മുറ്റം തൂത്തു കൊണ്ടിരിക്കുന്ന സൂരജിനെ നോക്കി രാജു ഒരു പരിഹാസച്ചിരിയോടെ ചോദിച്ചു…

പണ്ടൊക്കെ ദൈവം പിന്നെ പിന്നെ

Story written by NISHA L

നീളമുള്ള ചൂലുകൊണ്ട് മുറ്റത്ത് വീണ കരിയിലകൾ തൂത്തു കൂട്ടുകയായിരുന്നു സൂരജ്.

മുറ്റത്തിന് അതിരിൽ വിളഞ്ഞു പാകമായ ഒരു മാഞ്ചിയം നിൽപ്പുണ്ട്. അതിൽ നിന്ന് ഇലകൾ കൊഴിഞ്ഞു കൊണ്ടേയിരിക്കും. എത്ര തൂത്തു വാരിയാലും വൃത്തിയാവില്ല.

ആ മരം ഒന്നു മുറിക്കാൻ മരംവെട്ടുകാരൻ രാജുവിനോട് പറഞ്ഞിട്ട് ആഴ്ചകളായി. അയാൾ ഇന്നു വരാം നാളെ വരാം എന്ന് പറയുന്നതല്ലാതെ ഇതുവരെ വന്നിട്ടില്ല. പാവം ദിവ്യ എന്നും ഈ മുറ്റം വൃത്തിയാക്കാൻ അവൾ എത്ര പാട് പെടുന്നുണ്ടാകും. മനസ്സിൽ ചിന്തിച്ചു കൊണ്ട് തൂത്തു കൂട്ടിയ കരിയില ചാക്കിലേക്ക് വാരി വയ്ക്കുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് സൂരജ് അങ്ങോട്ട് നോക്കിയത്. ഗേറ്റ് കടന്നു വരുന്ന ആളെ കണ്ട് സൂരജ് അത്ഭുതം കൂറി. മനസ്സിൽ ഓർത്ത് കൊണ്ടിരുന്ന ആൾ തന്നെ. നാട്ടിലെ അറിയപ്പെടുന്ന മരംവെട്ടുകാരനായ രാജു.

മുറ്റം തൂത്തു കൊണ്ടിരിക്കുന്ന സൂരജിനെ നോക്കി രാജു ഒരു പരിഹാസച്ചിരിയോടെ ചോദിച്ചു.

“നീയെന്താ സൂരജേ ഒരുമാതിരി പെണ്ണുങ്ങളെ പോലെ മുറ്റവും തൂത്തു നിൽക്കുന്നത്.. “??

“അതെന്താ രാജു പെണ്ണുങ്ങൾ മാത്രമേ മുറ്റം തൂക്കുകയുള്ളോ.. ആണുങ്ങൾ തൂത്താൽ എന്താ വൃത്തി ആകില്ലേ..? “!!

” അല്ല എന്റെ വീട്ടിൽ പെണ്ണുങ്ങളാ ഈ ജോലിയൊക്കെ ചെയ്യാറുള്ളത്..”!! അല്ല.. നിന്റെ പെണ്ണുമ്പിള്ള എന്താ തൂക്കത്തില്ലേ… “?? !!

“അവൾക്ക് വയ്യ നടു വെട്ടി പിടിച്ചു കിടക്കുകയാണ്..പിന്നെയുള്ളത് എഴുപത് വയസ്സായ എന്റെ അമ്മയാണ്.. അവരെ കൊണ്ട് മുറ്റം തൂപ്പിക്കണോ.. “??

” എത്ര വയ്യെങ്കിലും എന്റെ വീട്ടിൽ എന്റെ ഭാര്യയാ ജോലികളൊക്കെ ചെയ്യുന്നത്..ഞാൻ ഒന്നും ചെയ്യില്ല.. “!! രാജു പുച്ഛത്തോടെ പറഞ്ഞു.

” നിന്റെ വീട്ടിൽ എങ്ങനെയായാലും എനിക്കെന്താ രാജു..നിന്റെ വീട്ടിൽ എങ്ങനെയാണെന്നു ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ.. “??

” പിന്നെ എന്റെ വീട്ടിൽ എന്തെങ്കിലും ജോലി ചെയ്യുന്നതിന് എനിക്ക് ഒരു നാണക്കേടും അഭിമാനകുറവുമില്ല.. ഞാൻ കൂടി താമസിക്കുന്ന വീടല്ലേ.. അത് വൃത്തിയാക്കുന്നത് എന്റെയും കൂടി ജോലി അല്ലേ..”!!

സൂരജിന്റെ ഭാര്യ ദിവ്യയ്ക്ക് അടുക്കളപ്പുറത്ത് ഒരു ചെറിയ പച്ചക്കറിതോട്ടം ഉണ്ട്. ഇന്നിപ്പോൾ കുറച്ചു പച്ചക്കറിവിത്ത് അവൾക്ക് എവിടുന്നോ കിട്ടി.. അതു പാകാൻ തറഞ്ഞു കിടന്ന പറമ്പ് വെട്ടി കിളക്കുന്നതിനിടയിൽ അവൾക്ക് നടു വെട്ടി പിടിച്ചു. വേദന കൊണ്ട് പുളഞ്ഞ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഒരു ഇൻജക്ഷനും എടുത്ത് പെയിൻ കില്ലറും കൊടുത്തു. അതിന്റെ ക്ഷീണത്തിൽ അവൾ അകത്തു കിടന്ന് മയങ്ങുകയാണ്.. സൂരജ് ജോലിയില്ലാത്ത ദിവസങ്ങളിൽ ദിവ്യയെ സഹായിക്കാറുണ്ട്. അതുകൊണ്ട് തന്നെ മുറ്റം തൂക്കുന്നതിൽ അവന് നാണക്കേട് തോന്നിയതുമില്ല.

“അല്ല നിന്റെ ഭാര്യയെ കാണുന്നില്ലല്ലോ..”!!

രാജുവിന് നാക്കിന്റെ ചൊറിച്ചിൽ തീരാതെ അയാൾ വീണ്ടും ചോദിച്ചു.

“അവൾ കിടക്കുകയാണ്… ഇരിക്കാനും നില്ക്കാനും വയ്യാത്ത നടുവേദന.. മരുന്ന് കഴിച്ച് അകത്ത് കിടന്നു മയങ്ങുന്നു.”!!

” എന്താ… സന്ധ്യക്ക് കിടന്ന് മയങ്ങുന്നെന്നോ.. ഏതെങ്കിലും പെണ്ണുങ്ങൾ സന്ധ്യക്ക് കിടക്കുമോ.. വീട്ടിൽ മൂദേവി കുടിയിരിക്കാൻ ഇനി വേറെ എന്താണ് വേണ്ടത്..”!!

“എന്റെ പൊന്നു രാജു അവൾക്ക് വയ്യാത്തതുകൊണ്ടല്ലേ കിടക്കുന്നത്.. അതിന്റെ പേരിൽ മഹാലക്ഷ്മി ഇറങ്ങി പോയി പകരം മൂദേവി കേറി കുടിയിരുന്നാൽ ഞാൻ അങ്ങ് സഹിച്ചോളാം..”!!

“അല്ല നീ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്… “??

“വെറുതെ ഈ വഴി പോയപ്പോൾ ഇങ്ങോട്ടൊന്നു കയറിയതാ..”!

“നിന്നോട് ഈ മരം ഒന്ന് മുറിച്ചു തരാൻ എത്ര നാളായി പറയുന്നു.. ഇതൊന്നു വെട്ടിമാറ്റിയിരുന്നെങ്കിൽ ഇത്രയും കരിയില വരില്ലായിരുന്നു.. “!!

“ആ ഞാൻ അടുത്ത ആഴ്ച വരാമെടാ… ഈ ആഴ്ച മൊത്തം ജോലിയുണ്ട്.. “!!

അടുത്ത ആഴ്ച വരാം എന്ന് ഉറപ്പു പറഞ്ഞുകൊണ്ട് രാജു തിരികെ പോയി.

പക്ഷേ അടുത്ത രണ്ടാഴ്ച കഴിഞ്ഞിട്ടും അയാൾ മരം വെട്ടാൻ എത്തിയില്ല…

രണ്ടാഴ്ചയ്ക്ക് ശേഷം ഒരു ദിവസം..

“ദിവ്യ ഞാൻ പോയി രാജുവിനെ ഒന്ന് കാണട്ടെ രാവിലെ അവൻ വീട്ടിൽ കാണും..”!!

“ശരി സൂരജേട്ടാ പോയിട്ട് വാ..കുറച്ചു കൂടി കഴിഞ്ഞാൽ അയാൾ പണിക്ക് പോകും. പിന്നെ ചെന്നിട്ടും കാര്യമില്ലല്ലോ… “!!

——————————

രാജുവിന്റെ വീട്ടിലെത്തിയ സൂരജ് വീടിന്റെ മുൻവശത്ത് ആരെയും കാണാതെ അടുക്കള പുറത്തേക്ക് ചെന്നു..

അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച..

രാജു പൈപ്പിൻചുവട്ടിൽ ഇരുന്നു കരിക്കലം ഉരച്ചു തേച്ച് കഴുകുന്നു.. !!

അതു കണ്ട സൂരജ് അന്തം വിട്ട് നോക്കി നിന്നു.. കുറച്ചു ദിവസം മുൻപ് രാജു തന്നോട് പറഞ്ഞ കാര്യങ്ങൾ അവന്റെ ഓർമ്മയിലെത്തി.അതോർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. പൊട്ടി വന്ന ചിരി അടക്കി പിടിച്ചു കൊണ്ട് സൂരജ് വിളിച്ചു..

“രാജു…. മുൻവശം അടച്ചു പൂട്ടിയിട്ട് നീ ഇവിടെ എന്താ ചെയ്യുന്നത്.. “??

സൂരജിനെ കണ്ട രാജുവിന്റെ മുഖം ആകെ വിളറി വെളുത്തു..എങ്കിലും ജാള്യത മറച്ചു അയാൾ പറഞ്ഞു.

“എടാ എന്റെ ഭാര്യക്ക് രണ്ടു ദിവസമായി ഒരു പനി.. അവൾ കിടക്കുകയാ.. ഞാൻ ഇത്തിരി കഞ്ഞിക്ക് വെള്ളം വെക്കാം എന്ന് കരുതി..”!!

“അതിനെന്താ രാജു… അത് നല്ല കാര്യമല്ലേ ഭാര്യക്ക് വയ്യാത്തപ്പോൾ സഹായിക്കുക എന്നത് ഭർത്താവിന്റെ കടമയല്ലേ… മിക്കവാറും എല്ലാ വീടുകളിലും ഇതുപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അതിന് നാണക്കേട് വിചാരിക്കേണ്ട കാര്യമൊന്നുമില്ല.. അല്ലെങ്കിൽ തന്നെ സ്വന്തം വീട്ടിലല്ലേ ചെയ്യുന്നത്. അതിനെന്തിനാ നാണം.. അല്ലെ രാജു.. “!!

“ഹ്മ്മ്… അതേടാ… “!! രാജു വിഷണ്ണനായി പറഞ്ഞു.

“അല്ല.. നീ ആ മരം മുറിക്കാൻ ഇതുവരെ വന്നില്ലല്ലോ.. ഇനി എന്നാ വരുന്നത്..ഞാനത് ചോദിക്കാൻ വന്നതാ.. “!!

“നാളെതന്നെ വരാമെടാ…… “!!

“ഇനിയും വച്ചു താമസിപ്പിക്കാതെ നാളെ തന്നെ വരണേ രാജു.. “!!

“എന്തായാലും വരും… ഇനി നിന്റെ വീട്ടിലെ പണി കഴിഞ്ഞേയുള്ളു ബാക്കി… “!!
രാജു ഉറപ്പിച്ചു പറഞ്ഞു.

“എന്നാ പിന്നെ നിന്റെ ജോലി നടക്കട്ടെ. ഞാൻ നിന്ന് ജോലിക്ക് തടസ്സമാകുന്നില്ല..നന്നായി ഉരച്ചു കഴുക്.. “!!

പോകാൻ തുടങ്ങിയ സൂരജ് വീണ്ടും തിരിഞ്ഞു നിന്ന് പറഞ്ഞു.

” അല്ല രാജു ഞാൻ ആലോചിക്കുകയായിരുന്നു.. “!!

” എന്താടാ… “??

അല്ല ഈ പണ്ടുള്ളവർ പറയുന്നത് ശരിയാ.. “പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോഴൊക്കെ ദൈവം അപ്പോൾ തന്നെ എന്ന്… “!!

ചിരിയോടെ പറഞ്ഞുകൊണ്ട് സൂരജ് തിരിഞ്ഞുനടന്നു.. രാജു ആകട്ടെ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു..!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *