മോളേ.. വേറെ ഗതിയില്ലാത്തത് കൊണ്ടാണ്, നിന്നെ അവൻ്റെ കടയിലേക്ക് ജോലിക്ക് അയക്കുന്നത്, അച്ഛനറിഞ്ഞാൽ, തീരെ സമ്മതിക്കില്ലെന്നറിയാവുന്നത് കൊണ്ടാണ് ,നീ പോകുന്നത് കോച്ചിങ്ങ് സെൻ്ററിൽ പഠിപ്പിക്കാനാണെന്ന് അമ്മ കളവ് പറഞ്ഞത്
കിടപ്പിലായ ഭർത്താവിൻ്റെ ചികിത്സയും താനും രണ്ട്പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിൻ്റെ നിത്യച്ചിലവിനുമുള്ള വഴി തേടിയാണ്, മൂത്തമകൾ യമുനയെ ടൗണിലെ മഹേഷിൻ്റെ കടയിലേക്ക് സ്റ്റാഫായിട്ടയക്കാൻ ദേവകി നിർബന്ധിതയായത്.
നാട്ടിലെ പ്രമാണിയായിരുന്നു രാമചന്ദ്രൻകണ്ണമംഗലം, എന്നറിയപ്പെടുന്ന ദേവകിയുടെ ഭർത്താവ്, ഏക്കറ് കണക്കിന് കൃഷിയിടങ്ങളും ,തെങ്ങിൻ തോപ്പുകളുമൊക്കെ കൈമുതലായുണ്ടായിരുന്ന, കണ്ണമംഗലം തറവാട്ട് കാര്, പാരമ്പര്യമായി തന്നെ വലിയ ജന്മികളായിരുന്നു, തലമുറകൾ കൈമാറി വന്ന സ്വത്ത് വകകൾ, അവസാനം എത്തിച്ചേർന്നത് ,രാമചന്ദ്രൻ്റെ കൈവശമായിരുന്നു.
പക്ഷേ, അഹങ്കാരിയും അത്യാഗ്രഹിയുമായിരുന്ന അയാൾ, ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാകാൻ ശ്രമിക്കുകയും, ബിസിനസ്സിൻ്റെ ഏബിസിഡി അറിയാതെ, പലരുടെയും വാക്കുകളിൽ വിശ്വസിച്ച്, കൈവശമുണ്ടായിരുന്ന തെങ്ങിൻ തോപ്പുകളും, കൃഷിയിടങ്ങളുമൊക്കെ കഷ്ണങ്ങളായി, വില്ക്കാൻ തുടങ്ങി,
അവസാനം, തറവാട് നില്ക്കുന്ന പത്ത് സെൻറ് ഒഴിച്ചുള്ള, മുഴുവൻ സ്വത്ത് വകകളും അയാൾ വിറ്റ് തുലച്ചു.
പ്രതാപശാലിയായിരുന്ന രാമചന്ദ്രൻ്റെ സ്വത്തുക്കളൊക്കെ നഷ്ടമായപ്പോൾ, അയാളുടെ ആഡ്യത്വവും ഇല്ലാതായി, ജനങ്ങൾക്കിടയിൽ മതിപ്പില്ലാതാകുകയും, അടിയാന്മാർ പോലും അയാളെ വകവയ്ക്കാതാവുകയും ചെയ്തു,
അപമാനിതനായ രാമചന്ദ്രൻ , ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും, മരണവും അയാളെ കൈയ്യൊഴിഞ്ഞപ്പോൾ ഒന്നിനും കഴിയാതെ അയാൾ കിടപ്പ് രോഗിയായി മാറുകയായിരുന്നു.
ദേവകിയുടെ, വകയിലെ ആങ്ങളയുടെ മകനായിരുന്ന മഹേഷ്, ഒരിക്കൽ അവരുടെ മൂത്ത മകളായ യമുനയെ വിവാഹം കഴിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു, പക്ഷേ അന്ന് ലക്ഷപ്രഭുവായിരുന്ന രാമചന്ദ്രൻ അയാളെ ആക്ഷേപിച്ച് വിട്ടു.
വെറുമൊരു പലചരക്ക് കടക്കാരനായ നിനക്ക്, ഈ നാട്ടിലെ പ്രമാണിയായ രാമചന്ദ്രൻ കണ്ണമംഗലത്തിൻ്റെ മോളെ കല്യാണം കഴിക്കാൻ എന്താടാ യോഗ്യത?
അന്ന് മഹേഷിന് അവിടുന്ന് നാണംകെട്ടിറങ്ങേണ്ടി വന്നു.
അന്നത്തെ പലചരക്ക് കടക്കാരനായിരുന്ന മഹേഷ് ,ഇന്ന് ടൗണിലെ ഏറ്റവും തിരക്കുള്ള സൂപ്പർ മാർക്കറ്റിൻ്റെ ഉടമയാണ്.
അപ്പോഴാണ് മഹേഷിൻ്റെ അമ്മ, ദേവകിഅമ്മായിയുടെ തറവാട് ക്ഷയിച്ചെന്നും, ആ കുടുംബം ഗതികെട്ട് ജീവിക്കുകയാണെന്നും, അവരെ സഹായിക്കണമെന്നും അയാളോട് പറഞ്ഞത്.
അങ്ങനെയിരിക്കെ ഒരു ദിവസം , അമ്പലത്തിൽ വച്ച് കണ്ട അമ്മായിയോട്, അയാൾ കടയിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ടെന്നും, നാണക്കേടായി തോന്നുന്നില്ലെങ്കിൽ, യമുനയെ അയച്ചാൽ ,മാസശബ്ബളമായി അവൾക്ക് തെറ്റില്ലാത്തൊരു തുക കൊടുക്കാമെന്നും പറഞ്ഞു.
മരുമകൻ്റെ മുഖത്ത് നോക്കാൻ ദേവകിക്ക് നല്ല മടിയുണ്ടായിരുന്നു.
ഒരിക്കൽ തൻ്റെ ഭർത്താവ് അപമാനിച്ച് വിട്ട മഹേഷാണ്, ഇപ്പോൾ സഹായഹസ്തം നീട്ടി നില്ക്കുന്നതെന്നറിഞ്ഞപ്പോൾ, അത് സ്വീകരിക്കാൻ അവർക്ക് പ്രയാസം തോന്നി,
ഒടുവിൽ ,ദുരഭിമാനം കൊണ്ടിരുന്നാൽ ജീവിതം മുന്നോട്ട് പോകില്ലെന്ന് മനസ്സിലാക്കിയ അവർ, മകളോട് ചോദിച്ചിട്ട് പറയാമെന്ന്, മഹേഷിനോട് മറുപടി പറഞ്ഞു.
വീട്ടിലെത്തിയ ദേവകി വിവരങ്ങൾ ധരിപ്പിച്ചപ്പോൾ ,യമുനയ്ക്ക് താല്പര്യക്കുറവൊന്നുമുണ്ടായിരുന്നില്ല ,അയാൾ മുമ്പ് തന്നെ കല്യാണമാലോചിച്ചപ്പോഴും അവൾക്കയാളെ ഇഷ്ടമായിരുന്നു, പക്ഷേ അച്ഛനോടത് പറയാനുള്ള ധൈര്യമില്ലാതിരുന്നത് കൊണ്ടാണ്, തൻ്റെ ആഗ്രഹം അവൾ ഉള്ളിൽ തന്നെ കുഴിച്ച് മൂടിയത്.
സൂപ്പർ മാർക്കറ്റിന് മുന്നിലെ സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ, ഷട്ടറിട്ട കടയ്ക്ക് മുന്നിൽ സ്റ്റാഫുകൾ കൂടി നില്ക്കുന്നുണ്ടായിരുന്നു.
ഒൻപത് മണിക്കിനി പത്ത് മിനുട്ട് കൂടി ബാക്കിയുണ്ട് , കട തുറക്കാൻ സമയമാകുന്നതേയുള്ളു, യൂണിഫോമിൽ നില്ക്കുന്ന മറ്റ് സ്റ്റാഫുകളുടെ അടുത്തേയ്ക്ക് പോകാതെ, യമുന കുറച്ച് മാറി നിന്നു.
മഹിയേട്ടൻ ഉടനെയെത്തുമായിരിക്കും, അപ്പോൾ അദ്ദേഹം വന്നിട്ട് തന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തട്ടെ , കട മുതലാളിയുടെ മുറപ്പെണ്ണായ താനെന്തിനാണ്, മറ്റ് സ്റ്റാഫുകളോട് അങ്ങോട്ട് ചെന്ന് ഇൻഡ്രഡ്യൂസ് ചെയ്യുന്നത് , പണമില്ലെന്നേയുള്ളു, താനിപ്പോഴും കണ്ണമംഗലം തറവാട്ടിലെ രാമചന്ദ്രൻ്റെ മകള് തന്നെയാണ് ,
അഭിമാനത്തോടെയവൾ തല ഉയർത്തി നിന്നു.
ദൂരെ നിന്നൊരു കാറ് വന്ന് പാർക്കിങ്ങ് ഏരിയയിൽ നിർത്തി.
കാറിൽ നിന്നിറങ്ങി, തൻ്റെ നേരെ വരുന്ന മഹിയേട്ടനെ കാണാൻ ,അവളുടെ കണ്ണുകൾ തുടിച്ചു.
പക്ഷേ, മദ്ധ്യവയസ്കനായ മറ്റൊരാളായിരുന്നു കാറിൽ നിന്നിറങ്ങിയത്.
സെക്യൂരിറ്റി സ്റ്റാഫ് അയാളെ കണ്ടയുടനെ ബഹുമാനത്തോടെ സലാം കൊടുത്തപ്പോൾ, കൈയ്യിലിരുന്ന താക്കോൽ കൂട്ടം അയാൾ സെക്യൂരിറ്റിയുടെ കൈയ്യിൽ കൊടുത്തു.
ആ മനുഷ്യൻ, ഷോപ്പിന് മുന്നിലേക്ക് നടന്ന് വന്നപ്പോൾ, മറ്റ് സ്റ്റാഫുകളൊക്കെ ഭവ്യതയോടെ അയാൾക്കരിലേക്ക് ചെന്നു.
സെക്യൂരിറ്റിയും, മറ്റുള്ളവരും ചേർന്ന് കടയുടെ എല്ലാഷട്ടറുകളും ഉയർത്തിയപ്പോൾ, കാറിൽ വന്നയാൾ ഉൾപ്പെടെ എല്ലാവരും അകത്ത് കയറി.
ആരായിരിക്കും അയാൾ? മഹിയേട്ടനെന്താ വരാത്തത്?
ആ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി, യമുന സെക്യൂരിറ്റിയുടെ അരികിലേക്ക് ചെന്നു.
ആ വന്നതാണ് മാനേജര് സാറ് ,മഹേഷ് മുതലാളി കുറച്ച് കൂടി കഴിഞ്ഞേ വരു, അല്ല കുട്ടിയേതാ?
ഞാൻ മഹിയേട്ടൻ്റെ മുറപ്പെണ്ണാണ്, പേര് യമുന
അവൾ അഭിമാനത്തോടെ പറഞ്ഞു.
അയ്യോ മേഡം, എനിക്ക് മനസ്സിലായില്ല കെട്ടോ? മേഡം മാനേജർ സാറിൻ്റെ മുറിയിലേക്ക് ചെല്ല്, അവിടെയിരിക്കാം,
ഹയ്യോ ,ഞാനിരിക്കാൻ വന്നതല്ല, മഹിയേട്ടൻ എനിക്ക് പറ്റിയ നല്ലൊരു ജോബ് വേക്കൻസിയുണ്ടെന്ന് പറഞ്ഞിട്ട് വന്നതാ,
ആണോ ?എങ്കിൽ കുഞ്ഞ് ആ കാര്യം മാനേജരോട് പറഞ്ഞാൽ മതി ,അകത്തോട്ട് ചെല്ല്
മഹിയേട്ടൻ വന്നിരുന്നെങ്കിൽ, തനിക്ക് മാനേജരുടെ മുമ്പിൽ കുറച്ച് കൂടി ഗെറ്റപ്പിൽ ചെല്ലാമായിരുന്നു ,ങ്ഹാ എന്തായാലും തൻ്റെ കാര്യം മഹിയേട്ടൻ അങ്ങേരോട് പറഞ്ഞ് കാണും, ചെന്ന് നോക്കാം
അകത്തേയ്ക്ക് കയറിച്ചെല്ലുമ്പോൾ ,മാനേജർ മറ്റ് സ്റ്റാഫുകൾക്ക് നിർദ്ദേശം കൊടുത്ത് കൊണ്ട് നില്‌ക്കുകയായിരുന്നു.
തൻ്റെ മുന്നിലേക്ക് വന്ന യമുനയെ അയാൾ ചോദ്യഭാവത്തിൽ നോക്കി.
ഞാൻ മഹിയേട്ടൻ്റെ മുറപ്പെണ്ണാണ് , പേര് യമുന, ഇന്ന് വരാൻ പറഞ്ഞിരുന്നു
ഓഹ് ഇപ്പോൾ മനസ്സിലായി, വരൂ,
അയാൾ യമുനയെയും കൊണ്ട് കടയുടെ മുൻഭാഗത്തുള്ള മെയിൻകൗണ്ടറിനരികിലേക്ക് ചെന്നു.
ഇവിടിപ്പോൾ ഒഴിവുള്ളത് ഈ ക്യാഷ് കൗണ്ടറിലാണ് ,മൊത്തം അഞ്ച് ക്യാഷ് കൗണ്ടറുകളാണുള്ളത് ,ഇവിടെ മുമ്പുണ്ടായിരുന്ന കുട്ടി ഡെലിവറി ലീവെടുത്ത് പോയാരിക്കുവാ ,കുട്ടിക്ക് കംമ്പ്യൂട്ടറൊക്കെ കൈകാര്യം ചെയ്യാനറിയാമല്ലോ? ബാക്കി കാര്യങ്ങളൊക്കെ ഇവിടുത്തെ മെയിൻ അക്കൗണ്ടൻറ് അജിത പറഞ്ഞ് തരും, ഞാനാ കുട്ടിയെ ഇങ്ങോട്ട് പറഞ്ഞ് വിടാം
യമുനയെ അവിടെ നിർത്തിയിട്ട് മാനേജർ അജിതയെ വിളിക്കാനായി പോയി.
തനിക്കൊരു കാഷ്യർ പോസ്റ്റാണ് കിട്ടിയതെങ്കിലും യമുന സന്തോഷവതിയായിരുന്നു.
കുറച്ച് നാള് കഴിയുമ്പോൾ, മഹിയേട്ടൻ തനിക്ക് അജിതയുടെ പോസ്റ്റ് തരുമായിരിക്കും, അങ്ങനെ പടിപടിയായി തൻ്റെ ജോലി ഉയരുന്നതനുസരിച്ച്, മഹിയേട്ടൻ്റെ മനസ്സിലും പതിയെ സ്ഥാനം പിടിക്കണം, അദ്ദേഹത്തിൻ്റെ മനസ്സിൽ തന്നോടുള്ള ഇഷ്ടം ,ഇപ്പോഴും ബാക്കി നില്പുണ്ടാവും,
അവിടെ നിന്ന് കൊണ്ട്, യമുന സ്വപ്നങ്ങൾ നെയ്ത് കൂട്ടി.
താൻ ചെയ്യേണ്ട ജോലികളെ കുറിച്ച് ,അജിതയിൽ നിന്നും യമുന വളരെ വേഗം സായത്തമാക്കി.
പന്ത്രണ്ട് മണിയോടടുപ്പിച്ചാണ്, മഹേഷ് ഷോപ്പിലെത്തിയത് , ആ സമയത്ത് കടയിൽ നല്ല തിരക്കുണ്ടായിരുന്നു.
മഹിയെ കണ്ടതും ,ഉത്സാഹത്തോടെ യമുന ചാടിയെഴുന്നേറ്റു, അവനെ നോക്കി നിറപുഞ്ചിരിയോടെ നിന്നു.
യമുനയെ കണ്ടെങ്കിലും , മഹേഷിൻ്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല .
ജോസഫേട്ടനെവിടെ ? ഇങ്ങോട്ട് വരാൻ പറയ്
അടുത്ത് നിന്ന സ്റ്റാഫിനോടയാൾ ഗൗരവത്തിൽ പറഞ്ഞു.
മാനേജർ വേഗം അങ്ങോട്ടേക്ക് വന്നു.
ജോസഫേട്ടോ… ഇതെന്താ പുതുതായി വന്ന സ്റ്റാഫിന് നിങ്ങള് യൂണിഫോം കൊടുക്കാതിരുന്നത് ?
അയ്യാ സർ, അത് സാറിൻ്റെ സ്വന്തക്കാരിയാണെന്ന് പറഞ്ഞത് കൊണ്ടാ, ഞാൻ..
സ്വന്തവും ,ബന്ധവുമൊക്കെ അങ്ങ് തറവാട്ടിൽ, ഇവിടെ സ്റ്റാഫുകൾക്കെല്ലാം ഒരേ നിയമം തന്നെയാണ് ,മാനേജരായ ജോസഫേട്ടനും, യൂണിഫോമിലല്ലേ നില്ക്കുന്നത്? അപ്പോൾപിന്നെ കാഷ്യറായ യമുനയ്ക്കും, യൂണിഫോം ധരിക്കാം, എന്താ യമുനേ.. അതല്ലേ ശരി ?
അയാൾ യമുനയുടെ നേർക്ക് നോക്കി.
അതേ മഹിയേട്ടാ …
നോ … മഹിയേട്ടനല്ല ,സാർ, കോൾ മീ സാർ, യൂ അണ്ടർസ്റ്റാൻ്റ് ?
മഹിയുടെ ആ പെരുമാറ്റത്തിൽ മറ്റുള്ളവരുടെ മുന്നിൽ അപമാനിതയായി പോയ യമുന ,തരിച്ച് നിന്ന് പോയി.
തുടരും