Story written by Murali Ramachandran
“അതേടി.. അവൻ ചത്തു. ഇന്നലെ കുഴിച്ചിട്ടു. നീയും പോയി ചാക്, അവനൊരു കൂട്ടാകും. ച്ചീ.. ഫോൺ വെക്കടി മൂദേവി.”
വളരെ ദേഷ്യത്തിൽ ആയിരുന്നു ആ സ്ത്രീയുടെ മറുപടി. ഉടനെ അവർ ഫോൺ കട്ടാക്കി. ഞാൻ തുടർന്നും അതിലേക്ക് വിളിച്ചെങ്കിലും എടുക്കാൻ കൂട്ടാക്കിയില്ല. ആരാ ഇത് എന്നോട് സംസാരിച്ചത്..? എന്തിനാണ് ഇത്രയധികം ദേഷ്യപ്പെടുന്നത്..? എന്റെ മനസിൽ സംശയങ്ങൾ നിഴലിച്ചു.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. എനിക്ക് മുരുകനെ കാണണം, അത്യാവശ്യമായി സംസാരിക്കണം. കഴിഞ്ഞ ദിവസം എന്റെ കൈയിൽ നിന്നും പതിനായിരം രൂപയും വാങ്ങി പോയതാണ്. ഇന്ന് കൊണ്ടുത്തരാം എന്ന് വാക്കും തന്നതാണ്. ഈ നിമിഷം വരെ അയാളെ കണ്ടില്ല. ഞാൻ എന്ത് ചെയ്യണം..? മുൻപും എന്റെ പക്കൽ നിന്നും കാശ് വാങ്ങിയിട്ടുണ്ട്, അത് കൃത്യമായി തന്നിട്ടുമുണ്ട്. എന്നാലിതിപ്പോ.. എന്തോ ഉണ്ട്.
അന്ന് രാത്രിയിൽ മുരുകൻ ഇവിടെ വെച്ചു മദ്യപിച്ചു. ഞാൻ എത്ര പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ല. ഒരുപാട് കുടിക്കുന്നതായി കണ്ടതും ഞാനാ മദ്യകുപ്പി പിടിച്ചു വാങ്ങി. പിന്നീട് എന്നോട് ഏറെ നേരം സംസാരിക്കാൻ തുടങ്ങി. സംസാരിക്കുന്നതിനു ഇടയിൽ നീട്ടി ചുമക്കുന്നുണ്ടായിരുന്നു. പതിവ് ചുമയാണെന്ന് പറഞ്ഞ് മുരുകൻ ഇവിടെ നിന്നും ഇറങ്ങി. ഞാനെത്ര നിർബന്ധിച്ചെങ്കിലും ആ രാത്രി ഇവിടെ തങ്ങാൻ കൂട്ടാക്കിയില്ല. ഇന്നലെ രാവിലെ ഞാൻ ഒരുപാട് വട്ടം ആ ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. ഇന്നു വരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. വരുമ്പോൾ കുടി നിർത്തുന്നതിനെ കുറിച്ചൊന്നു പറയണമെന്നുണ്ട്. ഞാൻ കണ്ടിട്ടുള്ള പുരുഷന്മാരിൽ വെച്ചു തികച്ചും മാന്യനും മര്യാദക്കാരനുമാണ് അയാൾ. മാത്രമല്ല, എനിക്ക് വിശ്വാസമാണ് അയാളെ.. എന്താണ് കാരണമെന്ന് ചോദിക്കരുത്, അതെനിക്ക് അറിയില്ല. ചെറു പുഞ്ചിരിയോടെ ഞാൻ ഇരുന്നു.
‘എന്നാലും.. ആള് ഇതുവരെ വന്നില്ലല്ലൊ.. ശോ.. ഇനി കാശു കിട്ടില്ലെ..? ഇനിയും വൈകിയാൽ.. ഏയ്, അതുപറ്റില്ല.’
ഞാൻ വേഗം എഴുന്നേറ്റു. അയാൾ വെച്ചിട്ട് പോയ ആ ചുവപ്പ് പുടവയെടുത്തുടുത്തു. വീട് പൂട്ടി പുറത്തേക്കിറങ്ങി. മുരുകനെ കുറിച്ചോ, അയാളുടെ വീടിനെ കുറിച്ചോ എനിക്ക് ഒന്നും തന്നെ അറിയില്ല. പലപ്പോഴായി അയാൾ ഇവിടെക്ക് വരുമ്പോൾ പറഞ്ഞ അറിവുകൾ മാത്രം ഓർമയിലുണ്ട്. കോളനിയിലേക്ക് ചെന്നിട്ടു മുരുകന്റെ വീടു ചോദിച്ചാൽ ആരും കാട്ടിതരുമത്രേ.. ഒരു ഓട്ടോ പിടിച്ചു നേരെ കോളനിയിലേക്ക് തിരിച്ചു. അപ്പോഴും ഞാൻ അയാളുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. അത് എടുക്കാനോ, മറുപടി പറയാനോ അയാൾ കൂട്ടാക്കിയില്ല. എന്തോ ഉണ്ട്. എനിക്ക് സംശയങ്ങൾ കൂടിക്കൂടി വന്നു, ഒപ്പം ദേഷ്യവും.. ഓട്ടോ കോളനിയിലേക്ക് കടന്നതും വഴിയരികിൽ കണ്ട രണ്ടു പേരോട് ഞാൻ ചോദിച്ചു.
“അതെ, ചേട്ടാ.. ഇവിടെയീ മുരുകന്റെ വീടെതാ..? മാർക്കറ്റിൽ ജോലിയൊക്കെയുള്ള..”
“നിങ്ങള് എവിടെന്നാ വരുന്നേ..? നിങ്ങൾക്കറിയില്ലേ..? ആള് മരിച്ചു. സൈലന്റ് അറ്റാക്കായിരുന്നു, മിനിഞ്ഞാന്ന് രാത്രിയിലാ സംഭവം, ഇന്നലെ വൈകിട്ട് അടക്കി.”
അവര് അത് പറയുമ്പോൾ ഞെട്ടലോടെ ഞാൻ കേട്ടുനിന്നു. തുടർന്നൊന്നും ചോദിക്കാനോ, മറുപടി പറയാനോ എനിക്ക് ആവാതെ പോയി. ഉടനെ മറ്റൊരാൾ തുടർന്നു.
“ദാ.. ആ കാണുന്നതാ വീട്. ഏതായാലും ഇപ്പോ അങ്ങോട്ടേക്ക് പോവണ്ട. ഒന്നാമതെ അങ്ങേരുടെ ഭാര്യക്ക് സമനില തെറ്റിയിരിക്കുവാ.. അയാള് പോയേ പിന്നെ ലേശം കൂടിട്ടുണ്ടെന്നാ കേട്ടെ..”
ശ്വാസം അടക്കി പിടിച്ചുകൊണ്ടു ഞാൻ ഓട്ടോയിൽ ഇരുന്നു. ഓട്ടോ മുരുകന്റെ വീടിന് മുന്നിലേക്ക് നീങ്ങിയതും മുറ്റത്ത് കെട്ടിയിട്ടിരുന്ന ഒരു കില്ലപ്പട്ടി നിർത്താതെ കുര തുടങ്ങി. ഞാൻ മുറ്റത്തേക്ക് നടന്നതും ഒരു പെൺകുട്ടി പുറത്തേക്ക് വന്നു. അപരിചിതയായ എന്നെ കണ്ടതും..
“ആരാ..?”
“ഞാൻ..! മുരുകനെയൊന്നു..”
എന്റെ വാക്കുകൾ മുഴുവിക്കാതെ പതറിതടഞ്ഞു. ആ കുട്ടി ഉടനെ അകത്തേക്ക് കേറി ചെന്നു. എന്നെ കണ്ടത് കൊണ്ടാവണം ആ കില്ലപ്പട്ടി ഏറെ നേരം കുരച്ചുകൊണ്ടേ ഇരുന്നു. അകത്തു നിന്നും ഒരു മുതിർന്ന പെൺകുട്ടി ഇറങ്ങി വന്നു, കൂടെ അവളും. ഇപ്പോൾ വരുന്നത് മൂത്തതാണെന്ന് തോന്നുന്നു. രണ്ടാൾക്കും മുരുകന്റെ അതേ മുഖച്ഛായ. അവരെ കണ്ടതും കില്ലപ്പട്ടി കുര നിർത്തുന്നത് ഞാൻ ശ്രദ്ധിച്ചു.
“ചേച്ചിയാരാ..? മനസിലായില്ല.”
“അതുപിന്നെ, മോൾക്ക് പറഞ്ഞാൽ അറിയില്ല. ഞാനങ്ങ് ടൗണിന്നാ.. മോൾടെ അച്ഛന് അറിയാം, മുരുകന്..”
“അച്ഛൻ..!”
ആ വാക്കു പറഞ്ഞു തീരുമുമ്പേ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. ഉടനെ മുഖം പൊത്തി കൊണ്ടു അവൾ വിതുമ്പി കരഞ്ഞു. കൂടെ നിന്ന അനിയത്തികുട്ടി അവളെ കെട്ടിപിടിച്ചു. എനിക്ക് ആ കാഴ്ച കണ്ടുനിൽക്കാനായില്ല. എന്റെ കണ്ണുകൾ എന്നെയറിയാതെ അവർക്കൊപ്പം കൂടി. ഞാൻ അവർക്ക് അരികിലേക്ക് ചെന്നു ചേർത്തു പിടിച്ചു.
“കരയണ്ട മക്കളെ.. കരയണ്ട. ഞങ്ങളൊക്കെ ഇല്ലേ കൂടെ.. അമ്മ എന്തിയെ..?”
“അമ്മ..! അമ്മയുറങ്ങുവാ.. അമ്മക്ക് തീരെ വയ്യാ..”
അനിയത്തികുട്ടിയുടെ ആ മറുപടി എന്നെ ആകെ സങ്കടത്തിൽ ആഴ്ത്തി. ഞാൻ അവർക്കൊപ്പം ആ വരാന്തയിൽ ചെന്ന് ഇരുന്നു. അവരുടെ കവിളിൽ പടർന്നിറങ്ങിയ കണ്ണീരു തുടച്ചു കൊണ്ടു.
“ആട്ടെ.. എന്റെ മക്കൾടെ പേരെന്താ..?”
“ഞാൻ പാർവതി, ഇവള് ലക്ഷ്മി..”
“നല്ല പേര്.. പിന്നെ, എനിക്കൊരു കാര്യം പറയാനുണ്ട്. എന്റെ മക്കള് ശ്രദ്ധിച്ചു കേൾക്കണം, കേൾക്കുവോ..?”
മൂത്തകുട്ടിയോടെ ഞാൻ അത് പറയുമ്പോൾ അവർ പരസ്പരം ഒന്നു നോക്കി. എന്നിട്ട് എന്നോട് ഒരേ സ്വരത്തിൽ പറഞ്ഞു.
“മ്മ്.. കേൾക്കാം.”
“മുരുകന് ഞാൻ കുറച്ചു കാശ് കൊടുക്കാനുണ്ടായിരുന്നു. അതിപ്പോ, ഇന്നാ കിട്ടിയേ.. മക്കളത് സൂക്ഷിച്ചു ഉപയോഗിക്കുവോ..?”
എന്റെ ആ ചോദ്യത്തിന് മുന്നിൽ മറുപടി തരാതെ അവർ ഇരുന്നു. ഒരുപക്ഷേ, അവർ കുട്ടികൾ ആയത് കൊണ്ടാകും കാശിന്റെ കാര്യത്തിൽ ഒരു പേടിയെന്ന് ഞാൻ കരുതി.
“മ്മ്.. ഉപയോഗിച്ചോളാം. അച്ഛൻ ഇടക്ക് ശമ്പള പൈസ എന്റെടുക്കലാ തരാറു.”
പെട്ടെന്നുള്ള അവളുടെ ആ മറുപടിയിൽ ഒരു പക്വത നിറഞ്ഞിരുന്നു. എന്റെ ബാഗിൽ കരുതിയിരുന്ന അയ്യായിരം രൂപ ഞാൻ എണ്ണിയെടുത്തു. അവൾക്ക് നേരെ അത് നീട്ടിയതും ഒരു പുഞ്ചിരിയോടെ അവൾ വാങ്ങി. അത് ചിട്ടയായി എണ്ണി നോക്കുന്നത് ഞാൻ അതിശയത്തോടെ നോക്കിനിന്നു.
“ആട്ടെ.. എന്റെ മക്കള് വെല്ലോം കഴിച്ചോ..?”
“മ്മ്, കഴിച്ചല്ലോ.. ചേച്ചി ദോശയുണ്ടാക്കി തന്നു.”
“അതുപിന്നെ, അച്ഛൻ ഇടക്ക് പഠിപ്പിച്ചു തരും. പിന്നെയീ മാസികയിൽ നിന്നോക്കെ ഞാനൊരുന്നു നോക്കി പഠിക്കും. അമ്മക്ക് ഇങ്ങനെ ആയെപ്പിന്നെ ഞാനാ വീട്ടില് പാചകം ചെയ്യുന്നേ..”
രണ്ടാളും മിടുക്കരാണെന്ന് എനിക്ക് മനസിലായി. അവരെ ഞാൻ ചേർത്ത് പിടിച്ചതും ഓട്ടോക്കാരൻ ഹോൺ മുഴക്കി. ആ ശബ്ദം കേട്ടതും കില്ലപ്പട്ടി അയാളെ നോക്കി ഉറക്കെ കുരക്കാൻ തുടങ്ങി. ഞാൻ വരാന്തയിൽ നിന്നും എഴുന്നേറ്റിട്ടു..
“എങ്കിൽ ശരി മക്കളെ.. ഒരുപാട് നേരായി ഞാൻ വന്നിട്ട്, അടുത്താഴ്ച വരാം, കെട്ടോ..”
“അയ്യോ.. ചേച്ചി പോവണോ..? അല്ല, എന്താ ഞങ്ങള് വിളിക്കേണ്ടെ..? പേര് പറഞ്ഞില്ലല്ലോ..”
“നിർമല..! പിന്നെ, ചേച്ചിന്നല്ല, അമ്മെന്നു വിളിച്ചാമതി ഇനി.”
ഒരു പുഞ്ചിരിയോടെ ഞാൻ ഇരുവരുടെയും തലയിൽ തലോടി. രണ്ടാൾക്കും ഓരോ ഉമ്മ വീതം കൊടുത്തിട്ട് മെല്ലെ മുന്നോട്ട് നടന്നു. അപ്പോഴും എന്നെ നോക്കി ആ കില്ലപട്ടി ഉറക്കെ കുരക്കുന്നുണ്ടായിരുന്നു. അവരോട് യാത്ര പറയാൻ എനിക്ക് ആവുമായിരുന്നില്ല. കാരണം, എന്റെ മനസ് ഇവിടാണ്. എനിക്ക് പിറക്കാതെ പോയ ആ മക്കൾക്കരികിൽ.