പ്രിയ സുഹൃത്തേ… നിങ്ങൾ എന്നെ വിശ്വസ്സിക്കുന്നില്ലായെന്ന് ഞാൻ മനസിലാക്കിയിരിക്കുന്നു. ജീവിതത്തിൽ ഇന്നേവരെ ആരെയും ചതിക്കാത്ത എന്നെ സംശയിച്ചതിൽ നിങ്ങൾ മാപ്പ് അർഹിക്കുന്നില്ല……

_lowlight _upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

കഴിഞ്ഞ ശനിയാഴ്ച്ച ടൗൺ വരെ സൈക്കിളിൽ പോയതായിരുന്നു. വരുന്ന വഴിയിൽ പെടലു പൊട്ടിപ്പോയി. ചെയിനും കുടുങ്ങി. വഴിയരികിൽ നിന്ന് കോലെടുത്ത് ചെയിൻ വലിച്ചെടുക്കുമ്പോഴേക്കും ഞാൻ ക്ഷീണിച്ചിരുന്നു.

ബസ്സില് പോയാൽ മതിയെന്ന് ഇറങ്ങാൻ നേരം ഭാര്യ പറഞ്ഞതായിരുന്നു. അഞ്ചുറുപ്പ്യ ലഭിക്കാലോയെന്ന് കരുതിയാണ് മടമ്പു വേദനയുണ്ടായിട്ടും ഇതിന്റെ പുറത്തിരുന്ന് ചവിട്ടിയത്. വേദനയുള്ള ഇടതു ഭാഗത്തെ പെടലു തന്നെയാണ് തൂങ്ങിയാടുന്നത്. ചെയിൻ ശരിയാക്കിയാലും പുതിയ പെടൽ ഘടിപ്പിക്കാതെ ചവിട്ടാൻ പറ്റില്ല. ഒന്നുകിൽ ടൗണിലേക്ക് തന്നെ ഉരുട്ടണം. നാട്ടിലേക്ക് തള്ളാമെന്ന് വെച്ചാൽ ദൂരം കൂടുതലാണ്. ഞാൻ അടുത്തു കണ്ടയൊരു തണലു നോക്കിയിരുന്നു.

‘ചേട്ടാ… ഇവിടെയെങ്ങാനും സൈക്കിളിന്റെ കടയുണ്ടോ…?’

ചോദിച്ചത് ഒരു ചെറുപ്പക്കാരനാണ്. ഞാൻ അവനെ അടിമുടി നോക്കി. ടൗണിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ നന്ദിയും പറഞ്ഞു. അപ്പോഴാണ് എനിക്കൊരു ബുദ്ധി തോന്നിയത്. നടന്നു തുടങ്ങിയ അവനെ ഞാൻ വിളിച്ചു.

‘എന്തിനാ സൈക്കിൾ കട…?’

റിമ്മോടു കൂടി ടയറു വാങ്ങാനാണെന്നായിരുന്നു ആ ചെറുപ്പക്കാരൻ പറഞ്ഞത്. എങ്കിൽ ഈ സൈക്കിൾ കൂടി കൊണ്ടുമോയെന്ന് ഞാൻ അവനോടു ചോദിച്ചു. അൽപ്പ നേരത്തെ ആലോചനയ്ക്കു ശേഷമാണ് അവൻ സമ്മതിച്ചത്.

‘ഉരുട്ടാനൊക്കെ പറ്റും. ചെയിനൊന്ന് അഡ്ജസ്റ്റ് ചെയ്യണം… വരുമ്പോ സൈക്കിളിൽ വരാലോ…’

ഞാൻ ചേർത്തു. പണമൊന്നും ഇപ്പോൾ വേണ്ടായെന്നും ബില്ല് കൊണ്ടുവരാമെന്നും ആ ചെറുപ്പക്കാരൻ തന്നെയാണ് പറഞ്ഞത്. സൈക്കിൾ കൊണ്ടു പോകാനായി സ്റ്റാന്റ് തട്ടിയെടുക്കുമ്പോഴാണ് ഇവനിത് തിരിച്ചു കൊണ്ടു വരാതിരിക്കുമോയെന്ന് ഞാൻ സംശയിക്കുന്നത്. അതുകൊണ്ട് മാത്രം ഞാൻ അവനോട് എന്താണ് പേരെന്നും വല്ല ഐഡി കാർഡും കൈയ്യിൽ ഉണ്ടോയെന്നും ചോദിച്ചു.

‘എന്റെ പേര് ഗോപനെന്നാണ്. എന്തിനാണ് ഐഡി കാർഡൊക്കെ….?’

നിങ്ങൾ വരുന്നതു വരെയൊരു ഉറപ്പിനു വേണ്ടിയാണെന്ന് എന്തു കൊണ്ടോ എനിക്ക് പറയാൻ സാധിച്ചില്ല. വിശ്വാസമില്ലായ്മയാണ് കാരണമെന്ന് ഗോപന് മനസ്സിലായി. അല്ലെങ്കിൽ, നിങ്ങളുടെ സൈക്കിളു കൊണ്ട് ജീവിക്കേണ്ട ഗതികേടൊന്നും തനിക്കില്ലെന്ന് അയാൾ പറയില്ലായിരുന്നുവല്ലോ…

അപരിചിതരെ വിശ്വസിക്കുന്നതിലുള്ള അപകടം മനസിലാക്കിയിട്ട് തന്നെയാണ് മറ്റൊന്നും പറയാതെ ഗോപനെ പോകാൻ ഞാൻ അനുവദിച്ചത്. പൊതുവേ എനിക്ക് ആരെയും വിശ്വാസമില്ല. എത്ര മനോഹരമായ വേഷത്തിൽ വന്നാലും അകത്ത് അഴുക്കാണെന്നേ ഞാൻ കരുതാറുള്ളൂ. അതുകൊണ്ടൊക്കെ ആയിരിക്കണം അയാളോട് ഐഡി കാർഡൊക്കെ ചോദിക്കാൻ തോന്നിയത്. ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് അയാൾ വരുമായിരിക്കും.

എന്നെ അല്ലാതെ ഈ ലോകത്ത് മറ്റ് ആരെയും എനിക്ക് വിശ്വസിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. സ്വന്തം കാര്യത്തിൽ ജീവിക്കുന്നതു കൊണ്ടു മാത്രമാണ് ആർക്കും എന്നെ ഇതുവരെയായും കബളിപ്പിക്കാൻ സാധിക്കാത്തതെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.

തനിക്ക് മെച്ചമാണെന്ന് തോന്നുന്ന തക്കത്തിലേക്ക് ആരെ ചതിച്ചിട്ടായാലും ചാടുന്ന തലയാണ് മനുഷ്യർക്കുള്ളത്. അങ്ങനെ യൊക്കെ ഓർത്തുകൊണ്ടാണ് ഗോപൻ കാണുമ്പോൾ ഉണ്ടായിരുന്ന അതേ മരത്തണലിൽ അയാൾക്കായി ഞാൻ കാത്തിരുന്നതും. ശരീരരത്തിന്റെ തളർച്ച നോക്കാതെ ഞാൻ തന്നെ പോയാൽ മതിയായിരുന്നു…

രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ഗോപൻ എത്തിയില്ല. ചെയ്തത് മണ്ടത്തരമായി പോയല്ലോയെന്ന് കരുതുമ്പോഴാണ് സ്കൂട്ടറിൽ ഒരാൾ വരുന്നത്. കണ്ടാൽ എന്റെ പ്രായമുള്ള മനുഷ്യൻ. അയാളുടെ കൈയ്യിൽ എനിക്കു തരാൻ ഒരു കടലാസ്സ് ഉണ്ടായിരുന്നു. കൈപ്പറ്റിയ ഉടൻ അയാൾ പോകുകയും ചെയ്തു. ധൃതിയിൽ ഞാനത് തുറന്നു വായിക്കുക യായിരുന്നു…

‘പ്രിയ സുഹൃത്തേ… നിങ്ങൾ എന്നെ വിശ്വസ്സിക്കുന്നില്ലായെന്ന് ഞാൻ മനസിലാക്കിയിരിക്കുന്നു. ജീവിതത്തിൽ ഇന്നേവരെ ആരെയും ചതിക്കാത്ത എന്നെ സംശയിച്ചതിൽ നിങ്ങൾ മാപ്പ് അർഹിക്കുന്നില്ല. ഞാൻ തിരിച്ചു വരില്ല. നിങ്ങളുടെ സൈക്കിളിനെ മറന്നേക്കൂ…

എന്ന് ഗോപൻ…’

അതു വായിച്ച ശേഷം ആ കടലാസും പിടിച്ച് ഞാൻ അവിടെ തന്നെയിരുന്നു. ലോകത്തിനെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകൾ തന്നെയായിരുന്നു ശരി. വിശ്വസിക്കാൻ പറ്റാത്ത ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്. അതിൽ ഞാനും പെടുമോയെന്ന് മാത്രമായിരുന്നു എനിക്ക് ആ നേരം ചിന്തിക്കാൻ തോന്നിയത്. ഗോപൻ കുറിച്ചതു പോലെ സംശയബുദ്ധിയോടെയുള്ള എന്റെ പെരുമാറ്റം കൊണ്ടാണൊ ഞാൻ കബളിപ്പിക്കപ്പെട്ടത്! ഈ ലോകത്ത് ആരെയും വിശ്വസിക്കാതിരുന്നാലും കുഴപ്പമാണോയെന്ന് പോലും ആ വേളയിൽ ഞാൻ ആലോചിച്ചു പോയി…

‘ക്ണിം ക്ണിം…’

മണ്ടനായതിന്റെ കുനിഞ്ഞ തലയുമായി ഇരിക്കുന്ന എന്റെ കാതുകളിൽ ആ സൈക്കിൾ മണിയുടെ ശബ്ദം പതിഞ്ഞു. തലയുയർത്തി നോക്കിയപ്പോൾ ഗോപനായിരുന്നു.

‘ഞാൻ നിങ്ങളെ പറ്റിച്ചുവെന്ന് തോന്നിയത് സത്യമാണ്. അത് സൈക്കിൾ മോഷ്ടിച്ചിട്ടല്ല. ഈ കത്ത് തന്നിട്ടാണ്…’

ഒരു ചിരിയോടെ ഗോപനതു പറഞ്ഞപ്പോൾ കണ്ണുകളിൽ ഒരു നിറവ് എനിക്ക് അനുഭവപ്പെട്ടു. വരില്ലെന്ന് ഉറപ്പിച്ചവൻ സൈക്കിളുമായി മുന്നിൽ നിൽക്കുന്നു. മുന്നൂറ്റിയമ്പതു രൂപയായെന്നും പറഞ്ഞ് ബില്ലും തന്നു. എന്തുകൊണ്ടാണ് നിങ്ങൾ കടന്നു കളയാതിരുന്നതെന്ന് മാത്രമേ എനിക്ക് ആ നിമിഷം ചോദിക്കാനുണ്ടായിരുന്നുള്ളൂ…

‘നിങ്ങള് ഈ ലോകത്തെ വെറുത്തു പോകുമെന്ന് തോന്നിയതു കൊണ്ട്…’

ശരിയായിരുന്നു. ഗോപൻ വന്നില്ലെങ്കിൽ ഞാൻ ഈ ലോകത്തിനെ തന്നെ വെറുത്തു പോകുമായിരുന്നു. സഹായിക്കണമെന്ന് പറഞ്ഞ് സമീപിക്കുന്നവരെ സംശയിക്കുന്നത് അത്രയ്ക്ക് നല്ല കാര്യമല്ലെന്ന് എനിക്കു തോന്നി. മനുഷ്യർക്ക്‌ മനുഷ്യരെ വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെയെന്ത് പുരോഗതിയാണ് നൂറ്റാണ്ടുകളോളമായി നമ്മളൊക്കെ ആർജ്ജിച്ചുവെന്ന് പറയുന്നത്.

സത്യമുള്ളയൊരു മനുഷ്യനെ സംശയിച്ച് കള്ളമാക്കാൻ നോക്കിയ എന്റെ തലയെ കുറ്റപ്പെടുത്തി തന്നെയാണ് ഗോപനോട് ഞാൻ നന്ദി പറഞ്ഞത്.

‘പെടലും മാറ്റിയിട്ടുണ്ട്. ചെയിനും ശരിയാക്കിയിട്ടുണ്ട്. കാറ്റുമടിച്ചു…’

പണം നോക്കിയപ്പോഴാണ് മുന്നൂറ്റിയമ്പത് രൂപ എന്റെ കൈയ്യിൽ ഇല്ലായെന്നത് ഞാൻ അറിയുന്നത്. മോളുടെ കുഞ്ഞിനായി വെള്ളിയുടെയൊരു അരഞ്ഞാണം വാങ്ങിയത് ഞാൻ മറന്നുപോയി. അതിന്റെ മുഴുവൻ പണവും മോളു തന്നെയാണ് തന്നത്.

‘എഴുപത്തിയഞ്ച് രൂപയേ പക്കലുള്ളൂ…’

പോക്കറ്റിൽ കിടക്കുന്ന വെള്ളി അരഞ്ഞാണത്തിന്റെ കൂടിൽ തൊട്ടു കൊണ്ടാണ് ഞാനത് പറഞ്ഞത്. അതു കേട്ടപ്പോൾ സാരമില്ലെന്നായിരുന്നു ഗോപന്റെ മറുപടി. ചേട്ടൻ അയച്ചു തന്നാൽ മതിയെന്നും അവൻ ചേർത്തൂ…

‘മണിയോഡറായി അയക്കാം…’

തന്റെ വിവരങ്ങളെല്ലാം ഗോപനൊരു കടലാസ്സിൽ കുറിച്ചു തന്നു. അവൻ പോയതിനു ശേഷവും കുറച്ചു നേരം അവിടെ തന്നെ ഞാൻ ഇരുന്നിരുന്നു. ഗോപനെന്ന മനുഷ്യനെ ഞാൻ അവിശ്വസിക്കാൻ പാടില്ലായിരുന്നു. അത്തരം ആൾക്കാർ ഈ ഭൂമിയിലുണ്ടെന്ന് പറയുമ്പോഴും വിശ്വസിക്കാൻ പറ്റാത്തവർ തന്നെയാണ് കൂടുതലും.

ആ മരത്തണൽ വിട്ടു പോകുമ്പോൾ മണിയോഡർ അയക്കാനായി ഗോപൻ കുറിച്ചു തന്ന കടലാസ് ഞാൻ അവിടെ മനപ്പൂർവ്വം ഉപേക്ഷിച്ചിരുന്നു. മുന്നൂറ്റിയമ്പതു രൂപ ലാഭമായല്ലോയെന്ന ചിന്തയിൽ തന്നെയാണ് സൈക്കിളിന്റെ പുതിയ പെടലിൽ ഞാൻ ചവിട്ടുന്നത്. അല്ലെങ്കിലും, ഗോപനാകുകയെന്നത് വളരേ പാടുപെട്ടയൊരു മാനസിക ശ്രമമാണ്. തനിക്ക് മെച്ചമാണെന്ന് തോന്നുന്ന തക്കത്തിലേക്ക് ആരെ ചതിച്ചിട്ടായാലും ചാടുന്നതു തന്നെയാണ് കൂടുതൽ എളുപ്പമെന്നേ ആ നേരം എനിക്ക് തോന്നിയുള്ളൂ…!!!

Leave a Reply

Your email address will not be published. Required fields are marked *