പുണ്യം
Story written by Adarsh mohanan
“ത്യാഗം ചെയ്യുന്നതിനൊക്കെ ഒരു പരിധിയുണ്ട് അച്ചു, നമ്മളെക്കൊണ്ട് പറ്റുന്ന സഹായം ചെയ്യാന്നല്ലാണ്ട് നിന്റെ ജീവിതമിങ്ങനെ ഹോമിക്കുന്നതിൽ അർത്ഥമില്ല”
ആത്മാർത്ഥ സുഹൃത്തിന്റെ വാക്കുകൾ കാതിലലയടിച്ചപ്പോൾ അവനു നേരെ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രമേ ഞാൻ ചെയ്തുള്ളു ഉച്ചത്തിൽ ഞാൻ പറയാനാഗ്രഹിച്ച മറുപടി എന്റെ മനസ്സിൽക്കിടന്ന് പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
” ഇത് ത്യാഗമല്ല എനിക്കു വന്നു ഭവിച്ച പുണ്യമാണ്” എന്ന്
പുരുഷ സ്വയംസഹായ സംഘത്തിൽ നിന്ന് കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തെരുവോരത്തെ ഭിക്ഷക്കാർക്ക് പൊതിച്ചോറു കൊടുക്കാനെത്തുന്നതിനിടയിലാണ് ഞാനവളെക്കാണുന്നത്
ഞങ്ങൾക്കു മുൻപേ അവർക്കായുള്ള ഭക്ഷണവുമായ് എത്തിയവൾ, തികച്ചും വിരൂപയായിരുന്നു അവൾ മുഖത്തും കൈകളിലും ആകെ പാണ്ഡുപിടിച്ച് ആകെ മെലിഞ്ഞു ശോഷിച്ച ശരീര പ്രകൃതി എങ്കിലും മറ്റൊരു പെണ്ണിലും ജീവിതത്തി ലിന്നേവരെ കാണാത്തൊരു തരം വശ്യ സൗന്ദര്യം ഞാനവളിൽക്കണ്ടിരുന്നു
കാരണം
ബാഗിൽ നിന്നും ചോറിന്റെ പൊതിക്കെട്ടഴിച്ചവൾ പാതയോരത്തിരുന്നു കൊണ്ടാ വൃദ്ധയായെ സ്ത്രീയെ ഊട്ടിക്കൊണ്ടിരുന്നപ്പോൾ കുട്ടിക്കാലത്ത് അമ്മ ഉരുട്ടി ത്തരാറുള്ള ഉരുളയുടെ സ്വാദാണെനിക്കോർമ വന്നത്
ഓരോ ഉരുളയുമാ സ്ത്രീ ആസ്വദിച്ചു കഴിക്കുമ്പോഴും അവളവരുടെ കവിളിൽ ത്തഴുകുകയും മൂർദ്ധാവിൽ തലോടുകയും ചെയ്യുന്നുണ്ടായിരുന്നു. ആ വൃദ്ധയുടെ നിറകണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്തിരുന്നു അവർക്കവളോടുള്ള നന്ദി എത്രമാത്രമുണ്ടെന്നുള്ളത്
അവളെക്കുറിച്ചു കൂടുതലായറിയുവാനാകാംക്ഷയേറിയപ്പോൾ നേരിട്ടു ചെന്ന് തന്നെ സംസാരിക്കുകയാണ് ചെയ്തത്
പതിയെ ഞാനവളുടെയരികിലേക്ക് നടന്നടുക്കുമ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ആ വൃദ്ധയിൽ മാത്രമായിരുന്നു
നല്ലമ്മ വളർത്തിയ മക്കൾക്കെ ഇത്തരം പുണ്യ പ്രവൃത്തികൾ ചെയ്യാനാവൂ എന്നു ഞാൻ പറഞ്ഞപ്പോൾ നിഷ്കളങ്കതയോടെയൊന്നു ചിരിക്കുക മാത്രമേയവൾ ചെയ്തുള്ളു.
അൽപ്പനേരത്തിനു ശേഷം അവൾപ്പറഞ്ഞ മറുപടിയെന്നിൽ വല്ലാതെ യസ്വസ്ഥതയുളവാക്കിയിരുന്നു
‘അമ്മ’
ഭാഗ്യം ചെയ്തവർക്കൊപ്പമല്ലെ അമ്മയെന്ന പുണ്യo എന്നും ജീവിതത്തിൽ കൂടെയുണ്ടാകൂ എന്നുള്ള അവളുടെ ചോദ്യത്തിന് അപ്പോളെനിക്കുത്തരമൊന്നും തന്നെയുണ്ടായിരുന്നില്ല
ഭാഗ്യം കെട്ടവളെന്നെന്നോട് പറയാതെ പറഞ്ഞവളെ പെണ്ണുകാണാനായ് വീട്ടിൽ ച്ചെന്നത് ചേർത്തു നിർത്തി താലോലിക്കാൻ ഒരമ്മയെ സമ്മാനിക്കാനായിരുന്നു.
വർഷങ്ങളായി കൈവിട്ട അമ്മയെന്നയാ സൗഭാഗ്യത്തിന്റെ കുറവു നികത്തുവാൻ വേണ്ടിയായിരുന്നു .
എനിക്കുറപ്പുണ്ടായിരുന്നു എന്നെക്കാൾ നന്നായി എന്റെ അമ്മയെ ഒരു കുറവും വരുത്താതെയവൾ പൊന്നുപോലെ നോക്കും എന്ന്
എനിക്കറിയാമായിരുന്നു ഈ ലോകത്ത് അവൾ സ്നേഹിക്കുന്നതു പോലെ യെന്റെ അമ്മയെ മറ്റൊരു പെണ്ണിനും സ്നേഹിക്കാൻ കഴിയില്ല എന്ന്
അതു കൊണ്ടു തന്നെയാണ് പ്രണയനഷ്ടത്തിനു പിറകെയുള്ളയെന്റെ ഇനി യൊരു വിവാഹമില്ല എന്റെ പാഴ്വാക്കിനെ കാറ്റിൽപ്പറത്തിക്കൊണ്ട് അമ്മയോട് ഞാനെന്റെ ആവശ്യമുന്നയിച്ചത്
എന്റെ തീരുമാനമറിയിച്ചപ്പോൾ മറു വാക്കൊന്നും തന്നെ പറയാതെ കൂടെ യിറങ്ങിത്തിരിച്ച അമ്മയോടെനിക്ക് അളവറ്റ ബഹുമാനമാണുള്ളിൽ തോന്നിയതും
ആ കൊച്ചു വീട്ടിലെ പുണ്യവിളക്കിനെ എന്നന്നേക്കുമായി സ്വന്തമാക്കി ക്കോട്ടെയെന്നു ചോദിച്ചപ്പോൾ മകളെ പ്രാണനേക്കാളധികം സ്നേഹിക്കുന്നയാ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു
മേശവലിപ്പിൽ നിന്നും മഷി പരന്ന മുഷിഞ്ഞയാ നാലു സെന്റ് പുരയിടത്തിന്റെ ആധാരം എനിക്കു നേരേ നീട്ടിയിട്ടദ്ദേഹം പറയുന്നുണ്ടായിരുന്നു എന്റെ കൈയ്യിലാകെയുള്ളയീ സമ്പാദ്യം അതെന്റെ മകൾക്കുള്ളതാണ് എന്ന്
ആ ചങ്കിടിപ്പിന്റെ എണ്ണം തെറ്റിയ താളം മുഴങ്ങിയത് എന്റെ കാതിലായിരുന്നു ചേർത്തു നിർത്തിയാ താളം ക്രമീകരിച്ചു കൊണ്ട് കണ്ണീരിൽ കുതിർന്നയാ ആധാരം തിരിച്ചേൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന്
നിറകണ്ണുകളോടെ ആ പടിവാതിലിൽ നിന്നും ഒളിഞ്ഞു നോക്കിയ അവളുടെ അരികിലേക്കെന്റെയമ്മ നടന്നടുത്തു വെള്ളപ്പാണ്ഡു വീണ അവളുടെ കവിളുകളിലൂടെയൊന്നു വിരലോടിച്ചു വിണ്ടു കീറിയ ആ നെറ്റിത്തടത്തിൽ അമ്മയൊന്നു ചുണ്ടമർത്തിയപ്പോൾ മാറിൽ വീണവൾ തേങ്ങുന്നുണ്ടായിരുന്നു
മാറോടു ചേർത്തു പിടിച്ച് ഇവളെന്റെ മരുമകളാവേണ്ടവളല്ല മകൾ ആവേണ്ടവളാണെന്നു പറഞ്ഞപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു ആത്മാഭിമാനത്തിന്റെ അങ്ങേയറ്റം എന്തായിരുന്നെന്നത്
അടുക്കളപ്പുറത്ത് ഓലപ്പീപ്പിയൂതിക്കളിക്കുന്നുണ്ടായിരുന്ന അവളുടെ കുഞ്ഞി പ്പെങ്ങൾ തപ്പിത്തടഞ്ഞെന്റെയരികിലേക്ക് നടന്നടുത്തപ്പോൾ തന്നെ എനിക്കു മനസ്സിലായി അവളുടെ ഇരുകണ്ണുകൾക്കും കാഴ്ച്ച ശേഷിയില്ല എന്നുള്ളത്
പരതി നടന്നെന്റെ അരികിലേക്ക് നിഷ്കളങ്കമായ പുഞ്ചിരിയിലൂടെയവൾ നടന്നടുക്കുമ്പോഴും എന്റെ മനമൊന്നു പൊട്ടിക്കരയാൻ വെമ്പുന്നുണ്ടായിരുന്നു
മെല്ലെയവളെന്റെ താടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു.
” എട്ടാ, എന്റെ ഇച്ചേച്ചീ……. എന്റെ ഇച്ചേച്ചി സുന്ദരിയല്ലേ ഏട്ടാ
ഉസ്കൂളിലുള്ള കൂട്ടുകാരികൾ പറഞ്ഞു എന്റെ ഇച്ചേച്ചിയെ കാണാൻ ഒരു വെടുപ്പും വൃത്തിയുമില്ല എന്ന്
എന്റെ ഇച്ചേച്ചീനെ കെട്ടാൻ ആരും വരില്ല എന്ന്
എന്നിട്ട് ഏട്ടൻ വന്നല്ലോ
കണ്ണു കാണാൻ വയ്യെങ്കിലും എനിക്കറിയാം എന്റെ ഇച്ചേച്ചി സുന്ദരിയാന്ന്
ന്റെ ഇച്ചേച്ചീനെ പൊന്നുപോലെ നോക്കണ ചെക്കനെ കിട്ടാൻ എന്നും അമ്പലത്തിൽ പ്പോയി പ്രാർത്ഥിക്കാറുണ്ടല്ലോ ഞാൻ
പറ ഏട്ടാ ന്റെ ഇച്ചേച്ചി സുന്ദരിയല്ലേ
ഏട്ടനെന്റെ ഇച്ചേച്ചീനെ പൊന്നു പോലെ നോക്കില്ലേ?
പൊട്ടിക്കരഞ്ഞുകൊണ്ട് ചേർത്തു പിടിച്ചു ഞാനാ കുഞ്ഞിക്കവിളിൽ തലങ്ങും വിലങ്ങും ചുംബിച്ചു മടിയിലിരുത്തി ഞാനവളുടെ മുഖമുയർത്തി ക്കൊണ്ടവളോടായ് പതിയെപ്പറഞ്ഞു
” ഈ ലോകത്ത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെൺകൊടി മോൾടെ ഇച്ചേച്ചിയാണ്” എന്ന്
ഇടനെഞ്ചിൽ കണ്ണീരോടെയവളെന്നെ വാരിപ്പുണരുമ്പോൾ കൂടെപ്പിറന്ന ഒരു കുഞ്ഞിപ്പെങ്ങൾ ഇല്ലാത്തതിന്റെ കുറവു നികന്ന പോലെയാണെനിക്ക് തോന്നിയത്
പടിയിറങ്ങിപ്പോകുമ്പോഴും അമ്മയെന്നെ അഭിമാനത്തോടെത്തന്നെ നോക്കുന്നുണ്ടായിരുന്നു ഈ ഭൂമിയിലെ ഏറ്റവും സന്തോഷവതിയായ അമ്മ ഞാനാണെന്നമ്മപറയുമ്പോഴും മനസ്സിലാ വാചകങ്ങൾ അലയടിച്ചു കൊണ്ടിരുന്നു
” ഇത് ത്യാഗമല്ല എനിക്കു വന്നു ഭവിച്ച പുണ്യമാണ്” എന്ന്