Story written by Saji Thaiparambu
ദേ നിങ്ങള് വൈകിട്ട് വരുമ്പോൾ ജൗളിക്കടയിലൊന്ന് കേറീട്ട് വരണംകെട്ടാ
എന്തിനാടീ..നിനക്ക് നൈറ്റി വല്ലതും വേണോ?
ഓഹ് നൈറ്റിയൊക്കെ എനിക്ക് ആവശ്യത്തിന് പിള്ളേര് ഓണത്തിന് കൊണ്ട്ത്തന്നതൊക്കെയിരിപ്പുണ്ട് എൻ്റെ ബ്രേസിയറെല്ലാം പഴകി പോയിട്ട് കുറച്ച് നാളായി ,ഇനി അത് വാങ്ങാനായിട്ട് ബസ്സിൽ തൂങ്ങിപ്പിടിച്ച് ടൗണ് വരെ പോകാൻ എനിക്ക് വയ്യ ,നിങ്ങള് തിരിച്ച് വരുമ്പോൾ ,ഒരു അര ഡസൻ വാങ്ങിക്കോണ്ട് വന്നാൽ മതി
ഉം ശരി ,മറന്നില്ലെങ്കിൽ വാങ്ങാം
ദിവാകരൻ തൻ്റെ ഹെർക്കുലീസ് സൈക്കിളുമെടുത്ത് ,എട്ട് കിലോമീറ്റർ ദൂരമുള്ള ടൗണിലേക്ക് യാത്രയായി.
ടൗണിലെ ഒരു പലചരക്ക് കടയിൽ ജോലിക്കാരനാണ് ദിവാകരൻ ,ഉച്ചയ്ക്ക് ഊണ് കഴിക്കാനായി വീട്ടിൽ വന്നതാണ്
ദിവാകരന് തൻ്റെ ഭാര്യ വച്ച് വിള മ്പുന്ന ആഹാരം കഴിച്ചാലെ തൃപ്തിയാവുകയുള്ളു. അത് കൊണ്ടാണ് ,പുറത്ത് നിന്നൊന്നും കഴിക്കാതെ, ഊണ് കഴിക്കാൻ അത്രയും ദൂരം സൈക്കിൾ ചവിട്ടി വീട്ടിൽ പോകുന്നത്.
ശനിയാഴ്ചയായത് കൊണ്ട്, അന്ന് വൈകുന്നേരം നേരത്തെ കടയടച്ചു,
കടയിൽ നിന്നിറങ്ങിയ ദിവാകരൻ, ടൗണിലെ തിരക്കിലൂടെ സൈക്കിൾ ചവിട്ടി വരുമ്പോഴാണ്, തെരുവോരത്ത് ഒരു തട്ടിൻപുറത്ത് വച്ച് , അടിവസ്ത്രങ്ങൾ കൂട്ടിയിട്ട് കുറഞ്ഞ വിലക്ക് വില്ക്കുന്നത് കണ്ടത്, അപ്പോഴാണ് ദിവാകരൻ ഭാര്യ പറഞ്ഞ കാര്യമോർത്തത്.
എന്തായാലും ഇവിടുന്ന് കുറഞ്ഞത് വാങ്ങേണ്ട ,വല്ലപ്പോഴും കൂടിയാണ് അവൾ തന്നെ കൊണ്ട് എന്തെങ്കിലും വാങ്ങിപ്പിക്കുന്നത്, തൻ്റെ വരവറിഞ്ഞ് വളരെ പിശുക്കിയാണ് അവള് ചില വാക്കുന്നത് ,ഇതിപ്പോൾ ആദ്യമായിട്ടാണ്, ബ്രേസിയറ് വാങ്ങാൻ തന്നോട് പറഞ്ഞത്,അപ്പോൾ കുറച്ച് നല്ലത് തന്നെ വാങ്ങി ക്കൊടുക്കണമെന്ന് കരുതി, അയാൾ അടുത്ത് കണ്ട കുറച്ച് വലിപ്പമുള്ള ഒരു കടയിൽ കയറി.
എന്താണ് സാർ വേണ്ടത്
ഗ്ളാസ്സ് ഡോറ് തുറന്ന് അകത്ത് കയറിയതും, ഒരു പെൺകുട്ടി വന്ന് തൊഴുത് കൊണ്ട് ചോദിച്ചു.
അത് പിന്നെ.. ഈ ബ്രേസിയറ് എവിടെയാ ഇരിക്കുന്നത്
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞെങ്കിലും, ഇടത് വശത്തേയ്ക്ക് കൈ ചൂണ്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.
അണ്ടർ ഗാർമെൻ്റ്സിൻ്റെ സെക്ഷനിൽ ചെന്ന്, ദിവാകരൻ കാര്യം പറഞ്ഞപ്പോൾ, അവരുടെ മുഖത്തും ആ കള്ളച്ചിരിയുണ്ടായിരുന്നു.
ഓകെ ചേട്ടാ.. എത്രയാ അളവ്?
അപ്പോഴാണ് ദിവാകരന് അബദ്ധം പറ്റിയത് മനസ്സിലായത്, താൻ ഭാനുമതിയോട് അളവ് ചോദിച്ചില്ലല്ലോ?ഇതിനാണ് മക്കളെപ്പോഴും പറയുന്നത് ,അച്ഛനും അമ്മയ്ക്കും ഓരോ മൊബൈൽ ഫോൺ അത്യാവശ്യമാണെന്ന് ,അതുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവളെ നേരിട്ട് വിളിച്ച്, അളവ് ചോദിക്കാമായിരുന്നു .പക്ഷേ രണ്ട്പെൺമക്കളെ കെട്ടിച്ച് വിട്ട കടം പോലും ഇത് വരെ വീട്ടിക്കഴിഞ്ഞില്ല ,അപ്പോഴാ ഫോൺ വാങ്ങുന്നത്
അയാൾ ചുറ്റിനും നോക്കി.
ങ്ഹാ, മോളേ.. ദാ ആ കൗണ്ടറിലിരിക്കുന്ന മാഡത്തിൻ്റെ വണ്ണമുണ്ട് എൻ്റെ ഭാര്യക്ക് ,അവരുടെ അളവ് മതിയാകും
അയ്യോ ചേട്ടാ.. എന്ന് പറഞ്ഞാലെ ങ്ങനാ, ആ മേഡമാണ് ഞങ്ങളുടെ ബോസ് ,അവരോട് ഞങ്ങള് ചെന്ന് ബ്രേസിയറിൻ്റെ അളവ് ചോദിച്ചാൽ, ഞങ്ങള് കളിയാക്കുവാണെന്ന് കരുതി, ചിലപ്പോൾ ഞങ്ങളോട് ദേഷ്യപ്പെടും, അത് കൊണ്ട് ഞങ്ങൾക്ക് പേടിയാ ,ചേട്ടനാകുമ്പോൾ അത് വാങ്ങാൻ വന്നതല്ലേ? ചേട്ടൻ ചോദിച്ചാൽ അവര് കൃത്യമായിട്ട് അളവ് പറഞ്ഞ് തരും
പാവം ദിവാകരൻ ആ പെൺകുട്ടികൾ പറഞ്ഞത് വിശ്വസിച്ച് ,അളവ് ചോദിക്കാനായി കൗണ്ടറിനടുത്തേയ്ക്ക് നടന്നു.
എന്തിനാടീ …പാവം ആ മനുഷ്യനെ വെറുതെ ചീത്ത കേൾപ്പിക്കുന്നത്, നമ്മുടെ മാഡത്തിൻ്റെ സ്വഭാവം നിനക്ക് നന്നായിട്ടറിയാവുന്നതല്ലേ?
ഓഹ് ഇതൊക്കെ ഒരു രസമല്ലേടി, അയാൾ ചെന്ന് ചോദിക്കുമ്പോൾ മാഡത്തിൻ്റെ മുഖത്തെ ചമ്മലൊന്ന് നമുക്ക് കാണാമല്ലോ?
മാഡത്തിൻ്റെ ബ്രേസിയറിൻ്റെ അളവെത്രയാ,
ദിവാകരൻ്റെ ചോദ്യം കേട്ടപ്പോൾ, അവരുടെ മുഖം കോപം കൊണ്ട് ചുവന്നു.
എന്ത് പറഞ്ഞെടാ.. റാസ്ക്കൽ
ചാടിയെഴുന്നേറ്റ അവർ ദിവാകരൻ്റെ കരണമടിച്ച് പുകച്ചു.
ഇത് കണ്ട് നിന്ന പെൺകുട്ടികൾ ഞെട്ടിത്തെറിച്ചു.
സെക്യൂരിറ്റീ .. പോലീസിനെ വിളിക്ക്, ഈ ആഭാസനെ ഒരു പാഠം പഠിപ്പിക്കണം
മാഡത്തിൻ്റെ അലർച്ച കേട്ട്, പെൺകുട്ടികൾ അവരുടെ അടുത്തേക്ക് ഓടി വന്ന് നടന്ന കാര്യങ്ങൾ വിശദീകരിച്ചു.
അപ്പോഴും സംഭവിച്ചതെന്താണെന്നറിയാതെ സ്തബ്ധനായി നില്ക്കുക യായിരുന്നു ദിവാകരൻ.
അത് ശരി, അപ്പോൾ നിങ്ങളാണ് ഇതിനെല്ലാം കാരണമല്ലേ? ഉം രണ്ട് പേരും മാനേജരോട് ചെന്ന് പറഞ്ഞ്, ഇത് വരെയുള്ള ശബ്ബളം വാങ്ങി വീട്ടിലേക്ക് പൊയ്ക്കോ ,നാളെ മുതല് നിങ്ങൾക്കിവിടെ ജോലിയില്ല
അയ്യോ മാഡം, എൻ്റെ ഭാഗത്ത് നിന്ന് വന്നൊരു അബദ്ധത്തിന് അവരെ ശിക്ഷിക്കല്ലേ? അവരെ പറഞ്ഞ് വിട്ടാൽ, ചിലപ്പോൾ അവരെ ആശ്രയിച്ച് കഴിയുന്ന ,അവരുടെ കുടുംബം തന്നെപട്ടിണിയായിപ്പോകും, എനിക്കുമുണ്ട്, ഇവരെ പോലെ രണ്ട് പെൺമക്കൾ, എനിക്കിവരോട് യാതൊരു അനിഷ്ടവുമില്ല
ഞങ്ങളോട് പൊറുക്കു അമ്മാവാ.. ഞങ്ങളെ ശപിക്കരുത്
അവർ ദിവാകരൻ്റെ കാല്ക്കൽ വീണ് മാപ്പ് ചോദിച്ചു.
ഇല്ല മക്കളെ, നിങ്ങളിലൂടെ ഞാനെൻ്റെ മക്കളെയാണ് കാണുന്നത്, സ്വന്തം മക്കളെ ശപിക്കാൻ ഒരച്ഛനും കഴിയില്ല,പിന്നെ ,ഇനിയെങ്കിലും മുതിർന്നവരെക്കൊണ്ട് ഇങ്ങനത്തെ കോമാളി വേഷം കെട്ടിക്കരുത്, ഞങ്ങളൊക്കെ പഴഞ്ചൻമാരാണ് ,അത് കൊണ്ടാണല്ലോ, ഭാര്യയ്ക്ക് ബ്രേസിയറ് വാങ്ങിക്കൊണ്ട് വരണമെന്ന് പറഞ്ഞപ്പോൾ, യാതൊരു മടിയും കൂടാതെ അതിനിറങ്ങിപ്പുറപ്പെട്ടത് ,ഇപ്പോഴത്തെ തലമുറയിലെ നിങ്ങടെ ഭർത്താക്കന്മാരാണെങ്കിൽ, ഇത്തരം കാര്യങ്ങൾക്ക് മുതിരുമോ? നിങ്ങളെ പ്പോലെയുള്ള പുതിയ തലമുറയുടെ കളങ്കിതമായ മനസ്സൊന്നും ഞങ്ങൾക്കില്ല ,എന്നാൽ പിന്നെ ഞാനിറങ്ങട്ടെ മക്കളെ ,ഇനി ഭാനുമതിയോട് ചെന്ന് പറയാം അവള് തന്നെ വന്ന് വാങ്ങട്ടെ
ആ പാവം മനുഷ്യൻ വേച്ച് വേച്ച് പോകുന്നത് കണ്ട് നിന്ന, പെൺകുട്ടികളുടെ മാത്രമല്ല അവരുടെ മാഡത്തിൻ്റെയും കണ്ണ് നിറഞ്ഞു.
NB :-നമ്മുടെ അല്പം മാനസികോല്ലാസത്തിന് വേണ്ടി പ്രായമായവരെ നമ്മൾ പലവിധ കാര്യങ്ങൾക്കും കോമാളി വേഷം കെട്ടിക്കാറുണ്ട് ,അത് മൂലം അവരുടെ മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് നാം ചിന്തിക്കാറുണ്ടോ