മീറ്റിംഗിന് ചെന്നൊന്നു നോക്കണം സന്തൂറിൻ്റെ പരസ്യം പോലെ ഇതൊക്കെ അമ്മമാര് തന്നെയാണോന്ന് സംശയമാവും……

കൺമഷി

story written by Panchami Satheesh

” കഴിഞ്ഞില്ലേ കല്യാണത്തിനൊന്നുമല്ല പോകുന്നെ ഇങ്ങനെ ചമഞ്ഞൊരുങ്ങാൻ ” നേരം രണ്ടു മണിയായി “

സാരിയുടുത്ത് കണ്ണൊന്നെഴുതാൻ ഒരുങ്ങുമ്പോഴാണ് പിറകിൽ നിന്ന് അശരീരി പോലെ ശബ്ദം കേട്ടത്.

ദേഷ്യത്തിൽ കൺമഷി ചെപ്പ് മേശയിലേക്കെറിഞ്ഞ് അവൾ പുറത്തേക്കു നടന്നു.

പോകുന്നത് മോൻ്റെ സ്കൂളിലേക്കാണ്. PTA മീറ്റിംഗിന് . രണ്ടു മണിക്ക് എത്തണം. ഭർത്താവ് ഊണു കഴിച്ച് പോകുമ്പോൾ സ്കൂളിൽ ഇറക്കാമെന്നു പറഞ്ഞപ്പോൾ വേഗം റെഡിയായി. കണ്ണെഴുതാൻ തുടങ്ങിയപ്പോഴത്തെ ഡയലോഗാണ് കേട്ടത്.

ഇനി വല്ല കല്യാണത്തിനും പോകുമ്പോ വേറൊരു ഡയലോഗ് കൂടിയുണ്ട്,
” ഓ ഒരുക്കം കണ്ടാൽ തോന്നും നിൻ്റെ കല്ല്യാണമാണെന്ന്. “

മീറ്റിംഗിന് ചെന്നൊന്നു നോക്കണം സന്തൂറിൻ്റെ പരസ്യം പോലെ ഇതൊക്കെ അമ്മമാര് തന്നെയാണോന്ന് സംശയമാവും.

അവളെ കണ്ട് ആ പെണ്ണുങ്ങളുടെ മുഖത്ത് വിരിഞ്ഞത് സഹതാപമാണോ പുച്ഛമാണോ എന്തോ.

പേരറിയാത്തൊരു വികാരം മനസ്സിനെ മൂടുന്നതറിഞ്ഞ് നിർവ്വികാരമായി അവളിരുന്നു.

വീട്ടിലെ കണ്ണാടിയിൽ കണ്ണുകളെ നോക്കി നിന്നു. സ്നേഹിക്കപ്പെടാത്ത പരിഗണിക്കപ്പെടാത്ത പെണ്ണിൻ്റെ കണ്ണുകൾ ചത്ത മീനിൻ്റേതു പോലെയാണെന്നവൾ എവിടെയോ കേട്ടിട്ടുണ്ട്. നേരണതെന്നു തോന്നി. ജീവനില്ലാത്ത പോലെ കണ്ണുകൾ അവളെ നോക്കി നിന്നു.

കെട്ടിച്ചു വിട്ട പെങ്ങൾ മൂക്കുകുത്തി, കാതിൽ വരിവച്ച പോലെ സ്റ്റഡും കുത്തി വന്നപ്പോ കൊള്ളാലോടീന്ന് അങ്ങേര്,

അവളെന്നെ നോക്കി ഏടത്തിക്ക് മുക്കു കുത്താമായിരുന്നില്ലേ അതാ ഇപ്പോ ട്രെൻഡ് ന്ന് പറഞ്ഞപ്പോ അങ്ങേരുടെ അടുത്ത ഡയലോഗ്

“ഉം പിന്നേ അവൾക്ക് മൂക്കുകുത്തി മൂക്കുകയർ ഇടാറായിട്ടുണ്ടെന്ന്,”

” കഴുത്തിൽ കെട്ടിയ കുരുക്ക് കൊണ്ട് തന്നെ മതിയായെന്ന് മനസ്സിൽ പറഞ്ഞ് ” ഞാനവൾക്ക് നേരെ ഇളിച്ചു കാട്ടി,

എന്നെ ചവിട്ടി താഴ്ത്താൻ കിട്ടണ ഒരവസരം പോലും പാഴാക്കില്ലല്ലോ ചെകുത്താൻ.

കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ പോലും “നിനക്കിവിടെ എന്തിൻ്റെ കുറവാണെന്ന ഡയലോഗിൽ ” മായ്ച്ചുകളയും’ ശരിയാണ് എന്തിൻ്റെ കുറവാണ് തനിക്ക് . പട്ടിണിയില്ല, ദാരിദ്ര്യമില്ല, സൗകര്യ കുറവുകളില്ലാ.

വാക്കു കൊണ്ടോ നോക്കു കൊണ്ടോ ഒരു പരിഗണനയുമില്ലാ.

അത്യാവശ്യത്തിന് വീട്ടിലേക്ക് വിളിക്കാനായി ഒരു ഫോണുണ്ടായിരുന്നത് പണിമുടക്കിയപ്പോ അനിയൻ പുതിയ ഫോൺ വാങ്ങിക്കൊണ്ടുവന്നു.

അത്ര ഇഷ്ടപ്പെട്ടില്ലേലും അങ്ങേരൊന്നും പറഞ്ഞില്ല.

സെറ്റിംഗ്സൊക്കെ അയൽവക്കത്തെ അമ്മുവിൽ നിന്നും പഠിച്ച്,ഒരു fb പേജ് തുടങ്ങി. കൺമഷിയെന്ന പേരിൽ. കറുപ്പിച്ചെഴുതിയ കണ്ണുകളുടെ ഫോട്ടോ പ്രൊഫൈൽ ഇട്ടു. ഗ്രൂപ്പുകളിൽ ചേക്കേറി.

വായന നൽകിയ ഉണർവ് കൊച്ചെഴുത്തുകളായി. പതിയെ ആ ലോകം മനസ്സിനെ കീഴടക്കി. പകലുകളിലവളെ മറന്നു. കണ്ണുകൾക്ക് തിളക്കം വച്ചു. കൺമഷി യിലേക്ക് കുടിയേറി.

അവളുടെ കഥകളിൽ അവൾ കാമുകിയായി, ഭാര്യയായി, കൂട്ടുകാരിയായി, അമ്മയായി അവളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ഭർത്താവും. സന്തോഷവതിയായ അവളും,

സങ്കല്പങ്ങൾ എഴുത്തിലൂടെ പടുത്തുയർത്തി . സൗഹൃദങ്ങളിൽ നിന്ന് കേട്ട വാക്കുകൾ മനസ്സിൽ മധുരം നിറച്ചു.

വൈകുന്നേരങ്ങളിൽ വീണ്ടും അവളുടെ കണ്ണുകൾ ചത്ത മീനിൻ്റേതു പോലെ നിർജീവമായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *