മുറപ്പെണ്ണ് ~ ഭാഗം 04, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

രാമചന്ദ്രനെ , ഓപ്പറേഷൻ കഴിഞ്ഞ് മുറിലേക്ക് മാറ്റിയതിൻ്റെ രണ്ടാം ദിവസം അപ്രതീക്ഷിതമായി കയറിവന്ന കെവിനെയും അമ്മയെയും കണ്ട് യമുന അമ്പരന്നു .

എന്താടോ താൻ കുന്തം വിഴുങ്ങിയത് പോലെ നില്ക്കുന്നത് ,അച്ഛനും അമ്മയ്ക്കും ഞങ്ങളെയൊന്ന് ഇൻഡ്രഡ്യൂസ് ചെയ്തൂടെ?

തൻ്റെ മുന്നിൽ നിന്ന് ഓവർ സ്മാർട്ടാകുന്ന കെവിനോട്, യമുനയ്ക്ക് നീരസം തോന്നിയെങ്കിലും, ആതിഥ്യമര്യാദയോർത്തവൾ മന്ദഹസിച്ച് കൊണ്ട് അച്ഛൻ്റെയരികിലേക്ക് നീങ്ങി നിന്നു.

അച്ഛാ.. ഇതെൻ്റെ കൂടെ കോളേജിലുണ്ടായിരുന്ന കെവിനും അമ്മയുമാണ്,

യമുന അച്ഛനോട് പറഞ്ഞു.

അതേയോ ? കണ്ടതിൽ വളരെ സന്തോഷം ,നിങ്ങളിരിക്കു,

അയാൾ ഔപചാരികതയോടെ പറഞ്ഞു .

ചേച്ചി ഇങ്ങോട്ടിരിക്കു,

ദേവകി താനിരുന്ന കസേര ഒഴിഞ്ഞ് കൊടുത്തു.

ഇപ്പോഴെങ്ങനെയുണ്ട് , വേദനയൊക്കെ കുറഞ്ഞോ?

കെവിൻ്റെ അമ്മ ,രാമചന്ദ്രനോട് കുശലം ചോദിച്ചു.

ഉം തരക്കേടില്ല ,പിന്നെ ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റലല്ലേ ? കയ്യിൽ കാശ് കരുതിയിരിക്കണമെന്നേയുള്ളു, കാര്യങ്ങളൊക്കെ സമയാസമയങ്ങളിൽ നോക്കീം കണ്ടും, അവര്ചെയ്തോളും. പിന്നെ ,എൻ്റെ മരുമോൻ മഹേഷാണ് ,കാര്യങ്ങളൊക്കെ നോക്കുന്നത്, അവനെ അറിയില്ലേ ? ബസ് സ്റ്റാൻ്റിൻ്റെ എതിർവശത്തുള്ള, ഷോപ്പിങ് മാള് അവൻ്റെ സ്വന്തമാണ്,

അയാൾ അഭിമാനത്തോടെ പറഞ്ഞു.

പിന്നെ …അതാർക്കാ അറിയാത്തത് ,അല്ലേലും ഇനിയങ്ങോട്ട് അങ്ങനുള്ള കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണമല്ലോ?

കെവിൻ്റെ അമ്മ അർദ്ധോക്തിയിൽ നിർത്തിയപ്പോൾ ,യമുനയുടെ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി.

അല്ലാ ചേച്ചിയെന്താ, അങ്ങനെ പറഞ്ഞത്?

ദേവകി ജിജ്ഞാസയോടെ ചോദിച്ചു.

ഓഹ്, പറഞ്ഞത് പോലെ നിങ്ങളൊന്നുമറിഞ്ഞ് കാണില്ലല്ലോ അല്ലേ? കെവിൻ പറഞ്ഞിരുന്നു, എൻ്റെ സമ്മതം കിട്ടിയിട്ട് വേണം, യമുനയ്ക്ക് അവളുടെ വീട്ടുകാരോട് പറയാനെന്ന്

ഈശ്വരാ.. ഇവിരിത് എന്തിനുള്ള പുറപ്പാടാണ്, ഓണത്തിനിടയ്ക്കാണ് അവരുടെയൊരു പുട്ട് കച്ചവടം

യമുന അനിഷ്ടത്തോടെ ഓർത്തു.

എന്ത് കാര്യമാണ്, കെവിൻ്റെ അമ്മ പറയുന്നത്? ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല,

രാമചന്ദ്രൻ ആകാംക്ഷയോടെ ചോദിച്ചു.

എങ്കിൽ ഞാൻ മുഖവുരയിടാതെ കാര്യം പറയാം ,കെവിന് യമുനയെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് എന്നോട് വന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി , പക്ഷേ ഏതൊരു അച്ഛനുമമ്മയും, മക്കൾക്ക് നല്ലൊരു ബന്ധം ഉണ്ടാക്കി കൊടുക്കാൻ അല്ലേ, നോക്കുന്നത്, എന്നുവെച്ച് നിങ്ങളുമായിട്ടുള്ള ബന്ധം മോശമാണെന്നല്ല , നിങ്ങൾവലിയ തറവാട്ടുകാരാണെങ്കിലും, ഇപ്പോഴത്തെ നിങ്ങളുടെ ജീവിതസാഹചര്യം, വളരെ മോശമാണെന്ന് അറിയാവുന്നതുകൊണ്ട് , ഞാൻ അതിനെ എതിർത്തു നിൽക്കുകയായിരുന്നു ,പക്ഷേ കെവിന് യമുനയെ അല്ലാതെ മറ്റൊരു പെൺകുട്ടിയെ വേണ്ടെന്നാണ് പറയുന്നത്, അവന് ഇപ്പോൾ നല്ലൊരു സർക്കാരുദ്യോഗമുണ്ട്, യമുനയെ അവൻ പൊന്നുപോലെ നോക്കി കൊള്ളും , ഞങ്ങൾ ഇപ്പോൾ വന്നത് ,യമുനയുടെ അച്ഛനെ കാണാൻ മാത്രമല്ല,ഇവര് തമ്മിലുള്ള കല്യാണക്കാര്യം കൂടി സൂചിപ്പിക്കാമെന്ന് കരുതിയാണ്, നിങ്ങളുടെ സമ്മതം കൂടി അറിഞ്ഞിട്ട്, നമുക്ക് കാര്യങ്ങൾ മുന്നോട്ട് നീക്കാമായിരുന്നു

അത് കേട്ട് ,രാമചന്ദ്രൻ ദേവകിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, അവർ നിസ്സഹായതയോടെ നിന്നു.

നിങ്ങളോട്, ഞാനിപ്പോൾ എന്താ പറയുക , യമുന ,ഞാൻ നേരത്തെ പറഞ്ഞ മഹേഷിൻ്റെ മുറപ്പെണ്ണാണ്, അവളെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ,
മഹേഷ് ഒരിക്കൽ ഞങ്ങളോട് പറഞ്ഞപ്പോൾ ,അന്ന് ഞങ്ങളതിന് സമ്മതിച്ചില്ല,
അതിന് ചില കാരണങ്ങളുണ്ടായിരുന്നെന്ന് കൂട്ടിക്കോ , ഇപ്പോൾ എല്ലാ സാഹചര്യങ്ങളും ഒത്ത് വന്നിരിക്കുവാ, ഇനി, ഇവിടുന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിൽ ചെന്നിട്ട് വേണം ,അവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ

അച്ഛൻ അവരെ എത്ര സമർത്ഥമായാണ് ഒഴിവാക്കുന്നതെന്ന് യമുന ഓർത്തു, എങ്കിലും അച്ഛൻ പറഞ്ഞ മറുപടി അവൾക്ക് നന്നേ ബോധിച്ചു, കെവിനുമായുള്ള വിവാഹത്തിന് ,അച്ഛൻ വാക്ക് കൊടുക്കുമോ? എന്ന സന്ദേഹത്തിൽ ആയിരുന്നു യമുന.

ഓഹോ അങ്ങനെയാണോ കാര്യങ്ങൾ? എന്നിട്ടെന്താ യമുനെ ,നീ ഇതൊന്നും എന്നോട് പറയാതിരുന്നത്?’

അതുവരെ നിശബ്ദനായി നിന്ന കെവിൻ ,ഞെട്ടലോടെയാണ് അവളോട് ചോദിച്ചത്.

അതിന്, കെവിൻ അന്നെന്നോട് വിവാഹാഭ്യർഥന നടത്തി പോയിട്ട്, പിന്നെ കാണുന്നത് ഇപ്പോഴല്ലേ?

അവൾ കൂസലന്യേ പറഞ്ഞു.

അപ്പോൾ നീയും കൂടെ അറിഞ്ഞിട്ടാണോ മഹേഷുമായുള്ള വിവാഹത്തിന് ഇവർ ഒരുങ്ങുന്നത്?

അതെ, എനിക്ക് എൻ്റെ അച്ഛനുമമ്മയും പറയുന്നതേ കേൾക്കാൻ കഴിയു, അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചേ ജീവിക്കാനും കഴിയു…

എങ്കിൽ പിന്നെ നിനക്കിതൊന്ന് നേരത്തെ പറഞ്ഞൂടായിരുന്നോ? ഞാൻ എത്ര നാൾ ബുദ്ധിമുട്ടിയിട്ടാണ്, എൻ്റെ അമ്മയെ കൊണ്ട് ,ഇതിനു സമ്മതിപ്പിച്ചതെന്ന് നിനക്കറിയാമോ ?ഇത് വലിയ ചതിയായിപ്പോയി യമുനെ

അതിന് ഞാൻ ആണോ തെറ്റുകാരി ?കെവിൻ എന്നോട് വിവാഹഭ്യർത്ഥന നടത്തിയപ്പോൾ ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ?, അമ്മയോട് സമ്മതം ചോദിച്ചിട്ട് വരാൻ ,നിങ്ങളുടെ തിരിച്ചുവരവിനായി ഞാൻ ഒരുപാട് ദിവസങ്ങൾ കാത്തിരുന്നു, ഒടുവിൽ എനിക്ക് മനസ്സിലായി ,നിങ്ങളുടെ അമ്മ സമ്മതിച്ച് കാണില്ലെന്ന്, അപ്പോൾപിന്നെ നടക്കാത്ത ഒരു ആലോചനയ്ക്ക് വേണ്ടി,ഞാൻ എന്തിന് വെറുതെ കാത്തിരിക്കണം ?

ഇപ്പോൾ നിനക്ക് മതിയായില്ലേടാ ? ഇനി എന്തിനാ ഇവിടെ നിൽക്കുന്നത്? നീ ഇറങ്ങാൻ നോക്ക് നമുക്ക് പോകാം

കെവിൻ്റെ അമ്മ ,മകനോട് കയർത്ത് സംസാരിച്ചിട്ട് യാത്ര പോലും ചോദിക്കാതെ, മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.

ശരി യമുനെ, ഞാൻ ഇറങ്ങുന്നു, എൻ്റെ ഉള്ളു നിറയെ ,സങ്കടമുണ്ടെങ്കിലും ഞാൻ നിന്നെ ശപിക്കുന്നില്ല, തെറ്റ് എൻ്റെ ഭാഗത്തുമുണ്ട്, ഇതിനിടയിൽ ഒരിക്കൽ പോലും, ഞാൻ നിന്നെ കാണാൻ ശ്രമിച്ചില്ല,സാരമില്ല നിന്നെ എനിക്ക് വിധിച്ചിട്ടില്ല എന്ന് കരുതി ,ഞാൻ സമാധാനിച്ചു കൊള്ളാം ഞാൻ പോട്ടെ ബൈ ,

നിരാശയോടെ കെവിൻ അമ്മയുടെ പുറകെ ഇറങ്ങിപ്പോയപ്പോൾ യമുന പുച്ഛത്തോടെ മുഖം വക്രിച്ച് കാണിച്ചു

ഒരാഴ്ചയ്ക്ക് ശേഷമാണ് രാമചന്ദ്രനെ ഡിസ്ചാർജ് ചെയ്യുന്നത് ,മഹേഷ് തൻ്റെ കാറുമായി വന്നിട്ടാണ് അയാളെയും കുടുംബത്തെയും കണ്ണമംഗലം തറവാട്ടിൽ കൊണ്ടാക്കിയത്

എങ്കിൽ ഞാൻ പൊയ്ക്കോട്ടേ അമ്മാവാ.. കടയിൽനിന്ന് മാനേജര് വിളിക്കുന്നുണ്ട്

കാറിൽ നിന്നിറങ്ങിയ രാമചന്ദ്രനെ , വീടിൻ്റെ പടിക്കെട്ടുകൾ കയറാൻ സഹായിച്ച് , കോലായിലെ ചാരുകസേരയിൽ ഇരുത്തിയിട്ട്, മഹേഷ് ചോദിച്ചു.

മോനേ.. ചായ കുടിച്ചിട്ട് പോ, അമ്മായി വേഗം പോയി എടുത്തിട്ട് വരാം,

അയ്യോ, വേണ്ടമ്മായി, അത് ,ഇനി ഒരിക്കൽ ആവാം, ഇപ്പോൾ ഞാൻ പോട്ടെ

മഹേഷ് പോകാൻ ധൃതി വെച്ചു.

മോനേ.. മഹേഷേ.. നിനക്കിപ്പോൾ, അമ്മാവനോട് വൈരാഗ്യം ഒന്നുമില്ലല്ലോ അല്ലേ,

ഹേയ്, ഇല്ല അമ്മാവാ.. അന്ന് അമ്മാവൻ എന്നോട് അങ്ങനെയൊക്കെ സംസാരിച്ചത് കൊണ്ടല്ലേ? ഞാൻ ഇപ്പോൾ ഈ നിലയിലെത്തിയത്, അമ്മാവൻ പറഞ്ഞത് ശരിയായിരുന്നു, വെറുമൊരു പലചരക്ക് കടക്കാരന് ,ഈ സമൂഹത്തിൽ യാതൊരു വിലയും ഉണ്ടാവില്ല, അങ്ങനെ അമ്മാവൻ്റെ ഒപ്പം നിലയും വിലയും ഉണ്ടാകാൻ വേണ്ടിയാണ്, ഞാൻ കഠിനാധ്വാനം ചെയ്തതും, ഇന്നീ കാണുന്ന നേട്ടങ്ങളൊക്കെ ഉണ്ടാക്കിയതും , അതിനെനിക്ക് അമ്മാവനോട്, നന്ദി മാത്രമേയുള്ളൂ ,

എനിക്കറിയാം മോനെ.. നീ നല്ലവനാ ,നീ ഇനിയും വളരും , നീയെന്നോടൊരിക്കൽ യമുനയെ വിവാഹം കഴിച്ചു തരുമോന്ന് ചോദിച്ചില്ലേ? അന്ന് ഞാനത് സമ്മതിച്ചില്ല , പക്ഷേ ഇപ്പോൾ ഞാൻ പറയുന്നു , യമുനയെ കല്യാണം കഴിക്കാൻ ഈ ലോകത്ത് , ഏറ്റവും യോഗ്യൻ നീ തന്നെയാണ്, മോൻ ഫ്രീ ആകുമ്പോൾ, നിൻ്റെ അമ്മയെയും കൂട്ടി ഇങ്ങോട്ട് വാ, നമുക്ക് നിങ്ങടെ കല്യാണമങ്ങ് ഉറപ്പിച്ചേക്കാം

അച്ഛൻ പറഞ്ഞത് കേട്ട് , യമുന ലജ്ജയോടെ വാതിൽ വിരിയുടെ പിറകിലേക്ക് ഒളിച്ചുനിന്നു.

ഹ ഹ ഹ

താൻ പറഞ്ഞത് കേട്ട് ,മഹേഷ് പൊട്ടിച്ചിരിക്കുന്നത് കണ്ട് ,രാമചന്ദ്രനും ദേവകിയുമൊക്കെ അമ്പരന്നു പോയി.

എന്താ മോനെ? എന്താ നീ ഇങ്ങനെ ചിരിക്കുന്നത്?

അമ്മാവാ.. നിങ്ങളുടെ വായിൽനിന്നും, ഇങ്ങനെ ഒരു വാക്ക് കേൾക്കാനാണ് ഞാൻ ഇത്രയും നാളും കാത്തിരുന്നത്, എനിക്കറിയാമായിരുന്നു, ഞാൻ നിങ്ങളെക്കാൾ ഉയരത്തിൽ എത്തുമ്പോൾ, നിങ്ങളെന്നെ ആശ്രയിക്കുമെന്നും, മകളുടെ വിവാഹാലോചനയുമായി നിങ്ങളെന്നെ സമീപിക്കുമെന്നും, പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ ഒക്കെ മാറിയില്ലേ? അമ്മാവാ ഞാൻ കോടീശ്വരൻ ആയപ്പോൾ, അമ്മാവൻ പരമദരിദ്രനായി , കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള , ഷോപ്പിങ് മാളിൻ്റെ ഉടമസ്ഥനായ എന്നോട്, ദരിദ്രനാരായണനായ നിങ്ങളുടെ മകളെ വിവാഹം കഴിക്കണമെന്ന് പറയാൻ,നിങ്ങൾക്ക് നാണമില്ലേ?

മരുമകൻ്റെ ആക്രോശം കേട്ട് ,രാമചന്ദ്രൻ സ്തബ്ദനായിരുന്നു പോയി.

മഹേഷേട്ടാ.., എന്തൊക്കെയാ ഈ പറയുന്നത് ?അപ്പോൾ നിങ്ങൾ ഇത്രയും ദിവസം ഞങ്ങളോട് കാണിച്ച സ്നേഹവും, സിമ്പതിയുമൊക്കെ വെറുതെയായിരുന്നോ? അച്ഛൻ്റെ ചികിത്സയ്ക്കുവേണ്ടി, എത്ര ലക്ഷമാണ് നിങ്ങള് പൊടിച്ചത് ?തമാശക്ക് ആണെങ്കിലും, അച്ഛനോട് ഇങ്ങനെയൊന്നും സംസാരിക്കരുത്

ഞാൻ ലക്ഷങ്ങൾ ചിലവാക്കി അങ്ങേരെ ചികിത്സിച്ച് രോഗം ഭേദമാക്കിയത്, അങ്ങേരോടുള്ള സ്നേഹം കൊണ്ടാണെന്ന് നീ കരുതിയോ ? ഒരിക്കലുമല്ല, നിൻ്റെ അച്ഛന് ,എൻ്റെ നേരെ നിവർന്ന് നിന്ന് ,എന്നോട് സംസാരിക്കാനുള്ള പ്രാപ്തി ഉണ്ടാക്കുവാനും ,നിന്നെ കല്യാണം കഴിക്കാൻ ഞാൻ യോഗ്യവാനാണെന്ന് നിൻ്റെ അച്ഛനെ കൊണ്ട് പറയിപ്പിക്കാനുമായിരുന്നു ഞാൻ അങ്ങനെ ചെയ്തത്, പിന്നെ ഞാനീ ചിലവാക്കിയതൊന്നും ആരും ഔദാര്യമായി കൂട്ടണ്ട ,ഒരു വലിയ കടമായിട്ട് കൂട്ടിയാൽ മതി ,ഉടനെ തിരിച്ച് തരികയും വേണ്ട, യമുനയെ സ്ഥിരമായി ഷോപ്പിലേക്കയച്ചാൽ മതി, ഒന്ന് രണ്ട് വർഷം ശബ്ബളമില്ലാതെ ജോലി ചെയ്താൽ ,എൻ്റെ കടം തീരാവുന്നതേയുള്ളു , കണ്ണമംഗലം രാമചന്ദ്രൻ അഭിമാനി ആയത് കൊണ്ട് ,എൻ്റെ കടം വീട്ടാൻ മകളെ നാളെ മുതൽ ജോലിക്ക് വിടുമെന്ന് എനിക്കറിയാം, കാരണം, വിറ്റ് കടം വീട്ടാൻ നിങ്ങളുടെ കയ്യിൽ സമ്പാദ്യങ്ങളൊന്നുമില്ലല്ലോ? അപ്പോൾ ശരി, ഞാൻ പോകട്ടെ, അമ്മാവാ …

ഇടിവെട്ടേറ്റത് പോലെ രാമചന്ദ്രൻ വിറങ്ങലിച്ചിരുന്ന് പോയി.

എല്ലാം കേട്ട് കൊണ്ട്, അകത്ത് നിന്നിരുന്ന യമുന, നിരാശയോടെ തൻ്റെ മുന്നിൽ നിന്നിറങ്ങി പോയ കെവിൻ്റെ ദൈന്യതയാർന്ന മുഖം, വേദനയോടെ ഓർത്തു പോയി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *