പ്രിയം ~ ഭാഗങ്ങൾ 33 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

Warning :- ചേലോർക്ക് ഇഷ്ടാവും ചേലോർക്ക് ഇഷ്ടാവില്ല, എന്നാലും ട്രാക്ക് മാറി നമ്മൾക്ക് ക്ലൈമാക്സിലേക്കുള്ള വഴികളിലൂടെ നടക്കാൻ തുടങ്ങാം 🥰..

*** **** **** **** *****

രശ്മി പറയൂ, എന്താണെങ്കിലും ഞാൻ ചെയ്യാൻ തയ്യാറാണ്..

രശ്മി ഒന്ന് ചിരിച്ചു..അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല, നിന്റെ ഏടത്തിയമ്മയില്ലേ അവളെയും കൂട്ടി വാ ക്ലിനിക്കിലേക്ക്..

മനസ്സിലായി, നാളെ ഏട്ടനെയും കൊണ്ട് വരുമ്പോൾ ഏടത്തിയമ്മയെയും കൂടെ കൂട്ടണം അത്രയല്ലേയുള്ളൂ..

അതുതന്നെ, അപ്പോൾ ശരി നിങ്ങള് റൊമാൻസൊക്കെ കഴിഞ്ഞ് പതുക്കെ വീട്ടിലോട്ട് വാ ഞാൻ പോട്ടെ..

ബൈ..ഉണ്ണി കൈവീശി കാണിച്ചു..അവൾ പോയി കഴിഞ്ഞപ്പോൾ പ്രിയ ഉണ്ണിയെ നോക്കി..നല്ല അടിപൊളിയാണല്ലോ ആള് എന്തിനാ നിന്റെ ഏട്ടൻ ഇവരെ വേണ്ടാന്ന് വെച്ചത്..

അതിപ്പോൾ അവനോട് തന്നെ ചോദിക്കേണ്ടി വരും, ഇവരൊക്കെ മനസ്സിൽ എന്താ വെച്ചോണ്ടിരിക്കുന്നതെന്ന് നമ്മൾക്കെങ്ങനെ അറിയാൻ പറ്റും..

അതും ശരിയാ…ഉണ്ണി ഇനി വല്ലതും കൂടുതൽ പറഞ്ഞാലോ വിചാരിച്ച് പ്രിയ തലയാട്ടി സമ്മതിച്ചു..

കുറെ നേരമായില്ലേ ഇരിക്കുന്നു നമ്മൾക്ക് കഴിക്കാൻ പോയാലോ..?

പോവാം എനിക്കും വിശക്കുന്നുണ്ട്..

പ്രിയ തോളിൽ നിന്ന് തലയുയർത്തി, ഉണ്ണി എഴുന്നേറ്റു, പ്രിയ ഉണ്ണിയുടെ കയ്യിൽ തൂങ്ങി എഴുന്നേറ്റ് നിന്നു..പോവല്ലേ, അതിന് മുമ്പ് ഒന്ന് നടന്നിട്ട് വന്നാലോ..

പ്രിയ പെട്ടെന്നങ്ങനെ പറഞ്ഞപ്പോൾ ഉണ്ണി മറുത്തൊന്നും പറയാൻ നിന്നില്ല അവളുടെ കയ്യും കോർത്തു പിടിച്ചു മണൽപരപ്പിലൂടെ നടക്കാൻ തുടങ്ങി, അവൾ വഴിനീളെ പുഞ്ചിരിച്ചു കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ ഉണ്ണിക്ക് കൗതുകം തോന്നി..

നീ ആദ്യമായിട്ടാണോ കടൽ കാണുന്നേ..

ഉണ്ണിയുടെ ചോദ്യം കേട്ടപ്പോൾ അവളൊന്ന് കൂടി നന്നായി പുഞ്ചിരിച്ചു, അവന്റെ കൈകളിലുള്ള പിടുത്തം മുറുക്കി..ഇത് എന്റെ ജീവിതത്തിൽ ഞാൻ തീരെ പ്രതീക്ഷിച്ചതല്ല..

ഉണ്ണി മനസ്സിലാവാതെ അവളെ നോക്കി, അവളൊന്ന് ചേർന്നു..നിന്നെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന്..

പിന്നെ…

അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും..

കുറച്ച് നേരം കാറ്റും കൊണ്ട് നടന്ന് തിരിച്ചു ബൈക്കിനരുകിലെത്തി..

ഇവിടെ അടുത്ത് അടിപൊളി റെസ്റ്റോറന്റുണ്ട്, നമ്മുക്ക് അങ്ങോട്ട് പോവാം..

ബൈക്കെടുത്ത് സ്റ്റാർട്ട്‌ ചെയ്ത് റെസ്റ്റോറന്റിലേക്ക് തിരിച്ചു, കുറച്ച് നേരത്തെ യാത്രക്ക് ശേഷം സ്ഥലത്തെത്തി, അകത്തേക്ക് കയറി ആദ്യത്തെ ടേബിളിലിരുന്നു, ഉണ്ണി ചുറ്റിലും നോക്കി…

നീയെന്താ നോക്കുന്നത്..?

ചോദ്യം കേട്ടപ്പോൾ ഉണ്ണി അവൾക്ക് നേരെ തിരിഞ്ഞു..ഞാൻ കമ്പനിയിൽ ജോയിൻ ചെയ്ത സമയത്ത് മാനേജർ ഈ റെസ്റ്റോറന്റിന്റെ പേര് പറഞ്ഞിട്ട് ഇതൊക്കെ നമ്മുടെ കമ്പനിയുടെ ഹൈ ലെവൽ പ്രൊജക്റ്റാണെന്ന് പറയുമായിരുന്നു, അത് കേട്ടിട്ട് ഒരു തവണ വന്നു നോക്കിയതാ അങ്ങേര് വെറും തള്ള്, ഇതിലും നല്ലത് ഞാൻ നിങ്ങളുടെ ഹോസ്പിറ്റലിൽ ഉണ്ടാക്കിയ B ബ്ലോക്കാ..

പ്രിയ ചിരിക്കാൻ തുടങ്ങി..അതെന്നെ ഓർമിപ്പിക്കരുത്, മഴക്കാലമായാൽ ഞങ്ങൾ അതിൽ കൂടെ തോണിയിലാണ് പോവാറ്..

ഉണ്ണിയും ചിരിച്ചു..അത് പറഞ്ഞ കാശ് മര്യാദക്ക് തരണം അല്ലെങ്കിൽ ഞാൻ സിമെന്റും മണലുമൊക്കെ കുറച്ചെന്ന് വരും, പിന്നെ ഞാനല്ലല്ലോ അത് പണിയുന്നത്..

ഇതുതന്നെയാ എല്ലാവരും പറയാറ്, എന്നാലും പാവം ഞങ്ങളുടെ ഡോക്ടർ പരാതി ഒന്നും പറയാറില്ല..

ഏയ് ഒന്നും പറയില്ല, ഞാൻ അവിടെ കിടന്നപ്പോൾ ബില്ല് വെച്ച് പകരം വീട്ടിയതേയുള്ളൂ..

സംസാരത്തിനിടയിൽ മെനുകാർഡ് കൊണ്ട് ആള് വന്നു, പ്രിയ അത് വാങ്ങി ഓർഡർ ചെയ്യാൻ തുടങ്ങി, കഴിഞ്ഞപ്പോൾ അയാൾ തലയാട്ടിയിട്ട് അകത്തേക്ക് തന്നെ പോയി..

എന്താ സ്പീഡ്.. ഇതൊന്നും ആരും പറഞ്ഞു തരണ്ടാല്ലേ…

പ്രിയ ഉണ്ണിയെ നോക്കി..പിന്നെ അത്യാവശ്യത്തിനുള്ളതൊക്കെ എനിക്ക് നന്നായിട്ടറിയാം…

ഹാവൂ അത് കേട്ടാൽ മതി..

ഭക്ഷണം ടേബിളിലേക്ക് വന്നു, രണ്ട് പേരും കഴിക്കാൻ തുടങ്ങി, ഉണ്ണി കഴിക്കുന്നത് മതിയാക്കി പ്രിയയെ നോക്കിയിരുന്നു, അവൾ പതുക്കെ ഓരോന്നായി എടുത്ത് കഴിക്കുന്നത് കണ്ടപ്പോൾ സംശയത്തോടെ ചോദിച്ചു..തീർന്നു പോയാലോ വിചാരിച്ചാണോ..

അവളൊന്ന് പെട്ടെന്ന് തലയുയർത്തി..കളിയാക്കണ്ട, നിന്നെ പോലെ കിട്ടിയയുടനെ എടുത്ത് വിഴുങ്ങാൻ എനിക്കറിയില്ല, ഇതിനൊക്കെ ഒരു ചിട്ടയുണ്ട് സാവധാനം ഓരോന്നും ആസ്വദിച്ചു കഴിക്കണം..

ഹോ എന്താണ് പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഒറ്റയടിക്ക് എല്ലാം കഴിക്കായിരുന്നെന്ന്, എന്തായാലും ശരി ആസ്വദിച്ചു കഴിക്ക്..

പ്രിയ കഴിച്ചിട്ട് എഴുന്നേറ്റു, കൈകഴുകി പുറത്തേക്കിറങ്ങി, ഉണ്ണി ടിഷ്യൂ തിരയുന്നത് കണ്ട്..ടവലെടുത്തില്ലേ…

ഇല്ല മറന്നു..

പ്രിയ ഷാളിന്റെ അറ്റം നീട്ടി..തുടച്ചോ..

ഉണ്ണി അവളെ നോക്കി ചിരിച്ചിട്ട് ഷാളിൽ കൈ തുടച്ചു..എന്റെ അമ്മയും ഇങ്ങനെയായിരുന്നു, ഏതെങ്കിലും കല്യാണത്തിനൊക്കെ കൊണ്ട് പോയാൽ കഴിച്ചു കഴിഞ്ഞ് ഇതുപ്പോലെ സാരിയുടെ അറ്റം നീട്ടി തരും..

അവളൊന്ന് ചിരിച്ചു..നമ്മള് അടുത്തത് എങ്ങോട്ടാ..

ഉണ്ണി ബില്ല് പേ ചെയ്ത് പുറത്തേക്കിറങ്ങി..

നീ വാ..

പ്രിയ ബൈക്കിലേക്ക് കയറി, ഉണ്ണി ടൗണിലേക്ക് വിട്ടു, തുണികടയുടെ മുന്നിൽ നിർത്തി, രണ്ടുപേരും അകത്തേക്ക് കയറി, സെയിൽസ് ഗേളിനോട് പ്രിയക്ക് പാകത്തിലുള്ള ഡ്രെസ്സുകൾ എടുക്കാൻ പറഞ്ഞു..

നീ കാശില്ലാത്ത സമയത്ത് എന്തിനാ വെറുതെ ഇതൊക്കെ എടുക്കാൻ നിൽക്കുന്നെ..

പ്രിയ പറയുന്നത് കേട്ട് ഉണ്ണി കണ്ണടിച്ചു..ഇത് ഇപ്പോഴേ വേടിച്ചു തരൂ, കല്യാണം കഴിഞ്ഞാൽ നീ എന്നെ നോക്കേണ്ടി വരും..

അവളൊന്ന് ചിരിച്ചിട്ട് നല്ല രണ്ട് കളക്ഷനെടുത്ത് പാക്ക് ചെയ്യാൻ ആവശ്യപ്പെട്ടു, കടയിൽ നിന്നിറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോയി, പോവാൻ നേരം ഉണ്ണി അവളുടെ കയ്യിൽ പിടിച്ചു..

പ്രതീക്ഷിച്ച പോലെയൊന്നും സംഭവിച്ചില്ലാലെ, സോറി കുറച്ച് തിരക്കായി പോയി..

പ്രിയ ഉണ്ണിയുടെ മുഖത്ത് തലോടി..ഞാനൊന്നും പ്രതീക്ഷിച്ചിട്ടില്ല നീ ജോലിക്ക് പോവാൻ നോക്ക്, എനിക്ക് ഇത് തന്നെ വലിയ സന്തോഷമായി…

ശരി നീ വീട്ടിലെത്തിയിട്ട് മറക്കാതെ വിളിക്ക്…

അവൾ തലയാട്ടി, ഉണ്ണി അവൾ ബസ്സിൽ കയറി പോവുന്നത് വരെ നോക്കി നിന്നു, അവിടുന്ന് നേരെ സൈറ്റിലേക്ക് പോയി, വൈകുന്നേരം വരെ ഓരോ പണികളുമായി ചുറ്റി തിരിഞ്ഞ് നേരെ ഗായത്രിയുടെ ഹോസ്പിറ്റലിലേക്ക് തിരിച്ചു, ഉണ്ണിയെ കണ്ട് ഗായത്രി അരികിലേക്ക് വന്ന് ബൈക്കിൽ കയറി, പോവുന്നതിനിടയിൽ ഗായത്രി ഉണ്ണിയുടെ തോളിൽ തട്ടി..എങ്ങനെയുണ്ടായിരുന്നു റൊമാൻസ്..?

എന്ത് റൊമാൻസ് എടത്തിയമ്മ, അവളെയൊന്ന് കണ്ടു സംസാരിച്ചു അത്രേയുള്ളൂ..

മതിയല്ലോ…

ഉണ്ണിയൊന്ന് ചിരിച്ചിട്ട് വേഗത്തിൽ വണ്ടി വീട്ടിലേക്ക് വിട്ടു, ഡോർ തുറന്ന് അകത്തെ മുറിയിലേക്ക് കയറി ഡ്രസ്സ്‌ മാറ്റി ഗായത്രി അടുക്കളയിലെ പണികളൊക്കെ തുടങ്ങി, ഉണ്ണി അവൾക്കരികിലേക്ക് ചെന്നു..

എടത്തിയമ്മക്ക് നാളെ എന്തെങ്കിലും തിരക്കുണ്ടോ..

ഗായത്രിയൊന്ന് തിരിഞ്ഞു നോക്കി..ഇല്ല എന്തേ ചോദിക്കാൻ, വീട് പണിക്ക് വല്ലതും സഹായിക്കണോ..

സഹായിക്കണം വീട് പണിക്കല്ല..

ഗായത്രി ചെയ്തിരുന്ന പണി നിർത്തിയിട്ട് ഉണ്ണിയോട്..എന്താ നീ പറഞ്ഞു വരുന്നത്..

വേറൊന്നുമല്ല നമ്മുക്ക് നാളെ ക്ലിനിക്കിൽ പോയാലോ..

എന്തുപറ്റി പെട്ടെന്ന്…

ഗായത്രിയുടെ ഭാവമാറ്റം കണ്ടപ്പോൾ ഉണ്ണിയൊന്ന് ചിരിച്ചു..എടത്തിയമ്മ പേടിക്കൊന്നും വേണ്ട, ഏട്ടനെ കാണിക്കുമ്പോൾ ഡോക്ടറോട് കുറച്ച് കാര്യങ്ങൾ എടത്തിയമ്മ തന്നെ പറഞ്ഞാലേ ശരിയാവൂ അതുകൊണ്ടാ..

അത്രേയുള്ളോ, നീ ഇങ്ങനെ വട്ടം ചുറ്റി പറയുമ്പോൾ ഞാനെന്തോ എന്റെ ഭ്രാന്തിന് കാണിക്കാനായിരിക്കുമെന്ന് വിചാരിച്ചു.

ഉണ്ണി വാ പൊത്തിയിട്ട് ഹാളിൽ വന്നിരുന്നു..ഒന്നും മിണ്ടണ്ടായിരുന്നു..

ഗായത്രി അടുക്കളയിൽ നിന്ന് എത്തി നോക്കി..എത്ര മണിക്കാ പോവേണ്ടത്..

എന്നും റെഡിയാവുന്നത് പോലെ റെഡിയായി നിന്നാൽ മതി..

രാത്രിയിലെ ഭക്ഷണമൊക്കെ കഴിച്ച് പെട്ടെന്ന് കിടന്നു, ഉണ്ണി രാവിലേ എഴുന്നേറ്റപ്പോഴേക്കും ഗായത്രി എല്ലാം തയ്യാറാക്കി വെച്ചിരുന്നു, പുറത്ത് രതീഷിന്റെ കാറിന്റെ ശബ്ദം കേട്ടപ്പോൾ ഗായത്രി ഉണ്ണിയെ വിളിച്ചു, രണ്ടുപേരും വീട് പൂട്ടി പുറത്തേക്കിറങ്ങി, ഉണ്ണിയുടെ കൂടെ ഗായത്രിയെ കണ്ട് രതീഷ്..ഇന്ന് ഇവളെ അവിടെ കൊണ്ടാക്കുകയും വേണോ…

രതീഷിന്റെ ചോദ്യം കേട്ട് ഉണ്ണിയൊന്ന് അവനെ നോക്കി..ഒന്നും വേണ്ട നീ ക്ലിനിക്കിന് മുന്നിൽ നിർത്തിയാൽ മതി..

കാർ സ്റ്റാർട്ടാക്കി നേരെ ക്ലിനിക്കിലേക്ക് വിട്ടു, പാർക്ക് ചെയ്ത് രതീഷ് അകത്തേക്ക് കയറാനൊരുങ്ങിയപ്പോൾ കൂടെ ഗായത്രിയും വരുന്നത് കണ്ട് ഉണ്ണിയോട്…ഇവളെങ്ങോട്ടാ…

എങ്ങോട്ടെങ്കിലും വന്നോട്ടെ, നിന്റെ കൂടെയല്ലല്ലോ എന്റെ കൂടെയല്ലേ…

ഉണ്ണിയുടെ മറുപടി രസിക്കാതെ കസേരയിലിരുന്നു, ഉണ്ണി റിസെപ്ഷനിലേക്ക് നോക്കി, രശ്മി തിരിച്ചും നോക്കുന്നത് കണ്ടപ്പോൾ ഗായത്രിയെ തൊട്ട് കാണിച്ചു, അവൾ തലയാട്ടി, ഉണ്ണി തൊട്ടപ്പോൾ ഗായത്രി ഉണ്ണിയുടെ നേരെ തിരിഞ്ഞു..

എന്താ…?

വെറുതെ വിളിച്ചതാ… അല്ലെങ്കിൽ വേണ്ട എടത്തിയമ്മ കൗണ്ടറിൽ പോയി ടോക്കൺ നമ്പർ നോക്കിയിട്ട് വാ..

അവൾ ശരിയെന്ന് പറഞ്ഞ് പോവാനൊരുങ്ങിയപ്പോൾ ഒന്ന് കൂടി അടുത്തേക്ക് നീങ്ങി..അതാണ് ഞാൻ പറഞ്ഞ കാമുകി, പോയി നേരാവണ്ണമൊന്ന് പരിചയപെട്ടോ..

അവളൊന്ന് ചിരിച്ചിട്ട് റിസെപ്ഷനിലേക്ക് നടന്നു, ഉണ്ണി രതീഷിനരുകിലേക്ക് ഇരുന്നു..

അവളെങ്ങോട്ടാ..രതീഷ് സംശയത്തോടെ ചോദിച്ചു..

ടോക്കൺ വാങ്ങണ്ടേ..

അത് നിനക്ക് പോയി വാങ്ങിയാൽ പോരെ..

ഏട്ടൻ വെറുതെയിരിക്ക്, അതിന് ഞാൻ പോവണമെന്നില്ല ആര് പോയാലും കിട്ടും..

ഗായത്രി അവിടെ തന്നെ സംസാരിച്ച് നിൽക്കുന്നത് കണ്ട് വീണ്ടും രതീഷ് ഉണ്ണിയോട്..ഇവളെന്താ ഇത്രയും നേരമെടുക്കുന്നത്, ഇനി വീട്ടു വിശേഷങ്ങളൊക്കെ ചോദിച്ചിട്ടേ വരത്തുള്ളോ..

ഒന്ന് മിണ്ടാതിരിക്ക് ഏട്ടാ, എപ്പോഴെങ്കിലും വരട്ടെ നമ്മുക്ക് ശല്യമില്ലല്ലോ..

അതിന് ടോക്കൺ നമ്പർ അവളുടെ കയ്യിലല്ലേ..

എന്റെ ദൈവമേ അതിന് ഡോക്ടർ വന്നാലല്ലേ ടോക്കണിന്റെ ആവശ്യമുള്ളൂ..

എന്നാലും വാങ്ങിയിട്ട് ഇവിടെ വന്നിരുന്നൂടെ..

എന്നാൽ ഏട്ടൻ പോയി വിളിച്ചിട്ട് വാ..

വേണ്ട…

എന്നാൽ മിണ്ടാതെയിരിക്ക്..

കുറച്ച് കഴിഞ്ഞപ്പോൾ ഗായത്രി അടുത്ത് വന്ന് ഉണ്ണിയുടെ അരികിലായിരുന്നു, രതീഷ് ഉണ്ണിയെ തോണ്ടി വിളിച്ചു, ഉണ്ണി അവന്റെ അരികിലേക്ക് തല ചെരിച്ചു.
എന്താ…

അവളോട് എന്താ അവിടെ സംസാരിച്ചായിരുന്നതെന്ന് ചോദിക്ക്..

ഉണ്ണി രതീഷിനെ തുറിച്ചു നോക്കി, പതുക്കെ ഗായത്രിയുടെ സൈഡിലേക്ക് തിരിഞ്ഞു.എന്തായിരുന്നു അവിടെയൊരു കൊച്ചുവർത്തമാനം…

അതൊക്കെ നിനക്കെന്തിനാ, ഇതാ നീ ചോദിച്ച ടോക്കൺ..

ഉണ്ണി രതീഷിന്റെ സൈഡിലേക്ക് മാറി..

നീ അവളോട് ചോദിച്ചോ, എന്താ പറഞ്ഞത്..?

പോയി പണി നോക്ക്… ഇതാ നിന്റെ ടോക്കൺ നമ്പറെന്ന് പറഞ്ഞ് ഇത് കയ്യിൽ തന്നു..ഉണ്ണി ടോക്കൺ രതീഷിനെ ഏൽപ്പിച്ചു, അവനതൊന്ന് തിരിച്ചും മറിച്ചും നോക്കി..കൊള്ളാട്ടോ അനിയാ എനിക്കിട്ടന്നെ വെച്ചല്ലേ..

എന്ത്‌ പറ്റി ഏട്ടാ..?

ഫസ്റ്റ് നമ്പറ് നമ്മുടെ ആണല്ലോ..

ഉണ്ണി സന്തോഷത്തോടെ..ആണോ.. അപ്പോൾ നേരത്തെ വീട്ടിൽ പോവാം..

സംസാരത്തിനിടയിൽ ഡോക്ടർ വന്നു, ആദ്യ ടോക്കൺ വിളിച്ചപ്പോൾ രതീഷ് അകത്തേക്ക് പോയി, ഉണ്ണി ഗായത്രിയോട്..ഒന്നും പേടിക്കണ്ട എല്ലാം കാര്യവും വിശദമായി പറഞ്ഞേക്ക്..

അതിനാർക്ക് പേടി..

ഉണ്ണി പെട്ടെന്ന്…ഓ സോറി പുതിയ ഗായത്രി…ഇടയിൽ മറന്നു പോയി..

ഗായത്രിയൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ഉണ്ണി വീണ്ടും തട്ടി വിളിച്ചു..അതേയ് എന്താ അവള് പറഞ്ഞത്..

ഗായത്രി ഉണ്ണിയെ നോക്കി..അറിഞ്ഞിട്ടെന്തിനാ…?

വെറുതെ എല്ലാം ഒന്ന് അറിയാനുള്ള ആകാംക്ഷ…

എന്നാൽ എന്റെ കുട്ടി ഇത് അറിയണ്ട..

വേണ്ടെങ്കിൽ വേണ്ട നോ പ്രോബ്ലം…

കുറച്ച് കഴിഞ്ഞപ്പോൾ രശ്മി അടുത്തേക്ക് വന്നു..ഡോക്ടർ വിളിക്കുന്നുണ്ട്, നിങ്ങൾ അകത്തേക്ക് പൊയ്ക്കോ..

ഗായത്രി എഴുന്നേറ്റു, ഉണ്ണി എഴുന്നേൽക്കാൻ നിന്നപ്പോൾ അവള് തടുത്തു..
നീ വരണമെന്നില്ല…

രശ്മി ഉണ്ണിയെ നോക്കി..അത് ശരിയാ നീ ഇരുന്നോ…

ഗായത്രി ഉണ്ണിയെ നോക്കി..മുള്ള് കുത്തിയവർക്കേ അതിന്റെ വേദന അറിയൂ, ഞാൻ പറഞ്ഞോളാം നല്ല ഡീറ്റൈൽഡ് ആയിട്ട്….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *