പ്രിയം ~ ഭാഗം 21 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഉണ്ണിയും ഫൈസിയും തിരിച്ച് വീട്ടിലെത്തി, ബൈക്കിന്റെ ശബ്ദം കേട്ട് ഗായത്രി പുറത്തേക്ക് വന്നു, ഉണ്ണി അടുത്തേക്ക് വരുന്നത് കണ്ട് ചിരിച്ചു…

വേഗത്തിൽ വന്നല്ലോ…

ഉണ്ണി അകത്തേക്ക് കയറി സോഫയിലിരുന്നു…

ഒന്നും പറയണ്ട, ചായ വേണോന്നൊരു ചോദ്യമായിരുന്നു അമ്മായി, ഞങ്ങളത് വേണ്ടാന്ന് പറഞ്ഞ് ഒന്ന് രണ്ട് കൊച്ചുവർത്തമാനമൊക്കെ ചോദിച്ചിട്ട് തിരിച്ചു പോരാൻ നിന്നപ്പോഴാ കട്ടില് കണ്ടത്, തൊട്ടു നോക്കിയപ്പോൾ ബലമില്ല, അവർക്ക് സങ്കടമാവുമെങ്കിലും ഞങ്ങള് കാര്യം പറഞ്ഞിട്ട് തിരിച്ചു പോന്നു…

ഗായത്രി അന്തംവിട്ട് നിന്നു..ഏത് കട്ടില്….?

ഉണ്ണി ഗായത്രിക്ക് നേരെ കൈനീട്ടി..ഇങ്ങോട്ട് വാ ഇവിടെ അടുത്തിരിക്ക്…

ഗായത്രി അരികിലേക്ക് ചെന്നു…

ഭക്ഷണം കഴിച്ചോ…? ഉണ്ണി ഗായത്രിയെ നോക്കി ചോദിച്ചു..

ഞാൻ കുറച്ച് മുമ്പേ കഴിച്ചതേയുള്ളൂ, നീ വരാൻ വൈകിയാലോ വിചാരിച്ചു..

അത് കുഴപ്പമൊന്നുമില്ല, ഞാൻ ചോദിച്ചത് കഴിയ്ക്കലൊക്കെ കഴിഞ്ഞ് വെറുതെ ഇരിക്കാണോ എന്നാ ഉദ്ദേശിച്ചത്…

കഴിക്കാനൊക്കെ ഉണ്ടാക്കി, ഡ്രെസ്സൊക്കെ കഴുകി, വീടും ക്ലീൻ ചെയ്തു, ഇപ്പോൾ വേറെ പണിയൊന്നും കാണാനില്ല, അല്ല എന്തിനാ ചോദിക്കുന്നത്…?

എന്നാൽ നമ്മുക്ക് സ്ഥലം പോയി നോക്കിയിട്ട് വന്നാലോ…

ഉണ്ണിയെയൊന്ന് ഇടം കണ്ണിട്ട് നോക്കി..വേറെ എന്തെങ്കിലും മനസ്സിൽ വെച്ചിട്ടല്ലല്ലോ വിളിക്കുന്നേ, സത്യം പറ…

ഉണ്ണിയൊന്ന് ചിരിച്ചു…സത്യമായിട്ടും സ്ഥലം കാണൽ മാത്രമേ മനസ്സിലുള്ളൂ, പിന്നെ അവിടെ ചെല്ലുമ്പോൾ ഉണ്ടാവുന്ന അവസ്ഥ വെച്ചിരിക്കും അടുത്തത്…

ഉം.. ശരി.. ശരി.. ഞാനിപ്പോൾ വരാം..

ഗായത്രി മുറിയിലേക്ക് പോയി തിരിച്ചു വന്നു, ഇരുവരും വാതിലടച്ച് റോഡിലേക്കിറങ്ങി, പതുക്കെ നടന്ന് സ്ഥലത്തെത്തി, ഉണ്ണി തല ചെരിച്ച് വീട്ടിലേക്കൊന്ന് നോക്കി, വീടിനു മുന്നിൽ നിന്ന് അപ്പോഴാണ് രണ്ട് കാർ നിറയെ ആളുകൾ പോവുന്നത് കണ്ടത്, ഗായത്രി പറമ്പിലേക്ക് കയറി ചുറ്റിലും നോക്കി, ഉണ്ണി റോഡിൽ തന്നെ നിൽക്കുന്നത് കണ്ട്…

നീ എന്ത് നോക്കികൊണ്ട് നിൽക്കാ…

ഉണ്ണി നോട്ടം മാറ്റി ഗായത്രിയുടെ അരികിലേക്ക് ചെന്നു..ഒന്നുമില്ല വീട്ടിൽ ദിവസവും സമ്മേളനമുണ്ടെന്ന് തോന്നുന്നു, പക്ഷെ കാറൊന്നും കണ്ടിട്ട് എനിക്ക് പരിചയവുമില്ല, അതുകൊണ്ട് ആരായിരിക്കും എന്നാലോചിച്ചു നിന്നതാ..

ഗായത്രിയും ഒന്ന് എത്തി നോക്കി…

ഇനി നോക്കിയിട്ട് കാര്യമില്ല എടത്തിയമ്മ അവരൊക്കെ അപ്പോഴേ പോയി…

ഗായത്രി തിരിഞ്ഞ് പറമ്പിലൂടെയൊന്ന് കണ്ണോടിച്ചു…

ഇതിലെവിടെയായിട്ടാ ഉണ്ണി വീട് വരുന്നത്..?

ഉണ്ണി കുറച്ച് നീങ്ങി നിന്ന് മാർക്ക് ചെയ്ത് കാണിച്ചു കൊണ്ട്…ഇവിടെ മുതൽ ഏകദേശം ആ തല വരെ..ഉണ്ണി സ്ഥലത്തിന്റെ അറ്റം ചൂണ്ടികാണിക്കുന്നത് കണ്ട് ഗായത്രി അവന്റെ കയ്യിലൊന്ന് നുള്ളി..

ഒരാള് കാര്യമായിട്ടെന്തെങ്കിലും ചോദിക്കുമ്പോൾ തമാശ പറയോ…

ഉണ്ണി മറുപടി പറയാൻ നിന്നപ്പോഴാണ് അമ്മ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് വന്നത്, ഇരുവരെയും കണ്ട് അമ്മ മുഖം തിരിച്ചു, ഉണ്ണി വേഗം കയ്യിലൊരു കോലെടുത്തു, നിലത്ത് രണ്ട് മൂന്നിടത്തായി വരച്ചു …

ഏടത്തിയമ്മയുടെ മുറി ഇവിടെയായിട്ട് വരും, ഇതിന്റെ ഈ സൈഡിലായിട്ട് ജനൽ വെക്കും..
ഉണ്ണി അമ്മയെയൊന്ന് നോക്കി, അമ്മ ഇടം കണ്ണിട്ട് നോക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ…

ഇവിടെ എന്തിനാ ജനലെന്ന് അറിയോ എന്നാലേ അപ്പുറത്തെ വീട്ടിലുള്ളവരെ ശരിക്കും കാണാൻ പറ്റൂ, ഒന്നുകൂടി വ്യക്തമായി കാണാൻ വേണ്ടിയിട്ട് ഈ റൂമിന് നേരെ മുകളിലുള്ള മുറിയിലും അതേ പോലെ ജനൽ വെക്കും…

അമ്മ തല പൊന്തിച്ച് മതിലിനരുകിലേക്ക് വന്നു..

എന്നാൽ നീ ഒരു പാലം കൂടി പണിയെടാ, അപ്പോൾ നിനക്ക് ഇവിടെ വന്ന് നോക്കിക്കൂടെ…

ഉണ്ണി കയ്യിലിരുന്ന വടി താഴെയിട്ടു, അമ്മയുടെ അടുത്ത് നിന്ന് അങ്ങനെയൊരു മറുപടി തീരെ പ്രതീക്ഷിച്ചിരുന്നില്ല…

ഗായത്രി ഉണ്ണിയെ നോക്കികൊണ്ട്…അടുക്കള എവിടെയായിട്ട് വരും…?

ഉണ്ണി ഒന്നുകൂടി അമ്മയെ നോക്കി..എടത്തിയമ്മ നമ്മള് സാധാരണ എല്ലവരുടെയും വീട്ടിലുള്ളപ്പോലത്തെ അടുക്കളയല്ല ഉണ്ടാക്കാൻ പോവുന്നത്, ഒരു സ്പെഷ്യൽ അടുക്കള, അതും അമ്മായിയമ്മയുടെ ശല്യമൊന്നും ഇല്ലാത്ത അടിപൊളി അടുക്കള..

അമ്മ അതുകേട്ട് അകത്തേക്ക് പോവുന്നത് കണ്ട് ഉണ്ണി മതിലിനരുകിലേക്ക് ചെന്നു..

അമ്മ പോവാണോ…?

അമ്മ തിരിഞ്ഞു നിന്നു..ഞാൻ പോയാലും വന്നാലും നിനക്കെന്താ, ഞാനെന്റെ വീട്ടിലല്ലേ…

ആ… ഇപ്പോൾ അമ്മയുടെ വീടായി, ഇത് തന്നെയാ ഞാൻ പറഞ്ഞത് സൗകര്യത്തിനനുസരിച്ച് നിങ്ങള് അമ്മയും മോനും വീട് മാറ്റി കളിക്കാ, എന്നിട്ടെന്നോട് വരാനും പറയാ, അല്ല അതുപോട്ടെ എന്റെ മുറി അവിടെ തന്നെയുണ്ടോ…?

നിനക്കെവിടെ മുറി, നിനക്കെന്തായാലും ഇനി ഈ വീട്ടിൽ മുറിയില്ല….

അയ്യോ അമ്മ പിണങ്ങല്ലേ, ഞാൻ തിരിച്ചു വരുന്നുണ്ടേ…

അമ്മ വാതിൽപടിയിൽ നിന്നിറങ്ങി മതിലിൽ ചാരി നിൽക്കുന്ന ഉണ്ണിയുടെ അരികിലേക്ക് വന്നു…

സത്യമായിട്ടും നീ വരുന്നുണ്ടോ…?

ഞാൻ കാര്യമായിട്ട് പറഞ്ഞതാ…

അമ്മ വിശ്വാസമാവാതെ നിൽക്കുന്നത് കണ്ട്….

അമ്മ ഹോസ്പിറ്റലിൽ നിന്നൊരു കുട്ടിയെ ഇഷ്ടമായി പറഞ്ഞില്ലേ അവളെയും വിളിച്ചുകൊണ്ടാ വരുന്നത്….

അമ്മയൊന്ന് ഞെട്ടിയത് പോലെ കാണിച്ചു..

നീയെന്തിനാ അവളെ വിളിച്ചുകൊണ്ടു വരുന്നത്…

അത് ശരി ഇപ്പോൾ അങ്ങനെയായോ, ഞാൻ എത്ര കാലുപിടിച്ചിട്ടാണെന്നോ അവളൊന്ന് സമ്മതിച്ചത്, എന്തിന് വേണ്ടിയിട്ടാ അമ്മക്ക് ഇഷ്ടമായെന്ന ഒറ്റ കാരണം കൊണ്ട്…

അമ്മ ഒന്ന് തല താഴ്ത്തി..അത് ഞാനപ്പോഴത്തെ ഒരു അവസ്ഥയിൽ അറിയാതെ പറഞ്ഞതല്ലേ…

ആ.. ഇതാണ് പ്രശ്നം… അമ്മ ഇങ്ങനെ അവസരത്തിനനസരിച്ച് മാറ്റി പറഞ്ഞാൽ ഞാനെന്ത് ചെയ്യും…

അമ്മ ഉണ്ണിയെ കുറച്ചുനേരം നോക്കി..നല്ല കുടുംബമാണോ…?

അമ്മ പേടിക്കണ്ട, 916 തങ്കമാണ് ഞാൻ വരുന്ന വഴിക്ക് ഉരച്ചു നോക്കിയിട്ടാ വരുന്നത്…

എന്നാലും നീ എടുത്തു ചാടിയൊന്നും ചെയ്യണ്ട, ഞാനൊന്ന് ആലോചിച്ച് നോക്കട്ടെ…

മതി.. സാവധാനം മതി.. പക്ഷെ മഴക്കാലം വരുന്നതിനു മുമ്പേ വേണം…

അതൊക്കെ ശരിയാക്കാം, ഞാൻ നിന്റെ ചെറിയച്ഛന്മാരോടും അമ്മാവന്മാരോടുമൊക്കെ ആലോചിക്കട്ടെ…

ആരോട് വേണമെങ്കിലും ആലോചിക്ക് പക്ഷെ ഞാനെ കെട്ടൂ…

അമ്മ അകത്തേക്ക് പോവാൻ തിരിഞ്ഞു..

അല്ല അമ്മയൊന്ന് നിൽക്ക്, എന്താ വീട്ടിൽ വിശേഷം വണ്ടികളൊക്കെ നിറയെ ഉണ്ടല്ലോ…

അമ്മയൊന്ന് ചുറ്റിലും നോക്കി..അതോ… അത് സുകുമാരൻ ഒരു കല്ല്യാണാലോചന കൊണ്ട് വന്നിട്ടുണ്ടായിരുന്നു, അപ്പോൾ പെണ്ണുവീട്ടുകാര് വന്നിട്ട് പോയതാ..

കല്യാണമോ… ആർക്ക് ഏട്ടനോ..ഉണ്ണി അത്ഭുതത്തോടെ ചോദിച്ചു..

പിന്നല്ലാതെ എനിക്ക് കെട്ടാൻ പറ്റോ…

അതെങ്ങനെ ശരിയാവും, ഡിവോഴ്സ് പേപ്പർ കയ്യിൽ കിട്ടാതെ എങ്ങനെയാ രണ്ടാമത് കെട്ടുന്നത്…

അമ്മ ഒന്ന് കൂടി ഉണ്ണിയുടെ അരികിലേക്ക് ചേർന്ന് നിന്നു…അതിന് മാധവട്ടൻ പറഞ്ഞത് ഡിവോഴ്സ് അതിന്റെ വഴിക്ക് നടന്നോട്ടെ, വിവാഹം രജിസ്റ്റർ ചെയ്യുന്നത് പതുക്കെ മതിയെന്നാ..

എന്നാലും അതെങ്ങനെ ശരിയാവും, നിയമത്തിനൊന്നും ഒരു വിലയുമില്ലേ …ഉണ്ണി വീണ്ടും സംശയത്തോടെ ചോദിച്ചു..

അമ്മ ഉണ്ണിയുടെ തോളിൽ തട്ടി…നിയമമൊന്നും നോക്കണ്ട, അവൻ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ, എന്റെ മോനായിട്ട് ഇത് മുടക്കാൻ നിൽക്കേണ്ട..

ഉണ്ണി അമ്മയെയോന്ന് നോക്കി..അമ്മ എന്നോടിത് പറഞ്ഞപ്പോഴേ ഇതിന്റെ കാര്യത്തിലൊരു തീരുമാനമായി…

അമ്മ തോളത്തുനിന്ന് കയ്യെടുത്തു..ഉണ്ണി നീയിതിന് വെറുതെ തടസ്സം നിന്നാൽ ഞാൻ ഉറപ്പായിട്ടും വല്ലതും ചെയ്തിട്ട് ചാവും…

ഉണ്ണി മതിലിൽ നിന്ന് മാറി…അമ്മ പേടിപ്പിക്കൊന്നും വേണ്ട, ശരി ഞാൻ തടസ്സം നിൽക്കുന്നില്ല, എന്താണെന്ന് വെച്ചാൽ ചെയ്തോ…

അങ്ങനെ വിചാരിച്ചാൽ മതി എന്റെ കുട്ടി..അമ്മ ചിരിച്ചിട്ട് അകത്തേക്ക് പോയി..ഉണ്ണി തിരിച്ച് ഗായത്രിയുടെ അടുത്തേക്ക് തന്നെ വന്നു..

എന്തായിരുന്നു അമ്മയും മോനും കൂടിയൊരു കൊച്ചുവർത്തമാനം..

അതൊന്നുമില്ല, പഴയ കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു..

ഗായത്രി ഉണ്ണിയുടെ കയ്യിൽ പിടിച്ചു..നിനക്ക് അമ്മയെ നല്ല ഇഷ്ടമാണല്ലേ…

ഉണ്ണിയൊന്ന് ചിരിച്ചു..അമ്മയെ എനിക്ക് ആരെക്കാളും ഇഷ്ടാ, ഇങ്ങനെ തല്ലുകൂടുമെന്നേയുള്ളൂ എത്ര പിണങ്ങിയാലും ദേഷ്യമൊന്നും കാണിക്കാതെ അടുത്തേക്ക് തന്നെ വരും..

ഗായത്രിയെയും കൂട്ടി റോഡിലേക്കിറങ്ങി നടക്കാൻ തുടങ്ങി…

ഞാനില്ലായിരുന്നെങ്കിൽ നിനക്ക് സന്തോഷമായിട്ട് ജീവിക്കാമായിരുന്നല്ലേ..ഗായത്രി ഇടറിയ ശബ്ദത്തോടെ ചോദിച്ചു.

ഉണ്ണി ഗായത്രിയുടെ തോളിലൂടെ കയ്യിട്ടു..അങ്ങനെ നോക്കാണെങ്കിൽ ഞാൻ ഒറ്റക്കിരിക്കുന്നതായിരിക്കും നല്ലത്, ഇതിപ്പോൾ എന്റെ ഭാഗ്യത്തിന് എടത്തിയമ്മ കൂടെയില്ലേ…

രണ്ടുപേരും വീടിലെത്തിയപ്പോഴാണ് വാതിലിൽ ചാരി പ്രിയ നിൽക്കുന്നത് കണ്ടത്..

എടി നീയിന്നും ലീവെടുത്തോ…

അവളൊന്ന് പരുങ്ങിക്കൊണ്ട്…അത് പിന്നെ എനിക്കൊരു മനസമാധാനം വേണ്ടേ…

ഇവിടെ ഇരുന്നാൽ കിട്ടോ…

കിട്ടും..ഗായത്രി വാതിൽ തുറന്നപ്പോൾ പ്രിയ അകത്തേക്ക് കയറി, ഉണ്ണി സോഫയിലേക്കിരുന്നു…

പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും ഇവിടെ ഇരിക്കുമ്പോഴാ മനസമാധാനം പോവുന്നത്..

പ്രിയ ഉണ്ണിയെയൊന്ന് നോക്കി..ഞാൻ നിന്നേ കാണാത്തതുകൊണ്ട് സമാധാനമില്ലെന്നാ പറഞ്ഞത്…

ഉണ്ണിയൊന്ന് അവളെ നോക്കി ചിരിച്ചു..എന്റെ സുന്ദരികുട്ടി അടുത്തേക്ക് വാ..അവൾക്ക് നേരെ കൈ നീട്ടി, പ്രിയ ഉണ്ണിയുടെ അരികിലായിരുന്നു, അവളുടെ കവിളിൽ തലോടികൊണ്ട്…

നിനക്ക് മലയാളം എഴുതാൻ അറിയോ..

അവൾ കൈ തട്ടി മാറ്റി…ഇല്ല ഇംഗ്ലീഷ് മാത്രേ അറിയൂ…

എന്നാൽ എന്റെ കുട്ടി ആ ടേബിളിൽ പേനയും പേപ്പറും ഇരിക്കുന്നുണ്ട് , അതെടുത്തിട്ട് വാ…

പ്രിയ എഴുന്നേറ്റ് ഉണ്ണി പറഞ്ഞത് പോലെ പേനയും പേപ്പറും എടുത്തിട്ട് അരികിൽ തന്നെ വന്നിരുന്നു…

ഞാൻ പറയുന്നത് കേട്ടിട്ട് തെറ്റാതെ എഴുത് ഇടയിൽ എന്നെ നോക്കരുത്…

പ്രിയ തലയാട്ടി, ഉണ്ണി പറയാൻ തുടങ്ങി അവളതൊക്കെ കേട്ട് പേപ്പറിലേക്ക് പകർത്തി, അവസാന വാചകവും എഴുതി പ്രിയ ഉണ്ണിയെ നോക്കി, അവനത് വാങ്ങി വായിച്ചു നോക്കി…

മിടുക്കി, നല്ല കയ്യക്ഷരം…

ഉണ്ണി ഗായത്രിയുടെ മുറിയിലേക്ക് നോക്കി..എടത്തിയമ്മ ഒന്ന് പുറത്ത് വാ..

ഉണ്ണിയുടെ വിളി കേട്ട് ഗായത്രി ഹാളിലേക്ക് വന്നു…

ഞാനിപ്പോൾ വരാം, എടത്തിയമ്മ ഇവൾക്ക് കഴിക്കാൻ വല്ലതും കൊടുത്തേക്ക്..

ഉണ്ണി സോഫയിൽ നിന്നെഴുന്നേറ്റ് റോഡിലേക്കിറങ്ങി നടന്നു, വീടിനടുത്തെത്തിയപ്പോൾ അകത്തേക്കൊന്ന് എത്തിനോക്കി, ഗേറ്റ് തുറന്ന് കോളിബെല്ലിൽ അമർത്തി, അമ്മ വന്ന് വാതിൽ തുറന്നു, ഉണ്ണി പുറത്ത് നിൽക്കുന്നത് കണ്ട്…

കേറിവാടാ, എന്തിനാ വെറുതെ ബെല്ലടിച്ചേ, വാതിൽ തുറന്ന് വന്നു കൂടായിരുന്നോ..

ഉണ്ണി അകത്തേക്ക് കയറി..അമ്മേ ഏട്ടനെവിടെ…

അമ്മ മുറിയിലേക്ക് ചൂണ്ടികാട്ടി, ഉണ്ണി മുകളിലേക്ക് നടന്നു..

അമ്മ ഒരു ചായയിട്ടോ, ഞാനിപ്പോൾ താഴേക്ക് വരാം..

ഉണ്ണി രതീഷിന്റെ മുറിയിലേക്ക് ചെന്നു, കട്ടിലിൽ കിടക്കുകയായിരുന്നു അവൻ, ഉണ്ണി രതീഷിനെ തട്ടി വിളിച്ചു, ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ചുറ്റിലും നോക്കി, ഉണ്ണി അടുത്ത് നിൽക്കുന്നത് കണ്ട് ചാടി എഴുന്നേറ്റു…

നീയെന്താ ഇവിടെ…

ഞാൻ വെറുതെ നിന്നെയൊന്ന് കാണാൻ വേണ്ടി വന്നതാ, കല്യാണമൊക്കെയല്ലേ ഒന്ന് വിഷ് ചെയ്തിട്ട് പോവാമെന്ന് വിചാരിച്ചു…

ഓ… അറിഞ്ഞോ… എന്തേ നിനക്ക് അവളെക്കൂടി വേണമെന്നുണ്ടോ…

രതീഷിന്റെ ചോദ്യം കേട്ട് ഉണ്ണിയൊന്ന് ചിരിച്ചു..ആ അവസ്ഥ വരാതിരിക്കാനാ ഞാൻ നേരത്തെ ഇങ്ങോട്ട് വന്നത്…

ഉണ്ണി പേഴ്സിൽ നിന്നൊരു കാർഡെടുത്ത് രതീഷിനു നേരെ നീട്ടി, അവനത് വാങ്ങി നോക്കികൊണ്ട്…

എന്താണാവോ ഇത്…

മനശാന്തി ക്ലിനിക്, ടൗണിൽ നിന്ന് ഏടത്തിയമ്മയുടെ ഹോസ്പിറ്റലിലേക്ക് പോവുന്ന വഴി ലെഫ്റ്റ് സൈഡ് ബിൽഡിംഗ്‌, ഈ നമ്പറിൽ ബുക്ക്‌ ചെയ്താൽ രാവിലെ ഡോക്ടറെ കാണാം..

രതീഷ് കാർഡ് വലിച്ചെറിഞ്ഞു..നിന്റെ കൂടെയൊരു ഭ്രാന്തിയുണ്ടല്ലോ അവൾക്ക് കൊണ്ട് പോയി കൊടുക്ക്..

അപ്പോൾ നീ പോവില്ലാന്ന് ഉറപ്പിച്ചോ..

സൗകര്യമില്ല..രതീഷ് ദേഷ്യത്തോടെ പറഞ്ഞു..

ഉണ്ണി കയ്യിലുണ്ടായിരുന്ന പേപ്പർ ഉയർത്തി കാണിച്ചു..

എന്നാൽ പിന്നെ ഞാനീ പരാതി പോലീസ് സ്റ്റേഷനിൽ കൊടുത്തോട്ടെ…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *