Story written by DHANYA SHAMJITH
ന്താണ് ടാ…. നീ കുറേ ആയല്ലോ എന്തോ പോയ അണ്ണാനെ കൂട്ട് ഇഞ്ചി കടിച്ച മോന്തേം ആയിട്ടിരിക്കണ്…
വന്നപ്പോൾ തൊട്ട് ആകെ വിവശനായി ഇരിക്കുന്ന ചങ്കിനെ കണ്ട് ഗോപു ചോദിച്ചു.
ഓ.. അതൊന്നുല്ലളിയാ ഒര് തലവേദന
ബബീഷ് നെറ്റി ചുളുക്കി.
നീയൊര് ജവാന് ഓർഡറ് കൊട് , ഇച്ചിരി കുരുമുളക് പൊടീം ഇട്ട് അടിച്ചാ തലവേദനയൊക്കെ പമ്പ കടക്കും…. വിളി അളിയാ കണാരേട്ടനെ..
ഞാൻ ഫോണെടുത്തില്ലടാ…
ഫോണെടുത്തില്ലാന്നോ, ൻ്റളിയാ ചുമ്മാ ഡയലോഗടിക്കല്ലേ.. ഫോണീ തോണ്ടാൻ ഇരുപത്തിനാല് മണിക്കൂറ് പോരാന്നും പറഞ്ഞ് നടക്കുന്നോൻ ഫോണെടുത്തില്ലാന്ന്… ഗോപുവിന് വിശ്വാസമായില്ല…. സംശയത്തോടെ അവൻ ബീബീഷിനെ നോക്കിയതും ബൈക്കിൽ ഇസഹാക്ക് വന്നു നിന്നതും ഒരുമിച്ചായിരുന്നു..
എത്ര വട്ടം വിളിച്ചെടാ നെന്നെ, നീയെന്താ ഫോണെടുക്കാത്തേ… അവൻ അരിശത്തോടെ ചോദിച്ചു.
ഫോൺ വീട്ടിലാടാ, എടുക്കാൻ മറന്ന് ബിബിഷ് ചിരിച്ചു..
ഫോണ് മറക്യേ അതും നീ…. ഇൻബോക്സിലെ സകല പെമ്പിള്ളാരേം ഊട്ടി ഉറക്കാതെ ഉറങ്ങാത്തോനല്ലേ ന്നിട്ട് ?
അത് തന്നാടാ ഞാനും ചോദിച്ചു കൊണ്ടിരുന്നേ.. ഇവന് വന്നപ്പ മൊതല് ഒരു വൈക്ലബ്യം ഒണ്ട്.. ഗോപു പറഞ്ഞു.
ന്താടാ… വല്ല പെമ്പിള്ളാരും സൈബർ സെല്ലിൽ കേസ് കൊടുത്താ.. ഇസഹാക്ക് ചിരിയോടെ ചോദിച്ചു.
എൻ്റളിയാ ഒരബദ്ധം പറ്റി… ബിബീഷ് അവരെ നോക്കി.
ന്താടാ സീര്യസാണാ .. അവരുടെ മുഖം ഗൗരവത്തിലായി.
ഞാനിന്നലെ ഇൻബോക്സിൽ പരിചയപ്പെട്ട ഒരുത്തിയെ കാണാൻ പോയില്ലേ?
ഉവ്വ് , നീ പോയി.. വരാന്ന് പറഞ്ഞ ഞങ്ങളെ നൈസായി ഒഴിവാക്കേം ചെയ്ത്..
നന്നായെടാ നിങ്ങള് വരാഞ്ഞത്, എടാ അത് പെണ്ണായിരുന്നില്ല.. ഇപ്പം ഏതോ ഫേസ് ആപ്പ് വന്നിട്ടൊണ്ട് ആണുങ്ങൾടെ മോന്തയെല്ലാം പെണ്ണുങ്ങളെപ്പോലെ… തിരിച്ചറിയാനേ പറ്റൂല…
കണ്ടാല് പെണ്ണല്ലാന്നും പറയൂല, ലവള് അങ്ങനെ ഒരുവനായിരുന്ന്… ഫോണ് നന്നാക്കാൻ കൊടുത്തോണ്ട് ഈ ആപ്പ് ൻ്റ കാര്യം ഞാനറിഞ്ഞില്ല… ഓളെ കാണാൻ ചെന്ന ഞാൻ കണ്ടത് എന്നേക്കാൾ ഡബിള് സൈസൊളള ഒരുത്തനെയാ…. സ്കൂട്ടാവാൻ നോക്കി പക്ഷേങ്കി ആ റസ്റ്റോറൻ്റിലെ സകല ഐറ്റോം തീരണത് വരെ ഓനെന്നെ പിടിച്ചിരുത്തി കളഞ്ഞ്…. ഓൻ്റെ കയ്യീന്ന് ഒരെണ്ണം കിട്ടിയാ ഞാൻ പടാവൂലോന്ന് ഓർത്ത് കറൻ്റ് ബില്ല് കെട്ടാൻ വച്ചിരുന്ന കാശെടുത്ത് ബില്ലടച്ച്… സത്യത്തി കറൻറ് ബില്ല് ഡബിള് ഇരട്ടി വന്നത് ഉപകാരായി…
ന്നിട്ട് പോണ വഴി ഓൻ്റെ ഉപദേശം…. എഫ്ബി പ്രൊഫൈല് കണ്ട് പനിക്കര്തനിയാന്ന്….
അവൻ ദയനീയതയോടെ അവരെ നോക്കി….
അവൻ്റെ മുഖത്തെക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ഗോപുവും ഇസഹാക്കും… പെട്ടന്നവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി….
ആപ്പ് ആപ്പായല്ലേ…… ചിരിയടക്കാൻ പാടു പെട്ട് ഗോപു അവനെ നോക്കി…. അവൻ്റെ മുഖം ദയനീയമായിരുന്നു.
പൊന്നളിയൻമാരേ…. ആരോടും പറഞ്ഞ് നാറ്റിക്കര്ത്.
ഇല്ലടാ ഇല്ല…. ചിരി കടിച്ചമർത്തി ഇസഹാക്ക്.
അതേ,, ഇനിയെങ്കിലും പെമ്പിള്ളാര്ടെ ഫോട്ടോ കാണുമ്പം ഇൻബോക്സിൽ കൊത്തി പെറുക്കണ സ്വഭാവം നിർത്താൻ നോക്ക് ഇല്ലെങ്കി ഇതിനപ്പുറം കിട്ടും..
നിർത്തി, എഫ് ബി അക്കൗണ്ടേ കളയാണ്… ബിബീഷ് കൈകൂപ്പി.
ന്നാ കണാരേട്ടനെ വിളിക്കാം ലെ….. ഗോപു ചോദിച്ചു.
വിളിയളിയാ….. അവൻ ഗോപുവിൻ്റെ ചുമലിൽ തട്ടി…
ശരിക്കും ബിബീഷപ്പം കപീഷായി….. ഇസഹാക്ക് ഉറക്കെ ചിരിച്ചു,, കൂടെ അവരും.