പ്രിയം ~ ഭാഗം 23 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഇവളോ… ഇവളെന്താ ഇവിടെ…ഉണ്ണി റിസെപ്ഷനിലേക്ക് കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു…

അഭിനയിക്കല്ലേ…നീ വേണം വെച്ചിട്ട് ഇവളുള്ള സ്ഥലം നോക്കി വിളിച്ചോണ്ട് വന്നതല്ലേ….

വെറുതെ ഓരോന്ന് പറയല്ലേ, സത്യായിട്ടും ഇവളെ ഇപ്പോഴാ ഞാനാദ്യമായിട്ട് ഇവിടെ കാണുന്നത്, അന്ന് വന്നപ്പോൾ വേറെയൊരു ആളായിരുന്നു റിസെപ്ഷനിൽ ….

ഇനി നുണ പറഞ്ഞു കഷ്ടപെടണ്ട, നമ്മുക്ക് പോവാം, വേറെയും ആശുപത്രിയുണ്ടല്ലോ….

അതെങ്ങനെ ശരിയാവും, ഈ ഡോക്ടറെ കാണിക്കണമെങ്കിൽ ഇവിടെ തന്നെ വരണ്ടേ…

നടക്കില്ല ഞാൻ പോവാ…രതീഷ് കസേരയിൽ നിന്നെഴുന്നേറ്റു..

ഏട്ടാ ഒന്ന് നിൽക്ക്…

രതീഷ് തിരിഞ്ഞു നോക്കി…

ഉണ്ണി പോക്കറ്റിൽ നിന്ന് പേപ്പറെടുത്ത് രതീഷിനു നീട്ടി…

പോകുന്ന വഴിക്ക് പോലീസ് സ്റ്റേഷനിൽ കൊടുത്തേക്ക്…

രതീഷ് തിരിച്ചു കസേരയിൽ വന്നിരുന്നു, ഉണ്ണി അവനെ ആശ്വസിപ്പിച്ചു..

നിന്നെ അല്ലെ അവൾക്ക് ഓർമ്മയുണ്ടാവൂ എന്നെയുണ്ടാവില്ലല്ലോ, ഞാൻ പോയിട്ട് പറഞ്ഞിട്ട് വരാം…

രതീഷ് ഉണ്ണിയെയൊന്ന് നോക്കി..

ഏട്ടൻ പേടിക്കണ്ട ഞാനില്ലേ ഇപ്പോ ശരിയാക്കി തരാം…

ഉണ്ണി എഴുന്നേറ്റ് റിസെപ്ഷനിലേക്ക് ചെന്നു…

ടോക്കൺ നമ്പർ സെവൻ ഞാനാണ്, ഇവിടെ വന്നാൽ റിപ്പോർട്ട്‌ ചെയ്യാൻ പറഞ്ഞിട്ടുണ്ടായിരുന്നു..

അവൾ മോണിറ്ററിൽ നിന്ന് തലയുയർത്തി..

ഡോക്ടർ വരാറായോ….?

ഉണ്ണിയുടെ ചോദ്യം കേട്ടിട്ടും അവൾ കണ്ണെടുക്കാതെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു…

ടോക്കൺ സെവൻ…ഉണ്ണി വീണ്ടും അവളോടായി പറഞ്ഞു..

അതിങ്ങനെ ഇടക്ക് ഇടക്ക് പറയണമെന്നില്ല, അതുപോട്ടെ സാറെന്താ ഇവിടെ….

ഉണ്ണി ചുറ്റിലുമൊന്ന് നോക്കി..എന്നോടാണോ…?

ഏയ് നിന്നോടല്ലാ നിന്റെ പുറകിൽ വേറെ നൂറാള് നിൽക്കുന്നുണ്ടല്ലോ അവരോടാ…

ഉണ്ണിയൊന്ന് ചിരിച്ചു..തമാശയായിരിക്കുമല്ലേ, എന്നാലും ആളുമാറിയിട്ടൊന്നുമല്ലല്ലോ ചോദിക്കുന്നെ, വേണമെങ്കിലൊന്ന് ആലോചിച്ച് നോക്കിക്കോ….

ഒരു ആളുമാറലുമില്ല, നീ രതീഷിന്റെ അനിയൻ തന്നെയല്ലേ, അതോ വർഷങ്ങൾ കുറച്ച് കഴിഞ്ഞപ്പോൾ ഏട്ടനായോ…

അവനോട് നല്ല ദേഷ്യമുണ്ടല്ലേ, ആളൊരു പാവാ….

അല്ലെങ്കിലും നീയും നിന്റെ ഏട്ടനും പണ്ടുതൊട്ടേ പാവമാണല്ലോ…

പഴയതൊക്കെ നല്ല ഓർമയുണ്ടല്ലോ, എന്നെയെങ്കിലും മറക്കായിരുന്നു…

ഒരു മറവിയുമില്ല, നീയെന്റെ അളിയനല്ലേ…

അത് അവൻ കെട്ടിയിരുന്നെങ്കിലല്ലേ…

ആ അതാ ഞാൻ ചോദിക്കുന്നെ ഇപ്പോൾ നിന്റെ ഏട്ടൻ ഏത് രാജ്യത്തെ രാജേകുമാരിയെയാണാവോ കെട്ടിയിരിക്കുന്നെ…

ഉണ്ണി തലതാഴ്ത്തി ചിരിച്ചു…

നീ ഒന്നും പറഞ്ഞില്ല എന്താ ഇവിടെ, ആരെ കാണിക്കാനാ…

ഉണ്ണിയൊന്ന് പരുങ്ങി..അതുപിന്നെ പരിചയത്തിലുള്ള ഒരാളെ കാണിക്കാൻ വന്നതാ, അപ്പോഴാ രശ്മിയെ കണ്ടത്…

ഹാവൂ പേരൊക്കെ ഓർമ്മയുണ്ടല്ലോ…

എനിക്ക് മിസ്സായി പോയ ഏടത്തിയമ്മയല്ലേ മറക്കാൻ പറ്റോ…

ശരി.. ശരി.. നീ പേഷ്യന്റിന്റെ പേര് പറ…

ഉണ്ണിയൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് രശ്മി വീണ്ടും ചോദിച്ചു…

വേഗം പറ ബാക്കിയുള്ളവരെയും നോക്കണ്ടേ…

ഉണ്ണിയൊന്ന് കൈകൊണ്ട് മറച്ച് ശബ്ദം താഴ്ത്തികൊണ്ട്…രതീഷ്…..

രശ്മി അവനെ ഉറ്റുനോക്കി…ഓ… അനിയൻ ഏട്ടനെ കാണിക്കാൻ വന്നതാണോ…

ഏയ്… ഏട്ടനല്ല ഏട്ടനെ പോലെ ഒരാൾ…

രശ്മി ചുറ്റിലും നോക്കി…അത് ഇപ്പോൾ എനിക്ക് മനസ്സിലായി, എവിടെയാ ഇരിക്കുന്നതെന്ന് മാത്രം പറ…

ഉണ്ണി അവളുടെ അടുത്തേക്ക് തലകൊണ്ടുപോയി…ആ ഇടതുവശത്തെ കസേരയിലിരിക്കുന്നുണ്ട്, പെട്ടെന്ന് നോക്കല്ലേ…

അവൾ ഉണ്ണി പറഞ്ഞ സ്ഥലത്തേക്ക് നോക്കി…ഇവനെന്തിനാ ടവലൊക്കെ മുഖത്ത് കെട്ടിയിരിക്കുന്നെ…

ഉണ്ണിയൊന്ന് തിരിഞ്ഞു നോക്കി…അത് ഡസ്റ്റ് അലർജി…

അവളൊന്ന് ചിരിച്ചു..അത് മാത്രേ അലർജിയുള്ളോ എന്നെയൊന്നുമില്ലേ, എന്നെ കണ്ടിട്ടും ഇവിടെ തന്നെ ഇരിക്കുന്നത് കൊണ്ട് ചോദിക്കുന്നതാ…

അത് അവനായിട്ട് ഇരിക്കുന്നതല്ലല്ലോ ഞാനായിട്ട് പിടിച്ചിരുത്തിയതല്ലേ…

എന്താ അവന് പ്രശ്നം…അവൾ ആകാംക്ഷയോടെ ചോദിച്ചു..

അതെന്താണെന്ന് വെച്ചാൽ…ഉണ്ണിയൊന്ന് കൂടി രതീഷിനെ തിരിഞ്ഞു നോക്കി…

രാത്രിയിൽ ഒറ്റക്ക് കിടക്കാൻ പേടി…

രശ്മി അത്ഭുതത്തോടെ…അതെന്താ ഇത്രയായിട്ടും അവന്റെ കല്യാണം കഴിഞ്ഞില്ലേ…

കഴിഞ്ഞിട്ടുണ്ടോന്ന് ചോദിച്ചാൽ…ഉണ്ണി ആലോചിക്കാൻ തുടങ്ങി..

നീ ആ വീട്ടിലല്ലേ, അതോ നുണയൊന്നും കിട്ടുന്നില്ലേ…

ഉണ്ണി വീണ്ടും ചിരിച്ചു..രണ്ടും…

ബെസ്റ്റ്, എന്നാൽ നുണ പറഞ്ഞു ബുദ്ധിമുട്ടണ്ട..

രശ്മിയുടെ കല്യാണം കഴിഞ്ഞില്ലേ, ഹസ്ബൻഡ് എന്ത് ചെയ്യുന്നു…

അവൾ മോണിറ്ററിലേക്ക് തല തിരിച്ചു..ഞാൻ കെട്ടിയിട്ടില്ല, നിന്റെ ഏട്ടനെ പോലെ സെക്കന്റിന് സെക്കന്റിന് ആളെ മാറ്റാൻ പറ്റില്ലല്ലോ….

അല്ല അപ്പോൾ എന്താ എഞ്ചിനീയറിംഗ് പ്രൊഫഷൻ വിട്ടത്, ഇവിടെ ഇങ്ങനെ റിസെപ്ഷനിസ്റ്റ് ആയിട്ട്…

ഞാൻ ബാംഗ്ലൂർ ആയിരുന്നു, കുറച്ചു മാസം മുമ്പേ അമ്മക്ക് ഹാർട്ട്‌ ഓപ്പറേഷനൊക്കെയായി ലീവ് ആയിപോയി, അപ്പോൾ പിന്നെ അവിടെ തുടർന്നില്ല, ഇവിടെ നോക്കാമെന്നു വെച്ചാൽ നല്ലതൊന്നും കിട്ടുന്നുമില്ല, ശരി വെറുതെ ഇരുന്ന് സമയം പോവാണല്ലോ വിചാരിച്ച് എന്റെ പരിചയത്തിലുള്ള ആളാ നേരത്തെ ഇവിടെയുണ്ടായിരുന്നത് മൂപ്പരാ ഇവിടെ ശരിയാക്കി തന്നത്, പോക്കറ്റ് മണിയെങ്കിലും ആവുമല്ലോ…

ഉം…ഉണ്ണിയൊന്ന് മൂളി…

ശരിക്കുമെന്താ കല്യാണം കഴിക്കാതിരുന്നേ..?

ഞാൻ പറഞ്ഞല്ലോ എനിക്ക് വേറെ താല്പര്യം തോന്നിയില്ല, നിന്റെ ഏട്ടനെയാണെകിൽ മനസ്സിൽ നിന്ന് പോവുന്നുമില്ല, ഒന്നും രണ്ടുമല്ല 10 വർഷം കൂടെയുണ്ടായിരുന്നതല്ലേ, എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല, അതും വെച്ചോണ്ടെങ്ങനെയാ വേറെ കെട്ടുന്നേ…അവൾ തലയുയർത്താതെ തന്നെ മറുപടി പറഞ്ഞു..

അവനെ കോൺടാക്ട് ചെയ്തുകൂടായിരുന്നോ…?

ഉം.. എന്നിട്ടോ.. ഞാനല്ല തേച്ചത് നിന്റെ ഏട്ടനാ, അതും കൂടി ഓർമയിലേക്ക് വരട്ടെ, എന്നിട്ട് അടുത്ത ചോദ്യം ചോദിക്ക്…

അതും മനസ്സിലുണ്ട്…

ഡോക്ടർ 5 മിനിറ്റിൽ വരും, നീ അവിടെ വെയിറ്റ് ചെയ്യ്…

ഉണ്ണി തിരിച്ചു വന്ന് രതീഷിനരുകിൽ ഇരുന്നു..

എന്ത് പറയുന്നു അവൾ…രതീഷ് ഉണ്ണിയെ നോക്കി ചോദിച്ചു..

അവളെന്ത് പറയാൻ, ഒരു പൊട്ടൻ ചതിച്ചിട്ട് പോയതിയതിനു ശേഷം കല്യാണം കഴിക്കാതെ കന്യകയായിട്ട് ഇരിക്കാണെന്ന് പറഞ്ഞു…

അവള് കല്യാണം കഴിച്ചില്ലേ…രതീഷ് അത്ഭുതത്തോടെ ചോദിച്ചു.

നീയൊക്കെ എന്ത് തോൽവിയാടാ ഏട്ടാ പ്രേമിച്ച പെണ്ണിന്റെ ഇപ്പോഴത്തെ സ്ഥിതി പോലും അറിയില്ലാന്ന് വെച്ചാൽ…

അതിന് ഞാൻ വേറെ കെട്ടിയില്ലേ, അതുംപോരാഞ്ഞ് ഞാനല്ലല്ലോ അവളല്ലേ വേണ്ടാന്ന് വെച്ചിട്ട് പോയത്, പിന്നെ ഞാനെന്തിന് അന്വേഷിക്കണം…

അങ്ങനെയാണെങ്കിൽ ഇപ്പോഴെന്തിനാ എന്നോട് ചോദിക്കുന്നേ മിണ്ടാതെ അവിടെ ഇരുന്നാൽ പോരെ..

അതാ നല്ലത്..

രതീഷ് പഴയ പോലെ ഫോണെടുത്ത് നോക്കാൻ തുടങ്ങി, ഉണ്ണി ചുറ്റിലും കണ്ണോടിച്ചു, വെറുതെയൊന്ന് രതീഷിനെ നോക്കിയപ്പോൾ അവൻ ഇടക്ക് തല പൊക്കുകയും താഴ്ത്തുന്നതും കണ്ട് ഉണ്ണി ശ്രദ്ധിക്കാൻ തുടങ്ങി, അവൻ നോക്കുന്നിടത്തേക്ക് ഉണ്ണിയും തലതിരിച്ചു..

ആ… ഇവളെ വായ്‌നോക്കാണോ..

ഉണ്ണി തലതാഴ്ത്താൻ നിന്നപ്പോഴാണ് ഇതേ പ്രതിഭാസം അപ്പുറത്തെ സൈഡിലും കണ്ടത്….

ശ്ശെടാ ഇവരെന്താ കണ്ണും കണ്ണും നോക്കി കളിക്കേ..

ഉണ്ണി രതീഷിനെ തട്ടി വിളിച്ചു..

എന്താടാ…അവൻ ഉണ്ണിയെ നോക്കി ചോദിച്ചു.

അല്ല എന്താ പരിപാടി…

എന്ത് പരിപാടി ഞാൻ ഫോണിൽ നോക്കുന്നത് കാണാനില്ലേ…

അതാ ഞാനും ചോദിക്കുന്നത് ഫോണിൽ നോക്കിയാൽ പോരെ ആളെ നോക്കണോ.

ഞാനാരെ നോക്കി, കുറെ നേരം തലതാഴ്ത്തിയിരുന്നപ്പോൾ കഴുത്ത് വേദനിച്ചു, അതുകൊണ്ടൊന്ന് മുന്നിലേക്ക് നോക്കി അത് തെറ്റാണോ…

ഓ ഒരു സത്യസന്ധൻ, ഒന്ന് കെട്ടിയതിന്റെ പരിഹാരത്തിനാ ഇവിടെ വന്നിരിക്കുന്നത് എന്ന് വല്ല ബോധവുമുണ്ടോ…

നീ അധികമൊന്നും സംസാരിക്കേണ്ട, ഞാൻ അറിയാതെ അവളെയൊന്ന് നോക്കി, ഇനി നോക്കുന്നില്ല…

അങ്ങനെ ഒതുങ്ങിയിരിക്ക് അവിടെ…

സംസാരത്തിനിടയിൽ ഡോക്ടർ വന്നു, വൈകുന്നേരം വരെ ഓരോ കാര്യങ്ങൾ പറഞ്ഞ് ക്ലിനിക്കിൽ ഇരിക്കേണ്ടി വന്നു, അവസാനം പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങി, കാറിന്റെ ഡോർ തുറന്ന് രതീഷ് അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് ഉണ്ണി ഒരു മിനുട്ടെന്ന് പറഞ്ഞ് ക്ലിനിക്കിലേക്ക് തിരിച്ചു പോയത്, റിസെപ്ഷനിലേക്ക് ചെന്നു, രശ്മിയുടെ അരികിലെത്തിയപ്പോൾ…

ഒരു കാര്യം ചോദിക്കട്ടെ..

ഉണ്ണിയെ കണ്ട് അവളൊന്ന് നോക്കി..എന്താണാവോ..

നമ്പർ തരോ…

രശ്മി മുന്നിലിരുന്ന ബോക്സിൽ നിന്ന് കാർഡ് എടുത്ത് നീട്ടി…

അയ്യോ ക്ലിനിക്കിന്റെ അല്ല രശ്മിയുടെ നമ്പർ…

അവളൊന്ന് ഉണ്ണിയെ ശരിക്കും നോക്കി. എന്താ ഉദ്ദേശം…?

കാര്യമുണ്ട്, ഞാൻ സൗകര്യം പോലെ പറഞ്ഞു തരാം..

ഉം..അവളൊന്ന് മൂളിയിട്ട് ഒരു പേപ്പർ കഷ്ണത്തിൽ എഴുതി കൊടുത്തു..

എനിക്ക് മെസ്സേജ് അയച്ചിട്ടേ വിളിക്കാവൂ, അല്ലെങ്കിൽ ഞാൻ എടുക്കില്ല..

ഓക്കേ..

ഉണ്ണി അവിടെ നിന്നിറങ്ങി കാറിലേക്ക് കയറി..

നീ എവിടെ പോയതാ…?

കുറച്ച് വെള്ളം കുടിക്കാൻ..രതീഷിന്റെ ചോദ്യത്തിന് ഉണ്ണി ഉത്തരം നൽകി..

അതെന്താ അവളുടെ കയ്യിൽ നിന്നു തന്നെ വെള്ളം കുടിക്കണോ…

ഉണ്ണിയൊന്ന് ചിരിച്ചു..നിനക്കോ യോഗമില്ല,ഞാനെങ്കിലും ഒരു ഗ്ലാസ്‌ വെള്ളം കുടിക്കട്ടെ..

രതീഷ് വണ്ടി തിരിക്കാൻ തുടങ്ങി..

ഏട്ടനെങ്ങോട്ടാ…

വീട്ടിലേക്ക് അല്ലാതെ എവിടെ പോവാൻ, എനിക്ക് വിശക്കുന്നുണ്ട്…

ഒരു വിശപ്പുമില്ല, നേരെ ഏടത്തിയമ്മയുടെ ഹോസ്പിറ്റലിലേക്ക് വിട്…

പറ്റില്ല, ഇത് ഓട്ടോറിക്ഷ ഒന്നുമല്ല നിന്റെ സൗകര്യത്തിന് കൊണ്ട് നടക്കാൻ വേണമെങ്കിൽ നടന്ന് പോ…

ഏട്ടൻ തമാശ കളിക്കല്ലേ, ഞാൻ പേഴ്സ് എടുത്തിട്ടില്ല, വീട്ടിൽ ചെന്നിട്ട് പെട്രോളിന്റെ ക്യാഷ് തരാം…

നിന്റെ കാശൊന്നും വേണ്ട, ഓട്ടോയുടെ ചാർജ് വേണമെങ്കിൽ ഞാൻ അങ്ങോട്ട് തരാം…

ചുമ്മാതെയിരി ഏട്ടാ, കാറുള്ളപ്പോൾ എന്തിനാ ഓട്ടോ…

ഇവനെക്കൊണ്ട് വലഞ്ഞു…

രതീഷ് മനസ്സിലാമനസ്സോടെ കാർ എടുത്ത് ഗായത്രിയുടെ ഹോസ്പിറ്റലിലേക്ക് തിരിച്ചു, മുന്നിലായി നിർത്തി, ഉണ്ണി ഫോൺ എടുത്ത് പ്രിയയുടെ നമ്പറിൽ വിളിച്ചു..

നിനക്ക് ഇറങ്ങി പോയി വിളിച്ചൂടെ…ഉണ്ണി ഫോൺ വിളിക്കുന്നത് കണ്ട് രതീഷ് ചോദിച്ചു…

ആ അടവ് ഏട്ടൻ മനസ്സിൽ വെച്ചാൽ മതി, എന്നിട്ട് കാർ എടുത്ത് ഓടാനല്ലേ…

എന്നാൽ നീ എന്തെങ്കിലും ചെയ്യ്…

ഉണ്ണി ഫോൺ വിളിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രിയും പ്രിയയും താഴേക്കിറങ്ങി വന്നു, രതീഷിന്റെ കാർ കണ്ടപ്പോൾ ഗായത്രിയൊന്ന് നിന്നു, ഉണ്ണി ഗ്ലാസ്‌ താഴ്ത്തി കൈ കാണിച്ച് അടുത്തേക്ക് വിളിച്ചു, ഉണ്ണിയെ കണ്ട് ഗായത്രി അരികിലേക്ക് വന്നു..

എടത്തിയമ്മ കയറ്, പോയിട്ട് പണിയുള്ളതാ…

ഗായത്രി കാറിലേക്ക് കയറി, ഉണ്ണി പ്രിയയോട് കൈ കാണിച്ച് വീട്ടിലേക്ക് തിരിച്ചു, വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ രണ്ട് പേരും ഇറങ്ങി, പോകാൻ നേരം ഉണ്ണി രതീഷിനോട്…

അടുത്തതിന് നീ ഇങ്ങോട്ട് വരോ അതോ ഞാനങ്ങോട്ട് വരണോ..

ഞാൻ വന്നോളാം..രതീഷ് കാറെടുത്ത് പോയി..

വാതിൽ തുറന്ന് അകത്തേക്ക് കയറി ഗായത്രി ഉണ്ണിയെയൊന്ന് നോക്കി..

എവിടെ പോയതാ രണ്ടാളും കൂടി…

അവനെയും കൊണ്ട് മനശാന്തിയിൽ കാണിക്കാൻ…

ഗായത്രി അത്ഭുതത്തോടെ…ഏട്ടൻ സമ്മതിച്ചോ…

സമ്മതിപ്പിച്ചു…

നീയാള് കൊള്ളാലോ..

പിന്നല്ലാതെ…

ഡ്രെസ്സൊക്കെ മാറി സോഫയിലിരിക്കുമ്പോഴാണ് അമ്മ വരുന്നത് കണ്ടത്, ഉണ്ണി എഴുന്നേറ്റ് പുറത്തേക്കിറങ്ങി…

അമ്മ എന്താ പെട്ടെന്ന് ഇങ്ങോട്ട്…

അതെന്താ വരാൻ പാടില്ലേ…

വന്നോ ആരാ വരണ്ടാ പറഞ്ഞേ, എന്താ ഇപ്പോൾ വന്നതിന്റെ കാരണമെന്നാ ചോദിച്ചത്…

ഞാൻ ഇന്നിവിടെ നിന്റെ കൂടെയാ…

ഉണ്ണിയൊന്ന് ഞെട്ടി.

അമ്മ ഉണ്ണിയെ നോക്കി..

കാര്യമുണ്ട് എനിക്കവളെയൊന്ന് കാണണം..

തുടരും…

Leave a Reply

Your email address will not be published. Required fields are marked *