മുറപ്പെണ്ണ് ~ ഭാഗം 05, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

മോളേ യമുനേ.. ഇത് വരെ കുളിച്ച് കഴിഞ്ഞില്ലേ? ഒന്ന് വേഗമിറങ്ങ് ,ബ്രോക്കറ് വിളിച്ചിരുന്നു, അവരിപ്പോഴിങ്ങെത്തുമെന്ന്

ബാത്റൂമിൻ്റെ വാതിലിൽ തട്ടിക്കൊണ്ട് ദേവകി ധൃതിവച്ചു.

ദാ വരുന്നമ്മേ, ഒറ്റ മിനുട്ട്

തലയ്ക്ക് മുകളിലൂടെ നൈറ്റി താഴേയ്ക്ക് വലിച്ചിറക്കിയിട്ടവൾ അമ്മയോട് വിളിച്ച് പറഞ്ഞു.

രണ്ട് വർഷത്തോളം മഹേഷിൻ്റെ കടയിൽ ,ശബ്ബളമില്ലാതെ ജോലി ചെയ്തിട്ടാണ് ,അയാളുടെ കടങ്ങളൊക്കെ യമുന വീട്ടിയത് ,കടയിൽ വച്ച് വല്ലപ്പോഴും മാത്രം കണ്ട് മുട്ടാറുള്ള മഹേഷ് മുതലാളി, തൻ്റെ ഒരു സ്റ്റാഫ് എന്ന നിലയിലല്ലാതെ, മറ്റൊരു അടുപ്പവും, ഇന്ന് വരെ യമുനയോട് പ്രകടിപ്പിച്ചിട്ടില്ല,

സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം, രാമചന്ദ്രൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നു.

കുറച്ച് നാളുകളായി റിയൽ എസ്‌റ്റേറ്റ് ബിസിനസ്സിൽ ,പഴയ ചങ്ങാതിമാരോടൊപ്പം കൂടുകയും ,അതിൽ നിന്ന് സാമ്പത്തികമായി അയാൾ കുറേശ്ശേ മെച്ചപ്പെടുകയും ചെയ്തപ്പോഴാണ്, കല്യാണപ്രായം കഴിഞ്ഞ് നില്ക്കുന്ന യമുനയെ, വിവാഹം കഴിച്ചയക്കാൻ ‘ തീരുമാനിച്ചത്.

ഉയർന്ന വിദ്യാഭ്യാസവും, സൗന്ദര്യവും ,ഇപ്പോൾ സ്വന്തമായി വരുമാനവുമുള്ള യമുനയ്ക്ക് ചേരുന്നൊരു ബന്ധം കൊണ്ട് വരാൻ, അയാൾ ബ്രോക്കറോട് പറഞ്ഞിരുന്നു.

ചേച്ചി ഇന്ന് സാരി ഉടുത്താൽ മതി, ചേച്ചിയുടെ ആകാരവടിവിനും, നിറത്തിനും സാരി നന്നായി ചേരും

മുറിയിൽ നിന്ന് ഐലീനർ എഴുതുന്ന യമുനയുടെ അരികിലേക്ക് വന്ന യാമിനി പറഞ്ഞു.

ഓഹ് പിന്നേ.. അതിലൊന്നും ഒരു കാര്യോമില്ലെടീ കൊച്ചേ, അങ്ങനെ സൗന്ദര്യം നോക്കിയിട്ടാണെങ്കിൽ, എന്നെ ചുമ്മാതെ കെട്ടിക്കൊണ്ട് പോകാമെന്നും പറഞ്ഞ് ഇത്ര കാലമായിട്ടും, ഒരുത്തനും ഈ വഴി വന്നില്ലല്ലോ? ഇപ്പോൾ ജോലിയുണ്ടെന്നും അച്ഛൻ സ്ത്രീധനം കൊടുക്കാമെന്നും പറഞ്ഞിട്ടല്ലേ? അയാൾ എന്നെ കാണാൻ വരുന്നത്

ഇഷ്ടമാണെന്നും പറഞ്ഞ് മുൻപ് രണ്ട് പേര് വന്നതല്ലേ? എന്നിട്ട് ചേച്ചീടെ പിടിപ്പ് കേട് കൊണ്ടല്ലേ? അത് രണ്ടും പോയത്

യാമിനീ.. ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ? പഴയതൊക്കെ ഓർമിപ്പിച്ച് എന്നെ വെറുതെ ഡൗണാക്കല്ലേ,

ഓഹ് ഞാനൊന്നും പറയുന്നില്ല, കഴിഞ്ഞത് കഴിഞ്ഞു, ഇപ്പോൾ വരുന്ന ചെക്കൻ നല്ല ചൊങ്കനാണെന്ന് ബ്രോക്കറ് പറഞ്ഞു , അത് കൊണ്ടാണ് സാരിയുടുക്കാൻ ഞാൻ പറഞ്ഞത്

ഉം ശരി, എൻ്റെ അനുജത്തിക്ക് വേണ്ടി ഞാനിന്ന് സാരിയുടുക്കാം , നീ എന്നെയൊന്ന് സഹായിക്കണേ?

അത് ഞാനേറ്റു,

പതിനൊന്ന് മണിയോട് കൂടി ചെറുക്കനും കൂട്ടരുമെത്തി.

ചെറുക്കനെ കൂടാതെ അമ്മാവനും അമ്മയും, അയാളുടെ കൂട്ടുകാരനുമുണ്ടായിരുന്നു

യാമിനി പറഞ്ഞത് പോലെ ചെറുക്കനൊരു ഗ്ളാമർ താരമാണെന്ന് ജനാല പാളികൾക്കിടയിലൂടെ യമുന കണ്ട് പിടിച്ചു

ബ്ളാക്ക് പാൻ്റ്സിനുള്ളിൽ ഇളം നീല വരയുള്ള വൈറ്റ് ഷർട്ട് ഇൻസേർട്ട് ചെയ്ത വേഷത്തിൽ ഗംഭീര ലുക്കുള്ളൊരു യുവകോമളനായിരുന്നയാൾ അത് കണ്ടപ്പോൾ താൻ സാരിയുടുത്തത് വളരെ നന്നായി പോയെന്ന് അവളോർത്തു

മുൻപേ ട്രേയിൽ ചായയുമായി ചെന്ന യമുനയുടെ പുറകിൽ പലഹാരങ്ങളുമായി യാമിനിയുമുണ്ടായിരുന്നു.

മറ്റുള്ളവർക്ക് ചായകൊടുത്തിട്ട് ചെറുക്കൻ്റെ മുന്നിലെത്തുമ്പോൾ യമുനയ്ക്ക് തൻ്റെ കൈകാലുകൾക്ക് ബലം കുറയുന്നത് പോലെ തോന്നി

ആദ്യമായത് കൊണ്ടാവാം ചായ നീട്ടുമ്പോൾ അവളുടെ കൈ വിറച്ചു

കാലിയായ ട്രേയുമായി അയാളുടെ മുഖത്ത് നോക്കാനുള്ള വൈക്ളബ്യത്തിൽ തല ഉയർത്താതെ പിന്നിലേക്ക് വലിഞ്ഞ് അമ്മയുടെ പുറകിലേക്കവൾ ഒതുങ്ങി നിന്നു.

മോള് വലിയ നാണക്കാരിയാണെന്ന് തോന്നുന്നു ,ഇപ്പോഴത്തെ കുട്ടികൾക്ക് അങ്ങനൊന്ന് പൊതുവേ ഇല്ലാത്തതാണ്

ചെറുക്കൻ്റെ അമ്മാവൻ തമാശ രൂപേണ പറഞ്ഞിട്ട് സ്വയം കുലുങ്ങി ചിരിച്ചു.

മോൻ്റെ പേരെന്താ ?

ചൂട് ചായ ഊതി കുടിക്കുന്ന ചെറുക്കനോട് ദേവകി ചോദിച്ചു.

കിരൺ

ആഹാ അടിപൊളി പേരാണല്ലോ ചേച്ചീ ..

യാമിനി പുറകിൽ നിന്ന് യമുനയെ തോണ്ടി.

അല്ല നമ്മളിങ്ങനെ ഇരുന്നാലോ ?ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണ്ടേ?

ബ്രോക്കറ്, അമ്മാവനോട് ചോദിച്ചു

ങ്ഹാ അത് നേരാ , ശാരദേ.. നമുക്കങ്ങോട്ടിറങ്ങി വീടും ചുറ്റുപാടുകളുമൊക്കെ ഒന്ന് കണ്ടിട്ട് വരാം, അവര് അപ്പോഴേക്കും കാര്യങ്ങളൊക്കെ പരസ്പരം സംസാരിച്ച് ഒരു ധാരണയിലെത്തട്ടെ

അമ്മാവൻ ,ചെറുക്കൻ്റെ അമ്മയെ നോക്കി പറഞ്ഞു.

ഹേയ് അത് വേണ്ടമ്മാവാ ..ഞങ്ങളിപ്പോൾ പരസ്പരം കണ്ടല്ലോ? ഇനി ചോദിക്കാനുള്ളത് പേരും പഠിത്തവുമൊക്കെയാണ് , പിന്നെ പരസ്പരം ഇഷ്ടമായോന്നല്ലേ അറിയാനുള്ളത് ?അതേതായാലും, ഇപ്പോൾ വേണ്ട, നമുക്ക് വീട്ടിൽ ചെന്നിട്ട് ഫോണിലൂടെ ചോദിച്ചറിയാം, അതാണതിൻ്റെയൊരു ത്രില്ല് ,അത് വരെ രണ്ട് പേരുടെയും മനസ്സിൽ അക്കാര്യം സസ്പെൻസായി തന്നെയിരിക്കട്ടെ

അത് വരെ മൗനിയായിരുന്ന കിരണിൻ്റെ വാചാലത കണ്ട്, യമുനയ്ക്കും യാമിനിയ്ക്കും അത്ഭുതം തോന്നി.

ആള് സ്മാർട്ടാണ് ചേച്ചീ… ചേച്ചീടെയൊരു ഭാഗ്യം,

യാമിനി അസൂയയോടെ അവളുടെ ചുമലിൽ നുള്ളി.

അത് മോൻ പറഞ്ഞത് നേരാണ്, എങ്കിൽ പിന്നെ എല്ലാരും എന്തെങ്കിലുമൊക്കെയെടുത്ത് കഴിച്ചാട്ടെ

ബ്രോക്കറ് ,കിരണിൻ്റെ വാക്കുകൾ ശരിവച്ചു.

യമുനയ്ക്കും കിരണിൻ്റെ അഭിപ്രായം കേട്ടപ്പോൾ തെല്ലാശ്വാസം തോന്നി.

ഇല്ലെങ്കിൽ അയാൾ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും, താൻ ഒരുപാട് കളവു പറയേണ്ടി വന്നേനെയെന്നവൾക്ക് നല്ല ഉത്ക്കണ്ഠ ഉണ്ടായിരുന്നു.

കുറച്ചു സമയത്തെ സ്നേഹ സംഭാഷണങ്ങൾക്കൊടുവിൽ കിരണും വീട്ടുകാരും പോകാനിറങ്ങി.

അപ്പോഴെ,ഞങ്ങളങ്ങോട്ടിറങ്ങുവാ, എല്ലാവരും കൂടിയൊന്നാലോചിച്ചിട്ട് അഭിപ്രായമറിയിക്കാം

രാമചന്ദ്രന് , ഷെയ്ക്ക് ഹാൻ്റ് കൊടുത്തിട്ട് കിരണിൻ്റെ , അമ്മാവൻ പറഞ്ഞു.

ചെറുക്കനും കൂട്ടരും വന്ന് പോയതിൻ്റെ രണ്ടാമത്തെ ദിവസം വൈകുന്നേരമാണ് ചെറുക്കൻ്റെ അമ്മ ,ദേവകിയെ വിളിച്ച് സംസാരിച്ചത്.

ഞാൻ പറയുന്നതുകൊണ്ട് ദേവകിക്ക് ഒന്നും തോന്നരുത് ഞങ്ങൾക്ക് ,നിങ്ങളുടെ രണ്ട് പെൺമക്കളിൽ, ഇളയവളായ യാമിനിയെ ആണ് ഇഷ്ടമായത്, നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ കിരണും യാമിനിയുമായുള്ള വിവാഹം നമുക്കങ്ങ് നടത്താം, എന്ത് പറയുന്നു?

അതു കേട്ടുനിന്ന ദേവകിയുടെ ഉള്ളിൽ എന്തോ കൊളുത്തി വലിക്കുന്നതു പോലെ തോന്നി.

അതിപ്പോൾ ഞാൻ എന്താ പറയുക, യാമിനിക്കും കല്യാണ പ്രായമായി എന്ന് എനിക്കറിയാം, പക്ഷേ മൂത്തവൾ നിൽക്കുമ്പോൾ എങ്ങനെയാ, ഇളയതിനെ അയക്കുന്നത് ?അതുമാത്രമല്ല തന്നെ കാണാൻ വന്ന ചെക്കൻ, അനുജത്തിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിയുമ്പോൾ, യമുനക്കത് എങ്ങനെ സഹിക്കാൻ പറ്റും?

ഉം അത് ശരിയാണ് പക്ഷേ കിരണിനും യാമിനിയെ തന്നെയാണ് ഇഷ്ടമായതെന്ന് പറഞ്ഞു, അപ്പോൾ അവൻ്റെ ഇഷ്ടം കൂടി നമ്മൾ നോക്കണ്ടേ? ദേവകി ഒരു കാര്യം ചെയ്യൂ, യമുനയോടൊന്ന് സംസാരിക്കു, അനുജത്തിക്ക് ഒരു ജീവിതം കിട്ടുന്നതിൽ , ജ്യേഷ്ടത്തിക്ക് വിരോധം ഉണ്ടാവില്ലല്ലോ?

ഉം ഞാനവളോടൊന്ന് സംസാരിക്കട്ടെ, എന്നിട്ട് തിരിച്ച് വിളിക്കാം

ഫോൺ വയ്ക്കുമ്പോൾ ദേവകിക്ക് നെഞ്ചിൽ കനത്ത ഭാരം തോന്നി.

യമുനയോട് താനെങ്ങനെ ഈ കാര്യങ്ങൾ പറയും, അവൾക്കൊരിക്കലും അതുമായി പൊരുത്തപ്പെടാൻ കഴിയില്ല ,വെറുതെയെന്തിനാ അവളെ വിഷമിപ്പിക്കുന്നത്.

മകളോട് പറയാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് ദേവകി, വൈകുന്നേരം വീട്ടിലേക്ക് കയറി വന്ന ഭർത്താവിനോട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം വന്ന ആലോചന നമുക്ക് വേണ്ടെന്ന് വയ്ക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു,

ദേവകി , മുഖവുരയിട്ടു

അതെന്താ ദേവൂ… ആരെങ്കിലും അവരെ കുറിച്ച് മോശം വല്ലതും പറഞ്ഞോ?

ഹേയ് അതല്ല ,കിരണിൻ്റെ അമ്മ വിളിച്ചിരുന്നു

അതേയോ ?എന്നിട്ട് ?

രാമചന്ദ്രന് ആകാംക്ഷയുണ്ടായി

ശാരദ വിളിച്ച് പറഞ്ഞ കാര്യങ്ങൾ ,ദേവകി ഭർത്താവിനെ ധരിപ്പിച്ചു

ഈ സമയം ,ഫ്റിഡ്ജിലിരിക്കുന്നവെള്ളമെടുക്കാനായി അങ്ങോട്ടേക്ക് വന്ന യമുന , ദേവകി പറഞ്ഞ കാര്യങ്ങൾ കേട്ട് ,സ്തബ്ധയായി നിന്ന് പോയി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *