പ്രൈവറ്റ് ബസ്സിൽ തൂങ്ങിപ്പിടിച്ച് പുറത്തേയ്ക്ക് നോക്കി നില്ക്കുമ്പോൾ, ആ ആഡംബര റസ്റ്റോറൻ്റിലേക്ക് കൊതിയോടെ പല പ്രാവശ്യം നോക്കിയിട്ടുണ്ട് പക്ഷേ, ഒരിക്കൽ പോലും അവിടെ കേറേണ്ടി വരുമെന്ന്, അവൾ ചിന്തിച്ചിട്ട് പോലുമില്ല.

ഒന്നാം തീയതി

Story written by Saji Thaiparambu

“ഇന്ന് ഗീതുവിന് ആദ്യശബ്ബളം കിട്ടുന്ന ദിവസമല്ലേ? അപ്പോൾ നമുക്കിന്ന് ഗീതുവിൻ്റെ വകയാണ് ചിലവ് ,ആർക്കൊക്കെ എന്തൊക്കെ വേണമെന്ന് ഇപ്പോൾ പറഞ്ഞോ?

ഓഫീസിലെ ,തൻ്റെ സീനിയറായ വീണേച്ചി, എല്ലാവരോടുമായി ഉറക്കെ വിളിച്ച് പറയുന്നത് കേട്ട്, ഗീതു, അമ്പരന്നു.

വീട്ടിലെ പ്രാരാബ്ദങ്ങൾക്ക് ചെറിയൊരാശ്വാസമായാണ്, ഈ ജോലി കിട്ടുന്നത് ,ശബ്ബളം കിട്ടുമ്പോൾ, എല്ലാവർക്കും ലഡു വാങ്ങി കൊടുക്കണമെന്ന് മനസ്സിലുണ്ടായിരുന്നു ,അതാകുമ്പോൾ നൂറ് രൂപയുടെ ചിലവല്ലേ ഉണ്ടാവൂ, തൻ്റെ കുടുംബത്തിൻ്റെ പരാധീനതകൾ വച്ച് നോക്കുമ്പോൾ, അത് തന്നെ തനിക്കൊരു വലിയ തുകയാണ്, ദൈവമേ.. ആരും വലിയ ഡിമാൻ്റൊന്നും വയ്ക്കല്ലേ, എന്നായിരുന്നു അപ്പോൾ ഗീതുവിൻ്റെ മനസ്സിലെ പ്രാർത്ഥന.

“എനിക്ക് ചിക്കൻ ബിരിയാണി മതി”

ശാന്തേച്ചി പറഞ്ഞു.

“ഏയ് അത് ശരിയാവില്ല, ഇപ്പോൾ പക്ഷിപ്പനിയാണ് ,MG റോഡിലെ ഫുഡ് കോർട്ടിൽ നല്ല മട്ടൻ ബിരിയാണിയുണ്ട് ,നമുക്കൊന്നിച്ച് അവിടെ പോയാലോ? എല്ലാർക്കും അത് പോരെ”

വീണേച്ചി അത് പറഞ്ഞപ്പോൾ, ഗീതു അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

പ്രൈവറ്റ് ബസ്സിൽ തൂങ്ങിപ്പിടിച്ച് പുറത്തേയ്ക്ക് നോക്കി നില്ക്കുമ്പോൾ, ആ ആഡംബര റസ്റ്റോറൻ്റിലേക്ക് കൊതിയോടെ പല പ്രാവശ്യം നോക്കിയിട്ടുണ്ട്.

പക്ഷേ, ഒരിക്കൽ പോലും അവിടെ കേറേണ്ടി വരുമെന്ന്, അവൾ ചിന്തിച്ചിട്ട് പോലുമില്ല.

“എന്താ… ഗീതു, ഒന്നും മിണ്ടാത്തത്, വേറെ ഓപ്ഷൻ വല്ലതുമുണ്ടോ? ബാർ അറ്റാച്ച്ഡ് റസ്റ്റോറൻ്റുകളുമുണ്ട്, എവിടാണേലും ഞങ്ങൾ റെഡിയാണ്”

സുരേന്ദ്രൻസാർ കുടവയറ് കുലുക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഒന്നുമില്ല സാർ, വീണേച്ചി പറഞ്ഞ കടയിൽ തന്നെ പോകാം, മട്ടൻ ബിരിയാണിയാകുമ്പോൾ, എല്ലാവർക്കും ഇഷ്ടമാകുമല്ലോ?

സുരേന്ദ്രൻ സാറിൻ്റെ അഭിപ്രായം മാനിച്ചാൽ, തൻ്റെ ശബ്ബളം ഒരു പക്ഷേ തികയാതെ വരുമെന്ന് പേടിച്ച് ,ഗീതു ചാടിക്കയറി ഉറപ്പിച്ചു.

എല്ലാവരുമത് കൈയ്യടിച്ച് പാസ്സാക്കിയപ്പോൾ, ഗീതുവിൻ്റെ നെഞ്ചിൽ തീയായിരുന്നു.

തൻ്റെ എല്ലാ കാര്യങ്ങളും വീണേച്ചിയോട് പറഞ്ഞിട്ടുള്ളതാണ്,തൻ്റെ വീട്ടിലെ ബുദ്ധിമുട്ടുകൾ വീണേച്ചിക്ക് അറിയാവുന്നതുമാണ്, എന്നിട്ടും അവർ തന്നോട് കാണിച്ചത്, കൊടിയ ദ്രോഹമായിപ്പോയെന്ന് അരിശത്തോടെ ഗീതു ചിന്തിച്ചു.

അവർക്കെന്താ കുഴപ്പം, തന്നെപ്പോലെ ഇല്ലായ്മയിൽ ജീവിക്കുന്നവരുടെ ബുദ്ധിമുട്ടൊന്നും അവർക്കറിയേണ്ടല്ലോ? സർവ്വീസ് കൂടുതലുള്ളത് കൊണ്ട്, ഇഷ്ടം പോലെ ശബ്ബളമുണ്ട് ,ഭർത്താവ് ബിസിനസ്സ് കാരനായത് കൊണ്ട്, കിട്ടുന്ന ശബ്ബളം മിച്ചമാണെന്ന് ഒരിക്കൽ ശാന്തേച്ചി ,തന്നോട് പറഞ്ഞത് ഗീതു ഓർത്തെടുത്തു.

ഗീതു, എതിർ വശത്ത്, കമ്പൂട്ടറിൽ കണ്ണ് നട്ടിരിക്കുന്ന, വീണയെ പകയോടെ നോക്കി.

സമയം പോകുംതോറും ,ഗീതുവിൻ്റെ നെഞ്ചിടിപ്പ് കൂടി ക്കൊണ്ടിരുന്നു.

രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ പറഞ്ഞ ഒരു നീണ്ട ലിസ്റ്റ്, അവളുടെ മനസ്സിലേക്ക് കയറി വന്നു.

“മോളേ … ഇന്ന് നീ ശബ്ബളം കൊണ്ട് വന്നിട്ട് വേണം, മുടങ്ങിക്കിടക്കുന്ന രണ്ട് മാസത്തെയെങ്കിലും വീട്ട് വാടക കൊടുക്കേണ്ടത് ,പിന്നെ ഗോപാലൻ്റെ കടയിലെ പറ്റ് കാശ് നാലായിരം കടന്നു ,ഒന്നാം തീയതി തന്നെ പറ്റ് തീർക്കണം കെട്ടോ ചേച്ചീ …,എന്ന് കഴിഞ്ഞ ദിവസം ചെന്നപ്പോഴും ഗോപാലൻ ഓർമ്മിപ്പിച്ചു ,നിനക്ക് ജോലി കിട്ടിയെന്ന് അറിഞ്ഞപ്പോഴാ, അയാള് മടി കൂടാതെ സാധനം തരാൻ തുടങ്ങിയത്”

“എനിക്കറിയാം അമ്മേ കിട്ടുന്ന ശബ്ബളം അത് പോലെ തന്നെ ഞാൻ അമ്മയുടെ കൈയ്യിൽ കൊണ്ട് തരും, എന്താന്ന് വച്ചാൽ അമ്മ തന്നെ കൈകാര്യം ചെയ്തോ”

“അതെങ്ങനെ ശരിയാവും, അച്ഛനുമില്ലേ മോളേ ചിലവുകൾ, നീ അതീന്ന് ഒരു ആയിരമെങ്കിലും അച്ഛന് തന്നിട്ട് ,ബാക്കിയേ അമ്മയ്ക്ക് കൊടുക്കാവു ,അല്ലെങ്കിൽ ഇവളെനിക്ക് പത്ത് പൈസ തരില്ല”.

അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ട് അച്ഛൻ ഇടയ്ക്ക് കയറി പറഞ്ഞു.

അച്ഛൻ്റെ ചോദ്യം ന്യായമാണ് ,തെങ്ങ് കയറ്റമായിരുന്നു അച്ഛൻ്റെ ജോലി, ഒരിക്കൽ തെങ്ങിൽ നിന്ന് വീണ് പരിക്ക് പറ്റിയതിനാൽ, പിന്നീട് ജോലിക്ക് പോകാൻ പറ്റാതെയായി.

അനുജത്തിയും അനുജനും എന്താണോ ,അവരുടെ ആവശ്യങ്ങളൊന്നും പറയാതിരുന്നതെന്നാലോചിച്ച് നില്ക്കുമ്പോൾ, ദേ വരുന്നു അടുത്ത ചോദ്യം.

“ചേച്ചീ.. എൻ്റെ ചുരിദാറ് ഓർമ്മയുണ്ടല്ലോ?

അനുജത്തിയുടെ വക.

“ചേച്ചീ.. എനിക്ക് ക്രിക്കറ്റ് ബാറ്റ്?

അപ്പോൾ എല്ലാം പൂർത്തിയായി .

എങ്കിലും, തനിക്ക് അതിലൊന്നും പരിഭവമില്ലായിരുന്നു ,കാരണം ഇപ്പോൾ കുടുംബത്തിലെ ഏക വരുമാന മാർഗ്ഗം താനാണല്ലോ? തന്നോടല്ലാതെ അവർ പിന്നെ ആരോട് പോയി ചോദിക്കാനാണ്.

സമയം കടന്ന് പോയിക്കൊണ്ടിരുന്നു.

കൃത്യം ഒരു മണിയായപ്പോൾ എല്ലാവരും റെഡിയായി.

“ഞാനെൻ്റെ കാറെടുക്കാം ,അനീഷിൻ്റെ ഇന്നോവ കൂടെ എടുത്താൽ എല്ലാവർക്കും കൂടി രണ്ട് കാറിൽ പോകാമല്ലോ അല്ലേ?

വീണേച്ചി എഴുന്നേറ്റ് നിന്ന് ചോദിച്ചു.

“ഓകെ ഡൺ”

അനീഷ് സാർ സമ്മതം പറഞ്ഞു.

അങ്ങനെ രണ്ട് കാറുകളിലായി എല്ലാവരും കൂടി ഫുഡ് കോർട്ടിലെത്തി,

മറ്റുള്ളവർ അകത്തേയ്ക്ക് കയറിയപ്പോൾ ,അതിനടുത്തATM കൗണ്ടറിൽ നിന്നും ,ശബ്ബളം മുഴുവനുമെടുത്ത് കൊണ്ട്, ഗീതു അവരെ അനുഗമിച്ചു.

ശീതികരിച്ച ക്യാബിനകത്തിരിക്കുമ്പോഴും, ചിലവാകാൻ പോകുന്ന ആയിരങ്ങളെയോർത്ത് ഗീതുവിൻ്റെയുള്ള് നീറിക്കൊണ്ടിരുന്നു.

ഈശ്വരാ … വൈകുന്നേരം താനമ്മയുടെ കൈയ്യിൽ എന്ത് കൊണ്ട് കൊടുക്കും ,അച്ഛനോടും അനുജനോടും, അനുജത്തിയോടും എന്ത് സമാധാനം പറയും

തല പെരുത്തിട്ട് ഗീതുവിന് മുന്നിലിരിക്കുന്ന മട്ടൺ ബിരിയാണി കണ്ടപ്പോൾ വിശപ്പ് കെട്ടു.

“നീയെന്താ കഴിക്കുന്നില്ലേ ?

അടുത്തിരുന്ന ശാന്തേച്ചി ചോദിച്ചു, അവരെ ബോധിപ്പിക്കാനായി എന്തോ കഴിച്ചെന്ന് വരുത്തി.

ആദ്യമായിട്ടാണ് കഴിക്കുന്നതെങ്കിലും, മട്ടൺ ബിരിയാണിക്ക് ഒട്ടും രുചിയില്ലെന്ന് അവൾക്ക് തോന്നി.

ഒടുവിൽ വെയ്റ്റർ ബില്ല് കൊണ്ട് വന്നപ്പോൾ, അനീഷ് സർ തൻ്റെ നേരെ വിരൽചൂണ്ടി.

പോത്തിൻ്റെ മുകളിലിരുന്ന്, കാലൻ വരുന്നത് പോലെയാണ്, വെയ്റ്ററെ കണ്ടപ്പോൾ, ഗീതുവിന് തോന്നിയത്.

വിറയ്ക്കുന്ന കൈകളോടെ ,ഗീതു കൈ നീട്ടി, അയാളുടെ കൈയ്യിൽ നിന്നും ബിൽ ബുക്ക് വാങ്ങി ,ഉത്ക്കണ്ഠയോടെ തുറന് നോക്കിയപ്പോൾ ,കണ്ടത്, താങ്ക്സ് എന്നെഴുതിയ ,വെളുത്ത കുറച്ച് കർച്ചീഫുകൾ മാത്രമായിരുന്നു.

“ഇതിൽ ബില്ലില്ലല്ലോ?

“അത് അഡ്വാൻസ് പേയ്മെൻ്റ് ചെയ്തു മേഡം, ഈ താങ്ക്സ് കെർച്ചീഫ് കൊടുക്കുന്നത്, ഞങ്ങളുടെ ഒരു രീതിയാണ്”

അതും പറഞ്ഞ് അയാൾ തിരിഞ്ഞ് നടന്നപ്പോൾ ,ഗീതു പകച്ച് നിന്നു.

“അത് ഞാൻ പേ ചെയ്തു ഗീതു ,നീ എന്നെക്കുറിച്ച് എന്താ കരുതിയെ, എല്ലാമറിഞ്ഞ് കൊണ്ട് നിന്നെ ഞാൻ ദ്രോഹിക്കുമെന്നോ ,പക്ഷേ അവരാരും ഇതറിഞ്ഞിട്ടില്ല കെട്ടോ, ആരോടും പറയേണ്ട ,പറഞ്ഞാൽ ചിലപ്പോൾ ,അവർ ഇനിയും നിന്നെ ബുദ്ധിമുട്ടിക്കും, നിൻ്റെ പ്രാരാബ്ദങ്ങളൊന്നും അവർക്കറിയില്ലല്ലോ”

ചേച്ചി പറഞ്ഞത് അവൾക്ക് വിശ്വസിക്കാനായില്ല, കുറച്ച് മുമ്പ് വരെ തൻ്റെ ശത്രുസ്ഥാനത്തായിരുന്ന വീണേച്ചി, എത്ര പെട്ടെന്നാണ് തൻ്റെ ഹൃദയം കീഴടക്കിയതെന്ന് ഗീതു ഓർത്തു.

അടുത്ത് ചെന്ന് വീണേച്ചിയുടെ ചെവിയിൽ, സ്നേഹത്തോടെ താങ്ക്സ് പറഞ്ഞപ്പോൾ, ഗീതുവിനെ അവർ ചേർത്ത് പിടിച്ചു.

NB :-ചിലരങ്ങനെയാണ് നമ്മുടെ പ്രതീക്ഷകൾക്കപ്പുറം നമ്മളെയവർ സ്നേഹിക്കും .

Related Posts

Leave a Reply

Your email address will not be published. Required fields are marked *