മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
മിഥുൻ പോയതിന് ശേഷം സുകുമാരൻ നമ്പറെഴുതിയ പേപ്പർ കയ്യിലെടുത്ത് നോക്കി, മാധവട്ടനെ വിളിക്കണോ, വേണ്ട ആവശ്യമുള്ളതിനും ഇല്ലാത്തതിനും അഭിപ്രായം പറയാൻ നിൽക്കും, എന്തായാലും വരുന്നിടത്തു വെച്ച് കാണാം, കേസ് വന്നാൽ പൂട്ടി കിടക്കുന്ന ഗോഡൗണിൽ അതിക്രമിച്ച് കയറിയതാണെന്ന് വരുത്തിതീർക്കാം എന്നാലും സുകുമാരന് സംശയം തീരുന്നുണ്ടായിരുന്നില്ല, ഇനി ഈ പൊട്ടകയ്യനെങ്ങാനും ചതിക്കോ, ടെൻഷനടിച്ച് അവസാനം മിഥുനെ വിളിച്ച് സമ്മതമാണെന്ന് അറിയിച്ചു…
വൈകുന്നേരം ഹോസ്പിറ്റലിൽ…
ഉണ്ണി വരുമ്പോൾ ഗായത്രി താഴെ ഇറങ്ങി നിൽക്കുന്നുണ്ടായിരുന്നു, ഉണ്ണിയെ കണ്ടപ്പോൾ അടുത്തേക്ക് വന്നു..
നീ ഇപ്പോൾ വളരെ ലേറ്റായിട്ടാണല്ലോ വരുന്നത്, ഞാൻ ഷിഫ്റ്റ് കഴിഞ്ഞിട്ട് എത്ര നേരമായി ആ മരത്തിന്റെ ചുവട്ടിൽ വെയിറ്റ് ചെയ്യാണെന്നോ…
ഉണ്ണി പുറകിലേക്ക് നോക്കി..ഏത് ആ മരത്തിന്റെ ചുവട്ടിലോ,അതാണ് ഞാൻ കാണാതിരുന്നത്…
ഉം.. എന്നാലും വൈകി വന്നതാണെന്ന് സമ്മതിക്കരുത്..
ഉണ്ണി കൈകൂപ്പി..സോറി എടത്തിയമ്മ അറിയാതെ കുറച്ച് വൈകിപ്പോയി, നമ്മുക്ക് വീട്ടിൽ പോയി തല്ലുണ്ടാക്കാം..
എന്നാൽ വാ പോവാം.ഗായത്രി ബൈക്കിലേക്ക് കയറി, വീട്ടിലെത്തി വാതിൽ തുറന്ന് മുറിയിൽ പോയി ഡ്രസ്സ് മാറി തിരിച്ചു വന്നു, ഉണ്ണി കലണ്ടറിൽ നോക്കുന്നത് കണ്ട് ഗായത്രി നിന്നു..എന്താണാവോ പുതിയ ശീലമൊക്കെ..
എന്ത്..ഉണ്ണി അറിയാത്ത മട്ടിൽ ചോദിച്ചു.
അല്ല കലണ്ടറൊക്കെ നോക്കുന്നു, അല്ലെങ്കിൽ അതിലെ മാസം മാറിയാൽ പോലും തിരിച്ചിടാത്ത ആളാ..
കളിയാക്കല്ലേ എടത്തിയമ്മ ഞാൻ ഈ മാസം എത്ര ദിവസമുണ്ടെന്ന് നോക്കാ..
ഹോ ഒരു ബുദ്ധിമാൻ, നിനക്ക് ചായ വേണോ..
വേണം..
ഗായത്രി അടുക്കളയിൽ പോയി ചായയിട്ട് തിരിച്ചു വന്നു, ഉണ്ണി അത് വാങ്ങി കുടിക്കാൻ തുടങ്ങി, ഗായത്രി വീണ്ടും അടുക്കളയിലേക്ക് തന്നെ പോയി, ചായ കുടി കഴിഞ്ഞപ്പോൾ ഉണ്ണി ഗ്ലാസ്സ് കഴുകി വെച്ചിട്ട് ഗായത്രിയെ തോണ്ടി വിളിച്ചു, അവളൊന്ന് തിരിഞ്ഞു നോക്കി..
അതേയ് എടത്തിയമ്മ ഞാനൊന്ന് പുറത്തുപോയിട്ട് വരാം, കുറച്ച് വൈകിയാൽ കഴിച്ചിട്ട് കിടന്നോ..
ഗായത്രി ഉണ്ണിയെ നോക്കി..ഞാൻ ഇവിടെ ഒറ്റക്കാണെന്ന ഓർമ്മയുണ്ടായാൽ മതി..
ഞാൻ പെട്ടെന്ന് വരാൻ നോക്കാം..
ഗായത്രി തലയാട്ടിയപ്പോൾ ഉണ്ണി വേഗത്തിൽ പുറത്തേക്ക് പോയി, അവൾ അടുക്കളയിലെ ഓരോ പണികളായി ചെയ്തു കൊണ്ടിരുന്നു, സമയം ഒരുപാട് വൈകിയപ്പോൾ ഉണ്ണിയെ ഫോൺ ചെയ്തു..
നീ എവിടെയാ..
ഒരു 10 മിനിറ്റ് ഇപ്പോൾ വരാം..ഉണ്ണി അശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..
ഗായത്രി വാതിൽ തുറന്ന് പുറത്തിരുന്നു, കുറച്ച് സമയം കഴിഞ്ഞിട്ടും വരാത്തത് കാണാഞ്ഞപ്പോൾ അവൾ വാതി ചാരിയിട്ട് മുറിയിലേക്ക് പോയി കിടന്നു, സമയം പോയ്കൊണ്ടിരിക്കാണെന്ന് തോന്നിയപ്പോൾ ഭക്ഷണം കഴിക്കാമെന്ന് വിചാരിച്ച് അടുക്കളയിലേക്ക് നടക്കാനൊരുങ്ങിയപ്പോഴാണ് വാതിൽ തുറന്നിരിക്കുന്നത് കണ്ടത്, ഗായത്രിയൊന്ന് പേടിച്ചു, പിന്നെ നോക്കുമ്പോഴാണ് ഉണ്ണിയുടെ മുറിയിൽ വെളിച്ചം കണ്ടത്, പോയിനോക്കാൻ വേണ്ടി തിരിഞ്ഞപ്പോഴേക്കും ഉണ്ണി പുറത്തേക്ക് വന്നു, ഗായത്രി നിൽക്കുന്നത് കണ്ടപ്പോൾ..
ആ ഉറങ്ങിയില്ലായിരുന്നോ, ഞാൻ പുറത്ത് കാണാത്തപ്പോൾ വിചാരിച്ചു ഉറങ്ങിപോയെന്ന്..
ഗായത്രി ദേഷ്യത്തിൽ അടുത്തേക്ക് ചെന്നു.ഒന്നങ്ങട് തന്നാലുണ്ടല്ലോ, എന്റെ പാതി ജീവൻ പോയില്ലേ ഇപ്പോൾ..
അയ്യോ എടത്തിയമ്മ പേടിച്ചോ, വാതിൽ ചാരിയിട്ടേയുള്ളൂ എന്ന് മനസ്സിലായത് കൊണ്ടാ ഞാൻ ബെല്ലടിക്കാതിരുന്നത്..
അവളൊന്നും മിണ്ടുന്നത് കാണാഞ്ഞ് ഉണ്ണി വെറുതെയൊന്ന് തൊട്ട് നോക്കി..
വാ ഏടത്തിയമ്മ കഴിക്കാം..
ഗായത്രി ഭക്ഷണം വിളമ്പിക്കൊടുത്തു, രണ്ട് പേരും കഴിച്ചിട്ട് എഴുന്നേറ്റു, ഗായത്രി പത്രങ്ങളൊക്കെ കഴുകി മുറിയിലേക്ക് പോയി, ഗായത്രിയൊന്നും മിണ്ടാതെ പോയത് കണ്ടപ്പോൾ ഉണ്ണി സോഫയിൽ തലവെച്ചു കിടന്നു, അറിയാതെ മയങ്ങി പോയി, കുറച്ച് കഴിഞ്ഞപ്പോൾ പെട്ടെന്ന് എഴുന്നേറ്റു, ഫോണിൽ സമയം നോക്കി, ഗായത്രിയുടെ മുറിയിലേക്ക് നടന്നു, ചാരിയിരുന്ന വാതിലിൽ കൊട്ടി, കൊട്ടുന്ന ശബ്ദം കേട്ടപ്പോൾ അവൾ എഴുന്നേറ്റ് വാതിൽ തുറന്നു, കണ്ണ് തിരുമ്മിക്കൊണ്ട് നിൽക്കുന്ന ഗായത്രിയെ കണ്ടപ്പോൾ ഉണ്ണിയൊന്ന് ചിരിച്ചു, ഗായത്രി ഉണ്ണിയെയൊന്ന് നോക്കി..
എന്താ ഈ നേരത്ത്..
ഉണ്ണി അവളെ പിടിച്ച് കൊണ്ടുപോയി കട്ടിലിലിരുത്തി, താഴെയായി മുട്ടുകുത്തിയിരുന്നു, വാച്ചിൽ നോക്കി..
മൂന്ന്, രണ്ട്, ഒന്ന്.. ഹാപ്പി ബർത്ത് ഡേ എന്റെ പൊന്ന് എടത്തിയമ്മ..
ഗായത്രി ഉണ്ണിയെ നോക്കി മിഴിച്ചിരുന്നു, കണ്ണ് നനഞ്ഞൊഴുകാൻ തുടങ്ങി, ഉണ്ണിയത് പെട്ടെന്ന് തുടച്ചു..
എന്തായിത് ആദ്യ സെക്കന്റിൽ ചിരിക്കാതെ കരയുന്നോ, നല്ല കുട്ടിയായിട്ട് ചിരിച്ചേ ഞാനൊന്ന് കാണട്ടെ..
ഗായത്രി അറിയാതെ ചിരിച്ചു പോയി, ഉണ്ണിയെ ചേർത്തുപിടിച്ചു..
നിനക്കെങ്ങനെ അറിയാം എന്റെ പിറന്നാളാണെന്ന്..
എന്നോട് പറഞ്ഞിട്ടുണ്ട്..
അവളൊന്ന് കൂടി ചിരിച്ചു..ഇതിൽ കൂടുതൽ സന്തോഷമൊന്നും എനിക്ക് വേറെ കിട്ടാനില്ല, ഞാനും കൂടി മറന്ന് പോയ ദിവസമാണിത്..
അതിന് ഇത് തീർന്നിട്ടില്ല, എടത്തിയമ്മ എഴുന്നേൽക്ക്..ഉണ്ണി ഗായത്രിയുടെ കൈപിടിച്ച് എഴുന്നേൽപ്പിച്ച് ഹാളിലേക്ക് കൊണ്ട് പോയി, ഗായത്രിയെ അവിടെ നിർത്തിയിട്ട് മുറിയിലേക്ക് കയറി, വലിയൊരു ബോക്സ് കൊണ്ട് വന്ന് ടേബിളിൽ വെച്ചു, പതുക്കെ തുറന്നു, ഗായത്രിക്ക് ആശംസകൾ നേർന്നുകൊണ്ടൊരു കേക്ക്, ഉണ്ണി അതിലുണ്ടായിരുന്ന മെഴുകുതിരികളൊക്കെ കത്തിച്ചു, കത്തിയെടുത്ത് ഗായത്രിയുടെ നേരെ നീട്ടി, അവളത് വാങ്ങി ഉണ്ണിയെയൊന്ന് നോക്കിയിട്ട് മുറിച്ചു, ഒരു കഷ്ണമെടുത്ത് ഉണ്ണിയുടെ വായിൽ വെച്ച് കൊടുത്തു, തിരിച്ചും അവനൊരു കഷ്ണം അവൾക്ക് നൽകിയിട്ട് രണ്ട് പേരും പുറത്ത് വന്നിരുന്നു, ഗായത്രി ഉണ്ണി അടുത്തിരുന്നപ്പോൾ അവനെ നോക്കി..
നീ ഇത് വാങ്ങാനാണോ പുറത്ത് പോയത്..?
പിന്നല്ലാതെ, സർപ്രൈസ് ആയിക്കോട്ടെന്ന് വിചാരിച്ചാ വണ്ടി ഓഫ് ചെയ്ത് തള്ളിക്കൊണ്ട് വന്നത്, അതൊക്കെ പോട്ടെ കേക്ക് എങ്ങനെയുണ്ട്…?
ഗായത്രിയൊന്ന് ചിരിച്ചു..നല്ല മധുരം, അതിനേക്കാളും ഈ നിമിഷം അതിമധുരം..
ഉണ്ണി ഗായത്രിയെ അരികിലേക്ക് ചേർത്തു..പിറന്നാളായിട്ട് സങ്കടം പാടില്ല, ഇത്രയൊക്കെ ചെയ്തത് തന്നെ എടത്തിയമ്മക്ക് സന്തോഷമായിക്കോട്ടെന്ന് വെച്ചിട്ടാ..
അതിന് എനിക്ക് സങ്കടമൊന്നുമില്ലല്ലോ, പിന്നെ പെട്ടെന്ന് ഞെട്ടിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു..
ഉണ്ണി കണ്ണുകൾ തുടച്ചു..അയ്യോ..
എന്തുപറ്റി..ഗായത്രി സംശയത്തോടെ ചോദിച്ചു.
മുഖത്ത് കുറച്ച് കേക്കായി പോയി..
അത് സാരമില്ല കഴുകിയാൽ പൊയ്ക്കോളും..
ഉണ്ണി ചിരിച്ചു..അത് സാരമുണ്ട്, പിന്നെ ഞാനെന്തിനാ കേക്ക് കയ്യിൽ കൊണ്ട് വന്നത്..
ഉണ്ണി കയ്യിലിരുന്ന കേക്ക് മുഴുവൻ ഗായത്രിയുടെ മുഖത്തുകൂടെ തേച്ചു, കഴിഞ്ഞപ്പോൾ ഗായത്രി കണ്ണ് തുറന്ന് അവനെ നോക്കി..
ദുഷ്ടാ..അവൾ അകത്തുനിന്ന് കേക്കെടുക്കുന്നത് കണ്ട് ഉണ്ണി എഴുന്നേറ്റു..
എടത്തിയമ്മ തമാശ കളിക്കല്ലേ, എന്റെയല്ല ഏടത്തിയമ്മയുടെ പിറന്നാളാണ് അത് ഓർമ്മ വേണം..
നല്ല ഓർമ്മയുണ്ട്, എന്നാലും പകരത്തിനു പകരം..
ഉണ്ണി തടുക്കാൻ ശ്രമിച്ചപ്പോഴേക്കും ഗായത്രി മുഖത്തുകൂടെ തേച്ച് കഴിഞ്ഞിരുന്നു, ഉണ്ണി ഗായത്രിയെ നോക്കി..
താങ്ക്യു…
ഉണ്ണി ഫോണെടുത്തു, ഗായത്രിയെ ചേർന്ന് നിന്ന് സെൽഫിയെടുത്തു, രണ്ട് പേരും വാഷ് ബേസിൽ കഴുകാൻ തുടങ്ങി..
നല്ല മധുരമുണ്ടല്ലേ..
ഗായത്രി പറയുന്നത് കേട്ടപ്പോൾ ഉണ്ണിയൊന്ന് തല ചെരിച്ചു നോക്കി..ഉം.. മധുരം.. കഴുകിയിട്ടും കഴുകിയിട്ടും പോവുന്നില്ലാന്ന് മാത്രം.
ഗായത്രി ഉണ്ണി വരുന്നതും നോക്കി നിന്നു, ഉണ്ണി ഗായത്രിയുടെ അടുത്തെത്തിയപ്പോൾ…
അല്ല എടത്തിയമ്മക്ക് ഗിഫ്റ്റ് വേണ്ടേ..
ഇനി ഗിഫ്റ്റുമുണ്ടോ..?ഗായത്രി അത്ഭുതത്തോടെ ചോദിച്ചു..
വെയിറ്റ്..ഉണ്ണി മുറിയിലേക്ക് പോയി, തിരിച്ചു വന്ന് കയ്യിലുള്ള കവർ അവൾക്ക് നേരെ നീട്ടി, ഗായത്രിയത് തുറന്ന് നോക്കി, സെറ്റുമുണ്ട്..
കൊള്ളാം കലക്കി…
ഉണ്ണിയൊന്ന് ചിരിച്ചു..ഞാൻ എല്ലാ കടയിലും കയറി തപ്പി നോക്കി, ഏത് കളറെടുത്താലും എടത്തിയമ്മക്ക് ചേരുമോന്ന് സംശയം, അവസാനം ഇതെടുത്തു, ഇതുടുത്താൽ നല്ല ഭംഗിയുണ്ടാവും…
ഗായത്രി ഉണ്ണിയെ കെട്ടിപിടിച്ചു..എന്താ തന്നതെന്നല്ല ഞാൻ ആലോചിക്കുന്നത് നീയെങ്കിലും എനിക്കിത് തരാൻ ഉണ്ടായല്ലോയെന്നാ..
അപ്പോൾ ഗുഡ് നൈറ്റ്, നാളെ നമ്മള് വൈകുന്നേരം വന്നിട്ട് പായസമുണ്ടാക്കുന്നു..
ആയിക്കോട്ടെ..ഗായത്രി മുറിയിലേക്ക് പോയി, ഉണ്ണിയും പോയി കിടന്നു..
പിറ്റേദിവസം രാവിലെ…
ഉണ്ണി റെഡിയായി പുറത്തേക്ക് വന്നു, അടുക്കളയിലേക്കൊന്ന് എത്തിനോക്കിയപ്പോൾ ഷോക്കടിച്ചപോലെ നിന്നു..
ഹലോ എടത്തിയമ്മ ഒന്നിങ്ങോട്ട് തിരിയ്..
ഉണ്ണി പറയുന്നത് കേട്ടപ്പോൾ ഗായത്രി നേരെ നിന്നു..മതിയോ…
ഉണ്ണി കൈകൂപ്പി..മഹാലക്ഷ്മിയെന്ന് പറയുന്നത് ഇതാണോ..
ഗായത്രി ചിരിച്ചു..ആയിരിക്കും..
ഉണ്ണിയും ചിരിക്കാൻ തുടങ്ങി..ഈശ്വരാ.. ഇനി ഞാനിപ്പോൾ പോവുന്ന വഴിക്കുള്ള തുറിച്ചു നോട്ടം മുഴുവനും കാണണമല്ലോ..
ഞാനിത് വെറുതെയൊന്ന് ഉടുത്ത് നോക്കിയെന്നേയുള്ളൂ..
ഇനി മാറ്റുകയൊന്നും വേണ്ട, സൂപ്പറായിട്ടുണ്ട്…
സമയമായപ്പോൾ രണ്ട് പേരും വാതിൽ പൂട്ടി ഹോസ്പിറ്റലിലേക്ക് തിരിച്ചു, പാർക്ക് ചെയ്ത് മുകളിലേക്ക് നടന്നു, സ്റ്റേഷനിലെത്തിയപ്പോൾ ചിത്ര ഗായത്രിയെ കണ്ട് മിഴിച്ചു നിന്നു..എന്താണ് ഒരു സ്പെഷ്യൽ ഡ്രസ്സ്..?
പിറന്നാൾ..ഉണ്ണി ഗായത്രിയെ തൊട്ട് കാണിച്ചു, ചിത്ര അവൾക്ക് കൈകൊടുത്ത് വിഷ് ചെയ്തു..
മിട്ടായിയെവിടെ…?
ഉണ്ണി അകത്തേക്ക് തലയിട്ട് നോക്കി, പ്രിയ പുറത്തേക്ക് വന്നു..ചോദിച്ചത് കേട്ടില്ലേ എനിക്ക് മിട്ടായിയെവിടെ..
തരുന്നില്ല, നിനക്ക് മധുരം തിന്നാൽ ഷുഗർ വരും..ഉണ്ണി കളിയാക്കി..
അതിന് നിന്നോടാരാ ചോദിച്ചത്, ഞാൻ ചേച്ചിയോടാ ചോദിക്കുന്നത്, ഗായത്രി ചേച്ചി ഞങ്ങൾക്ക് മിട്ടായി വാങ്ങിയില്ലേ..
വാങ്ങിയിട്ടുണ്ട്..ഗായത്രിയൊന്ന് ചിരിച്ചു..
എന്നാൽ ഞാൻ പോവട്ടെ എടത്തിയമ്മ, വൈകുന്നേരം ഞാൻ വന്നിട്ടേ പോകാവൂ..
ഗായത്രി തലയാട്ടി, ഉണ്ണി പ്രിയയെ നോക്കി കണ്ണടിച്ചിട്ട് താഴേക്കിറങ്ങി, ബൈക്കെടുത്ത് ഓഫീസിലേക്ക് വിട്ടു, സമയം പോയികൊണ്ടിരുന്നു, ഉണ്ണി സൈറ്റിലെ തിരക്ക് കാരണം ഗായത്രിയുടെ അടുത്ത് ചെല്ലാൻ വൈകി, ഗായത്രി താഴെയിറങ്ങി വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു, മുന്നിലേക്കൊരു കാർ വന്ന് നിന്നു, രതീഷ് പുറത്തേക്ക് തല നീട്ടി, ഗായത്രിയൊന്ന് ചിരിച്ചു കാണിച്ചു..
എന്തുപറ്റി ഉണ്ണി ഇത്രനേരമായിട്ടും വന്നില്ലേ..?
ഇല്ല, എന്തോ തിരക്കിൽ പെട്ടു തോന്നുന്നു, കുറച്ച് കഴിയുമ്പോഴേക്കും വരുമായിരിക്കും..
വരൂ ഞാൻ കൊണ്ട് വിടാം..
ഗായത്രി ചുറ്റിലും നോക്കി ആലോചിക്കാൻ തുടങ്ങി, അവൾ അങ്ങനെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ രതീഷ് വീണ്ടും ആവർത്തിച്ചു..പേടിക്കേണ്ട, ഞാൻ നേരെ വീട്ടിലേക്ക് തന്നെയാ പോവുന്നത്, ധൈര്യമായിട്ട് വാ..
ഗായത്രിയൊന്ന് ചിരിച്ചു..പേടിച്ചിട്ടൊന്നുമല്ല, ഉണ്ണി വന്നാൽ തിരയുമല്ലോ വിചാരിച്ചിട്ടാ..
ഫോണുണ്ടല്ലോ കയ്യിൽ നമ്മുക്ക് വിളിച്ചു പറയാം, ചിലപ്പോൾ അവൻ വീട് പണി നടക്കുന്നിടത്ത് തിരക്കിലായിരിക്കും..
ഗായത്രി ഒന്നുകൂടി ആലോചിച്ച് പതുക്കെ കാറിലേക്ക് കയറി, കുറച്ച് ദൂരം ചെന്നപ്പോൾ ഗായത്രി രതീഷിനോട്..എനിക്ക് കുറച്ച് പാൽ വാങ്ങണമായിരുന്നു..
അതിനെന്താ..രതീഷ് സൈഡിലേക്കൊതുക്കി..ദാ.. ആ വശത്തൊരു കടയുണ്ട് അവിടുന്ന് വാങ്ങിക്കോ, ചിലപ്പോൾ ടൗണിൽ നിർത്തിയാൽ നല്ല തിരക്കാവും..
ശരി…ഗായത്രി പുറത്തേക്കിറങ്ങി കടയിലേക്ക് നടന്നു, കുറച്ച് സമയം കഴിഞ്ഞു. ഉണ്ണി ഇന്നേരം ഹോസ്പിറ്റലിന് മുന്നിലെത്തിയിരുന്നു, അകത്തു കൂടെയൊക്കെ തിരഞ്ഞിട്ട് കാണാഞ്ഞ് ഗായത്രിയുടെ നമ്പറിലേക്ക് വിളിച്ചു, സ്വിച്ച് ഓഫ് എന്ന് വരുന്നത് കണ്ടപ്പോൾ ഉണ്ണിക്ക് ദേഷ്യം വരാൻ തുടങ്ങി, ചാർജ് ചെയ്ത് വെക്കാൻ പറഞ്ഞാൽ കേൾക്കത്തേയില്ല, ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് രതീഷിന്റെ ഫോൺ വന്നത്, അതെടുത്ത് അറ്റൻഡ് ചെയ്തു..
ഹലോ..
ഉണ്ണി നീയെനിക്ക് ഗായത്രിയുടെ പുതിയ നമ്പറൊന്ന് പറഞ്ഞു താ..
എന്തിനാ..ഉണ്ണി സംശയത്തോടെ ചോദിച്ചു..
ഞാൻ വീട്ടിലാക്കാ പറഞ്ഞിട്ട് കൂടെ കൂട്ടിയതാ, അപ്പോൾ പാല് വേടിക്കണം പറഞ്ഞു, ശരി എന്നാൽ വാങ്ങിയിട്ട് വായെന്ന് പറഞ്ഞു വിട്ടതാ ഇത്ര നേരമായിട്ടും കാണാനില്ല,ഒന്ന് വിളിച്ചു നോക്കാനാ..
ഏട്ടൻ നല്ല ആളാ…കൂട്ടികൊണ്ട് പോവുമ്പോൾ എന്നോട് പറയണ്ടേ, ഞാനാകെ പേടിച്ചു, ഏടത്തിയമ്മയുടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല,കാറിൽ തന്നെ ഇരിക്കാതെ ഏട്ടനൊന്ന് അവിടെ പോയി നോക്ക് ചിലപ്പോൾ കടയിൽ തിരക്കാവും…
രതീഷ് ഫോൺ കട്ടാക്കി കാറിൽ നിന്നിറങ്ങി കടയിലേക്ക് നടന്നു, മുന്നിലെത്തിയപ്പോൾ ഞെട്ടി നിന്നു, കട അടഞ്ഞു കിടക്കുന്നു, രതീഷ് അതിന്റെ എല്ലാ വശവും നോക്കി, അടുത്ത് വേറെ കടയും കാണാനില്ല, അവൻ നെഞ്ചിൽ കൈവെച്ചു, ഇവളിതെവിടെ പോയി, എന്റെ കൂടെ വരാൻ താൽപര്യമില്ലാതെ നടന്ന് പോയോ,തിരിച്ചു കാറിലേക്ക് നടന്നു, ഉണ്ണിയെ ഫോൺ ചെയ്യാൻ വേണ്ടി കയ്യിലെടുത്തപ്പോഴാണ് ഒരു കോൾ ഇങ്ങോട്ട് വന്നത്, നോക്കുമ്പോൾ സുകുമാരൻ, അവൻ അറ്റൻഡ് ചെയ്തു കാതിൽ വെച്ചു..
രതീഷേ നിനക്ക് പകരം വീട്ടാനൊരു അവസരം വന്നിട്ടുണ്ട്..
തുടരും…