മകനെ ഒന്ന് കാണണമെന്നുള്ള അച്ഛൻ്റെ അഭിലാഷം പൂർത്തി കരിക്കാനാണ്, ഏട്ടനെ തേടി……

തെക്കേപറമ്പിലെ പുളി മാവുകൾ

Story written by Saji Thaiparambu

ദൂരെ നിന്നേ, വീട്ട് മുറ്റത്ത് ആൾകൂട്ടം കണ്ടപ്പോൾ അശ്വതി ഉറപ്പിച്ചു, അച്ഛൻ മരിച്ചുവെന്ന്.

നീ വേഗം വീട്ടിലേക്ക് വാ ,അച്ഛന് തീരെ സുഖമില്ല ,എന്ന് അമ്മാവൻ ഫോൺ ചെയ്തപ്പോഴെ ചെറിയ സംശയമുണ്ടായിരുന്നു.

പക്ഷേ ഇത്ര പെട്ടെന്ന് …?

കഴിഞ്ഞയാഴ്ച ഡോക്ടറെ കണ്ടപ്പോഴും ,അടുത്ത മാസം സർജറി മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.

അതിനു മുമ്പ്, മകനെ ഒന്ന് കാണണമെന്നുള്ള അച്ഛൻ്റെ അഭിലാഷം പൂർത്തി കരിക്കാനാണ്, ഏട്ടനെ തേടി ടൗണിലേക്ക് വന്നത് .

സങ്കടക്കടൽ ഒരു പെരുമഴയായി പെയ്യാനൊരുങ്ങി, നെഞ്ചിൻ കൂടിനുള്ളിൽ, കോ പ്പ് കൂട്ടുന്നത് അവളറിഞ്ഞു.

പാടവരമ്പിൽ നിന്നും, പറമ്പിലേക്കുള്ള പടിക്കെട്ടുകൾ കയറുമ്പോൾ, കാലുകൾക്ക് വല്ലാത്ത ബലക്ഷയം തോന്നി.

മുറ്റത്ത് ചെറുകൂട്ടങ്ങളായി നില്ക്കുന്ന, പരിചിതരുടെ മുഖത്ത് നിന്നും, തന്നിലേക്ക് നീളുന്ന സഹതാപനോട്ടം, നിറഞ്ഞ മിഴികളിലൂടെ അവൾ കണ്ടു .

മരണമറിഞ്ഞെത്തിയവരുടെ മുഖത്ത് പ്രതിഫലിക്കുന്ന, ഏച്ച് വച്ച വിഷാദ ഭാവം , തന്നെ ബോധ്യപ്പെടുത്താനുള്ളതാണെന്ന് അശ്വതിക്ക് മനസ്സിലായി.

മരണ ഗന്ധം പരത്തുന്ന ചന്ദനത്തിരിയുടെ പുകച്ചുരുളുകൾക്ക് പുറകിൽ, പാതി ജീവനുമായി അമ്മ തളർന്നിരിക്കുന്നു, അടുത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളു മായി തൻ്റെ രണ്ട് അനുജത്തിമാർ ,അവരുടെ ഇടയ്ക്കിടെയുള്ള നെടുവീർപ്പുകൾ, ഉള്ളിൽ വിതുമ്പാൻ വെമ്പുന്ന വിലാപങ്ങൾക്ക് കടിഞ്ഞാണിട്ടു.

പൂമുഖത്ത്, നിലത്ത് വിരിച്ച വെള്ളത്തുണിക്ക് മുകളിൽ അച്ഛൻ ശാന്തമായി ഉറങ്ങുന്നു.

ഉറങ്ങട്ടെ ,എത്ര നാളുകളായി അച്ഛൻ നന്നായി ഒന്നുറങ്ങിയിട്ട്, ഇന്നലെ വരെ വേദന കൊണ്ട് പുളയുന്ന അച്ഛൻ, തനിക്കും അമ്മയ്ക്കും ഒരു വീർപ്പ് മുട്ടൽ സൃഷ്ടിച്ചിരുന്നു.

അച്ഛൻ്റെ വേദനകളെ ശമിപ്പിക്കാൻ, തങ്ങൾക്ക് കഴിയാതെ വരുമ്പോഴുള്ള നിസ്സഹായാവസ്ഥയിൽ, അറിയാതെ ആഗ്രഹിച്ചിട്ടുണ്ട്, ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിലെന്ന്.

എത്രയോ ക്രൂരമായ ചിന്തയാണതെന്ന് അറിയാഞ്ഞിട്ടല്ല,

അച്ഛൻ്റെ രോദനം മനസ്സിനെ അത്രയധികം സ്വാധീനിച്ചിരുന്നു.

ചിതയ്ക്ക് തീ കൊളുത്താൻ രമേശൻ വരുമോ?

ഉമ്മറത്ത് നിന്ന് ആരോ വിളിച്ച് ചോദിക്കുന്നു.

അപ്പോൾ അച്ഛനരികിൽ, നിശ്ചലമായിരുന്ന അമ്മയുടെ ചോദ്യഭാവം കലർന്ന നോട്ടം, തൻ്റെ നേർക്കാണെന്നറിഞ്ഞ അശ്വതി എന്ത് പറയുമെന്നറിയാതെ വിയർത്തു പോയി.

ചിത കൊളുത്താനായി ,അച്ഛൻ്റെ മൂത്ത മകൻ വരില്ലെന്ന് പറയണോ?

നിൻ്റെ താഴെ മൂന്ന് പെൺകുട്ടികളാണെന്നും, എൻ്റെ കാലശേഷം അവരെ നോക്കേണ്ടത്, നിൻ്റെ കടമയാണെന്നുമൊക്കെ പറഞ്ഞ് പഠിപ്പിച്ച അച്ഛനെ, അവസാനമായി ഒന്ന് കാണാൻ പോലും, ഏകമകൻ വരില്ലെന്ന് താൻ എങ്ങനെ പറയും.

തനിക്ക് താഴെയുള്ള പ്രായമായ മൂന്ന് പെൺകുട്ടികളുടെ ഭാവി തുലാസ്സിലാക്കിയിട്ട്, ഇഷ്ടപ്പെട്ട പെൺകുട്ടിയെയും കൊണ്ട് തറവാട്ടിലേക്ക് കടന്ന് വന്ന ഏട്ടനെ, നിർദാക്ഷിണ്യം പടിയിറക്കി വിടുമ്പോൾ, അവസാനം തനിക്ക് വായ്ക്കരി ഇടേണ്ട പുത്രനാണെന്ന്, ഒരു പക്ഷേ അച്ഛൻ, അപ്പോൾ ഓർത്ത് കാണില്ല,

അതൊക്കെ ഇനി ചിന്തിച്ചിട്ട് കാര്യമില്ലല്ലോ ,കാരണം വിജയിക്കുമെന്ന് ഒരു ശതമാനം പോലും ഉറപ്പില്ലാത്ത മേജർ സർജറിക്ക്, ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ട് പോയ ഏട്ടനരികിൽ നിന്നാണ്, താൻ ഇപ്പോൾ വരുന്നത്.

തന്നെക്കണ്ട് പശ്ചാത്താപവിവശനായ, ഏട്ടൻ തന്നോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമായിരുന്നു.

തീയേറ്ററിൽ നിന്നിറങ്ങുന്നത് ജീവനോടെയാണെങ്കിലും , അല്ലെങ്കിലും എന്നെ നീ അച്ഛനരികിലെത്തിക്കണമെന്ന്, മരിച്ചില്ലെങ്കിൽ അച്ഛൻ്റെ കാല് പിടിച്ച് എനിക്ക് മാപ്പ് പറയണം ,ഇല്ലെങ്കിൽ എൻ്റെ ബോഡി തെക്കേ പറമ്പിൽ ദഹിപ്പിക്കണമെന്നും അവിടെയിരുന്ന് എനിക്കെൻ്റെ അച്ഛനെയും ,അമ്മയേയും കൂടെപ്പിറപ്പുകളെയും എപ്പോഴും കാണാമല്ലോ എന്നും പറയുമ്പോൾ, വീണ്ട് വിചാരമില്ലാതെ എടുത്ത് ചാടി, ജീവിതം നഷ്ടപ്പെടുത്തിയ ഒരു പരാജിതൻ്റെ ക്ഷീണിച്ച മുഖമായിരുന്നു ഏട്ടനപ്പോൾ.

ഈറനുടുത്ത്, വിറയ്ക്കുന്ന കൈകളോടെ, അച്ഛൻ്റെ ചിതയിലേക്ക് തീ പകരു മ്പോൾ ,പറമ്പിൻ്റെ തെക്കേ അതിരിലെ മൺപാതയിലൂടെ പൊടിപറത്തി വന്ന ആംബുലൻസിനുള്ളിൽ, ഏട്ടൻ്റെ മൃതദേഹമാണെന്ന് അശ്വതിക്ക് മാത്രമേ മനസ്സിലായുള്ളു .

രാമേട്ടാ… ഒരു മാവ് കൂടി മുറിച്ചിട്ടോളു ,ചിതയൊരെണ്ണം കൂടി ഒരുക്കണം

അപ്പോഴേക്കും ,ഏട്ടൻ്റെ ചിതയ്ക്ക് കൂടി തീ കൊളുത്താനായി ,അശ്വതി മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *