മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
Countdown -02
ഞാൻ ഗായത്രിയെ വിവാഹം കഴിച്ചോട്ടെ..
വിഷ്ണുവിന്റെ ചോദ്യത്തിന് എന്ത് പറയണമെന്നറിയാതെ ഗായത്രി കുഴങ്ങി, വിഷ്ണു അവളുടെ കൈകൾ മോചിപ്പിച്ചു..
എന്തുപറ്റി ഗായത്രിക്ക് ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ…
ഗായത്രി വിഷ്ണുവിനെ നോക്കി..എന്റെ പൊന്ന് ഡോക്ടറെ, ഞാൻ മിണ്ടാതെ ആ മൂലയിൽ ഇരിക്കല്ലായിരുന്നോ, ഇങ്ങനെ വിളിച്ചോണ്ട് വന്ന് ബി.പ്പി കയറ്റണമായിരുന്നോ, പെട്ടെന്നൊക്കെ എന്നോട് ഇങ്ങനെ ഞാനെങ്ങനെ മറുപടി പറയും…
വിഷ്ണു ചുറ്റിലും നോക്കി..ഗായത്രീ പതുക്കെ പറ പ്ലീസ്, വേണേൽ മറുപടി നാളെ പറഞ്ഞാലും മതി, പക്ഷെ പറയണം…
ഗായത്രി ഇത് തന്നെ അവസരമെന്ന് വിചാരിച്ച് പുറത്തേക്കിറങ്ങി, വേഗത്തിൽ മുറിയിൽ കയറി ഫാനിട്ട് ഇരുന്നു. ആലോചനക്കിടയിൽ ചിത്ര അകത്തേക്ക് വന്നു, ഗായത്രി താടിക്ക് കയ്യും കുത്തിയിരിക്കുന്നത് കണ്ടപ്പോൾ..
നീ പോയിട്ട് ഇത്ര പെട്ടെന്ന് വന്നോ..
അവളൊന്ന് ചിത്രയെ തല ചെരിച്ചു നോക്കി..നല്ല സ്പീഡായിരുന്നു, അതുകൊണ്ട് വേഗത്തിൽ കഴിഞ്ഞു..
അതെന്തായാലും നന്നായി, ഞാൻ പ്രിയയില്ലാത്തത് കൊണ്ട് ബോറടി മാറ്റാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടിരിക്കാ..
ഗായത്രി ഒരു കസേര ചിത്രക്ക് നീക്കി കൊടുത്തു..ചേച്ചി ഇരിക്ക്..
ചിത്ര ഇരുന്ന് ഗായത്രിയുടെ മുഖത്തേക്ക് നോക്കി, മങ്ങിയ പാടുകൾ കണ്ടപ്പോൾ തൊട്ടു..ഇതെന്താ അന്നത്തെ പാടൊന്നും മാഞ്ഞുപോയില്ലേ…
ഗായത്രി താടിയിൽ നിന്ന് കയ്യെടുത്തു..അതിനുള്ള അവസരം കിട്ടണ്ടേ..
ഓരോന്നും പറഞ്ഞ് സമയം പോയികൊണ്ടിരുന്നു, ഗായത്രി വൈകുന്നേരം ക്ലോക്കിൽ സമയമായപ്പോൾ തന്നെ പെട്ടെന്ന് ഡ്രസ്സ് മാറി താഴേക്കിറങ്ങി, കുറച്ച് സമയം കഴിഞ്ഞിട്ടും ഉണ്ണി വരുന്നത് കാണാഞ്ഞപ്പോൾ മൊബൈലെടുത്ത് വിളിക്കാൻ തുനിഞ്ഞു, പെട്ടെന്ന് ബൈക്കിന്റെ ഹോണടി കേട്ടപ്പോൾ തിരിഞ്ഞു നോക്കി, ഉണ്ണി ബൈക്ക് മുന്നിലേക്ക് നിർത്തി, ഗായത്രി പുറകിലേക്ക് കയറി, പോവുന്ന വഴിയിൽ അവൾ ഉണ്ണിയുടെ തോളിൽ തട്ടി..
നിന്നോട് ഞാൻ നേരത്തെ വരണമെന്ന് പറഞ്ഞതല്ലേ…
ഉണ്ണി കണ്ണാടിയിലൂടെ ഗായത്രിയെ നോക്കി ചിരിച്ചു..ഇതാണ് കറക്റ്റ് സമയം…
ഉം.. നല്ല ആള്..
വീടിന് മുന്നിൽ പാർക്ക് ചെയ്ത് രണ്ടുപേരും വാതിൽ തുറന്ന് അകത്തേക്ക് കയറി, ഗായത്രി ഡ്രെസ്സൊക്കെ മാറി അടുക്കളയിലെ പണികൾ നോക്കാൻ തുടങ്ങി, ഉണ്ണി അവൾക്കരികിലേക്ക് ചെന്നു..
എടത്തിയമ്മ ഞാനൊരു കാര്യം പറയട്ടെ..
ഗായത്രി ആകാംക്ഷയോടെ..എന്താണത്..
നമ്മുടെ പ്രിയയില്ലേ അവള് സത്യത്തിൽ നമ്മളെക്കാൾ പാവാ..
അതായിരുന്നോ..
ഗായത്രിയുടെ ഭാവം കണ്ടപ്പോൾ ഉണ്ണി അവളെ നോക്കികൊണ്ട്..അപ്പോൾ ഞെട്ടുന്നില്ലേ…
ഗായത്രി തിരിഞ്ഞ് ഉണ്ണിയുടെ നേരെ നിന്നു..ഞാനൊരു തവണ ഞെട്ടിയതാ..
എന്നിട്ടെന്താ എന്നോട് പറയാതിരുന്നത്..?
അവൾക്ക് ഈ സഹതാപം ഇഷ്ടമല്ല പറഞ്ഞു, പ്രത്യേകിച്ച് നിന്റെയടുത്ത് നിന്ന്..
ഓ അങ്ങനെയാണോ… അയ്യോ എന്നിട്ട് ഇന്ന് ഞാൻ അറിയാതെ കാണിച്ചല്ലോ..
ഗായത്രി അടുത്തേക്ക് നീങ്ങി..ഇന്നോ… അതിന് നീ അവളെ എവിടെ വെച്ച് കണ്ടു..
ഉണ്ണി ചിരിച്ചു..ആ ഇപ്പോൾ ഞെട്ടിയില്ലേ..
ഒരു ഞെട്ടലുമില്ല, സത്യം പറ രണ്ടാളും കറങ്ങാൻ പോയതാണോ..
ഇവിടെ ഉള്ള പണിയും കൊണ്ട് കറങ്ങിക്കൊണ്ടിരിക്കാ അപ്പോഴാ അവളെയും കൊണ്ട്..
പിന്നെ എങ്ങനെ..? ഗായത്രിക്ക് വീണ്ടും സംശയം.
അതിന് ഞാനവളുടെ വീട്ടിൽ പോയി..
നിനക്കതിന് വീടറിയോ..?
അറിയില്ലായിരുന്നു, ഒരു സൈറ്റ് നോക്കാൻ പോയപ്പോൾ ദേ നിൽക്കുന്നു മുന്നിൽ, ഞാൻ ഒന്നും നോക്കിയില്ല അവളുടെ കൈ കൊണ്ടൊരു ചായയും കുടിച്ചിട്ടിങ്ങോട്ട് പോന്നു..
ബെസ്റ്റ്…ഗായത്രി അടുപ്പത്ത് നിന്ന് പാത്രം വാങ്ങിവെച്ച് ഗ്യാസ് ഓഫാക്കി, ഉണ്ണിയുടെ നേരെ നിന്നു..ഇത്രയും നേരം എന്നെ ഞെട്ടിച്ചില്ലേ ഞാൻ തിരിച്ച് നിന്നെയൊന്ന് ഞെട്ടിക്കട്ടെ..
പിന്നെന്താ… ഇതൊക്കെ ഒരു രസമല്ലേ..
ഗായത്രി ഉണ്ണിയെ തള്ളിക്കൊണ്ട് പുറത്ത് വന്നിരുന്നു, ഉണ്ണി ഗായത്രിയുടെ വാക്കുകൾക്ക് വേണ്ടി കാതോർത്തു.
നമ്മുടെ ഡോക്ടറില്ലേ പുതിയതായി വന്നത്…
ആ ഉണ്ട്, പേരും കൂടി എനിക്ക് ഓർമ്മയുണ്ട്, വിഷ്ണു അല്ലെ..ഉണ്ണി ഇടയിൽ കയറി പറഞ്ഞു.
ഉം… മൂപ്പര് തന്നെ, ഇന്ന് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു..
ഉണ്ണി ശരിക്കും ഞെട്ടിയെഴുന്നേറ്റു, ഗായത്രി അവനെ നോക്കികൊണ്ട്..ഞാൻ പറഞ്ഞില്ലേ ഞെട്ടുന്ന കാര്യമാണെന്ന്…
എന്നാലും…ഉണ്ണി ഒന്ന് വിക്കി..ഡോക്ടറെന്താ പെട്ടെന്നങ്ങനെ പറഞ്ഞത്…
അതാണ് ഞാനും ആലോചിക്കുന്നത്, ഇത്രയും ദിവസം ഒരു കുഴപ്പവുമില്ലായിരുന്നു..
എന്നിട്ട് എടത്തിയമ്മ എന്ത് പറഞ്ഞു..? ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു..
നാളെ പറയാമെന്ന് പറഞ്ഞ് ഒന്ന് നിർത്തിയ ഗ്യാപ്പിൽ ഓടി..
ഉണ്ണി ആലോചിക്കുന്നത് കണ്ടപ്പോൾ ഗായത്രി അവനെ നോക്കി ചിരിച്ചു…ഉണ്ണികുട്ടനെന്താ ചിന്തിക്കുന്നത്..?
ഉണ്ണി ഗായത്രിയുടെ അരികിലേക്കിരുന്നു..നാളെ എടത്തിയമ്മ എന്തായിരിക്കും പറയാൻ പോവുന്നതെന്ന് ആലോചിച്ചു നോക്കായിരുന്നു..
ഗായത്രി വീണ്ടും ചിരിച്ചു..വേറെ എന്ത് പറയാൻ ഐ ലവ് യൂന്ന് തിരിച്ചു പറയും…
ഉണ്ണി ഗായത്രിയുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു..ഗുഡ് ഗേൾ… അതെന്തായാലും നല്ല തീരുമാനം, ഞാൻ സപ്പോർട്ട് ചെയ്യുന്നു, എന്നാലും ഞാൻ അങ്ങേരെ നേരിട്ട് കണ്ടു സംസാരിച്ചതിന് ശേഷമേ എന്തും പറയാവൂ…
പിന്നല്ലാതെ എന്റെ ഉണ്ണിക്ക് അതിനുള്ള അവസരമെങ്കിലും ഈ ഞാൻ തരാതിരിക്കോ…
ഉണ്ണി ഗായത്രിയെ നോക്കി..എനിക്ക് നാളെ തൊട്ട് എടത്തിയമ്മ ക്ലാസ്സെടുത്ത് തരോ, എങ്ങനെയാണ് ഒറ്റയടിക്ക് ഒരു മനുഷ്യന് ഇങ്ങനെ മാറാൻ കഴിയുന്നതെന്ന വിഷയത്തേ കുറിച്ച്..
ഗായത്രി ഉണ്ണിയുടെ തോളിൽ തലവെച്ചു..അതിന് ആദ്യം ഒരു അനിയൻ കൂടെ വേണം, അവന് പെൺകുട്ടികളെ മനസ്സിലാക്കാൻ കഴിയണം, അവരുടെ വേദന എന്താണെന്ന് പറയാതെ തന്നെ അറിയണം…
ഉണ്ണി ഗായത്രിയെയൊന്ന് നോക്കി..മതി മതി…എനിക്ക് ക്ലാസ്സ് വേണ്ട, എടത്തിയമ്മ കൂടെയുള്ളത് തന്നെ ധാരാളം..
ഗായത്രി മൂഡ് മാറ്റാൻ വേണ്ടി എഴുന്നേറ്റ് തട്ടി വിളിച്ചു..ഞാൻ കഴിക്കാൻ എടുക്കട്ടെ…
ഉം..അവനൊന്ന് ചെറുതായി മൂളി..
ഗായത്രി അകത്തേക്ക് പോയി, ഉണ്ണി എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് കയ്യിലിരുന്ന മൊബൈൽ റിങ്ങ് ചെയ്തത്, അവൻ സ്‌ക്രീനിൽ നോക്കി, രശ്മി..ദൈവമേ ദേ അടുത്തത്..
ഹലോ..
എന്താണ് ഉണ്ണി അളിയാ നല്ല സന്തോഷമായിട്ട് ഇരിക്കായിരിക്കും ല്ലേ..
നീ ചുമ്മാ കളിയാക്കാതെ കാര്യം പറ രശ്മി…
ഓ നല്ല മൂഡിലാണല്ലോ, വേറൊന്നുമല്ല നിന്റെ ഏട്ടൻ ഇന്നെന്നോട് വന്നിട്ട് കല്യാണം കഴിക്കോ ചോദിച്ചിരുന്നു, ഞാനെന്താ പറയേണ്ടത്..
ഉണ്ണിയൊന്നും മിണ്ടിയില്ല, രശ്മി തുടർന്നു.നീ ഞെട്ടിയോ..
ഇല്ല, എനിക്ക് ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ഞെട്ടാൻ പറ്റില്ല..
രശ്മി ചിരിച്ചു..ഇതിലും വലുതെന്തോ കേട്ടിട്ട് ഞെട്ടി ഇരിക്കാണെന്ന് തോന്നുന്നു..
ഉം.. അത് സത്യം.. എന്നിട്ട് ഇതിന് നീയെന്ത് മറുപടി പറഞ്ഞു..?
ഞാൻ പറഞ്ഞിട്ടില്ല, എനിക്ക് തോന്നി നിന്നോട് സംസാരിക്കണമെന്ന് ഇത്രയും കഷ്ടപ്പെട്ടിട്ട് ഞാൻ അടിച്ചോണ്ട് പോവുന്നത് ശരിയല്ലല്ലോ..
ഉണ്ണി ചുമരിൽ ചാരി..അല്ല ആളുവട്ടം എന്നോട് വിളിച്ചു അഭിപ്രായം ചോദിക്കുന്നതെന്തിനാ, നിനക്ക് വേണമെങ്കിൽ ആരെയാണെന്ന് വെച്ചാൽ കെട്ടിക്കോ..
രശ്മി അത്ഭുതത്തോടെ..ഓഹോ അങ്ങനെയാണോ, അവസാനം ഞാൻ ഇടയിൽ കയറി പ്രശ്നമുണ്ടാക്കിയെന്ന് പറഞ്ഞു വരരുത്..
ഉണ്ണിയൊന്ന് ചിരിച്ചു.ഒരു പ്രശ്നവുമുണ്ടാക്കില്ല, പക്ഷെ ഒരു ഉപകാരം ദയവ് ചെയ്ത് അവന്റെ ചികിത്സ കഴിയുന്നത് വരെ ഒരക്ഷരം മിണ്ടിയേക്കരുത്..
ഇല്ല അളിയാ ഞാൻ മിണ്ടുന്നില്ല, നിനക്ക് കുഴപ്പമില്ലാന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ ഗായത്രിയോട് കൂടി നേരിട്ട് ചോദിച്ചോളാം.
അതിന്റെയൊന്നും ആവശ്യമില്ല ഇവിടെ നോ തടസ്സം…
ശരിക്കും..രശ്മി സംശയത്തോടെ ചോദിച്ചു..
പിന്നല്ലാതെ ഇവിടെയൊക്കെ പറഞ്ഞ് സെറ്റിലാക്കിയിട്ടാണ് നിന്നോട് അവൻ അങ്ങനെ പറഞ്ഞത് തന്നെ..
രശ്മി സന്തോഷത്തോടെ..സോ.. എനിക്ക് വഴിയിൽ ബ്ലോക്കോന്നുമില്ല..അപ്പോൾ താങ്ക്സ് ആൻഡ് ഗുഡ്‌നൈറ്റ്..
ഫോൺ കട്ടായി, പെട്ടെന്ന് ഗായത്രി പുറകിൽ നിന്ന് വിളിച്ചു..നീ വരുന്നില്ലേ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു..
ആ ദാ വരുന്നു..ഉണ്ണി എഴുന്നേറ്റു, ഭക്ഷണം കഴിച്ചു മുറിയിലേക്ക് ചെന്നു, കുറച്ച് നേരം കിടന്നപ്പോൾ ഉറക്കമൊന്നും വരുന്നത് കാണാഞ്ഞ് പുറത്തേക്ക് വന്നു, ഗായത്രിയുടെ മുറിയിൽ ലൈറ്റ് കണ്ടപ്പോൾ വാതിലിൽ കൊട്ടി..
നീ അകത്തേക്ക് വാ വാതിൽ ചാരിയിട്ടേയുള്ളൂ..
ഉണ്ണി തുറന്ന് ഗായത്രിയെ നോക്കി.എന്താണ് ഉറക്കമൊന്നുമില്ലേ..
ഗായത്രിയൊന്ന് ചിരിച്ചു..ഇത് തന്നെയാ തിരിച്ച് നിന്നോടും ചോദിക്കാനുള്ളത്..
ഉണ്ണി കട്ടിലിലേക്കിരുന്നു..എനിക്കൊരു സംശയം എടത്തിയമ്മക്ക് ഡോക്ടറോട് ഇഷ്ടം തോന്നാനെന്താ കാരണം..
എന്നോട് വെറുതെ ഇഷ്ടമാണെന്നല്ലല്ലോ പറഞ്ഞത്, എന്നെ നഷ്ടപ്പെടുമോ എന്ന ഭയമുണ്ടെന്നല്ലേ, മനസ്സ് നിറയെ സ്നേഹമുള്ളവർക്കേ അങ്ങനെ പറയാൻ തോന്നൂ, കാരണം നീ ഇടയ്ക്ക് ഇടയ്ക്ക് എന്നോട് പറയാറില്ലേ…
ഉണ്ണിയൊന്ന് ചിരിച്ചിട്ട് മുടിയിൽ തലോടി..ഇതൊക്കെ എനിക്കൊരു ബുക്കിൽ എഴുതി വെക്കണം…
എന്നെ കളിയാക്കാതെ പോയി കിടന്ന് ഉറങ്ങ്…
ആയിക്കോട്ടെ… എന്നാൽ എടത്തിയമ്മ കിടന്നിട്ട് ആലോചിച്ചോളൂ ഞാൻ ഉറങ്ങാൻ പോവാ..
ഉണ്ണി തിരിച്ചു മുറിയിലേക്ക് നടന്നു..
പിറ്റേദിവസം രാവിലെ..ഗായത്രി റെഡിയായി പുറത്തേക്ക് വന്നപ്പോഴേക്കും ഉണ്ണിയും ഒരുങ്ങി നിന്നിരുന്നു, ഗേറ്റിന് പുറത്ത് രതീഷിന്റെ കാർ വന്ന് ഹോണടിച്ചു, രണ്ട് പേരും നടന്ന് അടുത്തെത്തി, കാറിലേക്ക് കയറിയപ്പോൾ രതീഷോന്ന് ചിരിച്ചു, അത് കണ്ടപ്പോൾ ഉണ്ണി അവനെ നോക്കികൊണ്ടിരുന്നു..
എന്താ ഏട്ടനൊരു സന്തോഷം..?
അതൊന്നുമില്ല വെറുതെ എന്തോ ആലോചിച്ചപ്പോൾ ചിരിച്ചതാ..
ഉം..ഉണ്ണിയൊന്ന് മൂളി..
പോവുന്ന വഴിയിൽ ബസ് സ്റ്റോപ്പ് എത്തിയപ്പോൾ ഉണ്ണി നിർത്താൻ ആവശ്യപ്പെട്ടു, കാറോതുക്കി, ഗായത്രി പുറത്തേക്കിറങ്ങി, ഉണ്ണി അവളെ നോക്കികൊണ്ട്..
ഞാൻ ഹോസ്പിറ്റലിലേക്ക് വന്നിട്ടേ താഴെ വരാവൂ, അത് വരെ ആ വരാന്തയിൽ എവിടെയെങ്കിലും ഇരുന്നാൽ മതിട്ടോ..
ഗായത്രി തലയാട്ടി, രതീഷ് കാർ മുന്നോട്ടെടുത്തു..
അതെന്താ ഇന്നവൾ വരുന്നില്ലേ..
രതീഷിന്റെ ചോദ്യം കേട്ടപ്പോൾ ഉണ്ണിയൊന്ന് അവനെ നോക്കി..ഏട്ടൻ ഡോക്ടറോട് സത്യസന്ധമായി കാര്യങ്ങളൊക്കെ പറഞ്ഞിരുന്നെങ്കിൽ എടത്തിയമ്മ വരേണ്ട ആവശ്യം തന്നെയുണ്ടായിരുന്നില്ല..
രതീഷോന്നും മിണ്ടിയില്ല, കുറച്ച് കഴിഞ്ഞപ്പോൾ..ഞാനൊരു കാര്യം നിന്നോട് പറയട്ടെ..
ഉണ്ണി വീണ്ടും രതീഷിനെ നോക്കി..എന്താണ്..
ഞാനിന്നലെ രശ്മിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് അവളോട് പറഞ്ഞു…
ആരോട് ചോദിച്ചിട്ട്, അതുപോട്ടെ ഏട്ടന്റെ ഡിവോഴ്സ് പേപ്പർ കയ്യിൽ കിട്ടിയോ..
രതീഷ് കാറിന്റെ വേഗത കുറച്ചു.നീ ചൂടാവല്ലേ, ഞാൻ എനിക്ക് മനസ്സിൽ തോന്നിയൊരു കാര്യം തുറന്ന് പറഞ്ഞു..
അത് പറഞ്ഞോ അതിൽ തെറ്റൊന്നുമില്ല, പക്ഷെ നീ ഇങ്ങനെ ഓരോന്ന് ചെയ്യുമ്പോൾ കുടുങ്ങുന്നത് എന്റെ കൂടെയുള്ള നിന്റെ ഭാര്യ അതായത് എന്റെ ഏടത്തിയമ്മയാണ്..
രതീഷോന്നും മിണ്ടിയല്ല,ഉണ്ണി വീണ്ടും അവനോടായി..ഏട്ടന് മനസ്സിലായില്ല, വീട്ടിൽ നിന്ന് പുറത്താക്കുമ്പോൾ അതിന് ഭ്രാന്താണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു, പോരാത്തതിന് ഞാനുമായിട്ട് അവിഹിതവും, ഇപ്പോൾ വേറെയൊരാളെ കെട്ടിയാൽ അതൊക്കെ സത്യമാവില്ലേ, അതിനൊക്കെ ആര് സമാധാനം പറയും..
ഉണ്ണിയുടെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടപ്പോൾ രതീഷ് വല്ലാതെയായി, ക്ലിനിക്കിന് മുന്നിൽ വണ്ടി നിർത്തി അകത്തേക്ക് കയറാൻ നിന്നപ്പോൾ രതീഷ് ഉണ്ണിയുടെ കൈപിടിച്ച് വലിച്ചു, ഉണ്ണി തിരിഞ്ഞ് രതീഷിനെ നോക്കി..
ഞാൻ എല്ലാവരുടെയും മുന്നിൽ അത് തിരുത്തിയാൽ പ്രശ്നം തീരില്ലേ..
ഉണ്ണി അവനെ തന്നെ നോക്കികൊണ്ടിരുന്നു..എങ്ങനെ…?
നിന്റെ ഗൃഹപ്രവേശത്തിന് എല്ലാവരെയും ക്ഷണിക്കില്ലേ, അപ്പോൾ അവരുടെ മുന്നിൽ വെച്ച് പറയാം..
ഉണ്ണി രതീഷിന്റെ തോളിൽ കയ്യിട്ടു..ഏട്ടാ വാവിട്ട വാക്കുണ്ടല്ലോ അത് തിരിച്ചെടുക്കാൻ പറ്റില്ല, ഇതിനു പരിഹാരമായി ഞാനൊന്ന് പറയും, സമ്മതിച്ചാൽ മതി.
എന്ത്…? രതീഷ് സംശയത്തോടെ ചോദിച്ചു..
ഞാനൊരു ക്ഷണകത്ത് തരാം, അത് നീ എല്ലാവർക്കും കൊടുത്താൽ മതി.
അത്രേയുള്ളോ അത് സിംപിൾ..
അവസാനം വാക്ക് മാറരുത്..
ഇല്ല, അമ്മയാണെ സത്യം..രതീഷ് ഉണ്ണിയുടെ കയ്യിൽ അടിച്ച് സത്യം ചെയ്തു..
രണ്ട് പേരും നടന്ന് അകത്തേക്ക് കയറി, ഉണ്ണി ടോക്കൺ വാങ്ങാൻ പോവാനൊരുങ്ങിയപ്പോൾ രതീഷ് തടഞ്ഞു..നീ ഇരിക്ക് ഞാൻ വാങ്ങിയിട്ട് വരാം..
ഉണ്ണിയൊന്നും മറുപടി പറഞ്ഞില്ല, രതീഷ് റിസെപ്ഷനിലേക്ക് നടന്നു, രതീഷിനെ കണ്ടപ്പോൾ രശ്മി തലയുയർത്തി നോക്കി.
ടോക്കൺ…
അവളൊന്ന് പരുങ്ങി..ഞാൻ ആലോചിച്ചിട്ടില്ല, കുറച്ച് സമയം കൂടി കഴിഞ്ഞിട്ട് ഞാൻ പതുക്കെ പറയാം.
രതീഷോന്ന് ചിരിച്ചു..അത് നീ സാവധാനം പറഞ്ഞാൽ മതി, ഇപ്പോൾ എനിക്ക് ഡോക്ടറെ കാണാനുള്ള ടോക്കൺ താ..
രശ്മി ടോക്കൺ കയ്യിൽ കൊടുത്തു, അവൻ തിരിച്ച് ഉണ്ണിയുടെ അരികിൽ വന്നിരുന്നു, ഉണ്ണിയെയൊന്ന് നോക്കി.നീ വേണമെങ്കിൽ ജോലിക്ക് പൊയ്ക്കോ, ഞാൻ കാണിച്ചോളാം..
ഇവിടെ നിന്ന് ഓടില്ലാന്ന് ഉറപ്പാണോ..
സത്യമായിട്ടും എങ്ങോട്ടും പോവില്ല, വേണമെങ്കിൽ നീ അവളെ ഇടയ്ക്ക് വിളിച്ചു നോക്കിക്കോ..
ശരി, ഏട്ടനെ വിശ്വസിക്കുന്നില്ല, പക്ഷെ അവളെ വിശ്വസിക്കുന്നു..
ഉണ്ണി എഴുന്നേറ്റ് രശ്മിയോട് പുറത്ത് പോയിട്ട് വരാമെന്ന് പറഞ്ഞിറങ്ങി, തിരിച്ച് വീട്ടിലെത്തിയപ്പോൾ അവൻ ബൈക്കെടുത്ത് ഗായത്രിയുടെ ഹോസ്പിറ്റലിലേക്ക് ചെന്നു, സ്റ്റെപ്പ്സ് കയറി നഴ്സിംഗ് സ്റ്റേഷനിലെത്തി, ഉണ്ണിയെ കണ്ടപ്പോൾ ഗായത്രി ചിരിച്ചു..
എന്റെ കുട്ടി ഇന്നും ജോലിക്ക് പോയില്ലേ..
പോവണം, അതിന് മുമ്പേ ഡോക്ടറെയൊന്ന് കാണാലോ വിചാരിച്ചു.ഉണ്ണി ഗായത്രിയുടെ അരികിലേക്ക് നീങ്ങി..എവിടെ ഡോക്ടറെവിടെ ഇന്ന് വല്ലതും ചോദിച്ചോ..
എന്നെ കുറെ നേരം നോക്കി ഞാനൊന്നും മിണ്ടാൻ പോയില്ല, താഴെയുണ്ടാവും നീ പോയി ചോദിച്ചു നോക്ക്…
ഉണ്ണി പോവാൻ നിന്നപ്പോഴാണ് പ്രിയ വന്നത്, അവളൊന്ന് ചിരിച്ചു..എങ്ങോട്ടാ വന്നയുടനെ പോവുന്നേ..
ഉണ്ണി അവളെയൊന്ന് അടിമുടി നോക്കിയിട്ട്..നമ്മുക്ക് ഒരാളെ മിരട്ടാൻ പോയാലോ..
പിന്നെന്താ പോവാലോ ടൂൾസ് വേണോ..പ്രിയ കയ്യിലിരുന്ന സിറിഞ്ച് ഉയർത്തികാണിച്ചു..
അത് തൽക്കാലം വേണ്ട, നീ കൂടെ വന്നാൽ മതി…
ഓ അപ്പോൾ എന്റെ ധൈര്യം മാത്രം മതി, ഓക്കേ കമോൺ ഫോള്ളോ മീ..
അവൾ മുന്നിൽ നടന്നു, ഉണ്ണി ഗായത്രിയോട് തലയാട്ടിയിട്ട് കൂടെ ചെന്നു, പോവുന്ന വഴിക്ക് പ്രിയക്ക് സംശയം..നമ്മളിപ്പോൾ ആരോടാ തല്ലുണ്ടാക്കാൻ പോവുന്നത്…
ആ ഡോക്ടറില്ലെ വിഷ്ണു അങ്ങേരോട്..
മൂപ്പരോടായിരുന്നോ അതൊക്കെ ചീള് കേസ്, അല്ല എന്താ എന്താ ശരിക്കും കേസ്..
ഡോക്ടർ ഇന്നലെ എടത്തിയമ്മയോട് ഐ ലവ് യു പറഞ്ഞു..
എന്ത് അന്യന്റെ ഭാര്യയെ ആഗ്രഹിച്ചോ എന്നാൽ കൊലപാതകം തന്നെ, ഒന്നും നോക്കണ്ട പെട്ടെന്ന് വാ..
താഴെയെത്തിയപ്പോൾ വിഷ്ണു നിൽക്കുന്നത് കണ്ടു, അങ്ങോട്ട് പോവാൻ നിന്നപ്പോഴാണ് അടുത്ത് ചീഫ് ഡോക്ടറെ കണ്ടത്, പ്രിയ മറവിലേക്ക് മാറി..അയ്യോ ഇങ്ങേര് ഇനിയും വീട്ടിൽ പോയില്ലേ..
നീയല്ലേ ധൈര്യത്തിൽ താഴേക്ക് വന്നത്, എന്നിട്ടെന്തിനാ ഒളിഞ്ഞു നിൽക്കുന്നത്..
എന്റെ ധൈര്യത്തിൽ കൊച്ചു ഡോക്ടറോട് വേണേൽ തല്ലുണ്ടാക്കാം, മെയിൻ ഡോക്ടറോട് മിണ്ടാൻ പറ്റില്ല, അങ്ങേർക്ക് ദേഷ്യം വന്നാൽ ഈ ഹോസ്പിറ്റൽ പിടിച്ചു കുലുക്കും.
എന്നാൽ വെയിറ്റ് ചെയ്യാം, ഡോക്ടർ പോയിട്ട് സംസാരിക്കാം..
അങ്ങനെയാണെകിൽ റെഡി..
കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്കിറങ്ങി, വിഷ്ണു ഒറ്റക്ക് നിൽക്കുന്നത് കണ്ടപ്പോൾ പ്രിയ ഉണ്ണിയെ തട്ടി..വാ പോവാം..
ഉണ്ണി അവളുടെ കൂടെ നടന്നു, വിഷ്ണു രണ്ട് പേരെയും ഒരുമിച്ചു കണ്ടപ്പോൾ ചിരിച്ചുകൊണ്ട്..
എന്താ രണ്ട് പേരും കൂടി ഹോസ്പിറ്റൽ ചുറ്റി കാണാണോ…
അതെ ഞങ്ങളിത് വാങ്ങിക്കാൻ പോവാ..
പ്രിയയുടെ മറുപടി കേട്ടപ്പോൾ വിഷ്ണു അവളെ നോക്കി..ജോലിയെ ചെയ്യരുത് ട്ടോ..
ഓ പറയുന്നയാള് ഡീസന്റ് ആണല്ലോ, എന്ത് ധൈര്യത്തിലാ ഞങ്ങളുടെ കൊച്ചിനോട് ഐ ലവ് യൂ പറഞ്ഞേ..
പെട്ടെന്ന് പ്രിയയത് പറഞ്ഞപ്പോൾ വിഷ്ണു വല്ലാതെയായി, മുഖഭാവം മാറുന്നത് കണ്ടപ്പോൾ ഉണ്ണി അടുത്തേക്ക് ചെന്നു..ഡോക്ടറ് പേടിക്കണ്ട, ഞങ്ങള് പ്രശ്നമുണ്ടാക്കാൻ വന്നതൊന്നുമല്ല, ഇത് മനസ്സിൽ നിന്ന് ചോദിച്ചതാണോ അതോ ആളില്ലാത്ത പോസ്റ്റാണെന്ന് കണ്ടപ്പോൾ ഗോളടിക്കാൻ നോക്കുന്നതാണോന്നറിയാൻ വേണ്ടി വന്നതാ..
വിഷ്ണു ഉണ്ണിയെ നോക്കി..എനിക്കും പെങ്ങളുണ്ട് അവളെ എനിക്ക് വളരെ ഇഷ്ടമാണ്, അങ്ങനെയുള്ളപ്പോൾ ഉണ്ണിയുടെ പെങ്ങളോട് മോശമായി ചോദിക്കാനുള്ള മനസ്സ് വരോ, എനിക്ക് എല്ലാ കാര്യങ്ങളും നന്നായിട്ടറിയാം, നല്ലോം ഇഷ്ടമായത് കൊണ്ടാ തുറന്ന് പറഞ്ഞത്, അല്ലാതെ അതിന് വേറെ അർത്ഥമൊന്നുമില്ല..
ഉണ്ണി വിഷ്ണുവിന്റെ തോളിൽ തൊട്ടു..ഇത് കുറച്ച് ദിവസം മുമ്പേ പറഞ്ഞിരുന്നെങ്കിൽ തല്ലായേനെ, ഇപ്പോൾ എനിക്ക് യാതൊരു ടെൻഷനുമില്ല, എന്റെ എടത്തിയമ്മ പെർഫെക്റ്റാണ്, ഞാൻ സംശയം തോന്നിയപ്പോൾ ചോദിച്ചെന്നേയുള്ളൂ, എന്തുണ്ടെങ്കിലും ഇനി എടത്തിയമ്മയോട് പറഞ്ഞാൽ മതി, അവിടെ നിന്ന് ഉത്തരം കിട്ടിക്കോളും..
ഉണ്ണിയും പ്രിയയും ചിരിച്ചിട്ട് മുകളിലേക്ക് കയറിനൊരുങ്ങിയപ്പോൾ ഗായത്രി വെപ്രാളത്തിൽ താഴേക്ക് ഓടിയിറങ്ങുകയായിരുന്നു, ഉണ്ണിയെ കണ്ടപ്പോൾ നിന്നു..
എടത്തിയമ്മ ടെൻഷനാവണ്ട, ആളെ പുറമെ കാണുന്നത് പോലെ തന്നെ സൂപ്പറാണ് മനസ്സും, അപ്പോൾ എന്താണെങ്കിലും പറഞ്ഞിട്ട് വരൂ, ഞങ്ങള് മുകളിലുണ്ടാവും..
ഗായത്രിയൊന്ന് ചിരിച്ചിട്ട് താഴേക്കിറങ്ങി, വിഷ്ണു അവൾ വരുന്നതും നോക്കി നിന്നു..എന്നെ പേടിയുണ്ടല്ലേ, അനിയനോട് ചോദിക്കാൻ വിട്ടിരിക്കുന്നു..
ആർക്ക് പേടി, അവനൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു അത്രേയുള്ളൂ, പിന്നെ നിങ്ങളോട് ഇഷ്ടമാണെന്ന് പറയാൻ എനിക്ക് നൂറാളുടെ സഹായം വേണല്ലോ..അബദ്ധത്തിൽ പറഞ്ഞു പോയപ്പോൾ ഗായത്രി വാ പൊത്തി..
വിഷ്ണു ചിരിക്കാൻ തുടങ്ങി..ഞാൻ കേട്ടില്ല ഒന്ന് കൂടി പറയോ..
ഗായത്രി പതുക്കെ കയ്യെടുത്തു..ചെവി കേട്ടൂടെ…എനിക്ക് ഇഷ്ടമായെന്ന്..
തുടരും