മുറപ്പെണ്ണ് ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 02 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ബസ്സിൽ നിന്നിറങ്ങി മുന്നോട്ട് നടക്കുമ്പോൾ കെവിൻ തന്നെ പിന്തുടരുന്നുണ്ടെന്ന് യമുനയ്ക്ക് മനസ്സിലായിരുന്നു

അയാൾ തൻ്റെയൊപ്പം നടന്നെത്താനായി അവൾ നടപ്പിൻ്റെ വേഗത കുറച്ചു.

പിന്നിൽ അയാളുടെ കാലടി കേട്ടപ്പോൾ നെഞ്ചിടിപ്പോടെ അവൾ തിരിഞ്ഞ് നോക്കി

യമുനേ.. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു, അതിനാ ഞാൻ തൻ്റെ പുറകെ വന്നത് ,ടൗണിലൊരു ആവശ്യത്തിന് വന്ന് മടങ്ങുമ്പോഴാണ്, താൻ ബസ്സിൽ കയറുന്നത് കണ്ടത് ,തിരക്ക് കാരണം അതിനകത്ത് വച്ച് ഒന്നും പറയാൻ കഴിഞ്ഞില്ല, അതാണ് തന്നോടൊപ്പം ഇവിടെ ഇറങ്ങിയത്

കെവിൻ പറയാൻ പോകുന്നതെന്താണെന്നറിയാനുള്ള വ്യഗ്രതയിൽ യമുന കാതോർത്തു

പൊടുന്നനെയാണ്, അവരുടെ അരികിലേക്ക് ഒരു മെഴ്‌സിഡസ് ബെൻസ് കാറ് വന്ന് സഡൻ ബ്രേക്കിട്ട് നിന്നത്.

ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി വന്ന വ്യക്തിയെ കണ്ട യമുനയുടെ മിഴികളിൽ, പകയുടെ കനലെരിഞ്ഞു.

മഹേഷായിരുന്നത്,

അയാളോട് പറയാനായി മനസ്സിലെഴുതി സൂക്ഷിച്ച ഡയലോഗ് അധരങ്ങളിലേക്കാവാഹിച്ച് കൊണ്ട് യമുന ക്ഷോഭത്തോടെ നിന്നു.

യമുനേ… അച്ഛന് ശ്വാസം മുട്ടല് കൂടുതലാണെന്നും, നിന്നെ വിളിച്ചിട്ട് ഔട്ട് ഓഫ് റേഞ്ചാന്നെന്നും പറഞ്ഞ് ദേവകി അമ്മായി , എന്നെവിളിച്ചിരുന്നു, കടയിലേക്ക് വിളിച്ചപ്പോൾ, നീ അവിടുന്നിറങ്ങിയെന്നും പറഞ്ഞു ,അതാ ഞാൻ നേരിട്ട് ഇങ്ങോട്ട് വന്നത്, നീ വേഗം വണ്ടിയിലോട്ട് കയറ്,സീരിയസ്സാണെങ്കിൽ അമ്മാവനെ ഉടനെ ഹോസ്പിറ്റലിലെത്തിക്കണം

ആ വാർത്ത കേട്ടപ്പോൾ, അത് വരെ അവളുടെ ഉള്ളിൽ നിന്നും പുറത്തേക്ക് ചാടാൻ വെമ്പി നിന്നിരുന്ന, പകയുടെ കനലുകൾ പെട്ടെന്ന് ആവിയായി പോയി .

തന്നോട്ട് യാത്ര പോലും പറയാതെ, യമുന കാറിൽ കയറിപ്പോയപ്പോൾ കെവിൻ്റെ മുഖത്ത് നീരസത്തിൻ്റെ കരിനിഴൽ വീണു.

അവർ വീട്ടിലെത്തിയപ്പോൾ ദേവകി, ഭർത്താവിൻ്റെ നെഞ്ച് തടവിക്കൊണ്ട്, വിഹ്വലതയോടെ പുറത്തേയ്ക്ക് നോക്കി നില്ക്കുകയായിരുന്നു.

യമുനയെ കണ്ടതും, ദേവകി വെളിയിലേക്കിറങ്ങി വന്നു.

മോളേ … അച്ഛന് അസുഖം കൂടുതലാണ് എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കണം എനിക്കാക്കെ പേടിയാകുന്നു

അമ്മായി വിഷമിക്കാതെ ഞാൻ ആംബുലൻസ് വിളിച്ചിട്ടുണ്ട് ,ഉടനെയെത്തും

മഹേഷ് അവരുടെ തോളിൽ പിടിച്ച് സമാധാനിപ്പിച്ചു.

യമുന വേഗം അച്ഛൻ്റെയടുത്തേയ്ക്ക് ചെന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ആംബുലൻസ് വന്നു, മഹേഷും ഡ്രൈവറും ചേർന്ന് രാമചന്ദ്രനെ സ്ട്രെക്ചറിലെടുത്ത് കയറ്റി, കൂടെ ദേവകിയും യമുനയും കയറി

മഹേഷിൻ്റെ നിർദ്ദേശപ്രകാരം നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലേക്ക് ഡ്രൈവർ ആംബുലൻസ് പറത്തി വിട്ടു.

എന്നിട്ടയാൾ സ്വന്തം കാറിൽ അവരെ പിന്തുടർന്നു.

ആശുപത്രിയിൽ ചെന്ന ആംബുലൻസിൽ നിന്നും ഇളം നീല യൂണിഫോമണിഞ്ഞ അറ്റൻഡർമാരെത്തി പേഷ്യൻ്റിനെ വേഗം കാഷ്വാലിറ്റിയിലേക്ക് കൊണ്ട് പോയി

യമുനയും അമ്മയും കൂടി വെളിയിൽ ഉത്കണ്ഠയോടെ കാത്ത് നിന്നു

ആംബുലൻസിൻ്റെ വാടക കൊടുത്ത് പറഞ്ഞ് വിട്ടിട്ട് മഹേഷ് കാഷ്വാലിറ്റിയിലേക്ക് കയറിപ്പോയി

കുറച്ച് സമയത്തിന് ശേഷം അയാൾ തിരിച്ച് വന്നു.

യമുനേ.. അമ്മാവന് ഉടനെ ഒരു ഇഞ്ചക്ഷൻ എടുക്കണം, നീ കാഷ് കൗണ്ടറിൽ പോയി ഇഞ്ചക്ഷൻ്റെ ബില്ലൊന്ന് പേ ചെയ്തിട്ട് വാ ,ഇതാ ഈ കാർഡ് കൂടെ കൊണ്ട് പൊയ്ക്കോ ,അവിടെ സ്വൈപ്പിങ്ങ് മെഷീനുണ്ട്, നമ്പർ ഡബിൾ ഫൈവ് റ്റു ത്രീ, ഞാൻ അമ്മാവൻ്റെയടുത്തേയ്ക്ക് പോകുവാ

മഹേഷ് തൻ്റെ പേഴ്സിൽ നിന്നും ഡെബിറ്റ് കാർഡ് എടുത്ത് യമുനയുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു.

അയാളുടെ ഔദാര്യം സ്വീകരിക്കേണ്ടി വന്നതിലുള്ള ചളിപ്പ് അവളുടെ മുഖത്തുണ്ടായിരുന്നു.

മേഡം ,ക്യാഷാണോ, അതോ കാർഡോ ?

ക്യാഷ് കൗണ്ടറിനുള്ളിൽ നിന്നും ,ചുണ്ടിൽ ചുവന്ന ചായം തേച്ച ,നേപ്പാളി ലുക്കുള്ള വെളുത്ത പെൺകുട്ടി യമുനയോട് ചോദിച്ചു.

എത്രയാ ബില്ല്?

തൻ്റെ പേഴ്സിലുള്ള , നൂറിൻ്റെ രണ്ട് മൂന്ന് നോട്ടുകളുടെ ബലത്തിലാണ് അവളത് ചോദിച്ചത് , അത് മതിയാവുമെങ്കിൽ അയാളുടെ കാർഡ് ആവശ്യമുണ്ടായില്ലെന്ന് പറഞ്ഞ് തിരിച്ച് കൊടുക്കാമല്ലോ ,പിന്നീട് ആവശ്യമായി വരുന്ന, ആശുപത്രി ചിലവുക്കൾക്കായി തൻ്റെ കഴുത്തിലെ ഒരേ ഒരു സ്വർണ്ണമാല പണയം വയ്ക്കാമെന്നും അവൾ കണക്ക് കൂട്ടി.

റ്റൊൻ്റി എയ്റ്റ് തൗസൻ്റ് പ്ളസ് ടാക്സും ചേർത്ത് റ്റൊൻ്റിനയൻ തൗസൻ്റ് ആൻ്റ് റ്റു ഹൻട്രഡ് ആകും മാഡം

യമുന ബോധംകെട്ട് വീണില്ലെന്നേയുള്ളു ,തല കറങ്ങുന്നത് പോലെ അവൾക്ക് തോന്നി.

ഒരു ഇൻഞ്ചക്ഷന് ഇത്രയും വിലയോ?

യാന്ത്രികമായവൾ കൈയ്യിലിരുന്ന കാർഡ് നീട്ടി നമ്പർ പറഞ്ഞ് കൊടുത്തു

റസീപ്റ്റുമായി തിരിച്ച് വന്നിട്ടവൾ അമ്മയോട് അക്കാര്യം പറഞ്ഞു

എനിക്കറിയില്ല മോളേ.. ആ കൊച്ചനിത് എങ്ങിനെ തിരിച്ച് കൊടുക്കുമെന്ന്

അവർ നിസ്സഹായതയോടെ പറഞ്ഞു.

സമയം ഇഴഞ്ഞ് നീങ്ങികൊണ്ടിരുന്നു

വിസിറ്റിങ്ങ് റൂമിലെ കുളിർമ്മയിൽ, ശബ്ദമില്ലാത്ത ടി വിസ്ക്രീനിന് മുന്നിൽ , വെറുതെ കണ്ണും നട്ട്, എന്തെന്നറിയാതെയുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ മഹേഷ് കാഷ്വാലിറ്റിയിൽ നിന്നിറങ്ങി അവരുടെയടുത്തേക്ക് വന്നു

ഇൻഞ്ചക്ഷൻ എടുത്തപ്പോൾ കുറച്ച് നോർമലായിട്ടുണ്ട്, പക്ഷേ അഡ്മിറ്റ് ചെയ്യേണ്ടി വരും ,വിശദമായ ചെക്കപ്പിന് ശേഷം ചിലപ്പോൾ ഒരു സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത് ,ബ്ളഡ് സർക്കുലേഷൻ കുറഞ്ഞത് ബ്ലോക്കുള്ളത് കൊണ്ടായിരിക്കാമെന്ന് , എന്തായാലും നമുക്ക് നോക്കാം, ഞാൻ പോയി റൂം ബുക്ക് ചെയ്തിട്ട് വരാം ,എന്നിട്ട് നമുക്ക് കാൻ്റീനിൽ പോയി എന്തെങ്കിലും കഴിക്കാം, യമുന ഉച്ചയ്ക്കും ഒന്നും കഴിച്ചിട്ടില്ലല്ലോ? ഞാൻ പോയിട്ട് വേഗം വരാം

യമുനയ്ക്ക് അമ്പരപ്പ് തോന്നി, രാവിലെ, തന്നെ വെറുമൊരു ജോലിക്കാരിയെപ്പോലെ തരംതാഴ്ത്തി സംസാരിച്ചയാളാണ്, താൻ ലഞ്ച് കഴിച്ചിട്ടില്ലെന്ന്, ഇപ്പോൾ ഉത്ക്കണ്ഠയോടെ പറഞ്ഞത്, അപ്പോൾ താനറിയാതെ അദ്ദേഹം തന്നെ ,ഒബ്സർവ് ചെയ്തെന്നല്ലേ, അതിനർത്ഥം?

എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ഈശ്വരാ …

മഹിയേട്ടാ.. ഇതാ കാർഡ്

അവൾ അയാൾക്ക് നേരെ കയ്യിലിരുന്ന കാർഡ് നീട്ടി

തത്ക്കാലമത് നിൻ്റെ കയ്യിൽ തന്നെയിരുന്നോട്ടെ ,എന്തെങ്കിലും ആവശ്യം വന്നാലോ ,ഞാൻ പേ ടി എം യൂസ് ചെയ്തോളാം

യമുന വീണ്ടും ആർദ്രയായി.

ഇവിടെയിപ്പോൾ യമുന മാത്രം നിന്നാൽ മതിയാകും ,അമ്മായിയെ ഞാൻ വീട്ടിൽ കൊണ്ട് വിടാം, അവിടെ യാമിനി തനിച്ചല്ലേ?

രാത്രിയോട് കൂടി ,രാമചന്ദ്രനെ റൂലേക്ക് കൊണ്ട് വന്നപ്പോൾ മഹേഷ് ദേവകിയോട് പറഞ്ഞു

അല്ല മോനേ അവളെങ്ങനെയാ തനിച്ച്, രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ ?

അതിലൊന്നും, അമ്മായി വറീഡാവണ്ട ,ഇവിടെ എന്തിനും ഏതിനും ഇരുപത്തിനാല് മണിക്കൂറും സ്റ്റാഫുകളുണ്ട്, അവര് നോക്കിക്കൊള്ളും

എങ്കിൽ ഞാൻ പോയിട്ട് രാവിലെ വരാംമോളേ

ശരി അമ്മേ…

ദേവകിയെയും കൊണ്ട് കോറിഡോറിലൂടെ നടന്ന് പോകുന്ന മഹേഷിനെ ആരാധനയോടെ അവൾ നോക്കി നിന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *