മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
എടത്തിയമ്മ കൂടുതലൊന്നും ചെയ്യേണ്ട, അമ്മ പറയുന്നതിന്റെ നേരെ ഓപ്പോസിറ്റ് പറഞ്ഞാൽ മതി..
അപ്പോൾ അമ്മക്ക് ദേഷ്യം കൂടില്ലേ..
അത് സ്വാഭാവികം, കാര്യമാക്കേണ്ട, പക്ഷെ തല്ലുണ്ടാക്കേണ്ടത് അമ്മയുമായിട്ടല്ല ഞാനുമായിട്ടാണ്..
ഗായത്രി ചിരിച്ചു. മനസ്സിലായി, നമ്മള് പിരിയണം, അമ്മക്ക് കുറച്ച് സന്തോഷം കിട്ടുമായിരിക്കും, പക്ഷെ അമ്മ നേരെയാവുന്നതെങ്ങനെയാ…
നമ്മള് രണ്ടാളും പിരിഞ്ഞു രണ്ട് സൈഡിലാവുമല്ലോ, അപ്പോൾ ഞാൻ അമ്മയുടെ കൂടെ നിൽക്കും എടത്തിയമ്മ ഒറ്റക്ക്…
എന്നിട്ട്…
ആ ടേബിളിൽ പേനയും പേപ്പറുമുണ്ട്, അതെടുത്തോ…
ഗായത്രി ഉണ്ണി പറഞ്ഞതുപോലെ പേനയും പേപ്പറുമെടുത്ത് അരികിലിരുന്നു..
ഞാൻ പറയുന്നത് പോലെ എഴുതിക്കോ..
ഗായത്രി ഉണ്ണി പറയുന്നത് കേട്ട് എഴുതാൻ തുടങ്ങി, എഴുതി കഴിഞ്ഞപ്പോൾ ഉണ്ണി പേപ്പർ വാങ്ങി വായിച്ചു നോക്കി..
ഈ കയ്യക്ഷരവും കൊള്ളാം..
ഇതെന്താ ചെയ്യണ്ടേ..? ഗായത്രി സംശയത്തോടെ ചോദിച്ചു.
അമ്മ വഴക്കുണ്ടാക്കുമ്പോൾ കാണിച്ചുകൊടുത്തേക്ക്, ചോദിച്ചാൽ പരാതി കൊടുക്കാൻ പോവാണെന്നു പറഞ്ഞാൽ മതി..
അപ്പോഴോ…?
അമ്മ പേടിക്കും, കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞേക്ക് ഏട്ടന്റെ പേരിലല്ല അമ്മയുടെ പേരിൽ മാത്രേ പരാതി കൊടുക്കുന്നുള്ളൂ എന്നുകൂടി..
അമ്മക്ക് ഹാർട്ട് അറ്റാക്ക് വല്ലതും..
അത് ഹാർട്ട് ഉള്ളവർക്കല്ലേ..
ശരി രാവിലെ നോക്കാം..
ഉണ്ണി മുറിയിൽ നിന്നിറങ്ങി, ഗായത്രി വാതിൽ ചാരി കിടന്നു, ഉണ്ണി സ്വന്തം മുറിയിലെത്തിയപ്പോൾ കട്ടിലിലിരുന്നു, കുറച്ച് നേരം ആലോചിച്ച് മൊബൈലെടുത്ത് അമൃതയുടെ നമ്പറിൽ വിളിച്ചു, രണ്ട് റിങ്ങ് കഴിഞ്ഞപ്പോൾ അവൾ ഫോണെടുത്തു…
ഹലോ എന്താണ് ഉണ്ണിമോൻ ഈ നേരത്ത്..
അമ്മൂസേ നീ പഠിത്തം കഴിഞ്ഞിട്ട് വക്കീലായോ, അതോ ലോ കോളേജിൽ പോവുന്നത് നിർത്തിയോ…
ഞാനൊക്കെ കറക്റ്റായി പോവുന്നുണ്ട്, ഏതെങ്കിലും സീനിയർമാരെ സെറ്റാക്കിയിട്ട് വേണം എനിക്ക് കല്യാണം കഴിക്കാൻ..
അപ്പോൾ പഠിച്ച് പാസ്സാവുമെന്ന് ഉറപ്പില്ല..
അതെനിക്ക് ആദ്യം തൊട്ടേ ഇല്ലല്ലോ..
വെറുതെ ക്യാഷ് പോയി..
അത് ഞാനെന്റെ അച്ഛനോട് പറഞ്ഞപ്പോൾ നീ വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലത് കോളേജിൽ പോവുന്നതാണെന്നാ..
ഉണ്ണിയൊന്ന് ചിരിച്ചു.നിന്നേ കൊണ്ടൊരു സഹായം.
നീ നട്ടപാതിരക്ക് വിളിക്കുമ്പോഴേ തോന്നി, പറയൂ കേൾക്കട്ടെ..
ഒന്നുമല്ല എടത്തിയമ്മ അമ്മയുടെ പേരിലൊരു പരാതി എഴുതിയിട്ടുണ്ട് നീ അതൊന്നുകൂടി തള്ളികൊടുക്കണം..
ഓ ഞാൻ വക്കീലാവണമായിരിക്കും, എന്നാലും അമ്മായി പാവമല്ലേ..
അത് ശരിയാ നിന്റെ അമ്മയെ വെച്ചു നോക്കുമ്പോൾ എന്റെ അമ്മ പാവം തന്നെയാ..
അയ്യോ അറിയാതെ പറഞ്ഞു പോയതാ, രണ്ടാളും കണക്കാ പോരെ..
അതുവിട്ടിട്ട് ഇതിനൊരു തീരുമാനം പറ..
ഞാൻ അവിടെ വന്ന് ശരിയാക്കാം പക്ഷെ എനിക്ക് ലോ പോയിന്റൊന്നും കാര്യമായിട്ട് അറിയില്ല..
അതിന് നീ ഇവിടെ വന്ന് വാദിക്കുകയൊന്നും വേണ്ട, ഈ പ്രശ്നത്തിൽ ഏടത്തിയമ്മയുടെ പക്ഷത്തുനിന്ന് അമ്മക്കിട്ട് പാര വെച്ചാൽ മതി..
ഉണ്ണിയേട്ടൻ പറഞ്ഞു വരുന്നത്, അമ്മയെ കൊണ്ട് ഗായത്രി ചേച്ചിയുടെ കൂടെ മയത്തിൽ നിൽക്കാൻ പ്രേരിപ്പിക്കണം അത്രയല്ലേയുള്ളൂ..
അത്രേയുള്ളൂ, കേസായാൽ പെടുമെന്ന് പറഞ്ഞാൽ തന്നെ ശരിയായിക്കോളും..
അത് ഓക്കേ, അപ്പോൾ ഞാൻ കോട്ട് ഇട്ടിട്ട് വരണോ ഒരു പഞ്ചിനു വേണ്ടി…
പഞ്ച് നിനക്കുള്ളത് ഞാൻ ഇവിടുന്ന് ഞാൻ തന്നു വിടാം..
അപ്പോൾ എന്റെ ഫീസോ..
നിനക്ക് ഫീസ്, എല്ലാം കൂടി ഞാൻ പെറുക്കി തരുന്നുണ്ട്..
അതുമില്ലെങ്കിൽ ഒരു ബിരിയാണിയെങ്കിലും വാങ്ങി തരോ..
അത്രക്ക് ബഡ്ജറ്റില്ല, വേണമെങ്കിൽ ഒരു ചായ വാങ്ങി തരാം..
അവളൊന്ന് ചിരിച്ചു..തുടക്കം തന്നെ പുച്ഛം..
എപ്പോൾ വരുമെന്ന് പറ..
എപ്പോഴാ വരേണ്ടതെന്ന് ഉണ്ണിയേട്ടൻ തന്നെ പറ..
നാളെ വൈകുന്നേരം..
ഉം.. ശരി.. ഞാൻ കോളേജ് കഴിഞ്ഞിട്ട് നേരെ അങ്ങോട്ട് വരാം..
മതി മറക്കരുത്, എങ്ങാനും വിട്ടു പോയാൽ ഞാനങ്ങോട്ട് വരും..
പിന്നെ ഞാൻ പേടിച്ചു, എന്തായാലും വരാം.
ശരി ഗുഡ് നൈറ്റ്..
ഉണ്ണി ഫോൺ നിർത്തി കിടന്നു..
പിറ്റേ ദിവസം രാവിലേ..
ഗായത്രി അടുക്കളയിൽ ജോലിയിലായിരുന്നു, ഉണ്ണി സോഫയിലിരുന്ന് ഫോൺ നോക്കികൊണ്ടിരിക്കുമ്പോൾ അമ്മ ഹാളിലേക്ക് വന്നു, അമ്മയെ കണ്ടപ്പോൾ ഉണ്ണി തലയുയർത്തി നോക്കി.
അമ്മ ചായ കുടിച്ചോ..
അമ്മ ഇല്ലെന്ന് തലയാട്ടി..
ഉണ്ണി അടുക്കളയിലേക്ക് തലചെരിച്ചു.ആരവിടെ അമ്മക്കൊരു ചായ കൊണ്ടുവരൂ…
ഗായത്രി തിരിഞ്ഞു നോക്കി.അങ്ങോട്ട് കൊണ്ട് വന്നാലേ ചായ കുടിക്കൂന്ന് നിർബന്ധമാണോ..
അത് അത്രയേയുള്ളൂ..
എന്നാൽ എനിക്ക് സൗകര്യമില്ല അവിടെ കൊണ്ട് വന്ന് തരാൻ..
ഗായത്രിയുടെ മറുപടി കേട്ട് അമ്മ ഉണ്ണിയുടെ അരികിലിരുന്നു..നോക്ക് മോനെ അവളുടെ വർത്തമാനം, ഇത്രയ്ക്ക് അഹങ്കാരമുള്ള പെണ്ണിനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..
ഉണ്ണിയൊന്ന് അമ്മയെ നോക്കിയിട്ട് വീണ്ടും അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു..
ചായ കൊണ്ടുവന്നു തരുന്നത് മലമറിക്കുന്ന പണിയൊന്നുമല്ലല്ലോ..
എന്നാൽ ബാക്കിയുള്ള പണിയൊക്കെ നീ വന്ന് ചെയ്യോ…
ഗായത്രിയുടെ ഉരുളക്കുപ്പേരി പോലത്തെ മറുപടി കേട്ട് അമ്മക്ക് കലി വരാൻ തുടങ്ങി..
എന്റെ കുട്ടി അവളോടൊന്നും മിണ്ടാൻ പോവണ്ട, ഞാൻ ചായ എടുത്തിട്ട് വരാം..
അമ്മ അടുക്കളയിലേക്ക് കയറി ചായ എടുക്കാൻ തുനിഞ്ഞപ്പോൾ ഗായത്രി തടഞ്ഞു. അത് ഞാൻ എനിക്ക് വേണ്ടി ഉണ്ടാക്കിയതാ…
അമ്മ ചായ താഴെ വെച്ച് ഉണ്ണിയെ നോക്കി.
അമ്മ ഒന്ന് കൊണ്ടും പേടിക്കണ്ട വേറെ ചായയുണ്ടാക്കിക്കോ, ഞാനും കുറെ ദിവസമായി അമ്മയുടെ കൈകൊണ്ട് ചായ കുടിച്ചിട്ട്, വേറെ ചിലരുണ്ടാക്കുമ്പോൾ ആ കൈപ്പുണ്യം കിട്ടാറില്ല..
ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോൾ അമ്മയൊന്ന് തലയുയർത്തി.
കണ്ടോടി എന്റെ കുട്ടിക്ക് ഞാൻ ഉണ്ടാക്കുന്നതേ പിടിക്കൂ..
ഗായത്രി ഒന്നും മിണ്ടാതെ അടുക്കളയിൽ നിന്നിറങ്ങി, മുറിയിൽ പോയി ഡ്രസ്സ് മാറി പുറത്തേക്ക് വന്നു, സോഫയിലിരിക്കുന്ന ഉണ്ണിയോടൊന്നും മിണ്ടാതെ ഇറങ്ങി പോവുന്ന ഗായത്രിയെ കണ്ടപ്പോൾ അമ്മ ചിരിച്ചുകൊണ്ട്…
കണ്ടോ മോനെ, ഇപ്പോഴെങ്കിലും മനസ്സിലായില്ലേ അവളുടെ മനസ്സ് നിറയെ ദുഷ്ടത്തരം മാത്രമേ ഉള്ളൂവെന്ന്…
ഉണ്ണി തലയാട്ടി..മനസ്സിലായി അമ്മ ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ടേനെ..
ആ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ, ഇനി ഇതിൽ നിന്ന് പെട്ടെന്ന് രക്ഷപെടാനുള്ള വഴി നോക്ക്..
നോക്കുന്നുണ്ട്..ഉണ്ണി വീണ്ടും തലയാട്ടി..
എന്നാൽ അമ്മയൊന്ന് വീട്ടിൽ പോയിട്ട് വരാം, അവന് ഒറ്റക്കല്ലേ..
ശരി അമ്മ പോയിട്ട് വൈകുന്നേരം വാ..
ഉണ്ണിയോട് പറഞ്ഞ് അമ്മ ഗേറ്റ് തുറന്ന് പുറത്തേക്ക് പോയി, ഉണ്ണി അതും നോക്കിയിരുന്നു, ഫോണെടുത്ത് കയ്യിൽ വെച്ചു, പേഴ്‌സ് തുറന്ന് രശ്മി എഴുതിത്തന്ന പേപ്പറിലെ നമ്പറിലേക്ക് മെസ്സേജ് അയച്ചു, കുറച്ച് കഴിഞ്ഞപ്പോൾ മറുപടി വന്നു, ഉണ്ണി നമ്പർ ഡയൽ ചെയ്ത് വിളിച്ചു, റിങ്ങ് ചെയ്ത് കുറച്ചു നേരത്തിനു ശേഷം ഫോണെടുത്തു.
ആ.. പറയൂ അളിയാ..
ഞാൻ പരിചയം പുതുക്കാൻ വേണ്ടി വിളിച്ചതാ..
വേണ്ടായേ, നിന്റെയും നിന്റെ ഏട്ടന്റെയും ഒരു പരിചയവും ഇല്ലാതിരിക്കുന്നതാ നല്ലത്.
അങ്ങനെ പറയരുത്, ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ചങ്കും ചങ്കായിട്ട് നടന്നതല്ലേ
അയ്യോ അതോർക്കുമ്പോഴാ എനിക്ക് കൂടുതൽ പരിചയം കാണിക്കാൻ തന്നെ തോന്നാത്തത്, അതുപോട്ടെ സാർ വിളിച്ചതെന്തിനാവോ..
ഒരു ചെറിയ സഹായം.
എന്ത് സഹായം, ക്ലിനിക്കിലെ ബില്ലിന്റെ കാര്യമാണെങ്കിൽ ചോദിക്കണ്ട, കാശുകാരനല്ലേ ഏട്ടനോട് കൊടുക്കാൻ പറ..
അവനു ബില്ലല്ല അടിയാ കൊടുക്കേണ്ടത്..
ഉം.. എന്തുപറ്റി..
ചെറിയൊരു പ്രശ്നം, രശ്മിക്ക് സഹായിക്കാൻ പറ്റോ നോക്ക്..
ഉണ്ണി ഇതുവരെ നടന്ന കാര്യങ്ങളൊക്കെ രശ്മിയോട് വിസ്‌തരിച്ചു പറഞ്ഞ് കൊടുത്തു.
നിനക്ക് രതീഷല്ലാതെ ഏട്ടൻ വേറെ ആരെങ്കിലുമുണ്ടോ..
എനിക്ക് തോന്നി രശ്മി വിശ്വസിക്കാൻ സാധ്യതയില്ലെന്ന്…
ഏയ്.. വിശ്വാസക്കുറവ് കൊണ്ടൊന്നുമല്ല, വെറുതെ ചോദിച്ചതാ നിന്റെ ഏട്ടനെ എനിക്ക് നല്ലതുപോലെ അറിയാം, ചില കാര്യത്തിലൊക്കെ കുറച്ച് ദേഷ്യം കൂടുതലാ…
എന്ത് ചെയ്യാം രശ്മി പറയൂ ഈ ഡോക്ടറെ കൊണ്ട് ശരിയാക്കാൻ പറ്റോ.
അതൊക്കെ ശരിയാവുമെന്നെ, അതുപോരാ ഞാൻ ശരിയാക്കണമെന്നാണെങ്കിൽ ചിലവ് കൂടും..
എന്നാലും വേണ്ടില്ല, ശരിയായി കിട്ടിയാൽ മതി.
നിന്റെ ഏട്ടന്റെ നമ്പർ മാറിയോ..
ഇല്ല പഴയ നമ്പര് തന്നെ..
എന്നാൽ ഞാൻ ശരിയാക്കി തരാം..
അപ്പോൾ ഓക്കേ..
പിന്നെ ഒരു കാര്യം, ഞാൻ ശരിയാക്കി ശരിയാക്കി ചിലപ്പോൾ നന്നായാൽ ഞാൻ തന്നെ എടുത്തൂന്ന് വരുട്ടോ..
ഉണ്ണിയൊന്ന് ഞെട്ടി, അതിനൊരു മറുപടി പറയുന്നതിന് മുമ്പേ ഫോണും കട്ടായി, ഉണ്ണി തലയിൽ കൈവെച്ചു.
ദൈവമേ പാര ചോദിച്ചു വാങ്ങി.
ഉണ്ണി ഓഫീസിലേക്ക് പുറപ്പെട്ടു, അകത്തേക്ക് കയറിയപ്പോഴാണ് മാനേജർ വിളിപ്പിച്ചത്..
സാറ് വിളിച്ചോ…
വരുന്നതോ തോന്നുമ്പോൾ സൈറ്റിൽ ചെല്ലുന്നതോ ഇഷ്ടമുള്ളപ്പോൾ ഉണ്ണിക്ക് ഇത് സൈഡ് ബിസിനസ്സാണോ…
അല്ല മെയിൻ ബിസിനസ്സ് തന്നെ സാറിനെന്താ ഇത്ര സംശയം…
ഒരു സംശയവുമില്ല, എന്തോ പ്രശ്നത്തിൽ പെട്ട് നടക്കാണെന്ന് പറയുന്നത് കേട്ടു..
അത് സത്യമാണ്, ആകെ വലഞ്ഞൂന്ന് പറഞ്ഞാൽ മതിയല്ലോ…
പുതിയ വീട് വെക്കുന്നുണ്ടോ..മാനേജർ സംശയത്തോടെ ചോദിച്ചു..
ഉണ്ണി ചിരിച്ചു..സാറിനെല്ലാ വിവരവും കിട്ടിയിട്ടുണ്ടല്ലോ..
ഉം.. ഉം… സുഖിപ്പിക്കണ്ട, ഇന്നെങ്കിലും സൈറ്റിലൊക്കെ പോയി നോക്ക്, വീട് പണിയൊക്കെ സൈഡിലൂടെ നടന്നോളും..
സാറിന്റെ ഇഷ്ടം പോലെ…
ഉണ്ണി ബൈക്കെടുത്ത് സൈറ്റിലേക്ക് പോയി..
വൈകുന്നേരം…
ഗായത്രി ജോലി കഴിഞ്ഞു വരുമ്പോൾ അമ്മ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു, ഗായത്രിയൊന്ന് ഇടംകണ്ണിട്ട് അമ്മയെ നോക്കി അമ്മ മുഖം തിരിച്ചു, വാതിൽ തുറന്ന് അകത്തേക്ക് കയറി, ഗായത്രി ഡ്രസ്സ് മാറി വന്നപ്പോഴേക്കും അമ്മ അടുക്കളയിൽ പണി തുടങ്ങിയിരുന്നു, കുറച്ച് നേരം നോക്കിയിട്ട് പത്രമെടുത്ത കഴുകാൻ തുടങ്ങി..
എനിക്കും എന്റെ മോനുമുള്ളത് ഞാൻ ഉണ്ടാക്കിക്കോളാം…അമ്മ ഗായത്രിയെ നോക്കികൊണ്ട് പറഞ്ഞു..
അങ്ങനെ രണ്ട് തവണ വെക്കുന്നതെന്തിനാ, എല്ലാവർക്കും കൂടി ഒരുമിച്ച് വെച്ചാൽ പോരെ…
അത് നടക്കില്ല, നീയെന്തൊക്കെയോ കൊടുത്തിട്ടാ അവൻ ഇപ്പോൾ നല്ലോം ക്ഷീണിച്ചത്…
എന്നാൽ അമ്മ എനിക്ക് കൂടി ഉള്ളത് ഉണ്ടാക്കിക്കോ പ്രശ്നമില്ല..
നിന്റെ ജോലിക്കാരിയാണോടി ഞാൻ..അമ്മ കുറച്ച് ഉച്ചത്തിലാണത് പറഞ്ഞത്.
അതറിയില്ല, അത് പറ്റില്ലാന്നാണെകിൽ ഞാൻ വെക്കുന്നത് എന്താണെന്ന് വെച്ചാൽ കഴിക്കേണ്ടി വരും…
പിന്നെ നീ പറയുന്ന പോലെയല്ലേ ഇവിടെ നടക്കാ…
ഗായത്രി പാത്രങ്ങൾ താഴെ വെച്ചു..
ഇനി ചിലപ്പോൾ അങ്ങെനെ തന്നെ നടക്കൂ..
നീ പേടിപ്പിക്കേണ്ട, നിന്നോട് കാര്യങ്ങളൊക്കെ പറയാൻ പറ്റിയ ആള് വരുന്നുണ്ട്..
ഗായത്രി പേപ്പറെടുക്കാൻ തുടങ്ങിയപ്പോഴാണ് പുറത്ത് കാർ വന്നത്.
തുടരും…