മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
എന്റെ സമ്മതമില്ലാതെ ആ പടി കയറാൻ ഞാൻ സമ്മതിക്കില്ല, അത് അമ്മയുടെ മോൻ പറഞ്ഞാലും..
ഗായത്രിയുടെ വാക്കുകൾ അമ്മയെ വല്ലാതെ തളർത്തിയെങ്കിലും വിട്ടുകൊടുക്കാതെ അകത്തേക്ക് നോക്കി ഉണ്ണിയെ വിളിച്ചു, വരുന്നത് കാണാഞ്ഞ് വീണ്ടും വിളിച്ചു, കുറച്ച് കഴിഞ്ഞപ്പോൾ ഉണ്ണി പുറത്തേക്കിറങ്ങി വന്നു, അമ്മയെ കണ്ടപ്പോൾ…
ആ വന്നോ, ഞാൻ അങ്ങോട്ട് വരണം വിചാരിച്ചു നിൽക്കായിരുന്നു, ഇതെന്തായാലും ലാഭമായി, നടത്തം ഒഴിവായി കിട്ടിയല്ലോ..
അമ്മ ഉണ്ണിയെ നോക്കി..അതിന് കൊച്ചു തമ്പുരാട്ടി എന്നെ അകത്തേക്ക് കയറ്റുന്നില്ല..
അമ്മയെ എടുത്തോണ്ട് വരണോ, സ്റ്റെപ്പ് കയറി വന്നൂടെ..
ഞാനാ അമ്മയോട് കയറേണ്ട പറഞ്ഞത്..ഗായത്രി ഗൗരവത്തോടെ ഉണ്ണിയെ നോക്കികൊണ്ട് പറഞ്ഞു..
ഉണ്ണി അവളുടെ അരികിലേക്ക് ചെന്നു..ഞാനാ മീൻകറിയെങ്കിലും വാങ്ങിക്കോട്ടെ..
അത് നിന്റെ ഇഷ്ടം..
അമ്മ ഉണ്ണിയുടെ അടുത്തേക്ക് നീങ്ങി.എന്റെ കുട്ടി ഇങ്ങനെ പെൺ കോന്തനാവരുത്…ഉണ്ണിയൊന്ന് ചിരിച്ചു..അമ്മക്കിതും പറഞ്ഞങ്ങട് പോയാൽ മതി..ഉണ്ണി അമ്മയുടെ ചെവിയുടെ അരികിലേക്ക് മാറി..ദുഷ്ടത്തിയാണമ്മെ ചിലപ്പോൾ അമ്മ പോയാൽ എന്നെ തല്ലിയാലോ..
അമ്മ വെറുതെയൊന്ന് ഗായത്രിയെ നോക്കി, അവള് കണ്ണടിച്ച് കാണിച്ചു, അമ്മ കയ്യിലിരുന്ന പാത്രം ഉണ്ണിക്ക് നീട്ടി..
നീ ഇത് ഒറ്റക്ക് കഴിച്ചോ..
ശരി അമ്മേ, എല്ലാവരും ഉറങ്ങിയിട്ട് ഞാൻ കഴിച്ചോളാം..
അമ്മ ഒന്നുകൂടി ഗായത്രിയെ നോക്കിയിട്ട് പുറത്തേക്കിറങ്ങി, ഗായത്രി ഉണ്ണിയുടെ അരികിലേക്ക് ചെന്നു..എന്താ അമ്മയുടെ സ്പെഷ്യൽ..
നല്ല അടിപൊളി മീൻകറി..
ഗായത്രി തുറന്ന് മണത്തു നോക്കി..ഹായ് എന്താ മണം, രാത്രിയിലേക്കുള്ളതായി..
ഉണ്ണി പാത്രം കയ്യിൽ നിന്ന് വാങ്ങി..ഇത് എനിക്ക് തന്നതാണ്, പോകുമ്പോഴും കൂടി പറഞ്ഞത് കേട്ടില്ലേ ഒറ്റക്ക് കഴിച്ചാൽ മതിയെന്ന്…
പിന്നെ.. എന്നാൽ ഞാൻ വെച്ച ചോറ് നീ ഉണ്ണണ്ട…
ഓ ഒരു തമാശക്കാരി..ഇന്നാ ഇത് മുഴുവൻ എടുത്തോ …
താങ്ക്സ്..
ഞാൻ ചോദിക്കണം വിചാരിച്ചിട്ട് ഇരിക്കായിരുന്നു ഇന്ന് ഏട്ടന്റെ കൂടെ വന്നപ്പോൾ വല്ലതും പറഞ്ഞായിരുന്നോ, അവൻ ഏടത്തിയമ്മയുടെ നാക്കിന്റെ നീളം കുറച്ച് കൂടിയെന്ന് പരാതി പറഞ്ഞു..
അങ്ങനെ പറഞ്ഞോ..
സത്യമായിട്ടും പറഞ്ഞു, പിന്നെ എനിക്ക് പറയാൻ പറ്റില്ലല്ലോ ഇത് പുതിയ ഗായത്രിയാണെന്ന്…
ഗായത്രി സ്റ്റെപ്പിലിരുന്നു..നിന്റെ ഏട്ടൻ ചോദിക്കാ എനിക്ക് ഇങ്ങനെ ചീത്തപ്പേര് കേൾക്കുന്നതിലും നല്ലത് നിന്നെ കെട്ടുന്നതല്ലേയെന്ന്..
കെട്ടാൻ പറ്റിയ കയറ് കിട്ടാത്തോണ്ടാണെന്ന് പറയായിരുന്നില്ലേ…
ഞാൻ പറഞ്ഞു എനിക്ക് കെട്ടാതെ ഇങ്ങനെ ജീവിക്കുന്നതാ ഇഷ്ടമെന്ന്..
ഉണ്ണിയൊന്ന് ഞെട്ടി..മിടുക്കി അവനോട് തന്നെ ഇങ്ങനെയൊക്കെ പറഞ്ഞു കൊടുക്കണം..
അതിനെന്താ ഞാൻ കാര്യമല്ലേ പറഞ്ഞത്..
ഉം.. നല്ല കാര്യം..
ശരി നീ അകത്തേക്ക് വാ..
ഗായത്രി എഴുന്നേറ്റ് അകത്തേക്ക് കയറി, ഉണ്ണിയും പിന്നാലെ നടന്നു, അടുക്കളയിൽ പാത്രം വെച്ച് ഹാളിലിരുന്നു..
നിന്റെ ഏട്ടന് ഡോക്ടറെ കാണിച്ചിട്ട് മാറ്റമുണ്ടോ, ഡോക്ടറെന്താ പറയുന്നത്..
ഉണ്ണി ഗായത്രിയുടെ മടിയിൽ തല വെച്ച് കിടന്നു..കുറച്ചൊക്കെ മാറ്റമുണ്ടാവും, അവന് അല്ലെങ്കിലും കുറച്ച് ദേഷ്യത്തിന്റെ അസുഖമുണ്ടെന്ന് രശ്മി പറഞ്ഞിരുന്നു..
ആരാ രശ്മി..?
ഉണ്ണി അബദ്ധം മനസ്സിലായപ്പോൾ ഒന്ന് കണ്ണടച്ചു…ഫ്രണ്ട്.. അവന്റെ ചെറുപ്പം തൊട്ടേയുള്ള ഫ്രണ്ട്, കൂട്ടുകാർക്കാണല്ലോ ഇതിനെ കുറിച്ചൊക്കെ അറിയാ..
അത് നിന്റെ ഏട്ടൻ ആൺകുട്ടികളോടല്ലേ പറയാ,പെൺകുട്ടികളോടും പറയാറുണ്ടോ..?
ഉണ്ണി മുഖം പൊത്തി…ചെറുപ്പം തൊട്ടുള്ള ഫ്രണ്ടാണല്ലോ അപ്പോൾ ക്ലോസല്ലേ അങ്ങനെ പറഞ്ഞതാവും..
അതിന് ഇത് പറയാൻ നിന്റെ ഏട്ടന് ഇങ്ങനെയൊരു കുഴപ്പത്തിന്റെ കാര്യം മുൻകൂട്ടി അറിയോ…
ഉണ്ണി കണ്ണ് തുറന്ന് ഗായത്രിയെ നോക്കി..ഒരു ഗ്യാപ് തരോ ഞാനൊന്ന് ആലോചിക്കട്ടെ..
നുണ കണ്ടുപിടിക്കാണോ…ഗായത്രി ചിരിച്ചു..
അല്ല പഴയ കാര്യങ്ങളല്ലേ ഓർമ കിട്ടണ്ടേ..
അതിന് നീ ഈ അടുത്താണ് കണ്ടതെന്നല്ലേ പറഞ്ഞത്..
എന്റെ എടത്തിയമ്മ ഞാനൊന്ന് ആലോചിക്കട്ടെ..
നീ നുണ പറയാതെ കാര്യം പറ ഉണ്ണി..
ഉണ്ണി ഗായത്രിയെ നോക്കി.പഴയ കാമുകിയായിരുന്നെന്ന് പറഞ്ഞാൽ സങ്കടാവോ…
ആവുമെങ്കിൽ…
ഞാൻ പറയുന്നില്ല..
എന്നാൽ ഒരു സങ്കടവുമില്ല..
ആ മിടുക്കി, ഇങ്ങനെ തന്നെ വേണം..
ഗായത്രി ചിരിച്ചു..എത്ര വർഷത്തെ പ്രണയമായിരുന്നു..
10 വർഷം പ്രേമിച്ചോണ്ട് നടന്നെന്നാ പറയുന്നത്, ഇവൻ എഞ്ചിനീയറിംഗിന് ചേർന്നപ്പോൾ പിരിയാൻ പറ്റാതെ അവളുടെ വീട്ടിൽ പ്രശ്നമുണ്ടാക്കി ഇവൻ പഠിക്കുന്ന കോളേജിൽ തന്നെ ചേർന്നു, പിന്നെ എന്തിനാ പിരിഞ്ഞതെന്ന് ചോദിച്ചാൽ എനിക്കും പിടുത്തമില്ല, രണ്ട് വർഷം മുമ്പേ തല്ലുണ്ടാക്കിയത് നല്ല ഓർമയുണ്ട്, ഇപ്പോൾ ചോദിച്ചാൽ ഇവള് പറയുന്നു അവനാ വേണ്ടാന്ന് പറഞ്ഞതെന്ന്, തിരിച്ച് ഇവനോട് ചോദിച്ചാൽ അവള് വേണ്ടാന്ന് പറഞ്ഞിട്ടാ ഒഴിവാക്കിയതെന്ന് പറയുന്നു, സത്യമെന്താണെന്ന് അവർക്ക് തന്നെ അറിയുള്ളൂ…
അപ്പോൾ നീ അതിലൊന്നും ഇടപെട്ടില്ലേ..ഗായത്രിക്ക് സംശയം..
ഏയ് ഞാനങ്ങനത്തെ പരിപാടിക്കൊന്നും പോവില്ല..
പിന്നെ.. പിന്നെ… സത്യം പറ ആരുടെ കൂടെയായിരുന്നു മരം ചുറ്റി നടന്നിരുന്നത്..
എനിക്ക് പ്രണയമൊന്നുമുണ്ടായിരുന്നില്ല..
നുണ പറയണ്ട, നിന്റെ മുറിയിലുണ്ടായിരുന്ന ഫോട്ടോ ആരുടെയാ..
ഏത് ഫോട്ടോ..?
കാർട്ടന്റെ അടിയിൽ ആരും കാണാതെ ഒരു ഫോട്ടോ വെച്ചിട്ടില്ലേ അതാരുടെയാണെന്ന്…
ഉണ്ണിയൊന്ന് ഞെട്ടി എഴുന്നേറ്റു..ഏടത്തിയമ്മക്കെങ്ങനെ അത് കിട്ടി..
ഞാൻ അതിന്റെ ഉള്ളിലല്ലേ കിടന്നിരുന്നത്, ഉറക്കം വരാതിരുന്നപ്പോൾ ചുറ്റിലും പരതി നോക്കി അങ്ങനെ കണ്ടതാ, ഇനി പറ അതാരുടെയാ…
ഉണ്ണി അവളെയൊന്ന് നോക്കി..ഇഷ്ടായിരുന്നു, എന്തിനാ പോയത്, എവിടേക്കാ പോയത് എന്നൊന്നും അറിയില്ല, ഇപ്പോൾ വെറുതെ ആ ഫോട്ടോയിലൊന്ന് നോക്കും അത്രേയുള്ളൂ, ഇതിൽ നല്ല രസമുള്ള കാര്യമെന്താണെന്ന് വെച്ചാൽ ഞാൻ ഒരു ദിവസം ബൈക്ക് കേടായി ബസ്സിൽ കയറാൻ വേണ്ടി നിൽക്കുമ്പോഴാ അതേ മുഖമുള്ള ഇരു സുന്ദരികുട്ടിയെ കാണുന്നേ, ആദ്യം അവള് തന്നെയായിരിക്കുമെന്ന് വിചാരിച്ചു, പിന്നെ ഹോസ്പിറ്റലിൽ വന്നപ്പോഴാ ഒരു വായാടി പെണ്ണാണെന്ന് മനസ്സിലായത്, പിന്നെ കളഞ്ഞിട്ട് പോവാൻ തോന്നിയില്ല…
അവള് മിടുക്കിയല്ലേ, ശരിക്കും ജീവിക്കാൻ പഠിച്ച പെൺകുട്ടി..
അതുപോട്ടെ ഏടത്തിയമ്മയുടെ പറ..
എന്ത്…?
നഷ്ടപ്രണയം…?
എന്നെയൊക്കെ ആര് നോക്കാനാ…
ഹോ… ഞാൻ വിശ്വസിച്ചു.. എത്രപേര് പുറകെ ഉണ്ടായിരുന്നെന്ന് പറ..
അങ്ങനെ നിറയെ ആൾക്കാരൊന്നുമില്ല, എന്റെ ഓർമയിൽ മൂന്ന് പേര് എന്നെ കുറെ കിട്ടുമോന്ന് നോക്കിയതാ..
അതെന്താ ആരെയും ഇഷ്ടമായില്ലേ..
ഒരാളെ ഇഷ്ടായിരുന്നു, പക്ഷെ വില്ലൻ വന്ന് തുലച്ചു..
വില്ലനോ…?
ഉം.. എന്റെ അമ്മാവന്റെ മകനെ കണ്ടില്ലേ, അവൻ എനിക്ക് ചെറുപ്പം തൊട്ടേ മനഃസമാധാനം തന്നിരുന്നില്ല, വലിയ കുട്ടിയായപ്പോൾ തൊട്ട് അവനെന്നെ കെട്ടിയില്ലെങ്കിലും ഒന്ന് കിട്ടിയാൽ മതിയെന്ന് ചോദിച്ച് നടക്കായിരുന്നു..
അതിന്റെ ഇടയിലല്ലേ ഞങ്ങള് വന്നത്..
അതേ, അത് കറക്റ്റാ..ഗായത്രി തലയാട്ടി.
ഇതെന്നോടവൻ പറഞ്ഞു..
എനിക്കെന്തോ ആദ്യം തൊട്ടേ ഇഷ്ടമല്ലാതെ പോയി, പിന്നെ അമ്മയും എന്നെ സപ്പോർട്ട് ചെയ്തു, അല്ലെങ്കിൽ ഇന്നേരം എന്റെ പതിനാറായിരുന്നു..
ഉണ്ണി ചിരിച്ചു..ജസ്റ്റ് മിസ്സെന്ന് പറ..
അങ്ങനെയും പറയാം..
എനിക്ക് വിശക്കുന്നു നമ്മുക്ക് കഴിച്ചാലോ..
എന്നാൽ വാ കഴിക്കാം..ഗായത്രി ഭക്ഷണമെടുത്ത് വിളമ്പി, കഴിക്കല് കഴിഞ്ഞ് കിടക്കാൻ നേരം..
ഞാൻ അമ്മയോട് അങ്ങനെ പറഞ്ഞതിൽ കുഴപ്പമൊന്നുമില്ലല്ലോ ഉണ്ണി..
എന്ത് കുഴപ്പം, എടത്തിയമ്മ പേടിക്കണ്ട, എനിക്ക് അമ്മയോടൊന്ന് ഇരുന്ന് സംസാരിക്കാൻ സമയം കിട്ടാത്തോണ്ടാ..
ഉം ശരി ഗുഡ് നൈറ്റ്..
ഉണ്ണി വാതിൽ ചാരി കിടന്നു..
പിറ്റേ ദിവസം രാവിലെ..
എടത്തിയമ്മ എന്റെ ഷർട്ട് എവിടെ…
ഗായത്രി അടുക്കളയിൽ നിന്ന് എത്തി നോക്കി..നിന്റെ ഷർട്ട് എന്റെയടുത്താണോ ഇരിക്കുന്നേ..
തമാശ കളിക്കല്ലേ, ഇന്നലെയോ ഓഫീസിൽ പോയില്ല, ഇന്നെങ്കിലും പോയി ഹാജർ പറഞ്ഞിട്ട് വരാം..
ഗായത്രി മുറിയിൽ പോയി ഷർട്ടെടുത്ത് കയ്യിൽ കൊടുത്തു..എന്നെ ഹോസ്പിറ്റലിൽ ആക്കിയിട്ടേ പോകാവൂ..
നിർബന്ധമാണോ..
ഗായത്രി ഉണ്ണിയെ ഒരു ഇടി കൊടുത്തു..ഭക്ഷണം കഴിച്ചിട്ട് റെഡിയാവ് വേഗം, എന്നിട്ടെന്നെ കൊണ്ട് പോയി വിട്ടിട്ട് പോയാൽ മതി..
ശരി ഓക്കെ… ഓഫീസിൽ പിന്നെയും പോവാലോ…
ഉണ്ണി പെട്ടെന്ന് ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങി, ഗായത്രി പിന്നാലെ ചെന്ന് വാതിലടച്ച് ബൈക്കിൽ കയറി, കുറച്ച് സമയത്തിന് ശേഷം ഹോസ്പിറ്റലിൽ എത്തി, ഗായത്രി മുകളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഉണ്ണിയും പിന്നാലെ നടന്നു..
നീ എങ്ങോട്ടാ നിനക്ക് ഓഫീസിൽ തിരക്കാണെന്ന് പറഞ്ഞിട്ട്..
തിരക്കുണ്ട്, എന്നാലും കുറച്ച് ദിവസമായില്ലേ അവളെ കണ്ടിട്ട്..
ഉം.. വാ..
ഉണ്ണി ഗായത്രിയുടെ കൂടെ സെക്കന്റ് ഫ്ലോറിലെത്തി, ഗായത്രി അകത്തേക്ക് കയറിയപ്പോൾ ഉണ്ണി എത്തിനോക്കി, പ്രിയ ഇരിക്കുന്നത് കണ്ട്…
പണിയെടുക്കാതെ ഒളിഞ്ഞിരിക്കാണോ..
പ്രിയ ശബ്ദം കേട്ട് പുറത്തേക്ക് നോക്കി..ആ വന്നല്ലോ വാനമ്പാടി..പുറത്തേക്കിറങ്ങി ഉണ്ണിയുടെ അരികിലെത്തി..ഇപ്പോൾ പുതിയ വീടൊക്കെ വെച്ച് വലിയ ആളായപ്പോ നമ്മളെയൊന്നും കണ്ണിൽ പിടിക്കുന്നില്ലാലെ..
ഉണ്ണി ചിരിച്ചു..അത് സത്യാട്ടോ, ഞാൻ ഐശ്വര്യ റായുടെ കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ കെട്ടണം വിചാരിച്ചിരിക്കായിരുന്നു..
അനിയത്തിയുണ്ടോ ചോദിക്കായിരുന്നില്ലേ…
ഉണ്ണി വീണ്ടും ചിരിച്ചു..അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് ഇത് കൂടെ കറങ്ങി നടക്കുന്നുണ്ട് അതിനെ കെട്ടാന്ന് വെച്ചിട്ടാ…
പ്രിയ നാണിച്ചു തലതാഴ്ത്തി..
നാണമൊക്കെ വരോ..ഉണ്ണി കളിയാക്കി..
പോടാ..
ഗായത്രി പുറത്തേക്ക് വന്നു..ഉണ്ണി പോവാറായോ..
ഞാൻ പോവാ.. ഐശ്വര്യ റായിയെ കണ്ടു ഓട്ടോഗ്രാഫും കിട്ടി, ഇനി നിന്നിട്ട് കാര്യമില്ലല്ലോ…
ഗായത്രി ചിരിച്ചിട്ട് തലയാട്ടി..ഉണ്ണി പോവാനൊരുങ്ങിയപ്പോഴാണ് വിഷ്ണു ഡോക്ടർ കടന്നു വന്നത്..
എന്താണ് മുറിവൊക്കെ ശരിയായോ..?
ഈ ഡോക്ടറെന്താ ഇങ്ങനെ, അത് അവൻ നോക്കിയിട്ട് പറയേണ്ട കാര്യമാണോ…
പ്രിയയുടെ മറുപടി കേട്ട് വിഷ്ണു തലയിൽ കൈവെച്ചു.ഇവിടെ ഉണ്ടായിരുന്നോ, നിന്നെ കണ്ടിരുന്നെങ്കിൽ ഇങ്ങനെയൊരു ചോദ്യം ചോദിക്കില്ലായിരുന്നു..
അപ്പോൾ പേടിയുണ്ടല്ലേ..
ഉണ്ട് ചെറുതായിട്ട്..ഗായത്രിയുടെ നേരെ തിരിഞ്ഞു..ഗായത്രി നമ്മുക്ക് വാർഡിലൊന്ന് പോയിട്ട് വന്നാലോ..
ഗായത്രി പോവാമെന്ന് തലയാട്ടി, പ്രിയ വിഷ്ണുവിനെ തടഞ്ഞു..ഡോക്ടർ നിൽക്ക്, അതെന്താ ഞാൻ നഴ്സല്ലേ, ഇന്നലെയും കണ്ടു ഗായത്രി പോവാം.
വിഷ്ണു അവളെ തട്ടാതെ മാറി..എക്സ്പീരിയൻസ് കുറവുള്ള ആളുടെ കൂടെ പോവുന്നതാ നല്ലത്, നിനക്ക് എന്നെക്കാളും കുറച്ച് കൂടുതലാ..
ഗായത്രി ഉണ്ണിയോട് കൈകൊണ്ട് കാണിച്ചിട്ട് ഡോക്ടറുടെ കൂടെ നടന്നു..
ഉണ്ണി പ്രിയയെ നോക്കി..
നിന്നോട് അസൂയയാണ് ഡോക്ടർക്ക് അതുകൊണ്ട് പറഞ്ഞതാവും..
കളിയാക്കല്ലേ, എനിക്ക് ഇങ്ങനെ വെറുതെ ഇരിക്കുന്നത് തന്നെയാ ഇഷ്ടം..
ആണോ.. എന്നാൽ നമ്മുക്ക് ഞായറാഴ്ച്ച ബീച്ചിൽ പോയി വെറുതെ ഇരുന്നാലോ..
പ്രിയയൊന്ന് ചിരിച്ചു..നീ അവിടെ പോയി വെറുതെ ഇരിക്കുമെങ്കിൽ ഞാൻ വരാം..
പിന്നെന്താ.. അപ്പോൾ സെറ്റ്..
ഉണ്ണി താഴേക്കിറങ്ങി ബൈക്കെടുത്ത് ഓഫീസിലേക്ക് പോയി.
ഇതേ സമയം വീട്ടിൽ രതീഷ് കിടന്നുറങ്ങുകയായിരുന്നു, ബെഡ്‌ഡിന് തലപ്പത്തു കിടന്നിരുന്ന മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങി, ഒന്ന് തിരിഞ്ഞ് കിടന്ന് കയ്യിലെടുത്ത് നോക്കി, പുതിയൊരു നമ്പർ കണ്ട് അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു.
ഹലോ…
ഹലോ സാർ ടോക്കൺ നമ്പർ 15 ഓർമ്മയുണ്ടോ..
രതീഷ് ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റിരുന്നു..മാഡത്തിന്റെ ഫീസൊക്കെ കറക്റ്റായി അടച്ചതാണല്ലോ, എന്തേ ബാലൻസ് വല്ലതും ബാക്കിയുണ്ടോ..
ആ ബാലൻസുണ്ട് എത്ര നേരം വേണമെങ്കിലും വിളിക്കാനുള്ള ബാലൻസുണ്ട്..
രാവിലെ നിന്റെ മണ്ട തമാശ കേൾക്കാൻ വിളിച്ചതാണോ..
ഓ ഞാൻ പറയുന്നതൊക്കെ നിനക്ക് മണ്ടത്തരമാണല്ലോ, ഇനിയും ആ മണ്ടത്തരം കേൾക്കാൻ വരുന്നോന്ന് ചോദിക്കാൻ വിളിച്ചതാ..
രതീഷ് ആവേശത്തോടെ..എങ്ങോട്ടാ വരേണ്ടത്..
അങ്ങനെ വഴിക്ക് വാ..
നീ കളിക്കാതെ എവിടെയാ വരേണ്ടതെന്ന് പറ..ആകാംക്ഷയോടെ ചോദിച്ചു..
ഞായറാഴ്ച്ച ബീച്ചിൽ..
തുടരും….