പ്രിയം ~ ഭാഗം 26 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

വീടിന് പുറത്ത് കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് വേഗത്തിൽ ഇറങ്ങി, ഗായത്രി ജനലിലൂടെ എത്തിനോക്കി, കാറിന്റെ ഡോർ തുറന്ന് സുകുമാരൻ പുറത്തേക്കിറങ്ങി,അമ്മ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു, അകത്തേക്ക് കയറി ഹാളിലെ സോഫയിലിരുന്നു..

ഞാൻ ചായയെടുക്കാം…

അമ്മ അടുക്കളയിൽ കയറി, ഗായത്രി അമ്മയെ ശ്രദ്ധിക്കാൻ നിൽക്കാതെ മറ്റു പണികൾ നോക്കികൊണ്ടിരുന്നു , അമ്മ ചായയുമായി ഹാളിലേക്ക് തിരിച്ചു പോയി, സുകുമാരൻ ചായ വാങ്ങി കുടിക്കാൻ തുടങ്ങുന്നതിനിടയിൽ…

അവളില്ലേ അകത്ത്…

സുകുവിന്റെ ചോദ്യം കേട്ട് അമ്മ അടുക്കളയിലേക്ക് ചൂണ്ടികാട്ടി.ഇവിടെ തന്നെയുണ്ട്..

എന്നാൽ പുറത്തോട്ട് വിളിക്ക് ഞാനൊന്ന് കാണട്ടെ..

അമ്മ അടുക്കള വാതിലിനരുകിൽ ചെന്ന് ഗായത്രിയെ നോക്കി..

നിന്നെ വിളിക്കുന്നത് കേട്ടില്ലേ…

ഞാൻ കേൾക്കുന്നില്ല..ഗായത്രി തിരിഞ്ഞ് അമ്മയെ നോക്കി മറുപടി പറഞ്ഞു..

എന്താ അവള് പുറത്തേക്ക് വരില്ലാന്നുണ്ടോ..സുകുമാരന്റെ കനത്ത ശബ്ദം ഹാളിൽ മുഴങ്ങാൻ തുടങ്ങി..

നീ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കണ്ട, നിന്നെ കണ്ടിട്ട് എന്തോ സംസാരിക്കാനാ, പുറത്തേക്ക് വന്നിട്ട് എന്താണെന്ന് ചോദിക്ക്..

അമ്മ ഗായത്രിയെ കണ്ണിറുക്കികാണിച്ച് ഹാളിലേക്ക് തിരിഞ്ഞു, ഗായത്രി അമ്മ മാറിയപ്പോൾ അടുത്തിരുന്ന ഫോണെടുത്ത് ഉണ്ണിയുടെ നമ്പറിൽ കോൾ ചെയ്തു, ഫോൺ കയ്യിൽ മുറുക്കി പിടിച്ച് ഹാളിലേക്ക് നടന്നു, ഗായത്രിയെ കണ്ട് സുകുമാരൻ പുച്ഛത്തോടെ ചിരിച്ചു.

വിളിച്ചാൽ വരാനെന്താ ഇത്ര മടി…

മടിയൊന്നുമില്ല , അടുക്കളയിൽ കുറച്ച് തിരക്കുണ്ടായിരുന്നു..

ഉം..സുകുമാരനൊന്ന് ഇരുത്തി മൂളി..

ഗായത്രിയുടെ കോൾ അറ്റൻഡ് ചെയ്ത് ഉണ്ണി ഹലോ ചോദിക്കാൻ തുടങ്ങി, അറിയാതെ വന്നതാവുമെന്ന് വിചാരിച്ച് കട്ടാക്കാൻ നിന്നപ്പോഴാണ് സുകുമാരന്റെ ശബ്ദം കേട്ടത്, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഉണ്ണി സംഭാഷണങ്ങൾക്ക് കാതോർത്തു..

സുകുമാരൻ ഗായത്രിയെയൊന്ന് അടിമുടി നോക്കി, അവൾ നല്ല പോലെ വിയർക്കുന്നുണ്ടായിരുന്നു…

ഇവള് ഉണ്ണിയുടെ കൂടെ കൂടിയപ്പോൾ ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ, അവൻ താലി കെട്ടാതെ കൊണ്ട് നടക്കുന്നത് കൊണ്ടാണോ..

ഗായത്രി ചെവി പൊത്തി..

സുകുമാരൻ വീണ്ടും ചിരിച്ചു..ഞാൻ പറയുന്നതിനേയുള്ളൂ നാട്ടുകാര് പറയുന്നതൊന്നും അവള് കേൾക്കുന്നില്ല, അല്ല അപ്പോഴും ചെവി പൊത്തി പിടിച്ചു കൊണ്ട് നടക്കാണോ..

ഗായത്രിയൊന്നും മിണ്ടിയില്ല..

സുകുമാരൻ വീണ്ടും അവളെ നോക്കി പല്ലുകടിച്ചുകൊണ്ട്…നീയാ പൊട്ടനെ സുഖിപ്പിച്ച് വീട് വെക്കാൻ തുടങ്ങിയത് ഞാൻ വരുന്ന വഴിക്ക് കണ്ടു, ഇനി ഒരു കൊച്ചും കൂടി ഉണ്ടാക്കിയാൽ സ്വത്തു മുഴുവനും വിഴുങ്ങാലോ…

ഗായത്രി സുകുവിനെയൊന്ന് തറപ്പിച്ചു നോക്കി..എന്റെ ജീവിതമല്ലേ ഞാൻ ഇഷ്ടമുള്ളത് പോലെ ജീവിച്ചോളാം..

ഗായത്രിയുടെ മറുപടി സുകുമാരനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു, അയാൾ കയ്യിലിരുന്ന ചായ ഗ്ലാസ്‌ നിലത്തേക്കിട്ട് ഗായത്രിയുടെ നേരെ ചെന്ന് കഴുത്തിൽ അമർത്തി പിടിച്ചു..

ഞാൻ മര്യാദയിലല്ലെടി നിന്നോട് കാര്യങ്ങളൊക്കെ പറയുന്നത്, അതുകേട്ടിട്ട് തലയാട്ടാതെ എനിക്കിട്ട് ഉണ്ടാക്കാൻ വന്നാലുണ്ടല്ലോ നിന്നെ ദൈവം തമ്പുരാനുപോലും കണ്ടുപിടിക്കാൻ പറ്റാത്ത സ്ഥലത്തേക്ക് പറഞ്ഞുവിടും, ഓർമ്മയിൽ വെച്ചോ..

സുകുമാരൻ കഴുത്തിലെ പിടിവിട്ടപ്പോൾ ഗായത്രി നിലത്തിരുന്നു, ശ്വാസം വിടാൻ സാധിക്കാതെ ചുറ്റിലും പരതി..

നിനക്ക് ഞാനൊരു ചാൻസും കൂടി തരും, മര്യാദക്ക് ഇവിടുന്ന് നിന്റെ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ അതിനും പറ്റിയില്ലെങ്കിൽ ചത്തോ പൊയ്ക്കോണം കേട്ടല്ലോ..

ഗായത്രി ശ്വാസം വിടാൻ തുടങ്ങിയപ്പോൾ ചുമരിൽ ചാരിയിരുന്നു..നിങ്ങളോടൊക്കെ ഞാനെന്ത് തെറ്റാ ചെയ്തതെന്ന് പറഞ്ഞു തരാൻ കഴിയോ, എന്നിട്ട് ഞാനെവിടെ വേണമെങ്കിലും പൊയ്ക്കോളാം..

ഇത്രയൊക്കെ ചെയ്തിട്ടും നിനക്ക് മതിയായില്ലേ..അമ്മയാണത് പറഞ്ഞത്..

സുകുമാരൻ അവൾക്കരുകിലേക്ക് നീങ്ങി നിന്നു…ഇനി തെറ്റൊന്നും കൂടുതൽ ചെയ്യാൻ നിൽക്കണ്ട, പറയുന്നതങ്ങ് കേട്ടാൽ മതി.

ഗായത്രി കഴിയില്ലെന്ന് തലയാട്ടി, സുകുമാരൻ അവളുടെ മുന്നിലിരുന്നു, പുറകിൽ അമ്മയുണ്ടെന്ന് ഓർത്തപ്പോൾ തിരിഞ്ഞു നോക്കി..

എനിക്കൊരു ഗ്ലാസ്‌ വെള്ളം വേണം..

അമ്മ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് കയറി, സുകുമാരൻ ഗായത്രിയുടെ ഇരിപ്പൊന്ന് ശരിക്കും നോക്കി, അവളുടെ കാതിനരുകിലേക്ക് മുഖം കൊണ്ടുപോയി..

ചെറിയ പ്രായം, കാണാനും കൊള്ളാം, തീരെ ഉടഞ്ഞിട്ടുമില്ല, നീ അവനെ വിശ്വസിച്ചിരിക്കണ്ട, ഒന്ന് മതിയായാൽ കറിവേപ്പില പോലെ വലിച്ചെറിഞ്ഞിട്ട് അവന്റെ വഴിക്ക് പോവും, അതുകൊണ്ടാ പറയുന്നത് വേറെ ഏതെങ്കിലും നല്ലതിനെ നോക്കി വളക്കാൻ നോക്ക്, ഇല്ലെങ്കിൽ ഒന്നിനെയും കെട്ടാതെ ദിവസക്കൂലിക്ക് പോ…

ആ വാചകം അവസാനിപ്പിക്കുന്നതിനു മുമ്പേ ഗായത്രിയുടെ കൈ സുകുമാരന്റെ മുഖത്ത് പതിച്ചു, ദേഷ്യം ഇരച്ചു കയറിയ അയാൾ ഗായത്രിയുടെ കവിളിൽ മാറി മാറി അടിച്ചു, ശബ്ദം കേട്ട് അമ്മ ഹാളിലേക്കോടി വന്നു, സുകുവിനെ പിടിച്ചുമാറ്റി..

മതി, കൊല്ലാനൊന്നും നിൽക്കണ്ട..

സുകുമാരൻ കലിയടങ്ങാതെ അവളുടെ നെഞ്ചിലേക്ക് അമർത്തിയൊന്ന് ചവിട്ടി, നിലത്തുവീണ ഗായത്രി വേദനകൊണ്ട് പുളഞ്ഞ് കരയാൻ തുടങ്ങി..

മതിയെന്നാ പറഞ്ഞത്, ആരെങ്കിലും കണ്ടും കൊണ്ട് വന്നാൽ അത് വലിയ പ്രശ്നമാവും…അമ്മ സുകുവിനെ തള്ളിമാറ്റി കൊണ്ട് പറഞ്ഞു.

സുകുമാരൻ അവിടുന്ന് മാറി സോഫയിൽ വന്നിരുന്നു, അമ്മ കൊണ്ടുവന്ന് വെച്ച വെള്ളം കുടിച്ച് പുറത്തേക്കിറങ്ങി, അമ്മയും പിന്നാലെ ചെന്നു, കാറിൽ കയറാൻ നേരം അമ്മയെയൊന്ന് നോക്കി.

അവളെ അങ്ങനെ വിട്ടാൽ ശരിയാവില്ല, വേറെ എന്തെങ്കിലും ചെയ്യണം.

അതൊക്കെ നമ്മുക്ക് പിന്നീട് നോക്കാം, നീയിപ്പോൾ പെട്ടെന്ന് പോവാൻ നോക്ക്..

സുകുമാരന്റെ കാർ പുറത്തേക്ക് പോയപ്പോഴാണ് അമൃത കയറി വന്നത്, അമൃതയെ കണ്ട് അമ്മയൊന്ന് ഞെട്ടി, അമ്മയുടെ നിൽപ്പ് കണ്ട് അവളൊന്ന് ചിരിച്ചു..

അല്ല അമ്മായിയെന്താ പുറത്ത് നിൽക്കുന്നത്, ഉണ്ണിയേട്ടൻ വന്നില്ലേ..

ചോദ്യം കേട്ടിട്ടും ഒന്നും മിണ്ടുന്നത് കാണാഞ്ഞ് അവൾ തട്ടി വിളിച്ചു..ഹലോ എന്ത്‌ ആലോചിച്ചോണ്ട് നിൽക്കാ..

അമ്മ പെട്ടെന്ന് മുഖം തിരിച്ചു..ഞാൻ വേറെ എന്തൊക്കെയോ മനസ്സിലിട്ട് കുഴങ്ങിയിരിക്കായിരുന്നു..

അതെനിക്കും തോന്നി, എന്തായാലും നമ്മുക്ക് അകത്തു പോയിട്ട് സംസാരിക്കാം.

അമ്മ അവളെ തടഞ്ഞു..എന്തിനാ മോളെ വെറുതെ, നിന്നെ മാധവേട്ടൻ അന്വേഷിക്കുന്നുണ്ടാവും വീട്ടിൽ പോവാൻ നോക്ക്..

അച്ഛനൊന്നും അന്വേഷിക്കില്ല അമ്മായി, എന്നെ ഉണ്ണിയേട്ടൻ വിളിച്ചിട്ട് കാണാൻ വന്നതാ, ഞാൻ പോയി കണ്ടിട്ട് വരാം.

അമ്മ വീണ്ടും തടഞ്ഞു നിർത്തി. അവൻ തമാശ പറഞ്ഞതാവും, അതും പോരാഞ്ഞ് അവൻ അകത്തില്ല, വരാനും വൈകും.

അതൊന്നും കുഴപ്പമില്ല അമ്മായി, ഞാൻ വന്ന സ്ഥിതിക്ക് ഉണ്ണിയേട്ടനെ കണ്ടിട്ടേ പോവുന്നുള്ളൂ..

അമ്മയുടെ കൈ തട്ടി മാറ്റി അകത്തേക്ക് നടന്നു, ഹാളിലേക്ക് കയറിയപ്പോഴാണ് ഗായത്രി താഴെ കിടക്കുന്നത് കണ്ടത്, അവളോടി അരികിൽ ചെന്നു, തൊട്ട് വിളിച്ചു നോക്കി, എഴുന്നേൽക്കുന്നത് കാണാഞ്ഞ് ടേബിളിലിരുന്ന ജഗ്ഗിൽ നിന്ന് വെള്ളമെടുത്ത് മുഖത്ത് തെളിച്ചു, ഗായത്രി പതിയെ കണ്ണ് തുറന്നു, അമൃത ഷാളെടുത്ത് മുഖമൊക്കെ തുടച്ചു..

എന്ത് പറ്റി ചേച്ചി..

ഗായത്രിയൊന്നും മിണ്ടിയില്ല..

എന്താ സംഭവിച്ചത്…?അമൃത വീണ്ടും ചോദിച്ചു..

ഒന്നുമില്ല, താഴെ വീണതാ..ഗായത്രി ഇടറികൊണ്ട് പറഞ്ഞു..

അമൃത അവളെ പിടിച്ചെഴുന്നേൽപ്പിച്ചു, സോഫയിൽ കിടത്തി..

ഞാൻ ഉണ്ണിയേട്ടനെ വിളിക്കാം..അമൃത ഫോണെടുക്കാൻ തുനിഞ്ഞപ്പോൾ ഗായത്രി കയ്യിലിരുന്ന ഫോൺ അവൾക്ക് നേരെ നീട്ടി, അവളത് വാങ്ങി, കോൾ ലിസ്റ്റിൽ അവസാനത്തെ നമ്പർ ഉണ്ണിയുടെ ആയിരുന്നു, അമൃത ആ നമ്പറിൽ തൊട്ടു, റിങ്ങ് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ഉണ്ണിയുടെ ബൈക്കിന്റെ ശബ്ദം പുറത്ത് നിന്ന് കേട്ടു, അമൃത എഴുന്നേറ്റ് പുറത്തേക്ക് നോക്കി, ഉണ്ണി അകത്തേക്കൊടി വന്നു, അമൃതയെ കണ്ട്..

നീ എപ്പോഴാ വന്നത്..?

ഞാനിപ്പോൾ വന്നേയുള്ളൂ, ഉണ്ണിയേട്ടൻ അകത്തേക്ക് വാ..

ഉണ്ണി ഹാളിലേക്ക് കയറി, സോഫയിൽ കിടക്കുന്ന ഗായത്രിയെ കണ്ട് തരിച്ചു നിന്നു, പതുക്ക നടന്ന് അവളുടെ അരികിൽ മുട്ടുകുത്തിയിരുന്നു, മുഖത്തൊക്കെ തൊട്ടുനോക്കി, ഉണ്ണിയുടെ സ്പർശനമേറ്റപ്പോൾ ഗായത്രി കണ്ണ് തുറന്നു, അവൾ കരയാൻ തുടങ്ങി…

എന്തിനാ എന്റെ എടത്തിയമ്മ കരയുന്നേ..

ഗായത്രി ഉണ്ണിയെ കെട്ടിപിടിച്ചു..പ്ലീസ്‌ എന്നെ കൊന്ന് തരോ നീയ്..

ഉണ്ണി അവളെ വേർപെടുത്തി മുഖത്തേക്ക് നോക്കി..എന്തിന് വേണ്ടിയാ ഇപ്പോൾ മരിക്കുന്നെ, ഞാൻ ഇത്രയും കഷ്ടപ്പെടുന്നത് എടത്തിയമ്മക്ക് വേണ്ടിയല്ലേ, അങ്ങനെയുള്ളപ്പോൾ എന്നെ വിട്ട് പോവാൻ തോന്നുന്നുണ്ടോ…

ഗായത്രി വിങ്ങാൻ തുടങ്ങി..എനിക്ക് സഹിക്കുന്നില്ല, ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ നീറുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് തോന്നി.

അപ്പോൾ ഞാനൊറ്റക്കാവില്ലേ, എന്നെ തനിച്ചാക്കിയിട്ട് പോവാണോ..ഉണ്ണിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

ഗായത്രി വീണ്ടും ഉണ്ണിയെ കെട്ടിപിടിച്ചു..

എന്താ ചേച്ചി ഉണ്ടായേ, ഇവിടെയെന്താ സംഭവിച്ചത്…അമൃത ഗായത്രിയെ നോക്കികൊണ്ട് ചോദിച്ചു..

ഗായത്രി മറുപടിയൊന്നും പറഞ്ഞില്ല..

ഞാൻ വരുമ്പോൾ സുകു മാമൻ കാറിൽ പുറത്തേക്ക് പോവുന്നത് കണ്ടു, അവര് വല്ല പ്രശ്നവുമുണ്ടാക്കിയോ..അമൃത സംശയം മാറാതെ വീണ്ടും ചോദിച്ചു..

ഗായത്രി അതിനും മറുപടിയൊന്നും നൽകിയില്ല, ഉണ്ണി ഗായത്രിയെ നേരെയിരുത്തി അവളുടെ മുഖത്തേക്ക് നോക്കി, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന അവളുടെ മുഖത്ത് അപ്പോഴാണ് പാടുകൾ ശ്രദ്ധിച്ചത്..

നീ ലൈറ്റിട്..

അമൃത എഴുന്നേറ്റ് പോയി ഹാളിലെ ലൈറ്റിട്ടു, ഉണ്ണി ഗായത്രിയുടെ ഇരുകവിളുകളും സൂക്ഷിച്ചു നോക്കി, കൈവിരലുകൾ കൊണ്ട് വിരലോടിച്ചു, കണ്ണടച്ചിരിക്കുന്ന ഗായത്രിയെ തട്ടിവിളിച്ചു, അവൾ കണ്ണുതുറന്നു..

ഏടത്തിയമ്മയെ അടിച്ചോ…

അവളൊന്നും മിണ്ടിയില്ല..

ചോദിക്കുന്നത് കേൾക്കുന്നില്ലേ അവരാരെങ്കിലും അടിച്ചോന്ന്..

ഉം..ഗായത്രി മൂളി..

വേറെ എന്തെങ്കിലും ചെയ്തോ..ഉണ്ണി ടെന്ഷനോടെ വീണ്ടും ചോദിച്ചു.

ഗായത്രി ഇല്ലെന്ന് തലയാട്ടി..

നീ വന്ന് നോക്ക്..ഉണ്ണി അമൃതയെ നോക്കികൊണ്ട് പറഞ്ഞു.

അവൾ ഗായത്രിയുടെ അടുത്ത് വന്ന് പരിശോധിക്കാൻ തുടങ്ങി, മുഖത്തെല്ലാം നോക്കി കഴുത്തിനരുകിലേക്ക് വന്നപ്പോഴാണ് ഗായത്രി മതിയെന്ന് പറഞ്ഞത്..

ചേച്ചിക്ക് നെഞ്ച് വേദനിക്കുന്നുണ്ടോ..

അമൃത പറയുന്നത് കേട്ട് ഉണ്ണി ഗായത്രിയുടെ മറുപടിക്ക് വേണ്ടി കാതോർത്തു..

അവൾ ഇല്ലായെന്ന് പറയുന്നത് കേട്ട് ഉണ്ണി ഗായത്രിയെ നോക്കി..വേദനിക്കുന്നുണ്ടെങ്കിലും പറയരുത് ട്ടോ..

ഗായത്രി തലതാഴ്ത്തി..

എത്ര പേരുണ്ടായിരുന്നു..?

ഉണ്ണിയുടെ ചോദ്യം കേട്ട് അവൾ തലയുയർത്തി..ആരുമുണ്ടായിരുന്നില്ല, നീ ഇനി ഇതിന്റെ പേരിലൊരു പ്രശ്നത്തിനും പോവാൻ നിൽക്കണ്ട…

ഞാൻ പോവുന്നില്ല പക്ഷെ ഉത്തരം പറ..

ഗായത്രി ഉത്തരം പറയാൻ തുടങ്ങിയപ്പോഴാണ് അമ്മ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ നിന്നിറങ്ങി പുറത്തേക്ക് കടക്കാനൊരുങ്ങിയത്, ഉണ്ണി ഗായത്രിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തന്നെ ഉച്ചത്തിൽ…

അമ്മ അവിടെ നിൽക്ക്..

തുടരും…

എല്ലാവർക്കും നന്ദി ❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *