മുറപ്പെണ്ണ് ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

കടയിൽ തടിച്ച് കൂടിയവരുടെ മുന്നിൽ , താൻ ന ഗ്നയാക്കപ്പെട്ടത് പോലെ യമുനയ്ക്ക് തോന്നി.

തൻ്റെ നേർക്ക് നീളുന്ന പരിഹാസച്ചുവയുള്ള കടാക്ഷങ്ങളെ നേരിടാനാവാതെ
അവൾ തല കുനിച്ച് നിന്നു.

ഇത്തരമൊരു തിരച്ചടി അവളൊരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു , നെഞ്ചിൽ നീറി പുകഞ്ഞ സങ്കടം ഖനീഭവിക്കുന്നതും, മിഴികളിൽ കണ്ണീർ ഉരുണ്ട് കൂടുന്നതും അവളറിഞ്ഞു.

ആ നിമിഷം താൻ പാതാളത്തിലേക്ക് ആണ്ട് പോയിരുന്നെങ്കിലെന്ന്, അവൾ ആശിച്ച് പോയി.

മുന്നിലിരിക്കുന്ന കംപ്യൂട്ടർ സ്ക്രീനിൽ, അവ്യക്തമായ അക്ഷരങ്ങളെ നോക്കി ,നിരാശയോടെ അവളിരുന്നു.

തൻ്റെ മുന്നിൽ വരുന്ന കസ്റ്റമേഴ്സിനെ, തികച്ചും യാന്ത്രികമായാണവൾ നേരിട്ടത്.

വിശപ്പ് തോന്നാതിരുന്നത് കൊണ്ട്, യമുന ഉച്ചയ്ക്ക് കഴിക്കാനായി കൊണ്ട് വന്ന ചോറും , മുട്ട പൊരിച്ചതും, ചമ്മന്തിയുമൊക്കെ വൈകുന്നേരമായപ്പോൾ, ലഞ്ച് ബോക്സിലിരുന്ന് തണുത്തുറഞ്ഞു.

തൻെറ ഡ്യൂട്ടി അഞ്ച് മണിക്ക് കഴിയുമെന്നറിയാമായിരുന്നത് കൊണ്ട് ,ഇടയ്ക്കിടയ്ക്കവൾ ക്ളോക്കിലേക്ക് നോട്ടമെറിഞ്ഞ് കൊണ്ടിരുന്നു.

പോകാൻ നേരം,അങ്ങേരുടെ മുഖത്ത് നോക്കി ഒരു ഗുഡ് ബൈ പറയണം ,

അവൾ വൈരാഗ്യത്തോടെ മനസ്സിലോർത്തു

ക്ളോക്കിൽ മണി അഞ്ചായപ്പോൾ, സിസ്റ്റം ഓഫ് ചെയ്തിട്ട്, ടേബിളിന് താഴെയിരുന്ന ബാഗെടുത്ത് തോളിൽ തൂക്കി അവളെഴുന്നേറ്റു.

താനയാളുടെ കാൽച്ചുവട്ടിലൊരു അടിമയെപ്പോലെ കഴിയാൻ വന്നതല്ലെന്നും, കണ്ണമംഗലത്തെ യമുന, പട്ടിണി കിടന്നാലും അന്തസ്സ് കളഞ്ഞ് ജീവിക്കില്ലെന്നും അയാളുടെ മുഖത്ത് നോക്കി പറയണമെന്ന് ഉറപ്പിച്ചാണ് ,അവൾ എംഡിയുടെ മുറിയുടെ മുന്നിലെത്തിയത്.

പക്ഷേ, ഗ്ളാസ്സ് ഡോറിലൂടെ നോക്കിയപ്പോൾ, അവിടം ശൂന്യമായിരുന്നു.

കുറച്ച് നേരം കൂടിഅവിടെ നിന്നിട്ട്, മാനേജരോട്, എംഡി, എവിടെ പോയതാണെന്നന്വേഷിക്കാനായി ,അവൾ താഴേയ്ക്ക് വന്നു.

“സാറിനി രാത്രിയിലേ തിരിച്ച് വരു ,എന്താ യമുനേ.. എന്തേലും പറയാനുണ്ടോ ?

“ഉം, അത് ഞാൻ നേരിൽ കണ്ട് പറഞ്ഞ് കൊള്ളാം, ശരി ജോസഫേട്ടാ.. ഞാൻ ഇറങ്ങുന്നു”

എവിടെയെങ്കിലും വച്ച് എന്നെങ്കിലും അയാളെ കണ്ട് മുട്ടുമെന്നും ,അന്ന് പകരം ചോദിക്കാമെന്നും ,അത് വരെ തൻ്റെയുള്ളിലെ രോഷം കെടാതെ സൂക്ഷിക്കണമെന്നും തീരുമാനിച്ച് കൊണ്ട് ,അവൾ സൂപ്പർ മാർക്കറ്റിൻ്റെ പടിക്കെട്ടുകളിറങ്ങി,ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.

ബസ്സിനുള്ളിൽ കയറിയപ്പോൾ തിരക്ക് കാരണം ഇരിക്കാൻ സീറ്റില്ലാതെ അവൾ കമ്പിയിൽ തൂങ്ങി നിന്നു.

കണ്ടക്ടർ അടുത്ത് വന്നപ്പോൾ, ടിക്കറ്റിനായി കൈയ്യിലിരുന്ന പഴകിയനോട്ട് നീട്ടിയെങ്കിലും, അയാളത് വാങ്ങിയില്ല.

“ചേച്ചിയുടെ ടിക്കറ്റ്, പുറകിലൊരാൾ എടുത്തിട്ടുണ്ട്”

കണ്ടക്ടർ പയ്യൻ പുഞ്ചിരിയോടെ പറഞ്ഞു.

“ങ് ഹേ അതാരാ?

അവൾ ആശ്ചര്യത്തോടെ പുറകിലേക്ക് നോക്കി.

അവിടെ മറ്റൊരു കമ്പിയിൽ തൂങ്ങി, തന്നെ നോക്കി പുഞ്ചിരിച്ച് നില്ക്കുന്നയാളെ കണ്ടവൾ, അമ്പരന്നു.

അത് കെവിൻ അല്ലേ ?

അവൾ പെട്ടെന്ന് തൻ്റെ നോട്ടം പിൻവലിച്ചു.

കോളേജിൽ വെച്ച് തൻ്റെ സീനിയറായി പഠിച്ച, കെവിൻ.

മൂന്നുവർഷം ഒരുമിച്ച് ഒരു കാമ്പസിനുള്ളിൽ ഉണ്ടായിരുന്നിട്ടും , ഒരിക്കൽപോലും തന്നോട് അയാൾ മനസ്സ് തുറന്നില്ല.

കാമ്പസ്സിലെ നടവഴികളിൽ പലയിടത്തും, മറ്റുവായിനോക്കി പിള്ളേരോടൊപ്പം അയാളും ഉണ്ടായിരുന്നു.

അയാളുടെ പ്രണയാർദ്രമായനോട്ടം,സ്ഥിരമായി തന്നിലാണ് പതിയുന്നതെന്ന് , കൂട്ടുകാരികൾ പറഞ്ഞപ്പോഴാണ് താനറിയുന്നത്,

അന്ന് മുതൽ, അയാൾക്ക് അരികിലൂടെ നടന്നുപോകുമ്പോൾ, തൻ്റെ ഹൃദയമിടിപ്പിൻ്റെ വേഗത കൂടുമായിരുന്നു, അയാളറിയാതെ താനും അയാളെ പലപ്രാവശ്യവും ശ്രദ്ധിച്ചു, കാണാൻ സുമുഖനും പതിഞ്ഞ സ്വഭാവക്കാരനുമായിരുന്ന അയാളെ, തനിക്കും ഇഷ്ടമായിരുന്നെങ്കിലും , ഒരിക്കൽ പോലും അയാൾ തൻ്റെ മുന്നിൽ വരികയോ, ഒന്ന് സംസാരിക്കുകയോ ചെയ്തിരുന്നില്ല.

കോളേജ് പഠനം പൂർത്തിയാക്കി ക്യാമ്പസ്നോട് വിട പറഞ്ഞപ്പോൾ , അന്ന് കണ്ട പല മുഖങ്ങളും മറന്നു തുടങ്ങിയിരുന്നു, അക്കൂട്ടത്തിൽ കെവിൻ്റെ മുഖവും താൻ സൗകര്യപൂർവ്വം മറന്നു .

പിന്നീട് വർഷങ്ങളോളം അയാളെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു, ഒരിക്കൽ അമ്പലത്തിൽ വച്ചാണ്, പിന്നീടയാളെ കാണുന്നത്,

പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുമ്പോൾ, അയാൾ തൻ്റെയരികിലെത്തിയിട്ട്,
ശബ്ദംതാഴ്ത്തി തന്നോട് കുറച്ച് സംസാരിക്കണന്ന് ആവശ്യപ്പെടുകയായിരുന്നു.

അയാൾക്ക് പറയാനുള്ളത്, എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ കൊണ്ട്, ശ്രീകോവിലിനു മുന്നിൽ നിന്ന താൻ വിജനമായ ആൽത്തറയുടെ അടുത്തേക്ക് നടന്നു.

തന്നെ അനുഗമിച്ചുകൊണ്ട്, കെവിനും കൂടെ വന്നു.

“എന്താ ഇയാൾക്ക് പറയാനുള്ളത്, വേഗം പറ ,എനിക്ക് ഉടനെ പോണം”

വിറയാർന്ന ശബ്ദത്തിൽ ഉത്കണ്ഠയോടെ താൻ അയാളോട് ചോദിച്ചു.

“യമുനയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ആ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കോളേജിൽ താൻ ,ആദ്യമായി വന്ന ദിവസം തൊട്ട് ഞാൻ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അന്നു തുടങ്ങിയ ഇഷ്ടം, കോളേജിൽ വച്ച് തുറന്നുപറയാനുള്ള ധൈര്യമില്ലാതിരുന്നത് കൊണ്ടാണ്, ഇതുവരെ അത് പറയാതിരുന്നത്, ഇപ്പോൾ എനിക്ക് ഒരു ജോലി കിട്ടി, ചെറുതാണെങ്കിലും സർക്കാർ ജോലി ആണ്, അതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ തൻ്റെ മുന്നിലെത്തിയത് , ജോലിക്കാരൻ ആയപ്പോൾ എന്നെ വിവാഹം കഴിപ്പിക്കണമെന്ന് അമ്മയ്ക്ക് ഒരേ നിർബന്ധം, അപ്പോഴാണ് തൻ്റെ മുഖം, എൻ്റെ മനസ്സിൽ തെളിഞ്ഞത്, വർഷങ്ങൾക്കു മുൻപേ എനിക്ക് തന്നെ ഇഷ്ടമായിരുന്നു, എങ്കിലും തൻ്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ലല്ലോ? തനിക്ക് എന്നെ ഇഷ്ടമാണോ എന്ന് അറിഞ്ഞിട്ട് , അമ്മയുമായി പെണ്ണ് ചോദിക്കാൻ തൻ്റെ വീട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു ഞാൻ , യമുന പറയൂ ,എന്താണ് തിരിച്ചു ചെല്ലുമ്പോൾ, എൻ്റെ അമ്മയോട് ഞാൻ പറയേണ്ടത്?

താൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകളാണ് അയാൾ പറഞ്ഞതെങ്കിലും, തൻ്റെ കുടുംബത്തിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചോർത്തപ്പോൾ ,ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷം, താനേ കെട്ടടങ്ങി .

“ഇപ്പോഴെങ്കിലും ഇത് എന്നോട് തുറന്നു പറയാനുള്ള ധൈര്യം കെവിൻ കാണിച്ചല്ലോ ? പക്ഷേ ,അന്ന് ഞാൻകോളേജിൽ പഠിക്കുമ്പോഴുള്ള സാഹചര്യമല്ല, ഇപ്പോൾ എൻ്റെ തറവാട്ടിലുള്ളത്, സാമ്പത്തികമായി തകർന്ന് പോയ ,ഒരു കുടുബമാണെൻ്റേത്, കണ്ണമംഗലം തറവാടിനിപ്പോൾ പഴയ പേരും പെരുമയുമൊന്നുമില്ല, മൂന്ന് നേരവും തികച്ചുണ്ണാനില്ലാതെ, പല ദിവസങ്ങളിലും ഞങ്ങൾ അരപ്പട്ടിണിയിലാണ്, നല്ല ചികിത്സ കിട്ടിയാൽ, ഒരു പക്ഷേ, അച്ഛന് കട്ടിലിൽ നിന്ന് എഴുന്നേല്ക്കാൻ പറ്റും, പക്ഷേ, കടം കേറിയിട്ട് ഇപ്പോൾ അന്തിയുറങ്ങുന്ന തറവാടിൻ്റെ ആധാരം പോലും, ബാങ്കിലിരിക്കുമ്പോൾ, അതിനും ഞങ്ങൾക്ക് കഴിയില്ല, ഒരുപക്ഷേ, കെവിന് എന്നെ ഇഷ്ടമായിരിക്കാം , പക്ഷേ കെവിൻ്റെ അമ്മയ്ക്ക് മകൻ്റെ ഇഷ്ടത്തോടൊപ്പം , മറ്റ് ചില ആഗ്രഹങ്ങളും പ്രതീക്ഷകളുമുണ്ടാവില്ലേ? സർക്കാർ ഉദ്യോഗസ്ഥനായ മകന് കിട്ടാൻ പോകുന്ന, ഭീമമായൊരു ഡൗറി, ആ അമ്മയുടെ മനസ്സിലുമുണ്ടാവില്ലേ? കെവിൻ ആദ്യം അമ്മയോട് പോയി ചോദിക്കൂ, കെവിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ സത്രീധനമൊന്നുമില്ലാതെ സ്വീകരിക്കാൻ, അമ്മ തയ്യാറാകുമോയെന്ന് , അമ്മയുടെ ഉത്തരം യെസ് എന്നാണെങ്കിൽ ,ഞാൻ വരാം, എൻ്റെ അമ്മയുടെയും, അച്ഛൻ്റെയും അനുഗ്രഹവും വാങ്ങി, കെവിൻ്റെ കൂടെ എവിടേക്ക് വേണമെങ്കിലും”

അന്ന് കെവിനോട് അങ്ങനെ പറഞ്ഞു വിട്ടെങ്കിലും, അത് ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് ,തനിക്ക് നന്നായി അറിയാമായിരുന്നു, അന്ന് യാത്ര പറഞ്ഞുപോയ കെവിനെ, പിന്നീടിതുവരെ കാണാതിരുന്നപ്പോൾ , തൻ്റെ മനസ്സിൽ തോന്നിയതൊക്കെ ശരിയായിരുന്നുവെന്ന്, താൻ ഉറപ്പിക്കുകയായിരുന്നു.

പക്ഷേ ഇപ്പോഴയാൾ ,താൻ കയറിയ ബസ്സിൽ കയറിയതും, തൻ്റെ ടിക്കറ്റെടുത്തതും എന്തിനായിരിക്കും?

ആദ്യം സമ്മതം മൂളാൻ വിസമ്മതിച്ചിരുന്ന അയാളുടെ അമ്മ, മകൻ്റെ നിർബന്ധം മുറുകിയപ്പോൾ ,ഒടുവിൽ അടിയറവ് പറഞ്ഞ് കാണുമോ, വീണ്ടും വിവാഹാഭ്യർത്ഥനയുമായിട്ടായിരിക്കുമോ, അയാൾ വന്നിരിക്കുന്നത്?

ഓരോന്നാലോചിച്ച് അവസാനംബസ്സ് , തനിക്കിറങ്ങാനുള്ള സ്റ്റോപ്പിലെത്തിയപ്പോൾ , അവൾ വീണ്ടും പുറകിലേക്ക് നോക്കി.

തുടരും

Leave a Reply

Your email address will not be published. Required fields are marked *