കളിക്കൂട്ടുകാരി
എഴുത്ത്: അഞ്ജലി മോഹനൻ
മനസ്സിലെന്നും കവിതയായ് വിരിഞ്ഞത് ആ വിരഹ ദു:ഖമാണ്. കരളിൽ നിന്നും കവിത ജനിക്കണമെങ്കിൽ ഒരു നൊമ്പരം ഉള്ളിൽ എരിയണം. അങ്ങനെയൊരു നൊമ്പരം എനിക്കുമുണ്ട്…. എന്റെ ചാരു……..
അവളുടെ ഇരുനിറമുള്ള ശരീരത്തിലെ വെളുത്ത മനസ്സ് കാണാൻ എന്റെ കണ്ണിന് കാഴ്ചയില്ലാതെ പോയ്….ഇല്ല.. നുണ…. നുണയാണത്.. ആ മനസ്സ് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതാണ്… അവളേക്കാൾ വിദ്യാഭ്യാസവും സൗന്ദര്യവുമുണ്ടെന്ന അഹങ്കാരമോ സ്വാർത്ഥതയോ ആവാം…
മാത്രമല്ല അവളേക്കാൾ എത്രയോ നല്ല പെണ്ണിനെ എനിക്ക് കിട്ടുമെന്ന് എന്നോ അമ്മ പറഞ്ഞ വാക്ക് ഹൃദയത്തിൽ തറച്ചിരുന്നു…. അവൾ പറയാതെ പറഞ്ഞ പ്രണയം പല ആവർത്തി എന്റെ കാത് കേട്ടിരുന്നു എന്നാൽ മസ്തിഷ്കം കേട്ടത് അമ്മ പറഞ്ഞ വാക്കുകളെയാണ്..
” അവളേക്കാൾ എത്രയോ നല്ല പെണ്ണിനെ നിനക്ക് കിട്ടും ദേവാ.. :”
അവളുടെ പ്രണയത്തോട് എനിക്കെന്തോ കൗതുകമായിരുന്നു..സ്നേഹത്തോടെയല്ലാതെ ഇന്നും അവളെന്നെ നോക്കിയിട്ടില്ല.. അവളുടെ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനം നഷ്ടപ്പെടരുതെന്ന് എന്റെ സ്വാർത്ഥ മനസ്സ് ആഗ്രഹിച്ചതുകൊണ്ടാവാം ശരീരം അഭിനയിച്ചത്..
കുഞ്ഞിനാൾ മുതലുള്ള കളിക്കൂട്ടുക്കാരായിരുന്നു ഞങ്ങൾ…കുട്ടി പെരകെട്ടി അച്ഛനുമമ്മയുമായ് കളിക്കുമ്പോളൊക്കെ കൂട്ടുക്കാർ പറയും.. “ദേവൻ – അച്ഛൻ, ചാരു- അമ്മ…” ആ പദവി സന്തോഷത്തോടെ സ്വീകരിച്ച നിമിഷങ്ങൾ…. അവളെന്നും എന്റെ പ്രിയതോഴിയായിരുന്നു….
കളിക്കാൻ കൂട്ടുക്കാർ വിളിക്കുമ്പോ ചാരുപറയും … ” ദേവേട്ടനുണ്ടെങ്കിലേ ഞാൻ വരൂ ” സ്നേഹിക്കാൻ മാത്രമറിയുന്ന പൊട്ടിപ്പെണ്ണ്…. കുട്ടിക്കാലത്തെ ഞങ്ങളുടെ സൗഹൃദം വലുതായിരുന്നു എന്നാൽ ഞാൻ വലുതായപ്പൊ സൗഹൃദം ചെറുതായതോ അഹങ്കാരം വലുതായതോ എന്നറിയില്ല എന്റെ മനസ്സ് മാറി. എന്നാൽ ചാരു ഇന്നും പഴയ ചാരുതന്നെ.. സ്നേഹിക്കാൻ മാത്രമറിയുന്ന പൊട്ടിപ്പെണ്ണ്…
ചെറുപ്പത്തിലെപ്പോഴോ അവളേക്കുറിച്ച് പുസ്തകത്തിൽ നാലുവരി കവിതയെഴുതിയത് കൗതുകത്തോടെ വായിക്കുമ്പോഴാണ് ആ വിളി’.’.’…
“ദേവേട്ടാ………” അതെന്റെ പാറുവാണ്… ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 5 വർഷം… ഞാൻ വിളി കേൾക്കാത്തോണ്ടാവണം അവൾ ധൃതിയിൽ റൂമിലേക്ക് ഓടി വന്നു….
“ദേവേട്ടാ…. ലച്ചു ചാരു ചേച്ചീടെ വീട്ടിലാണ്…. ഊണുകഴിക്കാൻ നേരായീന്നും പറഞ്ഞ് അമ്മ കൊറേ നേരായി ഓരോന്ന് പറയുന്നു… അവളെ ഒന്ന് പോയ് കൊണ്ട് വാ. അങ്ങോട്ട് പോയാ പിന്നെ പെണ്ണിന് അച്ഛനും വേണ്ട അമ്മയും വേണ്ട”……
എന്റെ ലച്ചൂന്റെ നാലാം പിറന്നാളാണിന്.. നാലു വിടപ്പുറത്താണ് ചാരൂ ന്റെ വീട്.. ആ പഴയ വീട് ഇന്നും അത് പോലെ ഉണ്ട്.. തുറന്നു കിടന്ന വാതിൽ കടന്ന് ഞാൻ അകത്തു കയറി, വാതിലിനും ജനലിനും പണ്ടത്തേക്കാൾ അടച്ചുറപ്പുണ്ടെന്നത് ഒഴിച്ചാൽ അതാ പഴയ വീട് തന്നെ…
ചാരുവിന്റെ പെരുമാറ്റത്തിലെ അടക്കവും ചിട്ടയും ആ വീടു കണ്ടാൽ അറിയാം.. അനാവശ്യമായ് ഒരു സാധനം പോലും ചിന്നി ചിതറി കിടപ്പില്ല…
ഞാൻ കയറി ചെല്ലുമ്പോ ലച്ചു ഒരു പുസ്തകത്തിൽ കളർ പെൻസിൽ വെച്ച് പടം വരക്കുന്നുണ്ട്… പിറന്നാൾ സമ്മാനമായി ചാരു കൊടുത്തതാവണം…. അവൾടെ പിറന്നാൾ പാറുവിനേക്കാൾ ചാരുവിന് ഓർമ്മയുണ്ടാവും…..
എന്നെ കണ്ടതും ചാരു പിടഞ്ഞെണീറ്റു…. മുന്നിലെ ഏതാനും മുടിയെ നര ബാധിച്ചു… നെറ്റിയിലൊരു ചന്ദനക്കുറി മാത്രം.. ഒറ്റനോട്ടത്തിൽ ഒരു വിധവയെ പോലെ തോന്നിച്ചു.. അതെ വിവാഹം കഴിക്കാത്ത വിധവ… ദേവന്റെ വിധവ….
അവൾ കറുപ്പകരയുള്ള സെറ്റ് സാരിയുടെ തുമ്പ് അരയിൽ കുത്തി കൊണ്ട് പറഞ്ഞു.. “ദേവേട്ടാ… ലച്ചു ഈ നേരമായിട്ടും ഒന്നും കഴിച്ചിട്ടില്ല… മൂന്ന് ബിസ്കറ്റ് കൊടുക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ…. “അവളുടെ വാക്കുകളിലെ സ്നേഹം എന്നെ ആകർഷിച്ചിട്ടേയുള്ളൂ… ഐശ്വര്യം കവിഞ്ഞൊഴുകുന്ന അവളെ നോക്കി നിന്നപ്പോ ഞാൻ പോയ കാര്യം മറന്നു…. കണ്ണൊന്ന് ചിമ്മി ഞാൻ പറഞ്ഞു… ” പിറന്നാൾ സദ്യ വിളമ്പി പാറു അവിടെ കാത്തിരിപ്പാ.. അവൾടെ അമ്മയും അച്ഛനും വന്നിട്ടുണ്ട്.. ചാരുവിനെ കണ്ടാൽ പിന്നെ ലച്ചൂന് അമ്മയെ വേണ്ടാന്ന് ഒരു പരാതിയുമുണ്ട്…. “
അത് കേട്ടപ്പോളത്തെ ചാരുവിന്റെ ചിരിക്ക് എന്തോ പ്രത്യേക ആഹ്ലാദം തോന്നി….
ലെച്ചുവിനെ എടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു…. ആ പഴയ പുസ്തകവും കളർ പെൻസിലും അവളുടെ ഇടംകയ്യിലും വലം കയ്യിലുമുണ്ടായി..
വീട്ടിൽ ചെന്നതും ലെച്ചൂന് അവൾ വരച്ച ചിത്രങ്ങൾ എല്ലാരേയും കാണിക്കാൻ തിരക്ക് കൂട്ടി… ഞാനാ പുസ്തകം ബലമായ് പിടിച്ച് വാങ്ങി.. അത് റൂമിൽ വെക്കാൻ പോവും വഴി അതൊന്ന് മറിച്ച് നോക്കി… ലെച്ചൂന്റെ കലാവിരുതുകളല്ല എന്നെ ആകർഷിച്ചത്…. ചാരുവിന്റെ കവിതകളായിരുന്നു…….
ആ പഴയ പുസ്തകം അത് ചാരുവിന്റെ ഡയറിയായിരുന്നു… ഞാൻ കൗതുകത്തോടെ അത് വായിച്ചിരുന്നു… അവൻ പറയാതെ പറഞ്ഞ പ്രണയത്തിന്റെ വരികൾ… വരികളിൽ നിറഞ്ഞത് പ്രണയവും കാലങ്ങളോളമുള്ള കാത്തിരിപ്പുമാണ്… മനസ്സ് നിറയെ ഞാനായതുകൊണ്ടാണ് അവൾ മറ്റൊരുത്തനും കഴുത്ത് നീട്ടികൊടുക്കാതിരുന്നത്….
കുഞ്ഞുനാളിലെ ഓരോ ഓർമ്മകളും കൺമുന്നിലൂടെ മിന്നി മറിഞ്ഞു…. പല പോളായ് ഞാൻ പറഞ്ഞ കളിവാക്കുകൾ അവൾ കാര്യമായ് സൂക്ഷിച്ച് വച്ചിരിക്കുന്നു…
എട്ടാം ക്ലാസ്സിൽ പടിക്കുമ്പോ അവളെ ശല്യം ചെയ്ത പത്താം ക്ലാസ്സുക്കാരന് ഞാൻ താക്കീതു നൽകിയ കഥയാണ് അവളിലെ എന്നെ എനിക്ക് കാണിച്ചു തന്നത്…
അറിഞ്ഞും അറിയാതെയും അവളെ മോഹിപ്പിച്ച കഥകൾ ആ പഴയ പുസ്തകത്തിൽ പുതിയതു പോലെ ഉണ്ടായിരുന്നു… നീറുന്ന നെഞ്ചോ ടെയും നിറകണ്ണുകളോടെയും മാത്രം വായിച്ചു തീർത്ത കുറിപ്പുകൾ…….
പണ്ടെന്നോ അവളേക്കുറിച്ച് ഞാനെഴുതിയ കവിതക്ക് അവസാന വരികൾ ചേർക്കാൻ വാക്കുകൾ ഒഴുകി വന്നു…
തപ്പിയെടുത്ത ആ പഴയ കവിതയിൽ പുതിയ വരികൾ ചേർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു…..
സഖീ, നിൻ നനയുമീ മിഴികൾ കാണാതെ പോയ് ഉരുകുമാ മനമോ അറിയാതെ പോയ് നിൻ കരളാകുമാ മന്ദിരത്തിൽ പാപിയാമെന്നെ നീ പ്രതിഷ്ഠയാക്കി…വിരഹമാം വേദന നൽകിയിട്ടും വേദന വിധിയെന്ന് പറഞ്ഞതെന്തേ…………..