മകളുടെ വിവാഹത്തോടെ, വീണ്ടും വിജയനുമായിട്ട് തൻ്റെ ഭാര്യ ബന്ധം സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന്, അയാൾ ഭയപ്പെട്ടു…

Story written by Saji Thaiparambu

“ഇവിടുത്തെ അടിച്ച് തളിക്കാരിയുടെ മോനോടൊപ്പം ജീവിക്കാമെന്ന്, നീ സ്വപ്നത്തിൽ പോലും കരുതേണ്ട ,ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല”

കോപാകുലനായ വാസുദേവൻ, മകളോട് അസന്നിഗ്ധമായി പറഞ്ഞു.

“ഇല്ലച്ഛാ.. വിഷ്ണുവിനെയല്ലാതെ മറ്റൊരാളെയും, ഇനി എൻ്റെ ഭർത്താവായി സങ്കല്പിക്കാനാവില്ല, അങ്ങനെ വന്നാൽ, ഈ മോളും ജീവനോടെയുണ്ടാവില്ല, അച്ഛൻ നോക്കിക്കോ”

ഒരു വെല്ലുവിളി പോലെ, മകളതും പറഞ്ഞ് പോയപ്പോൾ, വാസുദേവൻ പ്രതിസന്ധിയിലായി.

ഓമനിച്ച് വളർത്തിയ ഒറ്റമകളാണ്, ചെറുപ്പം മുതലേ ചോദിക്കുന്നതെന്തും വാങ്ങിച്ച് കൊടുത്ത് വഷളാക്കിയത്, താൻ തന്നെയാണ് ,അത് കൊണ്ട് തന്നെ ആഗ്രഹിച്ചതെന്താണെങ്കിലും, അത് സ്വന്തമാക്കാൻ, മകൾ ഏതറ്റം വരെയും പോകുമെന്ന് അയാൾക്ക് നന്നായറിയാമായിരുന്നു.

മകളെ ഏത് വിധേനയും ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചേ മതിയാവു എന്ന് , വാസുദേവൻ തീരുമാനിച്ചു.

അതിനായി എന്ത് തൊട്ടിത്തരവും കാണിക്കാൻ, അയാൾ തയ്യാറായിരുന്നു,

അതയാളുടെ അഭിമാന പ്രശ്നമായിരുന്നു.

“നിനക്കറിയില്ലേ മോളേ.. അച്ഛന് ആ കുടുംബത്തോടുള്ള വൈരാഗ്യത്തെക്കുറിച്ച്, അപ്പോൾ പിന്നെ അച്ഛൻ അത് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?

തൻ്റെയരികിലേക്ക് കരഞ്ഞ് കൊണ്ട് വന്ന മകളെ, ആശ്വസിപ്പിച്ച് കൊണ്ട് സുഭദ്ര അവളോട് ചോദിച്ചു.

“അതിന് ,വിഷ്ണുവിൻ്റെ അച്ഛനുമായി ,പണ്ടെങ്ങാണ്ട് അമ്മ ഇഷ്ടത്തിലായിരുന്നെന്നും പറഞ്ഞല്ലേ, അച്ഛനെതിർക്കുന്നത്”

“അത് വെറുമൊരു ഇഷ്ടമല്ലായിരുന്നു മോളെ.. നിൻ്റച്ഛനും വിഷ്ണുവിൻ്റെയച്ഛൻ വിജയേട്ടനും , മുമ്പ് സുഹൃത്തുക്കളായിരുന്നു, വിജയേട്ടനെപ്പോലെ തന്നെ ,നിൻ്റെയച്ഛനും എന്നെയിഷ്ടമായിരുന്നു, അതെന്നോട് തുറന്ന് പറയുകയും ചെയ്തു,പക്ഷേ അപ്പോഴേക്കും ഞാൻ വിജയേട്ടനുമായി ഒരിക്കലും പിരിയാനാവാത്ത വിധം, മനസ്സ് കൊണ്ട് അടുത്ത് പോയിരുന്നു ,എന്നാൽ നിൻ്റെയച്ഛൻ ചില കള്ള പ്രചരണത്തിലൂടെ വിജയേട്ടനെ, എൻ്റെയും നാട്ടുകാരുടെയും മുന്നിൽ ഒരു മോശക്കാരനായി ചിത്രീകരിച്ചു, അങ്ങനെ ഒരു ചതിപ്രയോഗത്തിലൂടെയാണ് നിൻ്റെയച്ഛൻ എന്നെ സ്വന്തമാക്കിയത് , അതിൻ്റെ വൈരാഗ്യം വിഷ്ണുവിൻ്റെ അച്ഛനുണ്ടാവുമെന്നും, അത് കൊണ്ട് നിന്നെ അവിടേക്കയച്ചാൽ, അച്ഛനോടുള്ള വൈരാഗ്യം, അവർ നിന്നോട് തീർക്കുമെന്ന പേടിയിലുമാണ്, നിൻ്റെ അച്ഛൻ ഇതിന് എതിര് നില്ക്കുന്നത്”

“അച്ഛൻ ചതിയനാണെന്നറിഞ്ഞിട്ടും, അമ്മയെന്തിനാ പിന്നെ അച്ഛനോടൊപ്പം തന്നെ ജീവിക്കുന്നത്”

“അതൊക്കെ അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും, നീയെൻ്റെ വയറ്റിൽ ഒരു ഭ്രൂ ണമായി വളർന്ന് കഴിഞ്ഞിരുന്നു ,ഇപ്പോൾ നിങ്ങളൊക്കെ പറയാറില്ലേ ?പെട്ട് പോയെന്ന്, അതായിരുന്നു അമ്മയുടെ അവസ്ഥ ,പക്ഷേ അന്ന് മുതൽ ഞാൻ അച്ഛനുമായി മാനസികമായി ഒരു പാട് അകന്ന് പോയിരുന്നു ,ഇപ്പോഴും രണ്ട് ശരീരങ്ങൾ മാത്രമാണ്, ഒരു മുറിയിൽ അന്തിയുറങ്ങുന്നത്, മനസ്സ് കൊണ്ട് ഞങ്ങൾ തികഞ്ഞ ശത്രുക്കളാണ്”

“പക്ഷേ, എനിക്ക് വിഷ്ണുവിനെ മറക്കാൻ കഴിയില്ലമ്മേ.. എനിക്ക് വേണ്ടി, അമ്മ അച്ഛനെ കൊണ്ട് എങ്ങനെയെങ്കിലും ഇത് സമ്മതിപ്പിക്കണം, പ്ളീസ്”

“നോക്കട്ടെ മോളേ ..ഇതിപ്പോൾ എൻ്റെയും കൂടി ഒരാവശ്യമാണ്, അച്ഛനെ ഒന്ന് തോല്പിക്കുക എന്നത് ,എന്നാലേ എൻ്റെ മനസ്സിലെരിയുന്ന കനലണയു”

തൻ്റെ പ്രാണനായിരുന്ന വിജയേട്ടനെ ,തന്നിൽ നിന്നും പറിച്ച് മാറ്റിയ, ഭർത്താവിനോടുള്ള വൈരാഗ്യം, സുഭദ്രയുടെ മനസ്സിൽ ആളിക്കത്തി.

ഈ സമയം വാസുദേവൻ , മകളെ പിന്തിരിപ്പിക്കാനുള്ള, എന്തെങ്കിലും ആശയത്തിനായി, കാര്യസ്ഥനായ കുമാരനുമായി ഗൂഡാലോചനയിലായിരുന്നു.

കുറച്ച് കടന്ന കൈയ്യാണെങ്കിലും, കുമാരൻ തൻ്റെ യജമാനന് ഒരാശയം പറഞ്ഞ് കൊടുത്തു.

രാത്രിയിൽ അത്താഴം കഴിഞ്ഞ്, പതിവുള്ള സിഗരറ്റ് വലിക്കുന്നതിനായി, വാസുദേവൻ ബാൽക്കണിയിലേക്ക് കയറിയപ്പോൾ, പുറകെ സുഭദ്രയും ചെന്നു.

“ഉം, നീ എന്താ പതിവില്ലാതെ ഇങ്ങോട്ട് വന്നത്”

ഗൗരവത്തിലാണ്, വാസുദേവൻ ഭാര്യയോട് ചോദിച്ചത്.

“മുഖവുരയില്ലാതെ തന്നെ ഞാനൊരു കാര്യം പറയാം, ഇന്ന് വരെ ഞാൻ നിങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല ,ആദ്യമായാണ് ,അതും എൻ്റെ മോൾക്ക് വേണ്ടി ,എന്തിനാ അവളുടെ ഇഷ്ടത്തിന് എതിര് നില്‌ക്കുന്നത്, നമുക്ക് ആണായും പെണ്ണായും അവളൊരാളല്ലേ ഉള്ളു”

മകൾക്ക് വേണ്ടി, ഭാര്യ സപ്പോർട്ട് ചെയ്യുന്നത് കേട്ടപ്പോൾ, അയാൾക്ക് വീണ്ടും സംശയമായി, മകളുടെ വിവാഹത്തോടെ, വീണ്ടും വിജയനുമായിട്ട് തൻ്റെ ഭാര്യ ബന്ധം സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന്, അയാൾ ഭയപ്പെട്ടു, ഇല്ല അതനുവദിച്ച് കൊടുക്കാൻ പാടില്ല, എങ്ങനെയെങ്കിലും ഇതിന് തടയിടണം, അയാൾ കുമാരൻ പറഞ്ഞു തന്ന ഐഡിയ പുറത്തെടുക്കാൻ തീരുമാനിച്ചു.

“ഞാനീ ബന്ധം എതിർക്കുന്നതിൽ നീ അറിയാത്ത മറ്റൊരു രഹസ്യം കൂടിയുണ്ട് സുഭദ്രേ..”

“എന്ത് രഹസ്യം ?

അത് പറയുന്നതിന് മുമ്പ്, വാസുദേവൻ കൈയ്യിലെരിയുന്ന സിഗരറ്റിൻ്റെ പുക, രണ്ട് മൂന്ന് തവണ ആഞ്ഞ് വലിച്ചിട്ട് കുറ്റി പുറത്തേയ്ക്കെറിഞ്ഞു.

“നിനക്കറിയാമല്ലോ? വിഷ്ണുവിൻ്റെ അമ്മ പ്രമീള , മുമ്പ് ഇവിടുത്തെ അടിച്ച് തളിക്കാരിയായിരുന്നു എന്നകാര്യം, നമ്മുടെ കല്യാണത്തിന് തൊട്ട് മുമ്പ്, കൂട്ടുകാരോടൊപ്പം മ ദ്യപിച്ചിട്ട് തിരിച്ച് വീട്ടിലെത്തിയ ഞാൻ, സ്വബോധമില്ലാതെ ഒറ്റയ്ക്കായിരുന്ന പ്രമീളയെ കടന്ന് പിടിച്ചു, എതിർക്കാൻ ശ്രമിച്ച അവളെ ഞാൻ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ,അതിന് ശേഷം അവളിവിടെ ജോലിക്ക് വന്നിട്ടില്ല, പിന്നീട് നിന്നെ ഞാനും, അവളെ വിജയനും കല്യാണം കഴിച്ചതിന് ശേഷം ,ഒരിക്കലവളെ വഴിയിൽ വച്ച് കണ്ടു, അന്ന് മാപ്പ് പറയാൻ ചെന്ന എന്നോടവൾ പറഞ്ഞത്, ഞെട്ടിക്കുന്നൊരു സത്യമായിരുന്നു, അവൾ ഗർഭിണിയാണെന്നും , അതിനുത്തരവാദി ഞാനാണെന്നുമാണ്, അന്നവൾ പറഞ്ഞത് ,ഇനി പറയു ,നമ്മുടെ മകൾ സ്നേഹിക്കുന്നത്, അവളുടെ സഹോദരനെയാണെന്ന് അറിഞ്ഞ് കൊണ്ട്, ഞാനെങ്ങനെ ഈ ബന്ധത്തിന് സമ്മതിക്കും, നീ തന്നെ പറ”

തൻ്റെ ഭർത്താവിൻ്റെ വായിൽ നിന്ന് വീണ വാചകങ്ങൾ കേട്ട്, സുഭദ്രയ്ക്ക് അയാളോടുള്ള വൈരാഗ്യം ഒന്ന് കൂടി വർദ്ധിച്ചു.

തന്നെ, സ്നേഹിച്ച പുരുഷനിൽ നിന്ന് കള്ളക്കഥകൾ മെനഞ്ഞ് തൻ്റെ ജീവിതം നശിപ്പിച്ചത് പോലെ, മറ്റൊരു തിരക്കഥയിലൂടെ മകളുടെ ഇഷ്ടവും ഇല്ലാതാക്കാനാണ്, ഭർത്താവിൻ്റെ ശ്രമമെന്ന് സുഭദ്രയ്ക്ക് മനസ്സിലായി ,അങ്ങനെ അയാൾ ജയിക്കാൻ പാടില്ല

താൻ അനുഭവിച്ച മാനസികവ്യഥ, ഇയാളും അനുഭവിക്കണം ,എന്ത് വില കൊടുത്തും, തന്നെ ചതിച്ച തൻ്റെ ഭർത്താവിനെ തോല്പിക്കാനായി, അവളും ഒരു കഥ മെനഞ്ഞു.

“നമ്മുടെ മകൾ നന്ദന ,നിങ്ങളുടെ രക്തത്തിൽ പിറന്നാലല്ലേ, അവര് തമ്മിൽ സഹോദരങ്ങളാകു , പക്ഷേ നന്ദന, വിജയേട്ടൻ്റെ മകളാണ് ,നിങ്ങളെന്നോടും നാട്ടുകാരോടും അന്ന് പ്രചരിപ്പിച്ചത് മുഴുവൻ കള്ളക്കഥകളാണെന്ന്, എന്നെ ബോധിപ്പിക്കാനായി, വിജയേട്ടൻ നമ്മുടെ കല്യാണ ശേഷം, ഇവിടെ വന്നിരുന്നു ,അന്നിവിടെ ഞാനും തനിച്ചേ ഉണ്ടായിരുന്നുള്ളു ,വിജയേട്ടൻ നിരപരാധിയാണെന്നറിഞ്ഞപ്പോൾ, ഞാനദ്ദേഹത്തിൻ്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു ,ആ ഒരു ദുർബ്ബല നിമിഷത്തിൽ, ഞങ്ങളറിയാതെ ഒന്നായി ,പിന്നീട് ഞാൻ ഭയന്നത് പോലെ തന്നെ സംഭവിച്ചു ,അതിന് ശേഷം എനിക്ക് മു റതെറ്റാതിരുന്നപ്പോൾ എനിക്ക് ഉറപ്പായിരുന്നു ,നന്ദന , വിജയേട്ടൻ്റെ തന്നെ രക്തമാണെന്ന്”

“എടീ .. ഇത്രയും നാളും നീയെന്നെ ചതിക്കുകയായിരുന്നല്ലേ?

വാസുദേവൻ അലറിക്കൊണ്ട് അവളുടെ നേരെ കൈ ഉയർത്തി.

“വേണ്ട ,എന്നെ തല്ലാനുള്ള യോഗ്യത നിങ്ങൾക്കില്ല ,ചതിക്ക് ചതി ,അതാണ് എൻ്റെ പോളിസി, മര്യാദയ്ക്ക് ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ, ഇപ്പോൾ നിങ്ങളിവിടെ പറഞ്ഞ രഹസ്യങ്ങളൊക്കെ നാളെ അങ്ങാടിപ്പാട്ടാകും, എൻ്റെ ജീവിതമെന്തായാലും നാ യ നക്കി, നിങ്ങളുടെ തറവാടിന് ചീത്തപ്പേര് ഉണ്ടാകാതിരിക്കണമെങ്കിൽ, ഞാൻ പറയുന്നത് അനുസരിച്ചോണം”

ഭാര്യയുടെ ഭീഷണിയിൽ, അയാളുടെ ഉയർന്ന കൈ നിസ്സഹായതയോടെ താഴ്ന്നു പോയി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *