മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
നീ എന്ത് ഉപദേശമാ അവന് കൊടുക്കാൻ പോണേ, അല്ല അവനെ നിനക്ക് മുമ്പേ പരിചയമുണ്ടോ…?ഗായത്രി സംശയത്തോടെ ചോദിച്ചു.
മുൻപരിചയമില്ല, ഞങ്ങൾ പരിചയപെട്ടിട്ട് രണ്ട് ദിവസമായിട്ടേയുള്ളൂ..
അതുകേട്ടപ്പോൾ ഗായത്രി ഉണ്ണിയുടെ അരികിൽ വന്നിരുന്നു..
അപ്പോൾ അവനാണോ നിന്നേ കുത്തിയത്…?
ഉം…ഉണ്ണിയൊന്ന് മൂളി..
എന്നിട്ടെന്താ എന്നോട് നേരത്തെ പറയാതിരുന്നത്, അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ നീ എന്താ മനസ്സിൽ കൊണ്ടുനടക്കുന്നത് , നിനക്ക് അവനാണെന്ന് അറിയാമായിരുന്നെങ്കിൽ പോലീസിൽ പറഞ്ഞു കൂടായിരുന്നോ…
എടത്തിയമ്മ വീണ്ടും ടെൻഷൻ ആവല്ലേ, എനിക്കൊരു കുഴപ്പവുമില്ല, ഞാൻ എന്തിനാ കുത്തിയതെന്ന് ചോദിച്ചിട്ട് വരാമേന്നെ ഉദ്ദേശിച്ചുള്ളൂ..
ഗായത്രി കുറച്ച് നേരം ഉണ്ണിയെ നോക്കികൊണ്ടിരുന്നു..
ശരി… നീ നോക്കി പോയിട്ട് വാ, അതല്ലേ എനിക്കിപ്പോൾ പറയാൻ പറ്റൂ, ഞാൻ പറയുന്നതൊന്നും നീ കേൾക്കുന്നില്ലല്ലോ..
ആര് പറഞ്ഞു കേൾക്കുന്നില്ലാന്ന്, എടത്തിയമ്മ പറഞ്ഞോളൂ, വേണ്ടാന്നാണെകിൽ ഞാൻ പോകുന്നില്ല..
പിന്നെ അത്രക്കൊന്നും വേണ്ട…ഗായത്രി ഉണ്ണിയുടെ മുടിയിൽ തഴുകി..ന്റെ കുട്ടി എന്തായാലും അവനെ ഉപദേശിക്കാൻ പോവല്ലേ, എന്റെ പേരിലും കൂടി രണ്ടെണ്ണം കൊടുത്തോ…
ഉണ്ണിയൊന്ന് ചിരിച്ചു…എടത്തിയമ്മ പറയുന്നത് പോലെ ചെയ്തിരിക്കും പോരെ…
ഗായത്രി അകത്തേക്ക് പോയി , ഉണ്ണി കുറച്ച് നേരമിരുന്ന് അടുക്കളയിലേക്ക് എത്തി നോക്കി, പ്രിയയെ കണ്ട്….
നീ വീട്ടിൽ പോവുന്നില്ലേ…?
ഞാൻ പോവാഞ്ഞിട്ട് നിനക്കെന്താ..പ്രിയ ഉണ്ണിയെ നോക്കാതെ തന്നെ മറുപടി പറഞ്ഞു…
അയ്യോ.. ദേഷ്യത്തിലാണോ… എന്നാൽ എന്റെ സുന്ദരിക്കുട്ടി പോണ്ടാട്ടോ ഇവിടെ കൂടിക്കോ…
എന്താ സ്നേഹം…
പക്ഷെ വാടക തരണം ട്ടോ….
സംസാരത്തിനിടയിൽ ഗായത്രിയും അടുക്കളയിലേക്ക് വന്നു…
പ്രിയേ നീ പോവുന്നില്ലേ, ഇന്നലെ മുഴുവൻ ഉറക്കമൊഴിച്ചതല്ലേ പോവുന്നില്ലെങ്കിൽ കുറച്ച് നേരം മുറിയിൽ കിടന്നോ, ബാക്കി പണിയൊക്കെ ഞാൻ നോക്കിക്കോളാം..
അത് കുഴപ്പമില്ല ചേച്ചി…
സാരമില്ല, നീ ചെല്ല്…
പ്രിയ അടുക്കളയിൽ നിന്ന് മുറിയിലേക്ക് നടന്നു ,ചാരിയിരുന്ന വാതിൽ തുറന്ന് കട്ടിലിൽ കിടന്നു, കിടക്കുന്നതിനിടയിലാണ് പുസ്തകം വീഴുന്ന ശബ്ദം കേട്ടത് അവൾ പെട്ടെന്ന് കണ്ണ് തുറന്ന് നോക്കി, ഉണ്ണി താഴെ വീണത് എടുത്തു വെച്ച് അവളുടെ അരികിലേക്ക് ചെന്നു..
നീ ഉറങ്ങാണോ…?
പ്രിയ ഒന്നവനെ നോക്കി…ആണെങ്കിൽ…
ഒറ്റക്കോ…
അവൾ എഴുന്നേൽക്കാനൊരുങ്ങി, ഉണ്ണി തടഞ്ഞു..
കിടന്നോ കിടന്നോ ഞാൻ വെറുതെ ചോദിച്ചതാ…
പ്രിയ വീണ്ടും ഉണ്ണിയെ നോക്കി..സത്യം പറ എന്താ ഒരു കള്ളലക്ഷണം…
അത് ഇപ്പോൾ എങ്ങനെയാ പറയാ…ഉണ്ണി ആലോചിക്കുന്നത് പോലെ കാണിച്ചു.
എന്താണെങ്കിലും പറ കേൾക്കട്ടെ…
ഉണ്ണി അവളുടെ കൈകളിൽ തഴുകി…എന്താണെന്ന് വെച്ചാൽ….
പ്രിയ ഉണ്ണിയുടെ ചെയ്യുന്നത് നോക്കികൊണ്ടിരുന്നു..ധൈര്യമായിട്ട് പറയുന്നേ…
ഉണ്ണി അവളുടെ കാതിനരികിലേക്ക് മുഖം കൊണ്ട് പോയി…ഒരു ഉമ്മ തരോ…
പ്രിയ ഞെട്ടിയത് പോലെ ഉണ്ണിക്കരികിലേക്ക് തല തിരിച്ചു..എന്തേ പെട്ടെന്ന് ഇങ്ങനെ തോന്നാൻ..
ഉണ്ണി മറുപടിയൊന്നും പറഞ്ഞില്ല..
ഞാനിത് തീരെ പ്രതീക്ഷിച്ചില്ല…
പറ്റില്ലെങ്കിൽ വേണ്ടാട്ടോ ഞാൻ നിർബന്ധിക്കില്ല, നിന്നേ ഇങ്ങനെ കണ്ടപ്പോൾ എനിക്ക് സ്വന്തമായപോലെ തോന്നി, അതുകൊണ്ട് ചോദിച്ചതാ…
ഉം.. ശരിക്കും തോന്നുന്നുണ്ടോ…
സത്യമായിട്ടും..ഉണ്ണി തലയിൽ കൈവെച്ചു കാണിച്ചു.
പ്രിയയൊന്ന് ചിരിച്ചു..ഒറ്റയൊന്ന്… അതും നെറ്റിയിൽ…
ശരി… അത് മതി…ഉണ്ണി പ്രിയയുടെ നെറ്റിയിലേക്ക് മുഖം കൊണ്ടുപോയി, കണ്ണുകൾ ഇറുക്കി അടച്ചിരിക്കുന്ന അവളെ ഒന്ന് സൂക്ഷിച്ചു നോക്കി, നെറ്റിയിലൊരു ഉമ്മ കൊടുത്തു, അവൾ കണ്ണ് തുറന്ന് നോക്കി..
മതിയോ…
മതിയായിട്ടില്ല..ഉണ്ണി ചിരിച്ചു..
അല്ല എനിക്ക് മതിയായി, ചേച്ചി വരുന്നതിനു മുമ്പേ പോവാൻ നോക്ക് …
ഉണ്ണി എഴുന്നേറ്റു, മുറിയിൽ നിന്നിറങ്ങാൻ നിന്നപ്പോഴാണ് ഗായത്രി വിളിച്ചത്…
ഉണ്ണി ഫൈസി വന്നിട്ടുണ്ട്…
പുറത്തേക്കിറങ്ങി നോക്കി, അവനെ കണ്ട്…
നീ പ്രിയയെ ഒന്ന് ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി വിട്ടേക്ക് ..
അതിനെന്താ അവൾ റെഡിയായോ…
ഒരു മിനിറ്റ് നിൽക്ക് , ഞാൻ വിളിക്കാം..
ഉണ്ണി മുറിയിലേക്ക് തന്നെ തിരിച്ചു വന്നു..പ്രിയയെ തട്ടി വിളിച്ചു…
നീ വൈകുന്നേരമാവാൻ നിൽക്കണ്ട, വീട്ടിൽ പോയിട്ട് വാ…
പ്രിയ ഒന്ന് ഉണ്ണിയെ നോക്കി..എന്താ പെട്ടെന്ന്…
വീട്ടിൽ പോയിട്ട് ചീത്ത കേൾക്കണ്ടല്ലോ വിചാരിച്ചാ, നീ പോയിട്ട് രാവിലെ വാ…
അവൾ പിന്നെ മറുപടി പറയാൻ നിന്നില്ല, ഫൈസിയുടെ വണ്ടിയുടെ അരികിലേക്ക് നടന്നു, പോവാൻ നേരം ഒന്നുകൂടി ഉണ്ണിയെ നോക്കി, പോയിക്കഴിഞ്ഞപ്പോൾ ഗായത്രി ഉണ്ണിയുടെ അരികിലേക്ക് വന്നു..
എന്തിനാ അവളോട് പൊയ്ക്കോളാൻ പറഞ്ഞത്…
ഉണ്ണി ഗായത്രിയെ തിരിഞ്ഞു നോക്കി..അവൾ സത്യത്തിൽ നമ്മളെക്കാൾ പാവാ, ഈ കാണുന്ന നാക്കൊന്നും ചിലപ്പോൾ വീട്ടിൽ പോയാൽ ഉണ്ടാവില്ല, അവൾക്ക് അവിടെ പോയി ചീത്ത കേൾക്കണ്ടല്ലോ വിചാരിച്ചു..
ഗായത്രി ഒന്നും പറയാതെ അടുക്കളയിലേക്ക് തന്നെ തിരിച്ചുപോയി, ഉണ്ണി സോഫയിൽ ചാരിയിരുന്നു, സമയം പൊയ്ക്കൊണ്ടിരുന്നു……
പിറ്റേദിവസം രാവിലെ….
ഉണ്ണി ഇത് വലിയൊരു പ്രശ്നമാക്കരുത്…ഗായത്രി ആശങ്കയോടെ പറഞ്ഞു നിർത്തി.
ഏയ് അങ്ങനെയൊന്നുമുണ്ടാവില്ല, പെട്ടെന്ന് വരാം, അമ്മാവൻ ജോലിക്ക് പോവുന്നുണ്ടെന്നല്ലേ പറഞ്ഞത്, ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.
ഫൈസിയുടെ കൂടെ ഉണ്ണി മിഥുന്റെ വീട്ടിലേക്ക് തിരിച്ചു, ഗായത്രി പറഞ്ഞ വഴിയിലൂടെ വീട് കണ്ടുപിടിച്ചു, മുന്നിൽ വണ്ടി നിർത്തി, അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് അമ്മ മുറ്റത്ത് വിറക് കീറുന്നത് കണ്ടത്, ഉണ്ണിയെ കണ്ട് അമ്മ നിർത്തി…
ആരാ മനസ്സിലായില്ലല്ലോ..അമ്മ തലയുയർത്തി ഉണ്ണിയെ നോക്കികൊണ്ട് ചോദിച്ചു..
ഞങ്ങൾ മിഥുന്റെ ഫ്രണ്ട്സാ, അവനെയൊന്ന് കാണാൻ വന്നതാ, ആള് അകത്തില്ലേ…
ഓ.. കൂട്ടുകാരായിരുന്നോ, അവൻ മുറിയിലുണ്ടല്ലോ, ഞാൻ വിളിക്കാം..
ഉണ്ണി തടഞ്ഞു..അയ്യോ വേണ്ട അമ്മേ ഞങ്ങള് പോയി കണ്ടോളാം…
എന്നാ അമ്മ ചായയെടുക്കാം, ഒരു അഞ്ച് മിനിറ്റ് ഇരിക്ക് ദാ അപ്പുറത്ത് കടയുണ്ട് പാല് വാങ്ങിയിട്ട് വരാം…
ആയിക്കോട്ടെ..
അമ്മ പോവാനൊരുങ്ങിയപ്പോൾ ഉണ്ണി പുറകിൽ നിന്ന് വിളിച്ചു…അമ്മേ ഇത് തേക്കിന്റെ വിറകാണോ..
അതേ മോനെ, പറമ്പിലുണ്ടായിരുന്നതാ മോന് കട്ടിൽ പണിയാൻ വേണ്ടി കഴിഞ്ഞ ആഴ്ചയാ മുറിച്ചത്..
ശരി അമ്മേ പോയിട്ട് വരൂ..
അമ്മ കടയിലേക്ക് നടന്നു, ഉണ്ണി കൂട്ടിയിട്ടിരുന്ന വിറകിൽ നിന്നൊരു മുഴുത്ത കഷ്ണം വലിച്ചൂരിയെടുത്തു, കയ്യിൽ പിടിച്ചു നോക്കി..
കൊള്ളാം, സെറ്റായിട്ടിട്ടുണ്ട്, വാ നമ്മുക്ക് അവനെ ട്യൂഷൻ എടുത്തിട്ട് വരാം..
ഫൈസിയെയും കൂട്ടി അകത്തേക്ക് നടന്നു, അവന്റെ മുറിയുടെ അടുത്തെത്തിയപ്പോൾ ഒന്ന് നിന്നു, മിഥുൻ കണ്ണാടിയിൽ മുഖം നോക്കി കൊണ്ടിരിക്കുകയായിരുന്നു , കണ്ണാടിയിൽ ഉണ്ണിയെ കണ്ട് ഞെട്ടി തിരിഞ്ഞു, കൈ ഉയർത്തുന്നതിനു മുമ്പേ ഉണ്ണി വീശിയടിച്ചു, താഴെ വീണ അവനെ നാലുപുറവും പൊതിരെ തല്ലി, കൈ കഴച്ചപ്പോൾ നിർത്തി ഉണ്ണി കട്ടിലിലിരുന്നു, മിഥുൻ വേദനയോടെ താഴെ കിടക്കുകയായിരുന്നു, ഉണ്ണി അവനെയൊന്ന് നോക്കി…
നിനക്ക് വേദനിക്കുന്നുണ്ടോ, അപ്പോൾ എനിക്കോ, സംസാരിക്കുന്നതിന്റെ ഇടയിൽ കുത്തിയപ്പോൾ തന്നെ മനസ്സിലായി നീയൊരു പേടിത്തൊണ്ടനാണെന്ന്…
മിഥുൻ തിരിച്ചൊന്നും പറയുന്നത് കേൾക്കാഞ്ഞ് ഉണ്ണി തുടർന്നു..
നീ ശരിക്കും മണ്ടനാണെന്ന് ഞാൻ പറഞ്ഞതെന്താണെന്നോ ഒരാള് ചാവണമെന്ന് വിചാരിച്ചാ നമ്മള് കുത്തുന്നതെങ്കിൽ തുടിച്ചോണ്ടിരിക്കുന്ന നെഞ്ചിനിട്ട് കുത്തണ്ടേ, അല്ലെങ്കിൽ ചിലപ്പോൾ തിരിച്ച് ഇത് പോലെ പണി കിട്ടും, നീ നിന്റെ ദേഷ്യത്തിൽ ചെയ്തൊരു മണ്ടത്തരത്തിന് ഇപ്പോൾ എത്രയാ ചിലവെന്ന് കണ്ടോ, ദേഷ്യത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർമ വന്നത് ഞാൻ നിനക്കൊരു കഥ പറഞ്ഞു തരാം..
ഉണ്ണി താഴേക്കിറിങ്ങിയിരുന്നു..
എന്റെ ഏട്ടൻ ചെറുപ്പത്തിൽ നല്ല വികൃതിയായിരുന്നു, വൈകുന്നേരം അച്ഛൻ വന്ന് വിശ്രമിക്കുന്നതിനിടയിലാവും ചില കുരുത്തക്കേടുകളൊക്കെ ഒപ്പിക്കാ, അത് കാണുമ്പോൾ അച്ഛന് നല്ല ദേഷ്യം വരും, ആ ദേഷ്യത്തിൽ അവനൊന്ന് കൊടുക്കാൻ വേണ്ടി കൈയൊങ്ങുമ്പോഴേക്കും അമ്മ വന്ന് തടുക്കും, എന്നിട്ട് പറയും എന്റെ കൊച്ചിനെ തല്ലണ്ട, അവൻ ചെറിയ കുട്ടിയാ ഞാൻ പറഞ്ഞു കൊടുത്ത് വളർത്തിക്കോളാം,അച്ഛനോട് വേറെ വല്ല പണിയും ഉണ്ടെങ്കിൽ നോക്കിക്കോളാൻ , അത് കേൾക്കുമ്പോൾ അച്ഛന് വീണ്ടും ദേഷ്യം വരും, ആ ദേഷ്യത്തിൽ കയ്യിൽ കിട്ടുന്നത് എന്താണോ അതെടുത്ത് വലിച്ചെറിഞ്ഞ് പൊട്ടിക്കും, ഒരു ദിവസം അതേ പോലെ ദേഷ്യത്തിൽ ടേബിളിൽ വെച്ചിരുന്നൊരു ഫോട്ടോയെടുത്ത് വലിച്ചെറിഞ്ഞു, കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ അത് താഴെ നിന്ന് വേഗത്തിൽ പെറുക്കാൻ തുടങ്ങി, അച്ഛനെ നോക്കിയപ്പോൾ കണ്ണുകളൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു, എന്താണെന്ന് വെച്ചാൽ അത് അച്ഛന്റെ അമ്മയുടെ ഫോട്ടോയായിരുന്നു, പ്രസവത്തോടെ മരിച്ചു പോയ അച്ഛമ്മയുടെ ആകെയുണ്ടായിരുന്ന ഒരൊറ്റ ഫോട്ടോയായിരുന്നു അത്, ഭാഗ്യത്തിന് ഗ്ലാസ്സൊക്കെ പൊട്ടിയിരുന്നെങ്കിലും ഫോട്ടോക്ക് കേടുപാടൊന്നും കൂടാതെ തിരിച്ചു കിട്ടി, അതിന് ശേഷം അച്ഛൻ ദേഷ്യപെടുന്നത് ഞാൻ കണ്ടിട്ടില്ല, അത് എന്ത് കൊണ്ടാണെന്ന് അറിയോ, ഒരു നിമിഷത്തെ ദേഷ്യത്തിൽ ചിലപ്പോൾ നമ്മുക്ക് നഷ്ടപ്പെടുന്നത് ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തെങ്കിലും ആണെങ്കിൽ ആ നഷ്ടം നമ്മുടെ ജീവിതകാലം മുഴുവൻ വേട്ടയാടികൊണ്ടിരിക്കും , മനസ്സിലായോ…
മിഥുൻ കൈ ഉഴിയുന്നത് കണ്ട്…
നോക്കണ്ടാ കൈ ഒടിഞ്ഞിട്ടുണ്ട്, അതിന് വേണ്ടിയാ അടിച്ചത്, ആ പാട് കാണുമ്പോഴൊക്കെ നിനക്ക് എന്നെ ഓർമ വരുന്നത് നല്ലതാ, ഇനി അബദ്ധം കാണിക്കാതിരിക്കാൻ ഉപകരിക്കും…
ഉണ്ണി എഴുന്നേറ്റു, പുറത്തേക്കിറങ്ങാൻ നിന്നു ഒന്ന് തിരിഞ്ഞതിനു ശേഷം മിഥുനെ നോക്കി…
ഒരു കാര്യം മറന്നു…
കയ്യിലുണ്ടായിരുന്ന വടി വീശി രണ്ടെണ്ണം കൂടി കൊടുത്തു, ഇത്തവണ വടി നടുകെ പൊട്ടിപ്പോയി..
ഇത് എടത്തിയമ്മ തന്നു വിട്ടതാണെന്ന് പറയാൻ പറഞ്ഞു…
ഉണ്ണി മുറി വിട്ട് പുറത്തേക്കിറങ്ങി, വീടിനു വെളിയിലെത്തിയപ്പോഴാണ് അമ്മ വരുന്നത് കണ്ടത്…
മോൻ പോവാണോ, ചയ കുടിച്ചിട്ട് പോയാൽ പോരെ…
അതൊന്നും വേണമെന്നില്ല അമ്മേ, ഞങ്ങക്ക് അകത്തു നിന്ന് പായസം കിട്ടി…
പായസമോ…അമ്മ കാര്യം മനസ്സിലാവാതെ നിന്നു..ഉണ്ണിയൊന്ന് ചിരിച്ചിട്ട് നടക്കാൻ തുടങ്ങി, ഗേറ്റിനടുത്തെത്തിയപ്പോൾ അമ്മയോട്..
അമ്മേ മരത്തിനു തീരെ ബലമില്ലാട്ടോ കട്ടിലൊന്നും പണിയാൻ പറ്റുമെന്ന് തോന്നുന്നില്ല…
ഫൈസി വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു…
അടുത്തത് ഏട്ടൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പേ അവനും കൂടി വല്ലതും കൊടുക്കണം, അല്ലെങ്കിൽ സങ്കടാവില്ലേ…
തുടരും…