എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
” ഇന്നലെ നിങ്ങൾ ഏതവളുടെ കൂടെ നിന്നാ ഫോട്ടം പിടിച്ചത്”,
വാലന്റൈൻഡേയുടെ പിറ്റേന്ന് വെളുപ്പിന് രഷ്മികമന്ദാനയ്ക്ക് റോസാപ്പൂ കൊടുക്കുന്ന സ്വപ്നവും കണ്ട് കിടപ്പറയിൽ കരിമ്പടക്കീഴിൽ സുഖസുഷുപ്തിയിലായിരുന്ന ഞാൻ തലയിൽ വീണ വെള്ളം തുടച്ചു കൊണ്ട് നോക്കുമ്പോൾ കാണുന്നത് കയ്യിൽ പകുതി കാലിയായ കുടവുമായി കലിതുള്ളി നിൽക്കുന്ന പ്രിയതമയെയാണ്
എന്താണാവോ രാവിലെ കുത്തും ചവിട്ടും എന്ന ഭീതിയോടെ നനഞ്ഞ പുതപ്പ് വലിച്ചെറിഞ്ഞു ഉറക്കത്തിലെപ്പോഴോ ശരീരത്തിൽ നിന്നടർന്നു പോയ കൈലിമുണ്ട് തപ്പിപ്പിടിച്ചുടുത്ത് ഞാൻ ചാടി എഴുന്നേറ്റു.
“എന്താ വസു കാര്യം?”
“കാര്യം ഞാൻ പറയണമല്ലേ.ഇന്നലെ വാലന്റൈൻസ് ഡേ ആയിട്ട് പുറത്ത് പോയപ്പോഴേ ഞാൻ പറഞ്ഞതാ കണ്ട പെണ്ണുങ്ങളുടെ കൂടെ നിന്ന് ഫോട്ടം പിടിക്കാൻ പോകരുതെന്ന്. എന്നിട്ട് ഏതോ ഒരു സുന്ദരിക്കോതയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തതും പോരാ അതെടുത്തു ഫേസൂക്കിൽ ഇട്ടേക്കണു !”
വസു കത്തികയറുകയാണ്.
ഞാൻ ഇന്നലത്തെ മെമ്മറി ഒന്ന് സെർച്ച് ചെയ്തു.
വാലന്റൈൻസ്ഡേ ആണ്. പുറത്തിറങ്ങി കുഴപ്പത്തിലൊന്നും ചാടരുതെന്നു പ്രിയതമ പറഞ്ഞതും, പോകുന്ന വഴി നിലമ്പതിയുടെ അടുത്തുള്ള പുതിയ വാടകക്കാരിയെ നോക്കി ചിരിച്ചതും,അത് കണ്ട് അവർകോക്കിരി കാട്ടിയതും, എല്ലാവരും ആനമറിയ എന്ന് വിളിക്കുന്ന മറിയാമ്മയുടെ കൂടെ കാന്റീനിൽ പോയി കടുപ്പത്തിൽ ഒരു കട്ടനടിച്ചതും,
വൈകിട്ട് സുഹൃത്ത് ദാമുവിന്റെ അളിയൻ മിലിറ്ററിയിൽ നിന്നും കൊണ്ടുവന്ന ഓൾഡ്മങ്ക് റം നീറ്റ ടിച്ചതുമെല്ലാം ഓർമയിലെത്തി. പക്ഷെ ഫോട്ടോ മാത്രം ഓർമയിലില്ല.
എന്തായാലും ഫേസ്ബുക്കിൽ ഉണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് തുറന്നു നോക്കാമെന്നു കരുതി ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ എടുത്തു.
ശരിയാണ്.
തുറന്ന പാടെ തന്നോടൊപ്പം സുന്ദരിയായ ഒരു യുവതി.
ഇതാരപ്പാ എന്നാ ചിന്തയോടെവസുവിനെ ഒളികണ്ണിട്ടു നോക്കി.
ഒരു പൊട്ടിത്തെറി കൂടി പ്രതീക്ഷിക്കാം
ന്നാലും എന്റെ തേവരെ മ്മടെ അക്കൗണ്ടിക്കേറി ആരീ കൊലച്ചതി ചെയ്തു.അക്കൗണ്ട് ഹാക്കായീന്നു പറഞ്ഞു സൈബർ സെല്ലിൽ പരാതി കൊടുക്കാം.
ഫോട്ടോയിലെ യുവതിയെ ഒന്ന് കൂടി നോക്കി. എവിടെയോ കണ്ട പരിചയം. അത്രക്കങ്ങട് ഓർമ കിട്ടുന്നില്ല. ഓൾടെ അടുത്തു നിന്നപ്പോൾ തനിക്കും പ്രായം കുറഞ്ഞ പോലെ.
എന്തായാലും കുറെ ദിവസത്തേക്ക് കഞ്ഞി പുറത്തു നിന്നു വേണ്ടിവരും എന്ന് നീരിച്ചു കൊണ്ട് തലക്കു കയ്യും കൊടുത്തിരിക്കുമ്പോൾ സല്പുത്രൻ പള്ളിയുറക്കവും കഴിഞ്ഞ് അടുത്തേക്ക് വന്നു.
“അച്ഛാ ഞാനിന്നലെ ഇട്ട അച്ഛന്റേംഅമ്മേടേം ഫോട്ടോ എങ്ങനുണ്ട്”
“അച്ഛന്റേം അമ്മേടെയുമോ. അപ്പ നീയാണ് പണി പറ്റിച്ചതല്ലേ. സത്യം പറയണം ഏതാ ആ പെങ്കൊച്ച് “
“അത് അമ്മ. ഞാൻ ഫേസ്ബുക്കിൽ കണ്ട ആപ്പിലിട്ട് അമ്മേടെ പ്രായം കുറച്ചതാ”
അവൻ നിഷ്കളങ്കമായ മറുപടി തന്നു.
“എനിക്കപ്പോഴേ തോന്നി. ആ പെങ്കൊച്ചിന് എന്റെ ഛായ ഉണ്ടെന്ന്. വെറുതെ നിങ്ങളെ തെറ്റിദ്ധരിച്ചു”
എല്ലാം ഒളിഞ്ഞു നിന്ന് കേൾക്കുകയായിരുന്ന പ്രിയതമ ആനന്ദശ്രുക്കളോടെ രംഗപ്രവേശനം നടത്തി.
വലിയൊരു ഭാരം നെഞ്ചിൽ നിന്നിറങ്ങിയത് പോലെ ഞാൻ നെടുവീർപ്പിട്ടു.പണി പാലും വെള്ളത്തിലും കിട്ടാം
നീയെന്താടാ എന്റെ പ്രായം കുറക്കാതിരുന്നത്” ഞാൻ ദേഷ്യത്തോടെ മകനെ നോക്കി.
“അച്ഛനെ കാണാൻ ഇപ്പോഴാ ഗ്ലാമർ അത് കൊണ്ടാ”
തല മച്ചിൽ മുട്ടിയോ എന്നൊരു സംശയം.
എന്നാലും എന്റെ മോനെ……
ശുഭം