എഴുത്ത്: ശ്യാം കല്ലുകുഴിയിൽ
തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ച് മുഖത്തേയും ശരീരത്തെയും വിയർപ്പ് തുടച്ച് കൊണ്ട് മോഹൻ പറമ്പിൽ നിന്ന് കയറുമ്പോൾ സൂര്യൻ തലയ്ക്ക്മീതെ കത്തിജ്വലിക്കുന്നുണ്ടായിരുന്നു..തോർത്ത് ഒന്ന് കൂടി കുടഞ്ഞ് തോളിൽ ഇട്ടുകൊണ്ടു കിണറ്റിൽ നിന്ന് ഒരു തോട്ടി വെള്ളം കോരി കയ്യും കാലും മുഖവും കഴുകി, അടുക്കളയിലേക്ക് നടന്നു….
ഒരു കക്ഷണം ഇഞ്ചിയും,രണ്ട് മൂന്ന് പച്ചമുളകും കുറച്ച് കറിവേപ്പിലയും ചതച്ച് അതിലേക്ക് തണുത്ത തൈരും പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ഗ്ലാസ് കുടിച്ചപ്പോൾ ശരീരത്തിലെ ചൂടിന് അല്പം ആശ്വാസം ആയിതോന്നി മോഹന്.. ബാക്കി സംഭാരം ഫ്രൈഡ്‌ജിലേക്ക് എടുത്ത് വച്ച് മോഹൻ ഉമ്മറത്തേക്ക് നടന്നു….
ഉമ്മറത്ത് തിണ്ണയിൽ തോർത്ത് വിരിച്ച് കിടക്കുമ്പോഴേക്കും കണ്ണിൽ ഉറക്കം പിടിച്ചു തുടങ്ങി. സ്ക്കൂട്ടറിന്റെ ശബ്ദവും നീട്ടിയുള്ള ഹോണടിയും കേട്ടപ്പോൾ ആണ് മോഹൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്. കണ്ണുതുറന്ന് നോക്കുമ്പോൾ സ്‌കൂട്ടറിന്റെ ഹൻഡിലിൽ ഹെൽമറ്റ് ഊരി തൂക്കി തന്നെയും നോക്കി ഇരിക്കുന്ന മാളു വിനെ ആണ് കണ്ടത്…
” എന്താ മാഷേ പഴയ പിക്കപ്പ് ഒന്നുമില്ലേ ക്ഷീണം അണല്ലോ മുഖത്ത്….”
മാളു ചിരിച്ചുകൊണ്ട് അതും ചോദിച്ച് മോഹന്റെ അടുത്തേക്ക് വന്നു, അപ്പോഴേക്കും മോഹൻ എഴുന്നേറ്റ് ഇരുന്നിരുന്നു…
” പോടി പെണ്ണേ എന്റെ പ്രായം ആകുമ്പോൾ ഉണ്ടല്ലോ നീയൊക്കെ വടിയും കുത്തി നടക്കും….”
“ഉവ്വ് ഉവ്വെ…”
മാളു മുഖത്ത് പുച്ഛം വരി വിതറിക്കൊണ്ട് മോഹന്റെ അടുത്ത് വന്നിരുന്നു…
” അല്ല എപ്പോൾ ലാന്റ് ചെയ്തു നി…”
” എന്റെ കോഴ്സ് കഴിഞ്ഞു മുംബൈ ജീവിതത്തോട് ഗുഡ്ബൈ പറഞ്ഞു…ഞാൻ മാത്രമല്ല നിങ്ങളുടെ പഴയ കാമുകി വിമലയും ഇനി നാട്ടിൽ തന്നെ കാണും… “
ആ പേര് കേട്ടപ്പോൾ മോഹന്റെ മുഖത്തെ നിരാശ മാളു ശ്രദ്ധിച്ചു..
” എന്താ മാഷേ പഴയ കാമുകിയുടെ പേര് കേട്ടപ്പോൾ മുഖത്ത് ഒരു നിരാശ…”
” ടി നിനക്ക് കുറുമ്പ് അല്പം കൂടുന്നുണ്ട് കേട്ടോ…”
മാളുവിന്റെ ചെവിയിൽ പിടിച്ചുകൊണ്ട് മോഹൻ അത് പറയുമ്പോൾ, മാളു ആ കൈ തട്ടി മാറ്റിക്കൊണ്ട് അകത്തേക്ക് കയറി…
” എനിക്ക് വിശക്കുന്നു ഇവിടെ എന്താ കഴിക്കാൻ ഉള്ളത്…”
അത് ചോദിച്ച് മാളു അടുക്കളയിലേക്ക് നടന്നു
” ഇന്നത്തേത് ആയിട്ട് കുറച്ച് ചോറുണ്ട് ബാക്കി ഇന്നലത്തെ അവിയലും മീൻ കറിയും ഉണ്ട്, വേണേൽ രണ്ടു പപ്പടം കൂടി പൊള്ളിക്കാം…”
മോഹനും അടുക്കളയിലേക്ക് നടന്നു..
” എന്നാൽ പപ്പടം ഞാൻ പൊള്ളിക്കാം ..”
അത് പറഞ്ഞ് മാളു പപ്പടം പൊള്ളിക്കാനായി ചട്ടി അടുപ്പിലേക്ക് വച്ചു..
” എന്ത് പറയുന്നുന്നു നിന്റെ അമ്മ….”
മാളുവിന് അരികിലായി നിന്ന് കൊണ്ട് മോഹൻ ചോദിച്ചു…
” അമ്മ ഒരുപാട് മാറി, പഴയപോലെയുള്ള ദേഷ്യപ്പെടാറില്ല, ഇപ്പോൾ എന്നോട് ഒരുപാട് വർത്തമാനം പറയും,ഉറക്കെ ചിരിക്കും,,അങ്ങനെ ഒരുപാട് മാറ്റം ഉണ്ട്… നാട്ടിൽ വരുന്ന കാര്യം പറയുമ്പോൾ ദേഷ്യപ്പെടാറുള്ള അമ്മ ഇത്തവണ എതിർപ്പ് ഒന്നും പറഞ്ഞതും ഇല്ല…”
” എന്നോടുള്ള വശിക്കല്ലേ ഇരുപത് വയസ്സ് പോലും തികയും മുൻപേ നിന്റെ അമ്മയെ ആ മുംബൈക്കാരന് കെട്ടിച്ചു കൊടുത്തത്. എന്നിട്ട് ഇരുപത്തി ഒന്നാം വയസ്സിൽ വിധവയും ആയി, അവളോട് തന്നെയുള്ള ദേഷ്യവും വാശിയും വിഷമവും ഒക്കെയാണ് നിന്നോട് തീർക്കുന്നത്, നി അല്ലാതെ വേറെ ആരാ അവൾക്ക് ഉള്ളത്…”
” എനിക്ക് അറിയാം സത്യത്തിൽ വെറും പഞ്ചപാവം ആണ് അത്, ഞാൻ ഏതേലും കോന്തനെ കെട്ടി പോയാൽ വീണ്ടും തനിച്ചാകും ആ പാവം. അതിനു മുൻപേ അമ്മയെ ദേ ഈ കയ്യിൽ ഏൽപ്പിക്കണം അതിനുവേണ്ടി കൂടിയാണ് തിരക്കിട്ട് നാട്ടിലേക്കുള്ള ഈ വരവ്…”
മാളു അത് പറഞ്ഞ് പൊള്ളിച്ച ഒരു പപ്പടം മോഹന് നേരെ നീട്ടി. മോഹൻ അതിൽ നിന്ന് കുറച്ച് പൊട്ടിച്ച് മാളുവിന്റെ വായിൽ വച്ചു കൊടുത്തു…
“അപ്പൊ അമ്മയുടെ ജീവിതം സേഫ് ആക്കാൻ ആണ് ഈ വരവ് അല്ലെ…”
” അതു മാത്രമല്ല, അമ്മയെ ഏല്പിച്ചിട്ട് വേണം ഈ മുഖത്ത് നോക്കി അച്ഛാ എന്ന് മനസ്സറിഞ്ഞ് വിളിക്കാൻ…”
മാളു അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ണീർ വന്നു നിറഞ്ഞു….
” വേഗം ചോറ് എടുത്തെ എനിക്ക് വിശന്നിട്ടു കണ്ണ് കാണാൻ വയ്യ…”
ഒഴുകാൻ തുടങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് മാളു അത് പറയുമ്പോൾ മോഹൻ അത് കണ്ടില്ലെന്ന് നടിച്ചു…വായ് തോരാതെ മുംബൈ വിശേഷങ്ങൾ പറഞ്ഞാണ് മാളുവും മോഹനും ഭക്ഷണം കഴിച്ചത്..
” അതേ നാളെ രാവിലെ ഞാൻ അമ്മയെയും കൂട്ടി അമ്പലത്തിൽ വരും, രാവിലെ അവിടെ കണ്ടേക്കണം കേട്ടല്ലോ… പിന്നെ ഈ താടി ഒക്കെ ഒന്ന് ഒതുക്കി മനുഷ്യക്കോലത്തിൽ വേണം വരാൻ..”
തിരികെ പോകാൻ നേരം സ്‌കൂട്ടറിൽ കയറുമ്പോൾ ആണ് മാളു അത് പറഞ്ഞത്…
” നി ജനിക്കും മുൻപേ നമ്മൾ കണ്ട് തുടങ്ങിയത് ആണ്, ഇനിയിപ്പോ പുതിയ മാറ്റങ്ങൾ ഒന്നും വേണ്ട…”
മോഹൻ അത് പറയുമ്പോൾ മാളു ചിരിച്ചുകൊണ്ട് തലയാട്ടി..
” അപ്പൊ നാളെ കാണാം…”
മാളു അത് പറഞ്ഞ് സ്കൂട്ടർ സ്റ്റാർട്ട് ആക്കി മുന്നോട്ട് പോയ്,അവൾ പോകുന്നതും നോക്കി മോഹൻ അവിടെ തന്നെ അൽപ്പനേരം നിന്നു…
പിറ്റേന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വിമല കാണാതെ മാളു മോഹനെ ഫോൺ ചെയ്ത് വീട്ടിൽ നിന്ന് ഇറങ്ങിയ കാര്യം പറഞ്ഞു.. കുളിച്ച് റെഡിയായി വന്ന് മോഹൻ അൽപ്പനേരം കണ്ണാടിക്ക് മുൻപിൽ നിന്നു. ഈ കോലം കണ്ടാൽ വിമലയ്ക്ക് മനസ്സിലാകുമോ എന്ന് പോലും മോഹൻ സംശയിച്ചു…
മോഹൻ അമ്പലത്തിലേക്ക് ചെല്ലുമ്പോൾ തൊഴുത് മടങ്ങി വരുന്ന വിമലയെയും മാളുവിനെയും ദൂരെ നിന്നെ കണ്ടു. രണ്ടാൾക്കും കസവ് സാരി ആണ് വേഷം, പഴയ പോലെ തന്നെ ഇപ്പോഴും വിമല സുന്ദരി അയിരിക്കുന്നു, അൽപ്പം തടിച്ചു എന്നത് ഒഴിച്ചാൽ വല്യ മാറ്റങ്ങൾ ഒന്നും മോഹൻ വിമലയിൽ കണ്ടില്ല…
മോഹൻ അടുത്ത് വരുമ്പോഴേക്കും വിമലയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. മാളു വേഗത്തിൽ മോഹന്റെ അരികിൽ എത്തി കയ്യിൽ ഉണ്ടായിരുന്ന ചന്ദനം മോഹന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു..
” ചന്ദനം തൊട്ടല്ലോ ഇനിയിപ്പോ അമ്പലത്തിൽ കയറണ്ടല്ലേ…”
മോഹൻ പതിയെ മാളുവിനോട് ചോദിച്ചു…
” അമ്പലമൊക്കെ നാളെയും അവിടെ തന്നെ കാണും ആദ്യം ഇതൊന്നു സെറ്റ് ആക്കാൻ നോക്ക്…”
മാളു മോഹനോട് അതും പറഞ്ഞ് അവരിൽ നിന്ന് അൽപ്പം മാറി നിന്നു…
തന്റെ അടുക്കലേക്ക് നടന്ന് വരുന്ന വിമലയുടെ കണ്ണുകളിലേക്ക് മോഹൻ നോക്കി, വർഷങ്ങൾക്ക് മുൻപ് അവളുടെ അച്ഛന്റെ വശിക്ക് മുൻപിൽ നിസ്സഹായതയോടെ നിന്നെ ആ പത്തൊൻപത്കാരിയുടെ അതേ മുഖഭാവം ആയിരുന്നു അപ്പോഴും..വിമല പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നപ്പോൾ മോഹനും ഒന്ന് ചിരിച്ചു, അൽപ്പനേരം രണ്ടാൾക്കും എന്ത് സംസാരിക്കണം എന്നറിയാതെ നിന്നു…
” ഇവൾ ഉണ്ടല്ലോ മാളു, നിനക്ക് കിട്ടിയ ഏറ്റവും വല്യ ഭാഗ്യമാണ് ഇവൾ, മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ ഇവൾക്ക് വല്യ കഴിവാണ്…”
അൽപ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അൽപ്പം ദൂരെ സ്‌കൂട്ടറിൽ ചാരി നിൽക്കുന്ന മാളുവിനെ നോക്കി മോഹൻ സംസാരിച്ചു തുടങ്ങിയപ്പോൾ വിമല ഒന്ന് മൂളി…
” ഇടയ്ക്ക് വെക്കേഷന് ഇവൾ ഓടി വരുമ്പോൾ ആണ് ആരെങ്കിലും ഒക്കെ ഉണ്ടെന്നുള്ള തോന്നൽ പോലും ഉണ്ടാകുന്നത്, ഓരോ വരവിലും തന്റെ കാര്യങ്ങൾ കേൾക്കാൻ ആണ് ഞാൻ കൊതിച്ചിരുന്നത്…”
മോഹൻ വീണ്ടും പറഞ്ഞു തുടങ്ങി…
” ഇവിടത്തെ കാര്യങ്ങൾ അറിയാൻ മോളുടെ മടങ്ങി വരവും കാത്ത് ഇരുന്ന ഒരു ഹൃദയും അവിടെയും ഉണ്ടായിരുന്നു….”
വിമല അത് പറയുമ്പോൾ മോഹൻ വിമലയുടെ കണ്ണുകളിലേക്ക് നോക്കി, ആ കണ്ണുകളിൽ പഴയ പ്രണയം വീണ്ടും മോഹൻ കണ്ടു..
” മതിയടോ ഈ അഭിനയം, ആരെക്കളും നന്നായി മാളുവിന് നമ്മളെ മനസ്സിലാകും, ഇനിയും വയ്യ തനിച്ച്, തനിക്കും വേണം ഒരു കൂട്ട് അത് തന്നെക്കാളും കൂടുതൽ മാളു ആഗ്രഹിക്കുന്നുണ്ട്….”
വിമല ഒന്നും മിണ്ടാതെ തലയാട്ടി, അൽപ്പം ദൂരേ അവരെയും നോക്കി നിൽക്കുന്ന മാളുവിനെ കയ്യാട്ടി വിളിച്ചു..
” ദേ ഇവൾക്ക് കിട്ടാതെ പോയ അച്ചന്റെ സ്നേഹവും സംരക്ഷണവും കൊടുക്കാൻ എനിക്ക് പറ്റും അത് ഞാൻ ഉറപ്പ് നൽകാം..”
മാളുവിനെ ചേർത്ത് പിടിച്ച് മോഹൻ പറയുമ്പോൾ വിമലയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…
” ദേ പൊന്നുപോലെ നോക്കിക്കോളണം എന്റെ അമ്മയെ കേട്ടല്ലോ…”
മാളു വിമലയുടെ കൈ പിടിച്ച് മോഹന്റെ കൈ വെള്ളയിൽ വെച്ചുകൊണ്ട് പറഞ്ഞു..
” അപ്പൊ പിന്നെ നിന്നെ ആര് നോക്കും…”
” ഓ ഇനിയിപ്പോ നിങ്ങൾ ബിസിയല്ലെ, എനിക്ക് ഞാൻ തന്നെ ഒരു കോന്തനെ കണ്ടു പിടിച്ചോളാം…”
മാളു ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ വിമല മാളുവിന്റെ ചെവിയിൽ പിടിച്ചു…
“അച്ഛാ ഈ അമ്മ…”
മാളു വിമലയുടെ കൈ തട്ടിമാറ്റി മോഹന്റെ പിറകിൽ ഒളിച്ചു. വിമലയുടെ കയ്യിൽ നിന്ന് മാളുവിനെ മോഹൻ മാറ്റി പിടിച്ചപ്പോൾ, മാളുവിന് കിട്ടാതെ പോയ അച്ഛന്റെ സ്നേഹം അന്നുമുതൽ കിട്ടി തുടങ്ങുക ആയിരുന്നു…..