പ്രിയം ~ ഭാഗങ്ങൾ 27 & 28 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഭാഗം ~ 27

അമ്മ അവിടെ നിൽക്ക്..

ഉണ്ണിയുടെ ശബ്ദം ഹാളിൽ അലയടിച്ചു, അമ്മ വാതിലിനരുകിൽ തിരിഞ്ഞു നിന്നു, ഉണ്ണി അമ്മയെ നോക്കി…

ഇതിനുള്ള സമാധാനം പറ…

ഞാനൊന്നും ചെയ്തില്ല..അമ്മ തലതാഴ്ത്തി നിന്ന് ഉത്തരം നൽകി.

പിന്നെ ഇത് കാറ്റടിച്ചു വീണപ്പോൾ പറ്റിയതാവും, അമ്മക്കിത് പറയാൻ നാണമാവുന്നില്ലേ…

ഞാൻ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിട്ട് ചെയ്തതല്ല, അവനൊന്ന് സംസാരിച്ചാൽ ശരിയാവുമെന്ന് പറഞ്ഞപ്പോൾ ഇങ്ങോട്ട് വിളിച്ചു അത്രേയുള്ളൂ..

അമ്മയുടെ കുറ്റസമ്മതം കേട്ടപ്പോൾ ഉണ്ണിക്ക് വീണ്ടും ദേഷ്യം വന്നു. പെട്ടെന്ന് പറഞ്ഞ് കഴിഞ്ഞു ഇത്രേയുള്ളൂ, എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നിങ്ങള് സമാധാനം പറയോ..

ഉണ്ണിയുടെ സംബോധന അമ്മയെ സങ്കടപെടുത്തി..അമ്മയോടാ സംസാരിക്കുന്നതെന്ന് എന്റെ കുട്ടി ഇടക്ക് മറന്നുപോവുന്നുണ്ടോ..

അമ്മയായിരുന്നെങ്കിൽ മോശം മാത്രമല്ല നല്ലതും പറഞ്ഞു തരണമായിരുന്നു..

അമ്മ കരയാൻ തുടങ്ങി, അമൃത ഉണ്ണിയെയൊന്ന് നോക്കി അമ്മയുടെ അരികിലേക്ക് ചെന്നു..അമ്മായി വീട്ടിൽ പൊയ്ക്കോളൂ, ഉണ്ണിയേട്ടന്റെ ദേഷ്യം മാറട്ടെ…

അതെന്താ അവന് എന്നോട് മാത്രം ദേഷ്യം, അവന്റെ ജീവിതം നശിക്കാൻ കാരണം ഞാനാണോ, അവൻ നന്നായി കാണാനേ ഞാനാഗ്രഹിച്ചിട്ടുള്ളൂ…അമ്മ മുഖം തുടച്ച് കൊണ്ട് പറഞ്ഞു..

ഉണ്ണി എഴുന്നേറ്റ് നിന്നു..നന്നായി കാണാനോ… എന്നിട്ട് ഞാനിപ്പോൾ എവിടെയാ നിൽക്കുന്നതെന്നു കൂടി അമ്മ പറ, ഈ പ്രശ്നം ഇത്ര ദൂരമെത്തിയിട്ടുണ്ടെങ്കിൽ അത് അമ്മ ഒരാള് കാരണം മാത്രമാണ്..

അതേടാ ഞാനാ കാരണം നിങ്ങളൊക്കെ ചെയ്യുന്നതിന് അല്ലെങ്കിലും അവസാനം പഴി കേൾക്കേണ്ടത് ഞാനാണല്ലോ…

അപ്പോൾ അമ്മക്ക് ഏട്ടൻ ചെയ്തത് തെറ്റാണെന്ന് ഇപ്പോഴും നല്ല ബോധ്യമുണ്ട്..

അമ്മ ഉണ്ണിയെയൊന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങി പോയി, അമൃത ഗായത്രിയുടെ അരികിലിരുന്നു..

എന്താ ചേച്ചി ശരിക്കുമുള്ള പ്രശ്നം..

ഗായത്രി അവളെ ചേർത്തുപിടിച്ചു, ഇതുവരെ നടന്നതൊക്കെ അവളോട് വിവരിച്ചു കൊടുത്തു, അമൃത എഴുന്നേറ്റ് ഉണ്ണിയെ നോക്കി..

ഉണ്ണിയേട്ടാ ഞാൻ വീട്ടിൽ പൊയ്ക്കോട്ടേ..

പെട്ടെന്നെന്താ അങ്ങനെ തോന്നാൻ..

എനിക്ക് ഒരു മാതിരി വല്ലായ്മ ഇനിയും ഇരുന്നാൽ വണ്ടിയോടിച്ച് പോവാൻ പറ്റില്ല, ഞാൻ രാവിലെ വരാം..

ഉം..ഉണ്ണിയൊന്ന് മൂളി.

അമൃത കണ്ണ് തുടച്ച് പുറത്തേക്കിറങ്ങാൻ നിന്നു, ഒരു നിമിഷം തിരിഞ്ഞ് ഗായത്രിയെ നോക്കി..

ചേച്ചിക്ക് ഭാഗ്യമുണ്ട്, എന്റെ സുമിത്ര ചേച്ചിക്ക് ഇല്ലാതെ പോയത്, നിങ്ങൾക്ക് നല്ലത് വരട്ടെ..

അതും പറഞ്ഞ് അമൃത ഇറങ്ങി.അവൾ പോയപ്പോൾ ഗായത്രി ഉണ്ണിയോട്..ആരാ സുമിത്ര..

ഉണ്ണി പെട്ടെന്ന് ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്നു..ഉം.. അത് ഞങ്ങളുടെ ചേച്ചിയായിരുന്നു..

ആയിരുന്നെന്ന് പറയുമ്പോൾ…ഗായത്രി സംശയത്തോടെ ചോദിച്ചു..

ഉണ്ണി അവൾക്ക് നേരെ മുഖം തിരിച്ചു..മരിച്ചു പോയി..

എങ്ങനെ…?

ഉണ്ണി ഓർമകളിലേക്ക് പോയി..സത്യത്തിൽ മരിച്ചു പോയി എന്നല്ല ഇവരെല്ലാവരും ചേർന്ന് കൊന്നുയെന്ന് പറയുന്നതാവും ശരി, ഒരു പാവം പെണ്ണായിരുന്നു, ചെറുപ്പത്തിൽ ഞാനടക്കമുള്ള വീട്ടിലെ കുട്ടിപട്ടാളങ്ങളെയൊക്കെ മേച്ചുകൊണ്ട് നടന്നിരുന്നൊരു കുറുമ്പി…

ഗായത്രി ഉണ്ണിയെ ഉറ്റുനോക്കികൊണ്ടിരുന്നു…

എനിക്ക് അമൃതയുടെ അച്ഛനല്ലാതെ വേറെയൊരു അമ്മാവനും കൂടിയുണ്ട്, ആളൊരു മുഴുകുടിയനാ, അങ്ങേർക്ക് മൂന്ന് മക്കൾ, മൂത്തത് രണ്ടും ആൺകുട്ടികളും അവർക്ക് ഇളയതായി ഒരു പെൺകുട്ടിയും, അവരുടെ അമ്മ കഷ്ടപെട്ടാണ് വീടൊക്കെ നോക്കിയിരുന്നത്, പക്ഷെ അവരുടെയൊക്കെ നിർഭാഗ്യം അമ്മായിക്ക് കുറച്ച് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു, അത് പതുക്കെ കൂടി തുടങ്ങി, അയല്പക്കത്തുള്ളവർക്കൊക്കെ ശല്യമായി തുടങ്ങിയപ്പോൾ എല്ലാവരും കുറ്റം പറഞ്ഞുകൊണ്ടിരുന്നു, അതും വൈകുന്നേരം കുടിച്ചു വരുന്ന അമ്മാവനോട്, രാത്രിയിൽ ആ പാവത്തിന് കിട്ടുന്ന തല്ലിന് കണക്കില്ലായിരുന്നു, തല്ലിയാൽ ഭ്രാന്ത് മാറുമെന്ന അമ്മാവന്റെ വിശ്വാസം പക്ഷെ അമ്മായിയെ നാൾക്ക് നാൾ തളർത്തി, പിന്നെ പിന്നെ അതിനെ കെട്ടിയിടാൻ തുടങ്ങി, ചേച്ചിയൊഴികെ ആരും അതിന്റെ അടുത്തേക്ക് പോലും പോവാൻ കൂട്ടാക്കിയില്ല, അതിനെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയുമെല്ലാം ചെയ്തൊരു കുട്ടിയെ പോലെ ചേച്ചി കൊണ്ടുനടന്നു, ഒരുദിവസം ചേച്ചി സ്കൂളിൽ നിന്ന് വരുമ്പോൾ വീടിന് പുറത്ത് നിറയെ ആൾക്കാരുണ്ടായിരുന്നു, ബാഗ് പുറത്തിട്ട് അകത്തേക്കോടിയപ്പോൾ കണ്ടത് ജീവനറ്റ് കിടക്കുന്ന അമ്മയെയായിരുന്നു, എല്ലാവരും ഭ്രാന്ത് മൂത്ത് മരിച്ചതാണെന്ന് പറഞ്ഞപ്പോഴും ചേച്ചി വിശ്വസിച്ചില്ല കാരണം അടുത്ത് നിൽക്കുന്ന അച്ഛനെ അവൾക്ക് നല്ലപോലെ അറിയായിരുന്നു, പിന്നീട് വീട്ടിലെ എല്ലാവരും അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി മാറി നടക്കാൻ തുടങ്ങി, തീർത്തും ഒറ്റയായൊരു പതിനേഴുകാരിക്ക് അത് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല, എന്റെ അച്ഛൻ അമ്മയുടെ വാക്കുകളൊക്കെ തള്ളി ഫീസൊക്കെ അടച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു, രണ്ട് വർഷങ്ങൾ കടന്നുപോയി, ഒരു ദിവസം വീട്ടിൽ നല്ല പ്രശ്നം, ഞങ്ങളുടെ കൂടെ ഇരിക്കുന്നതിനിടയിൽ അമ്മാവന്മാർ ചേച്ചിയെ വലിച്ചു കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ടു, കാര്യം മനസ്സിലാവാതെ ചുറ്റിലും നോക്കികൊണ്ടിരുന്ന ഞങ്ങൾക്ക് അതെന്താണെന്ന് പിടുത്തം കിട്ടിയത് അച്ഛൻ തർക്കിക്കുന്നത് കണ്ടപ്പോഴാണ്, എവിടുന്നും കിട്ടാതിരുന്ന സ്നേഹം ആ പാവത്തിന് കൂടെ പഠിക്കുന്നൊരു പയ്യൻ കൊടുത്തപ്പോൾ അത് ഇവർക്ക് മാനക്കേടായി തോന്നിയത്രേ, ഒളിച്ചോടിയാലോ പേടിച്ച് പൂട്ടിയിട്ടു. അതിലും വലിയ പാപം അത് ജീവനോടെ ആ മുറിയിലുണ്ടെന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ലെന്നതാണ്, നാട്ടുകാരോടൊക്കെ അതിന് അമ്മയുടെ ഭ്രാന്ത് പകർന്നതാണെന്ന് പറഞ്ഞു പരത്തി, എന്റെ അച്ഛൻ ആവുന്നത് നോക്കിയിട്ടും കാര്യമുണ്ടായിരുന്നില്ല, ഇത്രയൊക്കെ ദുഷ്ടനാണെന്ന് പറയുന്ന എന്റെ ഏട്ടനുണ്ടല്ലോ അവനും ഞാനും സ്കൂൾ വിട്ട് വന്നിട്ട് ആ ജനലിലൂടെ കൊടുക്കുന്നൊരു പിടി ചോറായിരുന്നു അതിന് ആകെ കിട്ടിയിരുന്നത്, അന്ന് വൈകുന്നേരം ചോറ് കൊടുക്കാൻ പോയ ഞങ്ങൾ കണ്ടത് ചേച്ചിയുടെ ജീവനില്ലാത്ത ശരീരമായിരുന്നു, ഒരുപാട് നിലവിളിച്ചു, എല്ലാവരും ഓടിവന്ന് അതിനെ പുറത്തേക്കെടുത്തപ്പോൾ ഉണങ്ങി ചുരുണ്ടൊരു കുഞ്ഞു ശരീരം മാത്രം..

ഉണ്ണിയൊന്ന് നിർത്തി..എനിക്ക് നല്ല ഓർമയുണ്ട്, തലേദിവസം ചോറ് നീട്ടിയപ്പോഴും ജനലിലൂടെ ചിരിച്ചുകൊണ്ടൊരു മുഖം, ഉണ്ണി കഴിച്ചോന്നൊരു ചോദ്യം ചോദിക്കും ഇപ്പോഴുമുണ്ട് എന്റെ കാതിൽ…

ഉണ്ണി താങ്ങാനാവാതെ വിങ്ങി..പിന്നീട് ഞാൻ അതേ ജനലും മുഖവും കാണുന്നത് ഏടത്തിയമ്മയുടെ വീട്ടിലാ, എപ്പോൾ ഞാൻ വരുമ്പോഴും ജനലിലൂടെ നോക്കി ചിരിക്കുന്ന ഏടത്തിയമ്മയെ കാണുമ്പോഴൊക്കെ എനിക്ക് സുമിത്ര ചേച്ചിയെ ഓർമ വരും, ഞാനുള്ളപ്പോൾ ഇനിയൊരു ജീവൻ പോവരുതേയെന്ന പ്രാർത്ഥന മനസ്സിലുള്ളത് കൊണ്ടാ മരിച്ചാലും വേണ്ടില്ലെന്ന് വെച്ചിട്ട് ഏടത്തിയമ്മയുടെ കൂടെ നിൽക്കുന്നത്..

ഗായത്രി ഉണ്ണിയുടെ അരികിലേക്ക് ഇറങ്ങിയിരുന്നു…അമൃത പറഞ്ഞത് ശരിയാ നീയെന്റെ ഭാഗ്യം തന്നെയാ, നിന്നോളം മനസ്സ് ഇവിടെ ആർക്കുമില്ല…

അവൾ ഉണ്ണിയുടെ കണ്ണ് തുടച്ചു..ഞാൻ തോൽക്കുന്നത് ഉണ്ണിക്ക് ഇഷ്ടമല്ലെങ്കിൽ ഇപ്പോൾ മുതൽ എടത്തിയമ്മ ജയിക്കാൻ വേണ്ടി എന്തിനും തയ്യാറാ..

ഉണ്ണി ഗായത്രിയുടെ കണ്ണുകളിലേക്ക് നോക്കി..തെറ്റൊന്നും ചെയ്യാതെ നമ്മള് കരയേണ്ട ആവശ്യമില്ല എടത്തിയമ്മ, നമ്മള് രണ്ടാളും ജയിക്കാൻ വേണ്ടിയാ ഇത് തുടങ്ങിയതെങ്കിൽ അവസാനം വരെയും അങ്ങനെ തന്നെയായിരിക്കും, കാരണം ഏടത്തിയമ്മയോളം ഇപ്പോൾ ഞാനാരെയും സ്നേഹിക്കുന്നില്ല..

ഗായത്രി ഉണ്ണിയെ കെട്ടിപിടിച്ച് കരഞ്ഞു..എനിക്കൊരു അനിയനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ എന്റെ കൂടെ നിൽക്കുമായിരുന്നോന്നു പോലും അറിയില്ല, എനിക്ക് ജീവനുള്ള കാലത്തോളം എന്റെ മനസ്സ് മുഴുവൻ നീ തന്നെയായിരിക്കും എന്റെ കൂടെപ്പിറപ്പ്..

ഉണ്ണി സങ്കടത്തിനിടയിലും ഒന്ന് ചിരിച്ചു..എടത്തിയമ്മ എനിക്ക് ചായ കിട്ടിയില്ല.

ഗായത്രി പിടുത്തം വിട്ട് ഉണ്ണിയെ നോക്കി.എന്റെ ഉണ്ണികുട്ടന് ചായ തരാലോ..

അവൾ ബുദ്ധിമുട്ടി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഉണ്ണി സഹായിച്ചു..

ഏടത്തിയമ്മക്ക് ഹോസ്പിറ്റലിൽ പോവണോ..?

എന്തിന്, ഇപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല, മുഖത്തെ പാടൊക്കെ രാവിലെയാവുമ്പോഴേക്കും പൊയ്ക്കോളും..

ഉണ്ണി അരികിലേക്ക് ചെന്നു..അപ്പോൾ നെഞ്ച് വേദനയോ..?

ഇപ്പോൾ ഒരു വേദനയുമില്ല, ഞാൻ നിനക്ക് ചായയുണ്ടാക്കിയിട്ട് ഒന്ന് കുളിച്ചിട്ട് വരാം അപ്പോൾ തന്നെ ഉഷാറായിക്കോളും..

ഉണ്ണി ഗായത്രിയുടെ കൂടെ അടുക്കളയിലേക്ക് നടന്നു..

ഞാൻ സാഹയിക്കണോ…?

ഉണ്ണിയുടെ ചോദ്യം കേട്ട് ഗായത്രി അവനെ നോക്കി..എന്തിന് ഒരു ചായ വെക്കാൻ അത്രക്ക് പണിയൊന്നുമില്ലല്ലോ..

എന്നാലും എടത്തിയമ്മ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ…

ഗായത്രി ഉണ്ണിയുടെ കൈപിടിച്ചു..ഒരു ബുദ്ധിമുട്ടുമില്ല, നീ പോയി അവിടെയിരിക്ക്, ഞാൻ ചായയെടുത്തിട്ട് വരാം..

ഉണ്ണി പുറത്തേക്കിറങ്ങി ഹാളിലെ സോഫയിൽ വന്നിരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ ഗായത്രി ചായയുമായി വന്നു, ഉണ്ണി അത് വാങ്ങി കുടിക്കാൻ തുടങ്ങി..

എടത്തിയമ്മക്ക് വേണമെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോവാട്ടോ, നല്ലോം വേദനയുണ്ടെങ്കിൽ പറയണം..

ഉണ്ണി പറയുന്നത് കേട്ട് ഗായത്രിയൊന്ന് നെഞ്ചിൽ തൊട്ട് നോക്കി..ഏയ് ഇത് കുഴപ്പമൊന്നുമില്ല ഞാൻ പറഞ്ഞപോലെ രാവിലേക്ക് ശരിയായിക്കോളും….

ഉം…കുഴപ്പമില്ല കുഴപ്പമില്ലാന്ന് പറഞ്ഞ് രാത്രിയിൽ പണിയുണ്ടാക്കരുത്…

ഒന്നുമുണ്ടാവില്ല നീ സമാധാനമായിട്ടിരിക്ക്.ഗായത്രി ഉണ്ണിയെ ആശ്വസിപ്പിച്ചു..

കുഴപ്പമില്ലാന്ന് ഉറപ്പാണോ…ഉണ്ണി ഗായത്രിയെ നോക്കി..

പിന്നെന്താ 100 ശതമാനം.

രാവിലെ വീടുപണി തുടങ്ങിയിരുന്നു എടത്തിയമ്മ അറിഞ്ഞോ, ഞാൻ പറയാനും വിട്ടു.

പക്ഷെ ഞാൻ അറിഞ്ഞു..

എങ്ങനെ…?ഉണ്ണി സംശയത്തോടെ ചോദിച്ചു..

വന്നവര് പറഞ്ഞു..

എന്നിട്ട് ഏടത്തിയമ്മയെന്താ അവരെ ക്ഷണിക്കാതിരുന്നത്, ഇനി നമ്മള് അത്ര ദൂരം പോവണ്ടേ…

ക്ഷണിക്കണമെങ്കിൽ പോയല്ലേ പറ്റൂ..ഗായത്രിയും തിരിച്ചു ചോദിച്ചു.

എന്നാൽ എടത്തിയമ്മ കുളിച്ചിട്ട് വാ നമ്മുക്ക് രണ്ടാൾക്കും കൂടി പോയി ആദ്യത്തെ ക്ഷണം കൊടുത്തിട്ട് വരാം.

ഇപ്പോൾ വരാം ഒരു അഞ്ച് മിനിറ്റ്.

ഗായത്രി മുറിയിലേക്ക് പോയി, കുറച്ചു നേരത്തിനു ശേഷം പുറത്തേക്ക് വന്നു, ഗായത്രിയെ കണ്ട് ഉണ്ണി മിഴിച്ചിരുന്നു..

ഇതെപ്പോൾ വാങ്ങിയതാ..

ഇത് ഇന്ന് വരുന്ന വഴിക്ക് വാങ്ങി..

സൂപ്പറായിട്ടുണ്ട്..

ഗായത്രിയൊന്ന് ചിരിച്ചു..ആദ്യത്തെ ക്ഷണമല്ലേ കളറായിക്കോട്ടെ.

ഭാഗം 28

കളറായിക്കോട്ടെ…

എന്നാൽ നമ്മുക്ക് പോയാലോ..

പിന്നെന്താ പോവാലോ..ഗായത്രി പുറത്തേക്ക് നടന്നു, ഉണ്ണി വാതിൽ അടച്ചു പൂട്ടി ബൈക്ക് സ്റ്റാർട്ടാക്കി ഗായത്രിയെ നോക്കി, അവൾ പുറകിലേക്ക് കയറി, പതുക്കെ യാത്ര തുടങ്ങി, ടൗണിലെത്തിയപ്പോൾ ഗായത്രി ഉണ്ണിയുടെ തോളിൽ തട്ടി വിളിച്ചു..

എന്ത് പറ്റി..? ഉണ്ണി ബൈക്ക് സൈഡിലേക്ക് ഒതുക്കികൊണ്ട് ചോദിച്ചു..

ഗായത്രി താഴെയിറങ്ങി തൊട്ടടുത്തുള്ള കട ചൂണ്ടി കാണിച്ചു..നമ്മൾക്ക് അവിടെ നിന്നൊരു ബൊക്ക വാങ്ങിയാലോ, കയ്യും വീശിയിട്ടെങ്ങനെയാ പോവാ..

ഉണ്ണി ശരിയെന്ന് തലയാട്ടി, സ്റ്റാൻഡ് ഇട്ട് ഇറങ്ങാൻ നിന്നപ്പോൾ ഗായത്രി തടഞ്ഞു..നീ ഇരുന്നോ ഞാൻ വാങ്ങിയിട്ട് വരാം..

ഉണ്ണി അതിനും തലയാട്ടി, ഗായത്രി കടയിൽ പോയി ബൊക്ക വാങ്ങി തിരിച്ചു വന്നു, ബൈക്കിൽ കയറി വീണ്ടും യാത്ര തുടർന്നു, കുറച്ച് സമയത്തിന് ശേഷം സുകുമാരന്റെ വീട്ടിലെത്തി, ഇരുവരും വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു, രാത്രിയായി കൊണ്ടിരിക്കുന്നതിനാൽ പുറത്ത് കുട്ടികളെയൊന്നും കണ്ടില്ല, ഉണ്ണി മുന്നിലെ ബെല്ലിലമർത്തി, അകത്തുനിന്ന് അതാരാണെന്ന് പോയി നോക്കാൻ പറയുന്നത് ഇരുവർക്കും കേൾക്കുന്നുണ്ടായിരുന്നു, രണ്ട് മിനുട്ട് കഴിഞ്ഞപ്പോൾ വാതിൽ തുറന്നു, പുറത്ത് നിൽക്കുന്നവരെ കണ്ടപ്പോൾ സുകുമാരന്റെ ഭാര്യ ലീല അത്ഭുതത്തോടെ നോക്കി..

അല്ല ഇതാര് ഉണ്ണിയോ, ഈ വഴിയൊക്കെ ഓർമ്മയുണ്ടോ…

ഉണ്ണിയൊന്ന് ചിരിച്ചു.. പിന്നെന്താ അമ്മാവന് നമ്മുടെ വീട്ടിലേക്കുള്ള വഴി ഓർമയുണ്ടാവുമ്പോൾ ഞാൻ തിരിച്ചു ഇങ്ങോട്ടുള്ള വഴി മറക്കോ..

ശരി നീ അകത്തോട്ടു വാ..ലീല ഇരുവരെയും സ്വാഗതം ചെയ്തു.

ഉണ്ണി അകത്തേക്ക് നടന്നു പുറകെ ഗായത്രിയും, ഹാളിലെ കസേരയിലിരുന്നു..

ആളകത്തില്ലേ, കണ്ടിട്ടൊരു കാര്യമുണ്ടായിരുന്നു..ഉണ്ണി ലീലയോട് ചിരിച്ചുകൊണ്ട് ചോദിച്ചു.

നീ സുകുവേട്ടനെയാണോ അന്വേഷിക്കുന്നേ, മൂപ്പരെയാണെങ്കിൽ മുകളിലുണ്ട് ഞാൻ വിളിക്കാം..

മൂപ്പരെ തന്നെയാ ഉദ്ദേശിച്ചത്..

ലീല മുകളിലേക്ക് നോക്കി സുകുവേട്ടാ ഉണ്ണി വന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു, സുകുമാരൻ താഴേക്ക് എത്തി നോക്കി ഉണ്ണിയെയും ഗായത്രിയെയും കണ്ട് സ്റ്റെപ്പിറങ്ങി താഴെ വന്നു..

നിനക്കെന്താടാ ഇവിടെ കാര്യം..പരുഷമായി ചോദിച്ചു.

സുകുമാരന്റെ ചോദ്യം കേട്ട് ഉണ്ണി ചിരിച്ചു. എന്റെ വീട്ടിൽ വന്ന് സുഖാന്വേഷണം നടത്തിയതല്ലേ തിരിച്ച് എനിക്കും ആ കടമയുണ്ടല്ലോ, അതുകൊണ്ട് വന്നതാ അമ്മാവന് സുഖമാണോ..

അയാളൊന്ന് കണ്ണടച്ച് തുറന്നു..നിന്റെ കവല പ്രസംഗം കേൾക്കാൻ എനിക്ക് തീരെ സമയമില്ല എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞിട്ട് പോടാ..

ഉണ്ണി സുകുമാരനെയൊന്ന് നോക്കി..എന്നാൽ അമ്മാവൻ ഇന്ന് കാണിച്ച പരാക്രമത്തിന് സമാധാനം പറ..

അതോടെ നിർത്തിയല്ലോ എന്നാശ്വാസിച്ചോ, നിന്റെ അമ്മ തടുത്തത് കൊണ്ടാ ഇല്ലേൽ നിനക്ക് നാളെ ഇവളുടെ മേലൊരു പിടി മണ്ണിടായിരുന്നു..സുകുമാരൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി.

ഉണ്ണി എഴുന്നേറ്റ് അയാൾക്ക് നേരെ നിന്നു.ആണുങ്ങളില്ലാത്ത നേരത്ത് ഒറ്റക്കിരിക്കുന്നൊരു പെണ്ണിനോട് ചെറ്റത്തരം കാണിച്ചിട്ട് നിന്ന് വിടുവായിത്തം പറയാൻ നാണമുണ്ടോടാ തനിക്ക്..

ഡാ…..സുകുമാരനൊന്ന് അലറി..

ചൂടാവല്ലേടോ.. തിരിച്ചു തല്ലില്ലാന്ന് ഉറപ്പുള്ളവരോടാണോ മുട്ടേണ്ടത്, അങ്ങനെ തനിക്ക് വീട്ടിൽ കയറാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ ഞാനുള്ളപ്പോൾ കയറി തല്ലിയിട്ട് പോവണമായിരുന്നു, അതിന് കഴിവില്ലാതെ നിന്ന് വീരവാദം പറയുന്നോ..

ഉണ്ണിയുടെ വാക്കുകൾ സുകുമാരനെ വല്ലാതെ ചൊടിപ്പിച്ചുകൊണ്ടിരുന്നു…ഇതിനുള്ളത് നിനക്ക് ഞാൻ വഴിയേ തരുന്നുണ്ട്….

ഉണ്ണി ഗായത്രിയുടെ കൈപിടിച്ച് എഴുന്നേൽപ്പിച്ച് സുകുമാരന്റെ മുന്നിൽ നിർത്തി..

താനിതൊന്ന് നോക്കെടോ, അതിന്റെ മുഖം കണ്ടിട്ട് തനിക്ക് തല്ലാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ നിങ്ങളെയൊരു മനുഷ്യനായി കണക്കാക്കുന്നില്ല, ഞാൻ ആദ്യമേ നിങ്ങളോട് പറഞ്ഞതാ ഇത് നിങ്ങൾക്ക് ബന്ധമില്ലാത്തൊരു കാര്യമാണ് ഇടപെടരുതെന്ന്, അത് ചെവികൊണ്ടില്ല, ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു, സന്തോഷം ഇനിയും ചെയ്തോളൂ, പക്ഷെ അത് ഞാനുള്ളപ്പോളാവണമെന്ന് മാത്രം..

അയാൾ പുച്ഛത്തോടെ ചിരിച്ചു തള്ളി. കുടുംബ മഹിമയൊക്കെ രക്തത്തിൽ കിട്ടണമെടാ അല്ലെങ്കിൽ ഇത് പോലെ ഒന്നിനും കൊള്ളാതെ കിട്ടിയതും വാങ്ങിച്ചോണ്ട് ഇങ്ങനെ വന്ന് നിൽക്കേണ്ടി വരും..

ഗായത്രി ഉണ്ണിയെ മാറ്റി മുന്നിലായി അയാൾക്ക് നേരെ നിന്നു..കുടുംബ മഹിമയോ നിങ്ങൾക്കോ, മകളുടെ പ്രായമുള്ള എന്റെ ശരീരത്തെ വർണിച്ച ഒറ്റ വാക്കിൽ വേശ്യയായിക്കൂടെയെന്ന് ചോദിച്ച നിങ്ങൾക്കോ…

സുകുമാരനൊന്ന് ഇടംകണ്ണിട്ട് ലീലയെ നോക്കി..ഗായത്രി തുടർന്നു…

ഭാര്യ കേൾക്കുന്ന ഭയമുണ്ടല്ലേ, നിങ്ങള് തല്ലിയപ്പോൾ പോലും എനിക്ക് കാര്യമായിട്ട് വേദനിച്ചില്ല, ആ പറഞ്ഞ വാക്കുകൾ എന്നെ തളർത്തി, എന്നെ വിട് ഒന്നുമില്ലെങ്കിലും നിങ്ങളിവനെ ചെറുപ്പം തൊട്ട് കാണുന്നതല്ലേ, എപ്പോഴെങ്കിലും നിങ്ങളിവന് അമിതമായ പെൺമോഹം ഉള്ളതായി മനസ്സിലാക്കിയിട്ടുണ്ടോ, നിങ്ങള് പറഞ്ഞതുപോലെ ഇവൻ നിങ്ങളുടെ കുടുംബത്തിലെ ഒരാളല്ല, ആയിരുന്നെങ്കിൽ എനിക്ക് എന്നും രാത്രി മുറിയുടെ വാതിൽ കുറ്റിയിട്ട് കിടക്കേണ്ടി വന്നേനെ…

സുകുമാരൻ മറുപടിയില്ലാതെ തലതാഴ്ത്തി, ഗായത്രി കസേരയിൽ വെച്ചിരുന്ന ബൊക്കയെടുത്ത് നീട്ടി, സുകുമാരൻ വാങ്ങുന്നത് കാണാഞ്ഞ് ടേബിളിൽ വെച്ചു, ഗായത്രി പഴയ സ്ഥാനത്ത് തന്നെ നിന്നു…

ഞങ്ങള് ക്ഷണിക്കാൻ വന്നതാ, എന്നോട് പറഞ്ഞില്ലേ വരുന്ന വഴിക്ക് വീടുപണി നടക്കുന്നത് കണ്ടെന്ന്, ആ വീടിന്റെ ഗൃഹപ്രവേശനത്തിന് ആദ്യത്തെ ക്ഷണം താങ്കൾക്ക്..

സുകുമാരനൊന്ന് തലയുയർത്തി നോക്കി..ഗായത്രി വീണ്ടും തുടർന്നു…

കഷ്ടപ്പെട്ടുണ്ടാക്കുന്ന വീടാണ് അതുകൊണ്ട് താങ്കളുടെ സഹായ സഹകരണങ്ങൾ തൽകാലത്തേക്ക് ആവശ്യമില്ല, എല്ലാം പണി കഴിഞ്ഞ് ഞങ്ങൾ താമസം തുടങ്ങുമ്പോൾ വരണം അനുഗ്രഹിക്കാനല്ല അതൊന്ന് കാണാൻ, അപ്പോൾ അതിനുള്ള ക്ഷണമായി കണക്കാക്കി ഇത് സ്വീകരിക്കണം..

ഉണ്ണി ഗായത്രിയുടെ തോളിൽ തട്ടി. പറഞ്ഞു കഴിഞ്ഞെങ്കിൽ നമ്മുക്ക് പോയാലോ എടത്തിയമ്മ..

ഗായത്രി തിരിഞ്ഞൊന്ന് ഉണ്ണിയെ നോക്കി.കഴിഞ്ഞു പോവാം, ഒരു മിനിറ്റ്..

ഗായത്രി ലീലയുടെ നേരെ തിരിഞ്ഞു. അമ്മായി ഒരു ഗ്ലാസ്‌ വെള്ളം കിട്ടോ..

ലീലയൊന്ന് സുകുമാരനെ നോക്കിയിട്ട് അടുക്കളയിലേക്ക് കയറി..

ലീല പോവുന്നതും നോക്കി നിൽക്കുകയായിരുന്ന ഉണ്ണി അടിയുടെ ശബ്ദം കേട്ട് ഞെട്ടി പെട്ടെന്ന് മുന്നിലേക്ക് നോക്കി, ഗായത്രി സുകുമാരന്റെ ഇരുകവിളിലും ഓരോ അടി വീതം മാറി മാറി കൊടുത്തു, ഉണ്ണി അമ്പരപ്പ് മാറാതെ അങ്ങനെ തന്നെ നിന്നു, അടുക്കളയിൽ നിന്ന് ലീല വന്ന് ഗ്ലാസ്സിലെ വെള്ളം ഗായത്രിയുടെ നേരെ നീട്ടി, അവളത് വാങ്ങി കുടിച്ച് ഗ്ലാസ്‌ തിരിച്ചേൽപ്പിച്ചു, ഒന്നുകൂടി സുകുമാരനെ നോക്കി, അയാൾ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ അന്തംവിട്ട് നിൽക്കുകയായിരുന്നു, ഗായത്രിയുടെ നോട്ടം അയാളെ വല്ലാതാക്കി, ഇറങ്ങുന്നതിനു മുമ്പായി ഒരിക്കൽ കൂടി ഗായത്രി സുകുമാരന്റെ മുന്നിലേക്ക് ചെന്നു…

ഇപ്പോൾ ഈ കാണിച്ച സാഹസം താൻ നേരത്തെ പറഞ്ഞ പൊട്ടനുള്ള ബലത്തിലാണെന്ന്..ഗായത്രിയൊന്ന് തിരുത്തി..ആണൊരുത്തൻ എന്റെ നിഴലായ് കൂടെയുണ്ടെന്ന ബലത്തിലാണെന്ന് ഓർത്താൽ നന്ന്..

ഇരുവരും പുറത്തേക്കിറങ്ങി ബൈക്കിനരുകിലേക്ക് നടന്നു, ഉണ്ണി ഗായത്രിയെ ഒരു നോക്ക് മാത്രം നോക്കി വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് പായിച്ചു, വഴിനീളെ രണ്ടുപേരും ഒന്നും മിണ്ടിയില്ല, കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഗായത്രി നിർത്താൻ ആവശ്യപ്പെട്ടു, ഉണ്ണി വണ്ടി സൈഡിലേക്കൊതുക്കി..

എന്തിനാ എടത്തിയമ്മ നിർത്താൻ പറഞ്ഞേ…ഉണ്ണി സംശയത്തോടെ ചോദിച്ചു..

നമ്മുക്കാ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചാലോ..

ഗായത്രിയുടെ ചോദ്യം കേട്ട് ഉണ്ണി ചിരിച്ചിട്ട് തലകുലുക്കി.വാ പോയി കഴിച്ചിട്ട് വരാം..

ഇരുവരും കടയിലേക്ക് നടന്ന് അരികിലുണ്ടായിരുന്ന സ്റ്റൂളിലിരുന്നു, ഉണ്ണി ഭക്ഷണം വാങ്ങിച്ച് ഗായത്രിക്ക് നേരെ നീട്ടി, അവളത് വാങ്ങി ബുദ്ധിമുട്ടി കഴിക്കുന്നത് കണ്ടപ്പോൾ..

എടത്തിയമ്മക്ക് കഴിക്കാൻ പറ്റുന്നില്ലേ..

ഗായത്രി ഉണ്ണിയെയൊന്ന് നോക്കി..അത് കുഴപ്പമൊന്നുമില്ല.

എന്ത് ചോദിച്ചാലും കുഴപ്പമില്ല. ഉണ്ണി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു..

ഞാൻ കാര്യമായിട്ടാ പറഞ്ഞത്, വേണമെങ്കിൽ വിശ്വസിച്ചാൽ മതി.

ആ ഞാൻ വിശ്വസിച്ചു, വായ രണ്ട് ഭാഗവും വീങ്ങിയിട്ട് കഴിക്കാൻ പറ്റുന്നില്ലാന്ന് കണ്ടാലറിഞ്ഞു കൂടെ..

ഗായത്രി ഉണ്ണി പറയുന്നതൊന്നും ശ്രദ്ധിക്കാതെ ബുദ്ധിമുട്ടി കഴിച്ചു തീർത്തു, കാശ് കൊടുത്ത് രണ്ടുപേരും യാത്ര തുടർന്നു, കുറച്ച് സമയം കഴിഞ്ഞ് വീട്ടിലേക്കുള്ള റോഡ് എത്തിയപ്പോൾ ഗായത്രി ഉണ്ണിയോട് വീണ്ടും നിർത്താൻ ആവശ്യപ്പെട്ടു, ഉണ്ണി ബൈക്ക് നിർത്തി..

ഇനിയെന്താ എടത്തിയമ്മക്ക്..

അവളൊന്ന് ചിരിച്ചു..എനിക്ക് രാത്രിയിൽ കയ്യും വീശി റോഡിൽ കൂടി നടക്കണം..

ഉണ്ണി ഒന്നും പറയാൻ നിന്നില്ല..ഇഷ്ടം പോലെ ആയിക്കോട്ടെ..

ഗായത്രി മുന്നിൽ നടക്കാൻ തുടങ്ങി ഉണ്ണി പുറകെയായി പതുക്കെ ബൈക്കിൽ പിന്തുടർന്നു, പെട്ടെന്നവൾ ഓടിയിട്ട് കൂവാൻ തുടങ്ങി, ഉണ്ണി ചുറ്റിലും നോക്കി..

എടത്തിയമ്മ പതുക്കെ ആരെങ്കിലും കേൾക്കും..

കേട്ടോട്ടെ എനിക്കെന്താ..

ഗായത്രി റോഡിൽ കിടന്ന കല്ലുകളൊക്കെ തട്ടി തെറിപ്പിക്കാൻ തുടങ്ങി..

എടത്തിയമ്മ കാല് വേദനിക്കും ഞാൻ പറയുന്നത് കേൾക്ക്..

വേദനിച്ചോട്ടെ നിനക്കെന്താ..

അവൾ റോഡിനു നടുവിലൂടെ സ്പീഡിൽ നടന്ന് ഉച്ചത്തിൽ കൂവാൻ തുടങ്ങി..

എടത്തിയമ്മ ആൾക്കാര് കേട്ടിട്ട് പുറത്തേക്ക് വരും കുറച്ച് പതുക്കെ..

പറ്റില്ല ഞാനിങ്ങനെ ഒച്ചയും ബഹളവുമൊക്കെയുണ്ടാക്കും, നിനക്ക് പേടിയാണെങ്കിൽ മിണ്ടണ്ട..

ആ എനിക്ക് പേടിയാ, എനിക്ക് മനസ്സിലാവാഞ്ഞിട്ട് ചോദിക്കാ ഇതെന്താ പറ്റിയത്, എനിക്കും കൂടി ധൈര്യമില്ല അമ്മാവനെ അടിക്കാൻ, അങ്ങേരുടെ രണ്ട് കരണവും പൊട്ടിച്ചു, അതും പോരാഞ്ഞിട്ട് ഇപ്പോളിതാ നാട്ടുകാരെ മുഴുവനും യുദ്ധത്തിന് വിളിക്കുന്നു, ഇനി വല്ല ഭൂതവും അകത്തു കയറിയോ..

ഗായത്രി ഉണ്ണിക്ക് നേരെ തിരിഞ്ഞ് പുറകിലേക്ക് നടക്കാൻ തുടങ്ങി..

എടത്തിയമ്മ വീഴും ഞാൻ വീണ്ടും പറയുന്നു..

വീണോട്ടെ നിനക്കെന്താ..

എനിക്കൊന്നുമില്ല പറഞ്ഞൂന്നേയുള്ളൂ..

ഗായത്രിയൊന്ന് ചിരിച്ചു..ഉണ്ണി സ്വാതന്ത്ര്യമെന്ന് കേട്ടിട്ടുണ്ടോ..

ഉണ്ട്, സ്വാതന്ത്ര്യസമരം നടന്നതിനെ പറ്റി പറയാൻ പോവണോ ഈ രാത്രിയിൽ..ഉണ്ണി കളിയാക്കി ചോദിച്ചു..

ഗായത്രി വീണ്ടും ചിരിച്ചു..ഉണ്ണി പഠിച്ച 1947ൽ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ കാര്യമല്ല, ചെറുപ്പം തൊട്ട് അരയിലും കുറച്ച് പ്രായമായപ്പോൾ കഴുത്തിലും കെട്ടിയൊരു ചങ്ങലയിൽ നിന്നും കിട്ടിയ സ്വാതന്ത്ര്യം, അതായത് ഗായത്രിക്ക് ഇപ്പോഴുള്ള സ്വാതന്ത്ര്യം..

ഉണ്ണി അവളെ തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു..

അവൾ ചുറ്റിലും നോക്കി..ഇപ്പോൾ ആരും വേണ്ടാന്ന് പറയാനില്ല, എന്റെ ഇഷ്ടം പോലെ, എന്ത് പറഞ്ഞാലും തലയാട്ടുന്നൊരു നിഴലു മാത്രം കൂട്ടിന്..

ഗായത്രി വീണ്ടുമൊന്ന് ഉറക്കെ കൂവി, കുറച്ച് ദൂരം ചെന്നപ്പോൾ അവൾ പെട്ടെന്ന് റോഡിൽ മുട്ടുകുട്ടിയിരുന്നു, ഉണ്ണി ബൈക്ക് നിർത്തി ഗായത്രിയെന്താണ് ചെയ്യുന്നതെന്ന് നോക്കി നിന്നു..

എന്ത് രസമാണല്ലേ രാത്രിയിൽ പുറത്തുകൂടെ നടക്കാൻ…

അവൾ പറയുന്നത് കേട്ട് ഉണ്ണി തലയാട്ടി സമ്മതിച്ചു, ഗായത്രി എഴുന്നേറ്റ് ഉണ്ണിക്ക് നേരെ തിരിഞ്ഞു..

നീ ഗായത്രിയെ കണ്ടിട്ടുണ്ടോ..?

അവളുടെ ചോദ്യം കേട്ട് ഉണ്ണി മിഴിച്ചു നിന്നു..

അവളൊന്ന് പുഞ്ചിരിച്ചു..ഇനി മുതൽ കണ്ടോ..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *