പ്രിയം ~ ഭാഗം 19 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അനിയാ നീ എന്ത് ധൈര്യത്തിലാ തുള്ളുന്നതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്…..

ഉണ്ണി വീണ്ടും ചിരിച്ചു…മനസ്സിലായോ ഇത്ര പെട്ടെന്ന്….

നീ പണി തുടങ്ങിക്കോ എന്താ ഇനി ചെയ്യേണ്ടതെന്ന് എനിക്ക് നന്നായിട്ടറിയാം, നീ അവളെയും കൂട്ടി ഇവിടെ താമസിക്കാമെന്നു മോഹിക്കുന്നുണ്ടെങ്കിൽ അതെന്തായാലും നടക്കാത്ത സ്വപ്നം മാത്രമായി അവസാനിക്കും….

ഏട്ടൻ തന്നെ പറഞ്ഞില്ലേ ഞാൻ മോഹിച്ചെന്ന് അപ്പോൾ ഞാൻ അതിന് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ…

നീ ചെയ്യ്, നിനക്ക് അവകാശപ്പെട്ട സ്ഥലമാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഞാനും ആ വഴിയിലൂടെ തന്നെ തീർത്തോളാം..

കുറച്ച് നേരത്തേക്ക് ശബ്ദമൊന്നും കേട്ടില്ല, ശ്രീധരൻ സംസാരിക്കാൻ തുടങ്ങി.

ഉണ്ണി അവര് പോയി, ഞാനെന്താ ചെയ്യണ്ടേ…

ശ്രീധരേട്ടാ ആ സ്ഥലം നിരപ്പാക്കിക്കോ, ഇനി പ്രശ്നമുണ്ടാവില്ല…

ശരി, ഞാൻ പണി കഴിഞ്ഞിട്ട് പോവും, നീ പിന്നെ വന്ന് നോക്കിക്കോ..

ഉം..ഉണ്ണിയൊന്ന് മൂളിയിട്ട് ഫോൺ കട്ടാക്കി..

ഗായത്രി ഉണ്ണിയുടെ ഫോൺ കയ്യിൽ നിന്ന് വാങ്ങി..ഉണ്ണി നീ വീണ്ടും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പോലെയാ എനിക്ക് തോന്നുന്നത്…

അത് എടത്തിയമ്മ ഇനിയെന്ത് നടക്കും എന്ന് കാടുകയറി ചിന്തിക്കുന്നത് കൊണ്ടാ, ഇപ്പോൾ എന്ത് നടക്കുന്നു എന്ന് മാത്രം നോക്കിയാൽ മതി, പ്രശ്നങ്ങളൊക്കെ അതിന്റെ വഴിക്ക് വരട്ടെ…

എന്തോ എനിക്ക് അങ്ങനെ തോന്നി, എന്നാലും നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു ആരോടായാലും മനസ്സിൽ തോന്നുന്നത് പറയാനൊരു ധൈര്യം വേണം..

ഉണ്ണി ഗായത്രിയെ നോക്കി..ഞാൻ അങ്ങോട്ടായിരുന്നു മോട്ടിവേറ്റ് ചെയ്തോണ്ടിരുന്നത് ഇപ്പോൾ തിരിച്ചു എന്നെയായോ…

അത് ചേച്ചിയും മനസ്സിൽ തോന്നിയത് പറഞ്ഞതാ….പ്രിയ മറുപടിയായി പറഞ്ഞു.

സംസാരിക്കുന്നതിനിടയിലാണ് ഡോറിൽ കൊട്ടുന്ന ശബ്ദം കേട്ടത്, തുറന്ന് നോക്കിയപ്പോൾ ഫൈസി, അകത്തേക്ക് കയറി വന്നു..

നിന്റെയും കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ..

ഞാൻ സംഭവം കേട്ടപ്പോൾ സത്യം പറഞ്ഞാൽ പേടിച്ചു, ഇന്നലെ വരണം വിചാരിച്ചതാ…

എനിക്ക് അതിന് കുഴപ്പമൊന്നുമില്ല, ഞാൻ എഴുന്നേറ്റ് ഓടാൻ വേണ്ടി റെഡിയാ, എത്രയെന്നു വെച്ചാ ഇവിടെ കിടക്കാ..

ഡോക്ടറെന്ത് പറഞ്ഞു…? ഫൈസി ഗായത്രിയെ നോക്കി..

ചെറിയ മുറിവേയുള്ളൂ, വേറെ പ്രശ്നമൊന്നും ഇല്ലെന്നാ പറഞ്ഞത്..

എന്തായാലും ഡിസ്ചാർജ് വാങ്ങിക്കോ, ഞാൻ റഷീദയോട് വീടൊന്ന് അടിച്ചുവാരിയിടാൻ പറയാം, വേറെ ഒരുപാട് പണിയുള്ളതല്ലേ നിനക്ക്…

വേറെ എന്ത് പണി…? ഗായത്രി സംശയത്തോടെ ചോദിച്ചു..

വേറെ പണിയെന്നു വെച്ചാൽ…ഫൈസി ഒന്ന് പരുങ്ങി..

ഇവന് ജോലിക്കൊക്കെ പോവണ്ടേ, പിന്നെ വീട് പണി നോക്കണം, അതൊക്കെയാ ഞാൻ ഉദ്ദേശിച്ചത്..

ഗായത്രി തന്നെ ഉറ്റുനോക്കുന്നത് കണ്ട് ഫൈസി ഉണ്ണിക്ക് നേരെ തിരിഞ്ഞു..

ഞാൻ ഇറങ്ങട്ടെ,തിരക്കുണ്ട് വെറുതെ വന്നെന്നേയുള്ളൂ, നീ അവിടെ വന്നിട്ട് വിളിച്ചാൽ മതി…

ഓക്കേ..ഉണ്ണി കൈവീശി..

ഫൈസി പോയതിനു ശേഷം ഗായത്രി ഉണ്ണിയുടെ അരികിലേക്ക് വന്നു..സത്യം പറ എന്താ ഒരു കള്ളത്തരം…

ഉണ്ണി ഗായത്രിയെ നോക്കി ചിരിച്ചു..എന്ത് കള്ളത്തരം, എന്നെയൊക്കെ കണ്ടാൽ അങ്ങനെ പറയാൻ തോന്നുമോ..

ഏയ്… തോന്നത്തെ ഇല്ല, കാരണം അത്രക്ക് നല്ല കുട്ടിയാണല്ലോ..പ്രിയ ഉണ്ണിയുടെ ചിരി കണ്ട് കളിയാക്കി..

എനിക്കെന്തോ നീ വേറെ വല്ല പ്ലാനും കൊണ്ട് നടക്കുന്ന പോലെ തോന്നുന്നു..ഗായത്രി ഉണ്ണിയെ ചൂഴ്ന്ന് നോക്കി..

ഉണ്ണി കണ്ണടച്ച് കിടന്നു..എനിക്ക് ഉറക്കം വരുന്നു..

എന്നാൽ നീ ഉറങ്ങിക്കോ ഞങ്ങൾ പുറത്തുണ്ടാവും…ഗായത്രിയും പ്രിയയും പുറത്തേക്കിറങ്ങി..

ചേച്ചിക്കെന്താ വീണ്ടും ടെൻഷനായോ…താടിക്ക് കയ്യും കൊടുത്തിരുന്ന് ആലോചിക്കുന്ന ഗായത്രിയെ കണ്ട് പ്രിയ ചോദിച്ചു..

അവൻ എന്തൊക്കെയോ ചെയ്യുന്നുണ്ട്, എനിക്കാണേൽ അത് മനസിലാവുന്നുമില്ല, ഇതൊക്കെ എവിടെ ചെന്ന് നിൽക്കുമെന്ന് ആലോചിച്ച് വട്ടാവുന്നുണ്ട്..

ചേച്ചി അവൻ പറഞ്ഞത് പോലെ മുന്നോട്ട് ചിന്തിക്കേണ്ട, ഇവിടെ തന്നെ നിന്നാൽ മതി…

സമയം വേഗത്തിൽ കടന്നുപോയി…

വൈകുന്നേരം….

ചീഫ് ഡോക്ടർ ഉണ്ണിയുടെ മുറിയിലേക്ക് കയറി വന്നു…

ഇപ്പോൾ എങ്ങനെയുണ്ട്…?

സുഖം…

ഡോക്ടർ ചിരിച്ചു…ഇത്രപെട്ടെന്ന് സുഖമായോ… കൊള്ളാലോ… നിനക്ക് വീട്ടിൽ പോവാൻ നല്ല ധൃതിയുണ്ടല്ലേ…

അങ്ങനെയൊന്നുമില്ല, എന്നാലും ഞാൻ വീട്ടിൽ പോയിട്ട് റെസ്റ്റെടുത്തോളാം..

ഉം.. ശരി…ഡോക്ടർ ഫയലെടുത്ത് മരുന്നെഴുതി…രാവിലെ ഡിസ്ചാർജ് ആയിക്കോളൂ, ഇന്നൊരു ദിവസം കൂടി കഴിയട്ടെ..

ആയിക്കോട്ടെ…ഉണ്ണിയും ചിരിച്ചു കാണിച്ചു..

ഡോക്ടർ പുറത്തേക്കിറങ്ങാൻ നിന്നപ്പോഴാണ് ഗായത്രി വന്നത്..

ആഹാ… ജോലിയൊക്കെ ചെയ്യുന്നുണ്ടല്ലോ ഗായത്രി, ഇന്നലത്തെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഏതെങ്കിലും മൂലയിലിരുന്ന് കരയുകയാവുമെന്ന്…

അവന് കുഴപ്പമൊന്നുമില്ലാന്ന് അറിഞ്ഞപ്പോഴേ സങ്കടമൊക്കെ പോയി ഡോക്ടർ…

ഗായത്രിയുടെ തോളിലൊന്ന് തട്ടി ഡോക്ടർ നടന്നു, ഗായത്രി മുറിയുടെ മുന്നിലുള്ള കസേരയിൽ തന്നെ പഴയപടിയിരുന്നു, കുറച്ച് സമയം കഴിഞ്ഞപ്പോൾ പ്രിയ ഗായത്രിയെ തട്ടി വിളിച്ചു…

ചേച്ചി അവരെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്, ചേച്ചിക്ക് പരിചയമുണ്ടോ നോക്കിയേ…

ഗായത്രി പ്രിയയുടെ വിരലുകൾ ചൂണ്ടുന്ന സ്ഥലത്തേക്ക് നോക്കി, അവൾ കുറച്ച് നേരം മിഴിച്ചിരുന്നു..

ഉണ്ണിയുടെ അമ്മയാ അത്…

പ്രിയ എഴുന്നേറ്റു..ആ… അങ്ങനെ പറ…അത് തന്നെയാ കണ്ടു മറന്നപോലെ തോന്നിയത്, ചേച്ചി ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് കൂട്ടികൊണ്ട് വരാം..

ഗായത്രി എന്തെങ്കിലും പറയുന്നതിന് മുമ്പേ പ്രിയ അമ്മക്കരികിലേക്ക് നടന്നു, അടുത്തെത്തിയപ്പോൾ…

ഉണ്ണിയേട്ടന്റെ അമ്മയല്ലേ…

പ്രിയയുടെ ചോദ്യം കേട്ട് അമ്മ നിന്നു..അതെ മോൾക്കെന്നെ അറിയോ…

എന്ത് ചോദ്യമാ അമ്മേ ഇത്, അറിയോന്നോ, അമ്മക്ക് എന്നെയാ ഓർമ്മയില്ലാത്തത്…

അയ്യോ മോളെ പെട്ടെന്ന് കണ്ടപ്പോൾ ആരാ എന്താണെന്നൊക്കെ മനസ്സിലേക്ക് കിട്ടുന്നില്ല..

അത് സാരമില്ല, അമ്മ ഉണ്ണിയേട്ടനെ കാണാൻ വന്നതാണോ…

അതെ, അവന് ഏത് മുറിയിലാ കിടക്കുന്നെ…

ഞാൻ കാണിച്ചു തരാം, അമ്മ വാ…

പ്രിയ അമ്മയെയും കൂട്ടി മുറിയിലേക്ക് നടന്നു, കസേരയിൽ ഗായത്രി ഇരിക്കുന്നത് കണ്ട് ഒരു സെക്കന്റ്‌ മാത്രം അവളെ നോക്കി, നോട്ടം മാറ്റി പ്രിയയുടെ കൂടെ മുറിയിലേക്ക് കയറി…

പ്രിയ ഉണ്ണിയെ തട്ടി വിളിച്ചു, ഉണ്ണി കണ്ണു തുറന്ന് നോക്കി..

അല്ല ആരിത് രതീഷിന്റെ അമ്മയോ…

അവന്റെ മാത്രമാണോടാ…അമ്മ അവന്റെ അരികിലായി ഇരുന്നു..

ഞാനങ്ങനെയാ കുറച്ച് ദിവസമായി കേട്ടത്, വരുന്ന വഴിക്ക് എന്റെ അമ്മയെ കൂട്ടികൊണ്ട് വരായിരുന്നില്ലേ…

മതി നിന്റെ വായടക്ക്, നീ പറയുന്നത് കേൾക്കുമ്പോൾ നിന്നെ തല്ലാനാ തോന്നുന്നത്…

എന്തിന്…

വീട്ടിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നതല്ലേ, ഇപ്പോൾ ആരുമില്ലാതെ ഇങ്ങനെ കിടക്കേണ്ടി വന്നിട്ടും പഠിച്ചില്ലെന്ന് വെച്ചാൽ നിനക്ക് തല്ല് തന്നെയാ കൊള്ളേണ്ടത്…

അല്ല അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കാ, എന്നെ കാണാൻ വന്നതാണോ കുറ്റം പറയാൻ വന്നതാണോ…

രണ്ടിനും കൂടിയാ, നിനക്കിപ്പോൾ പെട്ടെന്നെന്താ ഒരു വീട് മോഹം…

ഇല്ലാത്തത് പിന്നെ ഉണ്ടാക്കണ്ടേ…

അപ്പോൾ ഇത്രയും ദിവസം താമസിച്ചിരുന്നതോ, നിനക്ക് അവിടെ സ്വന്തമായിട്ട് തന്നെയല്ലേ മുറിയുള്ളത്..

എന്നെ ഇറക്കിവിട്ടില്ലേ…

ആരും കേട്ടയുടനെ പെട്ടിയും കിടക്കയും എടുത്ത് ഓടാൻ പറഞ്ഞിട്ടില്ല, ഇപ്പോഴും നിനക്ക് ധൈര്യമായിട്ട് വരാം, ആരും ഒന്നും പറയില്ല, പക്ഷെ വരുന്നത് ഒറ്റക്കായിരിക്കണമെന്ന് മാത്രം…

നടക്കില്ല എന്ന് പറഞ്ഞാൽ അമ്മക്ക് വിഷമമാവുമെങ്കിൽ നടക്കില്ല…

നീ ആ പുറത്തിരിക്കുന്നവളെ കണ്ടിട്ടുള്ള അഭ്യാസമാണെങ്കിൽ അത് അധികം കാലം പോവില്ലാട്ടോ…

ഞാൻ പറഞ്ഞല്ലോ പറ്റില്ല, ഒറ്റക്ക് എന്തായാലും വരില്ല…

അവളെ നോക്കിയിരുന്നോ നീ, ഒന്നും വേണ്ട എന്തോരം കൊച്ചുങ്ങളുണ്ടിവിടെ, ദേ ഈ കുട്ടിയെ തന്നെ നോക്ക്, എന്ത് മര്യാദയാ എന്നോട്, ഇവളെ പോലെ ഒന്നിനെയാ കൊണ്ട് വന്നിരുന്നതെങ്കിൽ ഞാനിത് പറയോ…

ആരെ പോലെ…? ഉണ്ണി ചുറ്റിലും നോക്കി..

ഇവളെ പോലെ..പ്രിയയെ ചൂണ്ടി കാണിച്ചു..

ഉണ്ണിയൊന്ന് അവളെ നോക്കി..എന്തിനാ അവളെ പോലെയാക്കുന്നെ അവളെ തന്നെ കൊണ്ട് പൊയ്ക്കോ…

അപ്പോഴും നിന്റെ കണ്ണിൽ നല്ലത് കാണില്ല..

കാണുന്നില്ല… എനിക്ക് ഏടത്തിയമ്മയെ അല്ലാതെ വേറെ ആരെയും കാണുന്നില്ല..

നിന്റെ അഹങ്കാരത്തിനു കുറച്ച് കഴിയുമ്പോൾ കിട്ടിക്കോളും..

നന്ദി… ഉപദേശം കഴിഞ്ഞാൽ അമ്മക്ക് പോവാം, ഞാൻ അങ്ങോട്ട് തന്നെയാ വരുന്നത് അപ്പോൾ കാണാം..

ഉം..അമ്മ എഴുന്നേറ്റ് പുറത്തേക്കിറങ്ങി, ഗായത്രി തലതാഴ്ത്തി ഇരിക്കുന്നത് കണ്ട് അവളുടെ അടുത്തേക്ക് ചെന്നു.

നിനക്ക് തൃപ്തിയായല്ലോ, എന്റെ സാരി തുമ്പിൽ നടന്നോണ്ടിരുന്ന കുട്ടിയെയാണ് നീ എനിക്ക് നേരെ നിർത്തിയിരിക്കുന്നത്, അതിനുള്ളത് നീയെന്തായാലും അനുഭവിക്കും..

അമ്മ ദേഷ്യത്തിൽ നടക്കാൻ തുനിഞ്ഞു..ഗായത്രി എഴുന്നേറ്റു.

അമ്മയൊന്ന് നിന്നേ…

ഗായത്രിയുടെ ശബ്ദം കേട്ട് അമ്മ തിരിഞ്ഞു നിന്നു, ഗായത്രി അരികിലേക്ക് ചെന്ന് അമ്മക്ക് അഭിമുഖമായി നിന്നു..

അമ്മക്ക് എന്നോട് ദേഷ്യമുണ്ടെന്ന് അറിയാം, എനിക്ക് തിരിച്ച് അമ്മയോട് ദേഷ്യമില്ല, അതിന്റെ അർത്ഥം അമ്മ പറയുന്നത് മുഴുവൻ കേട്ടുകൊണ്ടിരിക്കുമെന്നല്ല, അമ്മക്ക് ശരിയെന്ന് തോന്നുന്നതല്ലേ അമ്മ ചെയ്യുന്നത്, അതേ പോലെ തന്നെ ബാക്കിയുള്ളവരും, അതുകൊണ്ട് തെറ്റാല്ലത്തൊരു കാര്യത്തിന് ചീത്ത കേൾക്കേണ്ട ആവശ്യം തൽക്കാലം എനിക്കില്ല..

ഗായത്രിയെ ഒന്ന് നോക്കി തിരിയാനായി നിന്നു..

അമ്മ ഇത് കൂടി കേട്ടിട്ട് പൊയ്ക്കോളൂ, അവനവിടെ വീട് വെക്കുകയും ചെയ്യും ഞാനതിൽ കയറി താമസിക്കുകയും ചെയ്യും…

അമ്മ ഒന്നും പറയാൻ നിൽക്കാതെ പുറത്തേക്ക് പോയി, ഗായത്രി ഉണ്ണിയുടെ അരികിലേക്ക് ചെന്നു..

എടത്തിയമ്മ അമ്മ വന്നത് കണ്ടില്ലേ..

കണ്ടു..ഗായത്രിയൊന്ന് ചിരിച്ചു..

അന്നത്തെ ദിവസം കടന്നുപോയി……

പിറ്റേദിവസം രാവിലെ…

എല്ലാം എടുത്തില്ലേ ഉണ്ണി, നിനക്ക് നടക്കാൻ എങ്ങനെയുണ്ട് ഇപ്പോൾ..

ഒരു പ്രശ്നവുമില്ല, ചെറിയൊരു പിടുത്തം മാത്രം…

മൂവരും നടന്ന് കാറിനരുകിലെത്തി, കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു, വീട്ടിലെത്തിയപ്പോൾ ഉണ്ണിയെ ഇറങ്ങാൻ ഗായത്രി സഹായിച്ചു, വാതിൽ തുറന്ന് ഉണ്ണി സോഫയിലിരുന്നു, പ്രിയ കാറിന്റെ വാടക കൊടുത്ത് അകത്തേക്ക് വന്നു..

ചേച്ചി ഞാൻ ചായയുണ്ടാക്കാം…

ഉം… ഞാനൊന്ന് കുളിച്ചിട്ട് വരാം..ഗായത്രി മുറിയിലേക്ക് നടന്നു, കുളിച്ച് കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോൾ പ്രിയ അവൾക്ക് നേരെ ചായ നീട്ടി.

ഉണ്ണിക്ക് കൊടുത്തില്ലേ…

ഇല്ല, അവൻ മുറിയിലുണ്ടോ…

താ ഞാൻ കൊടുത്തിട്ട് വരാം..ഗായത്രി ഗ്ലാസ്‌ വാങ്ങി മുറിയിലേക്ക് നടന്നു, മുറിയിൽ നോക്കിയപ്പോൾ ആളെ കാണാഞ്ഞ് പുറത്തേക്കിറങ്ങി, കുറച്ച് കഴിഞ്ഞപ്പോൾ ഉണ്ണി നടന്നു വരുന്നതുകണ്ട്…

നീ എവിടെ പോയതാ…

ഞാനൊന്ന് നടക്കാൻ പോയതാ, ഇപ്പോൾ കുഴപ്പമില്ല സൂപ്പറായി..

നിനക്ക് റസ്റ്റെടുത്തൂടെ, ഇങ്ങോട്ട് വാ..

ഉണ്ണി സ്റ്റെപ്പിലിരുന്ന് ഗായത്രിയുടെ കയ്യിൽ നിന്ന് ചായ വാങ്ങി, അവൾ അകത്തേക്ക് പോവാൻ തിരിഞ്ഞപ്പോൾ…

ഏടത്തിയമ്മ ഒന്ന് നിൽക്ക്…

അവൾ അവന്റെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു..

എന്താ…

ഏടത്തിയമ്മയുടെ അമ്മായിയുടെ മകനില്ലേ മിഥുൻ അവന്റെ വീട് എവിടെയാ..?

എന്തിനാ…

പറയൂ…

എന്റെ വീട്ടിലേക്ക് വരുന്ന വഴിയില്ലേ, അവിടെ എത്തുന്നതിനു മുമ്പേ ഇടത്തോട്ട് ചെറിയൊരു കട്ട് റോഡുണ്ട്, അതിലൂടെ പോയാൽ മൂന്നാമത്തെ വീട്… അല്ല എന്തിനാ ചോദിക്കുന്നത്…

വേറൊന്നുമല്ല… എനിക്ക് നാളെയൊന്നവനെ പോയി ഉപദേശിക്കണം…

തുടരും

Leave a Reply

Your email address will not be published. Required fields are marked *