പ്രിയം ~ ഭാഗങ്ങൾ 37 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

Countdown -3

ഗായത്രിയുടെ വാക്കുകൾ കേട്ടപ്പോൾ രതീഷ് വല്ലാതെയായി, പക്ഷെ അവളൊന്ന് ചിരിച്ചു..ഞാൻ നിങ്ങളോട് പറഞ്ഞതിന്റെ അർത്ഥം എന്നെ വേണ്ടാത്തയാളെ എനിക്കും വേണ്ടാന്ന് തന്നെയാണ്, ഇതിൽ സങ്കടപെടാനെന്തിരിക്കുന്നു..

രതീഷ് അവളെ നോക്കി..ഗായത്രി ആളാകെ മാറിയിരിക്കുന്നു, എനിക്കതിൽ വലിയ സന്തോഷം തോന്നുന്നുണ്ട്, ഞാനും ഒരു കാരണമാണല്ലോ…

അവൾ വീണ്ടും ചിരിച്ചു, രതീഷ് തിരിച്ച് കാറിലേക്ക് കയറി, അവളും കയറിയപ്പോൾ കാർ മുന്നോട്ടെടുത്തു, വീടിന് മുന്നിലെത്തി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അരികിലേക്ക് ഓടി വന്നു, രതീഷിനെ ഒന്ന് നോക്കി..

ഫോൺ വിളിച്ചാൽ എടുക്കാത്ത മഹാനായ ഏട്ടാ, അത് പോകുന്ന വഴിക്ക് വലിച്ചെറിഞ്ഞേക്ക്, നിന്റെ കയ്യിൽ അതുണ്ടായിട്ട് ഒരു കാര്യവുമില്ല..

ഓ ശരി.അവൻ തലയാട്ടി.ഗായത്രി പുറത്തേക്കിറങ്ങി, സാരി തുമ്പ് തലയിലേക്കിട്ടു, ഉണ്ണി അവളെ ശ്രദ്ധിച്ചു..എന്ത് പറ്റി… വൈകിയാൽ വീട്ടിലേക്ക് വരണമെന്നൊന്നുമില്ലേ..

അവളൊന്നും മിണ്ടിയില്ല, ഉണ്ണി വാതിൽ തുറക്കാൻ വേണ്ടി മുന്നിൽ നടന്നു, രതീഷ് പോവാനൊരുങ്ങിയപ്പോൾ ഗായത്രി അവനോട്..

ഒരുപാട് നന്ദി എന്നെ സഹായിച്ചതിന്, ആൻഡ് അഭിനന്ദനങ്ങൾ നിങ്ങളുടെ പുതിയ ജീവിതത്തിന്..

രതീഷോന്ന് പുഞ്ചിരിച്ചു, ഗായത്രി അകത്തേക്ക് നടന്നു, ഉണ്ണി വാതിൽ തുറന്നിട്ട്‌ പുറകിലേക്ക് നോക്കി, ഗായത്രി അടുത്തെത്തിയപ്പോൾ ബൾബിന്റെ വെളിച്ചത്തിൽ മുഖം നേരെ കാണാൻ തുടങ്ങി, ഉണ്ണി പെട്ടെന്ന് അവളുടെ സാരിതുമ്പ് വലിച്ചു മാറ്റി, മുഖം കണ്ടപ്പോൾ ഞെട്ടിപോയി..

ഇതെന്താ പറ്റിയത്, എന്നോട് ഇത്രയും നേരം നുണ പറയുകയായിരുന്നല്ലേ..

അവളൊന്നും മിണ്ടാതെ നിന്നു, ഉണ്ണി ദേഷ്യത്തിൽ പുറത്തേക്കിറങ്ങാൻ നിന്നപ്പോൾ ഗായത്രി മുന്നിലേക്ക് നിന്ന് തടഞ്ഞു..ഉണ്ണി പ്ലീസ്, ഏട്ടനാ എന്നെ രക്ഷിച്ചത്, ഞാൻ എല്ലാം പറയാം നീ ക്ഷമയോടെ കേൾക്ക്..

ഉണ്ണി സ്റ്റെപ്പിലേക്കിരുന്നു, അവൾ നടന്നതൊക്കെ പറഞ്ഞു, ഉണ്ണിയുടെ സങ്കടം കണ്ടപ്പോൾ ചേർത്ത് പിടിച്ചു..എനിക്കൊന്നും പറ്റിയില്ലല്ലോ, നീയുള്ളപ്പോൾ എനിക്കൊന്നും സംഭവിക്കില്ല..

ഉണ്ണി അവളെ മുറിയിലേക്ക് കൊണ്ട് പോയി..നല്ലോം വേദനിക്കുന്നുണ്ടോ..

അവൾ ഇല്ലെന്ന് തലയാട്ടി..നീ പേടിക്കണ്ട കുറച്ചു കഴിയുമ്പോൾ ശരിയാവും, പിന്നെ ഒരു കാര്യം പറയാൻ മറന്നു, നിന്നോട് പറയാതെ ഞാനൊരു കാര്യത്തിന് തീരുമാനം പറഞ്ഞിട്ടുണ്ട്..

എന്ത് കാര്യത്തിന്..ഉണ്ണി മനസ്സിലാവാതെ ചോദിച്ചു..

നിന്റെ ഏട്ടന് രശ്മിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു, ഞാൻ പറഞ്ഞു എനിക്ക് കുഴപ്പമൊന്നുമില്ലാന്ന്..

ഉണ്ണി ചിരിച്ചു..അതായിരുന്നോ, അവന്റെ കൗൺസിലിങ് കഴിഞ്ഞ് അവനാരെ വേണമെങ്കിലും കെട്ടിക്കോട്ടെ, എന്നാലും അങ്ങനെ പറഞ്ഞത് ആലോചിച്ചിട്ട് തന്നെയല്ലേ..

ഇതിലെന്താ ആലോചിക്കാനുള്ളത്,എന്നെ എങ്ങനെ വെച്ച് നോക്കിയാലും മൂപ്പർക്ക് ചേരില്ല, വെറുതെ സമയം കളഞ്ഞു, അവരെങ്കിലും ജീവിച്ചോട്ടെ…

ഉണ്ണി ഗായത്രിയുടെ കൈകളിൽ പിടിച്ചു..സത്യം പറഞ്ഞാൽ എടത്തിയമ്മ വേണ്ടാന്ന് പറഞ്ഞിട്ട് വിട്ട് കൊടുത്തു..

ഗായത്രി ഉണ്ണിയെ നോക്കി. നിനക്ക് വിഷമമുണ്ടോ, ഞാൻ ചെയ്തത് തെറ്റായിപോയെന്ന് തോന്നുന്നുണ്ടോ..

എന്തിന്…ഒന്നിച്ചു ജീവിക്കാൻ പോവുന്നവരല്ലേ ആരെ വേണമെന്ന് തീരുമാനിക്കുന്നത്, അങ്ങനെ നോക്കുമ്പോൾ എടത്തിയമ്മ ചെയ്തത് ശരിയാണ്..

ഗായത്രി കണ്ണടച്ചു കിടന്നു, ഉണ്ണി മുറിയിലേക്ക് പോയി, ഇടയിൽ അവളെ എഴുന്നേൽപ്പിച്ച് ഭക്ഷണമൊക്കെ കൊടുത്ത് കിടത്തി, അന്നത്തെ രാത്രി കടന്നുപോയി..

പിറ്റേദിവസം രാവിലെ..ഉണ്ണി എഴുന്നേറ്റ് ഗായത്രിയെ നോക്കി, അവൾ സാധാരണത്തെ പോലെ റെഡിയായിട്ട് നിൽക്കുന്നു, ഉണ്ണി അടുത്തേക്ക് ചെന്ന് മുഖത്തൊക്കെ തൊട്ടു..ഇപ്പോൾ കുഴപ്പമില്ല, ഇനി ക്ഷീണമൊന്നുമില്ലല്ലോ..

ഗായത്രി ഇല്ലെന്ന് പറഞ്ഞു ചിരിച്ചു..വാതിൽ പൂട്ടി പുറത്തേക്കിറങ്ങി, പതിവുപോലെ ഗായത്രിയെ ഹോസ്പിറ്റലിന് മുന്നിലിറക്കി, പോവാൻ നേരം ഗായത്രി അവന്റെ കയ്യിൽ പിടിച്ചു.

പോലീസിൽ പരാതി കൊടുക്കണോ..?

ഉണ്ണിയൊന്ന് ആലോചിച്ചു..വേണോ…എടത്തിയമ്മ കൊടുക്കാനുള്ളതൊക്കെ കൊടുത്തില്ലേ, അല്ലെങ്കിൽ വേണ്ട നമ്മുക്ക് പരാതി കൊടുക്കാം അതാ നല്ലത്.

ഇനി നീ വരാതെ ഞാനിവിടുന്ന് ഇറങ്ങുന്ന പ്രശ്നമില്ല അതുകൊണ്ട് നേരത്തെ വരാൻ നോക്കണം..

പിന്നെന്താ ഇന്ന് നോക്കിക്കോ ഞാൻ നേരത്തെ വന്ന് ഏടത്തിയമ്മയെ ബുദ്ധിമുട്ടിക്കും..

ഉണ്ണി ഓഫീസിലേക്ക് പോയി…

ഇതേ സമയം രതീഷ് ക്ലിനിക്കിന് മുന്നിൽ കാർ നിർത്തി രശ്മിയുടെ അരികിലേക്ക് ചെന്നു, രതീഷിനെ കണ്ടപ്പോൾ അവളൊന്ന് ചിരിച്ചു കാണിച്ചു..

അല്ല ഇതാര്.. ഇന്നെന്താ ഇവിടെ..?

രതീഷ് അവളെ നോക്കി..എനിക്കിന്ന് ടോക്കൺ കിട്ടോ..

രശ്മി അവനെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു..എന്തുപറ്റി നിനക്ക്, നാളെയല്ലേ കാണിക്കേണ്ടത്..

എനിക്ക് നിന്റെ കൂടെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അത് പറയാൻ പറ്റിയ അവസരമിതാണോന്ന് അറിയില്ല, പക്ഷെ പറയാതിരിക്കാൻ പറ്റുന്നില്ല, ഞാൻ നിന്റെ ജീവിതത്തിലേക്ക് വരാനൊരു ടോക്കണാ ചോദിച്ചത്..

അവളുടെ കയ്യിൽ നിന്ന് പേന താഴെ പോയി, ചുറ്റിലും ഒന്ന് കണ്ണോടിച്ചു..നീ ഇത് എന്തൊക്കെയാ പറയുന്നത്, പെട്ടെന്ന് ഇങ്ങനെയൊക്കെ പറഞ്ഞാൽ, നിനക്ക് തമാശ വല്ലതും പറയാൻ തോന്നുന്നുണ്ടെങ്കിൽ വൈകുന്നേരം ഫോൺ വിളിക്ക്..

പ്ലീസ് എനിക്ക് ഇതിൽ കൂടുതൽ കെഞ്ചാൻ അറിയില്ല..

രശ്മി അവനെ കുറെ നേരം നോക്കി..നീ എന്തായാലും ഇപ്പോൾ പോ, എനിക്കൊന്ന് ആലോചിക്കണം, ഞാൻ തീരുമാനം നാളെ പറയാം..

രതീഷ് പുറത്തേക്കിറങ്ങി, അവന് മനസ്സിലെയൊരു ഭാരം കുറഞ്ഞപോലെ തോന്നി, സന്തോഷത്തിൽ കാറെടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു..

ഉണ്ണി ഓഫീസിലെത്തിയപ്പോൾ മാനേജർ മുറിയിലേക്ക് വിളിപ്പിച്ചു, അകത്തേക്ക് കയറിയപാടെ അയാളൊരു വിസിറ്റിംഗ് കാർഡ് ഉണ്ണിക്ക് നേരെ നീട്ടി..

ഇത് അമേരിക്കയിൽ താമസിക്കുന്ന സാജൻ മാത്യുവിന്റെ അഡ്രസ്സാ, ഈ പ്ലോട്ടൊന്ന് പോയി നോക്ക്..

ഉണ്ണി കാർഡ് വാങ്ങി പുറത്തേക്കിറങ്ങി, ബൈക്കെടുത്ത് അഡ്രെസ്സ് നോക്കി പുറപ്പെട്ടു, വഴിയിൽ രണ്ടുമൂന്ന് ആളോട് ചോദിച്ച് വീട് കണ്ടുപിടിച്ചു, വീടിന്റെ ബെല്ലിലമർത്തി, ഒരു 55 വയസ്സ് പ്രായം തോന്നിക്കുന്നയാൾ പുറത്തേക്ക് വന്നു, ഉണ്ണി അയാളോട് വരവിന്റെ ഉദ്ദേശം അറിയിച്ചു, അയാൾ വീടിന്റെ പുറകിലേക്ക് കൊണ്ട് പോയി സ്ഥലം കാണിച്ചു കൊടുത്തു..

ഇവിടേക്കുള്ള വഴിയോ..

ഉണ്ണിയുടെ ചോദ്യം കേട്ടപ്പോൾ അയാൾ സൈഡിലൂടെയുള്ള വഴി ചൂണ്ടി കാണിച്ചു.

ഇത് ചേട്ടനുള്ള വീടാണോ..

അയാളൊന്ന് ചിരിച്ചു..ഏയ് എന്റെ വീട് അതാണ്, ഇത് അനിയനുള്ളതാ, അവനങ്ങ് അമേരിക്കയിലാ, അവൻ കുറച്ചു വർഷം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ നാട്ടിലൊരു വീട് വേണമെന്ന് മോഹം, അങ്ങനെ പണി കഴിപ്പിക്കുന്നതാ..

ഉണ്ണി തലയാട്ടി, സ്ഥലമൊക്കെ ചുറ്റിലും നടന്ന് നോക്കി, തിരിയാൻ നിന്നപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ തുണി തല്ലി കഴുകുന്ന ശബ്ദം കേട്ടത്, ആ ഭാഗത്തേക്ക്‌ നോക്കുമ്പോൾ പരിചയമുള്ളൊരു ശബ്ദം ആരോടോ പരിഭവം പറഞ്ഞുകൊണ്ടിരിക്കുന്നു, ഉണ്ണി ഒന്ന് കൂടി പൊന്തി നോക്കി, തുണി തോരിയിടുന്നയാളെ കണ്ടപ്പോൾ ചുണ്ടിൽ പുഞ്ചിരി വിടർന്നു, ആരോടാണ് സംസാരിക്കുന്നതെന്ന് നോക്കാൻ ഒന്ന് കൂടി ചെരിഞ്ഞു, ഒരു പൂച്ചക്കുട്ടി കല്ലിൽ ഇരിക്കുന്നു, ഉണ്ണി അപ്പുറത്തെ വീട്ടിലേക്ക് നോക്കുന്നത് കണ്ടപ്പോൾ അയാൾ പുറകിൽ വന്നു തട്ടി വിളിച്ചു..

മതീട്ടോ അതൊരു വായാടിയാ, വല്ലതും പറയാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല, രാവിലെ തന്നെ ചീത്ത കേൾക്കണ്ട..

ഉണ്ണിയൊന്ന് ചിരിച്ചിട്ട് സ്ഥലമൊക്കെ നോക്കി അയാളോട് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തു, തിരിച്ചു ബൈക്കിനരുകിലെത്തിയപ്പോൾ ഒന്ന് നിന്നു, എന്തായാലും ഇത്രയും ദൂരം വന്നതല്ലേ അവളെ കണ്ടിട്ട് പോയാലോ, ഉണ്ണി പടി കടന്ന് അകത്തേക്ക് കയറി, ഉമ്മറത്തേക്ക് പോവുന്നതിനു പകരം അവൾ തുണി കഴുകുന്ന സൈഡിലെ മരത്തിനു പുറകിൽ നിന്നു, കാര്യമായെന്തോ പൂച്ചയോട് പറയുന്നുണ്ട്, അതിനൊരു ഗ്യാപ് വന്നപ്പോൾ ഉണ്ണി..

തത്തമ്മേ പൂച്ച പൂച്ച..

പ്രിയ പെട്ടെന്ന് ചുറ്റിലും നോക്കി, എവിടെ നിന്നാണ് ശബ്ദം വന്നതെന്ന് മനസ്സിലാവാതെ നിന്നു, ഉണ്ണി ഒരു ചെറിയ കല്ലെടുത്ത് അടുത്തിരുന്ന പാത്രത്തിലേക്കെറിഞ്ഞു, അവളൊന്ന് ഞെട്ടി, വീണ്ടും ചുറ്റിലും നോക്കി, അവൾ കാണുന്നില്ലെന്ന് തോന്നിയപ്പോൾ ഉണ്ണി പുറകിലൂടെ ചെന്നു, തോളിലൊന്ന് തോണ്ടി, പെട്ടെന്ന് പേടിച്ചു പ്രിയ മാറി, ഉണ്ണി നിൽക്കുന്നത് കണ്ടപ്പോൾ അവൾ അത്ഭുതത്തോടെ നോക്കി, പെട്ടെന്ന് അവൾ ചമ്മിയപോലെ നിന്നു..

അല്ല നീയെന്താ ഇവിടെ, എന്റെ വീടെങ്ങനെ അറിയാം..

ഉണ്ണി അവളെ നോക്കി..നീ ടെൻഷനാവല്ലേ.. പതുക്കെ പതുക്കെ ചോദിക്ക്..

അവൾ അടുത്തേക്ക് വന്നു..സത്യം പറ എന്റെ വീടെങ്ങനെ കണ്ടുപിടിച്ചു..

ദൈവം കാണിച്ചു തന്നു, അല്ല നീയെന്താ മടി കാണിച്ചിട്ട് പോവാതിരുന്നത്..

അത് അച്ഛമ്മക്ക് വയ്യാ പറഞ്ഞു, എന്നാൽ കുറച്ചു കഴിഞ്ഞിട്ട് ആശുപത്രിയിൽ കാണിക്കാൻ പോവാ വിചാരിച്ചിട്ട് ഇരിക്കായിരുന്നു.

സംസാരിക്കുന്നതിനിടയിലാണ് അച്ഛമ്മ അങ്ങോട്ട് വന്നത്, ഉണ്ണി നിൽക്കുന്നത് കണ്ടപ്പോൾ..ഇതാരാ മോളെ..

പ്രിയ ഉത്തരം പറയുന്നതിന് മുന്നേ ഉണ്ണി ഇടയിൽ കയറി..പെണ്ണ് കാണാൻ വന്നതാ മുത്തശ്ശി..

അച്ഛമ്മ പ്രിയയെ നോക്കി..ഇതാണോ നീ പറയാറുള്ള ഉണ്ണി..

പ്രിയ തലയാട്ടി, ഉണ്ണി അവളെ നോക്കി..നീ വീട്ടിൽ പറഞ്ഞിട്ടുണ്ടല്ലേ..

പിന്നല്ലാതെ നിന്നെപ്പോലെ മനസ്സിൽ മാത്രം കൊണ്ട് നടക്കാൻ പറ്റോ..

മോൻ അകത്തേക്ക് വാ എന്താ പുറത്ത് തന്നെ നിന്നു കളഞ്ഞത്..അച്ഛമ്മ പറയുന്നത് കേട്ടപ്പോൾ ഉണ്ണി മുൻഭാഗത്തുകൂടി വന്ന് അകത്തേക്കിരുന്നു, അച്ഛമ്മ അവനെ കുറെ നേരം നോക്കി, പ്രിയ അടുത്ത് നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ നേരെ തിരിഞ്ഞു..നീ ഇങ്ങനെ ഇവിടെ തന്നെ നിൽക്കാതെ പോയി ചായ വെച്ച് കൊണ്ട് വാ..

പ്രിയ ഉണ്ണിയെയൊന്ന് നോക്കിയിട്ട് അകത്തേക്ക് പോയി, അച്ഛമ്മ അവനരുകിലേക്കിരുന്നു..

മോൻ സുഖമായിട്ടിരിക്കുന്നോ..?

സുഖം.. പ്രശ്നങ്ങളൊന്നുമില്ലാതെ പോവുന്നു…

ഇവള് വീട്ടിൽ വന്നാൽ മോനെ കുറിച്ച് പറയാനേ നേരമുള്ളൂ, അവൻ എന്നെ അങ്ങനെ പറഞ്ഞു ഇങ്ങനെ ചെയ്തു, ഓരോന്നും പറഞ്ഞു രാത്രി കിടക്കുന്നത് വരെ സമാധാനം തരില്ല..

ഉണ്ണിയൊന്ന് ചിരിച്ചു, അച്ഛമ്മ തുടർന്നു..മോന് എങ്ങനെയുള്ള സ്വഭാവമാണെന്ന് അച്ഛമ്മക്കറിയില്ല, പക്ഷെ അവളൊരു പൊട്ടിപെണ്ണാ, ആരോട് എങ്ങനെയാ സംസാരിക്കേണ്ടതെന്ന് പോലും ശരിക്കും അറിയില്ല, വെറുതെ വായടിച്ചു കൊണ്ട് നടക്കും, കാണുന്നവർക്ക് അത് എപ്പോഴും ഇഷ്ടപ്പെടില്ലാന്ന് പറഞ്ഞാൽ പോലും കേൾക്കില്ല, അതാ രസമെന്ന് പറയും,എനിക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമാ തോന്നിയത്, അവളങ്ങനെ പൊതുവെ ആരോടും അടുക്കാറില്ല, അതുകൊണ്ട് മോനെ വിശ്വസിച്ച് തരാ അവളെ, എന്തെങ്കിലും തെറ്റ് ചെയ്താൽ ക്ഷമിച്ച് പറഞ്ഞു കൊടുത്ത് കൂടെ കൂട്ടണമെന്നേ എനിക്ക് പറയാനുള്ളൂ..

ഉണ്ണി മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു..അങ്ങനെ എല്ലാവർക്കുമൊന്നും ദൈവം മനസ്സ് വിട്ട് ചിരിക്കാൻ അവസരം കൊടുക്കില്ല, എനിക്ക് അവളിൽ ഏറ്റവും ഇഷ്ടമുള്ളതും ആ ചിരിയാണ്, അത് എല്ലാ കാലവും നിലനിർത്താൻ ഞാൻ ശ്രമിക്കാം.

മുത്തശ്ശി ഉണ്ണിയുടെ തലയിൽ തൊട്ടു..അച്ഛനും അമ്മയുമില്ലാതെ വളർന്ന കുട്ടിയാ മോനതിനെ ഒരിക്കലും അതിന്റെ വളർത്തുദോഷമുണ്ടെന്ന് പറഞ്ഞു വേദനിപ്പിക്കരുത്..

ഉണ്ണി വല്ലാതെയായി, എത്രയോ തവണ അവളോട് അവരെക്കുറിച്ച് സംസാരിച്ചത് മനസ്സിലേക്കോടി വന്നു, അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു, പ്രിയ ചായയും കൊണ്ട് വരുന്നത് കണ്ടപ്പോൾ അവൻ കണ്ണ് തുടച്ചു നേരെയിരുന്നു, അവൾ ചായ അവന് നേരെ നീട്ടി..

പാലുണ്ടാവില്ല..അച്ഛമ്മ ഓർമ്മപെടുത്തി.

പിന്നെ അവനിപ്പോൾ പാലിട്ട് ചായ കുടിക്കാഞ്ഞിട്ടാ, കട്ടനാ ബെസ്റ്റ്..

ഉണ്ണിയൊന്ന് ചിരിച്ചു, അച്ഛമ്മ അവളെ നോക്കി..നീ നിന്റെ വായയൊന്ന് കുറക്കാൻ നോക്ക്, ഒരു വീട്ടിലേക്ക് കയറി ചെല്ലാനുള്ളതാ, അവിടെ നാലാളു വരുമ്പോൾ ഇങ്ങനെ ഇടയിൽ കയറി സംസാരിച്ചാൽ ശരിയാവില്ല.

ഉണ്ണി അവളെ നോക്കി..അതെ നിനക്ക് കുറച്ചു കൂടുതലാ..

പ്രിയ കണ്ണിറുക്കി, ഉണ്ണി വേഗത്തിൽ ചായ കുടിച്ച് എഴുന്നേറ്റു, അച്ഛമ്മക്ക് ഒരിക്കൽ കൂടി കൈകൊടുത്ത് പുറത്തേക്കിറങ്ങി, പ്രിയ റോഡ് വരെ കൂടെ ചെന്നു, ഉണ്ണി പോവാൻ നേരം അവളെ നോക്കി..

നിനക്ക് വേണ്ടി ഞാനൊരു താലി പണി കഴിപ്പിച്ചിട്ടുണ്ട്,അതുമായി ഞാൻ നല്ലയൊരു ദിവസം നോക്കിയിട്ട് വരാം..

അവളുടെ കണ്ണ് നനയുന്നത് കണ്ടപ്പോൾ..ഏയ്‌ വായാടി, അച്ഛമ്മ പറഞ്ഞത് പോലെ നാലാളു വരുമ്പോൾ പെൺകുട്ടികൾ സംസാരിക്കരുത്, അതിന് താഴെയോ മുകളിലോ ഒക്കെ വരുമ്പോൾ നല്ലോം വായടിക്കാം ട്ടോ.. എന്റെ പെണ്ണ് നല്ലോം സംസാരിക്കുമെന്ന് പറയുന്നത് കേൾക്കാനാ എനിക്കിഷ്ടം..

പ്രിയ ചിരിച്ചു, ഉണ്ണി അവളോട് തലയാട്ടിയിട്ട് ബൈക്കെടുത്ത് പോയി..

ഗായത്രി നഴ്സിംഗ് സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് ചിത്ര വിളിച്ചത്..

നീയൊന്ന് ഡോക്ടറുടെ കൂടെ പോയിട്ട് വരോ..

ഗായത്രി എഴുന്നേറ്റു..അതിനെന്താ ചേച്ചി ഞാൻ പോയ്കോളാം.

അവൾ വരാന്തയിലൂടെ നടന്ന് ഡോക്ടറുടെ അടുത്തെത്തി, അവളെ കണ്ടപ്പോൾ വിഷ്ണുവൊന്ന് പുഞ്ചിരിച്ചു..

ഇന്നെന്താ ഉഷാറില്ലാതെ..

ഗായത്രി പുറകിലേക്ക് നോക്കി, വിഷ്ണു വീണ്ടും ചിരിച്ചു..ഞാൻ ഗായത്രിയോട് തന്നെയാ ചോദിച്ചത്.

ഗായത്രി വിഷ്ണുവിനെ നോക്കി..എന്നെ കണ്ടിട്ടാണോ ഉഷാറില്ലാന്ന് പറയുന്നത്, കൊള്ളാം എന്താ ചെയ്യേണ്ടതെന്ന് പറയൂ, ഞാൻ കാണിച്ചു തരാം..

ഒന്നും ചെയ്യേണ്ട ഞാൻ പറയുന്നത് കുറച്ചു നേരം കേട്ടാൽ മതി..

ഗായത്രി വിഷ്ണു പറയുന്നത് മനസ്സിലാവാതെ നിന്നു, വിഷ്ണു അവളെ നോക്കി..
ഞാൻ കുറെ നാളായി പറയണം വിചാരിച്ചിട്ട് ഇരിക്കുന്ന കാര്യമാണ്, എനിക്ക് വീട്ടിൽ അമ്മയും ഒരു പെങ്ങളും മാത്രമേയുള്ളൂ, അനിയത്തിയുടെ കല്യാണം കഴിഞ്ഞു, അവള് അവൾക്കിഷ്ടപെട്ടൊരു ആളെ വിവാഹം കഴിച്ചു, എന്റെയും മോഹം അതുതന്നെയായിരുന്നു, അതിന് വേണ്ടി കുറച്ച് തിരഞ്ഞു, അവസാനം ഈ ഹോസ്പിറ്റലിൽ വന്നപ്പോഴാ ഗായത്രിയെ കണ്ടത്, എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടായി, എങ്ങനെ പറയേണ്ടതെന്ന് അറിയാതെ നിൽക്കായിരുന്നു, അവസരമൊന്നും കിട്ടിയതുമില്ല, ഇനി ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ നഷ്ടപെട്ടാലോ തോന്നി..

ഗായത്രി ഞെട്ടി തരിച്ച് നിന്നു, ഉള്ള ശ്വാസത്തിൽ അവനോട് പറഞ്ഞു. എന്നെ കുറിച്ച് മുഴുവനും അറിയാതെയാ സാറിത് പറയുന്നത്..

വിഷ്ണു അരികിലേക്ക് നിന്നു..എനിക്കെല്ലാം അറിയാം, ഗായത്രിയുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ, പ്രിയ പറഞ്ഞതിൽ കൂടുതൽ ഞാൻ സ്വന്തമായി അന്വേഷിച്ചു..

ഗായത്രി എന്താ ചെയ്യേണ്ടതെന്ന് അറിയാതെ ചുറ്റിലും നോക്കി, അവളുടെ പരിഭ്രമം കണ്ടപ്പോൾ വിഷ്ണു കയ്യിൽ പിടിച്ചു..

ഞാൻ ഗായത്രിയെ വിവാഹം കഴിച്ചോട്ടെ..

തുടരും…

Leave a Reply

Your email address will not be published. Required fields are marked *