ബസ്സ് മുന്നോട്ട് നീങ്ങുമ്പോഴും ആ ചില്ലുജാലകത്തിൻ്റെ വിടവിലൂടെ ഞാൻ അവളെ തന്നെ അങ്ങിനെ നോക്കിയിരുന്നു. നല്ല തണുത്ത കാറ്റും കൂടെ കുറച്ച് പ്രണയഗാനങ്ങളും ആഹാ അന്തസ്സ്…

എഴുത്ത്: സനൽ SBT

“അതൊരു പോക്ക് കേസാടാ കണ്ടാൽ അറിഞ്ഞൂടെ .”

“അത് പിന്നെ ഇവിടെ ആർക്കാ അറിയാത്തത് എന്നിട്ടൊ ജോലി എന്താന്ന് ചോദിച്ചാൽ പറയും കസ്റ്റമർ കെയറിലാന്ന്. “

“അളിയാ ഈ കസ്റ്റമർ കെയർ എന്ന് വെച്ചാൽ എന്തുവാ ?”

“വരുന്ന കസ്റ്റമരെ കെയർ ചെയ്യുവ അതായത് അവരെ തൃപ്തിപ്പെടുത്തുക. “

അമ്പലത്തിൻ്റെ സൈഡിലെ ആൽത്തറയിൽ ഇരുന്ന് കൂട്ടുകാർ അവളെക്കുറിച്ച് കളിയാക്കി ചിരിച്ചപ്പോഴും മറുപടി ഒന്നും പറയാതെ അവൾ തല കുനിച്ച് ഞങ്ങളുടെ മുന്നിലൂടെ നടന്നു നീങ്ങി.

” ടാ അമ്പലത്തിൻ്റെ സൈഡിൽ ഇരുന്നാണോ ഇമ്മാതിരി ചെറ്റ വർത്തമാനം പറയുന്നത്.”

” എൻ്റെ പൊന്നളിയാ നിനക്ക് അവളെ ശരിക്കും അറിയാത്തോണ്ടാ നീ ഇപ്പോ ഗൾഫിൽ നിന്ന് വന്നിട്ട് 2 ദിവസമല്ലേ ആയൊള്ളൂ.”

“എന്തായാലും കുടുംബത്തിൽ പിറന്ന പെൺകുട്ടികളെക്കുറിച്ച് എൻ്റെ മുന്നിൽ ഇരുന്ന് ഇനി മേലാൽ അനാവശ്യം പറയരുത്.”

ഞാൻ കൂടുകാരുടെ നേർക്ക് തട്ടിക്കയറി സംസാരിച്ചതുകൊണ്ടാവണം അല്പദൂരം നടന്നതിന് ശേഷം അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത്. ദയനീയമായ അവളുടെ നോട്ടം എൻ്റെ ഉള്ളിൽ എന്തോ ഒരു വിങ്ങലുണ്ടാക്കി അപ്പോഴും കരിമഷി എഴുതിയ പീലി കണ്ണുകൾ ഈറൻ അണിഞ്ഞത് എനിക്ക് ദൂരെ നിന്നും കാണാമായിരുന്നു. അല്പസമയത്തിന് ശേഷം ഞാൻ കൂട്ടുകാരോട് തിരക്കി.

“ഏതാടാ ഈ പെൺകൊച്ച്. ഇതിന് മുൻപ് ഒന്നും ഇവിടെ കണ്ടിട്ടില്ലല്ലോ? “

“അതാ തോട്ടുവക്കത്തുള്ള പുതിയ വീട്ടിലെ താമസക്കാരാ ഇവിടെ വന്നിട്ട് രണ്ടു വർഷം ആവുന്നതെയുള്ളൂ അതാ നീ കാണാത്തത്. “

“ഉം’ “

“അമ്മയും മകളും ഒറ്റയ്ക്കാ താമസം രണ്ടും പോക്ക് കേസാന്നെ.”

“എടാ നിനക്ക് എന്താ അവരോട് ഇത്ര വലിയ ദേഷ്യം ആ പെൺകുട്ടിയെ കണ്ട മുതൽ ഇത് തന്നെ പറഞ്ഞോണ്ട് ഇരിക്കണേ.”

” ഹോ അതാണോ കാര്യം ഇവൻ ഒരു വർഷം അവളുടെ പിറകെ നടന്നു അവൾ വീഴാത്തതു കൊണ്ട് ‘”

കൂട്ടുകാർ അതും പറഞ്ഞ് പൊട്ടി ചിരിക്കുമ്പോഴും അവളുടെ മുഖം എൻ്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നീട് പല സ്ഥലങ്ങളിൽ വെച്ചും അവളെ കാണാൻ ഇടയായെങ്കിലും സംസാരിക്കാൻ എന്തോ എൻ്റെ ഉള്ളിൽ ഒരു വല്ലാത്ത ഭയം തോന്നി. അങ്ങിനെ ഒരിക്കൽ ബസ് സ്റ്റോപിൽ വെച്ച് കണ്ടപ്പോൾ അവളോട് സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ചെമ്പൻ മുടിയിഴയിലൂടെ ഊർന്നിറങ്ങി വീഴുന്ന വെള്ളത്തുള്ളികളെ ഞാൻ കൗതുകത്തോടെ നോക്കി നിൽക്കുമ്പോഴായിരുന്നു അവൾ എൻ്റെ അടുത്തേക്ക് വന്നത്.

“ഡോ താൻ ഇത് എവിടേക്കാ നോക്കണേ. ? “

“മാറിക്കിടന്ന സാരിത്തുമ്പ് അവൾ വലിച്ച് ആലിലവയറിൻ്റെ ബാക്കി ഭാഗം കൂടി മറച്ചു. “

“അയ്യോ ഞാൻ ഞാനത് ഈ മുടിയിഴയിൽ നിന്നും വെള്ളം ഇറ്റി വീഴുന്നത് കണ്ടപ്പോൾ നോക്കിയതാ .”

“എന്താ ഇത് ആദ്യായിട്ടാണോ കാണണേ. “

“അല്ല ഞാനത് ചുമ്മാ നോക്കി നിന്നതാ അല്ലാതെ കുട്ടി വിചാരിക്കുന്ന പൊലെ വെറെ എങ്ങോട്ടും നോക്കിയില്ല.”

” അതൊക്കെ പോട്ടെ ഇയാൾ കുറച്ച് ദിവസം ആയല്ലോ എൻ്റെ പുറകെ കൂടിയിട്ട് എന്താ ഉദ്ദേശ്യം.?”

” ഞാൻ പോകുന്ന രണ്ട് മൂന്ന് സ്ഥലത്ത് വെച്ച് തന്നെ കണ്ടു എന്നത് സത്യാണ് പക്ഷേ ഒരിക്കലും ഞാൻ തന്നെ ഫോളോ ചെയ്തിട്ടില്ല .”

” ഉം. അതോ അന്ന് കൂട്ടുകാര് പറഞ്ഞ പോലെ ഞാനൊരു പോക്ക് കേസ് ആണോ എന്ന് അറിയാൻ മുട്ടി നോക്കിയതാണോ? ഇനി എന്താ നമ്പര് വല്ലതും വേണോ?”

സത്യം പറഞ്ഞാൽ ആ ചോദ്യത്തിന് മുൻപിൽ ഞാൻ ആകെ ചൂളിപ്പോയി .മറുപടിയെന്ത് പറയണം എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ബസ്സ് വന്ന് സ്റ്റോപ്പിൽ നിർത്തിയത്.

” അതെ ബസ്സ് വന്നു കയറുന്നില്ലേ.”

” അവളൊന്ന് ചെറുതായി പുഞ്ചിരിച്ചു.”

” ആ”

ബസ്സിൽ കയറി സീറ്റിനായി ഞാൻ പരതുമ്പോഴും അവളുടെ അടുത്തുള്ള ഒഴിഞ്ഞ സീറ്റ് ചൂണ്ടി കാണിച്ച് എന്നെ അതിൽ പിടിച്ച് ഇരുത്തി.

“തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ? “

“എന്തിന് ? ഉണ്ടേൽ ഇയാളെ ഞാൻ ഇവിടെ എൻ്റെ അടുത്ത് പിടിച്ച് ഇരുത്തുമോ?”

” വിഷമം തോന്നാറില്ലേ ഇങ്ങനെ പലരും പറയുന്നത് കേൾക്കുമ്പോൾ “

അവൾ വീണ്ടും ചെറുതായൊന്ന് പുഞ്ചിരിച്ചു.

“കാലം കുറെയായി മാഷേ അത് കേൾക്കാൻ തുടങ്ങിയിട്ട് രണ്ട് സ്ത്രീകൾ ഒറ്റയ്ക്ക് അല്ലേ താമസിക്കുന്നത് നാട്ടുകാർക്ക് എന്താ പറയാൻ പാടില്ലാത്തത്. ഇതെക്കുറിച്ചോർത്ത് ടെൻഷൻ അടിക്കാൻ നിന്നാൽ അതിനെ നേരം കാണൂ. പിന്നെ മാഷിൻ്റെ കൂട്ടുകാരന് എന്നോട് ഒരു പ്രത്യേക വാൽസല്യക്കൂടുതൽ ഉണ്ട് അതിൻ്റെയാ അന്ന് കണ്ടത് .”

” ഉം. അറിയാം അവൻ പറഞ്ഞായിരുന്നു.”

” മാഷിൻ്റെ എല്ലാ കൂട്ടുകാരും ഇങ്ങനെയാണോ ഏത് പെൺകുട്ടികളെ കണ്ടാലും നിങ്ങൾ ഇങ്ങനാ പറയുന്നത് ? പിന്നെ വല്ലാത്തൊരു നോട്ടവും ബോഡി മൊത്തം അങ്ങ് സ്കാൻ ചെയ്ത് എടുക്കും.”

” എല്ലാവരും ഒരു പൊലെയല്ല അതിനിടയിൽ നല്ല വരും കുറച്ച് പേർ ഉണ്ടെടോ!”

” അത് അറിയാം മാഷിനെ പൊലെ വളരെ ചുരുക്കം ചിലർ അല്ലേ?”

” അത് താൻ എന്നെ കളിയാക്കിയതല്ലേ.”

” ഹേയ് അല്ല അന്ന് കൂട്ടുകാരോട് പറഞ്ഞത് ഞാൻ കേട്ടായിരുന്നു.”

” ഉം. അന്ന് ശരിക്കും തൻ്റെ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ ഫീലായി അതാ.”

” ഉം. തോന്നി. അല്ലേലും ഇതിനൊക്കെ ടെൻഷൻ അടിക്കാൻ നിന്നാൽ അതിന് മാത്രമേ ടൈം കാണൂ” .

“അതും ശരിയാണ്”

” മാഷിന് എന്താ പരിപാടി ഇതിന് മുൻപൊന്നും ഈ ലൊക്കാലിറ്റിയിൽ കണ്ടിട്ടില്ലല്ലോ ?”

“ഗൾഫിലാ രണ്ടു മാസം ലീവിന് വന്നതാണ് അതാ മുൻപ് കാണാത്തത്.”

” ഓഹോ അപ്പോ അൽ പ്രവാസിയാണല്ലേ.”

” ഉം.”

ഞാനൊന്ന് ചിരിച്ചു.

” അതെ എൻ്റെ സ്റ്റോപ്പ് എത്താറായി ഞാൻ എന്നാൽ ഇറങ്ങട്ടെ പിന്നീട് വല്ലപ്പോഴും കാണാം.”

” എടോ താൻ തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാനൊരു കാര്യം ചോദിക്കട്ടെ.”

” ആദ്യം മാഷ് കാര്യം പറ എന്നിട്ട് ആലോചിക്കാം എങ്ങനെയെടുക്കണം എന്ന്.”

” എനിക്ക് ഈ പെൺകുട്ടികളോട് പ്രപ്പോസ് ചെയ്തൊന്നും ശീലം ഇല്ല അതാ ചോദിക്കാൻ ഒരു ചമ്മല് . ജാതിയിലും മതത്തിലും നിറത്തിലും ഗുണത്തിലും ഒന്നും വിശ്വാസം ഇല്ലേൽ ഞാൻ എൻ്റെ അമ്മയെ നിൻ്റെ വീട്ടിലേക്ക് വിട്ടോട്ടെ പെണ്ണ് ചോദിക്കാൻ .”

” എനിക്ക് അറിയാം മാഷ് ചോദിക്കാൻ വരുന്നത് ഇതായിരിക്കും എന്ന് പിന്നെ ഇത്രം നന്നായി എന്നോട് ഒരാൾ പ്രപ്പോസ് ചെയ്യുന്നത് ഇതാദ്യായിട്ടാട്ടോ. അപ്പോ എൻ്റെ സ്റ്റോപ്പ് എത്തി ഞാൻ ഇറങ്ങട്ടെ.”

” അതെ ചോദിച്ചതിന് താൻ മറുപടി ഒന്നും പറഞ്ഞില്ല.”

” അവൾ തിരിഞ്ഞ് നിന്ന് ചെറുതായി ഒന്ന് പുഞ്ചിരിച്ചു.”

” മാഷ് ഫ്രീ ആണെങ്കിൽ അടുത്ത ഞായറാഴ്ച അമ്മയെം കൂട്ടി എൻ്റെ വീട്ടിലേക്ക് പോന്നേര് മറുപടി ഞാൻ അപ്പോ പറയാം. എന്താ പോരെ?”

ബസ്സ് മുന്നോട്ട് നീങ്ങുമ്പോഴും ആ ചില്ലുജാലകത്തിൻ്റെ വിടവിലൂടെ ഞാൻ അവളെ തന്നെ അങ്ങിനെ നോക്കിയിരുന്നു. നല്ല തണുത്ത കാറ്റും കൂടെ കുറച്ച് പ്രണയഗാനങ്ങളും ആഹാ അന്തസ്സ് .

Related Posts

Leave a Reply

Your email address will not be published. Required fields are marked *