ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
വീ ആർ ഫ്രം സെയിൽ ടാക്സ് ഡിപ്പാർട്ട്മെൻറ്
വെളിയിൽ രണ്ട് സർക്കാർ വാഹനങ്ങൾ വന്ന് നില്ക്കുന്നത് കണ്ട്, ഉത്ക്കണ്ഠയോടെ ഓടിയെത്തിയ മാനേജരെ, കാറിൽ നിന്നിറങ്ങിയവർ തങ്ങളുടെ ഐഡി കാർഡ് ഉയർത്തിക്കാണിച്ചു.
എന്താ സാർ, എന്തെങ്കിലും പ്രോബ്ളമുണ്ടോ ?
ഞങ്ങൾ ചില പരാതികൾ കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ഈ ഷോപ്പൊന്ന് റെയ്ഡ് ചെയ്യാൻ വന്നതാണ്, ഞങ്ങൾക്കിവിടുത്തെ വരവ് ചിലവ് കണക്കുകളുടെയും, ടാക്സ് അടയ്ക്കുന്നതിൻ്റെയുമൊക്കെ, കഴിഞ്ഞ ഒരു വർഷത്തെ സകല ഡോക്യുമെൻ്റ്സും ഒന്ന് ചെക്ക് ചെയ്യണം ,അത് കൊണ്ട് ഇവിടുള്ള ഒരു ജീവനക്കാരൻ പോലും, ഞങ്ങളുടെ പരിശോധന പൂർത്തിയാകാതെ പുറത്ത് പോകാൻ പാടില്ല ,മനസ്സിലായോ ?
ഓകെസാർ ,പിന്നെ സർ.. ഇപ്പോഴിവിടെ തിരക്കുള്ള സമയമാണ്, നമുക്ക് അകത്തേയ്ക്കിരിക്കാം
ഓകെ നോ പ്രോബ്ളം ,നിങ്ങളുടെ ഓഫീസ് റൂം ഏതാണ്?
വരൂ സർ,
വന്നവരിൽ രണ്ട് പേർ മെയിൻ വാതിലിന് മുന്നിൽ നിലയുറപ്പിച്ചിട്ട് ബാക്കിയുള്ളവർ , മാനേജരോടൊപ്പം മുകൾനിലയിലുള്ള ഓഫീസ് റൂമിലേക്ക് കയറി പോയി .
ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുന്നതിനിടയിൽ, അവരുടെ അനുവാദത്തോടെ മാനേജർ, മഹേഷിനെ വിവരമറിയിച്ചു.
എന്താടോ ,രേഖകളിൽ മുഴുവനും പൊരുത്തക്കേടുകളാണല്ലോ? ഒന്നുമങ്ങോട്ട് ടാലിയാകുന്നില്ല സ്റ്റേറ്റ്മെൻ്റ്സൊക്കെ വ്യാജമാണോന്ന് ഞങ്ങൾക്ക് സംശയമുണ്ട്, മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡിപ്പാർട്ട്മെൻ്റിന് കിട്ടേണ്ട നികുതിയുടെ അറുപത് ശതമാനത്തോളം അടച്ചിട്ടുമില്ല, കൃത്രിമമായി രേഖ ചമച്ചതിനും, സർക്കാരിനെ വഞ്ചിച്ച് ലക്ഷങ്ങൾ നികുതി വെട്ടിച്ചതിനും ,എന്തായാലും തൻ്റെ മുതലാളിക്ക് അഞ്ചാറ് വർഷം അകത്ത് കിടക്കാനുള്ള വകുപ്പുകളൊക്കെയുണ്ട്, ഞങ്ങളീ രേഖകളൊക്കെ കൊണ്ട് പോകുവാണ് ,ഓണറ് വരുമ്പോൾ, ഓഫീസിലേക്ക് വരാൻ പറഞ്ഞാൽ മതി, ബാക്കിയൊക്കെ അവിടെ വച്ച് തീരുമാനിക്കാം
ദൂരയാത്ര പോയിരിക്കുന്ന മഹേഷെത്തുന്നതിന് മുൻപ് തന്നെ ,മാനേജരോട് പറഞ്ഞിട്ട് ഉദ്യോഗസ്ഥർ രേഖകളുമായി മടങ്ങി.
പിറ്റേന്ന് സെയിൽ ടെക്സ് ഓഫീസിലെത്തിയ മഹേഷിനോട് ഓഫീസറെത്താൻ വൈകുമെന്നും, വെയ്റ്റ് ചെയ്യാനും മറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
വിസിറ്റിങ്ങ് റൂമിൽ വിയർത്ത് കുളിച്ചിരിക്കുമ്പോൾ, സമയം ഇഴഞ്ഞ് നീങ്ങുകയാണെന്ന് മഹേഷ് അക്ഷമയോടെ ഓർത്തു.
ഏതാണ്ട് പന്ത്രണ്ട് മണിയോട് കൂടിയാണ്, സെയിൽ ടാക്സ് ഓഫീസറുടെ കാറ് ഓഫീസിന് മുന്നിൽ വന്ന് നിന്നത്.
അത് കണ്ടതും മഹേഷ് ചാടിയെഴുന്നേറ്റു , കാറിൽ നിന്നിറങ്ങി വരുന്ന ഓഫീസറെ ഒന്ന് ഫേവറ് ചെയ്യാനായി വിനയാന്വിതനായി അയാൾ കാത്ത് നിന്നു.
പക്ഷേ, ഡോറ് തുറന്ന് പുറത്തേയ്ക്ക് വന്ന ഓഫീസറെ കണ്ട്, അയാൾ ഞെട്ടി.
യമുന ..
അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.
യമുനേ … നീയായിരുന്നോ ഇവിടുത്തെ ഓഫീസറ്, ഞാൻ വെറുതെ കുറേ ടെൻഷനടിച്ചു
അയാൾ ആത്മവിശ്വാസത്തോടെ ചിരിച്ച് കൊണ്ട് അവളുടെ അരികിലേക്ക് ചെന്നു.
എന്നെ നീയെന്ന് വിളിക്കുന്നതൊക്കെ അങ്ങ് തറവാട്ടിൽ വച്ച് മതി ,ഇപ്പോൾ ഞാൻ ഓൺ ഡ്യൂട്ടിയിലുള്ളൊരു ഗസറ്റഡ് ഓഫീസറാണ്, കോൾ മീ സർ..,യു അണ്ടർസ്റ്റാൻ്റ്?
ഓകെ സർ ,സോറി
അവിടെ കൂടി നിന്നവരൊക്കെ അടക്കിച്ചിരിക്കുന്നത് കണ്ടപ്പോൾ, അയാൾ ഇളിഭ്യനായി നിന്നു.
ജീവിതത്തിലാദ്യമായാണ്, ഇങ്ങനെയൊരു അപമാനം അയാൾ നേരിടുന്നത് ,ഉള്ളിൽ പൊങ്ങി വന്ന അമർഷം സ്വയം നിയന്ത്രിച്ച് കൊണ്ട്, മഹേഷ് യമുനയെ അനുഗമിച്ചു.
മേഡം, ഇതാണ് ഇന്നലെ റെയ്ഡ് നടന്ന ഷോപ്പിങ്ങ് മാളിലെ ഓണർ മിസ്റ്റർ മഹേഷ്
സബ് ഓഡിനേറ്ററായ ഉദ്യോഗസ്ഥൻ മഹേഷിനെ യമുനയ്ക്ക് പരിചയപ്പെടുത്തി.
ഉം… ,മിസ്റ്റർ മഹേഷ് ..നിങ്ങളുടെ ഫയലുകൾ ഹെഡ് ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്, വളരെഗുരുതരമായ ക്രമക്കേടുകളാണ് ടാക്സ് വെട്ടിക്കാനായി നിങ്ങൾ ചെയ്തിരിക്കുന്നത് ,അത് കൊണ്ട്, വേണമെങ്കിൽ ലക്ഷങ്ങൾ പിഴയടച്ച് ,കേസിൽ നിന്നൊഴിവാകാം ,ഇല്ലെങ്കിൽ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് ഡിപ്പാർട്ട്മെൻ്റിന്പോകേണ്ടി വരും
ഈ ഫൈനെന്ന് പറയുമ്പോൾ ഏകദേശം എത്ര വരും ?
മഹേഷ് ഞെട്ടലോടെ ചോദിച്ചു
അതെനിക്ക് കൃത്യമായി ഇപ്പോൾ പറയാനാകില്ല ഏകദേശം ഒരു തൊണ്ണൂറ് ലക്ഷത്തിന് അടുത്ത് വരും
മേഡം വിചാരിച്ചാൽ കുറച്ചെങ്കിലും ഇളവ് ചെയ്യാൻ കഴിയില്ലേ?
അയാൾ ദൈന്യതയോടെ ചോദിച്ചു
ഞാൻ വിചാരിച്ചാൽ വേണമെങ്കിൽ ,ഈ കേസ് തന്നെ ഇല്ലാതാകും, പക്ഷേ ഞാനത് ചെയ്യില്ല, കാരണം ഇത് ഞാൻ നിങ്ങർക്കായി വിരിച്ച വലയായിരുന്നു ,അപ്പോൾ ഞാൻ തന്നെ പരാതി പിൻവലിക്കുന്നത് ശരിയല്ലല്ലോ ? ഓകെ ഞാൻ കുറച്ച് ബിസിയാണ്. യു ക്യാൻ ഗോ
മഹേഷിൻ്റെ സിരകളിലേക്ക് രക്തം ഇരച്ച് കയറി ,പല്ല് ഞെരിച്ച് കൊണ്ടയാൾ കൊടുങ്കാറ്റ് പോലെ പുറത്തേയ്ക്കിറങ്ങി പോകുന്നത് കണ്ടപ്പോൾ, യമുനയുടെ മുഖത്ത് ,ഒരു യുദ്ധം ജയിച്ച സന്തോഷമുണ്ടായിരുന്നു.
**************
ഒരു പാട് നാളുകൾക്ക് ശേഷമാണ്, മെഡിക്കൽ കോളേജിലെ നഴ്സായ യമുനയുടെ കൂട്ടുകാരി ജെസ്സി അവളെ വിളിക്കുന്നത്.
ഹലോ ജസ്സീ… ഈ പാവങ്ങളെയൊക്കെ ഓർമ്മയുണ്ടോ?
പിന്നേ… നിന്നെ ഞാൻ മറക്കുമോടീ.. നീയിപ്പോൾ വലിയ ഓഫീസറല്ലേ? അപ്പോൾ എടീന്നൊക്കെ വിളിക്കാമല്ലോ അല്ലേ?
ഒന്ന് പോടീ… നീ നിൻ്റെ വിശേഷളൊക്കെ പറയ്, എത്ര നാളായി കണ്ടിട്ട്
എനിക്ക് പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല, ഞാൻ മറ്റൊരു കാര്യം പറയാനാണ് വിളിച്ചത് ,നമ്മുടെ കോളേജിൽ പഠിച്ചിരുന്ന കെവിനെ നിനക്കോർമ്മയില്ലേ ?പണ്ട് നിന്നെ വായിനോക്കിയിരുന്ന ആ കെവിൻ ഇപ്പോൾ ,ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്
ങ്ഹേ, എന്ത് പറ്റിയതാടീ…
യമുന ഉത്ക്കണ്ഠയോടെ ചോദിച്ചു.
ഒരു ബൈക്ക് ആക്സിഡൻ്റ് പറ്റി കൊണ്ട് വന്നതാ ,പേടിക്കാനൊന്നുമില്ല, ആള് നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു, അങ്ങനെ സംഭവിച്ചതാണ്
ഈശ്വരാ .. എനിക്കൊന്ന് കാണണമല്ലോടീ… ഏത് വാർഡിലാണ്?
ജെസ്സി അയാൾ കിടക്കുന്ന വാർഡ് നമ്പർ പറഞ്ഞ് കൊടുത്തു.
വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയ യമുന, നേരെ മെഡിക്കൽ കോളേജിലേക്കാണ് പോയത്
കൈക്കും, മുഖത്തുമാണ് പരിക്കുള്ളത്.
കെവിനോടൊപ്പം ബെഡ്ഡിലിരിക്കുന്ന അയാളുടെ അമ്മയെ ഫെയ്സ് ചെയ്യാൻ, അവൾക്ക് ബുദ്ധിമുട്ട് തോന്നി.
മോള് വന്നത് നന്നായി ,ഇവനിപ്പോൾ കുടിക്കുന്നത് മോളുടെ പേരും പറഞ്ഞാണ് ,മോളിപ്പോൾ സൂപ്പർ മാർക്കറ്റിലെ ജോലിക്കാരിയായ ആ പഴയ യമുനയല്ലെന്നും ,വലിയ ഉദ്യോഗസ്ഥയാണെന്നും അവനെയൊന്ന് പറഞ്ഞ് മനസ്സിലാക്കു മോളേ …
കെവിൻ്റെ, അമ്മ തന്നോട് സ്നേഹപൂർവ്വം പെരുമാറുന്നത് കണ്ടപ്പോൾ, യമുനയ്ക്ക് തെല്ലാശ്വാസം തോന്നി.
അമ്മ പറയുന്നത് നേരാണോ കെവിൻ ,ഇങ്ങനെ കുടിച്ച് സ്വയം നശിക്കാൻ കാരണക്കാരി ഞാനാണോ ?
അവൾ കെവിൻ്റെ പ്ളാസ്റ്ററിട്ട വലത് കൈയ്യിൽ മെല്ലെ പിടിച്ചു കൊണ്ട്, അവൻ്റെ മുഖത്തേയ്ക്ക് നോക്കി.
അമ്മ ക്യാൻറീനിൽ നിന്ന് കുറച്ച് ചായ വാങ്ങിച്ചോണ്ട് വാ, എനിക്ക് യമുനയോട് കുറച്ച് സംസാരിക്കാനുണ്ട്
മകൻ്റെ നിർദ്ദേശപ്രകാരം കെവിൻ്റെ അമ്മ ഫ്ളാസ്ക്കുമായി പുറത്തേയ്ക്കിറങ്ങി.
യമുനേ.. എനിക്ക് നിന്നോട് പ്രണയം തോന്നിയത് ഇന്നോ ഇന്നലെയോ ഒന്നുമല്ല, നിന്നെ ആദ്യമായി കോളേജ് ക്യാമ്പസ്സിൽ വച്ച് കണ്ടപ്പോഴെ,എൻ്റെ മനസ്സിൽ ചേക്കേറിയതാണ് നീ, അത് ഞാൻ നിന്നോട് തുറന്ന് പറയാൻ വൈകിയെന്നുള്ളത് സത്യമാണ്, ഒടുവിൽ നിൻ്റെ സമ്മതം കൂടി കിട്ടിയപ്പോൾ, അമ്മയിൽ നിന്നും, ഒരു അനുകൂലമറുപടി കിട്ടാൻ വീണ്ടും കാലതാമസമുണ്ടായി, അവസാനം അമ്മയെ കൊണ്ടും സമ്മതിപ്പിച്ചാണ്, വിവാഹാലോചനയുമായി ഞാൻ അമ്മയേം കൂട്ടി, ആശുപത്രിയിലെത്തിയത്, പക്ഷേ അവിടെ വച്ച് നീയെന്നെ തള്ളിപ്പറഞ്ഞപ്പോൾ ,ഒരു പാട് വേദനയോടെയാണ് ഞാനന്ന് മടങ്ങിയത് ,നീയെനിക്ക് കിട്ടാക്കനിയാണെന്ന് സ്വയം ആശ്വസിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണറിയുന്നത്, മഹേഷ് നിന്നെ വിവാഹം കഴിക്കാൻ തയ്യാറായില്ലെന്നും, അയാൾ നിങ്ങളോട് പഴയ കണക്ക് തീർക്കാനായി നിന്നെ ബലിയാടാക്കുകയായിരുന്നെന്നും , നിൻ്റെ അച്ഛൻ വഴി ഞാനറിഞ്ഞത് ,അന്ന് മുതൽ നിന്നെ എനിക്ക് തിരിച്ച് കിട്ടുമെന്നുള്ള പ്രതീക്ഷ വീണ്ടും എന്നിൽ മുള പൊട്ടി തുടങ്ങി ,അങ്ങനെയാണ് ഞാൻ മഹേഷിൻ്റെ ഷോപ്പിലേക്ക് അന്ന് വന്നത്, പിന്നീട് കാണാമെന്ന് നീ അന്ന് പറഞ്ഞെങ്കിലും, അതിന് ശേഷം നീ വലിയ ഉദ്യോഗസ്ഥയായപ്പോൾ, എന്നെ നീ ഇനിയൊരിക്കലും, അക്സപ്റ്റ് ചെയ്യാൻ തയ്യാറാവില്ലെന്നും, ഞാൻ കാത്തിരിക്കുന്നതിലർത്ഥമില്ലെന്നും തോന്നിയത് കൊണ്ടാണ്, ആത്മഹത്യ ചെയ്യാനായി എതിരെ വന്ന ലോറിയുടെ നേരെ ഞാൻ ബൈക്ക് കൊണ്ടിടിച്ച് കയറ്റിയത്,
ങ്ഹേ, എന്താ കെവിൻ ഇത്, എന്നെ പോലൊരു സാധാരണ പെണ്ണിന് വേണ്ടി തുലച്ച് കളയാനുളളതാണോ, നിൻ്റെ ജീവിതം?
അവൾ ഞെട്ടലോടെ ചോദിച്ചു.
എനിക്ക് നീ സാധാരണ ഒരു പെണ്ണല്ല, അങ്ങനെയെങ്കിൽ നീയെന്നെ അവഗണിച്ചിട്ടും, ഇപ്പോഴും ഞാൻ നിന്നെ ഇങ്ങനെ സ്നേഹിക്കുമായിരുന്നോ ?
ഓഹ് കെവിൻ ,എന്നെ ധർമ്മസങ്കടത്തിലാക്കല്ലേ?
ഇല്ല യമുനേ .. നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാനൊരിക്കലും നിർബന്ധിക്കില്ല ,പക്ഷേ എനിക്ക് അപകടം പറ്റിയെന്നറിഞ്ഞ് നീ ഓടിയെത്തിയപ്പോൾ, ഞാനൊരു പാട് പ്രതീക്ഷിച്ചു, സാരമില്ല യമുന പൊയ്ക്കോളു,
തൻ്റെ കൈയ്യിലെ യമുനയുടെ പിടുത്തം വിടുവിച്ച് കൊണ്ട്, അയാൾ തിരിഞ്ഞ് കിടന്നു.
ശരി ഞാനിറങ്ങുന്നു കെവിൻ , അമ്മ വരുമ്പോൾ,മരുമകളായി എന്നെ സ്വീകരിക്കാൻ, ഇനിയും ഒരുക്കമാണെങ്കിൽ, ഒരിക്കൽ കൂടി എൻ്റെ വീട്ടിലേക്ക് ആലോചനയുമായി വരണമെന്നും, അവിടെ അച്ഛൻ്റെയും, അമ്മയുടെയും അനുഗ്രഹവും വാങ്ങി, ഞാൻ കാത്തിരിപ്പുണ്ടാവുമെന്നും, ഞാൻ കഴുത്ത് നീട്ടുന്നത് കെവിന് താലികെട്ടാൻ മാത്രമായിരിക്കുമെന്നും അമ്മയോട് പറയാൻ മറക്കരുത്
അത് കേട്ട് സന്തോഷത്തോടെ കെവിൻ തിരിഞ്ഞപ്പോഴേക്കും, യമുന നടന്ന് കഴിഞ്ഞിരുന്നു, എങ്കിലും വാതില്ക്കലെത്തി പുറത്തേയ്ക്കിറങ്ങുന്നതിന് മുൻപ് ,അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ അവൾ മറന്നില്ല.
അവസാനിച്ചു.
വീണ്ടും അടുത്ത കഥയുമായി എത്തുന്നത് വരെ ,ഒരു ചെറിയ ഇടവേള ,നിങ്ങൾ തന്ന പ്രോത്സാഹനത്തിനും, സ്നേഹത്തിനും ഒരായിരം നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു ,
നിങ്ങളുടെ സ്വന്തം സജി തൈപ്പറമ്പ് .