പ്രിയം ~ ഭാഗം 22 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഈ പരാതി ഞാൻ പോലീസ് സ്റ്റേഷനിൽ കൊടുത്തോട്ടെ….? ഉണ്ണി കയ്യിലിരിക്കുന്ന പേപ്പർ തുറന്ന് കാണിച്ചു…

രതീഷ് പേപ്പറിലേക്കൊന്ന് നോക്കി..എന്ത് പരാതി എന്നെ പേടിപ്പിക്കാനൊന്നും നോക്കണ്ട, നീ പോലീസ് സ്റ്റേഷനിലോ റെയിൽവേ സ്റ്റേഷനിലോ എവിടെയാണെന്ന് വെച്ചാൽ കൊണ്ട് പോയി കൊടുക്ക്….

ഉറപ്പാണോ…ഉണ്ണി വാശിയോടെ നിൽക്കുന്ന രതീഷിനെ നോക്കി ചോദിച്ചു…

പോടാ നിന്നേ പേടിക്കേണ്ട ആവശ്യം എന്തായാലും തൽക്കാലം എനിക്കില്ല…

ഉണ്ണി പേപ്പറുമായി കട്ടിലിൽ ചാരി കിടന്നു…എന്നാൽ ഞാനതിന്റെ ഉള്ളടക്കം വായിക്കാം,നീ ശ്രദ്ധിച്ചു കേട്ടോണം..

രതീഷ് ഉണ്ണിയെ നോക്കാൻ തുടങ്ങി, ഉണ്ണി തുടർന്നു….

എന്റെ താൽപര്യമില്ലാതെ എന്നെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും, സമ്മതിക്കാത്ത സന്ദർഭങ്ങളിൽ ക്രൂരമായ ഉപദ്രവവും സമ്മതിക്കുന്ന സാഹചര്യത്തിൽ തീവ്രമായ പീഡനവും ഏൽക്കേണ്ടി വരുന്നു, ഇത്തരത്തിൽ തുടർന്ന് പോവാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ യാതൊരു ദയയും കാണിക്കാതെ വീട്ടിൽ നിന്ന് പുറത്താക്കുകയും പൊതുസമൂഹത്തിന് മുന്നിൽ ഭ്രാന്തിയെന്ന് മുദ്രകുത്തുകയും ചെയ്തു, ഈ അവസ്ഥയിൽ നിയമ വ്യവസ്ഥയെ മാത്രം വിശ്വസിക്കുന്നൊരു പെൺകുട്ടിയെന്ന നിലയിൽ പരാതി സ്വീകരിച്ച് ഇതിൽ പറയുന്ന വ്യക്തിക്കെതിരെ ശിക്ഷാ നടപടികൾ കൈകൊള്ളണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…

രതീഷ് ഇമവെട്ടാതെ ഉണ്ണിയെ നോക്കി..

എന്ന് ഗായത്രി, ഒപ്പ്…

ഉണ്ണി പേപ്പർ മടക്കി.

രതീഷ് കട്ടിലിലേക്കിരുന്നു…ഇതെന്തായാലും അവളുടെ പരാതിയല്ല, നിന്റെ തലയിൽ നിന്നു വന്ന കുബുദ്ധി ആവാനേ വഴിയുള്ളൂ…

ഉണ്ണിയൊന്ന് ചിരിച്ചു…അതെന്തെങ്കിലും ആവട്ടെ, പെട്ടെന്ന് തീരുമാനം പറ, എനിക്ക് ഈ വയ്യാത്ത വയറും വെച്ച് പോലീസ് സ്റ്റേഷനിലേക്ക് നടക്കാനുള്ളതാ…

രതീഷ് ജനലിന് പുറത്തേക്ക് നോക്കികൊണ്ടിരുന്നു…

ആലോചിക്കണോ…ഉണ്ണി സംശയത്തോടെ ചോദിച്ചു…

രതീഷ് ഉണ്ണിക്ക് നേരെ തിരിഞ്ഞു..ഞാൻ പറ്റില്ലാന്ന് പറഞ്ഞാലോ…

ഉണ്ണി കട്ടിലിൽ കണ്ണടച്ച് കിടന്നു..ധനനഷ്ടം, മാനഹാനി, കുടുംബക്കാരുടെ കുത്തുപറച്ചിൽ, അതും പോരാഞ്ഞിട്ട് ഈ അടുത്ത കാലത്തൊന്നും പെണ്ണും കിട്ടില്ല..

രതീഷ് വീണ്ടും പുറത്തേക്ക് തന്നെ തലതിരിച്ചു…

ഉണ്ണി വീണ്ടും അവനോടായി…ബെസ്റ്റ് ഓഫറാണ്, ഒന്ന് രണ്ട് മൂന്ന്, നാലാമതൊരാള് അറിയില്ല ഉറപ്പ്..

ഇതിന് ഇറങ്ങിയാൽ തന്നെ നാട്ടുകാരൊക്കെ അറിഞ്ഞോളും, പ്രത്യേകിച്ച് നിന്റെ കൂടെ വന്നാൽ…

ഉണ്ണി എഴുന്നേറ്റ് അവനടുത്തേക്ക് ചെന്നു..ആരും അറിയില്ല, കുറച്ച് ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിട്ട് മാറ്റമുണ്ടെന്ന് തോന്നിയാൽ നിർത്തിക്കോ…

രതീഷ് തലചൊറിയാൻ തുടങ്ങി…ദേഷ്യം വന്നിട്ടെനിക്ക് കണ്ണുകാണാൻ പറ്റുന്നില്ല, എന്ത് മനുഷ്യനാടാ നീ, ഇതിലും നല്ലത് എന്നെ കൊല്ലുന്നതായിരുന്നു…

ഓ… നിനക്കും വേദനിക്കുന്നുണ്ടോ, അപ്പോൾ ആലോചിക്കുന്നുണ്ട് മനസ്സിൽ ഇനിയെന്താ ഉണ്ടാവാന്ന്, നല്ലതാ, കൂട്ടത്തിൽ ഇങ്ങനെയും കൂടി ആലോചിച്ച് നോക്കാ, നാലു ചുമരുള്ള മുറിയിൽ നമ്മളെ മാത്രം വിശ്വസിച്ച് വരുന്നൊരു പെണ്ണിനെ വായയൊക്കെ മൂടി കെട്ടി ശ്വാസം പോലും വിടാൻ പറ്റാതെ രാവിലെ വരെ….

മതി… നിർത്ത്…രതീഷ് അലറി.

നിനക്ക് പൊള്ളുന്നുണ്ടോ, ഇനി നിനക്കറിയാത്ത ഒരു സത്യം കൂടി പറയട്ടെ, ഇത്രയും അനുഭവിച്ചിട്ടും ആ പെണ്ണ് മനസ്സുവിട്ട് കരഞ്ഞതെപ്പോഴാന്നറിയോ രണ്ട് ദിവസം മുന്നേ ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ, വേറെ ഒന്നും വേണ്ട അറ്റ്ലീസ്റ്റ് അതുമൊരു ജീവനുള്ള മനുഷ്യനാണെന്ന് ചിന്തിക്കുന്ന വരെ ഞാനിത് അവസാനിപ്പിക്കുമെന്ന് നീ പ്രതീക്ഷിക്കണ്ട…

രതീഷ് കുറച്ച് നേരം മിണ്ടിയില്ല…

എനിക്കിങ്ങനെ കാത്തു നിൽക്കുന്നതിന് വല്ല ഗുണവുമുണ്ടാവോ…? ഉണ്ണി അവന്റെ മറുപടിക്കുവേണ്ടി ഉറ്റു നോക്കി…

രതീഷ് ഒന്ന് ദീർഘശ്വാസമെടുത്തു…ഞാൻ വരാം, നിങ്ങളൊക്കെ കാരണം എനിക്കിപ്പോൾ ജോലി സ്ഥലത്തേക്ക് പോവാനൊന്നും പറ്റുന്നില്ല, ചുറ്റിലും കളിയാക്കലാ, ഇനിയിപ്പോൾ അതിന്റെ കൂടെ ഇതും ആയിക്കോട്ടെ…

രതീഷ് മുറിവിട്ട് താഴേക്കിറങ്ങി, ഹാളിലെ സോഫയിലിരുന്നു, അമ്മ അടുക്കളയിൽ നിന്ന് ചായയുമെടുത്ത് പുറത്തേക്ക് വന്നു..

നീ ഇവിടെ ഇരിക്കാണോ, ഉണ്ണി വന്നിട്ടുണ്ടായിരുന്നു കണ്ടില്ലേ…

കണ്ടു..അവൻ തലതാഴ്ത്തി തന്നെ ഉത്തരം നൽകി..

എന്നിട്ട് അവനെവിടെ..?

അമ്മേ ഞാനിവിടെയുണ്ട്…ഉണ്ണി സ്റ്റെപ്പിറങ്ങി താഴേക്ക് വന്നു, അമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിക്കാൻ തുടങ്ങി..

ബൂസ്റ്റ്‌ ഇട്ടില്ലേ…

നീ വാങ്ങിക്കൊണ്ട് വന്ന് വെച്ച പോലെയാണല്ലോ പറയുന്നത് കേട്ടാൽ…

ഞാൻ വാങ്ങിയാലെ എനിക്ക് തരൂന്നുണ്ടോ…

സംസാരത്തിനിടയിലാണ് ഉണ്ണിയുടെ കയ്യിൽ മടക്കിപിടിച്ച പേപ്പറുകൾ കണ്ടത്..

ഇതെന്താടാ നിന്റെ കയ്യിൽ…?

അമ്മയത് കയ്യിൽ നിന്ന് വാങ്ങാൻ നോക്കി, ഉണ്ണിയത് പുറകിലേക്ക് മാറ്റി…

അമ്മയെന്താ കാട്ടണെ…

അതെന്താണെന്ന് കാണിക്ക്, ഞാൻ നോക്കട്ടെ…

ഉണ്ണി ചായ ഗ്ലാസ്‌ അമ്മക്ക് കൊടുത്ത് പേപ്പറുകൾ അമ്മക്ക് കാണിച്ചു..

വേറെയൊന്നുമല്ല ആധാരം, ഇത് പണയം വെച്ചിട്ട് വേണം വീടുപണി തുടങ്ങാൻ…

അമ്മ ദേഷ്യത്തോടെ അവനെ നോക്കി.നിനക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ, ആകെയുള്ള സ്ഥലവും ബാങ്കുകാർക്ക് കൊണ്ടുപോയി കൊടുക്കണോ..

പിന്നെ ഇത് ഞാൻ അവർക്ക് സ്ത്രീധനമായിട്ട് കൊടുക്കാനാണല്ലോ പോവുന്നത്…ഉണ്ണി പേപ്പർ മടക്കി കയ്യിൽ പിടിച്ചു.

നീ പോവാണോ…

പോട്ടെ… പോയിട്ട് രാവിലേ വരാം..

നീ ഇങ്ങോട്ട് വരേണ്ട, ഞാൻ കാറുമെടുത്ത് അങ്ങോട്ട് വരാം…രതീഷ് ഉണ്ണിയെ നോക്കി മറുപടി പറഞ്ഞു..

എങ്ങോട്ടാ രണ്ടാളും കൂടി പോവുന്നത്..? അമ്മ സംശയത്തോടെ ചോദിച്ചു..

അതൊക്കെയുണ്ട്, അമ്മയോട് അവസാനം പറഞ്ഞുതരാം..

എന്തായാലും രണ്ടാളും ഒരുമിച്ചല്ലേ, നന്നായി..അമ്മ നെഞ്ചിൽ കൈവെച്ചു..

ഉണ്ണി പുറത്തേക്കിറങ്ങി നടന്നു, വീട്ടിലെത്തിയപ്പോൾ ഗായത്രി മുറ്റത്തുകൂടി നടക്കുന്നുണ്ടായിരുന്നു…

എന്താ എടത്തിയമ്മ വെയിറ്റ് കുറക്കാനാണോ വീടിനു ചുറ്റും നടക്കുന്നത്…

ഗായത്രി ചിരിക്കാൻ തുടങ്ങി..പിന്നെ.. പിന്നെ… ഞാനിനിയും വെയിറ്റ് കുറഞ്ഞാൽ തോട്ടിയാക്കാനേ പറ്റൂ.

ഉണ്ണി പുറത്തെ സ്റ്റെപ്പിലിരുന്നു, ഗായത്രി അവനരുകിലേക്ക് നീങ്ങി…

അല്ല ഉണ്ണി നീ എവിടെ പോയതാ…

ഉണ്ണിയൊന്ന് തലയുയർത്തി. ഞാനോ… ഞാൻ വീട്ടിലേക്ക് പോയതാ ..

എന്തിന്…? ഗായത്രി ആകാംക്ഷയോടെ ചോദിച്ചു.

ഉണ്ണി കയ്യിലിരുന്ന ആധാരം ഉയർത്തി കാണിച്ചു..ഇതെടുക്കാൻ… നാളെ ലോണിന്റെ പേപ്പറൊക്കെ ശരിയാക്കണം…

ലോൺ പെട്ടെന്ന് കിട്ടോ, കുറെ ഫോർമാലിറ്റീസില്ലേ…?

എനിക്ക് ഇത് തന്നെയല്ലേ പണി, നമ്മൾക്കാദ്യം കയ്യിലുള്ളത് കൊണ്ട് വീട് പണി തുടങ്ങാം, ബാക്കിയൊക്കെ ഇത് കിട്ടിയിട്ട്…

അതായത് പെട്ടെന്ന് തന്നെ നമ്മൾക്ക് പുതിയ വീട്ടിലേക്ക് കയറാമെന്ന് സാരം..ഗായത്രി പറഞ്ഞു നിർത്തി..

ഉണ്ണിയുടെ അരികിലേക്ക് പ്രിയ വന്നിരുന്നു.

നീ ഇതിനകത്തുണ്ടായിരുന്നോ, ഒരു ഒച്ചയും ബഹളവുമില്ലല്ലോ, നിനക്ക് ഇങ്ങനെയൊക്കെ ഇരിക്കാൻ അറിയോ..

ഞാനല്ലെങ്കിലും പാവം തന്നെയാ, പിന്നെ നിങ്ങളുടെ കൂടെയൊക്കെ പിടിച്ചു നിൽക്കാൻ വേണ്ടിയിട്ട് കുറച്ച് അധികം സംസാരിക്കുന്നു എന്നേയുള്ളൂ…

അത് ശരിയല്ല, ഞങ്ങളെ സംസാരിക്കാനേ സമ്മതിക്കുന്നില്ല എന്നതാണ് സത്യം..
ഉണ്ണി അവളെ കളിയാക്കികൊണ്ട് പറഞ്ഞു..

അയ്യടാ, എന്നെ കളിയാക്കൊന്നും വേണ്ട, ഞാനിങ്ങനെ മിണ്ടുന്നതുകൊണ്ടാ രക്ഷപെട്ടു പോവുന്നേ…

എന്തായാലും നിനക്ക് ഭാഗ്യമുണ്ട്, നേരെ പുതിയ വീട്ടിൽ കയറാലോ, അതിന് മുമ്പ് നിന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ പറ, അതോ ഞാനവരോടൊക്കെ യുദ്ധം ചെയ്യേണ്ടി വരോ…

പ്രിയ ഒരു നിമിഷം നിശ്ചലമായി, വാക്കുകൾ പെറുക്കാൻ തുടങ്ങി..

എന്തേ മറുപടി കിട്ടുന്നില്ലേ…ഉണ്ണി അവളെ നോക്കികൊണ്ടിരുന്നു..

കണ്ണുകൾ ഈറനണിയുന്നതിനിടയിലും അവളൊന്ന് കൃത്രിമമായി ചിരിച്ചു..നീ പേടിക്കണ്ട, അവരെന്തായാലും സമ്മതിക്കും…

ഗായത്രി അവളുടെ അരികിലേക്ക് വന്നു..വാ, നീ ഇങ്ങനെ അതൊക്കെ ആലോചിച്ചിട്ട് ടെൻഷൻ അടിക്കേണ്ട, നമ്മുക്ക് നാലു റൗണ്ട് കറങ്ങിയിട്ട് വരാം..

പ്രിയയെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു..ഉണ്ണിയെയൊന്ന് നോക്കി ഗായത്രിയുടെ കൂടെ നടന്നു…

സമയം വേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങി… പ്രിയയെ അന്നത്തെ ദിവസവും ഫൈസിയെ വിട്ട് ബസ്സ്റ്റോപ്പിലേക്ക് പറഞ്ഞയച്ചു, ഗായത്രി രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് കിടക്കാനായി റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് ഉണ്ണി പുറകിൽ നിന്ന് വിളിച്ചത്…

എടത്തിയമ്മ ഈ ഡ്രെസ്സൊന്ന് അയൺ ചെയ്ത് തരോ…

ഗായത്രി ഉണ്ണിയുടെ കയ്യിൽ നിന്ന് ഷർട്ട്‌ വാങ്ങി നിവർത്തി നോക്കി..

കൊള്ളാലോ, ഇത് നീ പുതിയതെടുത്തതാണോ…?

എടുത്തിട്ട് കുറച്ച് ദിവസമായി, ഇപ്പോഴാ ഇടാൻ തോന്നിയത്, ഒരു നല്ല കാര്യത്തിന് പോവുമ്പോൾ നല്ല ഷർട്ട്‌ ഇട്ടിട്ട് പോവാലോ വിചാരിച്ചു…

അതിന് നീ എങ്ങോട്ടാ പോവുന്നത്… ഓ മനസ്സിലായി നാളെ ബാങ്കിൽ പോവാൻ വേണ്ടിയല്ലേ…

ഉം… ബാങ്കിലും പോകണം.ഉണ്ണി സോഫയിൽ വന്നിരുന്നു, ഗായത്രി അയൺ ചെയ്ത് ഷർട്ട്‌ ടേബിളിൽ വെച്ചു, ഉണ്ണിയോട് ഗുഡ് നൈറ്റ് പറഞ്ഞ് കിടക്കാൻ പോയി, കുറച്ച് നേരം സോഫയിൽ ഇരുന്ന് ഫോണിൽ നോക്കി ഉണ്ണിയും മുറിയിൽ പോയി കിടന്നു…

പിറ്റേദിവസം രാവിലെ…..

ഉണ്ണി നേരത്തെ റെഡിയായി ഹാളിലേക്ക് വന്നു, ഉണ്ണിയെ കണ്ട് ഗായത്രി ക്ലോക്കിലേക്ക് നോക്കി…

ഇന്നെന്താ എന്റെ കുട്ടി നേരത്തെ, അലാറം വെച്ചത് മാറിപ്പോയോ…

രാവിലേ തന്നെ കളിയാക്കലോ, ഇന്ന് പോയിട്ട് പെടാതിരുന്നാൽ മതിയായിരുന്നു..
ഉണ്ണി ഗായത്രിയെ നോക്കി..

ഇന്ന് എടത്തിയമ്മ ബസ്സിൽ പോവോ എനിക്ക് കുറച്ച് തിരക്കുണ്ട്…

ശരി, ബസ്സ്റ്റോപ്പിലേക്ക് നടക്കാവുന്ന ദൂരമല്ലേയുള്ളൂ ഞാൻ നടന്നോളാം..

അതായാലും മതി, അല്ലെങ്കിൽ വേണ്ട ഞാൻ ഫൈസിയോട് ജോലിക്ക് പോവുന്ന വഴിക്ക് ഇറക്കാൻ പറയാം…

അങ്ങനെയെങ്കിൽ അങ്ങനെ..

ഗായത്രി ഉണ്ണിക്ക് കഴിക്കാൻ വിളമ്പി..

ഞാൻ വന്നിട്ട് അവിടെ നിന്നിറങ്ങിയാൽ മതി…

അതും ശരി, നീയാദ്യം കഴിക്കാൻ നോക്ക്..

പുറത്തൊരു കാറിന്റെ ഹോണടി കേട്ട് ഗായത്രി പുറത്തേക്ക് പോവാൻ നിന്നപ്പോൾ ഉണ്ണി തടഞ്ഞു..

എടത്തിയമ്മ കഴിച്ചിട്ട് ഡ്രസ്സ്‌ മാറിക്കോ, നമ്മുക്ക് വൈകുന്നേരം കാണാം..

ഉണ്ണി പെട്ടെന്ന് കൈകഴുകി പുറത്തേക്കിറങ്ങി, കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി, രതീഷ് കാർ വേഗത്തിൽ വിട്ടു, ക്ലിനിക്കിന് മുന്നിൽ നിർത്തി, രണ്ടുപേരും പുറത്തേക്കിറങ്ങി, ഉണ്ണി രതീഷിനെയൊന്ന് നോക്കി…

ഏട്ടനെങ്ങടാ പെണ്ണുകാണാൻ പോവുന്നോ, കളർഫുൾ ആയിരിക്കുന്നല്ലോ…

നീ വാചകമടിക്കാതെ അകത്തേക്ക് പോയി ചോദിച്ചു നോക്ക് ഡോക്ടർ വന്നോന്ന്…

അങ്ങനെ ഒറ്റക്ക് പോവില്ല നീയും വാ..

രതീഷും ഉണ്ണിയുടെ കൂടെ അകത്തേക്ക് നടന്നു, അത്യാവശ്യം തിരക്കുണ്ട്, രതീഷ് കസേരയിലിരുന്നു…

നീ പോയി ചോദിക്ക്..രതീഷ് ഉണ്ണിയോട് പറഞ്ഞു.

ഉണ്ണി റിസെപ്ഷനരുകിലേക്ക് ചെന്നു, അവിടെയുള്ള ആളോട് ചോദിച്ചു നോക്കി, അയാൾ റീസെപ്ഷനിസ്റ്റ് ഇപ്പോൾ വരും ഒരു മിനിറ്റ് ഇരിക്കാൻ പറഞ്ഞു, ഉണ്ണി തിരിച്ചു വന്ന് രതീഷിന്റെ അടുത്തായി ഇരുന്നു, രതീഷ് ഫോണിൽ നോക്കികൊണ്ടിരിക്കുമ്പോഴാണ് റിസെപ്ഷനിസ്റ്റ് കൗണ്ടറിലേക്ക് വന്നത്, രതീഷ് അവളെ കണ്ട് ഞെട്ടി…

സാമദ്രോഹി നീ വേണം വെച്ചിട്ട് ഇങ്ങോട്ട് കൊണ്ടുവന്നതല്ലേ…

എന്തൊക്കെയാ ഏട്ടൻ പറയുന്നേ..

ഉണ്ണി കാര്യം മനസ്സിലാവാതെ രതീഷ് നോക്കുന്നിടത്തേക്ക് നോക്കി…

തലയിൽ കൈവെച്ചു..

ദൈവമേ പെട്ടു ഇവളോ….ഇവളെന്താ ഇവിടെ..?

തുടരും…

Leave a Reply

Your email address will not be published. Required fields are marked *