മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
Countdown : 04
എനിക്ക് പകരം വീട്ടാൻ അവസരോ, ആരോട്…? രതീഷ് മനസ്സിലാവാതെ ചോദിച്ചു..
നിന്റെ പഴയ ഭാര്യയില്ലേ അവളോട്…സുകുമാരൻ ചിരിച്ചു കൊണ്ട് ഉത്തരം നൽകി..
രതീഷോന്ന് ഞെട്ടി..ഇപ്പോൾ എവിടെയുണ്ട്, അല്ല ഇതെപ്പോഴാ കടത്തികൊണ്ട് പോയത്…
എല്ലാ ചോദ്യത്തിനുമുള്ള മറുപടി നേരിട്ട് തരാം, നീ കുറച്ച് കഴിഞ്ഞ് പൂട്ടികിടക്കുന്ന ഗോഡൗണിലേക്ക് വാ..
സുകുമാരൻ ഫോൺ കട്ടാക്കി, രതീഷ് കാറിൽ ചാരി നിന്ന് ആലോചിക്കാൻ തുടങ്ങി, ഇയാൾ ഈ സമയം കൊണ്ട് തട്ടിക്കൊണ്ടു പോവലും കഴിഞ്ഞോ, പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി, കയ്യിലെടുത്ത് നോക്കുമ്പോൾ ഉണ്ണി, കുറച്ച് സെക്കന്റ് നോക്കിയതിനു ശേഷം അറ്റൻഡ് ചെയ്തു..
ഹലോ..
ഏട്ടാ എന്തായി, ഏടത്തിയമ്മയെ കണ്ടോ, പിന്നെ വരുന്ന വഴിക്ക് പഞ്ചസാര ഞാൻ വാങ്ങിക്കോളാമെന്ന് പറ, അവസാനം പായസം വെച്ചിട്ട് മധുരമില്ലാന്ന് പറയോള്ളൂ..
അതിനിന്ന് പായസം വെക്കാനെന്താ വിശേഷം…രതീഷ് സംശയത്തോടെ ചോദിച്ചു..
അപ്പോൾ ഏട്ടൻ ആ വേഷം കണ്ടപ്പോൾ ചോദിച്ചില്ലേ, ഇന്ന് ഏടത്തിയമ്മയുടെ പിറന്നാളാണ്..
രതീഷോന്നും മിണ്ടിയില്ല, ഉണ്ണി തുടർന്നു..ഏട്ടനൊരു കാര്യം ചെയ്യ്, സാധനങ്ങളൊക്കെ വാങ്ങി കഴിഞ്ഞാൽ പെട്ടെന്ന് കൊണ്ട് വന്ന് വീട്ടിലാക്കിയേക്ക്, ഞാൻ വീട്ടിലുണ്ടാവും..
രതീഷ് അതിനും മറുപടി പറയാത്തത് കണ്ടപ്പോൾ…ഏട്ടനൊന്നും മിണ്ടാത്തതെന്താ ഏടത്തിയമ്മയെ കണ്ടില്ലേ..
പെട്ടെന്ന് രതീഷ് ഓർമയിൽ നിന്നുണർന്നപോലെ നേരെ നിന്നു..ആ എന്റെ അടുത്തുണ്ട്..
ശരി നിങ്ങള് വാ..
ഫോൺ കട്ടായപ്പോൾ രതീഷ് എന്താ ചെയ്യേണ്ടതെന്ന് അറിയാതെ ചുറ്റിലും നോക്കി, സമയം പോയികൊണ്ടിരിക്കാണെന്ന് മനസ്സിലായപ്പോൾ കാറിലേക്ക് ഓടി കയറി, സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു, കുറച്ച് ദൂരമേയുള്ളൂ ഗോഡൗണിലേക്ക്, ഇരുട്ട് വീണു തുടങ്ങിയിരുന്നു, മണ്ണിട്ട റോഡിലൂടെ കാർ വേഗത്തിൽ പാഞ്ഞു, ഗോഡൗണിനു മുന്നിൽ ഒരു വാൻ നിൽക്കുന്നുണ്ടായിരുന്നു, രതീഷ് അതിനരികിലായി കാർ നിർത്തി, പുറത്തേക്കിറങ്ങി ചുറ്റിലും കണ്ണോടിച്ചു, സുകുമാരന്റെ കാറൊന്നും കാണാനില്ല, ഇതാരുടെയാവും വാൻ, അവൻ പതുക്കെ മുന്നോട്ട് നടന്ന് ചാരിയിരുന്ന ഗേറ്റ് പതിയെ തുറന്നു, അകത്തേക്ക് നടക്കാൻ തുടങ്ങി, ശബ്ദമൊന്നും കേൾക്കുന്നില്ല, എത്ര പേരുണ്ടാവും ഉള്ളിൽ, ഇവരുടെ പ്ലാനെന്താ, രതീഷിനൊന്നും ആലോചിച്ചിട്ട് പിടുത്തം കിട്ടുന്നുണ്ടായിരുന്നില്ല, ഷട്ടർ പകുതി പൊന്തിച്ചിട്ടുണ്ട്, അവൻ അതിലൂടെ അകത്തേക്ക് കയറി, ആരെയും കാണാഞ്ഞ് കുറച്ച് നേരം നിന്നു, ഒന്ന് കാതോർത്തപ്പോൾ അമർത്തിപിടിച്ച കരച്ചിൽ കേട്ടു, അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു, അടച്ചിട്ട കേബിനിൽ ഒരാൾ നിൽക്കുന്നത് കണ്ട് അടുത്തേക്ക് ചെന്നു, വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിട്ടുണ്ട്, എന്താണ് ഉള്ളിൽ നടക്കുന്നതെന്ന് അറിയാൻ ഗ്ലാസ്സിലൂടെ അകത്തേക്ക് നോക്കി, കാഴ്ച്ച കണ്ട് അവൻ വിറക്കാൻ തുടങ്ങി, എന്തൊക്കെയോ ഒരു വല്ലായ്മ അവനെ തളർത്തി, സർവ്വശക്തിയുമെടുത്ത് വാതിലിൽ ആഞ്ഞു കൊട്ടി, ശബ്ദം കേട്ട് മിഥുൻ വാതിൽ തുറന്നു, രതീഷിനെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു..
ആ നിങ്ങളായിരുന്നോ, അമ്മാവൻ പറഞ്ഞിരുന്നു വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന്, ഞാൻ വിചാരിച്ചു കുറച്ച് കഴിഞ്ഞിട്ടേ വരുകയുണ്ടാവുള്ളെന്ന്, അല്ല അങ്ങനെയാ ഡീലിങ്ങും…
രതീഷ് താഴെ കിടക്കുന്ന ഗായത്രിയെ വെറുതെയൊന്ന് നോക്കി, അവന് എവിടെ നിന്നെന്നറിയാതെ രക്തം തിളക്കാൻ തുടങ്ങി, പെട്ടെന്ന് കുമ്പിട്ടിരുന്ന് അവളുടെ സാരി മേലേക്കിട്ട് കൊടുത്തു, കയ്യിലെ കെട്ടഴിക്കാനൊരുങ്ങിയപ്പോൾ മിഥുൻ തടുത്തു..
നിങ്ങളിതെന്താ ചെയ്യുന്നത്, ഞാനൊന്ന് തുടങ്ങിയിട്ട് പോലുമില്ല, കെട്ടഴിച്ചാൽ ഇവളെ പിടിച്ചു നിർത്താൻ പണിയാവും, ഞാൻ തന്നെ ഒരുപാട് ബുദ്ധിമുട്ടിയാ ഇത് വരെ എത്തിച്ചത്…
രതീഷ് അതൊന്നും കേൾക്കാതെ അഴിച്ചുകൊണ്ടിരുന്നു, മിഥുന് ദേഷ്യം കയറി കോളറിൽ പിടിച്ചു..
തനിക്കെന്താടോ ചെവി കേട്ടൂടെ, എന്റെ കഴിഞ്ഞിട്ട് നിനക്ക് തരില്ലേ, അല്ല താൻ കുറെ അനുഭവിച്ചതാണല്ലോ…
രതീഷ് അഴിക്കുന്നത് നിർത്തി അവന്റെ കാലിൽ പിടിച്ചു വലിച്ചു, മിഥുൻ തലയും തല്ലി താഴേക്ക് വീണു, രതീഷ് കിട്ടിയ ഒഴിവിൽ കയറഴിച്ചു, അവിടെ നിന്നെഴുന്നേറ്റ് മിഥുനെ തല്ലാൻ തുടങ്ങി, അവൻ ഒടിഞ്ഞ കയ്യിൽ പിടിച്ചപ്പോൾ ഉറക്കെ നിലവിളിക്കാൻ തുടങ്ങി, രതീഷ് അതൊന്നും വകവെക്കാതെ ഉള്ള ദേഷ്യത്തിൽ അടുത്തിരുന്ന പട്ടിക കഷ്ണം വെച്ച് പൊതിരെ തല്ലി, കുറച്ച് കഴിഞ്ഞപ്പോൾ മതിയാക്കി ഗായത്രിയെ എഴുന്നേൽക്കാൻ സഹായിച്ചു, അവളുടെ മുഖത്തെ പാടുകൾ കണ്ടപ്പോൾ..
നിന്നെ ഒരുപാട് തല്ലിയോ..
അവൾ വായിലുണ്ടായിരുന്ന തുണി പുറത്തേക്ക് തുപ്പി..എഴുന്നേറ്റ് വേച്ചു വേച്ചു ഗായത്രി പുറത്തേക്കിറങ്ങി, രതീഷ് മിഥുന്റെ അരികിൽ കുനിഞ്ഞിരുന്നു…നിന്നെ കുറിച്ച് ഉണ്ണി പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, അവൻ വരാതിരുന്നത് നിന്റെ ഭാഗ്യം, ഇല്ലേൽ പെറുക്കിയെടുത്തോണ്ട് പോവേണ്ടി വന്നേനെ, എഴുന്നേറ്റ് പോടാ പൊട്ടാ..
രതീഷ് ഗായത്രിയുടെ കൂടെ നടന്നു..ഞാൻ പിടിക്കണോ..
അവൾ പിടി കൊടുക്കാതെ മാറി..വേണ്ട എനിക്ക് കുഴപ്പമൊന്നുമില്ല, ഞാൻ ഇങ്ങനെ നടന്നോളാം..
രതീഷ് കയ്യിലിരുന്ന വടി അവൾക്ക് നേരെ നീട്ടി..ഇത് വെച്ചോ നടക്കാനൊരു സപ്പോർട്ടിന്..
അവളത് വാങ്ങി പതിയെ നടന്നു..
ഗോഡൗണിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് സുകുമാരന്റെ കാർ വന്ന് നിന്നത്, അയാൾ നോക്കുമ്പോൾ രതീഷ് നടന്നു വരുന്നത് കണ്ട്..
നീ നേരത്തെ പോന്നോ, പതുക്കെ വന്നാൽ പോരായിരുന്നോ, ആ പൊട്ടകയ്യനെന്തോ കാര്യമായിട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു..
അവൻ സംസാരിച്ച് കഴിഞ്ഞു, ഇപ്പോൾ എന്റെ ഊഴവും കഴിഞ്ഞിട്ട് നിൽക്കാ..
സുകുമാരൻ അത്ഭുതത്തോടെ..ഇത്രപെട്ടെന്നോ..?
ഇതിനിപ്പോൾ അധികം നേരമൊന്നും വേണ്ടല്ലോ, ഒരു പെണ്ണിനെ പിച്ചി ചീന്താനെത്ര സമയം വേണം..
ഹോ അവൻ ഫാസ്റ്റാണല്ലോ..
രതീഷ് സുകുമാരനെ നോക്കി..അപ്പോൾ നിങ്ങൾക്കറിയാം അവൻ സംസാരിക്കാനല്ല കൊണ്ടുവന്നിരിക്കുന്നതെന്ന്..
അതുപിന്നെ എല്ലാം ചെയ്തത് അവനല്ലേ, അപ്പോൾ അവന്റെ ആഗ്രഹം തീർക്കുന്നത് വരെ കാത്തിരിക്കണ്ടെ..
രതീഷ് വല്ലാത്ത മാനസികാവസ്ഥയിൽ നിന്നു..എടോ അതിനോട് എന്തോരം ദേഷ്യമുണ്ടെങ്കിൽ താനിതിനു കൂട്ട് നിൽക്കും, അതും ആർക്കോ വേണ്ടി..
സുകുമാരൻ രതീഷിനെ നോക്കി..നീ പെട്ടെന്നെന്താ ഇങ്ങനെ പറയുന്നത് നിന്റെ ദേഷ്യമൊക്കെ പോയോ..
രതീഷ് അയാളെ തിരിച്ചും നോക്കി..ദേഷ്യമുണ്ട് ഒരുപാട്, എന്ന് കരുതി അതിനെ ആരെകൊണ്ടെങ്കിലും കൊല്ലാകൊല ചെയ്യാൻ കൊടുക്കണമെന്നൊന്നും മനസ്സിലില്ല.
ശരി നിനക്ക് വേണ്ടെങ്കിൽ വേണ്ട, നീ പോവാൻ നോക്ക്..
അകത്തേക്ക് പോകാൻ തുടങ്ങിയ സുകുമാരനെ രതീഷ് തടഞ്ഞു, അയാളൊന്ന് വാശിയോടെ അവനെ തള്ളി.എടാ ചെക്കാ കളിക്കാതെ വീട്ടിൽ പോ, ഇതെന്താ വേണ്ടതെന്ന് ഞാൻ നോക്കിക്കോളാം..
രതീഷ് പിടുത്തം വിട്ടപ്പോൾ അയാൾ മുന്നിലേക്ക് നടക്കാനൊരുങ്ങി, പെടുന്നനെ അയാളുടെ മുഖത്ത് ആഞ്ഞൊരു അടി വന്ന് വീണു, വേഗത്തിലുള്ള അടിയിൽ അയാൾ താഴെ വീണു, താഴെ കിടന്ന് മുന്നിലേക്ക് നോക്കി, ഗായത്രി നിൽക്കുന്നത് കണ്ട് വല്ലാത്ത പരിഭ്രമത്തിൽ കണ്ണ് തുറിച്ചു, അവൾ പട്ടിക കഷ്ണവും വലിച്ചു കൊണ്ട് പതുക്കെ അയാളുടെ അരികിലേക്ക് വന്നു, മുഖത്തേക്ക് നോക്കി..
ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ, അതവിടെ കഴിഞ്ഞു പോയെന്ന്, എന്നോടിങ്ങനെ നിർത്താതെ പകരം വീട്ടണോ, ഒരു മകളെ പോലെയെങ്കിലും കരുതിക്കൂടെ, ഞാൻ നിങ്ങളുടെ വീട്ടിൽ വന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന നിങ്ങളുടെ കുടുംബ ഫോട്ടോയാണ്, എന്റെ വീട്ടിലുള്ളത് പോലെ അച്ഛനും അമ്മയും രണ്ട് പെൺകുട്ടികളും, പിന്നെ ഉണ്ണി പറഞ്ഞാ ഞാനറിഞ്ഞത് നിങ്ങൾക്ക് വൈകിയാണ് കുട്ടികളുണ്ടായതെന്ന്, എന്നെ അവരുടെ സ്ഥാനത്തൊന്ന് ആലോചിച്ചു നോക്കായിരുന്നു…
സുകുമാരൻ ഒന്നും മിണ്ടിയില്ല, ഗായത്രി കണ്ണ് തുടച്ചു..എനിക്ക് ജീവിക്കണമെന്ന് വളരെ മോഹമുണ്ട്, ദയവു ചെയ്ത് കുറുകെ വരരുത്, വന്നാൽ ഞാൻ അടുത്ത പ്രാവശ്യം എന്തായാലും നിങ്ങളെ കൊല്ലും.
അവൾ കയ്യിലിരുന്ന വടി വലിച്ചെറിഞ്ഞു, രതീഷ് കാർ തിരിച്ചപ്പോൾ അതിലേക്ക് കയറി, ഗായത്രിയുടെ ഭാവമാറ്റത്തിൽ രതീഷ് ഞെട്ടിയിരിക്കുകയായിരുന്നു, ഗായത്രിയൊന്ന് അവനെ നോക്കി..
നമ്മുക്ക് പോവല്ലേ, സമയം നല്ലോം വൈകി..
അവൻ ഉറക്കത്തിൽ നിന്നെന്ന പോലെ ഉണർന്നു.ആ.. പോവാം..
കാർ മൺപാതയിൽ നിന്ന് മെയിൻ റോഡിലേക്ക് കയറി, ഗായത്രി മുഖം സാരിതുമ്പ് കൊണ്ട് തുടച്ചു, വേദനിച്ചപ്പോൾ ഒന്ന് കണ്ണടച്ചു. വൃത്തികെട്ടവൻ..പോയി മുള്ള് മുരിക്കിൽ കയറിക്കൂടെ തെണ്ടിക്ക്…
രതീഷ് കേട്ടതായി ഭാവിക്കാതെ കാർ മുന്നോട്ട് പായിച്ചു..
ഗായത്രിക്ക് കലിയടങ്ങുന്നുണ്ടായിരുന്നില്ല.അവനെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം..
രതീഷ് ഇതിനും മിണ്ടാതെ ഇരുന്നാൽ ശരിയാവില്ലെന്ന് വിചാരിച്ച് ശരിയാണെന്ന് പറഞ്ഞ് തലയാട്ടി, ഗായത്രിയൊന്ന് രതീഷിനെ നോക്കി..
നിങ്ങളുടെ ഫോണൊന്ന് താ..
രതീഷ് ഫോൺ പോക്കറ്റിൽ നിന്നെടുത്ത് അവൾക്ക് നേരെ നീട്ടി, ഗായത്രി അത് ഓണാക്കിയപ്പോൾ നിറയെ ഉണ്ണിയുടെ മിസ്സ് കോളുകൾ..
നിങ്ങളെന്താ ഉണ്ണി വിളിച്ചപ്പോൾ ഫോണെടുക്കാതിരുന്നത്..?
രതീഷ് വേഗം കുറച്ചു..ഇതിനൊരു തീരുമാനമാവാതെ ഞാനവനോടെന്താ പറയാ…
നല്ല ആള്, അവന്റെ ടെൻഷനെന്തായിരിക്കുമെന്ന് ഒന്ന് ആലോചിച്ചു നോക്കിക്കൂടായിരുന്നോ..ഗായത്രി ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു, ആദ്യ റിങ്ങിൽ തന്നെ ഫോണെടുത്തു..
എടാ ഏട്ടാ ഫോണെടുത്താലെന്താ അലിഞ്ഞുപോവോ, നീ ഇങ്ങോട്ട് വാട്ടോ, ഒന്നിനും നേരാവണ്ണം ഒരു മറുപടിയും പറയാതെ എന്നെ ഇട്ട് കറക്കല്ലേ കാണിച്ചു തരാം..ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ..ഡോ… ഏട്ടാ.. വല്ലതും വാ തുറന്ന് പറ..
ഗായത്രി ഒന്ന് ചുമച്ചു..ഏട്ടനൊന്നുമല്ല, മൂപ്പര് വണ്ടിയോടിക്കാ..
ഉണ്ണിയൊന്ന് ദീർഘാശ്വാസമെടുത്തു.എടത്തിയമ്മ എത്ര നേരമായി വിളിക്കാൻ നോക്കുന്നു, ഫോണിൽ ചാർജില്ലേ, ഇടയിലാണെങ്കിൽ ഇവൻ കാണാനില്ലെന്നും പറഞ്ഞു വിളിച്ചു, എനിക്കാണെങ്കിൽ ആകെ ടെൻഷനായി..
നീ കുറച്ചു നേരം കൂടി അതെ പോലെയിരുന്നോ, ഞാനിപ്പോൾ വരാം, ഒന്ന് കാർ കേടായി..
അത്രേയുള്ളോ ഞാനാകെ പേടിച്ചു, ഈ കാര്യം അ വണ്ടിയൊടിക്കുന്ന മണ്ടന് വിളിച്ചു പറഞ്ഞാലെന്താ…
ശരി തെറ്റായിപോയി എന്റെ കുട്ടി കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യ്..
ശരി..ഫോൺ കട്ടാക്കി..
അവനോട് നുണ പറഞ്ഞിട്ട് കാര്യമൊന്നുമില്ല, ഒറ്റ നോട്ടത്തിൽ കണ്ടുപിടിക്കും..
രതീഷിന്റെ പറച്ചിൽ കേട്ടപ്പോൾ ഗായത്രിയൊന്ന് ചിരിച്ചു..അതെനിക്ക് അറിയാം, നല്ല മിടുക്കനാ അവൻ, പ്രത്യേകിച്ച് എന്റെ മുഖഭാവങ്ങളൊക്കെ അവന് പെട്ടെന്ന് മനസ്സിലാവും..
രതീഷ് വണ്ടി ആളൊഴിഞ്ഞ ഒരു സ്ഥലം കണ്ടപ്പോൾ നിർത്തി, ഗായത്രി അവനെ നോക്കി, രതീഷ് ചിരിച്ചു..ഗായത്രി പേടിക്കേണ്ട എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു..
രതീഷ് കാറിൽ നിന്നിറങ്ങിയപ്പോൾ ഗായത്രിയും കൂടെ ചെന്നു, രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും അഭിമുഖമായി നിന്നു, രതീഷ് ചുറ്റിലും നോക്കികൊണ്ടിരിക്കുന്നത് കണ്ട്..
എന്താ പറയാനുള്ളത്..?
ഉത്തരം പ്രതീക്ഷിച്ച ഗായത്രിയുടെ കാലുകളിലേക്ക് അവൻ വീണു, അവൾ പെട്ടെന്ന് പുറകിലേക്ക് മാറി, അവൻ മുട്ടുകുത്തി വീണു..ഗായത്രി എന്നോട് ക്ഷമിക്കണം, ഇതിൽ കൂടുതൽ എങ്ങനെയാ നിന്നോടത് പറയേണ്ടതെന്ന് എനിക്കറിയില്ല, ഇപ്പോൾ കൂടി എന്റെ ബുദ്ധി ഇതിന് പൂർണമായി സമ്മതിക്കുന്നില്ല, പക്ഷെ എന്റെ മനസ്സ് നിന്നെ അവൻ ചെയ്യുന്നത് കണ്ടപ്പോൾ ഞാനും ഇത്രയും ദിവസം ഇത് തന്നെയാണല്ലോ ചെയ്തുകൊണ്ടിരുന്നതെന്ന് ചിന്തിപ്പിച്ചു, രശ്മി വീട്ടിട്ട് പോയതിന്റെ ദേഷ്യവും സെക്സ് അഡിക്ഷനുമൊക്കെ തീർക്കാൻ പറ്റിയൊരു ഉപകരണമാണെന്നായിരുന്നു ബുദ്ധിയിലുണ്ടായിന്നത്, മനസ്സിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും കൊടുത്തില്ല, എന്റെ ഭാഗത്ത് ഇത്രയും വലിയൊരു തെറ്റുള്ള കാര്യം സമ്മതിച്ചു തരാനും കഴിഞ്ഞില്ല, എന്നെകൊണ്ട് ഗായത്രിയോട് കഴിഞ്ഞുപോയതിനെല്ലാം മാപ്പ് ചോദിക്കാനെ സാധിക്കൂ, ദയവ് ചെയ്ത് പൊറുക്കണം..
ഗായത്രി ചെവി പൊത്തി..എനിക്കൊന്നും കേൾക്കണ്ട, നിങ്ങൾക്കൊക്കെ ചെയ്ത് കഴിഞ്ഞിട്ട് മാപ്പ് ചോദിച്ചാൽ എല്ലാം അവസാനിച്ചു, ഞാനിപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് ഒന്ന് ആലോചിച്ചു നോക്ക്, എനിക്ക് പറയാൻ വീട്ടുകാരോ സ്വന്തക്കാരോ ഉണ്ടോ, നാട് മുഴുവൻ ചീത്തപ്പേര്, കൊള്ളരുതാത്തവൾ..ഭർത്താവിന്റെ അനിയനെ വശീകരിച്ച ദുഷ്ട..
രതീഷ് കൈകൂപ്പി.പ്ലീസ് ഞാൻ പറഞ്ഞല്ലോ, അപ്പോഴത്തെയൊരു മാനസികാവസ്ഥയിൽ സംഭവിച്ചു പോയി..
ഗായത്രി ഒന്ന് തണുത്തു..അതും ഒരു വിധത്തിൽ നല്ലതാണെന്നു തോന്നുന്നുണ്ട്, വീട്ടുകാരും നാട്ടുകാരുമില്ലെങ്കിലും ആണൊരുത്തൻ കൂടെയുണ്ടല്ലോ, താലി കെട്ടിയ ഭർത്താവല്ലെങ്കിലും അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റുന്ന അനിയനായിട്ട്..
രതീഷ് എഴുന്നേറ്റു..ഒരു കാര്യം കൂടിയുണ്ട്, എനിക്ക് രശ്മിയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്, അതുകൊണ്ട് ഗായത്രി തടസ്സമൊന്നും നിൽക്കരുത്..
ഗായത്രിയൊന്ന് ചിരിച്ചു..എന്റെ കഴുത്തിൽ നിന്ന് താലി പൊട്ടിച്ചപ്പോഴേ നമ്മള് തമ്മിൽ എയ്ച്ചു കെട്ടിയ ബന്ധം തീർന്നു..
രതീഷോന്നും മിണ്ടിയില്ല,അവളൊന്ന് അവന്റെ മുഖത്തേക്ക് നോക്കി..
നിങ്ങളാരാ എന്നെ വേണ്ടാന്ന് പറയാൻ, ഇപ്പോൾ ഗായത്രി പറയുന്നു ഇനി ആര് പറഞ്ഞാലും എനിക്ക് നിങ്ങളെ വേണ്ട..
തുടരും…