മുതലാളീ,, മറ്റൊരുത്തൻ്റെ ഭാര്യ ആയ എന്നോട് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ഇങ്ങനെ ചോദിക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ……

Story written by Saji Thaiparambu

നീ ചോദിച്ച തുക തരണമെന്നും നിന്നെ സഹായിക്കണമെന്നും എനിക്കാഗ്രഹമുണ്ട് ലക്ഷ്മീ,, പക്ഷേ പഴയത് പോലെ വീടും സ്ഥലവും ഈട് വാങ്ങി, പണം കടം കൊടുക്കുന്ന പരിപാടി ഞാനിപ്പോൾ ചെയ്യുന്നില്ല, കാരണം, എൻ്റെ പത്ത് തലമുറകൾക്ക്, യഥേഷ്ടം താമസിക്കാനുള്ള വീടും പറമ്പുകളും, ഈ നാട്ടിൽ തന്നെ എനിക്ക് ധാരാളമുണ്ട്, അപ്പോൾ പിന്നെ ,നിൻ്റെ വീടും പറമ്പും കൂടെ കിട്ടിയിട്ട് എനിക്കെന്ത് ചെയ്യാനാ ?

അങ്ങനെ പറയരുത് മുതലാളീ എൻ്റെ ശിവേട്ടൻ ജീവിതത്തിലേക്ക് തിരിച്ച് വരണമെങ്കിൽ ഡോക്ടർ പറഞ്ഞ സർജ്ജറി ഉടൻ ചെയ്തേ പറ്റൂ,, അതിനുള്ള പതിനേഴ് ലക്ഷം രൂപയാണ് ഞാൻ ചോദിക്കുന്നത്, പകരം ഈടായി തരാൻ, എൻ്റെ കൈയ്യിൽ ഞങ്ങൾ താമസിക്കുന്ന വീടും പറമ്പും മാത്രമേയുള്ളു,,

ലക്ഷ്മി ദൈന്യതയോടെ പറഞ്ഞു.

എന്നാര് പറഞ്ഞു,? ലക്ഷ്മിയൊന്ന് മനസ്സ് വച്ചാൽ, വീടും പറമ്പും നിൻ്റെ കയ്യിൽ തന്നെയുണ്ടാവും, നീ ചോദിച്ച പണം നിനക്ക് ഞാൻ തരികയും ചെയ്യും,,

മുതലാളി എന്താ ഉദ്ദേശിക്കുന്നത്?

ക്രോധം കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ ചുവന്നു,

ഹേയ്, നീ കരുതുന്നത് പോലെയൊന്നും ഞാനുദ്ദേശിച്ചിട്ടില്ല, നിനക്കറിയാമല്ലോ? എൻ്റെ ഭാര്യ സുഭദ്ര മരിച്ചിട്ട് വർഷം ആറ് കഴിഞ്ഞു, മക്കളും മരുമക്കളുമൊക്കെ, അവരവരുടെ ജീവിതത്തിരക്കു കളുമായി നടക്കുന്നു ,ഇട്ട് മൂടാനുള്ള സ്വത്ത് ഉണ്ടെങ്കിലും, സന്തോഷിക്കാനുള്ള വകയൊന്നും എനിക്കില്ല, നമ്മളെ സ്നേഹിക്കാനും, നമുക്ക് സ്നേഹിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടെങ്കിലേ, ജീവിക്കാൻ ഒരു ത്രില്ലുണ്ടാവൂ, അത് കൊണ്ട് ഞാനൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു, എന്ന് വച്ച് കണ്ണിൽ കണ്ട ആരെയെങ്കിലും വിവാഹം കഴിക്കാൻ പറ്റുവോ? ഒരു പാട് പേരുടെ മുഖം എൻ്റെ മനസ്സിൽ തെളിഞ്ഞ് വന്നെങ്കിലും, എനിക്കാകെ ഇഷ്ടപ്പെട്ടൊരു സ്ത്രീ നീയാണ് ,എൻ്റെ ഭാര്യയാകാൻ നീ ഒരുക്കമാണെങ്കിൽ, നീ ചോദിച്ച മുഴുവൻ തുകയും നിനക്ക് ഞാൻ ഫ്രീയായിട്ട് തരാം,,

മുതലാളീ,, മറ്റൊരുത്തൻ്റെ ഭാര്യ ആയ എന്നോട് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ഇങ്ങനെ ചോദിക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ?

നീ കോപിക്കാതെ ലക്ഷ്മീ ,, മറ്റൊരാളുടെ ഭാര്യ ആയാലെന്താ പ്രശ്നം ,ഒരു പുരുഷന് പല സ്ത്രീകളെ ഒരേ സമയം ഭാര്യയാക്കാമെങ്കിൽ ഒരു സ്ത്രീയ്ക്ക് ഒന്നിലധികം പുരുഷൻമാരെ ഭർത്താവായി സ്വീകരിക്കുന്നതിൽ എന്താ തെറ്റ്? മാത്രമല്ല ഈ ഓപ്പറേഷൻ കഴിഞ്ഞാൽ ശിവരാജൻ ജിവിതത്തിലേക്ക് തിരിച്ച് വരുമെന്നല്ലാതെ അയാൾക്ക് പഴയത് പോലെ ഒന്നിനും കഴിയില്ലെന്നല്ലേ ഡോക്ടറ് പറഞ്ഞത്? എന്ന് വച്ചാൽ, ഒരു ജോലിക്ക് പോകാനോ ,കുടുംബം പുലർത്താനോ അയാൾക്ക് കഴിയില്ല ,ഓപ്പറേഷൻ കഴിഞ്ഞാലും നിങ്ങൾക്ക് ജീവിക്കണ്ടെ? ശിവരാജന് വിലപിടിപ്പുള്ള മരുന്നുകളും ടെസ്റ്റുകളുമൊക്കെ പിന്നെയും വേണ്ടി വരില്ലേ? അതിനൊക്കെയുള്ള പണം കണ്ടെത്താൻ ലക്ഷ്മിയെ കൊണ്ട് കഴിയുമോ ?പക്ഷേ, നമ്മുടെ വിവാഹം കഴിഞ്ഞാൽ ലക്ഷ്മിയെ സാമ്പത്തികമായി സഹായിക്കാൻ എനിക്ക് കഴിയും, കല്യാണം കഴിഞ്ഞാൽ
കുട്ടികളോടും ഭർത്താവിനുമൊപ്പം ,എൻ്റെയീ തറവാട്ടിൽ ലക്ഷ്മിക്ക് രാജ്ഞിയെ പോലെ കഴിയുകയും ചെയ്യാം,

നീ ആലോചിച്ചിട്ട് ഒരു മറുപടി പറഞ്ഞാൽ മതി ,മാത്രമല്ല ശിവരാജൻ്റെ സമ്മതം കൂടി വാങ്ങിക്കേണ്ടതുണ്ട് ,ശരി, എന്നാൽ പിന്നെ നീ ഇറങ്ങിക്കോ, എനിക്ക് കൃഷി ഭവനിൽ ഒന്ന് പോകേണ്ട കാര്യമുണ്ട് ,,,

തന്നോട് ദഹിക്കാത്ത വാക്കുകൾ പറഞ്ഞിട്ട് എഴുന്നേറ്റ് അകത്തേയ്ക്ക് പോകുന്ന ദാമോദരൻ മുതലാളിയെ, ലക്ഷ്മി , ഈർഷ്യയോടെ നോക്കി.

******************

അയാൾ പറഞ്ഞത് ശരിയല്ലേ? നീ ഉള്ള കിടപ്പാടം പണയം വച്ച് എന്നെ മരണത്തിൽ നിന്ന് തിരിച്ച് കൊണ്ട് വന്നാലും, ഒരു ജീവച്ഛവമാകാനല്ലേ എനിക്ക് കഴിയു , നമുക്ക് രണ്ട് മക്കളില്ലേ? അവരെ വളർത്തണ്ടെ? പഠിപ്പിക്കണ്ടെ ?എനിക്ക് ജീവിതകാലം മുഴുവൻ കഴിക്കേണ്ട മരുന്നുകൾ വാങ്ങണ്ടെ ?പിന്നെ നിത്യേനയുള്ള ചിലവുകളും, മറ്റും നടക്കണ്ടെ ,ഇതിനൊക്കെ കാശ് വേണ്ടേ?രോഗിയായ ഞാൻ വീട്ടിൽ ജീവനോടെ ഇരുന്നാൽ മാത്രം, ഈ കാര്യങ്ങളൊക്കെ മുന്നോട്ട് പോകുമോ ?
അത് കൊണ്ട് നീ ആലോചിച്ച് തീരുമാനമെടുക്കാനേ എനിക്ക് പറയാൻ കഴിയു ,അയാളെ ഭർത്താവായി സ്വീകരിച്ചാലും, നിനക്കെന്നോടുള്ള സ്നേഹത്തിന് ഭംഗമൊന്നും വരില്ലെന്ന്, എനിക്ക് നല്ല വിശ്വാസമുണ്ട് ,നിനക്കതിന് കഴിയില്ലെങ്കിൽ, നമ്മുടെ മുന്നിൽ മറ്റ് മാർഗ്ഗമൊന്നുമില്ലെങ്കിൽ, നമുക്ക് നാല് പേർക്കും കൂടി ആത്മഹ ത്യ ചെയ്യാം പക്ഷേ ,പക്ഷേ,, എനിക്ക് നിന്നോടും മക്കളോടുമൊപ്പം ജീവിച്ച് കൊതി തീർന്നിട്ടില്ല ലക്ഷ്മീ,,,

ഉള്ളിലെ അപകർഷതാബോധം അയാളുടെ സിരകളിൽ കടുത്ത പ്രഹരമേല്പിച്ചു ,വിവാഹശേഷം മിക്കപ്പോഴും രോഗബാധിതനാകുന്ന തനിക്ക് ലക്ഷ്മിയെയോ കുട്ടികളെയോ നല്ലവണ്ണം (ശദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർക്ക് സന്തോഷകരമായൊരു ജീവിതം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നുമുള്ള ചിന്ത എപ്പോഴും അയാളെ അലട്ടുന്നുണ്ടായിരുന്നു, ഇനിയും താൻ കാരണം, അവർ നരകിക്കരുതെന്നും, ഇപ്പോൾ കൈവന്നിരിക്കുന്നത് തനിക്ക് തൻ്റെ കുടുംബത്തോട് നീതി പുലർത്താനുള്ള അവസരമാണെന്നും, താനൊരു വിട്ട് വീഴ്ചയ്ക്ക് തയ്യാറായാൽ, ഭാര്യയ്ക്കും മക്കൾക്കും ഇനിയെങ്കിലും നല്ല ജീവിതം കിട്ടുമെന്നുമുള്ള ചിന്തയാണ്, അയാളെ അത്തരമൊരു തീരുമാനത്തിലേയ്ക്ക് നയിച്ചത്.

എങ്ങും തൊടാതെ ഭർത്താവ് പറഞ്ഞ മറുപടി, ലക്ഷ്മിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു.

അപൂർവ്വമായിട്ടാണെങ്കിലും നാട്ടിൽ രണ്ട് ഭർത്താക്കൻമാരുമായി ജീവിക്കുന്ന സ്ത്രീകളുണ്ട് ,പക്ഷേ ശിവേട്ടനോടൊപ്പം മറ്റൊരു പുരുഷനെ കൂടി ഭർത്താവായി സങ്കല്പിക്കാൻ തനിക്ക് കഴിയില്ല, ശിവേട്ടൻ പറഞ്ഞത് പോലെ, മക്കളെയും കൊi ന്ന് ആത്മഹ ത്യ ചെയ്യാമെന്ന് വച്ചാൽ ,നിരപരാധികളായ കുട്ടികളെ കൂടി കൊ ലയ്ക്ക് കൊടുക്കണ്ടേ? മരണത്തോട് അടുത്ത് നില്ക്കുമ്പോഴും , ജീവിക്കണമെന്ന് അതിയായ് ആഗ്രഹിക്കുന്ന ശിവേട്ടനെ ,എങ്ങനെയാണ് മരണത്തിലേക്ക് വിളിക്കുന്നത്? താനൊന്ന് മനസ്സ് വച്ചാൽ, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെങ്കിൽ, ദാമോദരൻ മുതലാളിയോട് സമ്മതം മൂളാം ,പക്ഷേ, ഒരിക്കൽ പോലും തൻ്റെ ശ രീരത്തിൽ തൊടാൻ അയാളെ അനുവദിച്ച് കൂടാ ,അയാൾക്ക് ഇപ്പോൾ ആവശ്യം ഒരു കൂട്ടാണ് ,ഇപ്പോഴത്തെ ഒറ്റപ്പെടലിൽ നിന്നും ഒരു മോചനം, അങ്ങനെയൊരു ജീവിത പങ്കാളിയകാൻ, താൻ തയ്യാറാണ്, പക്ഷേ അങ്ങേരോട് ഇത് എങ്ങനെ അവതരിപ്പിക്കും, അതിനെന്തെങ്കിലും പോംവഴി കണ്ടേ മതിയാകു,,,

ലക്ഷ്മി തല പുകഞ്ഞാലോചിച്ചു, ഒടുവിൽ, അവൾ ഒരു വഴി കണ്ടെത്തി.

പിറ്റേന്ന് ദാമോദരൻ മുതലാളിയെ പോയി കണ്ട് ,ശിവരാജൻ്റെ ഓപ്പറേഷന് രണ്ട് ദിവസം മുമ്പ് വിവാഹം നടത്താമെന്നവൾ സമ്മതമറിയിച്ചു.

വിവാഹത്തിൻ്റെ അന്ന് തന്നെ ദാമോദരൻ മുതലാളി കൊടുത്ത പതിനേഴ് ലക്ഷം രൂപയും, ലക്ഷ്മി ഹോസ്പിറ്റലിൽ പേ ചെയ്തു.

സർജ്ജറി കഴിയുന്നത് വരെ, എനിക്ക് ശിവേട്ടനോടൊപ്പം നില്ക്കണം ,വീട്ടിൽ കുട്ടികൾ തനിച്ചല്ലേ? മുതലാളി വീട്ടിലേയ്ക്ക് ചെല്ലുമോ?

മടിച്ച് മടിച്ചാണ് ലക്ഷ്മി ചോദിച്ചത്.

അതിനെന്താ ലക്ഷ്മീ,, നീ ഇപ്പോൾ ഇവിടെ തന്നെയാണ് നില്ക്കേണ്ടത്, ദാ, കുറച്ച് പൈസ കയ്യിൽ വച്ചോളു, എന്തെങ്കിലുമൊക്കെ ആവശ്യങ്ങളുണ്ടാവും,,,

അയാൾ ജൂബ്ബയുടെ പോക്കറ്റിൽ നിന്നും കുറച്ച് നോട്ടുകളെടുത്ത് ,ലക്ഷ്മിയെ ഏല്പിച്ചിട്ട് ,വീട്ടിലേയ്ക്ക് മടങ്ങിപ്പോയി.

സർജറിയ്ക്ക് ശേഷം വീണ്ടും രണ്ടാഴ്ച കൂടി കഴിഞ്ഞിട്ടാണ് ശിവരാജനെ ഡിസ്ചാർജ് ചെയ്തത്.

ആ ദിവസങ്ങളിൽ ലക്ഷ്മി ശിവരാജനോടൊപ്പം ആശുപത്രിയിൽ തന്നെ കഴിച്ച് കൂട്ടിയപ്പോൾ, മക്കളെ നോക്കിയതും മറ്റും, ദാമോദരൻ മുതലാളിയായിരുന്നു

വൈകുന്നേരം കുട്ടികളോടൊപ്പം ഹോസ്പിറ്റലിൽ എത്തിയ ദാമോദരൻ, തൻ്റെ കാറിലാണ് ശിവരാജനെയും, ലക്ഷ്മിയെയും വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്നത്.

അന്ന് രാത്രിയിൽ ലക്ഷ്മി ദാമോദരൻ മുതലാളിയുടെ മുറിയിലേയ്ക്ക് വന്നു.

തനിക്ക് ,കുറച്ച്നാ ളത്തേയ്ക്ക് കൂടി ശിവരാജനോടൊപ്പം കഴിയാനുള്ള അനുവാദം തരണമെന്നും, മാനസികമായി താനൊന്ന് തയ്യാറെടുക്കുന്നത് വരെ തന്നോട് മറ്റൊന്നും ആവശ്യപ്പെടരുതെന്നും അവൾ പരിഭ്രമത്തോടെ അയാളോട് പറഞ്ഞു.

അത് കേട്ട് അയാളൊന്ന് മന്ദഹസിച്ചു.

ലക്ഷ്മി, ആ കസേരയിലിരിക്കു, എനിക്ക് നിന്നോട് ചിലതൊക്കെ പറയാനുണ്ട്,,,

ഉത്ക്കണ്ഠയോടെ അവൾ ടേബിളിന് അരികിൽ കിടന്ന കസേരയിലിരുന്നു.

സുഭദ്ര മരിക്കുന്നതിനും ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവൾ രോഗശയ്യയിലായിരുന്നു ,
മരണം തൊട്ടടുത്ത് തന്നെയുണ്ടെന്നറിഞ്ഞ അവൾ എന്നോടൊരു കാര്യം പറഞ്ഞിരുന്നു ,അവൾ മരിച്ചാൽ മക്കളെ ആശ്രയിച്ച് നില്ക്കാതെ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണമെന്ന് ,ഞാനത് സമ്മതിച്ചില്ല ,ഞാനവളോട് പറഞ്ഞു അവരെൻ്റെ മക്കളാണ് അവരെന്നെ പൊന്ന് പോലെ നോക്കിക്കൊള്ളും, മാത്രമല്ല നിൻ്റെ സ്ഥാനത്ത്, ഇനി മറ്റൊരു സ്ത്രീയെ പ്രതിഷ്ടിക്കാൻ, എനിക്ക് കഴിയുകയുമില്ലെന്ന്,,

അപ്പോഴവൾ വീണ്ടും എന്നോട് പറഞ്ഞു ,എങ്കിൽ നിങ്ങളെനിക്കൊരു വാക്ക് തരൂ, എന്നെങ്കിലും മക്കളിൽ നിന്നും അവഗണന നേരിടേണ്ടി വന്നാൽ, പിന്നെ ഒരു നിമിഷം പോലും കളയാതെ, നിങ്ങൾ വേറെ വിവാഹം ചെയ്തോളാമെന്ന് ,,,

ഞാൻ പലതും പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല , ഒടുവിൽ ,മക്കൾ നോക്കിയില്ലെങ്കിൽ ഞാൻ വേറെ വിവാഹം കഴിച്ചോളാമെന്ന് എനിക്ക് അവളുടെ തലയിൽ തൊട്ട് സത്യം ചെയ്യേണ്ടി വന്നു ,

അവള് പറഞ്ഞത് നേരായിരുന്നു ,മക്കള് മൂന്ന് പേരും ഓരോരോ കാര്യങ്ങൾ പറഞ്ഞ് ,എൻ്റെ സ്വത്തുക്കളിൽ മുക്കാൽ പങ്കും അവരുടെ പേരിലാക്കി,,

എന്നിട്ട് ഞാനെന്തെങ്കിലും ആവശ്യം പറഞ്ഞാൽ, മൂന്ന് പേരും ഓരോ കാരണങ്ങൾ പറഞ്ഞ് എന്നെ ഒഴിവാക്കുമായിരുന്നു,,

സുഭദ്ര പറഞ്ഞത് അക്ഷരംപ്രതി ശരിയാകുകയായിരുന്നു , ലക്ഷ്മിക്കറിയുമോ? എൻ്റെ മക്കൾ ബാക്കിയുള്ള സ്വത്തുക്കൾക്ക് കൂടി അവകാശം ചോദിക്കാനാണ്, അവസാനമായി എന്നെ കാണാൻ വന്നത് ,അത് കിട്ടില്ലെന്നറിഞ്ഞതോടെ, തിരിച്ചവർ വിദേശത്തേയ്ക്ക് തന്നെ മടങ്ങിപോയി, ഇനിയവർ എൻ്റെ മരണവാർത്ത അറിയുമ്പോഴെ തിരിച്ച് വരു ,ഞാൻ സുഖമായിരിക്കുന്നോ, അതോ അസുഖബാധിതനായി കിടപ്പിലാണോ എന്ന് പോലും, കഴിഞ്ഞ ആറ് മാസമായി അവരാരും അന്വേഷിച്ചിട്ടില്ല ,ഇപ്പോൾ മക്കളെ കുറിച്ചുള്ള പ്രതീക്ഷകളൊക്കെ എനിക്ക് പൂർണ്ണമായി നഷ്ടപ്പെട്ടത് കൊണ്ടാണ്, സുഭദ്രയ്ക്ക് ഞാൻ കൊടുത്ത വാക്ക് പാലിക്കണമെന്ന് എനിക്ക് തോന്നിയത്, അതിന് വേണ്ടിയാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിച്ചത് ,നന്ദിയില്ലാത്ത എൻ്റെ മക്കൾക്ക്, ഇനി എൻ്റെ ഒരു തരി സ്വത്തും കൊടുക്കരുതെന്നും ,ഞാൻ വിവാഹം കഴിക്കുന്ന എൻ്റെ പുതിയ ഭാര്യയ്ക്ക് മാത്രമേ, അതിന് അവകാശമുണ്ടാകാൻ പാടുള്ളു എന്നും, ഞാൻ ആഗ്രഹിച്ചു ,അതിന് അർഹതയുള്ളയാളെ , കുറച്ച് ദിവസങ്ങളായി ഞാൻ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു, അപ്പോഴാണ് ലക്ഷ്മി, വലിയൊരു തുകയ്ക്ക് വേണ്ടി എൻ്റെയടുത്ത് വന്നത് ,പിന്നെ ഞാനൊന്നും ആലോചിച്ചില്ല, എൻ്റെ സ്വത്തിന് ഇപ്പോൾ ഏറ്റവും അധികം അർഹതയും, ആവശ്യവും, ലക്ഷ്മിക്കും കുടുംബത്തിനുമാണെന്ന് എനിക്ക് തോന്നി, അങ്ങനെയാണ്, ഞാനീ വിവാഹം നടത്തിയത്,,

പിന്നെ മറ്റൊരു കാര്യം, ലക്ഷ്മിക്ക് ശിവരാജൻ്റെ സ്ഥാനത്ത് ഒരിക്കലും എന്നെ കാണാൻ കഴിയില്ലെന്നറിയാം, അത് പോലെ തന്നെയാണ് എനിക്കും ,എൻ്റെ സുഭദ്രയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീയെയും പ്രതിഷ്ടിക്കാൻ എനിക്ക് കഴിയില്ല, അത് കൊണ്ട് മരണം വരെ ലക്ഷ്മി ശിവരാജനൊപ്പം തന്നെ കഴിയണം, എനിക്ക് ഈ വീട്ടിൽ ഈ ഒരു മുറി മാത്രം മതി ,കുട്ടികളുടെ കളി ചിരികളും ചുറ്റിലും നിങ്ങളുമൊക്കെയുള്ളപ്പോൾ എനിക്ക് ആരൊക്കെയോ ഉണ്ടെന്നും ഞാൻ അനാഥനല്ലെന്നുമുള്ളൊരു വിശ്വാസം എനിക്കിപ്പോഴുണ്ട്, ഇനി അങ്ങോട്ട് സന്തോഷമായി ജീവിക്കാൻ എനിക്കത് മതി,,

എന്നാൽ ലക്ഷ്മി പൊയ്ക്കോളു ,ശിവരാജന് മരുന്ന് കൊടുക്കണ്ടേ ?

ദാമോദരൻ മുതലാളിയുടെ കഥ കേട്ട് തരിച്ചിരിക്കുകയായിരുന്ന ലക്ഷ്മി, ഒരു ദീർഘനിശ്വാസമുതിർത്ത് കൊണ്ടാണ്, ആ മുറി വിട്ടിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *