മിക്കപ്പോഴും പാതി രാത്രി, ഡ്യൂട്ടി കഴിഞ്ഞ് വരുന്ന പാതി ജീവനെ കാത്തിരിക്കാൻ ഓൺലൈനിൽ വരുമ്പോൾ ആയിരിക്കും സiദാചാര സേട്ടൻമാരുടെ ഇജ്ജാതി കെയർ……

Story written by Darsaraj R.

ഹായ്…

ഉറക്കമൊന്നുമില്ലേടോ?

എന്താണ് രാത്രി 11 മണി കഴിഞ്ഞിട്ടും പച്ചയൊക്കെ കത്തിച്ച് ഇരിക്കുന്നത്?

കെട്ടിയോൻ ഗൾഫിൽ ആണല്ലേ?

രാത്രി ഒറ്റക്കാണോ കിടക്കുന്നത്?

എങ്ങനെയാ കാര്യങ്ങളൊക്കെ?

ഞാൻ ഉദ്ദേശിച്ചത് ഈ റൊമാന്റിക് മൂഡൊക്കെ വരുമ്പോൾ എന്താ ചെയ്യുന്നത്?

എന്നാ ചെയ്യാനാ സേട്ടാ. വിധി, അല്ലാതെന്ത് പറയാനാ?

ഒരുപാട് അങ്ങ് വരുകയാണേൽ ചാക്കോച്ചന്റെ അനിയത്തിപ്രാവ് യൂട്യൂബിൽ കേറി കാണും. അല്ലെങ്കിൽ മാധവന്റെ അലൈപായുതെ. അതിലും നിന്നില്ലേൽ ഷാരൂഖിന്റെ DDLJ.

തനിക്ക് ചോദ്യം ശരിക്കും അങ്ങോട്ട് മനസ്സിലായില്ല എന്ന് തോന്നുന്നു…

എന്റെ പൊന്നു സഹോദരാ, അല്ലാതെ തന്നെ ഇവിടെ പേനിനെ കൊiന്നോ ഈ മാസത്തെ പാiഡ് കത്തിച്ചോ തുടങ്ങി തുറന്നു പോലും നോക്കാത്ത ആയിരക്കണക്കിന് മെസ്സേജുകൾ ആണ് ഇൻബോക്സിൽ വന്ന് കിടക്കുന്നത്.

പ്രൊഫൈൽ കണ്ടിട്ട് മാര്യേജ് കഴിഞ്ഞ സഹോദരൻ ആണെന്ന് തോന്നുന്നു. ദയവായി നാത്തൂനുമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ നോക്ക്. ഇല്ലേൽ അവസാനം ഓൺലൈനും കാണില്ല ഓഫ്‌ ലൈനും കാണില്ല.

നമസ്കാരം…

ഞാൻ അശ്വനി ശ്രീധർ.

നിലവിൽ ഹൗസ് വൈഫ്‌ ആണ്. കൂട്ടത്തിൽ ബാങ്ക് കോച്ചിങ്ങും ചെയ്യുന്നുണ്ട്. എല്ലാത്തിനും ഉപരി ഒരമ്മയാണ്, ‘പ്രവാസിയുടെ ഭാര്യ’ ആണ്.

പ്രവാസിയായ പുരുഷന്മാരെ കുറിച്ച് നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ വളരെ കുറച്ച് മാത്രമേ അവരുടെ ഭാര്യമാരെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ളൂ. ഈ എഴുത്ത് ഞാൻ ഓരോ പ്രവാസി ഭാര്യമാർക്കും സമർപ്പിക്കുന്നു.

പൊതുവെ ഞാൻ ഉൾപ്പെടുന്ന പ്രവാസികളുടെ ഭാര്യമാരെ സമൂഹം വിശേഷിപ്പിക്കുന്ന ഒരു ക്‌ളീഷേ ഡയലോഗ് ഉണ്ട്.

കുറച്ച് ദിവസത്തെ ഒത്തുകൂടലിനായ് വർഷങ്ങളോളം തപസ്‌ അനുഷ്‌ഠി ക്കുന്നവൾ. മമ്മൂക്ക ബെസ്റ്റ് ആക്ടറിൽ പറഞ്ഞത് പോലെ വലിയ ഡെക്കറേഷൻ ഒന്നും വേണ്ട. ‘ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യ’ അത് മതി. കാരണം ഭർത്താവ് എന്ന വാക്കിനും പ്രവാസിയുടെ ഭാര്യ എന്ന പ്രയോഗത്തിനും അത്രയേറെ അർത്ഥവും ആഴവും ഉണ്ട്.

എന്റേത് ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. വിവാഹത്തിന് ദിവസങ്ങൾ മാത്രം മുന്നെയാണ് അദ്ദേഹത്തെ ഞാൻ നേരിൽ കാണുന്നത്. കല്ല്യാണം കഴിഞ്ഞ് മനസ്സും ശiരീരവും പരസ്പരം അറിഞ്ഞു വന്നപ്പോഴേക്കും അദ്ദേഹത്തിന് ഗൾഫിലോട്ട് തിരിച്ചു പോകാൻ സമയം ആയിരുന്നു. അന്ന് മുതൽ സമൂഹം ചാർത്തി തന്ന പേര്…

❤️പ്രവാസിയുടെ ഭാര്യ ❤️

പ്രവാസ ലോകത്തേക്ക് തിരിച്ച് പോകുന്നതിന്റെ തലേന്ന് അദ്ദേഹം ഇട്ട ഷർട്ട് ആയിരുന്നു പിന്നീട് കിടക്കയിൽ എന്റെ കൂട്ട്. മനഃപൂർവം കഴുകാത്ത ആ ഷർട്ടിലെ വിയർപ്പിന്റെ ഗന്ധവും തീവ്രതയും ശ്വസിച്ചറിയാൻ ഞങ്ങൾ പ്രവാസി ഭാര്യമാർക്കേ സാധിക്കുകയുള്ളൂ.

നാം ഓരോരുത്തരും സുഖമായി രാത്രി കിടന്ന് ഉറങ്ങുമ്പോൾ, പല പ്രവാസി ഭർത്താക്കന്മാരും ഒരു പോള കണ്ണടക്കാതെ നൈറ്റ്‌ ഷിഫ്റ്റിൽ പണി യെടുക്കുകയായിരിക്കും തന്റെ കുടുംബം പോറ്റാൻ.

മിക്കപ്പോഴും പാതി രാത്രി, ഡ്യൂട്ടി കഴിഞ്ഞ് വരുന്ന പാതി ജീവനെ കാത്തിരിക്കാൻ ഓൺലൈനിൽ വരുമ്പോൾ ആയിരിക്കും സiദാചാര സേട്ടൻമാരുടെ ഇജ്ജാതി കെയർ.

പലർക്കും സംശയം ഹസ്ബൻഡ് അടുത്തില്ലാത്തോണ്ട് ‘സുഖം’ കിട്ടാൻ ഓൺലൈനിൽ വന്നത് ആണോ എന്നാണ്. അദ്ദേഹത്തിന്റെ തോളിൽ കൈ ഇട്ട് നടന്ന ചില നാറികൾ പോലും ഈ കൂട്ടത്തിൽ ഉണ്ടെന്നതാണ് വാസ്തവം.

ഉള്ളത് പറയാലോ ചില സമയങ്ങളിൽ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പകൽ മാന്യന്മാർ ആയിരിക്കും നമ്മളോട് ഏറ്റവും മോശമായി പെരുമാറുന്നത്.

ഒരു പെണ്ണിനെ സംബന്ധിച്ച് അതിനേക്കാൾ പുച്ഛം തോന്നുന്നത് ഇതൊക്കെ പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല എന്നതാണ്. കാരണം അത്തരത്തിൽ ഉള്ളവന്മാരുടെ കുടുംബത്തിനുള്ളിലെ ഇമേജ്.

നീയൊക്കെ വിചാരിക്കും പോലെ രാത്രി 11 മണി കഴിഞ്ഞ് ഞങ്ങൾ ഓൺ ലൈനിൽ വരുന്നത് സുഖം കിട്ടാൻ അല്ല. ഡ്യൂട്ടി കഴിഞ്ഞ് വരുന്ന ഭർത്താക്കന്മാരോട് ഒന്ന് സംസാരിക്കാൻ ആണ്.

ഒന്നുമല്ലേലും എന്നെ പോലുള്ളവരെ അമ്മ ആക്കിയ പുരുഷൻമാർ അല്ലേ? അപ്പോൾ നിങ്ങളുടെ ചീപ് സുഖം വേണോ ഡയലോഗ് ഇങ്ങോട്ട് ഇറക്കരുത്. റിക്വസ്റ്റ് അല്ല, തന്റേടം ഉള്ള പെണ്ണിന്റെ ചങ്കുറപ്പ് ആയി കണ്ടോളൂ.

പിന്നെ ഞങ്ങൾ പ്രവാസി ഭാര്യമാർക്ക് മാത്രം അവകാശപ്പെട്ട ചില കിടിലം കീഴ്‌വഴക്കങ്ങൾ നാട്ടിലുണ്ട്.

അതെന്തെന്നാൽ ഏത് പ്രവാസിയുടെ ഭാര്യ വഴി പിiഴച്ചാലും പഴി ഞങ്ങൾക്കും ടോൾ ഫ്രീയാണ്.

എന്തിനേറെ പറയുന്നു, സ്വന്തമായി പുരികം ത്രെഡ് ചെയ്ത് വെളിയിൽ ഇറങ്ങിയാൽ തന്നെ ഞങ്ങളുടെ കാര്യം തീർന്നു.

കെട്ടിയോൻ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് പണം അയക്കുന്നു. അവൾ ഇവിടെ അഴിഞ്ഞാടി നടക്കുന്നു.

ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം… പക്ഷെ ഒരു മനുഷ്യന്റെ വായ?

എന്ന് കരുതി എല്ലാ പ്രവാസികളുടെ ഭാര്യമാരും “ഭാര്യ” എന്ന വാക്കിന്റെ പര്യായം ആണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. മാത്രമല്ല ഈ വരികളുടെ അകമ്പടിയില്ലാതെ ഈ വിഷയം എഴുതാനുമാവില്ല.

പ്രവാസി ഭർത്താക്കന്മാർ അയച്ച് കൊടുക്കുന്ന പൈസയും കൊണ്ട് കണ്ടവന്മാരുടെ കൂടെ സ്വന്തം മക്കളെ പോലും കളഞ്ഞിട്ട് പോണവരും ഉണ്ട്.

നേരത്തെ പറഞ്ഞ കുടുംബത്തിലെ ഇമേജ് ഈ പറഞ്ഞ കൂട്ടർക്കും ബാധകം.

കണ്ടാൽ കവിയൂർ പൊന്നമ്മയുടെ വട്ട പൊട്ടിനോട്‌ പോലും ചുക്കാൻ പിടിക്കാൻ തക്ക സിന്ദൂരവും നാഴികക്ക് നാല്പതു വട്ടം എന്റെ ഭർത്താവും കുഞ്ഞുങ്ങളുമാണ് ആണ് എന്റെ ലോകം എന്ന് ആളുകളെ കാണിക്കാൻ സ്റ്റാറ്റസും ഇടും.

എന്നിട്ട് ഭർത്താവ് നാട്ടിൽ വരുമ്പോൾ കാiമുകന്മാരെ ഒന്നൊന്നായി ബ്ലോക്ക് ആക്കി വെക്കുന്ന നല്ലൊരു ശതമാനം പ്രവാസിയുടെ ഭാര്യമാരേം എനിക്കറിയാം. അതിലെ മിക്ക കാമുകന്മാരും അവരുടെ അടുത്ത കൂട്ടുകാരികളുടെ ഭർത്താക്കന്മാർ ആയിരിക്കും എന്നതാണ് കൗതുകം ഉപരി സത്യകഥ.

ഒരു ഭാര്യയാവാനുള്ള പക്വത എന്നിലുണ്ടോ എന്ന് 19 ആം വയസ്സിൽ ചിന്തിച്ച് കൊണ്ട് വിവാഹ ജീവിതത്തിലേക്ക് കാല് എടുത്ത് വെച്ചവൾ ആണ് ഞാൻ. ആ ഞാൻ ഇന്ന് എന്റെ മോൾക്ക്‌ അച്ഛനും അമ്മയുമാണ്. പോരാഞ്ഞിട്ട് സാഹചര്യങ്ങൾ ചാർത്തി തന്ന എത്രയോ വിലപ്പെട്ട റോളുകൾ.

പഠിക്കുന്ന സമയത്ത് കണക്കിൽ മോശമായിരുന്ന പല പെൺകുട്ടികളും പ്രവാസിയുടെ ഭാര്യ ആയതിൽ പിന്നെ കണക്കിന്റെ കാര്യത്തിൽ കിറുകൃത്യം ആയിരിക്കും. ഭർത്താവ് അയക്കുന്ന പൈസ സ്വരുക്കൂട്ടി ആവശ്യങ്ങൾ നിറവേറ്റുകയും ബാക്കി സേവ് ചെയ്യുകയും ചെയ്യുന്നത് ഒരു അക്കൗണ്ടന്റിന്റെ ബാലൻസ് ഷീറ്റിനോട് പോലും കിട പിടിക്കുന്ന കല തന്നെയാണ്.

പല ഭർത്താക്കന്മാരും ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ഭാര്യയോട് പറയുന്ന സ്ഥിരം ഒരു ഡയലോഗ് ഉണ്ട്.

പിണക്കവും പരിഭവവും വിളമ്പാതെ സ്നേഹത്തോടെ എന്തെങ്കിലും പറയാൻ ഉണ്ടോ?

വന്ന് കേറി യൂണിഫോം പോലും മാറിയിട്ടില്ല, അതിന് മുമ്പേ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ആയിട്ട്…

ഇത് വായിക്കുന്ന പ്രവാസികളായ ഭർത്താക്കന്മാരോട് എനിക്ക് പറയാനുള്ളത് എന്തെന്നാൽ ഞങ്ങൾ ഭാര്യമാർ തികച്ചും ഒറ്റപ്പെടുകയാണ് നിങ്ങൾ പോകുമ്പോൾ. ഞങ്ങൾക്ക് പിണക്കവും ഇണക്കവും പങ്ക് വെക്കാൻ നിങ്ങളെ ഉള്ളൂ.

മുത്തേ, ചക്കരെ എന്നൊന്നും വിളിച്ചില്ലെങ്കിലും സ്നേഹത്തോടെ “ഞാൻ എന്തിനും നിന്റെ കൂടെ ഉണ്ട് എന്ന്” സ്വന്തം പുരുഷൻ പറയുമ്പോൾ ഞങ്ങൾ സ്ത്രീകൾക്ക് കിട്ടുന്ന സന്തോഷം നിങ്ങൾ ഊഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി ആണ്.

ഭർത്താവിന്റെ ഡ്യൂട്ടി സമയത്തും, തിരിച്ച് റൂമിൽ വന്ന് കഴിഞ്ഞാലും സ്വസ്ഥത കൊടുക്കാതെ തൊട്ടേനും പിടിച്ചേനും കുറ്റപ്പെടുത്തുക മാത്രം ചെയ്യുന്ന ഭാര്യമാർക്ക് മേൽപറഞ്ഞത് ബാധകമല്ല.

ഞങ്ങൾക്ക് അങ്ങനെ ഒത്തിരി മോഹങ്ങളൊന്നുമില്ല. പക്ഷെ ‘കെയർ’ എന്നത് ഞങ്ങൾക്ക് ജീവവായു പോലെയാണ്.

പീരിയiഡ്സിന്റെ ടൈമിൽ ഞാൻ വയർ തടവി തരട്ടെ എന്ന് ഭാവനാത്മകമായി നിങ്ങൾ ചോദിക്കുന്നത് പോലും ഞങ്ങളിൽ സന്തോഷവും അഭിമാനവും ഉണർത്തും.

പ്രസവ സമയത്ത് ഭർത്താവ് അടുത്ത് ഉണ്ടാവാൻ ഏതൊരു ഭാര്യയും കൊതിക്കും. ജീവൻ പോകുന്ന വേദനയിലും ജീവനിൽ പാതി ആയവന്റെ അഭാവം തരുന്ന വിഷമം ചെറുതല്ല.

കോച്ചി പിടിക്കുമ്പോൾ കാലൊന്ന് തടവി തരാനും രാവിലത്തെ ഇളം വെയിലിൽ സൂര്യപ്രകാശം തട്ടാനായി നിറ വയർ കാണിച്ചിരിക്കുമ്പോൾ ഒന്ന് തലോടാനും അദ്ദേഹം അരികിൽ ഉണ്ടായിരുന്നുവെങ്കിൽ…

ഒടുവിൽ വരുന്ന ദിവസം ഓരോന്നായി എണ്ണി തിട്ടപ്പെടുത്തി കലണ്ടറിൽ വെട്ടി കുറച്ച് കാത്തിരിക്കുന്ന നാളുകൾ.

അതിനോടകം എയർപോർട്ടിൽ അദ്ദേഹം വന്നിറങ്ങുന്ന രംഗം ഒരായിരം തവണ എങ്കിലും സെൽഫ് കൊറിയോഗ്രാഫി ആക്കി മനസ്സിൽ പതിപ്പിച്ചിട്ടുണ്ടാവും.

ഒടുവിൽ എയർപോർട്ടിൽ നിന്നും ഓരോ ആളുകൾ പുറത്തോട്ട് വരുമ്പോഴും അയ്യോ അടുത്തത് എന്റെ ചേട്ടൻ ആയിരിക്കണേ എന്ന് പ്രാർത്ഥിച്ച് ആകാംക്ഷയോടെ ഞങ്ങൾ നിൽക്കുന്ന മുഹൂർത്തം വർണ്ണനകൾക്ക് അതീതമാണ്.

അതൊരു വികാരമാണ്.

ഒടുവിൽ കുടുംബവീട്ടിൽ ആണെങ്കിൽ, എത്തിയ ശേഷം ഒന്ന് സ്വകാര്യമായി കെiട്ടിപുണരാൻ എത്രയോ പേരുടെ കണ്ണ് വെട്ടിക്കണം. ഒരു മിഠായിത്തുണ്ട് മാത്രമാണ് എനിക്കായി അദ്ദേഹം പെട്ടിയിൽ കരുതിയിട്ടുള്ളത് എങ്കിലും ഒരു പരിഭവവും ഇല്ല.

എന്നാലും രാത്രിയാകുമ്പോൾ എന്നിലെ സ്ത്രീ ഉണരും.

എനിക്ക് മാത്രം ചേട്ടൻ ഒന്നും കൊണ്ട് വന്നില്ല ( എന്നിലെ കുണുവാവ).

പതിയെ സിസേറിയൻ ചെയ്ത എന്റെ വയറ്റിലെ തുന്നിക്കെട്ടൽ പാടുകളിൽ തലോടികൊണ്ട് ‘എന്റെ മോള് ഒരുപാടു സഹിച്ചല്ലേ’ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ അറിയാണ്ട് അഭിമാനവും സന്തോഷവും തോന്നിപോയി.

ഒടുവിൽ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന് കിട്ടിയ ആ ദിവസങ്ങൾ P.T. ഉഷയേക്കാൾ വേഗത്തിൽ ഓടി പോകുന്നത് എങ്ങനെ ആണെന്ന് എനിക്ക് ഇന്നും അറിയില്ല. Especially Last one week..

എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട്. ഒരു വരവിൽ അദ്ദേഹം തിരിച്ചു പോകുന്നതിന്റെ തലേന്നത്തെ രാത്രി.

പുറത്ത് നല്ല കോരി ചൊരിയുന്ന മഴ. ഓർമ്മക്കായി അദ്ദേഹത്തിന്റെ നെഞ്ചിൽ ഞാൻ കടിച് ചുമപ്പിച്ചിട്ടുണ്ട്. അതൊരിക്കലും വേദന അല്ല മറിച്ച് സുഖമുള്ള നോവാണ്.

ശേഷം പരസ്പരം ചോറ് വാരി കൊടുത്ത് കഴിച്ചിട്ട് പിന്നെയും ഉറങ്ങാതെ ഏറെ നേരം ഇരുന്നു.

ലീവ് നീട്ടാൻ പറ്റുമോ എന്നും ഇനി വന്നാൽ പോകണ്ട എന്നും കെഞ്ചി പറഞ്ഞത് ഇന്നലെ കഴിഞ്ഞത് പോലെ.

ഞാൻ കരയാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. നല്ലൊരു ശതമാനം പുരുഷന്മാരും നമുക്ക് വിഷമം ആവുമെന്ന് കരുതി പോകും നേരം സങ്കടം പുറത്ത് കാട്ടില്ല. എന്നാലും എന്റെ കെട്ടിയോൻ ബാത്‌റൂമിൽ നിന്ന് പൊട്ടികരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ശേഷം മുറിയിൽ വന്നിട്ട് ഇരുവരും കെട്ടിപിടിച്ച് കരഞ്ഞപ്പോൾ പുറത്തെ മഴത്തുള്ളികൾ ഓടിന്റെ ഇടയിലൂടെ ഞങ്ങളിലേക്ക് ഒലിച്ചിറങ്ങി.

ശേഷം കിടക്ക മാറ്റിയിട്ടിട്ട് ബക്കറ്റും വെച്ച് ഒരേ പുതപ്പിൽ ചുരുണ്ടുകൂടി പരസ്പരം നോക്കിയിരുന്നു.

വർഷങ്ങൾക്കു മുമ്പേ ഇറങ്ങിയ ജയറാമേട്ടന്റെ സ്വപ്ന സഞ്ചാരിയിലെ സോങ്ങിന്റെ തനിയാവർത്തനം പോലെ.

അന്നേ കുറിച്ചതാ സ്വന്തമായി ഒരു കുഞ്ഞ് വീട് എന്ന സ്വപ്നം. ഇന്ന് ഞങ്ങൾ ആ സ്വപ്നത്തിന്റെ പുറകേയാണ്. ആ യാത്രയിൽ പോകാൻ നേരം എന്റെ മുടിനാരുകൾ പിഴുത് അദ്ദേഹത്തിന്റെ പേഴ്സിൽ ഭദ്രമായി വെച്ചത് എനിക്ക് മറക്കാൻ ആവാത്ത നിമിഷം ആണ്.

അപ്പുറത്തെ വീട്ടിലെ യമുന ചേച്ചിയൊക്കെ പണ്ട് ദൈവ സഹായം എന്ന ആമുഖത്തോടെ ഭർത്താവിന് കത്ത് എഴുതി മറുപടിക്കായി ആഴ്ചകളോളം കാത്തിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അതേ പോലെ ബൂത്തിൽ പോയി ബുക്ക്‌ ചെയ്ത് നിൽക്കുന്നതും.
അത് വെച്ച് നോക്കുമ്പോൾ നമ്മുടെ തലമുറ എത്രയോ ഭാഗ്യമുള്ളവരാണ്.

അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അർദ്ധ രാത്രിയിൽ നാട്ടിൽ നിന്നും ഒരു കോൾ ചെല്ലുമ്പോൾ നെഞ്ചിടിപ്പ് ആണെന്ന്. മിക്കപ്പോഴും അത് പ്രിയപ്പെട്ടവരുടെ വേർപാടോ ഹോസ്പിറ്റൽ കേസോ ആവും എന്നതിൽ സംശയം ഇല്ലത്രേ.

അത് കൊണ്ട് അത്രക്ക് സീരിയസ് മാറ്റർ ആണെങ്കിൽ മാത്രമേ ഞാൻ ആ സമയങ്ങളിൽ അങ്ങോട്ട് വിളിക്കോളൂ.

എത്രയോ വിവാഹ വാർഷികങ്ങൾ ആളും ആരവും ഇല്ലാതെ കടന്ന് പോയിട്ടുണ്ട്.

നേരിൽ കാണേണ്ടവ എല്ലാം വീഡിയോ കോളിൽ ഷെയർ ചെയ്യാൻ ആയിരുന്നു ഞങ്ങൾ പ്രവാസി ഭാര്യമാരുടെ വിധി. അതിനി കൂടപിറപ്പിന്റെ വിവാഹം ആയാലും സ്വന്തം ചോരയുടെ ചോറ് കൊടുപ്പ് ആയാലും.

ഞങ്ങൾ പ്രവാസി ഭാര്യമാരുടെ മറ്റൊരു ഭാഗ്യം എന്തെന്നാൽ സോഷ്യൽ മീഡിയയിൽ സിംഗിൾ ഫോട്ടോ ഇട്ടാലോ സിന്ദൂരം ഇടാതെ ഉള്ള ഫോട്ടോ ഇട്ടാലോ ഉടനെ കിട്ടും നാട്ടുകൂട്ടത്തിന്റെ ഡിവോഴ്സ് പേപ്പർ.

സിനിമ നടിമാരുടെ ലിസ്റ്റ് കഴിഞ്ഞാൽ ഏവരും അടുത്തതായി കാത്തിരിക്കുന്നത് ഞങ്ങൾ പ്രവാസി ഭാര്യമാരുടെ വേർപിരിയലിനാണ്.

മോള് ആയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വരവ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.

പിന്നീട് അങ്ങോട്ട് മോളെ വാരിയെടുത്ത് സുരേഷ് ഗോപിയെ പോലും വെല്ലും തരത്തിലുള്ള ആഹ്ലാദ പ്രകടനം ആയിരുന്നു. ഉറങ്ങി കിടക്കുന്ന മോളെ നട്ടുച്ചക്ക് വരെ തട്ടി ഉണർത്തി കളിപ്പിക്കൽ.

ഇടക്ക് ഞാനും ഒന്ന് പോസ്സസീവ് ആയി.

ഇനി എങ്ങാനും എന്നോടുള്ള സ്നേഹം കുറയുമോ? എന്തായാലും രാത്രി കറങ്ങി തിരിഞ്ഞു വരും എന്നത് ഉറപ്പായിരുന്നു.

പക്ഷെ ശരിക്കും പിന്നെ ഉള്ള ദിവസങ്ങളിൽ ഞങ്ങളെ കറക്കിച്ചത് മോള് ആയിരുന്നു.

പല ട്രിക്കിലും അവളെ അത് വരെ ഉറക്കികൊണ്ടിരുന്ന ഞാൻ പോലും ശെരിക്കും പെട്ടു. ഒരു വിധത്തിൽ അവൾ ഉറങ്ങില്ല. കുട്ടി പിശാച് ഒന്ന് ഉറങ്ങിയിരുന്നെങ്കിൽ എന്ന് ഞാനും അദ്ദേഹവും മനസ്സുരുകി പ്രാർത്ഥിച്ച ദിനങ്ങൾ.

മോളെ നടുക്ക് കിടത്തി ഉറങ്ങുന്നത് സ്വപ്നം കണ്ട് നടന്ന നമുക്ക് പിന്നെ ആ സ്വപ്നത്തിൽ നിന്നും എഴുന്നേൽക്കാൻ പോലും പറ്റിയില്ല എന്നതാണ് സത്യം.

ഒടുവിൽ മോളെ കട്ടിലിൽ ഉറക്കി കിടത്തിയിട്ട് നമ്മൾ തറ ടിക്കറ്റ് എടുക്കേണ്ടി വന്നു.

കുഞ്ഞി രാമായണത്തിൽ പറയും പോലെ മോളുടെ സൽസ ശാപം. പക്ഷെ അതൊക്കെ ഞങ്ങളുടെ സ്വകാര്യ സന്തോഷങ്ങൾ ആണ്. വിസിറ്റ് വിസയിൽ ഒരു നാൾ ഞങ്ങളേയും കൊണ്ട് പോകും എന്ന് അദ്ദേഹം വാക്ക് തന്നിട്ടുണ്ട്. ഈശ്വരൻ വിധിച്ചതാണേൽ നടക്കട്ടെ.

മിക്കപ്പോഴും ഞങ്ങൾ പ്രവാസി ഭാര്യമാരുടെ ആദ്യ കുഞ്ഞ് കെട്ടിയോന്റെ തനി പകർപ്പായിരിക്കും.

എന്നെ തുണി കടയിൽ കയറ്റിയാൽ അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് സിനിമ കണ്ട് വരാനുള്ള സമയം കിട്ടും. അതിന്റെ പേരിൽ എന്ന് ഡ്രസ്സ്‌ എടുക്കാൻ പോയാലും വഴക്കാണ്. ഇപ്പോൾ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു. അവിടെ വെച്ച് ട്രയൽ നോക്കുമ്പോൾ എത്ര പാകമായത് ആയാലും വീട്ടിൽ ചെന്ന് ഇട്ടു നോക്കിയ ശേഷം കുറഞ്ഞത് ഒന്നെങ്കിലും പിറ്റേദിവസം പോയി മാറ്റിയെടുക്കും. എടുത്തിരിക്കും.

യാത്രകളെ കുറിച്ച് പറയുക ആണെങ്കിൽ, എത്രയൊക്കെ ആഡംബര കാറിൽ പോയിട്ടുണ്ടെങ്കിലും ബൈക്കിൽ ഭർത്താവിന്റെ നെഞ്ചിൽ കുറുക്കിട്ട് കെട്ടിപിടിക്കുന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്.

ലീവ് ദിവസങ്ങളിൽ അര പെiഗ്ഗ് പോലും അടിക്കാൻ സമ്മതിക്കാതെ വരച്ച വരയിൽ നിർത്തുന്ന ഭാര്യ ഒന്നും അല്ലാട്ടോ ഞാൻ. എന്ന് വെച്ചാൽ പുള്ളി പരിധി വിട്ട് അടിക്കില്ല എന്ന വിശ്വാസം എന്നിൽ ഉള്ളത് കൊണ്ട് മാത്രം.

കുടുംബത്തിലെ ഓരോ വിശേഷ ദിനങ്ങളിലും സിന്ദൂരവും ചാർത്തി പോയി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ വിടവ് ഒത്തിരി അനുഭവപ്പെടാറുണ്ട്.

നാട്ടിലുള്ള കപ്പിൽസ് ഇൻസ്റ്റയിലും മറ്റും അടിക്കടി പുതിയ പ്രൊഫൈൽ പിക്ച്ചറുകൾ മാറ്റുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കല്യാണഫോട്ടോയും അല്ലറ ചില്ലറ ഒത്തിരി പഴയ പടങ്ങളും തന്നെ ശരണം.

അച്ഛൻ ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ കടമകൾ കൂടി പലപ്പോഴും ഞാൻ ഉൾപ്പെടുന്ന പ്രവാസി ഭാര്യമാർ കുഞ്ഞുങ്ങൾക്ക് മുമ്പിൽ കെട്ടിയാടുന്നു. ആ അനുഭവങ്ങൾ തരുന്ന പ്രകാശം തന്നെയാണ് ഞങ്ങളെ ഏത് ഇരുട്ടിലും മുമ്പോട്ടു നയിക്കുന്നത്.

അത് കൊണ്ട് സiദാചാര ആങ്ങളമാർ ഓല പാമ്പിനെ കാണിച്ച് ഞങ്ങളെ വിരട്ടല്ലേ. ഒരു കണക്കിന് ഞങ്ങൾ പ്രവാസിയുടെ ഭാര്യമാർക്ക് മാത്രമല്ല ഏതൊരു പെൺകുട്ടിയും രാത്രി നെറ്റ് ഓൺ ആക്കിയാൽ ഇതൊക്കെ തന്നെയാണ് അവസ്ഥ.

പ്രവാസലോകത്തെ കഷ്ടപ്പാടുകൾ തുറന്ന് പറയുന്ന നല്ല ആൺ സുഹൃത്തുക്കളും എനിക്ക് ഉണ്ട്.

നമ്മുടെ ഭർത്താക്കന്മാർ ആ കാര്യത്തിൽ നമ്മളോട് ചിലപ്പോഴെങ്കിലും നുണ പറയും. കാരണം അവർ കഷ്ടപ്പെട്ടാലും വീട്ടുകാർ അത് അറിയരുത് എന്നത് അവരുടെ ശക്തി മന്ത്രം ആണ് ഉപരി വാശി ആണ്.

അതേ പോലെ സ്വന്തം കുടുംബം നോക്കാൻ നാട് വിട്ട് ജോലി എടുക്കുന്ന ഓരോ പെൺ മനസ്സിനും എന്റെ സല്യൂട്ട്.

ഇത് വായിക്കുന്ന ചിലർക്ക് എങ്കിലും തോന്നും. ഇതൊക്കെ അറിഞ്ഞിട്ട് അല്ലേ ഗൾഫുകാരന്റെ മുന്നിൽ കഴുത്ത് നീട്ടികൊടുത്തത് എന്ന്. പിന്നെ ആരോട് പരിഭവം പറയുന്നത് എന്ന്?

ഒരിക്കലും ഇത് പരിഭവം അല്ല. ഞങ്ങളുടെ അവസ്ഥ ആണ്. അദ്ദേഹം ഉൾപ്പടെ ഉള്ള ഭർത്താക്കന്മാർ വിദേശത്ത് പോയി പണി എടുക്കുന്നത് നമുക്ക് വേണ്ടി ആണെന്ന പൂർണ്ണ വിശ്വാസം ഉണ്ട്.

അത് കൊണ്ട് പരിഭവത്തോടെ അല്ല, തല ഉയർത്തി നല്ല അന്തസ്സോടെ ഈ സമൂഹത്തോട് ഞങ്ങൾ വിളിച്ച് പറയും.

ഒരു പ്രവാസിയുടെ ഭാര്യ ആയതിൽ അഭിമാനിക്കുന്നു എന്ന്…

അശ്വനി ശ്രീധർ (സാങ്കൽപ്പിക കഥാപാത്രം )

ഒപ്പ്…

(NB: ആണിന്റെ പെണ്ണെഴുത്ത്. ദഹിക്കാത്ത വരികൾക്ക് ക്ഷമ)

Leave a Reply

Your email address will not be published. Required fields are marked *