മുന്നിൽ നിന്ന സുകുമാരൻ ചേട്ടന്റെ കയ്യിൽ നിന്നും ആ കവർ തട്ടി എടുത്തു ഞൊടിയിടയിൽ പാഞ്ഞു. പിന്നാലെ അവിടുത്തെ ജോലിക്കാർ ഓടിയെങ്കിലും അവർ അങ്ങ് ദൂരെ എത്തിയിരുന്നു

ക്യാഷ്

Story written by Rosily joseph

വൈകുന്നേരം നാലു മണി കഴിഞ്ഞു. കാൾ സെന്ററിൽ നിന്ന് ഇന്നൽപം നേരത്തെ ആണ്. പോകുന്ന വഴിക്ക് Atm ൽ കയറി കുറച്ചു ക്യാഷ് എടുക്കണം..

മിഥുന ഹാങ്ങ്‌ ബാഗും തോളിൽ തൂക്കി തന്റെ സ്കൂട്ടിയുടെ അരികിലേക്ക് നടന്നു

വാകപൂക്കൾ നിറയെ വീണു കിടപ്പുണ്ടായിരുന്നു ടൈലു വിരിച്ച തറയിൽ. അവൾ തന്റെ കൊലുന്നനെ ഉള്ള കാൽ ചവിട്ടി നിർത്തി. സ്കൂട്ടർ സ്റ്റാൻഡിൽ വെച്ച് നേരെ atm ലേയ്ക്ക് നടന്നു. ധാരാളം ആളുകൾ ഇനിയുമുണ്ട് നിരയിൽ..

അവൾ ബാഗിൽ നിന്ന് ഫോൺ എടുത്തു അച്ഛന്റെ നമ്പറിലേയ്ക്ക് വിളിച്ചു

“കാൾ എടുക്കുന്നില്ലല്ലോ.. ഓ തൊടിയിൽ ആവും. എത്ര പറഞ്ഞാലും കേൾക്കില്ല ഈ അച്ഛൻ.. !”

അരിശത്തോടെ അവൾ വീണ്ടും വിളിച്ചു. ഇത്തവണ അച്ഛൻ കാൾ എടുത്തിരുന്നു

“ഞാൻ നമ്മുടെ വാഴയ്ക്ക് തടമെടുക്കുകയായിരുന്നു മോളേ.. നീ എന്താ വിളിച്ചെ.. കാശ് കിട്ടിയോ..? “

“ഇല്ലച്ചാ.. !” നിരാശയോടെ അവൾ പറഞ്ഞു

“അവനോട് അച്ഛൻ തന്നെ പറ അടുത്ത തവണ ആയാലും ബൈക്ക് വാങ്ങാലോ.. ഇപ്പൊ കാശ് ഒന്നും കിട്ടിയില്ലാന്ന്.. “

“എനിക്കറിയാം മോളേ നീ ഈ കുടുംബത്തിനു വേണ്ടി നല്ലോണം കഷ്ട പ്പെടുന്നുണ്ട്.. സാരല്ല എന്റെ മോളിങ്ങു വാ അവനോട് ഞാൻ പറഞ്ഞോളാം.. “

“എന്നോടാരും ഒന്നും പറയണ്ട. ഇവിടെ ഇപ്പൊ ആർക്കും എന്നോട് പഴയത് പോലെ ഉള്ള ഇഷ്ടം ഒന്നുമില്ലല്ലോ.. ഉള്ളതെല്ലാം ചേച്ചിക്ക് തന്നെ കൊട്.. ചേച്ചി അല്ലെ എല്ലാം.. “

എല്ലാം കേട്ട് വെറുപ്പോടെ മിഥുൻ പുറത്തേയ്ക്ക് പോയി

കൗണ്ടറിലെ നിര കുറഞ്ഞു വരുന്നത് കണ്ട് ആശ്വാസവും അതിലുപരി സന്തോഷവും തോന്നി അവൾക്ക്..

കാശെടുത്ത് മടങ്ങുമ്പോൾ സ്കൂട്ടർ യഥാ സ്ഥലത്തു ഇല്ലാത്തതു കണ്ട് അവൾക്ക് അത്ഭുതം തോന്നി. ചിലപ്പോൾ സെക്യൂരിറ്റി ജീവനക്കാരന് മാറ്റി വച്ചതാവും..

അവിടെ നിന്നവൾ നേരെ പോയത് പെട്രോൾ പമ്പിലേയ്ക്കായിരുന്നു. നൂറ്റന്പത് രൂപയ്ക്ക് പെട്രോൾ അടിച്ചില്ലെങ്കിൽ നാളെ തന്റെ ജോലിക്ക് പോക്ക് അവതാളത്തിൽ ആകും

“ചേട്ടാ നൂറ്റന്പത് രൂപയ്ക്ക് പെട്രോൾ.. ” സ്ഥിരമായി എണ്ണ അടിക്കാറുള്ള സുകുമാരൻ ചേട്ടനോടവൾ പറഞ്ഞു ശേഷം ബാക്ക് സീറ്റ് ഉയർത്തിയ മിഥുന ഞെട്ടി പോയി

“ഇതെന്താ ഒരു കവർ.. “

ഒരു വെള്ള കവർ പൊതിഞ്ഞു മടക്കി വച്ചിരിക്കുന്നതു കണ്ട് അവൾക്ക് പേടി തോന്നി. എന്തായാലും ഇതിനകത്ത് ഇരിക്കുന്നത് എന്താണെന്ന് അറിയണമല്ലോ.. കവർ തുറന്ന അവൾ ഞെട്ടിതരിച്ചു. രണ്ടായിരത്തിന്റെ കുറേ അധികം നോട്ടുകൾ

“എന്തുപറ്റി..? “

പെട്രോൾ അടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു

“കാശ്.. ” അത്രയും പറഞ്ഞു അവൾ സ്കൂട്ടർ മൊത്തത്തിൽ പരിശോധിച്ചു. അപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം അവൾ മനസ്സിലാക്കുന്നത്

“എന്റെ ചേട്ടാ ഒരു അബദ്ധം പറ്റി ഇത് എന്റെ സ്കൂട്ടി അല്ല ഇനിയിപ്പോ എന്ത് ചെയ്യും കുറേ കാശും ഉണ്ട്.. “

അവൾ തലയിൽ കൈ വെച്ച് പറഞ്ഞു

“ഇത് ഒരുപാട് ഉണ്ടല്ലോ മോളെ, ഇത് നീ സ്റ്റേഷനിൽ എത്തിക്കുകയാ നല്ലത്.. “

ഇതെല്ലാം കേട്ട് കൊണ്ട് പിന്നിൽ രണ്ട് ഫ്രീക്കൻമാർ നില്പുണ്ടായിരുന്നു.അവർ തങ്ങളുടെ ബൈക്കിൽ എണ്ണയടിച കാശും കൊടുത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. മിന്നൽ പോലെ പാഞ്ഞു വന്നു മുന്നിൽ നിന്ന സുകുമാരൻ ചേട്ടന്റെ കയ്യിൽ നിന്നും ആ കവർ തട്ടി എടുത്തു ഞൊടിയിടയിൽ പാഞ്ഞു. പിന്നാലെ അവിടുത്തെ ജോലിക്കാർ ഓടിയെങ്കിലും അവർ അങ്ങ് ദൂരെ എത്തിയിരുന്നു

“ഇനി എന്ത് ചെയ്യും..? “

വിയർത്തു നനഞ്ഞ മുഖം അവൾ ടവൽ കൊണ്ട് തുടച്ചു.

“മോള് പേടിക്കാതെ.. ഇവിടെ cc ക്യാമറ ഉണ്ടല്ലോ അവരെ നമ്മുക്ക് പിടിക്കാം.. “

സുകുവേട്ടനും ജീവനക്കാരും നൽകിയ ബലത്തിൽ അവൾ സ്കൂട്ടറിൽ കയറി

തിരമാലകൾ ആർത്തടിക്കുന്ന കടലിനെ നോക്കി ഒരുപാട് പേർ തീരത്ത് നിൽക്കുന്നു . ചിലരൊക്കെ അസ്തമയ സൂര്യനെ കാണാൻ ഉള്ള തിടുക്കത്തിലും..വാഹനങ്ങൾ ചീറി പായുന്ന റോഡിലൂടെ അവളുടെ സ്കൂട്ടിയും പാഞ്ഞു

വീട്ടിലെത്തുമ്പോൾ അവളെ കാത്തു ഒരു കൂട്ടം പോലീസ്കാരും പിന്നെ ആരൊക്കെയോ കുറേ പേരും ഉണ്ടായിരുന്നു. ചിലരെ ഒക്കെ താൻ അയൽ വക്കത്ത് കണ്ടിട്ടുണ്ട്. അവരുടെ ഒക്കെ മുഖത്തു താനും അച്ഛനും ഒക്കെ നാണം കെടാൻ പോകുന്നതിൽ ഉള്ള സന്തോഷവും.. അല്ലെങ്കിൽ തന്നെ ഇനിയെന്ത് നാണം കെടാൻ ..

“അച്ഛാ ദേ ചേച്ചി.. !”

സ്കൂട്ടർ സ്റ്റാന്റിൽ വയ്ക്കുന്നത് കണ്ട് മിഥുൻ പറഞ്ഞു. അകത്തെ കട്ടിളയിൽ കരഞ്ഞു കൊണ്ടിരുന്ന ആ മനുഷ്യൻ ഓടി അവൾക്ക് മുന്നിൽ വന്നു

“ഞാനീ കേട്ടതൊക്കെ നേരാണോ നീ അയാളുടെ… “

അച്ഛൻ മൂലയ്ക്ക് നിൽക്കുന്ന മനുഷ്യനെ നോക്കി ചോദിച്ചു

“ഇല്ലച്ചാ ഞാൻ ആരുടെയും ഒന്നും എടുത്തിട്ടില്ല ഈ വണ്ടി.. ഇത് മാറി പോയതാ.. എന്റെ വണ്ടി പോലെ തന്നെ ആയിരുന്നു ഇയാളുടെയും.. “

“അപ്പൊ ഇയാളുടെ കാശെവിടെ..? ” സർക്കിളിൻസ്പെക്ടർ ചോദിച്ചു

“അത്.. അത് മോഷണം പോയി.. “

“മോഷണം പോയെന്നോ എങ്ങനെ..? “

“അവൾ കള്ളം പറയുകയാണ് സാർ.. എവിടെ എങ്കിലും ഒളിപ്പിച്ചു വച്ചിരിക്കുകയായിരിക്കും.. ” പണത്തിന്റെ ഉടമസ്ഥൻ അരിശത്തോടെ പറഞ്ഞു

“ഞാൻ ചോദിക്കാം.. ! എങ്ങനെ ആണ് മോഷണം പോയത്..? “

അവൾ നടന്ന കഥകൾ എല്ലാം പറഞ്ഞു

“വിശ്വാസം ആയില്ലെങ്കിൽ ഞാനാ പെട്രോൾ പമ്പ് കാട്ടിതരാം അവിടെ ആരോട് ചോദിച്ചാലും പറയും എല്ലാരും കണ്ടതാ.. അവന്റെ ഒക്കെ മുഖം അവിടുത്തെ ക്യാമറയിൽ നല്ലോണം പതിഞ്ഞിട്ടുണ്ട്.. ” അവൾ ധൈര്യത്തോടെ പറഞ്ഞു

“മ്മ് നിങ്ങളും വാ അവിടേയ്ക്ക്.. “

അവളെ ഒരു ഇൻസ്‌പെക്ടർ രൂക്ഷമായ് നോക്കി പറഞ്ഞു. അവൾ കണ്ണ് കൊണ്ട് മിഥുനെ വിളിച്ചു

“അച്ഛാ, അച്ഛൻ പേടിക്കണ്ട ഞങ്ങൾ പോയിട്ട് വരാം.. “

അത്രയും പറഞ്ഞു അവൾ തന്റെ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു

“സാർ എന്താണ് സാർ വരൂ.. “

പെട്രോൾ പമ്പിലേയ്ക്ക് ചെന്നതും അവിടെ ഉണ്ടായിരുന്ന ജോലിക്കാർ സൈഡിലേയ്ക്ക് മാറി. ഇത് കണ്ട മാനേജർ ഓടി വന്നു സർക്കിളിനെയും കൂടെ ഉണ്ടായിരുന്ന ഇൻസ്‌പെക്ടർമാരെയും അകത്തെയ്ക്ക് ക്ഷണിച്ചു

“എന്താണ് സാർ പറയു..? “

“ഇവിടെ ഒരു മോഷണം നടന്നു അൽപ്പം മുൻപ്.. ഈ കുട്ടിയുടെ കയ്യിൽ നിന്ന് കുറച്ചു ക്യാഷ് രണ്ടുപേർ പിടിച്ചു പറിച്ചു കൊണ്ട് പോയി. ഇവിടെ നിൽക്കുന്നവരെല്ലാം കണ്ടൂന്നാണ് പറയുന്നത്. എന്തായാലും ആ cc ടീവി ഒന്നു നോക്കിയാൽ അറിയാൻ കഴിയും.. “

“ആ അൽപ്പം മുൻപ് ഇവിടെ ഒരു മോഷണം നടന്നുന്ന് ആരോ പറയുന്നത് കേട്ടു ഞാൻ സ്ഥലത്തു ഇല്ലായിരുന്നു.. ” അതും പറഞ്ഞു അയാൾ cc ടീവി ഓൺ ചെയ്തു

ഒരു മണിക്കൂറിനു ശേഷം..

“ഇതെന്ത് കോലമാടാ.. , വല്ലപ്പോഴും ഒന്നു കുളിചൂടെ. ” എസ് ഐയുടെ പരിഹാസം കേട്ട് ഫ്രീക്കൻമാർ ചൂളിപോയി

“സാറെ ഫ്രീക്കനാ ഫ്രീക്കൻ.. !” അകത്തു നിന്ന ഒരു ഇൻസ്‌പെക്ടർ വിളിച്ചു പറഞ്ഞു

“ഫ്രീക്കൻ.. ! ഇങ്ങോട്ട് നീങ്ങി നില്ലടാ.. എവിടെടാ കാശ്..? “

എസ് ഐ മുട്ട്കാല് കേറ്റി രണ്ടിടി അവന്റെ വയറിനിട്ട് കൊടുത്തു

“സത്യം പറയടാ എവിടെടാ കാശ്..? “

“സത്യായിട്ടും അത് ചിലവായി പോയി സാറെ.. ” മൂത്രമൊഴിച്ചുകൊണ്ടൊരുത്തൻ പറഞ്ഞു

“ച്ഛ് നീ ഇവിടെയൊക്കെ നാശമാക്കിയല്ലോടാ.. “

“വല്ലവന്റെയും കാശെടുത്താണോടാ അടിച്ചു പൊളിച്ചു തീർക്കുന്നെ.. “പരാതി എഴുതി കൊണ്ടിരുന്ന ഇൻസ്‌പെക്ടർ ചോദിച്ചു

“അടിച്ചു പൊളിച്ചു തീർത്തതല്ല സാറെ.. “

“പിന്നെ..? “

“എന്റെ പെങ്ങളുടെ കിഡ്നിക്ക് ഓപ്പറേഷൻ ആണ് നാളെ, ഒരു ലക്ഷത്തിലും മേലെ അടയ്ക്കണം എന്നാലേ അവളുടെ ജീവൻ രക്ഷിക്കാൻ പറ്റു.. “

അവൻ അവന്റെ ഫോണിലെ തന്റെ കുഞ്ഞ് പെങ്ങളുടെ ഫോട്ടോ സർക്കിളിനെ കാണിച്ചു

“ഇതാ സാറെ അവള്. നാളെ അവളുടെ പിറന്നാളു കൂടിയാ നാലു വയസാകും. ഞങ്ങക്ക് അച്ഛനും അമ്മയും ഒന്നൂല്ല സാറെ ആകെ ഉള്ളത് എനിക്കവളും അവൾക്ക് ഞാനുമാ.. “

“നീ പണിക്കൊന്നും പോവുകെലെടാ..? “

“കൂലിപ്പണിക്ക് പോകും സാറെ.. പക്ഷേ അത് കൊണ്ടൊന്നും തികയില്ല അവളുടെ ചികിത്സക്ക്, അതുകൊണ്ടാ ഞാൻ… “

“മ്മ് നീ അങ്ങോട്ട് മാറി നിൽക്ക് ഞാൻ വിളിക്കാം.. “

അതും പറഞ്ഞു സർക്കിൾ ക്യാഷ്ന്റെ ഓണറെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു

“പൈസ പോയെങ്കിൽ പോട്ടെ സാറെ ഒരു കൊച്ചു കുട്ടിയുടെ ജീവന് വേണ്ടിയല്ലേ.. “

കണ്ണ് നിറചോണ്ടുള്ള അയാളുടെ മറുപടി കേട്ട് സർക്കിളിനും കൂടെ ഉണ്ടായിരുന്ന പോലീസ്കാർക്കും ഒത്തിരി സന്തോഷം തോന്നി

“ഡാ നീ ഹോസ്പിറ്റലിലേയ്ക്കല്ലേ ഇവിടുന്ന് ഒരു പോലീസ്കാരൻ നിനക്ക് കൂട്ട് വരും നീ പറഞ്ഞതൊക്കെ സത്യമാണോന്ന് കൂടി അറിയണോലോ..ഉം പൊയ്ക്കോ… “

വീട്ടിലേയ്ക്ക്ള്ള മടക്കയാത്രയിൽ സ്കൂട്ടിയിൽ മിഥുൻ മിഥുനയെ കെട്ടിപിടിച്ചു ഇരുന്നു

“ആ കാശ് നമ്മുക്ക് കിട്ടുവായിരുന്നങ്കിൽ നല്ലതായിരുന്നു അല്ലെ ചേച്ചി.. “

അവൾ മനോഹരമായി പുഞ്ചിരിച്ചു

“നമ്മുക്ക് അർഹമല്ലാത്തത് ഒരിക്കലും ആഗ്രഹിക്കരുത് മിഥുൻ.. “

വീട്ടിലെത്തിയപ്പോൾ വഴിക്കണ്ണും നട്ടിരിക്കുന്ന അച്ഛനെ കണ്ട് അവൾ അവനോട് പറഞ്ഞു

“നീ നോക്കിക്കേ നമ്മുടെ അച്ഛന്റെ മുഖം, ഈ നേരം വരെ നമ്മളെയും കാത്തു ഈ മുറ്റത്തു ഇരിക്കുകയായിരുന്നു. നമ്മൾ ഒരു കുറ്റം ചെയ്താൽ ആ മനുഷ്യൻ എന്ത് മാത്രം വേദനിക്കും എന്നറിയോ..

ഇത്രത്തോളം നമ്മളെ ഒക്കെ വളർത്തി വലുതാക്കിയത് കട്ടും മോഷ്ടിച്ചിട്ടും ഒന്നുമല്ല അന്തസായി പണി എടുത്താണ്. അപ്പൊ പിന്നെ എന്തിനാടാ നമ്മുക്ക് വല്ലവന്റെയും കാശ്. ഉള്ളത് കൊണ്ട് അധ്വാനിച്ചു ജീവിക്കണം നമ്മുടെ അച്ഛനെ പോലെ.. “

Leave a Reply

Your email address will not be published. Required fields are marked *