. എനിക്ക് ഇന്നലെ എന്താ നടക്കുന്നതെന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല, മനസ്സ് മുഴുവൻ ഇരുട്ടായിരുന്നു, എന്റെ നിഴലുപോലെ കൂടെയുണ്ടാവുമെന്ന് പറഞ്ഞിട്ട് ഇരുട്ട് വരുമ്പോൾ നീ മാഞ്ഞു പോയാലോ…

ഉണ്ണി ഗായത്രിയുടെ മുടിയിൽ തലോടി. എടത്തിയമ്മ ടെൻഷൻ വിട്, ഇപ്പോൾ വെളിച്ചം വന്നില്ലേ…

സംസാരിക്കുന്നതിനിടയിലാണ് ഡോക്ടർ കയറി വന്നത്, ഡോക്ടറെ കണ്ട് പ്രിയ..

ഓ…സാറായിരുന്നോ… ഡോക്ടറില്ലെ..

ഉണ്ണി തല ചെരിച്ചു നോക്കി പുതിയൊരു ഡോക്ടറാണ്. ചോദ്യം കേട്ട് ഡോക്ടറൊന്ന് തിരിഞ്ഞു ..

അതെന്താ ഞാൻ ഡോക്ടറല്ലേ..

സ്റ്റെതസ്കോപ്പ് കഴുത്തിലിട്ടവരൊക്കെ ഡോക്ടർമാരാണോ, അതൊരു പുതിയ അറിവാണല്ലോ…

നിന്നോട് സംസാരിച്ചാലേ എന്റെ ജോലി നടക്കില്ല..

ഡോക്ടർ ഉണ്ണിയെ പരിശോധിക്കാൻ തുടങ്ങി, ഫയലെടുത്ത് മരുന്നുകൾ കുറിച്ചു, ഉണ്ണിയെ നോക്കി കൊണ്ട്..

ഇപ്പോൾ വേദനയുണ്ടോ …

ഉണ്ണി മറുപടി പറയുന്നതിന് മുന്നേ പ്രിയ ഇടയിൽ കയറി..

എന്ത് ചോദ്യമാ ഡോക്ടറെ ഇത്, മുറിഞ്ഞാൽ വേദനിക്കാതിരിക്കോ..

ഡോക്ടറൊന്ന് തലതിരിച്ചു. എന്നാൽ നീ പറഞ്ഞു താ എങ്ങനെയാ ചോദിക്കേണ്ടതെന്ന്..

പ്രിയ ഉണ്ണിയെ നോക്കി. കേട്ടല്ലോ, നിനക്ക് എന്നെ പുച്ഛമായിരുന്നില്ലേ, ഇപ്പോഴെങ്ങനെയുണ്ട്, ഡോക്ടർക്ക് വരെ ഞാൻ പറഞ്ഞു കൊടുക്കണം..

ഡോക്ടർ പ്രിയയുടെ അരികിലേക്ക് ചെന്നു.. ഇത്രയും വാചകമടിക്കുന്ന നിന്റെ യൂണിഫോം എവിടെ..

അതിന് സമയമായിട്ടില്ലല്ലോ..

ഇത്രയും നേരമായിട്ടും നിനക്ക് സമയമായില്ലേ, നിക്ക് ട്ടോ ഞാൻ കംപ്ലയിന്റ് ചെയ്യുന്നുണ്ട്.

പ്രിയ പരിഭവത്തോടെ…ശരിക്കും കംപ്ലയിന്റ് ചെയ്യോ…

ഞാൻ ചെയ്യും.

എന്നാൽ ഞാൻ ഡോക്ടർ ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങാറുള്ള കാര്യവും പറഞ്ഞു കൊടുക്കും..

ഡോക്ടർ തലയിൽ കൈ വെച്ചു..എടി ഭയങ്കരീ, നിന്നോടൊന്നും ഒരു കാര്യം പറയാൻ പാടില്ലല്ലോ, വന്നപ്പോൾ തന്നെ ഒരു അകലം പാലിച്ചു നിന്നാൽ മതിയായിരുന്നു, ഫ്രണ്ട്‌സ് എന്ന് പറഞ്ഞ് കൈ തന്നത് അബദ്ധമായി പോയി.

ഡോക്ടർ ഫയൽ താഴെ വെച്ചു.

പോവാണോ..പ്രിയ കളിയാക്കി ചോദിച്ചു.

അല്ല ഇവിടെ തന്നെ കിടക്കാ, അതുപോട്ടെ നിനക്കിവിടെയല്ലല്ലോ ഡ്യൂട്ടി, എന്തിനാ ഇതിനുള്ളിൽ കിടന്ന് കറങ്ങുന്നത്..

എന്റെ അപ്പൂപ്പനാണ് സാർ ആ കിടക്കുന്നത്, കൂട്ടിരിക്കാൻ വന്നതാ..പ്രിയ വീണ്ടും കളിയാക്കി കൊണ്ട് പറഞ്ഞു.

നിന്നോട് വല്ലതും ചോദിക്കുന്നതിനും നല്ലത് പുറത്ത് പോയി കാറ്റുകൊള്ളുന്നതാ..ഡോക്ടർ പുറത്തേക്കിറങ്ങാൻ നിന്നു ഒന്ന് തിരിഞ്ഞു..

ചീഫ് ഡോക്ടർ വരാൻ വൈകും, എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി, ഞാൻ പോയിട്ട് പിന്നെ വരാം ഗായത്രി..

ഡോക്ടർ പോയതിനു ശേഷം..അതെന്താ പെട്ടെന്ന് ചേച്ചിയോട് മാത്രമൊരു പോയിട്ട് വരാന്ന് ..

ഗായത്രി തലയുയർത്താതെ …ഇനി വരുമ്പോൾ നീ തന്നെ ചോദിച്ചു നോക്ക്…

പുതിയ ഡോക്ടറാണോ…

ഉം..ഉണ്ണിയുടെ ചോദ്യം കേട്ട് ഗായത്രിയൊന്ന് മൂളി ..

പ്രിയ അടുത്തേക്ക് വന്നു..അടുത്തതെന്താ ചോദിക്കാൻ പോവുന്നതെന്ന് മനസിലായി, പേര് വിഷ്ണു, വന്നിട്ട് ഒരാഴ്ചയായിട്ടേയുള്ളൂ, ജാടയില്ലാത്ത അടിപൊളി ഡോക്ടറാണ്..

നീ എന്താ കല്യാണം ആലോചിക്കാൻ പോവാണോ…

ഉണ്ണി നീ വേണമെങ്കിൽ കുറച്ച് നേരം കൂടി കിടന്നുറങ്ങിക്കോ , ഞങ്ങൾ പോയിട്ട് യൂണിഫോമിട്ട് വരാം..

പോയിട്ട് വാ..

രണ്ട് പേരും എഴുന്നേറ്റ് സ്റ്റെയർ കയറി മുറിയിലെത്തി, ഡ്രസ്സ്‌ മാറുന്നതിനിടയിലാണ് ചിത്ര വന്നത്..

എങ്ങനെയുണ്ട് മോളെ അവനിപ്പോൾ..

ഇപ്പോൾ കുഴപ്പമൊന്നുമില്ല ചേച്ചി…

ഞാൻ ഇന്നലെ നീ നല്ല ടെന്ഷനിലാണല്ലോ വിചാരിച്ചാ പിന്നെ വിളിക്കാതിരുന്നത്..

ഇപ്പോൾ ടെൻഷനൊന്നുമില്ല ചേച്ചി, അവൻ കണ്ണ് തുറന്നിട്ടല്ലേ ഇരിക്കുന്നെ എനിക്ക് അത് മതി..

ശരി, നീ ഇതിലൂടെ ഒരു റൗണ്ട്സ് പോയിട്ട് താഴേക്ക് പൊയ്ക്കോ, ഞാൻ എന്തെങ്കിലും ആവശ്യം വരുമ്പോൾ വിളിക്കാം..

ഗായത്രി തലയാട്ടി, ചിത്ര പോയി കഴിഞ്ഞപ്പോൾ പ്രിയ ഗായത്രിയെ ഒന്ന് നുള്ളി..

അപ്പോൾ ഞാനോ..

ഗായത്രി ചിരിച്ചു..നീ എന്റെ വാലല്ലേ.. എന്റെ കൂടെ പോര്.

ഞാൻ വിചാരിച്ചു ചേച്ചിയൊന്നും പറയുന്നത് കേൾക്കാത്തപ്പോൾ എന്നെ ഇവിടെ നിർത്തി പോവാനാണ് ഉദ്ദേശ്യമെന്ന്..

ഗായത്രി അവളുടെ കവിളിലൊരു നുള്ള് കൊടുത്തു. അതും ഞാൻ ആലോചിക്കുന്നുണ്ട്..

രണ്ടുപേരും മരുന്നുമെടുത്ത് ഓരോ മുറികളായി കയറാൻ തുടങ്ങി, കുറച്ചു കഴിഞ്ഞ് 206 നമ്പർ മുറിയിലെത്തി, പ്രിയയെ കണ്ട് മുത്തശ്ശൻ എഴുന്നേറ്റു.

കിടന്നോ മുത്തശ്ശാ, ഞാൻ മരുന്ന് തരാൻ വന്നതാ..

എനിക്ക് ഇന്ന് ഇവിടുന്ന് പോവാൻ പറ്റോ മോളെ…

അയ്യോ.. ഡോക്ടർ അതിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ മുത്തശ്ശാ, ഞാൻ വേണമെങ്കിൽ വരുമ്പോൾ ചോദിച്ചു നോക്കാം..

ശരി മോളെ… അല്ല മോളുടെ ഭർത്താവിനെ കണ്ടിട്ട് കുറച്ച് ദിവസായല്ലോ, ഇപ്പോൾ കൊണ്ട് പോവാൻ വരാറില്ലേ..

ഗായത്രി പ്രിയയെ നോക്കി. ഭർത്താവോ നിനക്കോ…

പ്രിയ ശബ്ദം താഴ്ത്തി..വെറുതെയിരിക്ക് ചേച്ചി, ഉണ്ണിയെ കുറിച്ചാ പറയുന്നത്, ഒരു തവണ വന്നപ്പോൾ ഭർത്താവാണെന്ന് പറഞ്ഞ് പറ്റിച്ചിട്ടുണ്ടായിരുന്നു, അത് കൊണ്ട് ചോദിക്കുന്നതാ..

മുത്തശ്ശനെ നോക്കി..അതെന്താണെന്ന് വെച്ചാ അവനിന്നലെ ഒരു വിസ കിട്ടിയിട്ടുണ്ടായിരുന്നു, അത് പെട്ടെന്ന് ക്യാൻസൽ ആയിപോയി, എഴുന്നേറ്റ് നടക്കാറാവുമ്പോൾ ഇത് കൂടെയൊക്കെ വരാൻ പറയാം…

മുത്തശ്ശൻ ഗുളികയും വെള്ളവും കയ്യിൽ വാങ്ങി..കുറച്ച് ഭാഗ്യം വേണം മോളെ, ഞാൻ പ്രാർത്ഥിക്കാം അടുത്തത് വേഗം കിട്ടട്ടെ..

അയ്യോ വേണ്ട മുത്തശ്ശാ, ആ വിസ ക്യാൻസൽ ആക്കാൻ പെട്ട പാട്, ഇനിയൊന്നും താങ്ങാനുള്ള ശേഷിയില്ല പാവം..

ഗായത്രി മുറി വിട്ട് പുറത്തേക്കിറങ്ങി, പ്രിയ ഇറങ്ങാൻ നേരം ഒന്ന് കൂടി ഓർമ്മിപ്പിച്ചു..

മുത്തശ്ശാ അറിയാതെ പോലും പ്രാർത്ഥിച്ചേക്കല്ലേ, അതേ പോലെ വേറെയൊന്നിനെ കിട്ടാനില്ല അതോണ്ടാ…

പ്രിയ നടന്ന് ഗായത്രിയുടെ അരികിലെത്തി. സോറി ചേച്ചി ഞാൻ അറിയാതെ പറഞ്ഞതല്ലേ.

അതിന് ഞാൻ നിന്നെയൊന്നും പറഞ്ഞില്ലല്ലോ, കയ്യിലിരിക്കുന്നത് അവിടെ വെച്ചിട്ട് വാ നമ്മുക്ക് താഴേക്ക് പോവാം.

പ്രിയ ഇൻജെക്ഷൻ ബോക്സ്‌ മുറിയിൽ വെച്ച് ഗായത്രിയുടെ കൂടെ ഉണ്ണിയുടെ മുറിയിലേക്ക് നടന്നു, വാതിലിൽ കൊട്ടി, നേഴ്സ് വന്ന് വാതിൽ തുറന്നു, അകത്തു കയറിയപ്പോൾ ഉണ്ണി കണ്ണ് തുറന്ന് കിടക്കുകയായിരുന്നു ..

നിനക്ക് ഉറങ്ങികൂടായിരുന്നോ …

എനിക്ക് ക്ഷീണമൊന്നുമില്ല എടത്തിയമ്മ..

വീട്ടിൽ നിന്ന് ആരും വന്നില്ലല്ലോ ചേച്ചി, വരുന്നത് പോയിട്ട് ഒന്ന് വിളിച്ചു ചോദിച്ചത് പോലുമില്ലല്ലോ, എന്ത് മനുഷ്യരാണല്ലേ..പ്രിയ ദേഷ്യത്തോടെ പറഞ്ഞു നിർത്തി.

ഗായത്രി ഉണ്ണിയുടെ നെഞ്ചിൽ കൈ വെച്ചു. അവരൊക്കെ ഇവനിത് കിട്ടണമെന്ന് വിചാരിക്കുന്നവരല്ലേ…

അതിന് ഞങ്ങള് തിരിച്ചു പണി കൊടുക്കുമല്ലോ…പ്രിയ ഉണ്ണിയെ നോക്കി കണ്ണടിച്ചു കാണിച്ചു.

എന്ത് പണി..ഗായത്രി ഉണ്ണിയെ നോക്കി..നീ എന്താ ചെയ്യാൻ പോവുന്നേ…

ഉണ്ണി ടേബിളിരിക്കുന്ന മൊബൈൽ ചൂണ്ടി കാണിച്ചു..

എടത്തിയമ്മ ആ ഫോണെടുക്ക്..

ഗായത്രി ഫോണെടുത്തു ഉണ്ണിയുടെ കയ്യിൽ കൊടുത്തു, അവനത് ഓണാക്കി ശ്രീധരൻ എന്ന് സേവ് ചെയ്ത് വെച്ചിരുന്ന നമ്പറിൽ തൊട്ടു, കുറച്ച് നേരം റിങ്ങ് ചെയ്ത് മറുതലക്കൽ ഹലോ എന്ന് കേട്ടപ്പോൾ ഉണ്ണി ഫോണെടുത്തു ചെവിയിൽ വെച്ചു…

ശ്രീധരേട്ടാ ഒരു സഹായം..

നീ ഒന്നോ രണ്ടോ ചോദിക്ക് ഉണ്ണി…

എന്റെ സ്ഥലമൊന്ന് ജെ സി ബി വെച്ച് ഇടിച്ചു നിരപ്പാക്കി തരോ…

നാളെ മതിയോ…

പോരാ… പോരാ… ഇന്ന് തന്നെ വേണം, എനിക്ക് അർജന്റാ..

ശരി ഞാൻ കഴിഞ്ഞിട്ട് വിളിക്കാം..

ഗായത്രി സംശയത്തോടെ…എന്തിനാ ഇപ്പോൾ സ്ഥലം നിരപ്പാക്കുന്നെ.

ഉണ്ണിയൊന്ന് ചിരിച്ചു. നമ്മുക്ക് വീട് വേണ്ടേ..

അതിനൊക്കെ ഒരുപാട് ചിലവാകില്ലേ, നിന്റെ കയ്യിൽ സേവിങ്സ് വല്ലതുമുണ്ടോ.

കുറച്ചൊക്കെയുണ്ട് ചേച്ചി..മറുപടി പറഞ്ഞത് പ്രിയയാണ്..

ബാക്കിയുള്ളതിനു നമ്മളാ സ്ഥലം പണയം വെക്കും..

നിന്റെ ഇഷ്ടം പോലെ, അത് പോട്ടെ നിന്റെ സ്ഥലം എവിടെയാ കിടക്കുന്നത്..ഗായത്രി ആകാംഷയോടെ ചോദിച്ചു.

ഉണ്ണി ഗായത്രിയെ നോക്കി ചിരിച്ചു. നടുവിൽ…. ഏട്ടന്റെയും ചെറിയച്ഛന്മാരുടെയും വീടിന്റെ ഒത്ത നടുവിൽ…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *