മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
പുതിയ ഗായത്രിയെന്ന് പറയുമ്പോൾ..ഉണ്ണി സംശയത്തോടെ ചോദിച്ചു.
പുതിയതെന്ന് പറഞ്ഞാൽ പുതിയത് തന്നെ..ഗായത്രി റോഡിനു നടുവിലൂടെ നടന്നുകൊണ്ട് പറഞ്ഞു.
അപ്പോൾ എന്റെ ഏടത്തിയമ്മയോ..ഉണ്ണി ചിരിച്ചു..
അയ്യടാ കളിയാക്കല്ലേ, ഞാൻ പറഞ്ഞത് ഇനിയൊരു നല്ല തുടക്കമാണെന്നാ.
അങ്ങനെയാണോ, ഞാൻ പേടിച്ചു ഇനി എന്റെ ഏടത്തിയമ്മയെ ഞാൻ എവിടെ പോയിട്ട് തിരയുമെന്ന് വിചാരിച്ച്.
തമാശയാണോ, അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതാണെങ്കിൽ ഞാൻ രാത്രിയിൽ ഉറങ്ങുന്നതിന്റെ ഇടയിൽ ചിരിക്കാം..
ഉണ്ണി അത്ഭുതത്തോടെ ഗായത്രിയെ നോക്കി, ഉണ്ണി വരുന്നത് കാണാഞ്ഞ് ഗായത്രി തിരിഞ്ഞ് നിന്നു.
എന്താ വരുന്നില്ലേ, അതോ അടുത്തത് പറയാനുള്ളത് ആലോചിക്കാണോ..
ഏയ് അതൊന്നുമല്ല, എനിക്ക് പുതിയ ഗായത്രിയെ കാണുമ്പോൾ പഴയൊരു ഗായത്രിയുണ്ടായിരുന്നു അവളുടെ അതേ സംസാരം തിരിച്ചു വന്ന പോലെയുണ്ട്, അപ്പോൾ അതോർത്ത് നിന്നുപോയതാ.
അതൊക്കെ വീട്ടിൽ പോയിട്ട് ആലോചിക്കാ, വേഗത്തിൽ വരാൻ നോക്ക്..
ഞാൻ വന്നു..ഉണ്ണി ഗായത്രിയുടെ കൂടെ പോയികൊണ്ടിരുന്നു, വീടിന് മുന്നിലെത്തിയപ്പോൾ ഗേറ്റ് തുറന്ന് കൊടുത്തു, ബൈക്ക് പോർച്ചിൽ നിർത്തി ഉണ്ണി വാതിൽ തുറന്ന് അകത്തേക്ക് കയറാൻ നിന്നപ്പോഴും ഗായത്രി മുറ്റത്ത് മാനത്തേക്ക് നോക്കി നിൽക്കുകയായിരുന്നു, ഉണ്ണി തിരിഞ്ഞ് അവളുടെ അരികിലേക്ക് വന്ന് തോളിൽ തട്ടി..
എന്താ ചെയ്യുന്നേ..
ഉണ്ണിയുടെ ചോദ്യം കേട്ട് അവളൊന്ന് നോക്കി.നിനക്ക് കാണുന്നില്ലേ ഞാൻ നക്ഷത്രമെണ്ണുന്നത്.
ഉണ്ണി ചിരിച്ചു.അപ്പോൾ ഇത്രയും ദിവസം നമ്മള് രണ്ടാളും കൂടി എണ്ണിയത് പോരെ..
വീണ്ടും തമാശ, അങ്ങനെയാണെങ്കിൽ ഞാൻ രാത്രിയിൽ രണ്ട് തവണ ചിരിക്കണം.
ചിരിച്ചോളൂ, രണ്ടോ മൂന്നോ തവണ ചിരിച്ചോളൂ..
ഗായത്രി വീണ്ടും മാനത്തേക്ക് നോക്കാൻ തുടങ്ങി, ഉണ്ണി അവൾ നോക്കുന്നത് പോലെ മുകളിലേക്ക് നോക്കി. എടത്തിയമ്മയെന്താ ആകാശം ആദ്യമായിട്ട് കാണുന്നപോലെ..
ഞാൻ ദിവസവും കാണാറുണ്ട് പക്ഷെ അതിനെ ശ്രദ്ധിക്കുന്നത് ഇപ്പോഴാ, നല്ല ഭംഗിയുണ്ട്, ചെറുപ്പത്തിലൊക്കെ അച്ഛമ്മയുടെ കൂടെ മുറ്റത്ത് ഇറങ്ങി ഓടി കളിക്കുമായിരുന്നു, ഒന്ന് വലുതായപ്പോൾ അച്ഛൻ കണ്ടാൽ കേറിപോടീ എന്ന് പറയും, ഒന്നുകൂടി വലുതായപ്പോൾ ഇരുട്ടാവുന്നത് കണ്ടില്ലേ അകത്തിരിക്ക് എന്നായി,പിന്നെ ഒന്നുകൂടി വലുതായപ്പോൾ വീടിന്റെ ഉള്ളിലിരുന്നു തന്നെ നക്ഷത്രമെണ്ണാൻ തുടങ്ങി..
ഗായത്രിയുടെ പറച്ചില് കേട്ട് ഉണ്ണി അവളെ തലചെരിച്ചു നോക്കി..പഴയതൊക്കെ കഴിഞ്ഞില്ലേ ഇനി പുതിയതിനെ കുറിച്ച് ആലോചിച്ചാൽ പോരെ..
ഗായത്രി പെട്ടെന്ന് ഉണ്ണിക്ക് നേരെ നിന്നു. പഴയതൊക്കെ കഴിഞ്ഞു പോയതുകൊണ്ടാ കിടന്ന് പുലമ്പുന്നത്, എനിക്ക് അതൊന്നും തിരിച്ചു കിട്ടില്ലല്ലോ.
സോറി ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ല..ഉണ്ണി കൈകൂപ്പി.
ഗായത്രി അവനെ ചേർത്ത് പിടിച്ചു..എന്റെ ഉണ്ണിക്കുട്ടൻ എന്തിന് സോറി പറയണേ, വേണമെങ്കിൽ എന്നെ രണ്ട് ചീത്ത പറ.
വേണ്ട പഴയ ഗായത്രിയല്ലല്ലോ..
അങ്ങനെ മൂന്ന് ചിരിയായി..ഗായത്രി ഉണ്ണിയെയൊന്ന് നോക്കി..
നീയെന്താടാ ഇങ്ങനെ…?
എങ്ങനെ..
മനുഷ്യന്മാരെ സ്നേഹിച്ച് കൊല്ലുന്നേ, നിനക്കെന്നെ ഉപദേശിച്ചിട്ട് വിട്ട് കളഞ്ഞൂടായിരുന്നോ..
എന്നിട്ട് ഒറ്റക്കെന്ത് ചെയ്യും..?ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു.
ഞാൻ പിന്നെയും അച്ഛൻ പറയുന്നയാളെ കെട്ടും ഡിവോഴ്സ് ചെയ്യും, അതുകഴിഞ്ഞു പിന്നെയും കെട്ടും..ഗായത്രി പറയുന്നതിനിടയിൽ ഇടംകണ്ണിട്ട് ഉണ്ണിയെ നോക്കി.
അതിന് എല്ലാവരും അങ്ങനെയല്ലല്ലോ എടത്തിയമ്മ..
ഞാൻ പരീക്ഷണമാണെന്നാ പറഞ്ഞത്, ഉണ്ണിയുടെ ഏട്ടനെ കെട്ടുന്നത് വരെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ, കെട്ടി കഴിഞ്ഞപ്പോഴല്ലേ മനസ്സിലായത്, അതുപോലെ അല്ലെ അടുത്തത് എന്നാ ഞാൻ ഉദ്ദേശിക്കുന്നേ..
അതിനെ എനിക്ക് ഇങ്ങനെയും പറയാം, ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും..
നാലാമത്തെയായി, ഇന്ന് രാത്രി മുഴുവനും ഞാൻ ചിരിക്കേണ്ടി വരോ..
അത് ഏടത്തിയമ്മയുടെ ഇഷ്ടം..
ഉണ്ണി അകത്തേക്ക് നടന്നു ഗായത്രി കൂടെ ചെന്ന് വാതിലടച്ചു, രണ്ടുപേരും മുറികളിലേക്ക് ചെന്നു, ഉണ്ണി കട്ടിലിൽ കിടക്കാനൊരുങ്ങിയപ്പോഴാണ് ഗായത്രി അരികിലേക്ക് വന്നത്..
ഇനിയെന്താ എടത്തിയമ്മക്ക് അഞ്ചാമത്തെ വേണോ..
അത് കിട്ടുമോന്ന് അറിയാൻ തന്നെയാ, നമ്മള് ഇന്ന് കഴിച്ചത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നോ..
അതിലെന്താ സംശയം തട്ടുകട സ്പെഷ്യൽ ടേസ്റ്റ് അല്ലെ..
പക്ഷെ എനിക്ക് കിട്ടിയില്ല, വായക്കൊരു രുചി തോന്നിയില്ല ശരി നിന്റെ അഭിപ്രായം ചോദിക്കാലോ വിചാരിച്ചു..
അത് സാരമില്ല, നമ്മൾക്ക് വേണമെങ്കിൽ നാളെ പോവാം, അവിടുത്തെ രുചിയെന്താണെന്ന് എടത്തിയമ്മക്ക് മനസ്സിലാക്കി തന്നിട്ട് തന്നേയുള്ളൂ ബാക്കി കാര്യം..
അഞ്ചാമത്തെ കിട്ടി ഞാൻ പോയി കിടക്കട്ടെ ഗുഡ് നൈറ്റ്.
ഉണ്ണി ചിരിച്ചിട്ട് കട്ടിലിൽ കിടന്നു, പിറ്റേന്ന് രാവിലെ പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു, എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു, ഉണ്ണി വരുന്നത് കണ്ട് ഗായത്രി ചിരിച്ചു..
ഇന്നും അലാറം വെച്ചത് മാറിപ്പോയോ, അതോ പുതിയ ശീലം തുടങ്ങിയോ..
അതിന് അലാറം അല്ലല്ലോ എടത്തിയമ്മ പാത്രം കൊണ്ട് അടിച്ചല്ലേ എഴുന്നേൽപ്പിച്ചത്..
സോറി അറിയാതെ താഴെ വീണതാ, എന്റെ കുട്ടി ഈ ശബ്ദം കേട്ട് എഴുന്നേൽക്കുമെന്ന് പ്രതീക്ഷിച്ചില്ല, വേണമെങ്കിൽ കുറച്ചു നേരം കൂടി പോയി കിടന്നുറങ്ങിക്കോ..
ഇനി ഉറക്കം വരണ്ടേ, കണ്ടുകൊണ്ടിരുന്ന സ്വപ്നവും പോയി..
ഗായത്രിയൊന്ന് ഉണ്ണിയെ നോക്കി. അത് നമ്മുക്ക് ഓഫീസിലിരുന്നും കാണാം.
ഉം..ഉം.. ആയിക്കോട്ടെ ആയിക്കോട്ടെ.
ഉണ്ണി മുറിയിൽ പോയി റെഡിയായി പുറത്തേക്ക് വന്നു, തിരിച്ചു അടുക്കളയിൽ വന്ന് ഗായത്രിയെ നോക്കിയപ്പോൾ അത്ഭുതത്തോടെ…
ഇതും പുതിയതാണല്ലോ, അപ്പോൾ എത്രയെണ്ണമാ ഇന്നലെ വേടിച്ചേ..
ഗായത്രി ഉണ്ണിയുടെ നേരെ നിന്നു.നന്നായിട്ടുണ്ടോ, കോമ്പോ ഓഫറായിരുന്നു..
സൂപ്പറായിട്ടുണ്ട്, പക്ഷെ ഒരു കുറവ് നെറ്റിയിലൊരു ചന്ദനകുറി ഇടായിരുന്നു..
പിന്നെന്താ ഇടാലോ, ഇപ്പോൾ നീ പോയിരുന്ന് കഴിക്ക്, ഞാൻ പോവാൻ നേരത്ത് പൊട്ടും കുറിയുമൊക്കെ ഇട്ടിട്ടെ ഇറങ്ങുന്നുള്ളൂ..
ഉണ്ണി കഴിച്ചെഴുന്നേറ്റു, വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കാറിന്റെ ഹോണടി ശബ്ദം കേട്ടത്, ഉണ്ണി തലയിൽ കൈവെച്ചു.
ഇവന് ഇന്നായിരുന്നോ പോവേണ്ടിയിരുന്നത്, റെഡിയായി നിന്നത് നന്നായി, ഇല്ലെങ്കിൽ രാവിലെ തന്നെ വല്ലതും കേൾക്കേണ്ടി വന്നേനെ..
രണ്ടാമതും അമർത്തിയുള്ള ഹോണടി കേട്ടപ്പോൾ ഉണ്ണി വീടിനകത്തേക്ക് നോക്കി. എടത്തിയമ്മ റെഡിയായെങ്കിൽ പെട്ടെന്ന് വാ..
ഗായത്രി പുറത്തേക്ക് വന്ന് വാതിൽ പൂട്ടി..നമ്മുക്ക് പോവാം.
ഉണ്ണി ഗേറ്റിനരുകിലേക്ക് നടക്കുന്നത് കണ്ട് ഗായത്രി സംശയത്തോടെ..അതെന്താ ബൈക്ക് എടുക്കുന്നില്ലേ..?
എന്തിന് നമ്മൾക്ക് പോവാൻ കാറുണ്ടല്ലോ.
ഗായത്രി റോഡിലേക്ക് എത്തിനോക്കി, രതീഷിന്റെ കാറു കണ്ടപ്പോൾ ഒന്ന് നിന്നു, ഉണ്ണി തിരിഞ്ഞു നോക്കി.
ഏയ് പുതിയ ഗായത്രി പെട്ടെന്ന് വരൂ സമയമില്ല..
അവളൊന്ന് ചിരിച്ച് കാറിനരുകിലേക്ക് നടക്കാൻ തുടങ്ങി, ഉണ്ണിയുടെ പറച്ചിൽ കേട്ട് രതീഷ് പുറത്തേക്ക് കണ്ണിട്ടു, ഗായത്രിയെ കണ്ട് മിഴിച്ചിരുന്നു, ഡോർ തുറന്ന് അകത്തേക്ക് കയറി, ഉണ്ണി രതീഷിന്റെ തോളിൽ കൊട്ടി..
പെട്ടെന്ന് വണ്ടിയെടുക്ക് ഞങ്ങൾക്കൊക്കെ വേറെ ജോലിയുള്ളതാ.
രതീഷ് ഒന്നും മിണ്ടാതെ മുന്നോട്ട് പായിച്ചു, ഹോസ്പിറ്റലിന് മുന്നിൽ വണ്ടിയൊതുക്കി, ഗായത്രി ഇറങ്ങി ഉണ്ണിയെയൊന്ന് നോക്കി.
ഏടത്തിയമ്മയെ ഞാൻ വിളിക്കാം..
അവൾ കൈകൊണ്ട് കാണിച്ചു അകത്തേക്ക് നടന്നു, രതീഷ് ഗായത്രിയെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് ഉണ്ണി വീണ്ടുമൊന്ന് അവനെ തട്ടി വിളിച്ചു.
എന്താണ്..?
രതീഷ് ഉണ്ണിക്ക് നേരെ തിരിഞ്ഞു. നീ അവൾക്ക് വല്ല മരുന്നും കൊടുക്കുന്നുണ്ടോ..
അതെന്താ അങ്ങനെ ചോദിച്ചത്..
അല്ല അവള് ദിവസം പോവുന്തോറും തിളങ്ങുന്നത് കണ്ടിട്ട് ചോദിക്കുന്നതാ..
രതീഷ് അതുപറഞ്ഞപ്പോഴാണ് ഉണ്ണി ഗായത്രി ഇന്നലെ മാനത്തേക്ക് നോക്കി നിന്നത് ആലോചിച്ചത്..ദിവസവും കണ്ടിട്ട് കാര്യമില്ല ശ്രദ്ധിക്കണം അല്ലെങ്കിൽ ഇങ്ങനെയൊക്കെ തോന്നും.
രതീഷ് കാറു തിരിച്ച് ക്ലിനിക്കിലേക്ക് വിട്ടു, മുന്നിൽ പാർക്ക് ചെയ്ത് അകത്തേക്ക് കയറി, തിരക്ക് കണ്ട് ഉണ്ണി നെഞ്ചിൽ കൈ വെച്ചു..ഇന്ന് തിരിച്ചു പോക്കുണ്ടാവില്ല..
രതീഷ് സൈഡിലൊരു കസേരയിലായിരുന്നു, ഉണ്ണി റിസെപ്ഷനിലേക്ക് നടന്നു, രശ്മി കമ്പ്യൂട്ടറിൽ നോക്കികൊണ്ടിരിക്കായിരുന്നു, ഉണ്ണിയെ കണ്ട് തല പൊക്കി.
അളിയൻ ഇന്ന് വൈകിയല്ലോ..
ഉണ്ണി ചുറ്റിലുമൊന്ന് നോക്കി..ഇത്രയും തിരക്ക് ഞാൻ പ്രതീക്ഷിച്ചില്ല, അതുപോട്ടെ ഞങ്ങളുടെ ടോക്കൺ എത്രയാ…
രശ്മി ബുക്കിൽ നോക്കി..പതിനഞ്ച്..
പതിനഞ്ചോ, കുറക്കാൻ പറ്റോ..
കുറക്കില്ല വേണേൽ പത്തു നമ്പർ കൂട്ടി തരാം, എന്നെ നേരത്തെ വിളിച്ചു കൂടായിരുന്നോ..
അതിന് പോവണ്ട ആള് തോന്നുമ്പോൾ വന്നാൽ ഞാനെന്ത് ചെയ്യും, ഡോക്ടറെന്താ പറഞ്ഞു വീട്ടിരിക്കുന്നതെന്നു പോലും എനിക്ക് കറക്റ്റായിട്ട് അറിയില്ല..
നല്ല ഏട്ടനും അനിയനും, എന്തായാലും അവിടെ പോയിരിക്ക് ഞാൻ ഗ്യാപ് വല്ലതും വന്നാൽ വിളിക്കാം.
ഉണ്ണി തിരിച്ച് രതീഷിനരുകിലേക്ക് നടന്നു, ഇരുന്നിരുന്ന സ്ഥലത്ത് അവനെ കാണാഞ്ഞിട്ട് ഉണ്ണി പുറത്തേക്ക് നോക്കി. ഈശ്വരാ ഇവൻ കിട്ടിയ ഗ്യാപ്പിൽ മുങ്ങിയോ..
ഉണ്ണി പുറത്തേക്കിറങ്ങാൻ നിന്നപ്പോഴാണ് മുന്നിലെ നിരയിലേക്കൊന്ന് വെറുതെ നോക്കിയത്, അവിടെ ഇരുന്ന് ഫോണിൽ നോക്കികൊണ്ടിരിക്കുന്ന രതീഷിനെ കണ്ട് തലയിൽ കൈവെച്ചു..ഇവനെ കൊണ്ട് തോറ്റു…
അരികിലെ കസേരയിലിരുന്നു..ഏട്ടൻ ഇത്രയും നേരം അവിടെയല്ലേ ഇരുന്നിരുന്നത് എപ്പോഴാ ഇങ്ങോട്ട് ചാടിയത്…
നീ തിരക്ക് കണ്ടില്ലേ മുന്നിലിരുന്നാൽ പെട്ടെന്ന് പോവാം..
അതിന് ഏട്ടൻ ആ കാണുന്ന ഡോക്ടറുടെ വാതിലിനു ചുവട്ടിൽ പോയിരുന്നാലും ടോക്കൺ നമ്പർ ആവാതെ അവര് വിളിക്കില്ല..
അതെന്തെങ്കിലും ആവട്ടെ അവളെന്ത് പറഞ്ഞു..
ആര്..ഉണ്ണി സംശയത്തോടെ ചോദിച്ചു.
അതന്നെ ആ റീസെപ്ഷനിൽ ഇരിക്കുന്ന കുട്ടി..
കുട്ടിയോ..? ഉണ്ണി മനസ്സിലാവാതെ വീണ്ടും ചോദിച്ചു.
നീ പൊട്ടൻ കളിക്കല്ലേ, രശ്മി വല്ലതും പറഞ്ഞെങ്കിൽ പറ.
ആ രശ്മി ആയിരുന്നോ.. പറഞ്ഞു..
എന്താ പറഞ്ഞത്..? രതീഷ് ആകാംക്ഷയോടെ കാതോർത്തു.
തോന്നുമ്പോൾ വന്നാൽ അവൾക്ക് തോന്നുമ്പോഴേ ടോക്കൺ വിളിക്കൂന്ന്..
അത് പതുക്കെ മതി..
ഏട്ടന് പതുക്കെ മതിയായിരിക്കും എനിക്ക് അങ്ങനെയാണോ, ജോലിക്ക് പോവൊന്നും വേണ്ടേ..
നീ വേണമെങ്കിൽ പൊയ്ക്കോ, ഞാൻ ഒറ്റക്ക് കാണിച്ചോളാം..
പിന്നെ ഒറ്റക്ക് വിടാൻ പറ്റിയൊരാള്, ആദ്യം എനിക്ക് പൂർണ വിശ്വാസമാവട്ടെ അതിന് ശേഷം വേണമെങ്കിൽ നോക്കാം..
അതെന്തെങ്കിലും ചെയ്യ്..
രതീഷ് റിസെപ്ഷനിലേക്ക് നോക്കാൻ തുടങ്ങി, ഉണ്ണി അവനെ ശ്രദ്ധിച്ചുകൊണ്ട്..
എന്താണ് ഒരു നോട്ടം..
അവളെന്താ ഇന്ന് പൊട്ട് വെക്കാതിരുന്നതെന്നാവോ…
തീർന്നിട്ടുണ്ടാവും പാവം, പറ്റുമെങ്കിൽ നീ വാങ്ങി കൊടുക്ക്..
രതീഷ് പെട്ടെന്ന് ഉണ്ണിയെ നോക്കി..അവള് അങ്ങനെ പറഞ്ഞോ..
ഉണ്ണി കണ്ണിറുക്കി..ഒരു തമാശ പറയാനും പാടില്ലേ, ഇനി അവളോടൊന്നും പോയി ചോദിച്ചേക്കല്ലേ, അവളുടെ വായിലിരിക്കുന്നതും കൂടി കേൾക്കാൻ വയ്യാത്തോണ്ടാ.
എന്നാലും എന്താ അവളെന്നോട് മിണ്ടാത്തത്…
ഏട്ടനും തിരിച്ച് അങ്ങോട്ട് പോയി മിണ്ടിക്കൂടെ..
അതിന്റെ ആവശ്യമുണ്ടോ..
എനിക്കില്ല ഏട്ടനുണ്ടെങ്കിൽ ആയിക്കോ, ചെറുതായിട്ട് പേടിയുണ്ടോ..
എനിക്കെന്ത് പേടി.. ഇപ്പോൾ വേണമെങ്കിലും പോയി സംസാരിക്കും.
ഓ അത്രക്ക് ധൈര്യമോ.. എന്നാലൊന്ന് കാണിക്ക് നോക്കട്ടെ..
ശരിയാക്കി തരാം..രതീഷ് എഴുന്നേറ്റ് റിസെപ്ഷനിലേക്ക് നടന്നു, അവിടെയെത്തി തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ണി ഇരുന്ന് ചിരിക്കുന്നത് കണ്ട് രതീഷ് മുന്നിലേക്ക് നോക്കി..
ഹലോ..
മോണിറ്ററിൽ നിന്ന് രശ്മി തലപൊക്കി നോക്കി. യെസ് ..
പെട്ടെന്ന് കണ്ടപ്പോൾ രതീഷ് ഒന്ന് ഞെട്ടി. മാഡം ഞങ്ങളുടെ ടോക്കൺ നമ്പർ എത്രയാ…?
രശ്മി പുറകിലേക്കൊന്ന് എത്തി നോക്കി. ഞങ്ങളുടെ എന്ന് പറയുമ്പോൾ എത്ര പേരുടേയാ സർ ..
രതീഷ് അവളുടെ നോട്ടത്തിന് മുന്നിൽ വിയർക്കാൻ തുടങ്ങി..എന്റെ മാത്രം..
എന്റെ എന്ന് പറയുമ്പോൾ സാറിന്റെ പേരെന്താ..
രതീഷ്..
ഓ രതീഷിന്റെയാണോ, നേരത്തെ അനിയൻ വന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു നമ്പർ പതിനഞ്ച് കുറച്ചു വൈകും..
ഓക്കേ ശരി മാഡം..
രതീഷ് ഓടുന്നത് കണ്ട് രശ്മി ചിരിക്കാൻ തുടങ്ങി, നോക്കുമ്പോഴാണ് ഉണ്ണിയും ഇരുന്ന് ചിരിക്കുന്നത് കണ്ടത്, ഉണ്ണി കൈ കൊണ്ട് കാണിച്ചു..കരയിക്കണ്ട പാവമാണ്..
അവളൊന്ന് കണ്ണടിച്ചു, രതീഷ് വന്ന് അരികിലിരുന്നു, ഉണ്ണി അവന്റെ മുഖത്തേക്ക് നോക്കി…എന്ത് പറഞ്ഞു…?
സുഖം വീട്ടിലെല്ലാവർക്കും സുഖം..
ഉണ്ണി വീണ്ടും ചിരിച്ചു…അവളുടെ അമ്മ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കാണെന്ന് വല്ലോം അറിയോ..
അത് ചോദിക്കാൻ പറ്റിയില്ല നല്ല തിരക്കല്ലേ..
ഉം.. ഉം ..ഉണ്ണിയൊന്ന് മൂളി.
സംസാരത്തിനിടയിലാണ് ഉണ്ണിയുടെ ഫോൺ റിങ്ങ് ചെയ്തത്, ഓണാക്കി സംസാരിച്ചു, ഫോൺ വെച്ചിട്ട് എഴുന്നേറ്റു..
നീ എങ്ങോട്ടാ..ഉണ്ണി എഴുന്നേറ്റത് കണ്ട് രതീഷ് ചോദിച്ചു.
എനിക്ക് സൈറ്റിലൊരു അർജന്റ്, ഏട്ടൻ കാണിച്ചിട്ട് എന്നെ വിളിക്ക്, വൈകിയാൽ കഴിക്കാതെ ഇരിക്കേണ്ട പുറത്ത് ഹോട്ടലുണ്ട്…
രതീഷ് തലയാട്ടി, ഉണ്ണി റിസെപ്ഷനിലേക്ക് ചെന്നു..രശ്മി ഞാനൊന്ന് പുറത്ത് പോവാ, അവനെയൊന്ന് നോക്കികോണേ..
ശരി ഞാൻ നോക്കിക്കോളാം നീ പോയിട്ട് വാ..
ഉണ്ണി പുറത്തേക്കിറങ്ങി, സമയം പോയികൊണ്ടിരുന്നു, ഇത്തവണയും വൈകുന്നേരം വരെ ഇരിക്കേണ്ടി വന്നു, രതീഷിന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി, എടുത്ത് ചെവിയിൽ വെച്ചു.
ഏട്ടൻ അവിടുന്ന് ഇറങ്ങിയോ..
ഇല്ല കഴിഞ്ഞു ഇറങ്ങാൻ നിൽക്കാ ..
എന്നാൽ ഒരു സഹായം പറ്റില്ലാന്ന് പറയരുത് ഉറപ്പായും ചെയ്യണം എനിക്ക് തിരക്കുള്ളത് കൊണ്ടാ..
ശരി പറ…
പോവുമ്പോൾ ഏടത്തിയമ്മയെ കൂട്ടികൊണ്ട് വീട്ടിൽ വിട്ടേക്ക്..
ഞാനോ.. എടാ ഞാനവളുടെ അടുത്തേക്ക്… എങ്ങനെ..
ഫോൺ കട്ടായി..
തുടരും…