മൂത്ത പെങ്ങളുടെ കല്യാണത്തിനും,ഇളയവളുടെ ടീച്ചർ ജോലിക്കുള്ള കരുതൽക്കാശായും, പിന്നെ, അനുജന് യൂറോപ്പിൽ പോകാനും ആ പണമുപകരിച്ചു. കാലം, പിന്നെയും നീങ്ങി. അയാളും കുടുംബവും, ഗ്രാമത്തിലെ കുഞ്ഞു വാടകവീട്ടിൽ…….

വല്ല്യേട്ടൻ

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

അവർ, നാലു മക്കളായിരുന്നു. അയാൾക്കു താഴെ രണ്ടു സഹോദരിമാരും, ഒരനുജനും. കൗമാരത്തിൽ, അയാളുടെ വീട്ടിലെ ട്രങ്കിലെ ശേഖരം മുഴുവൻ വിവിധ ബാങ്കുകളുടെ റജിസ്ട്രേഡ് നോട്ടിസുകളായിരുന്നു. തിരികെയടയ്ക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും, മാതാപിതാക്കൾ വരുത്തിക്കൂട്ടിയ ബാധ്യതകളുടെ ബാക്കിപത്രങ്ങൾ. മക്കളുടെ വിദ്യാഭ്യാസത്തിനും പരമവൈഭത്തിനുമല്ലേയെന്നു സീമന്തപുത്രൻ ആശ്വസിച്ചു. പെരുകിയ ഋണബാധ്യതകൾ, അയാളുടെ വിദ്യാഭ്യാസം ഹൈസ്കൂളിലൊതുക്കി. അയാളിന്നൊരു ചരക്കുലോറിയുടെ ഡ്രൈവറാണ്.

മാതാപിതാക്കൾ നേരത്തെ മരിച്ചു.?അതിനു ശേഷമാണ്, കടം വീട്ടി വീണ്ടെടുത്ത പന്ത്രണ്ടു സെൻ്റു പുരയിടം അയാൾ വിറ്റത്. മൂത്ത പെങ്ങളുടെ കല്യാണത്തിനും, ഇളയവളുടെ ടീച്ചർ ജോലിക്കുള്ള കരുതൽക്കാശായും, പിന്നെ, അനുജന് യൂറോപ്പിൽ പോകാനും ആ പണമുപകരിച്ചു. കാലം, പിന്നെയും നീങ്ങി. അയാളും കുടുംബവും, ഗ്രാമത്തിലെ കുഞ്ഞു വാടകവീട്ടിൽ അരിഷ്ടിച്ചു ജീവിച്ചു.

ഒരിയ്ക്കൽ, ഒരു ദിനം അയാളുടെ ഫോണിൽ മൂത്ത പെങ്ങളുടെ ഭർത്താവിൻ്റെ കാൾ വന്നു. കൂടപ്പിറപ്പുകളും കുടുബാംഗങ്ങളും ഈ നമ്പർ ഓർക്കാറില്ല ല്ലോയെന്ന്, അയാൾ അതിശയത്തോടെ ഓർത്തു. അയാൾ ഫോൺ കാതോടു ചേർത്തു.

“അളിയാ, അളിയൻ്റെ അമ്മയുടെ പത്താം ശ്രാദ്ധമാണ് നാളെ; കുഞ്ഞളിയൻ എന്നെ വിളിച്ചിരുന്നു. ഇത്തവണ അവനും നാട്ടിലുണ്ടല്ലോ. രാമേശ്വരത്തു പോയി ബലിയിടണം എന്നാണു, ഇവർ മൂന്നു കൂടപ്പിറപ്പുകളുടെയും താൽപ്പര്യം. അളിയൻ, ഇന്നു വൈകീട്ടെത്തണം. മൂത്തയാളാണു കർമ്മങ്ങൾ ചെയ്യേണ്ടത്. വാഹനം, ഞങ്ങൾ അറേഞ്ച് ചെയ്തിട്ടുണ്ട്. ഇതു പറയാനാണ്”

ഫോൺ കട്ടായി. അയാൾ, ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. കഴിഞ്ഞ കാലത്തിൻ്റെ കഷ്ടപ്പാടുകൾ മനസ്സിലൂടെ കടന്നുപോയി. അരികിൽ നിന്ന ഭാര്യ, കാരണമെന്തെന്നു തിരക്കി. അയാൾ, ഇത്രമാത്രം പറഞ്ഞു.

“ആണ്ടിലൊരിക്കലുള്ള ബലിതർപ്പണത്തിനു, അവർക്കു ഞാൻ വേണം. മൂത്ത മകൻ്റെ അവകാശം. പൂർവ്വികർക്കു നന്ദി. ഈ ആചാരം, ഒരിക്കലും നിലയ്ക്കാതിരിക്കട്ടെ. ചേട്ടൻ, ഇതിലെങ്കിലും അവശ്യവസ്തുവാകട്ടെ”

അയാൾ പറഞ്ഞു നിർത്തി. ഭാര്യ, അയാളുടെ മിഴികളിലേക്കു നോക്കി. അവയിൽ, ജലമുറഞ്ഞു കൂടുന്നത് അവൾ വ്യക്തമായി കണ്ടു. കഴിഞ്ഞ കാലത്തിൻ്റെ രംഗങ്ങൾ തെളിയുന്ന നീർക്കണങ്ങൾ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *