ഞാനും അവളും പിന്നെ ബ്രൗണിയും
Story written by Ammu Santhosh
“എനിക്കൊരു പട്ടിയെ വേണം “അവൾ എന്നെ ഒന്നു തോണ്ടി
“ഞാനുള്ളപ്പോളോ? ” അലസമായി ചോദിച്ചു ഞാൻ വീണ്ടും പത്രത്തിലേക്ക് മുഖം താഴ്ത്തി
“നിങ്ങളെപ്പോലെ ആണോ പട്ടി? “അവൾ ഒറ്റ അലർച്ച
“സിസ്റ്റം വ്യത്യാസം ആണെങ്കിലും ഫങ്ക്ഷൻ ഒക്കെ ഒരു പോലെ അല്ലേടി? നീ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. പിന്നെ വാലില്ലാത്തതു കൊണ്ട് ആട്ടി ക്കാണിക്കുന്നില്ല എന്നേയുള്ളു “
“ദേ മനുഷ്യ ഞാൻ ഇത് എടുത്ത് തലയ്ക്ക് ഒന്നു തരും കേട്ടോ “അവളുടെ കയ്യിൽ പലക കഷ്ണം
തമ്പുരാനെ…
“എടി അതവിടെ വെച്ചേ.. നിനക്ക് എന്തിനാ ഇപ്പോൾ പട്ടി? അത് പറ “ഞാൻ അവളുടെ കൈയിൽ നിന്നും സൂത്രത്തിൽ പലകക്കഷണം വാങ്ങി മാറ്റി
ബുദ്ധിയില്ലാത്ത ജന്തു. ഒന്നു തന്നാൽ തീർന്നില്ലേ? നമ്മളല്ലേ സൂക്ഷിക്കേണ്ടത്?
“എന്റെ ഫ്രണ്ട് ഷീബയുടെ പട്ടി പ്രസവിച്ചു. നാടൻ പട്ടിക്കുട്ടികളാ.. നമുക്ക് ഒന്നിനെ വാങ്ങിക്കാം ന്നെ “അവൾ കെഞ്ചുന്നു
“പട്ടിയൊന്നും വേണ്ട. വലിയ ശല്യ.. എനിക്കിഷ്ടമല്ല “ഞാൻ പറഞ്ഞു
“ഇഷ്ടം അല്ല എന്നല്ല പേടിയാ എന്ന് പറ. നിങ്ങളെ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പട്ടി കടിച്ചത് കൊണ്ടല്ലേ? “
ഞാൻ ചമ്മി. സംഗതി സത്യമാണ് കേട്ടോ. പണ്ടെങ്ങോ പറഞ്ഞത് ആണ്. ഹോ! കൃത്യമായി ഓർത്തു വെച്ചേക്കുവാ. പെണ്ണല്ലേ വർഗം. ഒന്നും മറക്കില്ല. എന്നാലും തോറ്റു കൊടുക്കാൻ പാടില്ലല്ലോ
“ഹും അതൊന്നുമല്ല. ഇപ്പോൾ ഇവിടെ പട്ടിയുടെ ആവശ്യം എന്താ? “
“പകൽ നിങ്ങൾ പോയി കഴിഞ്ഞു ഞാൻ ഒറ്റയ്ക്കല്ലേ? ഒരു കൂട്ടാകുമല്ലോ. ഒരു കുട്ടിയുണ്ടായിരുന്നെങ്കിൽ അതിനെ കളിപ്പിച്ചു ഇരിക്കാമായിരുന്നു. അതെങ്ങനെ? പ്രൊബേഷൻ പീരിയഡ് തീരാതെ കുട്ടി പാടില്ല ത്രെ… ലോകത്തു വേറെ ആരും ജോലിക്ക് പോയിട്ടില്ലല്ലോ? “
അവൾ പറയുമ്പോൾ അതിൽ ന്യായം ഉണ്ട്. പക്ഷെ എനിക്ക് എന്റെ ന്യായങ്ങൾ ഉണ്ട്. പ്രണയ വിവാഹം ആയിരുന്നു. രണ്ടു വീട്ടുകാരും തിരിഞ്ഞു നോക്കാറില്ല. അവൾ ഗർഭിണി ആകുമ്പോൾ ലീവ് എടുക്കേണ്ടി വരും.. അങ്ങനെ ഒരു പാട് പ്രശ്നം ഉണ്ട്. എന്തായാലും അവളുടെ ആഗ്രഹം നടക്കട്ടെ
പട്ടി വന്നു ബ്രൗൺ നിറത്തിലുള്ള സുന്ദരിക്കുട്ടി ഞങ്ങൾ അവൾക്കു ബ്രൗണി എന്ന് പേരിട്ടു
“പെൺപട്ടി വേണ്ടാരുന്നു “ഞാൻ പറഞ്ഞു
“പെണ്ണിനെന്താ കുഴപ്പം? “അവൾ പുരികം ചുളിച്ചു
“എടി ഇത് പ്രസവിച്ചു കൂട്ടും “
“അല്ല ഞാൻ അറിയാഞ്ഞിട്ടു ചോദിക്കുവാ നിങ്ങൾക്ക് ഈ പ്രസവത്തോട് ഇത്രയും അലെർജി എന്താ? പ്രസവരക്ഷയൊന്നും കൊടുക്കണ്ടല്ലോ. അത് പ്രസവിച്ചോട്ടെ. നമുക്കോ പറ്റുന്നില്ല “
കുത്ത് നമുക്കിട്ടാണ്. ഞാൻ മിണ്ടിയില്ല.
ബ്രൗണിക്കു അവളെ വലിയ ഇഷ്ടം ആണ്. എനിക്കും പേടി ഒക്കെ പോയി ചെറിയ ഇഷ്ടം ഒക്കെ തോന്നി തുടങ്ങി
ബ്രൗണി വന്നതിന്റെ മൂന്നാമത്തെ മാസം ഞങ്ങളുടെ സകല പ്ലാനുകളും പൊളിഞ്ഞു എന്റെ ഭാര്യ ഗർഭിണി ആയി അവൾക്കിതിൽ പരം സന്തോഷം ഇല്ല
“കണ്ടോ ബ്രൗണിയുടെ ഐശ്വര്യം. നിങ്ങൾ ഒന്നു ചിരിക്കെന്റെ മനുഷ്യാ. കാണുന്നോർ വിചാരിക്കുമല്ലോ ഇതേതാണ്ട് അവിഹിതഗർഭം ആണെന്ന് “
അത് കേട്ടപ്പോൾ സത്യത്തിൽ ഞാൻ ചിരിച്ചു പോയി
ബ്രൗണിയോടവൾ നിന്റെ അനിയൻ വാവ വരുന്നുണ്ട് ട്ടോ എന്നൊക്കെ പറയുന്നത് കേൾക്കാം
“എടി പട്ടികുഞ്ഞാണോ നമുക്ക് ഉണ്ടാകുന്നെ? “
“അയ്യടാ കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന സമയത്തു ദൈവം തന്നതാ എനിക്കിവളെ. ഇവളാണ് എന്റെ ആദ്യത്തെ കുഞ്ഞ് അല്ലേടി ചക്കരെ “
അവൾ ബ്രൗണിയെ ചേർത്ത് ഉമ്മ വെയ്ക്കുന്നത് കണ്ടു എനിക്ക് പാവം തോന്നി ഇവൾക്കിത്ര ഇഷ്ടം ആയിരുന്നോ കുഞ്ഞുങ്ങളെ?
പ്രസവം ആയപ്പോൾ സകല പിണക്കവും മറന്ന് വീട്ടുകാരെത്തി
അവൾ പ്രവചിച്ചത് പോലെ ആൺകുഞ്ഞായിരുന്നു
ബോധം വന്നപ്പോൾ അവൾ ആദ്യം ചോദിച്ചത്
“ബ്രൗണി? “
“ആശുപത്രിയിൽ കൊണ്ട് വരാൻ പറ്റില്ലല്ലോ മോളെ “ഞാൻ ആ ശിരസിൽ തടവി
അവളുടെ വീട്ടുകാർ അവളെ വീട്ടിലേക്കു കൊണ്ട് പോകുന്നു എന്ന് പറഞ്ഞപ്പോൾ നെഞ്ചു പൊട്ടുന്ന ഒരു വേദന വന്നു എനിക്ക്
“പ്രസവരക്ഷ ഒക്കെ ഉള്ളത് കൊണ്ടാ. അല്ലെങ്കിൽ ഞാൻ പോവില്ലായിരുന്നു
“അവൾ നിറകണ്ണുകളോടെ പറഞ്ഞു.
“സാരോല്ല “എന്റെ ശബ്ദം ഒന്നു അടച്ചു
“ബ്രൗണിക്ക് ഭക്ഷണം കൊടുക്കണേ “
“ഉം “ഞാൻ ഒന്നു മൂളി
ഞാൻ രണ്ടു ദിവസം ഓഫീസിൽ ഒന്നും പോകാതെ വെറുതെ കിടന്നു. എന്റെ കാൽക്കൽ ബ്രൗണിയും. ബ്രൗണിയോട് ഞാൻ എല്ലാം പറഞ്ഞു. അവൾക്കു മനസ്സിലായോ ആവോ. അവളെ ഉള്ളായിരുന്നു അപ്പൊ എനിക്ക്. ഒറ്റക്കാകു മ്പോൾ ഒരു മൃഗത്തിന്റ കൂട്ട് പോലും എത്ര ആശ്വാസം ആണ്!
പടിക്കൽ ഒരു കാർ നിന്ന ശബ്ദം കേട്ട് ആദ്യം ഓടിയത് ബ്രൗണി ആണ്.
“ഇങ്ങനെ നിർത്താതെ കരഞ്ഞാൽ എന്ത് പ്രസവരക്ഷ ചെയ്തിട്ടും കാര്യമില്ല
“അവളുടെ അമ്മ കുഞ്ഞിനേയും കൊണ്ട് മുഖം വീർപ്പിച്ചു അകത്തേക്ക് പോയി.
അവൾ എന്നെ കെട്ടിപ്പിടിച്ചു നെഞ്ചിൽ മുഖം അമർത്തി വിങ്ങി കരഞ്ഞു. ഞാനും അറിയാതെ….
അവളുടെ ശാസന ഇല്ലാതെ വിളിയൊച്ചകളില്ലാതെ കലഹങ്ങളില്ലാതെ ഞാൻ എത്ര വേദനിച്ചു എന്ന് പറയണമെന്നുണ്ടായിരുന്നു. കണ്ണീരിൽ കുതിർന്നു പോയി അതൊക്കെ
അവൾ ബ്രൗണിയെ ചേർത്ത് പിടിച്ചു. ആ സാധു മൃഗത്തിന്റെ കണ്ണിൽ നിന്നും കണ്ണീരൊലിക്കുന്നതു കണ്ട് ഞാൻ സ്തബ്ധനായി.
അല്ലെങ്കിലും ഈ സ്നേഹം ഇങ്ങനെയാ നമ്മളെ അങ്ങ് കരയിച്ചു കളയും. അല്ലെങ്കിലും സ്നേഹത്തിനോളം ശക്തി ഉള്ള മറ്റെന്തുണ്ടി ലോകത്തിൽ?