മഞ്ജു എന്ന അദ്ദേഹത്തിന്റെ കാമുകി ഡിവോഴ്സ് വാങ്ങി തിരിച്ചു നാട്ടിലെത്തി പഴയ കാമുകനുമായി പുതിയ ബന്ധം വളർത്തുന്നുണ്ടെന്ന് …..

മച്ചിയിൽ നിന്ന് ഗർഭിണിയിലേക്ക്

Story written by Sruthi Prasad

“ഗോപികെ”

സഞ്ചൂന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ നേരമാണ് പിറകിൽ നിന്നാരോ എന്റെ പേര് വിളിച്ചത്. തിരിഞ്ഞാളെ നോക്കിയതും നാളുകൾക്കു ശേഷം എന്റെ പ്രിയ കൂട്ടുകാരി ജ്യോതിയെ കണ്ട സന്തോഷം എന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു.

“ജ്യോതി സുഖാണോടി നിനക്ക്?”

“എനിക്ക് സുഖമൊക്കെ തന്നെയാ മോളെ. നിന്നെ എത്ര കാലമായെടി കണ്ടിട്ട്? കുറച്ചൂടെ വണ്ണിച്ചല്ലോ? നിന്റെ”

പറഞ്ഞ് പൂർത്തിയാകുന്നതിനു മുൻപ് അവളുടെ കണ്ണുകൾ എന്റെ ചെറുതായി വീർത്തുന്തിയ വയറിലേക്ക് പതിച്ചു. ആദ്യത്തെ ഞെട്ടലിൽ നിന്നു മുക്തയായ അവൾ പിന്നീട് നിറഞ്ഞ കണ്ണുകളാൽ വാപൊത്തി എന്നെ സന്തോഷത്തോടെ നോക്കി.

“ഡീ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇതിപ്പോ എത്ര മാസമായി”

“അഞ്ചാമത്തെ.”

ചിരിയോടെ ഞാനവൾക്ക് മറുപടി നൽകി.

“ഡോക്ടറെ കാണിച്ചിട്ട് എന്ത് പറഞ്ഞു വേറെ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ?”

“ഹേയ് ഇല്ലെടി,

പിന്നെ ജ്യോതി ഇതെന്റെ ഹസ്ബൻഡ് സഞ്ജു. ഇവിടെ അടുത്തുള്ള ഗവൺമെന്റ് സ്കൂളിലെ ഇംഗ്ലീഷ് സാറാണ്.”

സഞ്ജുവിനെ സംശയത്തോടെ നോക്കുന്ന ജ്യോതിയെ പുഞ്ചിരിയോടെ അവരെ പരസ്പരം പരിചയപ്പെടുത്തി.

“ഹായ് ജ്യോതി”

“ഹായ് സഞ്ജു”

അവളെയും കൂട്ടി ഞങ്ങൾ അടുത്തുള്ള കോഫി ഷോപ്പിൽ കയറി അവളുടെ വിശേഷമൊക്കെ ഞാൻ ചോദിച്ചറിഞ്ഞു. ജ്യോതി അവടെയൊരു ഫ്രണ്ടിനെ കാണാൻ വേണ്ടിയാണ് ഹോസ്പിറ്റലിൽ വന്നത്. അവളുടെ ഫ്രണ്ട് ഒരാൾക്സിഡന്റ് പറ്റി അവിടെ അഡ്മിറ്റാണ്.

“ജ്യോതി ഇപ്പൊ എന്ത് ചെയ്യുവാ???”

സഞ്ജുവാണ് ചോദിച്ചത്.

“ഇപ്പോ ഒന്നും ചെയ്യുന്നില്ല വെറുതെ അവിടെയും ഇവിടെയും ഒരു ജോലിയു മില്ലാതെ ചുറ്റിക്കറങ്ങുന്നു. ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്തു ബട്ട്‌ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല.”

അങ്ങനെ സംസാരിക്കുന്നതിടയ്ക്ക് സഞ്ജുന് ഒരു കോൾ വന്നു. ഞങ്ങൾക്ക് കുടിക്കാനുള്ളത് ഓർഡർ ചെയ്തിട്ട് വരാമെന്ന് പറഞ്ഞ് സഞ്ജു കുറച്ചങ്ങോട്ട് മാറി നിന്നു.

സഞ്ജു പോയതും ജ്യോതി ഗോപികക്ക് നേരെ തിരിഞ്ഞു.

“ഗോപു നീ ഹാപ്പിയല്ലേ?”

“എന്റെ മുഖം കണ്ടിട്ട് നിനക്കെന്ത് തോന്നുന്നു.”

“നിന്റെ മുഖത്തെ തെളിച്ചം കാണുമ്പോഴേ അറിയാം നീ ഒത്തിരി ഒത്തിരി ഹാപ്പിയാണെന്ന്.”

“അപ്പോ പിന്നെ ഹാപ്പിയാണോ എന്ന ചോദ്യത്തിന്റെ ആവശ്യമുണ്ടോ?”

“ഇല്ല, ബട്ട് എന്തോ ചോദിക്കാതിരിക്കാൻ തോന്നിയില്ല. അതൊക്കെ വിട്, നീ എപ്പോഴാ നാട്ടിൽ തിരിച്ചെത്തിയത്.”

“രണ്ടാഴ്ചയായി.”

“നീ വീട്ടിലോട്ട് പോയില്ലേ”

കുറച്ചു നേരത്തെ നിശബ്ദതയ്ക്കൊടുയിൽ ഗോപിക സംസാരിച്ചു തുടങ്ങി.

“ഏത് വീട്???”

“ഗോപു ഞാൻ നിന്റെ അച്ഛനെയും അമ്മയെയും അനിയത്തിയേയും കാണാൻ പോയില്ലേ എന്നാണ് ഉദ്ദേശിച്ചത്.”

“നീ ഈ പറയുന്നവരൊക്കെ ഒരു വിഷമഘട്ടത്തിൽ എന്റെ കൂടെ നിൽക്കാതെ എന്നെ തള്ളിക്കളഞ്ഞവരാണ്. എനിക്കെന്താണ് പറയാനുള്ളത് പോലും അവർ ചോദിച്ചറിയാൻ ശ്രമിച്ചിട്ടില്ല. താലികെട്ടിയെ പുരുഷൻ മച്ചിയെന്ന വിളിപ്പേര് നൽകി ആക്ഷേപിച്ചപ്പോൾ ഒരിറ്റ് സാന്ത്വനമേകാൻ എന്റെ വീട്ടുകാരെങ്കിലും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ എന്റെ വിശ്വാസത്തെ തച്ചുടച്ചു കൊണ്ട് അവരെന്നെ കുത്തുവാക്കുകൾ കൊണ്ട് ആത്മഹത്യയിലേക്ക് തള്ളിയിടാനുള്ള ശ്രമത്തിലായിരുന്നു. അതിൽനിന്നൊക്കെ എന്നെ മോചിപ്പിച്ച് കരുത്തു നൽകി ഒരു പുതുജീവിതം നൽകിയത് നിന്റെ ചേച്ചിയാ. ലച്ചു വേച്ചിയില്ലായിരുന്നെങ്കിൽ ഞാനിപ്പോ…”

വാക്കുകൾ പൂർണമാകാതെ മിഴികൾ നിറഞ്ഞ് ചെറിയൊരു കരച്ചിലായി രൂപപ്പെട്ടു.

“ഹേ ഡീ കരയാതെ ഞാൻ നിന്നെ വിഷമിപ്പിക്കാനായിട്ട് ഓരോന്നും ചോദിച്ചതല്ല. നിന്റെമ്മ ഒരു മാസം മുന്നേ എന്റെ വീട്ടിൽ വന്നിരുന്നു. നീയിപ്പോ എവിടാ യെന്നൊക്കെ ചേച്ചിയോട് കുറെ ചോദിച്ചറിയാൻ ശ്രമിച്ചു എന്നാൽ ചേച്ചി അവരോട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. എന്തിനു പറയുന്നു എന്നോട് പോലും നിന്റെ കാര്യങ്ങളൊന്നും തുറന്നു പറഞ്ഞിട്ടില്ല. ഞാൻ എന്തെങ്കിലും ചോദിച്ചാൽ അത് നീയറിയേണ്ട ആവശ്യമില്ലയെന്ന് പറഞ്ഞു എന്റെ വായടപ്പിക്കും.

പഴയപോലെ അല്ലെടി നിന്റെമ്മക്ക് നിന്നെയൊന്നു കാണാമെന്നുണ്ട്. നിന്നോട് പറഞ്ഞതൊക്കെ ഓർത്തു ആ കുടുംബം ഇപ്പോഴും കുറ്റബോധത്തിൽ നീറുന്നുണ്ട്. ആദ്യമൊക്കെ എനിക്കും അവരോട് ദേഷ്യമായിരുന്നെങ്കിലും എന്റെ മുന്നിൽ വന്ന് നിന്നെ കാണണമെന്ന് പറഞ്ഞ് കരയുന്നവരെ കണ്ടപ്പോൾ എന്തോ സഹതാപം തോന്നി പോയി. പറ്റുവെങ്കിൽ ഒന്നു ചെന്ന് കാണ്.”

“മം. അല്ലെങ്കിലും ഞാൻ കരഞ്ഞിരുന്ന കാലമൊക്കെ പോയി. ആ കാലമങ്ങനെ മറക്കാനും കഴിയില്ല.

അതുവല്ല ഞാൻ കരയുന്നത് വല്ലതും സഞ്ജു കണ്ടോണ്ട് വന്നാൽ വഴക്കു പറയാൻ പബ്ലിക് പ്ലേസാണെന്നൊന്നും നോക്കൂല്ല.”

നിറഞ്ഞ കണ്ണുകൾ തൂവാല കൊണ്ട് മായ്ച്ചുകളഞ്ഞ് ഒരു ചിരിയോടെ സഞ്ജുനെക്കുറിച്ച് ഗോപിക വാചാലയായി.

“ഹാ നിന്നോട് പറയാനൊരു ഗുഡ് ന്യൂസ് കൂടിയുണ്ട്.”

ജ്യോതി പറഞ്ഞതുകേട്ട് ഗോപിക അതെന്താണെന്ന് രീതിയിൽ അവളെത്തന്നെ ഉറ്റുനോക്കി.

“കയ്യിൽ കിട്ടിയ മാണിക്യമായ നിന്നെ തള്ളിക്കളഞ്ഞ നിന്റെ ആദ്യ ഭർത്താവ് മഹേഷ് ഇപ്പോ നടുറോഡിൽ ക ള്ളും കുടിച്ച് കൂത്താടി നടക്കുന്നുണ്ട്.”

ഗോപിക മഹേഷിന്റെ പേരുകേട്ടതും ഒന്നും മിണ്ടാതെ ജ്യോതി പറയുന്നതിൽ ശ്രദ്ധ കൊടുത്തു.

“നിന്നെ ഡിവോഴ്സ് ചെയ്ത് കുറച്ചുദിവസം കഴിഞ്ഞതും മഹേഷ് അങ്ങേരുടെ കാമുകിയെ കെട്ടി. മഹേഷിന്റെ അമ്മ നീയെന്ന ദുരന്തം ഒഴിഞ്ഞുപോയ സമാധാനത്തിൽ അവളെ സന്തോഷത്തോടെ നിലവിളക്ക് കൊടുത്തു ആനയിച്ചു കേറ്റുകയും ചെയ്തു. എന്നാൽ ആ തള്ളക്ക് അറിയില്ലായിരുന്നല്ലോ മഹാലക്ഷ്മിയെ ചവിട്ടി പുറത്താക്കിയിട്ട് അതിനുപകരം വിളിച്ചു കേറ്റിയത് കുടുംബം മുടിപ്പിക്കാനായിട്ടു വന്ന നശൂലമാണെന്ന്. അല്ല, ആ ന ശൂലത്തിന്റെ പേരെന്തായിരുന്നു.”

“മഞ്ജു”

ഒരു പുച്ഛത്തോടെ ഗോപിക ആ പേര് ജ്യോതിയോട് പറഞ്ഞു.

“മം, അവൾ കാലെടുത്തു വെച്ചിട്ട് ഒരു ദിവസം കഴിഞ്ഞില്ല അവളുടെ ഭരണം അവളാ വീട്ടിൽ പ്രഖ്യാപിച്ചു തുടങ്ങി. ആ തള്ള അവളുടെ കാശ് കണ്ടു ആദ്യം ഒതുങ്ങി നിന്നെങ്കിലും ചെലവിന് പോലും മകനും മരുമകളും അവരെ നോക്കുന്നില്ലെന്നായപ്പോൾ അവരുടെ തറ സ്വഭാവം പുറത്തെടുത്തതാ. എന്നാൽ ചീറ്റി പോയി.

നിന്റെടുത്തു നടത്തുന്ന പോരും കൊണ്ട് അവളുടെ നേരെയും ചെന്നു. അവളാണെങ്കിൽ അപ്പൊ തന്നെ അവർക്കെതിരെ സ്ത്രീ പീ ഡനത്തിന് കേസും കൊടുത്തു അവരെ അഴിക്കുള്ളിലാക്കി.

ബന്ധുക്കളിൽ ആരൊക്കെയോ ചേർന്നാ അവരെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കിയത്. മഹേഷ് പിന്നെ തിരിഞ്ഞു പോലും നോക്കിയില്ല. കാരണം അവൻ മഞ്ജുന്റെ അടിമയാണല്ലോ.

എന്നാൽ ആ തള്ളക്ക് ഒത്തിരി മാറ്റമൊക്കെ വന്നെന്നാ കേൾക്കുന്നെ. ഇപ്പൊ ക്യാനറ ബാങ്കിൽ തൂത്തും തുടച്ചുമൊക്കെയാ അവര് ജീവിക്കുന്നെ. ഞാനൊരു വട്ടം അവരെ ബാങ്കിൽ പോയപ്പോ കണ്ടിരുന്നു. അവരുടെ ശരീരമൊക്കെ എല്ലും തോലുമായി, കണ്ടാൽ നമുക്ക് പോലും കഷ്ടം തോന്നും.

ഒരു ദിവസം ഫ്രീയാണെങ്കിൽ നീ വാ നമുക്ക് ബാങ്കിൽ ചെന്ന് അവരുടെ മുന്നിൽ ഒരു ഷോയും കൂടെ നടത്തിയേച്ചു വരാം. എന്തുപറയുന്നു നീ??”

“പോടീ ഞാനൊന്നുമില്ല. അങ്ങോട്ട് ചെന്നെന്തായാലും അവരെയൊന്നും കാണാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സമയവും ദിവസമൊക്കെ ഇനിയുമുണ്ടല്ലോ. എവിടെയെങ്കിലും വെച്ച് അവരെ ഞാൻ കാണുമായിരിക്കും. അതുമതി.

അല്ല മഞ്ചു അവളിപ്പൊ????”

അവളെക്കുറിച്ച് ചോദിക്കണമെന്ന് ഉദ്ദേശിച്ചതല്ല. എന്നാൽ ഉള്ളിലിരുന്ന് ആരോ ചോദിക്കാൻ ആത്ഞാപിച്ചത് പോലെ.

“അവൾക്ക് മഹേഷിനെ മടുത്തപ്പോൾ പുതിയ പുളുക്കൊമ്പ് തേടി പോയി. അതല്ലേ അങ്ങേരിപ്പോ ക ള്ളും മോന്തി നടക്കണേ.”

അപ്പോഴേക്കും സഞ്ജു കോൾ കഴിഞ്ഞ് ട്രെയിൽ മൂന്ന് ബനാന ഷേക്കും കൊണ്ടുവന്നു. പിന്നെ കുറച്ചു നേരം പരസ്പരം സംസാരിച്ചു കഴിഞ്ഞു ജ്യോതിയുടെ ഫോൺ നമ്പറും വാങ്ങി ഞങ്ങൾ പിരിഞ്ഞു.

സഞ്ജു എന്നെ ശ്രദ്ധയോടെ കോ ഡ്രൈവിംഗ് സീറ്റിലിരുത്തി വീട്ടിലേക്ക് പതിയെ കാറോടിച്ചു. വിൻഡോ ഗ്ലാസിലൂടെ വഴിയോരങ്ങളിലെ കാഴ്ചകളിലൂടെ കണ്ണുനട്ടിരുന്നതും ഓർമ്മകളും അതിലൂടെ കടന്നുപോയി.

കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മ തൊഴിലുറപ്പിന് പോയും ഞങ്ങൾ രണ്ടു പെൺമക്കൾക്കും നല്ല രീതിയിൽ തന്നെ വിദ്യാഭ്യാസവും നേടിത്തന്നു. ഡിഗ്രി ലാസ്റ്റ് ഇയർ ആയപ്പോഴാണ് മൂത്തവളായ എനിക്ക് ബ്രോക്കർ ഒരാലോചനയും കൊണ്ടുവന്നത്.

ചെറുക്കനെയും വീട്ടുകാരെയും കുറിച്ച് നല്ലൊരു നിഗമനം എന്റെ വീട്ടുകാർക്ക് കിട്ടിയതിനാൽ അമ്മയും അച്ഛനും ആ ആലോചന മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചു.

ആരും എന്നോട് സമ്മതമാണോ എന്നൊരു ചോദ്യം പോലും അവരിൽ നിന്നു വന്നില്ല. ഒരു പ്രതിമ കണക്കെ എല്ലാത്തിനും നിന്നുകൊടുത്തു. കല്യാണം ഉറപ്പിച്ചിട്ടും മഹേഷ് എന്ന എന്റെ ഭാവി വരൻ ഇങ്ങോട്ട് വിളിക്കുക പോലു മില്ലായിരുന്നു.

അച്ഛൻ എവിടുന്നൊക്കെയോ കടം വാങ്ങിയും ബാങ്കിൽ നിന്ന് ലോൺ എടുത്തും സ്ത്രീധനം കൊടുക്കാനായിട്ട് ഏകദേശം ഉണ്ടാക്കിയെടുത്തു.

അങ്ങനെ എടുപിടീന്ന് കല്യാണം കഴിഞ്ഞതും മഹേഷിന്റെ അമ്മ നിറഞ്ഞ പുഞ്ചിരിയാലെ എന്നെ വീട്ടിലേക്ക് സ്വീകരിച്ചു. ബന്ധുക്കൾ പലരും സ്വർണം കുറഞ്ഞുപോയെന്ന് ഇടയ്ക്കിടെ ഒളിച്ചും പാത്തും കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിച്ചു.

അതൊക്കെ കേട്ട് അമ്മായിയമ്മയുടെ മുഖം ചെറുതായി കറുത്തതും എന്റെ ശ്രദ്ധയിൽപ്പെട്ടു. ആ വീട്ടിൽ ഒറ്റപ്പെട്ടുപോയതുപോലെ എനിക്ക് തോന്നി. എന്നാൽ എന്റെ സ്നേഹം കൊണ്ട് ഇവരെയൊക്കെ തിരിച്ചു നല്ല വാക്കുകൾ പറയിപ്പിക്കാൻ സാധിക്കുമെന്ന ഒരാത്മവിശ്വാസവും എനിക്കുണ്ടായിരുന്നു.

ദിവസങ്ങൾ പോകെ പോകെ മഹേഷ്‌ എന്ന വ്യക്തിയെ ഞാൻ ശരിക്കും മനസ്സിലാക്കിയില്ല എന്ന് പോലും എനിക്ക് തോന്നി തുടങ്ങി. എന്തെങ്കിലും സംസാരിക്കാൻ ശ്രമിച്ചാൽ കൂടുതലും എന്നിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ഞാനെന്നൊരു മനുഷ്യ ജീവി ആ വീട്ടിൽ ഇല്ലായെന്ന പരിഗണനയാണ് അദ്ദേഹത്തിൽ നിന്ന് എനിക്ക് കിട്ടാറുള്ളത്.

അയലത്തുക്കാരിൽ നിന്നാണ് മഹേഷ് എന്ന വ്യക്തിയുടെ ജീവിതം എനിക്ക് മുന്നിൽ തുറന്നത്. കോളേജ് കാലത്തെ പ്രണയം. ഇടക്കെപ്പോഴോ വഞ്ചന കാട്ടി പ്രണയിനി ചതിച്ചു. മഞ്ജു അതായിരുന്നു അവളുടെ പേര്. വിവാഹം കഴിഞ്ഞ് വിദേശത്താണ് ഭർത്താവിന്റെ ഒപ്പം. ഇപ്പോഴും അവളുടെ ഓർമ്മകളിലാണ് അദ്ദേഹം ജീവിക്കുന്നത്. അവൾ ചതിച്ചിട്ടില്ല എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

അതിനിടയിൽ കുടുങ്ങി പോയതാണ് എന്റെ ജീവിതവും. മകനെ നേർവഴിക്ക് നടത്താൻ അമ്മ കണ്ടെത്തിയ മാർഗം കല്യാണം. കൊള്ളാം….. പുച്ഛമായിരുന്നു അപ്പോഴൊക്കെ എനിക്കെന്നോടു തന്നെ തോന്നിയത്.

അച്ഛനും അമ്മയ്ക്കും വേണ്ടി എല്ലാം ക്ഷമിക്കാനും ഞാൻ തയ്യാറായിരുന്നു. കാരണം ദാമ്പത്യം തുടരുന്നതിനു മുന്നേതന്നെ കൊഴിഞ്ഞു വീഴാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നെക്കൊണ്ട് അദ്ദേഹത്തെ മാറ്റിയെടുക്കാൻ കഴിയും എന്ന് വെറുതെ അല്ലെങ്കിലും ഞാൻ വിശ്വസിച്ചു. എന്നാൽ അതൊരു പരാജയത്തിന്റെ തുടക്കമായിരുന്നെന്ന് ഞാനറിഞ്ഞില്ല.

ആദ്യമൊക്കെ സ്നേഹത്തോടെ സംസാരിച്ചിരുന്ന അമ്മായിയമ്മ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും എന്റെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങി. ഭക്ഷണത്തിന് ഉപ്പോ എരുവോ കൂടിയാലും കുറഞ്ഞാലും കുറ്റപ്പെടുത്താൻ മാത്രമേ അവരുടെ നാവ് പിന്നീട് വെളിയിൽ വരാറുള്ളൂ.

ഭർത്താവ് എന്നൊരാൾ എല്ലാം കാണുന്നുണ്ടെങ്കിലും മറുത്തൊരക്ഷരം പറഞ്ഞില്ല. ഇതെല്ലാം ദാമ്പത്യജീവിതത്തിൽ ഉള്ളതാണെന്ന് വിശ്വസിച്ചു ഞാൻ മുന്നോട്ടുപോയി, തോൽക്കാൻ ഇഷ്ടമില്ലാത്തതു പോലെ.

എന്നാൽ മഞ്ജു എന്ന അദ്ദേഹത്തിന്റെ കാമുകി ഡിവോഴ്സ് വാങ്ങി തിരിച്ചു നാട്ടിലെത്തി പഴയ കാമുകനുമായി പുതിയ ബന്ധം വളർത്തുന്നുണ്ടെന്ന് പലർ വഴിയും അറിയാൻ കഴിഞ്ഞു.

ഭാര്യയെന്ന അധികാരത്തിൽ മഹേഷിനോട് ചോദ്യമുയർത്തിയതും എല്ലാം സമ്മതിക്കുന്ന രീതിയിൽ അദ്ദേഹമെന്നോട് ഏറ്റുപറഞ്ഞു. അദ്ദേഹത്തിന്റെ കാര്യം നോക്കാൻ ഭാര്യ എന്ന ലേബൽ എനിക്കും എന്നാൽ അയാളുടെ പ്രണയത്തിന്റെ അവകാശി മഞ്ജുവായിരിക്കുമെന്ന് വെളിപ്പെടുത്തി.

ആ പറഞ്ഞതിനെതിരെ പ്രതികരിച്ചതിന് ശരീരത്തിലും മുഖത്തുമെല്ലാം പ്രഹരങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. പ്രശ്നം കൂടുതൽ വഷളായതിനാൽ മഹേഷിന്റെ അമ്മയോട് തന്റെയവസ്ഥ പറഞ്ഞതും അവരെന്നെ തരം താഴ്ത്തി സംസാരിച്ചു. കാരണം അതിനു പിറകിൽ മഞ്ചൂന്റെ പൈസയാണെന്ന് വേഗം തന്നെ ഞാൻ മനസ്സിലാക്കി.

ഇനിയും അവിടെ നിൽക്കാൻ പറ്റില്ലെന്ന് ആയപ്പോൾ ആ വീട്ടിൽ നിന്നിറങ്ങി. ഒന്നരവർഷത്തെ ദാമ്പത്യം അവിടെ അവസാനിച്ചു. അന്വേഷിച്ചുവന്ന കുടുംബക്കാരോടും അയൽക്കാരോടുമൊക്കെ എന്നെ മ ച്ചിയാക്കി തീർത്തു അമ്മയും മകനും കൂടി.

തിരിച്ചു വീട്ടിലെത്തിയപ്പോൾ അനിയത്തിയുടെ ജീവിതം തകർക്കാനായിട്ടുണ്ടായ ഒരുമ്പട്ടെവളായി എന്നെ മാറ്റി ജന്മം തന്ന അച്ഛനും അമ്മയും കൂടി. ഒരു മ ച്ചിയുടെ അനിയത്തിക്ക് വിവാഹാലോചനകൾ വരുന്നതുതന്നെ നന്നേ കുറവായിരുന്നു. അഥവാ വന്നാൽ തന്നെ ആരെങ്കിലും പറഞ്ഞ് അത് മുടക്കുമായിരുന്നു.

സ്വന്തം വീട്ടിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥ. തീർത്തും ഒരനാഥയായി ഞാൻ മാറിയിരുന്നു. തന്റെ സത്യാവസ്ഥ കേൾക്കാനോ ചോദിച്ചറിയാനോ അവിടെ ആർക്കും താൽപര്യവും ഇല്ലായിരുന്നു. ആത്മഹത്യ മാത്രമാണ് ഇനിയൊരു വഴിയെന്ന് ഞാൻ ഉറപ്പിച്ചു.

എന്നാൽ അതൊരു തെറ്റായ തീരുമാനമാണെന്ന് ആരോ മനസ്സിലിരുന്ന് എന്നെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. തോറ്റവരുടെ മുന്നിൽ ജീവിച്ചു കാണിക്കണമെന്ന വാശിയിൽ അഭയം തേടിയത് ഉറ്റ കൂട്ടുകാരിയുടെ മുന്നിലാണ്. ജ്യോതി, അവളെനിക്കൊപ്പം നിന്നു. അവളുടെ ചേച്ചിയും ജീവിതത്തിൽ ചില പാഠങ്ങൾ പഠിച്ചു തോൽവിയിലേക്ക് വീണപ്പോൾ ജീവിച്ചു കയറിയതാണ്. അതിനാൽ ചേച്ചിയുടെ പിന്തുണയായിരുന്നു എന്നെ ജീവിപ്പിക്കാൻ പഠിപ്പിച്ചത്.

എന്നെയൊരു പെൺകരുത്താക്കിമാറ്റിയതിന് പിന്നിൽ ചേച്ചിയായിരുന്നു. ദൂരെയൊരു ഹോസ്പിറ്റലിൽ റീസെപ്റ്റിണിസ്റ്റായി ഒരു ജോലി ചേച്ചിയുടെ ചില സുഹൃത്തുക്കൾ വഴി വാങ്ങിത്തന്നു. അതിനുശേഷം ചേച്ചിയോടല്ലാതെ നാട്ടിലെ വേറെയാരുമായും കോൺടാക്ട് ഇല്ലായിരുന്നു.

ആ ഹോസ്പിറ്റലിൽ വച്ചാണ് സഞ്ചുന്റെ അമ്മയുമായി പരിചയത്തിലാവുന്നതും പിന്നീടെന്റെ ജീവിതം ആ അമ്മയെന്റെ ആരോ ആണെന്ന് തോന്നലിൽ അവർക്ക് മുന്നിൽ വെളിപ്പെടുത്തേണ്ടി വന്നു. ഒരമ്മയുടെ തലോടലുകളും ആത്മവിശ്വാസം പകരുന്ന വാക്കുകളും ആ അമ്മയിൽ നിന്നെനിക്ക് കിട്ടി കൊണ്ടിരുന്നു.

പിന്നീട് അമ്മ വഴി സഞ്ജുവിനെ പരിചയപ്പെട്ടു. വേഗം തന്നെ ഞങ്ങളിരുവരും സുഹൃത്തുക്കളായി. എന്നിലെ എവിടെയോ ഒരു പ്രണയിനിയുടെ അവശേഷിപ്പ് അവൻ കണ്ടുപിടിച്ചു. ഒരു രണ്ടാംതരക്കാരിയെ അവന് ആവശ്യമില്ലെന്ന തോന്നലിൽ താൽപര്യമില്ലാത്ത പോലെ എന്നുള്ളിൽ മുളച്ചുപൊന്തിയ പ്രണയത്തെ ഞാൻ ഇല്ലാതാക്കാൻ തുനിഞ്ഞു.

എന്നാൽ സ്നേഹത്തോടെ എനിക്കൊപ്പം നിന്ന ലെച്ചുച്ചേച്ചിയുടെയും സഞ്ജുന്റെ അമ്മയുടെയും സഹായത്തോടെ ഒരു പുതുജീവിതം ജീവിച്ചു തീർക്കാൻ മനസ്സ് ആഗ്രഹിക്കാൻ തുടങ്ങി.

“ഗോപു വീടെത്തി ഇറങ്ങുന്നില്ലേ. ഇതെന്താലോചിച്ചുകൊണ്ടിരിക്കുവാ പെണ്ണെ?”

സഞ്ജുന്റെ വിളിയിൽ ഞാൻ ഓർമയിൽ നിന്നു വെളിയിലേക്കിറങ്ങി.പഴയ ഓർമകളെല്ലാം എനിക്ക് സമ്മാനിച്ചത് വേദനകൾ മാത്രം. എന്നാൽ സഞ്ജു, അവന്റെ കൂടെയുള്ള ഓർമ്മകൾ ഇനി ജീവിതകാലം മുഴുവൻ സന്തോഷം നിറഞ്ഞതായിരിക്കും. ചെറുചിരിയോടെ സഞ്ജുന്റെ തോളിലേക്ക് ചാരി അവന്റെ കൈയിലൂടെ ഒരുകയ്യാൽ ചുറ്റി മറുകയ്യാൽ ഞങ്ങളുടെ പൊന്നോമനയെ തലോടി വീട്ടിലേക്കുള്ള പടി കടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *